നിരൂപിക്കാം, പക്ഷെ - മാന്യത വിടാതെയായിരിക്കണം.

നിരൂപിക്കാം, പക്ഷെ - മാന്യത വിടാതെയായിരിക്കണം.

 🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 

ഹൃദയത്തിനകത്ത് മറ്റുള്ളവരോട് നമുക്ക് ആദരവ് അനുഭവപ്പെടാറുണ്ട്. മാതാപിതാക്കൾ, ഗുരുനാഥന്മാർ, മറ്റു പണ്ഡിതന്മാർ, സജ്ജനങ്ങൾ, മുതിർന്നവർ തുടങ്ങിയവരോടാണ് പ്രധാനമായും ഈ ആദരവുണ്ടാവുന്നത്. കേവലം ഒരു ഭയപ്പെടലല്ല, മറിച്ച് പ്രിയം കലർന്ന ബഹുമാനമാണ് ആദരവായി മാറേണ്ടത്. ഇത് മനസ്സിനകത്ത് നിറഞ്ഞ് നിൽക്കണം. അത് പ്രകടനപരമായി ഒരിക്കലും തന്നെ മാറിപ്പോകരുത്. ഉള്ളകത്ത് നിന്ന് വരുന്നത് കൊണ്ട് തന്നെ ആദരവിന് പ്രത്യേകമായ ചെയ്തികൾ - ഇങ്ങനെയാണ് ആദരവിന്റെ രൂപം, ഇതേ രൂപത്തിലേ ആദരിക്കാവൂ എന്ന് എല്ലായിടത്തും തിട്ടപ്പെടുത്താൻ സാധിക്കില്ല. എങ്കിലും സ്വഹാബത്(റ) തിരുനബി(സ്വ) തങ്ങളോട് പെരുമാറിയതും അവർക്ക് ശേഷം വന്നവർ അവരുടെ ഗുരുവര്യരേയും മറ്റും സമീപിച്ച രീതി ചരിത്രങ്ങളിൽ വ്യക്തമാണ്. 

എല്ലാ കാര്യങ്ങളിലുമെന്ന പോലെ ഇതിലും  മുൻഗാമികൾ തന്നെയാണല്ലോ നമുക്ക് മാതൃക. അൽപം ബഹുമാനങ്ങൾ പരിശോധിച്ചു നോക്കാം. 

ഇമാം അബൂഹനീഫഃ(റ), അവരുടെ ഗുരുവായ ഹമ്മാദ്(റ)വിനോടുള്ള ആദരവിനാൽ അവരുടെ വീടിന് നേരെ കാൽ നീട്ടുക പോലും ചെയ്യാറുണ്ടായിരുന്നില്ല. ഇരുവരുടെയും വീടുകൾക്കിടയിൽ ഏഴ് സിക്കത്ത് വഴിദൂരമുണ്ടായിരുന്നു ! എന്നിട്ട് പോലും ഉസ്താദിന്റെ വീടിന് നേരെ കാൽ നീട്ടുക വരെ ചെയ്തിട്ടില്ലെന്ന്. തുടർന്ന് ഇമാം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നുണ്ട് - എന്റെ പിതാവിനൊപ്പം ഹമ്മാദ് എന്നവർക്കും മറ്റ് എനിക്ക് അറിവ് പകർന്നു തന്ന എല്ലാർക്കും പൊറുക്കലിനെ ചോദിച്ചു കൊണ്ടല്ലാതെ ഒരു സുജൂദും ചെയ്തിട്ടില്ലെന്നും ! 

قال الإمام أبو حنيفة رحمه الله: "ما مددتُ رجلي نحو دار أستاذي حمّاد إجلالاً له، وكان بين داري وداره سبعُ سِكك، وما صلّيت صلاةً منذ مات حمّاد إلّا استغفرتُ له مع والدي، وإنّي لأستغفر لمن تعلّمت منه أو علّمني علماً". اه‍

യാ റബ്ബ് ! നമ്മളൊക്കെ എവിടെയാണ്? മുകളിലുദ്ധരിച്ച സംഭവം അബ്ദുൽ ഖാദിർ അൽ ഹനഫീ(റ) (വഫാത് - ഹി: 775) അവരുടെ അൽ ജവാഹിറുൽ മുള്വിയ്യ: എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട് (2/497). [1] 


ഇമാം ശാഫിഈ(റ) പറയുന്നു: എന്റെ ഗുരു ഇമാം മാലിക്(റ) വിന്റെ മുന്നിലിരുന്ന് കിതാബിന്റെ പേജുകൾ മറിക്കുമ്പോൾ അത് ഉസ്താദിന് അലോസരമാകാതിരിക്കാൻ വളരെ ശ്രദ്ധിച്ചിരുന്നു.

ﻭﻗﺎﻝ اﻟﺸﺎﻓﻌﻲ ﺭﺣﻤﻪ اﻟﻠﻪ ﻛﻨﺖ ﺃﺻﻔﺢ اﻟﻮﺭﻗﺔ ﺑﻴﻦ ﻳﺪﻱ ﻣﺎﻟﻚ ﺭﺣﻤﻪ اﻟﻠﻪ ﺻﻔﺤﺎ ﺭﻓﻴﻘﺎ ﻫﻴﺒﺔ ﻟﻪ ﻟﺌﻼ ﻳﺴﻤﻊ ﻭﻗﻌﻬﺎ. اه‍ (المجموع: ١/٣٦)

ഇമാം ശാഫിഈ(റ) വിന്റെ ശിഷ്യൻ റബീഅ്(റ) തന്റെ ഗുരു സന്നിധിയിൽ വെച്ച്, ഉസ്താദ് എന്നെ നോക്കുമ്പോൾ - വെള്ളം കുടിക്കാൻ ധൈര്യമുണ്ടായിരുന്നില്ല എന്ന് പറയുന്നു.

ﻭﻗﺎﻝ اﻟﺮﺑﻴﻊ ﻭاﻟﻠﻪ ﻣﺎ اﺟﺘﺮﺃﺕ ﺃﻥ ﺃﺷﺮﺏ اﻟﻤﺎء ﻭاﻟﺸﺎﻓﻌﻲ ﻳﻨﻈﺮ ﺇﻟﻲ ﻫﻴﺒﺔ ﻟﻪ. اه‍ (المجموع: ١/٣٦) 

ഇമാം അഹ്‌മദ് ബ്നു ഹമ്പൽ(റ) അവരുടെ ഗുരുവായ ശാഫിഈ ഇമാം(റ) വിന് യാത്ര ചെയ്യാൻ കുതിരയുടെ രികാബ്(സവാരിക്കിടെ കാൽ വെക്കുന്ന പെടൽ) ഭവ്യതയോടെ അവിടുത്തെ കാലിൽ വെച്ച് കൊടുത്തു. ഇത് നോക്കി നിൽക്കുകയായിരുന്ന, ഹമ്പലീ ഇമാമിന്റെ ശിഷ്യൻ യഹ്‌യ ബ്നു മഈൻ(റ) കൗതുകത്തോടെ ചോദിച്ചു: "ഗുരോ, അവിടുത്തെ ഗുരുവിനെ അങ്ങ് ഇത്രമാത്രം ആദരിക്കുന്നോ ?"

ഹമ്പലീ ഇമാം(റ): "അറിവ് നേടാൻ കൊതിയുള്ളവർ ഈ കുതിരയുടെ വാൽ മണത്തു കൊള്ളട്ടെ..."

ഇമാം ശാഫിഈ(റ) ഇരിക്കാൻ പോകുന്ന കുതിരയുടെ വാൽ വരെ ബഹുമാനമർഹിക്കുന്നു! അത്രമേൽ വിജ്ഞാനത്തിന്റെ നിറകുടമാണ് തന്റെ ഗുരുവെന്നും അതിനുള്ള ആദരവ് സമർപ്പിക്കുന്നത് തന്റെ ബാധ്യതയാണെന്ന വിധം മറുപടി കൊടുക്കുകയുമാണ് ഹമ്പലീ ഇമാം(റ). 

മുതഅല്ലിം ഗുരുവിനോട് എങ്ങനെയായിരിക്കണമെന്ന് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിന്റെ ആരംഭത്തിൽ വിശദീകരിച്ചത് കാണാം. സലഫുകൾ അവരുടെ ഗുരുനാഥന്മാരിൽ നിന്നും മനുഷ്യ സഹജമായി വന്നേക്കാവുന്ന ന്യൂനതകൾ കാണാതിരിക്കാൻ ഫുഖറാഇന് ഹദ്‌യ:കൾ ചെയ്ത് ദുആ ചെയ്യാറുണ്ടായിരുന്നു : 'റബ്ബേ, അവരുടെ ന്യൂനതകൾ എന്റെ കണ്ണിനെ തൊട്ട് മറച്ചു തരണേ...' എന്ന് . അതുവഴി അവരോടുള്ള ആദരവ് കുറഞ്ഞു പോവാതിരിക്കാനാണത്. അറിവിന്റെ ലഭ്യത കുറയാനും ഇത് ഇട വരുത്തിയേക്കാം. 

ﻭﻗﺪ ﻛﺎﻥ ﺑﻌﺾ اﻟﻤﺘﻘﺪﻣﻴﻦ ﺇﺫا ﺫﻫﺐ ﺇﻟﻰ ﻣﻌﻠﻤﻪ ﺗﺼﺪﻕ ﺑﺸﺊ ﻭﻗﺎﻝ اﻟﻠﻬﻢ اﺳﺘﺮ ﻋﻴﺐ ﻣﻌﻠﻤﻲ ﻋﻨﻲ ﻭﻻ ﺗﺬﻫﺐ ﺑﺮﻛﺔ ﻋﻠﻤﻪ ﻣﻨﻲ. اه‍ (المجموع: ١/٣٦) 

തിബ്‌യാനിലും(പേ: 47 ) ഇത് പറഞ്ഞിട്ടുണ്ട്. ഇമാം നവവി(റ) തന്നെ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നുവെന്ന് ഇമാം ശഅ്റാനീ(റ) പറഞ്ഞത് കാണാം. (ലത്വാഇഫുൽ മിനൻ: പേ --). 

ഹറാമുകൾ അതിന്റെ എല്ലാ മേനികളും കാട്ടി നൃത്തമാടുന്ന ഇക്കാലത്ത് ജീവിക്കുന്ന നമ്മെ പോലോത്തവരാണ് സലഫുകളെന്ന് ഒരിക്കലും ധരിച്ചുകൂടാ. സൂക്ഷ്മാലുക്കളായി ജീവിച്ചത് കാരണം ചെറിയ കറാഹതുകൾ പോലും വലിയ പാപമായി ഏറ്റെടുത്തവരാണവർ. അത്കൊണ്ട് തന്നെ സലഫുകളെ പറ്റി ലവലേശം ഹൃദയത്തിനകത്ത് അരുതായ്മ ചിന്തിച്ചു പോകരുത്. ഗുരുനാഥന്മാരുടെ ന്യൂനതകൾ എന്ന് കേൾക്കുമ്പഴേക്ക് വിറളി പിടിക്കാതിരിക്കാൻ പറഞ്ഞെന്നേയുള്ളൂ. കൂട്ടത്തിലോർമ്മപ്പെടുത്തട്ടെ - മഅ്സ്വൂം, അഥവാ ഒരിക്കലും തന്നെ തെറ്റുകൾ വരില്ലെന്ന് റബ്ബിന്റെ തീരുമാനമുള്ളവർ - നബിമാരും മലക്കുകളും മാത്രമാണ്. അല്ലാത്തവരിൽ നിന്നെല്ലാം തെറ്റുകൾ ഉണ്ടായേക്കാം. എങ്കിലും അല്ലാഹുവിന്റെ ഇഷ്ടക്കാരായ ഔലിയാക്കൾ - സ്വാലിഹീങ്ങൾ തുടങ്ങിയവർക്ക് അവൻ പ്രത്യേകമായ കാവൽ നൽകിയിട്ടുണ്ട്. അതിനാൽ ചീത്ത കാര്യങ്ങൾ അവരിൽ നിന്ന് ഉണ്ടാവൽ വളരെ അപൂർവ്വമാണ്. അവരേക്കാൾ താഴെയുള്ള മഹാന്മാർ, പണ്ഡിതർ തുടങ്ങിയവരിൽ നിന്നും ചിലപ്പോൾ അരുതായ്മകൾ സംഭവിക്കാം. ഉണ്ടായാൽ തന്നെ അതിനെ കവച്ച് വെക്കാവുന്നത്ര ഇബാദതുകൾ അവരുടെ കൈയ്യിലുണ്ടാവും. 

ഇവിടെയാണ് ഇസ്സു ബ്നു അബ്ദിസ്സലാം(റ) യുടെ വാക്ക് ശ്രദ്ധേയമാവുന്നത്: "പണ്ഡിതനിൽ നിന്നോ മറ്റ് ഉന്നതരിൽ നിന്നോ വല്ല തെറ്റും ഉണ്ടായാൽ അവിടെ മൂന്ന് വിഭാഗം ജനങ്ങൾ ഉണ്ടാകും. തെറ്റ് ചെയ്തതിനാൽ അയാൾ ഇനി സ്വീകാര്യനേ അല്ല എന്ന വെപ്പായിരിക്കും ഒരു കൂട്ടർക്ക്. ഉന്നതനിൽ നിന്നുണ്ടായതല്ലേ, അത്കൊണ്ട് അത് തെറ്റായിരിക്കില്ല എന്ന് വിചാരിക്കും മറ്റു ചിലർ. അയാൾ നല്ലവനും, തെറ്റ് തെറ്റും തന്നെ. ആ മോശപ്പെട്ട കാര്യം വല്ല സാഹചര്യത്തിനും അടിമപ്പെട്ട് വന്നതാകും എന്ന് കരുതുന്ന മൂന്നാമത്തെ വിഭാഗവും. ഇവരിൽ ആദ്യത്തെ രണ്ടു കൂട്ടരും പിഴച്ചവരാണ്. തെറ്റിനെ തെറ്റായും മഹാനെ മഹാനായും കാണുന്നവർ മാത്രമാണ് ശരിയായവർ... " 

(അൽ ഖവാഇദ് - പേ: - -)

ഉമ്മയും ഉപ്പയും നമ്മുടെ ഭൗതിക ശരീരത്തിന്റെ പിതാക്കളാണെങ്കിൽ ഉസ്താദുമാർ നമ്മുടെ ആത്മാവിന്റെ പിതാക്കളാണ്.  

فإن شيوخه في العلم آباء في الدين. وصلة بينه وبين رب العالمين. اه‍

(تهذيب الأسماء واللغات للإمام النووي: ١/١٨) 

എങ്കിലും ദുആ ചെയ്യുമ്പോൾ ആദ്യം മാതാപിതാക്കൾക്ക്, അതു കഴിഞ്ഞാണ് ഗുരുനാഥന്മാർ. പ്രകൃത്യാ ആദ്യം ഉണ്ടായതിനെ മുന്തിക്കുക എന്നതാണ് അതിന് ന്യായം. മാതാപിതാക്കളെയും ഗുരുനാഥന്മാരെയും താരതമ്യപ്പെടുത്തി ഇനിയും പറഞ്ഞത് കാണാം: മാതാപിതാക്കളെ വേദനിപ്പിച്ചത് തൗബ: ചെയ്ത് മായ്ച്ചു കളയാം. എന്നാൽ ഗുരുക്കന്മാരോട് അരുതായ്മ കാണിച്ചാൽ തൗബ: ചെയ്തിട്ടും ഫലം ചെയില്ലത്രെ! 

وقال أبو عبد الرحمن السلمي: قال لي أبو سهل: عقوق الوالدين تمحوه التوبة ، وعقوق الأساتذ لا يمحوه شيء البتة. اه‍

(تهذيب الأسماء واللغات للإمام النووي: ٢/٢٤٣) 

അത് തൗബ:ക്ക് അവസരം കിട്ടാതെയോ അല്ലെങ്കിൽ അതിന്റെ മൂല ഘടകമായ ഖേദം മനസ്സിൽ വരുത്താതെയുള്ള അല്ലാഹുവിന്റെ പരീക്ഷണം മൂലമോ ആകാം . റബ്ബ് കാക്കട്ടെ .

ചുരുക്കത്തിൽ ഉഖ്റവിയ്യായ അറിവ് പകർന്നു തന്ന ഗുരുവിനോടുള്ള ആദരവ് എന്നും ഒരു പടി മുന്നിലാണ്. അറിവിന്റെ അഹ്‌ല്കാർ പരസ്പരം രക്തബന്ധത്തിന് തുല്യമാണെന്ന ഇമാം ശാഫിഈ(റ) വിന്റെ വാക്ക് എത്രമേൽ പ്രസക്തമാണ്!

ﻗﺎﻝ اﻟﺸﺎﻓﻌﻲ اﻟﻌﻠﻢ ﺑﻴﻦ ﺃﻫﻞ اﻟﻌﻠﻢ ﺭﺣﻢ ﻣﺘﺼﻠﺔ. اه‍ (نهاية المحتاج: ١/٤١) 

ഇനിയാണ് കുറിപ്പിന്റെ പ്രസക്തഭാഗം; അതായത് വ്യക്തിപരമായി ഉസ്താദുമാരോട് ആദരവും സ്നേഹവും എല്ലാം നിലനിർത്തി കൊണ്ട് തന്നെ വീക്ഷണങ്ങളിൽ അവരോട് വിയോജിക്കുന്നത് സ്വാഭാവികം മാത്രമാണ്. അവരോടുള്ള അനാദരവായോ അദബുകേടായോ ഇതിനെ ധരിക്കേണ്ടതില്ല. ഇസ്‌ലാം മതവിദ്യ അഭ്യസിക്കുന്ന ഏവർക്കും സുപരിചിതമായ ഫത്ഹുൽ മുഈൻ എന്ന ഗ്രന്ഥത്തിൽ നിന്ന് തന്നെ ഇത് വായിച്ചെടുക്കാവുന്നതേയുള്ളൂ. സൈനുദ്ദീൻ മഖ്ദൂം(റ) അവരുടെ ഗുരുവിനോട് ഒരുപാട് സ്ഥലങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തിയത് അതിൽ കാണാമല്ലോ. خلافا لشيخنا എന്ന വാക്ക് ശ്രദ്ധിക്കേണ്ടതാണ്, خلافا لابن حجر എന്ന് ഉസ്താദിന്റെ പേര് പറയാതെയും

خلافا لصاحب شرح المنهاج

എന്ന് അപരിചിതമായി സൂചിപ്പിക്കാതെയുമുള്ള  അവരുടെ വാക്ക്, എതിരഭിപ്രായമുണ്ടെങ്കിലും അതെന്റെ ശൈഖ് തന്നെയാണെന്ന് പറഞ്ഞു തരുന്നുണ്ട്. 

വിമർശിക്കുന്നവരിൽ ഉണ്ടായിരിക്കേണ്ട ചില നിബന്ധനകൾ പറഞ്ഞ കൂട്ടത്തിൽ അവർ എതിർകക്ഷിയേക്കാൾ വിവരസ്ഥാനായിരിക്കണം എന്ന് ചിലർ വാദിച്ചതിനെ തിരുത്തിയിട്ടുണ്ട്. വിവരം കുറഞ്ഞവർക്കും വലിയവരോട് ഖണ്ഡനങ്ങളാവാം എന്നതിന് ന്യായമായി പറഞ്ഞത്: ഇൽമിൽ എത്രയോ താഴെ തട്ടിലുള്ളവരുടെ നാവിലൂടെ ഉന്നതർ പറയാത്ത പലതിനെയും അല്ലാഹു പറയിപ്പിക്കാറുണ്ട് - എന്നാണ്. 

ﻓﺈﻧﻪ ﻗﺪ ﻳﺠﺮﻱ اﻟﻠﻪ ﻋﻠﻰ ﻟﺴﺎﻥ ﻣﻦ ﻫﻮ ﺩﻭﻥ ﻏﻴﺮﻩ ﺑﻤﺮاﺣﻞ ﻣﺎ ﻻ ﻳﺠﺮيه ﻋﻠﻰ ﻟﺴﺎﻥ اﻷﻓﻀﻞ. اه‍

(علي الشبراملسي: ١/١٥)

ഇത് إعانة الطالبين അവസാന  ഭാഗത്ത് ഉദ്ധരിച്ചിട്ടുണ്ട്. ഫത്ഹുൽ ജവാദിന്റെ ആരംഭത്തിലും ഇത് കാണാം.

وما دروا أن العلوم لكونها منحا إلهية ومواهب اختصاصية قد يدخر الله فيها لمن لا يؤبه له ما لم يدخره للأكابر إعلاما بأن واسع فضله لا يتقيد بأول ولا بآخر ولا بكابر ولا بصاغر. اه‍ (فتح الجواد- ١/٦ )

ഖാളിക്ക് ഫുഖഹാഇനോട് കാര്യങ്ങൾ ചർച്ച ചെയ്യൽ സുന്നത്തുണ്ട്. ഇതിനെ വിശദീകരിച്ചു കൊണ്ട് ഇബ്നു ഹജർ(റ) തുഹ്ഫ: യിൽ പറയുന്നു: ഖാളിയേക്കാൾ അറിവിൽ താഴെയുള്ളവനോടും മുശാവറ: ചെയ്യണം. ഒരു പക്ഷേ, അവനില്ലാത്ത അറിവ് ഇവന്റെ പക്കൽ ഉണ്ടായേക്കാം. 

ﻗﺪ ﻳﻜﻮﻥ ﻋﻨﺪ اﻟﻤﻔﻀﻮﻝ ﻓﻲ ﺑﻌﺾ اﻟﻤﺴﺎﺋﻞ ﻣﺎ ﻟﻴﺲ ﻋﻨﺪ اﻟﻔﺎﺿﻞ. اه‍ (تحفة: ١٠/١٣٦) 

ഇതേ ആശയം ഇമാം ദിംയാത്വീ(റ) 

الحكمة ضالة المؤمن، فحيث وجدها فهو أحق بها

എന്ന ഹദീസിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞിട്ടുണ്ട്: ഹിക്മതിനെ കളഞ്ഞുപോയ സ്വത്തിനോട് ഉപമിച്ച്, അത് എവിടുന്ന് കിട്ടിയാലും എടുക്കണം എന്ന് പ്രയോഗത്തിൽ  ചെറിയവരിൽ നിന്നോ ജനങ്ങൾ വിലകൽപിക്കാത്തവരിൽ നിന്നോ അറിവ് നേടാൻ മടി കാണിക്കരുതെന്ന് ഗ്രഹിക്കാം.

وفيه معنى آخر، وهو أن صاحب الضالة لا يتركها إذا وجدها عند صغير لصغره ولا عند حقير لحقارته. اه‍ 

(المتجر الرابح للدمياطي- ص: ٣٧) 

ഇക്കാര്യം പ്രത്യേകം ഉണർത്തിക്കൊണ്ട് സുലൈമാൻ അൽകുർദി (റ) ഖണ്ഡികകൾ തന്നെ വെച്ചിട്ടുണ്ട്. അതിലെ ചില പ്രസക്ത ഭാഗങ്ങൾ ശ്രദ്ധിച്ചു നോക്കൂ:  

مطلب: الانتقاد ممدوح، واعلم أنه ليس من التنقيص المذموم اعتراض بعض العلماء على بعضهم، وتغليطهم على بعض مقالاتهم فإن ذلك أمر ممدوح في الشرع لإظهار الصواب...،اه‍ (فوائد المدنية- ٣٤)

സത്യം വെളിപ്പെടുത്തണമെന്ന ലക്ഷ്യത്തിൽ പണ്ഡിതന്മാർക്കിടയിലെ നിരൂപണങ്ങൾ പ്രശംസനീയമാണ്. 

قال ابن حجر رحمه الله: وبهذا الذي أتحف الله به هذه الأمة من عدم سكوت أحد منهم على خلة رآها في غيره، حفظه الله تعالى هذه الشريعة من التغيير والتبديل..الخ 

قال الإمام الرافعي هو من لطف الله على هذه الأمة. اه‍ بتغيير  (فوائد المدنية- ص: ٣٥) 

ശരിയല്ലാത്ത ഉദ്ധരണികൾക്കതിരെ മിണ്ടാതിരിക്കാൻ ഈ സമുദായത്തിലെ അറിവുള്ളവർക്ക് സാധിക്കില്ല. അത് ഈ ഉമ്മത്തിന് അല്ലാഹു തആലാ കനിഞ്ഞേകിയ പ്രത്യേക അനുഗ്രഹമാണ്. 

وما زالت العلماء قديما وحديثا يخالف المفضول منهم الفاضل، ويرد عليه، ويرد على أجلهم وأعلاهم من هو النازل عنه والسافل، من غير إنكار ولا لوم على أحد منهم. اه‍ بحذف ( فوائد المدنية- ص: ٣٦) 

അത് തന്നെക്കാൾ വിവരമുള്ള വലിയവരാണെങ്കിലും അത് ചൂണ്ടിക്കാട്ടുക തന്നെ ചെയ്യും. ഇതൊക്കെ നിരാക്ഷേപം മുന്നേ നടന്നു വരുന്നതാണ്. ഇതിന്നാധാരമായി പ്രധാനമായും ഉമറുബ്നുൽ ഖത്ത്വാബ്(റ) വിന്റെ കാലത്തെ രണ്ട് സംഭവങ്ങളാണ്. തന്റെ ഖുതുബ:ക്കിടെ സ്ത്രീകൾക്കുള്ള മഹ്റിൽ പുരുഷന്മാർ മിതത്വം പാലിക്കണമെന്ന നിർദേശിച്ച സന്ദർഭമാണ് അതിലൊന്ന്. ഒരു സ്ത്രീ തിരുത്ത് അറിയിച്ചപ്പോൾ മഹാൻ പ്രതികരിച്ചു: "ആ സ്ത്രീ പറഞ്ഞതാണ് ശരി, ഇവൻ പറഞ്ഞതിൽ പിഴച്ചു.."

أن امرأة ردت علي عمر رضي الله عنه ونبهته على الحق وهو في خطبته على ملإ من الناس فقال: أصابت امرأة وأخطأ رجل. اه‍ ( إحياء علوم الدين: ١/٤٤، وفوائد المدنية: ٣٦)

ഈ ഹദീസിന്റെ വിശദാംശം ഇമാം ബൈഹഖീ(റ) യുടെ സുനനുൽ കുബ്റാ(ഹദീസ് നമ്പർ: 14336)യിലുണ്ട്. ഭരണം ഏറ്റെടുത്ത ആദ്യ ഘട്ടത്തിലെ പ്രഭാഷണ സമയത്തായിരുന്നു മറ്റൊന്ന്. എന്റെടുക്കൽ വല്ല പിഴവും വന്നാൽ നിങ്ങൾ തിരുത്തണം എന്ന് പറഞ്ഞപ്പോൾ സദസ്സിൽ നിന്ന് ഒരാൾ പറഞ്ഞു:

لو رأينا فيك اعوجاجا لقومناك بسيوفنا

"നിങ്ങളിൽ വല്ല പാളിച്ചകളും കണ്ടാൽ ഞങ്ങളുടെ വാൾ നിങ്ങൾക്ക് നേരെ ഉയരും .."

ഇത് കേട്ട ഉമർ(റ) സൗമ്യനായി, തന്നെ നേർവഴിയിൽ നടത്താൻ ആളുണ്ടല്ലോ - എന്ന് സമാധാനിച്ചുവെന്നാണ് ചരിത്രം.

ഇനി ചില ഖണ്ഡനങ്ങൾ പരിചയപ്പെടാം :

ഇബ്നു സിയാദ്(റ) യുടെ ഒരു ഫത്‌വായോട് വിയോജിക്കുകയാണ് ഇബ്നു ഹജർ (റ). അതിന് ആദ്യം അവരുടെ മികവുകൾ വാഴ്ത്തി പറഞ്ഞ ശേഷമാണ് വിമർശനം രേഖപ്പെടുത്തിയത്.

ﻓﻘﺮﺃ ﻋﻠﻴﻨﺎ ﺳﺆاﻻ ﻭﺟﻮاﺑﺎ ﻓﻲ ﺗﺒﺮﻉ اﻟﻤﺪﻳﻦ ﻟﺼﺎﺣﺒﻨﺎ اﻹﻣﺎﻡ اﻟﻌﺎﻟﻢ اﻟﻌﺎﻣﻞ ﻭاﻟﻬﻤﺎﻡ اﻟﺤﺠﺔ اﻟﻘﺪﻭﺓ اﻟﻜﺎﻣﻞ ﻭﺟﻴﻪ اﻟﺪﻳﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺯﻳﺎﺩ ﻣﻔﺘﻲ ﺯﺑﻴﺪ اﻟﻤﺤﺮﻭﺳﺔ ﺑﻞ ﻭاﻟﻴﻤﻦ ﺑﺄﺳﺮﻩ ﺃﺩاﻡ اﻟﻠﻪ ﻋﻠﻴﻨﺎ ﻭﻋﻠﻴﻪ ﻫﻮاﻃﻞ ﺟﻮﺩﻩ ﻭﺑﺮﻩ. اه‍

എന്നിട്ട് വിമർശിച്ചത് ഇങ്ങനെ:

ﻓﻠﻤﺎ ﺭﺃﻳﻨﺎ ﺫﻟﻚ اﻟﺘﺄﻟﻴﻒ ﻣﺎ اﺯﺩاﺩﻧﺎ ﺇﻻ ﺇﻧﻜﺎﺭا ﺭﺟﺎء ﺃﻥ ﻧﻨﺘﻈﻢ ﻓﻲ ﺳﻠﻚ اﻟﺮاﺟﻴﻦ ﻟﻠﻪ ﻭﻗﺎﺭا ﻭﻫﺬا ﺃﻋﻨﻲ ﻋﺪﻡ اﻟﻤﺤﺎﺑﺎﺓ ﻓﻲ اﻟﺪﻳﻦ الخ. اه‍

"ഇബ്നു സിയാദ്(റ) എന്നവരുടെ രചന എന്നെ വല്ലാതെ ചൊടിപ്പിച്ചു. ഞാൻ അതിനെ തള്ളിപ്പറയുന്നത് അല്ലാഹുവിന് വേണ്ടിയും മറ്റുള്ളവർ എന്ത് പറഞ്ഞാലും, തെറ്റാണെങ്കിൽ വരെ - അവ അതേപടി സ്വീകരിക്കുന്ന മോശം സംസ്കാരം ഇല്ലാതിരിക്കാനുമാണ്.."

തുടർന്ന് വീണ്ടും ഇമാം വാചാലനാകുന്നുണ്ട് : "എത്ര വലിയവരാണെങ്കിലും ശരിയല്ലാത്തത് പറഞ്ഞാൽ തിരുത്തിയേ തീരൂ. ഇമാം ജുവൈനീ (റ) - അവരുടെ കാലത്ത് ഒരു നബി വരുമായിരുന്നെങ്കിൽ അത് അദ്ദേഹമായിരിക്കും - എന്ന് വരെ പുകൾപെറ്റവരായിട്ടും പിൽക്കാലത്ത് വന്നവർ മുഖേന അവർ വിമർശനത്തിന് വിധേയനായിട്ടുണ്ട്. മറ്റുള്ളവർ പിഴച്ചത് പറഞ്ഞാലും അതിനെതിരെ മൗനികളായി നിൽക്കുന്ന മോശപ്പെട്ട സംസ്കാരമാണ് ജൂത - ക്രിസ്തീയ മതത്തെ പിഴപ്പിച്ചത് ...." 

എന്നിട്ട് ഇമാം ഇങ്ങനെ ദുആ ചെയ്യുന്നു:

ﻓﻀﺮاﻋﺔ ﺇﻟﻴﻚ اﻟﻠﻬﻢ ﺃﻥ ﺗﺪﻳﻢ ﻟﻬﺎ ﺫﻟﻚ ﻋﻠﻰ ﺗﻮاﻟﻲ اﻷﻋﺼﺎﺭ. اه‍

"റബ്ബിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടുള്ള വിമർശനം ഈ സമുദായത്തിൽ എന്നെന്നും നിലനിർത്തട്ടെ ..." (ഫതാവൽ കുബ്റാ: 3/ 2-3 )

ഇബ്നു സിയാദ് (റ) യും ഇബ്നു ഹജർ (റ) യും തമ്മിലുള്ള ഈ വിയോജിപ്പ് നാലോളം ഗ്രന്ഥങ്ങൾ തന്നെ പിറവിയെടുക്കാൻ കാരണമായി. സൈനുദ്ധീൻ മഖ്ദൂം(റ) യുടെ ഗുരുവര്യരാണല്ലോ ഇബ്നു ഹജർ (റ). അപ്പോൾ തന്റെ ഉസ്താദിനെതിരെ വീക്ഷണ വ്യത്യാസം തുറന്നടിച്ചിട്ടും ഫത്ഹുൽ മുഈനിൽ ഇബ്നു സിയാദ് (റ) യെ പരാമർശിക്കുകയും അവരുടെ അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഉസ്താദിനെതിരെ പറഞ്ഞതിനാലാണ് ഇമാം റംലി(റ)യുടെ പേര് ഫത്ഹുൽ മുഈനിൽ ഒരു പ്രാവശ്യം പോലും പറയാത്തെതെന്ന വാദം ബാലിശമാണെന്ന് വളരെ വ്യക്തമാണ്. 

മരിച്ചവർക്ക് വേണ്ടിയുള്ള സൽകർമ്മങ്ങളുടെ പ്രതിഫലം അവർക്ക് ലഭ്യമാവില്ല എന്ന ഇമാം മാവറദീ(റ)വിന്റെ വാക്കിനെ ഇമാം നവവി(റ) വിമർശിച്ചിട്ടുണ്ട്. അതും മഹാനരെ പ്രമുഖ ഖാളിയെന്നും ഫഖീഹെന്നും വിശേഷിപ്പിച്ചു കൊണ്ടു തന്നെ : 

ﻭﺃﻣﺎ ﻣﺎ ﺣﻜﺎﻩ ﺃﻗﻀﻰ اﻟﻘﻀﺎﺓ ﺃﺑﻮ اﻟﺤﺴﻦ الماﻭﺭﺩﻱ اﻟﺒﺼﺮﻯ اﻟﻔﻘﻴﻪ اﻟﺸﺎﻓﻌﻲ ﻓﻲ ﻛﺘﺎﺑﻪ اﻟﺤﺎﻭﻱ ﻋﻦ ﺑﻌﺾ ﺃﺻﺤﺎﺏ اﻟﻜﻼﻡ ﻣﻦ ﺃﻥ اﻟﻤﻴﺖ ﻻ ﻳﻠﺤﻘﻪ ﺑﻌﺪ ﻣﻮﺗﻪ ﺛﻮاﺏ ﻓﻬﻮ ﻣﺬﻫﺐ ﺑﺎﻃﻞ ﻗﻄﻌﺎ ﻭﺧﻄﺄ ﺑﻴﻦ ﻣﺨﺎﻟﻒ ﻟﻨﺼﻮﺹ اﻟﻜﺘﺎﺏ ﻭاﻟﺴﻨﺔ ﻭﺇﺟﻤﺎﻉ اﻷﻣﺔ ﻓﻼ اﻟﺘﻔﺎﺕ ﺇﻟﻴﻪ ﻭﻻ ﺗﻌﺮﻳﺞ ﻋﻠﻴﻪ. اه‍ (شرح مسلم: ١/٩٠) 

ഇമാം ഗസ്സാലി (റ) വിനെ അവരുടെ ശിഷ്യൻ അബൂബക്ർ ഇബ്നുൽ അറബി(റ) ഒരു കാര്യത്തിൽ വിയോജിപ്പ് പ്രകടിപ്പിച്ചത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ് : " ഞാൻ മഹാന്റെ ജ്ഞാന സാഗരത്തിലെ ഒരു തുള്ളിയാണങ്കിലും പറയട്ടെ, ഇത് എന്റെ ശൈഖിൽ നിന്നും വന്ന ഒരു ശരിയല്ലാത്ത വാക്കാണ്..."(ഇബ്‌രീസ് - ) 

ഇമാം അൽ ഹറമൈനി(റ) തങ്ങളുടെ ഉപ്പയും ശൈഖുമായ ഇമാം അൽ ജുവൈനി(റ)യുടെ ഒരു വാക്കിനെ തിരുത്തിക്കൊണ്ട് പറഞ്ഞു: ഇതെന്റെ ശൈഖും ഉപ്പയുമായവരിൽ നിന്നും ഉണ്ടായ സ്വീകരിക്കാൻ പറ്റാത്ത തള്ളേണ്ട വാക്കാണ് ... " 

ولقد وقع لإمام الحرمين مع والده الشيخ أبي محمد الجويني مسألة لا يرتضيها فيقول عقب ذلك: "هذه زلة أو غلطة أو فلتة من الشيخ" ويشدد النكير عليه بنحو ذلك من العبارات لا لاستهتاره في حق والده، حاشاه الله عن ذلك الخ.اه‍ ( فوائد المدنية- ص: ٣٦) 

ഇബ്നുൽ ഹുമാം(റ), ഇമാം സുഹ്റവർദീ(റ), ഇമാം യാഫിഈ(റ) തുടങ്ങിയവരുടെ വാക്കുകളെ ഇബ്നു ഹജർ(റ) വിമർശിച്ചത് നോക്കൂ:

ﻭﺑﻤﺎ ﺫﻛﺮ اﻟﺼﺮﻳﺢ ﻓﻲ ﺗﻐﺎﻳﺮ اﻟﻨﺒﻲ ﻭاﻟﺮﺳﻮﻝ ﻳﺘﺒﻴﻦ ﻏﻠﻂ ﻣﻦ ﺯﻋﻢ اﺗﺤﺎﺩﻫﻤﺎ ﻓﻲ اﺷﺘﺮاﻁ اﻟﺘﺒﻠﻴﻎ ﻭاﺳﺘﺮﻭاﺡ اﺑﻦ اﻟﻬﻤﺎﻡ ﻣﻊ ﺗﺤﻘﻴﻘﻪ ﻓﻲ ﻧﺴﺒﺘﻪ ﺫﻟﻚ اﻟﻐﻠﻂ ﻟﻠﻤﺤﻘﻘﻴﻦ. اه‍ (تحفة: ١/٢٦) 

ﻭﻭﻗﻊ ﻓﻲ ﻋﻮاﺭﻑ اﻟﻤﻌﺎﺭﻑ للإﻣﺎﻡ اﻟﺴﻬﺮﻭﺭﺩﻱ........ﻭﻫﺬا ﻋﺠﻴﺐ ﻣﻨﻪ ﻣﻊ ﺇﻣﺎﻣﺘﻪ ﻓﻲ اﻟﻔﻘﻪ ﺃﻳﻀﺎ. اه‍. (تحفة: ٢/٢٣٨) 

ﻭﻭﻗﻊ ﻟﻠﻴﺎﻓﻌﻲ ﻣﻊ ﺟﻼﻟﺘﻪ ........ ﻓﻬﻮ ﺯﻟﺔ ﻣﻨﻪ. اه‍ (تحفة: ٨٩ - ٩/٨٨) 

വിമർശിക്കുന്നത് അവരുടെ മഹത്വത്തെ ഒട്ടും തന്നെ കുറച്ചു കാണിക്കുന്നില്ല എന്ന യാഥാർത്ഥ്യമാണ് ഇതിലൂടെ മനസ്സിലാക്കേണ്ടത്. അത് പഠിപ്പിക്കാൻ വേണ്ടി തന്നെയാവണം മുകളിലുദ്ധരിച്ച വിമർശനങ്ങളിലെല്ലാം പ്രതിസ്ഥാനത്തുള്ളവരെ ബഹുമാന പുരസ്സരം വാഴ്ത്തിക്കൊണ്ട് വിയോജിപ്പ് രേഖപ്പെടുത്തിയത്. 

ഇബ്നു സിയാദ്(റ) യെ വിമർശിച്ചതിനെ സംബന്ധിച്ച് ഇബ്നു ഹജർ(റ) പറഞ്ഞത് സുലൈമാൻ അൽ കുർദീ(റ) ഉദ്ധരിക്കുന്നു: 

وقال ابن حجر في كتابه (قرة العين) المذكور معتذرا عن مخالفة ابن زياد: اعلم أن الاعتراض على كامل بردّ شاذة وقعت لا يقدح في كماله. ولا يؤذن بالاستهتار بواجب رعاية حقه وأفضاله، إذ السعيد من عُدّت غلطاته ولم تكثر فرطاته وزلاته، وكلنا مأخوذ من قوله ومردود عليه إلا المعصومين، وليس الاختلاف بين العلماء العاملين مؤديا لحقد، بل لم يزالوا من ذلك متبرئين. انتهى كلامه. اه‍ (فوائد المدنية- ص: ٣٠ ) 

"ഉന്നതരെ അവരിൽ നിന്ന് വന്നു പോയ ശരിയല്ലാത്ത വാക്കുകളെ തിരുത്തുന്നത് അവരുടെ സ്ഥാനത്തെ ഒരിക്കലും തന്നെ കുറക്കുന്നില്ല.." വല്ല തെറ്റുകളും വന്നാൽ പിന്നെ അവർ പിഴച്ചവരാകും എന്ന തെറ്റിദ്ധാരണ തിരുത്താൻ മഹാൻ തുടർന്നു പറയുന്നു: "എണ്ണി തിട്ടപ്പെടുത്താൻ മാത്രം അൽപം തെറ്റുകൾ സംഭവിച്ച, തിന്മകൾ പെരുകാത്തവരാണ് നല്ലവർ.. മഅ്സ്വൂമുകളല്ലാത്ത ആരിൽ നിന്നും കൊള്ളാനും തള്ളാനുമുള്ള കാര്യങ്ങൾ ഉണ്ടാകും..." 

ചിലയിടങ്ങളിൽ വിമർശനത്തിന് വേണ്ടി ഉപയോഗിച്ച പദപ്രയോഗം കടുത്തതായി തോന്നിയേക്കാം. അങ്ങനെ ഉപയോഗിക്കാറുണ്ട് എന്ന് സുലൈമാൻ അൽ കുർദി(റ), ഇബ്നു ഹജർ(റ) യെ ഉദ്ധരിച്ച് പറയുന്നുണ്ട്:

وبهذا يسهل عندك ما يقع بين علماء هذه الأمة من الاعتراض والتغليطات والتجريحات كفلان فاسق، وفلان مبتدع، وفلان كذاب انتهى ما قاله الشيخ ابن حجر في فهرست مشائخه. اه‍(فوائد المدنية- ص: ٣٥) 

അത്തരം പദപ്രയോഗങ്ങളുടെ ബാഹ്യാർത്ഥം അവർക്ക് ഉദ്ദേശമുണ്ടാകില്ല. ഖ്വിള്വർ(അ) ന്റെ കൂടെ യാത്ര ചെയ്തത് മൂസാ നബി(അ) അല്ലെന്നും, അത് മറ്റൊരു 'മൂസാ' യാണെന്നും ചിലർ വാദിച്ചു. അവരെ "അല്ലാഹുവിന്റെ ശത്രു" എന്ന് വിശേപ്പിച്ച് എതിർത്തതിനെ പറ്റി ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറയുന്നു: അത്തരം വാക്കുകളുടെ പദാർത്ഥം ഇവർക്ക് ഉദ്ദേശമില്ല, സത്യത്തിനെതിരാണെന്ന് കാണുമ്പോൾ താക്കീതു ചെയ്ത് വിമർശിക്കൽ മാത്രമാണ് അവരുടെ ലക്ഷ്യം.

ﻗﻮﻟﻪ ﻛﺬﺏ ﻋﺪﻭ اﻟﻠﻪ، ﻟﻢ ﻳﺮﺩ ﺇﺧﺮاﺝ ﻧﻮﻑ ﻋﻦ ﻭﻻﻳﺔ اﻟﻠﻪ ﻭﻟﻜﻦ ﻗﻠﻮﺏ اﻟﻌﻠﻤﺎء ﺗﻨﻔﺮ ﺇﺫا ﺳﻤﻌﺖ ﻏﻴﺮ اﻟﺤﻖ ﻓﻴﻄﻠﻘﻮﻥ ﺃﻣﺜﺎﻝ ﻫﺬا اﻟﻜﻼﻡ ﻟﻘﺼﺪ اﻟﺰﺟﺮ ﻭاﻟﺘﺤﺬﻳﺮ ﻣﻨﻪ ﻭﺣﻘﻴﻘﺘﻪ ﻏﻴﺮ ﻣﺮاﺩﺓ. اه‍ بحذف.(فتح الباري: ١/٢١٩) 

إذا نقل الإمام اي الحرمين- عن والده اي الجويني - مسألة لا يرتضيها أو أن المذهب لا يقتضيها أو أنها موهمة أدنى إيهام أو مشكلة أدنى إشكال وإظلام ، يقول الإمام عقب ذلك: وهذه زلة أو فلتة أو غلطة من الشيخ رضي الله عنه ، ويشدد النكير عليه، لا لاستهاره بحق والده - حاشاه الله من ذلك ، وإنما هو لمجرد تنفير الناس عن تلك المقالة، عملا بما أخذه الله على الذين أوتوا الكتاب ، أن لا يتركوا أدنى دخل أو إيهام إلا بينوه وأحلوه ذروة الصواب، وبذلك دامت هذه الشريعة على غاية الحفظ ونهاية الاتقان، وحفظت طرقها ومشارعها ومواردها وجوامعها من كل إيهام باطل، فضلا عن محققه، وإلمام مفسد، ولو في أقصى مغربه أو مشرقه. اه‍ (ثبت ابن حجر - ٦٢)

നല്ലതിനെ നല്ലതായി കണ്ട് ഉൾക്കൊള്ളാനും ചീത്തയെ ചീത്തയായി കണ്ട് ഉപേക്ഷിക്കാനും പടച്ച റബ്ബ് നമുക്കും മാതാപിതാക്കൾ - ഗുരുവര്യർ - മറ്റ് വേണ്ടപ്പെട്ടവർക്കെല്ലാം ആവതാക്കട്ടെ - ആമീൻ.


[1]

 انظر أيضاً: مفتاح السعادة ومصباح السيادة(٢/١٨٩) لعصام الدين طاشكبري زاده المتوفى سنة ٩٦٨ الهجري.

സുജൂദിൽ ഉസ്താദിന് വേണ്ടി പൊറുക്കലിനെ ചോദിച്ചിരുന്നു എന്നത് ഇമാം നവവി (റ) തഹ്ദീബുൽ അസ്മാഇ വല്ലുഗാതിലും(2/503) മുല്ലാ അലിയ്യുൽ ഖാരി(റ) മിർഖാതിലും(1/30) പറഞ്ഞത് കാണാം.

✍️

 അഷ്റഫ് സഖാഫി പളളിപ്പുറം


(കേട്ടെഴുത്ത്:

അബൂ ഹസന: ഊരകം)

💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )