കരിമ്പനക്കൽ കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ(ഖു:സി) - 1
കരിമ്പനക്കൽ കുഞ്ഞിപ്പോക്കു മുസ്‌ലിയാർ(ഖു:സി)
✍️
അഷ്റഫ് സഖാഫി പളളിപ്പുറം .
________________________
ബഹുമാനപ്പട്ട സ്വദഖതുല്ലാഹ് ഉസ്താദിൻ്റെ മൂത്താപ്പ(ഉപ്പയുടെ ജ്യേഷ്ഠൻ)യാണ് കുഞ്ഞിപ്പോക്കു മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ വടക്കേമണ്ണയാണ് നാട്. അവരും ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ ഉപ്പയായ ഹസൻ മുസ്‌ലിയാരും ചില മസ്അലഃകളിൽ അഭിപ്രായ വ്യത്യാസമുണ്ടാവുകയും ഇതേ തുടർന്ന് വിമർശിച്ചു കൊണ്ടുള്ള ചെറു രിസാലഃകൾ പരസ്പരം രചിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ അഭിപ്രായ വ്യത്യാസം മുതലെടുത്ത്, ഹസൻ മുസ്‌ലിയാരോട് വിയോജിപ്പുള്ള ചിലർ ചാപ്പനങ്ങാടിയിൽ നിന്നും കുഞ്ഞിപ്പോക്കു മുസ്‌ലിയാരുടെ അടുത്തെത്തി. ചാപ്പനങ്ങാടിയിൽ വന്ന് ഹസൻ മുസ്‌ലിയാർക്കെതിരിൽ ഒരു വഅള് പറയണമെന്നായിരുന്നു അവരുടെ ആവശ്യം.
ഈ ക്ഷണം സ്വീകരിച്ചു കൊണ്ട് കുഞ്ഞിപ്പോക്കു മുസ്‌ലിയാർ ചാപ്പനങ്ങാടിയിലെത്തി. വേദിയിൽ കയറി പ്രസംഗം തുടങ്ങി:
"ചാപ്പനങ്ങാടിക്കാരേ, നിങ്ങൾ കള്ള് കുടിക്കണേ.. പെണ്ണ് പിടിക്കണേ.. വ്യഭിചരിച്ചോളൂ..."
ഇതെന്ത് കഥ ! തെറ്റുകൾ ചെയ്യാൻ ആഹ്വാനം ചെയ്തുള്ള പ്രസംഗം! സംഘാടകർ ഞെട്ടി. ഉടനെ മഹാനോട് അവർ അപേക്ഷിച്ചു:
" പരിപാടി കൊളമാക്കരുത്., എന്താണിങ്ങനെ പ്രസംഗിക്കുന്നത് ?"
കുഞ്ഞിപ്പോക്കു മുസലിയാർ: " അപ്പൊ, നിങ്ങളല്ലേ പറഞ്ഞത് ഹസൻ മുസ്‌ലിയാർക്കെതിരെ പ്രസംഗിക്കണമെന്ന് ? അതിനല്ലേ ഇവിടെ കൊണ്ടുവന്നത് ?
തെറ്റുകൾ ചെയ്യരുതെന്ന് പറയുന്ന ഹസൻ മുസ്‌ലിയാർക്കെതിരെ പ്രസംഗിക്കുക എന്നാൽ തെറ്റ് ചെയ്യാൻ പറയലല്ലേ ? "
അപ്പൊ, അതാണ് കാര്യം. ഓർ സംഘാടകരെ മക്കാറാക്കിയതാണ്. ശേഷം, സ്തംഭിച്ചു നിൽക്കുന്ന സംഘാടകരോടും ജനങ്ങളോടുമായി പറഞ്ഞു:
" നിങ്ങൾക്കെന്തറിയാം, ഞാനും ഹസ്സൻ മുസ്‌ലിയാരും ഏതാനും മസ്അലഃകളിൽ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് ഞങ്ങൾ തമ്മിൽ പ്രശ്നത്തിലാണെന്ന് മനസ്സിലാക്കിയോ?
ഞങ്ങൾ പണ്ഡിതന്മാരാണ്. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യാത്യസങ്ങളൊക്കെയുണ്ടാകും. അതിൽ സാധാരണക്കാരായ നിങ്ങൾ ഇടപെടേണ്ട. ഞങ്ങൾക്കിടയിൽ സൗഹൃദത്തിന് ഒരു കുറവുമില്ല.... "
എന്ന് പറഞ്ഞ്, അന്ന് ഹസൻ മുസ്‌ലിയാരുടെ മഹത്വം വിവരിച്ചു. ശേഷം, ഉലമാക്കളെപ്പറ്റിയായിരുന്നു പ്രഭാഷണം നടന്നത്. എന്നു മാത്രമല്ല, പരിപാടി കഴിഞ്ഞ് നേരെ ഹസൻ മുസ്‌ലിയാരുടെ വീട്ടിൽ പോവുകയും അന്ന് അവിടെ താമസിക്കുകയും പിറ്റേന്നത്തെ നാശ്തയും കഴിഞ്ഞാണത്രെ മടങ്ങിയത്. ഈ ചരിത്രം, ഹസൻ മുസ്‌ലിയാരുടെ മകൻ ബാപ്പു മുസ്‌ലിയാരുടെ പ്രധാന മുരീദായിരുന്ന ചാപ്പനങ്ങാടി ബീരാൻകുട്ടി മുസ്‌ലിയാരിൽ നിന്നും നേരിട്ട് ഉദ്ധരിച്ചു കൊണ്ട് എൻ്റെ സുഹൃത്ത് പറഞ്ഞു തന്നതാണ്. തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെ മകൻ മുസ്തഫായും ഇത് പങ്ക് വെച്ചിരുന്നു.
ഇക്കാലത്തെ പണ്ഡിതന്മാർക്ക് ഉദാത്തമായ മാതൃകയുണ്ട് ഈ ചരിത്രത്തിൽ. ഈ രീതി സ്വീകരിച്ചിരുന്നെങ്കിൽ മല പോലോത്ത പല പ്രശ്നങ്ങളും മഞ്ഞുപോലെ ഉരുകിത്തീരുമായിരുന്നു.
മമ്പുറം തങ്ങളുടെ പ്രധാന മുരീദായിരുന്ന പരപ്പനങ്ങാടി ഔക്കോയ മുസ്‌ലിയാരിൽ നിന്ന് ഇൽമ് നുകരാൻ ഭാഗ്യം കിട്ടിയവരാണ് കുഞ്ഞിപ്പോക്കു മുസ്‌ലിയാർ. മമ്പുറം തങ്ങളുടെ പ്രസിദ്ധമായ കവിത അറിയില്ലേ ?
'أَوْكويَ' خِلّي اكتُبَنْ مَقَالَتِي #
في ظَهْرِ مِحْرَاب المجيد الجُمْعَةِ
'എൻ്റെ ഉറ്റ സുഹൃത്തായ ഔക്കോയാ' - എന്ന അഭിസംബോധന ഇരുവർക്കുമിടയിലെ ബന്ധത്തെ സൂചിപ്പിക്കുന്നുണ്ടല്ലോ. ഇതിന് പുറമെ, അന്നത്തെ ഏറ്റവും വലിയ അംഗീകാരമായ പൊന്നാനി പള്ളിയിൽ വിളക്കത്തിരുന്ന് 'മുസ്‌ലിയാർ' പട്ടം വാങ്ങിയ ആളുമാണ്. മഹിമ മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം.
ആരെയും കൂസാതെയുള്ള ജീവിതമായിരുന്നത്രെ മഹാൻ്റേത്. ഒരു സംഭവം പറയാം. മലപ്പുറത്ത് 'ഇണ്ണീൻ മുതലാളി' എന്ന ഒരു ധനികനുണ്ടായിരുന്നു പഴയ കാലത്ത്. ഉസ്താദുമാരെ തൻ്റെ വീട്ടിലേക്ക് വിളിച്ചു വരുത്തി വഅള് പറയിപ്പിക്കുന്ന ഒരു ശീലം അയാൾക്കുണ്ടായിരുന്നു. പ്രതിഫലമായി നല്ലൊരു സംഖ്യ നൽകുകയും ചെയ്യും. ഇങ്ങനെ വഅള് പറയാൻ വേണ്ടി കുഞ്ഞിപ്പോക്കു മുസ്‌ലിയാരെ ക്ഷണിക്കാൻ തീരുമാനിച്ചു. തൻ്റെ കാര്യസ്ഥനെ മഹാൻ്റെ അരികിലേക്ക് വിട്ടു. ഇത് പക്ഷെ, മഹാന് അത്ര പിടിച്ചില്ല. പണക്കാരൻ്റെ ഓരത്തേക്ക്, അങ്ങോട്ട് ചെന്ന് അറിവ് പറഞ്ഞു കൊടുക്കുക അത്ര നല്ലതല്ലെന്ന് ഇമാമുകളുടെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഇൽമ് ചോദിച്ച് പഠിക്കുകയാണ് വേണ്ടതെന്നും അത് ഇങ്ങോട്ട് വരുന്ന രീതിയില്ലന്നും ഇമാം മാലിക്(റ) പറഞ്ഞത് പ്രസിദ്ധമാണല്ലോ. രാജാക്കന്മാരുടെ സദസ്സിലേക്ക് കയറിച്ചെല്ലുന്ന പണ്ഡിതർക്ക് ആക്ഷേപമുണ്ടെന്ന് സാരമുള്ള ഹദീസ് തന്നെ വന്നിട്ടുണ്ട്. ഏതായാലും കുഞ്ഞിപ്പോക്കു
മുസ്‌ലിയാർക്ക് ആ ക്ഷണം അത്ര രസിച്ചില്ല. അങ്ങനെ അതിനെ തിരസ്കരിക്കുക മാത്രമല്ല, കാര്യസ്തനോട് ദേഷ്യപ്പെട്ടു പറഞ്ഞു:
"എടോ, തൻ്റെ മുതലാളിക്ക്, കാളപൂട്ടൊക്കെ കഴിഞ്ഞ് ഇപ്പൊ മൂലേമാരെ പൂട്ടുന്ന പണിയാണല്ലേ.. അതിന് ഈ കുഞ്ഞിപ്പോക്കരെ കിട്ടില്ലെന്ന് പോയി പറഞ്ഞേക്ക്.."
ഇത്തരം വാക്കുകൾ കടുത്ത് പോയെന്നോ സംസ്കാരമില്ലാത്തതാണെന്നോ 'ന്യൂ ജെൻ' കരുതണ്ട. കാലത്തിനൊത്ത മാറ്റങ്ങൾ സംസാര ശൈലിയിൽ വരുമെന്നോർക്കുക. ഓരോരുത്തർക്കും അവരവരോട് യോജിച്ച അഭിമാനമുണ്ടാവും. പണത്തിൻ്റെ ഹുങ്കോടെയോ മറ്റോ ഉലമാഇൻ്റെ അന്തസ്സിന് നിരക്കാത്ത ശൈലി കാണുമ്പോഴുള്ള കലിയാണിത്. ഇരുത്തേണ്ടവരെ ഇരുത്തേണ്ടി വരുമല്ലോ. ഏതായാലും അദ്ദേഹം പിന്നീട് ഈ മുതലാളി മതംമാറിയതാണ് ചരിത്രം. ഇത് മുൻകൂട്ടി മഹാന് അറിഞ്ഞത് കൊണ്ടാണെന്നും വേണമെങ്കിൽ കരുതിക്കോളൂ. ആ മാറ്റത്തിൻ്റെ കാരണം, തൻ്റെ വീട്ടിൽ വെച്ച് ഒരു മുതഅല്ലിമിനെ നിസാരപ്പെടുത്തി സംസാരിച്ചതാണെന്ന് കേട്ടിട്ടുണ്ട്. ആ സംസാരിച്ച നേരത്ത് 'നിൻ്റെ മുഖത്ത് ഞാൻ കുഫ്റ് കാണുന്നുണ്ടെന്ന്' സദസ്സിലുള്ള ഒരു പണ്ഡിതൻ താക്കീത് ചെയ്തതായും ചരിത്രം പറയുന്നു.
الله أعلم.
മഹാൻ്റെ ശിക്ഷണ രീതി, ചിലതെല്ലാം രസകരമായിരുന്നു. തുടക്കത്തിൽ പറഞ്ഞ സംഭവത്തിൽ നിന്ന് മനസ്സിലായല്ലോ. അതുപോലോത്ത മറ്റൊന്ന് പറയാം.
ആഗതരോട് ആളറിയാൻ അകത്ത് നിന്ന് 'ആരാ..' എന്ന് ചോദിക്കുക സാധാരണമാണല്ലോ. ഇതിന് "ഞാനാണ് .." എന്ന മറുപടി കൊടുക്കുന്നവരാണോ നിങ്ങൾ ? ഈ രീതി ശരിയല്ല. ഇമാം നവവി(റ) അവരുടെ അദ്കാറിൽ ഇതേപറ്റി പറഞ്ഞത് കാണാം:
فصل: وينبغي إذا استأذن على إنسان بالسلام أو بدقّ الباب، فقيل له: مَنْ أنتَ؟ أن يقول: فلانُ بن فلان، أو فلانٌ الفلاني، أو فلانٌ المعروف بكذا، أو ما أشبه ذلك، بحيث يحصل التعريف التامّ به، ويُكره أن يقتصر على قوله: أنا، أو الخادم، أو بعض الغلمان، أو بعض المحبّين، وما أشبه ذلك. اه
(الأذكار للنووي رحمه الله - ٢٦٠)
" സലാം പറഞ്ഞ് അരികിൽ വരാൻ സമ്മതം ചോദിക്കുകയോ, വാതിൽ മുട്ടുകയോ ചെയ്തു. ആരാണെന്ന് ചോദിച്ചു. എങ്കിൽ ഉപ്പയിലേക്ക് ചേർത്തിയിട്ടോ അല്ലെങ്കിൽ തിരിച്ചറിയാവുന്ന പദത്തോടു കൂടെയോ സ്വന്തം പേര് പറയണം. നേരാംവണ്ണം ആളെ അറിയാനാണത്. 'ഞാൻ' 'സേവകൻ' തുടങ്ങിയ പദങ്ങൾ മാത്രം പറഞ്ഞ് നിർത്തുന്നത് കറാഹതാണ്.."
ശേഷം ബുഖാരിയിലും മുസ്‌ലിമിലും ഉദ്ധരിച്ച ഹദീസ് വിവരിക്കുന്നുണ്ട്:
٧٤٦ - وروينا في " صحيحيهما " أيضاً عن جابر رضي الله عنه قال: " أتيتُ النبيَّ صلى الله عليه وسلم فدققتُ البابَ، فقال: مَنْ ذَا؟ فَقلتُ: أنا، فقال: أنَا أنَا؟ كأنه كرهها ".
ജാബിർ(റ) പറയുന്നു: ഞാൻ തിരുനബി(സ്വ) തങ്ങളുടെ അരികിൽ ചെന്നു. അകത്ത് നിന്ന് ആരാണിത് എന്ന് ചോദിച്ചപ്പോൾ ജാബിർ(റ) 'ഞാൻ' എന്ന് ഉത്തരം നൽകി. ഇത് തങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല.
പറഞ്ഞു വരുന്നത്, ഇതുപോലെ ആരെങ്കിലും കുഞ്ഞിപ്പോക്കു മുസ്‌ലിയാരോട് 'ഞാൻ' എന്ന് പറഞ്ഞെങ്കിൽ പിന്നെ അദ്ദേഹം പെട്ടത് തന്നെ.
പിന്നെ മഹാൻ ഇങ്ങനെയായിരിക്കും സംസാരിക്കുക: 'ഞാനെ'പ്പോഴാ വന്നത് ? 'ഞാനെ'പ്പോഴാ പോകുന്നത് ?- തുടങ്ങി പിരിയും വരെ ഈ 'ഞാൻ' വിളിയിൽ കിടന്ന് മറിയും. ഇത് പറഞ്ഞു പെട്ടവൻ്റെ ചമ്മൽ ഒന്ന് സങ്കൽപിച്ചു നോക്കൂ. അതോടെ ഇതൊരു പാഠമാവുകയും പിന്നെ ആവർത്തിക്കുകയുമില്ല.
ഓറെ പറ്റിക്കാൻ നോക്കിയ ഒരു കഥയുണ്ട്. അതിങ്ങനെ: തൻ്റെ പറമ്പിലെ പുല്ല് വിറ്റിരുന്നു ഒരാൾക്ക്. ഒരു കന്ന് പുല്ലിന് ഇത്ര പൈസ - എന്ന തോതിലാണ് വിറ്റത്. (കാലികൾക്ക് പുല്ലരിഞ്ഞ് കൊടുക്കുമല്ലോ. പുല്ലരിയുമ്പോഴുള്ള ഒരു അളവാണ് 'കന്ന്'. ഏകദേശം ഒന്നോ രണ്ടോ പിടിയുണ്ടായിരിക്കും. വീട്ടിൽ പശുവളർത്തൽ കുറഞ്ഞ് വന്നതോണ്ട് ഇതെല്ലാം വിവരിക്കേണ്ട ഗതികേടാണ്. കാലികൾക്കും കന്ന് എന്ന് പറയും. വാഴക്കന്ന് എന്ന പ്രയോഗവുമുണ്ട്. ഇതൊരു 'മുശ്തറകായ' പദമാണെന്നർത്ഥം. ) അങ്ങനെ, പുല്ലരിയുന്നവൻ, സാധാരണയിൽ കവിഞ്ഞ അളവിൽ കൂടുതൽ പുല്ലരിഞ്ഞ് വലിയ കന്നുകളാക്കി. ചെറിയ കാശിന് കൂടുതൽ പുല്ല് ലാഭിക്കാൻ. ഇത് ഒരിക്കൽ ഓറ് പിടികൂടിയതാണ് ഈ കഥ.
പുല്ലരിഞ്ഞ് പോകാൻ നേരം, അയാളെ വിളിച്ചു. ഓരോ കന്ന് പുല്ലിൽ നിന്നും 'പുൽചെടി' മാത്രം എടുത്ത് ബാക്കി ഇലകളെല്ലാം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. സാധാരണയിൽ 'പുല്ലരിയുക' എന്നാൽ പശു തിന്നുന്ന എല്ലാ വിധ ചെടികളും കൂടി അരിഞ്ഞെടുക്കാറാണല്ലോ ചെയ്യുക. ആരും പുൽച്ചെടി മാത്രം തെരഞ്ഞെടുത്ത് കന്നുകളാക്കാറില്ല. പക്ഷേ, സാധാരണയിൽ പറയുന്ന കന്നിനേക്കാൾ വലിയ കെട്ടുകളാക്കി പതിവ് തെറ്റിച്ച രീതിയെടുത്തപ്പോ, ഓറും സാധാരണയിൽ നിന്നും വിട്ട് പുല്ലിനെ വേർതിരിച്ചു. പുല്ലരിയുന്നവന് തൻ്റെ അമളി ഓറെ മുന്നിൽ നടക്കില്ലെന്ന് മനസ്സിലായി.
നാട്ടിൽ നടക്കുന്ന 'ഉർഫ്' തെറ്റിച്ചപ്പോൾ, തിരിച്ചും ഉർഫ് തെറ്റിച്ച് ചെറിയ പണി കൊടുത്തതാണിത്. ഇത് പറഞ്ഞപ്പഴാ, ഇമാമുകൾക്കിടയിൽ ഇങ്ങനെ ഉർഫ് തെറ്റിച്ച് പണി കൊടുത്ത സംഭവം ഓർമ്മ വന്നത്. ഇമാം അബൂ ഹനീഫഃ(റ), സുഫ്‌യാനുസ്സൗരീ(റ)വിന് പണി കൊടുത്തത്. ഇമാം അബൂ ഹനീഫഃ(റ), ഇങ്ങനെ ഒരു മസ്അലഃ പറഞ്ഞു: ഞാനൊരിക്കലും ഇനി
لحم
തിന്നുകയില്ല എന്ന് സത്യം ചെയ്ത് പറഞ്ഞു. പിന്നീട് മത്സ്യം കഴിച്ചാൽ, ആ സത്യം ചെയ്തത് പൊളിച്ചവനാകില്ല. കാരണം
لحم
എന്ന വാക്കിൽ മത്സ്യയിറച്ചി പെടില്ല. - എന്നാൽ ഈ പറഞ്ഞതിനെ സുഫ്‌യാനുസ്സൗരീ(റ) വിമർശിച്ചു: "അതെങ്ങനെ ശരിയാകാനാ, ഖുർആനിൽ മത്സ്യത്തെ പറ്റി
لحم طري
എന്ന് പ്രയോഗിച്ചിട്ടുണ്ടല്ലോ."
{ وَهُوَ ٱلَّذِی سَخَّرَ ٱلۡبَحۡرَ لِتَأۡكُلُوا۟ مِنۡهُ لَحۡمࣰا طَرِیࣰّا وَتَسۡتَخۡرِجُوا۟ مِنۡهُ حِلۡیَةࣰ تَلۡبَسُونَهَاۖ } [النحل- ١٤]
" സമുദ്രത്തെ, അതിലൂടെ സഞ്ചരിക്കാനും അതിൻ്റെ ആഴങ്ങളിൽ മുങ്ങാനും പാകപ്പെടുത്തിയവനാണ് അല്ലാഹു തആലാ. അതിൽ നിന്നും നല്ല മീൻ മാംസം നിങ്ങൾക്ക് ഭക്ഷണമാക്കാനും മോതിരമായി ധരിക്കാൻ വേണ്ട മുത്തുകളും രത്നങ്ങളും അതിൽ നിന്ന് ലഭിക്കാനും ഇതുവഴി നിങ്ങൾക്ക് സാധിക്കും.."
ഇവിടെ മത്സ്യത്തെ പറ്റി
لحم
എന്ന് പ്രയോഗിച്ചതാണ് സുഫ്‌യാനുസ്സൗരീ(റ)യുടെ പിടുത്തം.
ഈ വിമർശനം അറിഞ്ഞ ഇമാം അബൂ ഹനീഫഃ(റ), മൂപ്പരുടെ അടുത്തേക്ക് ആളെ വിട്ടു. ഇങ്ങനെ ചോദിക്കാൻ പറഞ്ഞു:
ഒരാൾ, ഞാനൊരിക്കലും വിരിപ്പിൽ ഉറങ്ങില്ല എന്ന് സത്യം ചെയ്തു. പിന്നെ മണ്ണിൽ കിടന്നു, വിരിപ്പില്ലാതെ. എന്നാൽ സത്യത്തിന് എതിര് കാണിച്ചവനാകുമോ?
ഇതിന് സുഫ്‌യാനുസ്സൗരീ(റ), ഇല്ലെന്ന് മറുപടി നൽകി. വിരിപ്പ് എന്നല്ലേ പറഞ്ഞത്. മണ്ണ് വിരിപ്പല്ലല്ലോ.
എന്നാൽ ചോദ്യകർത്താവ് ഈ ആയത് ഓതിക്കേൾപ്പിച്ചു:
{ وَٱللَّهُ جَعَلَ لَكُمُ ٱلۡأَرۡضَ بِسَاطࣰا }
[النوح- ١٩]
" നിങ്ങൾക്ക് ഭൂമിയെ ഒരു വിരിപ്പാക്കി നാം സജ്ജീകരിച്ചിരിക്കുന്നു.."
അപ്പോൾ ഭൂമിയെ പറ്റി
بساط
എന്ന് ഖുർആൻ പ്രയോഗിച്ചല്ലോ ?
സുഫ്‌യാനുസ്സൗരീ(റ), സംഭവം പിടികിട്ടി - ഈ ചോദ്യം ഇമാം അബൂ ഹനീഫഃ(റ) കൊടുത്തു വിട്ടതാണെന്ന കാര്യം. അപ്പോൾ, സത്യം ചെയ്ത് പറയുന്ന വാക്കുകളിൽ സാധാരണ പ്രയോഗിക്കുന്ന വാക്കുകളെ അതിൻ്റെ അർത്ഥത്തിൽ തന്നെയാണ് ഗ്രഹിക്കേണ്ടത്. അതാണ്
لحم
എന്നത് സാധാരണയായി മത്സ്യത്തിന് പ്രയോഗിക്കാറില്ല. ഇപ്രകാരം
بساط
എന്നത് ഭൂമിക്കും സാധാരണ പറയാറില്ല. ഇതിനെതിരെ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് മത്സ്യത്തിനുപയോഗിച്ച
لحم
എന്ന പദം സംശയമായി ഉന്നയിച്ചപ്പോൾ തത്തുല്യമായത് തിരിച്ചു ചോദിച്ചതാണ് ഇമാം അബൂ ഹനീഫഃ(റ). ഈ സംഭവം ഇമാം റാസി(റ) തഫ്സീറിൽ ഉദ്ധരിച്ചിട്ടുണ്ട്:
رُوِيَ أَنَّ أَبَا حَنِيفَةَ رَحِمَهُ اللَّهُ لَمَّا قَالَ بِهَذَا الْقَوْلِ وَسَمِعَهُ سُفْيَانُ الثَّوْرِيُّ فَأَنْكَرَ عَلَيْهِ ذَلِكَ، وَاحْتَجَّ عَلَيْهِ بِهَذِهِ الْآيَةِ بَعَثَ إِلَيْهِ رَجُلًا وَسَأَلَهُ عَنْ رَجُلٍ حَلَفَ لَا يُصَلِّي عَلَى الْبِسَاطِ فَصَلَّى عَلَى الْأَرْضِ هَلْ يَحْنَثُ أَمْ لَا؟ قَالَ سُفْيَانُ: لَا يَحْنَثُ فَقَالَ السَّائِلُ: أَلَيْسَ أَنَّ اللَّهَ تَعَالَى قَالَ: وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِساطاً [نُوحٍ: ١٩] قَالَ فَعَرَفَ سُفْيَانُ أَنَّ ذَلِكَ كَانَ بِتَلْقِينِ أَبِي حَنِيفَةَ. اه
(تفسير الرازي في قوله تعالى: لحما طريا - النحل: ١٤)
കോഡൂരിലെ തോരപ്പ അബ്ദുർറഹ്മാൻ മുസ്‌ലിയാർ പങ്കുവെച്ചതാണ് ഉദ്ധരിച്ച ചരിത്രങ്ങളെല്ലാം.
മേൽ പറഞ്ഞ എല്ലാ മഹാന്മാരുടെയും ദറജഃകൾ അല്ലാഹു ഉയർത്തി കൊടുക്കട്ടെ. അവരോടൊപ്പം സ്വർഗത്തിൽ ഒരുമിക്കാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ - ആമീൻ.
إن شاء الله
ബാക്കി അടുത്ത കുറിപ്പിൽ.
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment