മർഹൂം - വാളക്കുളം ഉസ്താദ് (അനുസ്മരണക്കുറിപ്പ് : ഭാഗം-1)


മർഹൂം വാളക്കുളം ഉസ്താദ്
(അനുസ്മരണക്കുറിപ്പ്: ഭാഗം - 1)

🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

"എന്റെ ഉസ്താദിന്, യാസീൻ ഓതി ഹദ്‌യ ചെയ്യാത്ത ഒരു ദിവസവും എന്നിലുണ്ടായിട്ടില്ല..." 

#മർഹൂം_വാളക്കുളം_ബീരാൻകുട്ടി ഉസ്താദിന്റെ വാക്കുകളാണിത്. വഫാതിനോടടുത്ത ദിവസങ്ങളിൽ വരെ ഇത് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. 
ഖൽബിൽ തട്ടുന്ന വാക്കായിരുന്നു അത്...
ഗുരുനാഥന്മാർ അവരുടെ ജീവിതത്തിൽ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്നതിന്റെ തെളിവാണിത്, അവർ തമ്മിലുള്ള ആത്മബന്ധത്തിന്റെയും. 

എന്നും യാസിൻ ഓതാറുണ്ട് എന്ന് പറഞ്ഞത് അവരുടെ ഉസ്താദ് #അശ്ശൈഖ്_കൈപറ്റ_ബീരാൻകുട്ടി_ഉസ്താദിനാണ്(ന:മ). അവരിലും ഗുരുസ്വാധീനം വല്ലാതങ്ങ് പ്രകടമായിരുന്നത്രെ. 
തിരൂരിനടുത്തുള്ള പൊന്മുണ്ടം പള്ളിയിൽ ദർസ് നടത്തുന്ന കാലം, ഒരു ദിവസം ഖുത്വുബി ഓതുന്ന ക്ലാസിൽ അവരുടെ ഉസ്താദ് #ശംസുൽ_ഉലമാ_ഖുത്വുബി (ഖു:സി) യുടെ ഒരു തഹ്ഖീഖ് അവതരിപ്പിച്ചു. അപ്പഴാണ് അതിനെതിരെ മറ്റൊരു ന്യായം ഒരു കുട്ടി തന്റെ കിതാബിന്റെ വക്കിലെഴുതിയത് വായിച്ചത്. വായിച്ച് കഴിഞ്ഞിട്ട് "... ഇൻതഹാ തറക്കണ്ടി ... " എന്ന് പറഞ്ഞു. (മറ്റൊരാളുടെ വാക്കുകൾ ഉദ്ധരിച്ച് എഴുതുമ്പോൾ അതിന്റെ അവസാനത്തിൽ കൊടുക്കുന്നതാണ് - 'ഇൻതഹാ..' എന്നത്. പ്രസ്തുത വാക്ക് അവസാനിച്ചു എന്നർത്ഥം. ആരുടെ വാക്കാണോ അവരുടെ പേര് തൊട്ടുടനെ ചേർക്കും. അതാണ് - 'തറക്കണ്ടി' എന്ന് പറഞ്ഞത്. തറക്കണ്ടി ഓർ - എന്ന മഹാനരെക്കുറിച്ച് അൽപം വഴിയെ പറയുന്നുണ്ട് ) അപ്പൊ ക്ലാസിന്റെ ഹരത്തിൽ നിൽക്കുന്ന ഉസ്താദ് പറഞ്ഞത്രെ: " ആയിരം തറക്കണ്ടി പറഞ്ഞാലും അത് മർദൂദാണ്, ഇതു (ബഹു: ഖുതുബി ഓറുടെ തഹ്ഖീഖ് ) തന്നെയാ ശരി.."
അപ്പൊ വിദ്യാർത്ഥി: " തറക്കണ്ടി ആയഞ്ചേരി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ - പറഞ്ഞതാണിത് ... "
ഇതങ്ങ് കേൾക്കേണ്ട താമസം - ഓറുടെ മുഖം വിവർണ്ണമായി. ആകെ അസ്വസ്തനായി.. കണ്ണുകൾ നിറഞ്ഞൊഴുകി.. മുഖം താഴ്ത്തി കുറച്ചു സമയമങ്ങനെ ഇരുന്നു...
കാര്യം മനസ്സിലാകാതെ വിദ്യാർത്ഥികൾ ബേജാറിലായി. എന്തുപറ്റി ഉസ്താദിന്..?
അൽപ നേരത്തെ മൂകതക്ക് ശേഷം ഓറ് പറയാണ്: " എന്റെ ശൈഖുനാ അങ്ങനെ പറയൂല .. ഞാൻ അവരിൽ നിന്നാ ഖുതുബി ഓതിയത്... അത് ആരോ തെറ്റായി മനസ്സിലാക്കി എഴുതി വെച്ചതായിരിക്കും ...." 

അപ്പോ അതാണ് കാര്യം - ഉസ്താദ് തറക്കണ്ടി ഓറുടെ (ആയഞ്ചേരി അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ - തറക്കണ്ടി ഓർ എന്നാണ് അറിയപ്പെടുന്നത്.) അടുത്ത് നിന്നും പഠിച്ചിട്ടുണ്ട്. ക്ലാസിന്റെ ഹരത്തിലാണെങ്കിലും ഉസ്താദിന്റെ വാക്കിനെ എതിർത്ത് കൊണ്ട്  പറഞ്ഞു പോയത് അവരെ വിഷമത്തിലാക്കിയതാണ്..! ഗുരുവിന്റെ പേര് കേൾക്കേണ്ട താമസം ഒന്ന് സ്തംഭിച്ചു പോവുകയും ചെയ്തു. 

നമുക്ക് ഇല്ലാതെ പോയതും അവർക്കൊക്കെ ഉണ്ടായിരുന്നതുമായ സംഗതിയാണിത് - ഗുരുനാഥന്മാരോടുള്ള അങ്ങേയറ്റത്തെ ആദരവ്.
മുത്ത്നബി (സ്വ) തങ്ങളുടെ തിരുമുഖത്തേക്ക് ബഹുമാനം കൊണ്ട് നേരാം വണ്ണം നോക്കാൻ പോലും കഴിയാതിരുന്ന സ്വഹാബി പ്രമുഖർ മുതൽ, ഉസ്താദിന് അലോസരമാകുമോ എന്ന് പേടിച്ച് ഗുരുസവിധത്തിലിരുന്ന് കിതാബിന്റെ താളുകൾ നിശ്ശബ്ദമായി മറിച്ച ഇമാം ശാഫിഈ (റ), ഉസ്താദിന്റെ വീടിന്റെ ഭാഗത്തേക്ക് കാൽ നീട്ടാൻ ഭയന്നവരും ഉസ്താദിന് ദുആ ചെയ്യാതെ താൻ സുജൂദ് ചെയ്യാറില്ലെന്ന് പറഞ്ഞവരും - തുടങ്ങി എത്രയെത്രയുണ്ട് വിവരിക്കാൻ. മുൻകാല ഇമാമുമാർ മാത്രമല്ല, ആ തിരുചര്യ പിന്തുടർന്ന് ഇങ്ങേയറ്റത്തുള്ള നമ്മുടെ മശാഇഖുമാരും ഇത് അനുകരിച്ചിട്ടുണ്ട്. അതാണിപ്പോ വിവരിച്ചത്. ഇബ്നു ഹജറിൽ ഹിന്ദി എന്നറിയപ്പെടുന്ന #തട്ടാങ്കര_കുട്ട്യാമു_മുസ്‌ലിയാർ (ഖു:സി) #പുത്തൻപള്ളി_ശൈഖ്(ഖു:സി), #ഞമ്മനങ്ങാടി_ഏനിക്കുട്ടി_മുസ്‌ലിയാർ(ഖു:സി), #ചിയ്യാമു_മുസ്‌ലിയാർ(ഖു:സി) തുടങ്ങിയ കേരളം കണ്ട വല്യ പണ്ഡിത കേസരികളുടെയെല്ലാം ഗുരുവര്യരാണ് പുത്തൻ പള്ളിക്കടുത്ത് നൂണക്കടവിൽ അന്ത്യ വിശ്രമം കൊള്ളുന്ന #അശ്ശൈഖ്_സൈനുദ്ദീൻ_റംലീ(ഖ:സി) -( മണലിൽ ഏന്തീൻ കുട്ടി മുസ്‌ലിയാർ, മണലിൽ എന്ന വീട്ടുപേരിലേക്ക്  ചേർത്താണ് 'റംലീ' എന്ന് പറയുന്നത്. ). അവർ ഹജ്ജിന് പോകാനൊരുങ്ങിയപ്പോ അവരുടെ ഖാദിമിനെയും കൂട്ടി തന്റെ നാട്ടിൽ നിന്നും ചാവക്കാടിനടുത്തുള്ള അകലാട് എന്ന പ്രദേശം വരെ നടന്നു. ഒരു ചെറ്റക്കുടിലിൽ വളരെ പ്രായം ചെന്ന ഒരു മനുഷ്യനെ കാണാൻ. അദ്ദേഹത്തെ #അശ്ശൈഖ്_സൈനുദ്ദീൻ_റംലീ വല്ലാതെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ഇരിക്കാൻ പായ വിരിച്ചു കൊടുത്തപ്പോൾ വളരെ താഴ്മയോടെ കൊച്ചു കുട്ടിയെപ്പോലെ ഇരുന്നിട്ട് മെല്ലെ പറഞ്ഞു: "എനിക്ക് ഹജ്ജിന് പോകണം. അങ്ങ് എനിക്ക് സമ്മതം തരണം ...." അങ്ങനെ ദുആ ചെയ്ത് തിരിച്ച് പോന്നപ്പോൾ ഖാദിം ചോദിച്ചത്രെ: " ഇത്രയും ദൂരം വന്ന് ഇത്ര ബഹുമാനിക്കാൻ മാത്രം അദ്ദേഹം ആരാ ... ?" 

" അത് എന്നെ ചെറിയ കുട്ടിയായ സമയത്ത് അലിഫ്, ബാഅ്.. എന്ന് പഠിപ്പിച്ച് തന്ന ഉസ്താദാണ് ......" 

ഇത് എനിക്ക് പറഞ്ഞു തന്ന സമസ്ത മുശാവറ അംഗം വെമ്പേനാട് ഉസ്താദ് പറയാണ് : " അൽഫിയ്യ: ഓതി തന്ന ഉസ്താദിനെയല്ല. അലിഫ്,ബാഅ് ... പഠിപ്പിച്ച ഉസ്താദിനെയാണ് ട്ടൊ...." എന്ന്.
മദ്രസാ അധ്യാപകരെ ഗുരുനാഥന്മാരായി കാണാൻ തന്നെ ചിലർക്ക് കുറച്ചിലാണ്.
ബഹു: #ഖുതുബി (ഖു:സി) ഓറെ സിയാറതിനെത്തിയ #സ്വദഖതുല്ലാഹ്_ഉസ്താദ് (ഖു:സി) ബോധരഹിതനായി വീണതും ഗുരുവര്യരോടുള്ള അടങ്ങാത്ത ആദരവു കൊണ്ടായിരുന്നു. ഇത് പറയാൻ തുടങ്ങിയാൽ പിന്നെ ഈ കുറിപ്പ് എഴുതിയും നിങ്ങൾ വായിച്ചും തീരില്ല. അത് കൊണ്ട് ഈ ഒരു സ്വഭാവം നമ്മിൽ നിന്ന് നഷ്ടപ്പെട്ടു പോകാതിരിക്കട്ടെ - ആമീൻ. എന്ന് ദുആ ചെയ്യാം. 

'ബഹുമാനം - ആദരവ്'  എന്നൊക്കെ പറയുന്നത് മനസ്സിന്റെ അടിത്തട്ടിൽ നിന്നുണ്ടാവുന്ന ഒരു സ്വഭാവ ഗുണമാണ്. അതിന്റെ പ്രകടനങ്ങൾ വ്യത്യസ്തമായേക്കാം. അത് കൊണ്ട്, ഗുരുവിനോട് വളരെ താഴ്മയിൽ മെല്ലെ സംസാരിക്കുന്നതും കൈ പിടിച്ച് മുത്തം കൊടുക്കുന്നതും മാത്രമാണ് ബഹുമാനം എന്ന് ധരിച്ചു പോകരുത്. വളരെ സിമ്പിളായി ഉസ്താദിന്റെ മുന്നിൽ നിന്ന് ചെറിയ തമാശകളൊക്കെ പറഞ്ഞ് ഹോട്ടലിൽ പോയി ഒരുമിച്ചിരുന്ന് ചായ കുടിക്കുന്ന ചിലരെ കാണാം. അത് അനാദരവായും പറഞ്ഞു കൂടാ.
അപ്പോൾ ഓരോരുത്തരുടെയും ആദരവിന്റെ ശൈലികൾ വ്യത്യസ്തമായിരിക്കാം. പക്ഷെ, മനസ്സിന്റെ ഉള്ളിൽ അദബുണ്ടായിരിക്കണമെന്ന് മാത്രം. പിന്നെ, സാഹചര്യമോ ആളെയോ നോക്കാതെ അവരുടെ മനസ്സ് വേദനിക്കും വിധം സംസാരിക്കുകയോ പെരുമാറുകയോ ചെയ്തേക്കരുത്. അത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കുകയും വേണം. 

ഈ പറഞ്ഞതെല്ലാം - കർമ്മശാസ്ത്ര നിരീക്ഷണത്തിലോ ബുദ്ധിപരമായ സമർത്ഥനങ്ങളിലോ ഗുരുവിനോട് എതിരാകാൻ പാടില്ല - എന്നർത്ഥത്തിനല്ല. അത് വളരെ വ്യക്തമാണല്ലോ. 
ചരിത്രപരമായോ മറ്റോ തെറ്റായി മനസ്സിലാക്കിയ കാര്യങ്ങൾ തിരുത്തുന്നതും ഇപ്രകാരം തന്നെ. #ഇമാമുൽ_ഹറമൈനി (റ) അവരുടെ പിതാവും ഉസ്താദുമായ #ഇമാം_ജുവൈനി (റ) വിന്റെ വാക്കിനെ തിരുത്തിയത് വാളക്കുളം ഉസ്താദ് തന്നെ ഇടക്ക് പറയാറുണ്ട്. ബഹുമാനാദരവുകളെ കുറിച്ച് നമുക്ക് മറ്റൊരിക്കൽ വിശദമായി പറയാം. إن شاء الله 

വാളക്കുളം ഉസ്താദ് കാനാഞ്ചേരി പള്ളിയിൽ ഓതുന്ന കാലം. പള്ളി വരാന്തയിലിരുന്ന് കൂട്ടുകാരൊന്നിച്ച് കിതാബോതിക്കൊണ്ടിരിക്കുന്നു. ഖതീബ് കൈയിൽ വാൾ പിടിക്കുന്നതുമായി പരസ്പരം ഒരു ചർച്ച നടന്നു.
"ഇടത് കൈയിലാണ് വാള് പിടിക്കേണ്ടത്..."
"അതെന്താ അങ്ങനെ ..? വലത് കൈയിലല്ലേ പിടിക്കേണ്ടത്..?"
"ഇനി സ്വഹാബതെങ്ങാനും ഇടംകയ്യന്മാരായിരുന്നോ...?" 

ചെറിയ വിദ്യാർത്ഥികളായ വാളക്കുളം ഉസ്താദും കൂട്ടരും ഇങ്ങനെ ആലോചിച്ചിരിക്കുന്ന സമയത്താണ് അവരുടെ ഉസ്താദ് (കൈപറ്റ ഉസ്താദ് ) അതിനടുത്തൂടെ വിസർജ്ജനാവശ്യാത്രം നടന്നു പോയത്. ഉസ്താദ് സ്വാഭാവികമായും വിദ്യാർത്ഥികളുടെ ഈ സംസാരം കേട്ടിരിക്കണം. അങ്ങനെ അടുത്ത ദിവസം ക്ലാസിൽ ഉസ്താദ്  വിശദീകരിച്ചു കൊടുത്തു. 
"സ്വഹാബത് ഇടം കയ്യന്മാരായത് കൊണ്ടല്ല. മറിച്ച്, യുദ്ധക്കളത്തിൽ അങ്ങോട്ടുള്ള ആക്രമണത്തേക്കാൾ പ്രധാനം ഇങ്ങോട്ടു വരുന്നവയെ ചെറുത്ത് നിൽക്കലാണ്.
درء المفاسد أولى من جلب المصالح
എന്നാണല്ലോ ഖാഇദഃ . അത്കൊണ്ട്  മെയ് വഴക്കമുള്ള വലത് കയ്യിൽ പരിച പിടിച്ചിരിക്കുന്നതിനാലാണ് ഇടത് കയ്യിൽ വാൾ പിടിക്കേണ്ടി വന്നത്. ഇതേ രൂപത്തിൽ ഇടത് കയ്യിൽ വാള് പിടിച്ചാണ് മിമ്പറിൽ നിൽക്കേണ്ടതും...." 

ഭാഷാപഠനത്തിന്റെ ആരംഭ കിതാബായ മീസാനിന്റെയും, സ്വഹീഹ് മുസ്‌ലിമിന്റെ മുഖദ്ദിമഃ യിൽ
الحمد لله رب العالمين، والعاقبة للمتقين
എന്ന് കാണാം. ഈ രണ്ട് വാക്യങ്ങളും തമ്മിലുള്ള ബന്ധം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉസ്താദ് പറഞ്ഞുതന്നത് ഇങ്ങനെയാണ് : " ഹംദായ ഹംദൊക്കെയും റബ്ബ് തആലാക്കാണ്. അതായത്, സൃഷ്ടികൾക്കു വല്ല ക്രെഡിറ്റും ഉണ്ടായാൽ അതിന്റെയുമെല്ലാം ആദ്യന്തികം അല്ലാഹുവിന് തന്നെയാണ്. അപ്പോൾ - സൃഷ്ടികൾക്കു പിന്നെന്താണുള്ളത് - എന്നൊരു ചോദ്യം വരും. അതെ, അതിനുള്ള മറുപടിയാണ് - അവർക്ക് കൈവരിക്കാനുള്ളത് ഇനി സുന്ദരമായ ഭാവിയാണ്. അത് ലഭിക്കാൻ تقوى ഉള്ളവനായി ജീവിച്ചോളൂ - എന്നാണ് 
والعاقبة للمتقين
എന്നതിലുള്ള പൊരുൾ. 

അന്യ സ്ത്രീ-പുരുഷന്മാരുടെ തൊലി തമ്മിൽ ചേരൽ - എന്ന് ചെറുപ്പം മുതലേ വുളൂ മുറിക്കുന്ന കാര്യമായി നമ്മൾ പഠിക്കുന്നതാണ്. ഇവിടെ, സ്പർശനമുണ്ടായാൽ ഇരുവരുടെയും വുളൂ നഷ്ടപ്പെടുന്നതാണ് എന്നതിന് കിതാബുകളിൽ ഇങ്ങനെ കാണാം:
سواء كان اللامس والملموس
ഇതിന് സാധാരണയിൽ - തൊട്ടവനും തൊടപ്പെട്ടവനും - എന്നാണ് നാമെല്ലാവരും അർത്ഥം കൊടുക്കാറുള്ളത്. യഥാർത്ഥത്തിൽ ആ രണ്ടും പുരുഷന്മാരെക്കുറിച്ചല്ലേ ആവുക.? ഒന്ന് പുരുഷനും മറ്റൊന്ന് സ്ത്രീയും ആവണമല്ലോ. അതിനാൽ തന്നെ ഉസ്താദ് -തൊട്ടവനും തൊടപ്പെട്ടവളും, എന്നോ തൊട്ടവളും തൊടപ്പെട്ടവനും - എന്നോ അതിന് അർത്ഥം വെക്കണം എന്ന് പറയുമായിരുന്നു. ഇതൊക്കെ അവ്യക്തമായ നിയമമല്ലെങ്കിലും ഉസ്താദ് മലയാള പദങ്ങളിൽ പോലും ഫിഖ്ഹിന്റെ നിയമത്തിന് എതിരെ വരുന്നത് സൂക്ഷിച്ചിരുന്നു. ഇനി അവിടെ لامس، ملموس എന്നിവ രണ്ടും പുല്ലിംഗമാണെന്ന സംശയം തോന്നേണ്ട. അത്കൊണ്ട് തന്നെയാണ് മഹല്ലിയിൽ ഇതിന് ശറഹ് ചെയ്ത് ശരിപ്പെടുത്തിയത്:
(ﻭالملموﺱ)
 ﻭﻫﻮ ﻣﻦ ﻭﻗﻊ ﻋﻠﻴﻪ اﻟﻠﻤﺲ ﺭﺟﻼ ﻛﺎﻥ ﺃﻭ اﻣﺮﺃﺓ. اهـ
 ( شرح المحلي- ص: ١/٣٢)

അപ്പോൾ ملموس എന്നതിലെ ضمير മടങ്ങുന്നത് من എന്നതിലേക്കാണ്. അതിലേക്ക് മടങ്ങുന്ന ضمير നെ معنى യെ പരിഗണിച്ചും لفظ നെ പരിഗണിച്ചും വ്യത്യാസപ്പെടുത്താം എന്ന് അൽഫിയ്യഃയിൽ
وكلها تلزم بعده صلة # على ضمير لائق مشتملة
എന്ന ബൈതിന്റെ ശറഹിൽ വിശദീകരിച്ചിട്ടുണ്ടല്ലോ. 

ഉസ്താദിന്റെ ഉപ്പ വലിയ സൂക്ഷ്മതയിൽ ജീവിച്ച ആലിമായിരുന്നു. #വാളക്കുളം_അബ്ദുൽ_ബാരി_മുസ്‌ലിയാർ_ഉപ്പാപ്പയുടെ ശിഷ്യനും കൂടിയാണദ്ദേഹം. വാളക്കുളം ഉസ്താദിന് പക്വതയുള്ള പ്രായമെത്തുന്നതിന് മുമ്പേ ഉപ്പ വഫാതായിരുന്നു. ഉപ്പയെക്കുറിച്ച് ഉസ്താദ് പറയാറുണ്ടായിരുന്നു - "ഹോട്ടലിൽ കയറിയാൽ ആദ്യം കാശ് കൊടുത്ത ശേഷമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.. ഇതിനുള്ള കാരണം അന്ന് എനിക്കറിയുമായിരുന്നില്ല. പിന്നീട് കിതാബുകൾ നോക്കിയപ്പഴാണ് ഇടപാട് പൂർത്തിയാകുമ്പഴാണ് വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കുകയുള്ളൂവെന്നും അത് ഉപ്പയുടെ സൂഷ്മതയായിരുന്നുവെന്നും മനസ്സിലായത്..." 

ഉപ്പയുടെ വഫാതിന് ശേഷം ഒരു രക്ഷിതാവിന്റെ സ്ഥാനത്ത് നിന്നിരുന്നത് അബ്ദുൽ ബാരി മുസ്‌ലിയാരായിരുന്നു. ചെറിയ വിദ്യാർത്ഥിയായ ഉസ്താദിനോട് ഓർ പറഞ്ഞിരുന്നത്രെ: "...നിന്റെ ദേഹത്തിന് വരുന്ന പ്രയാസങ്ങളിലെല്ലാം നീ ക്ഷമിക്കണം... നിന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ഞാൻ നോക്കിക്കോളാം.."
പഠന കാലത്ത് വിദ്യാർത്ഥിക്കുണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ ക്ഷമിക്കാനാണ് പറഞ്ഞത്. നല്ലോണം അദ്ധ്വാനിച്ച് പഠിക്കുമ്പോൾ മാനസികമായും ശാരീരികമായും ചില പ്രയാസങ്ങളുണ്ടാവുന്നത് സ്വാഭാവികവും ഈ മേഖലയിലുളവർക്ക് അത് അനുഭവവുമാണല്ലോ. അങ്ങനെ, പഠനാവശ്യത്തിനും മറ്റുമുള്ള സാമ്പത്തിക സഹായങ്ങളെല്ലാം അബ്ദുൽ ബാരി ഉസ്താദ് ചെയ്തിരുന്നു. 

ഒരു ദിവസം കൈപറ്റ ഉസ്താദിന്റെ ദർസിൽ നിന്നും മാറി മറ്റൊരു ദർസിൽ ചേർന്നാലോ എന്നൊരാഗ്രഹം. ശറഹുകളും ഹാശിയഃകളും അരിച്ചുപെറുക്കി ഇബാറഃകളുടെ ആഴിയിലേക്കിറങ്ങിയുള്ള കൈപറ്റ ഉസ്താദിന്റെ ദർസ് മുന്നോട്ട് നീങ്ങിക്കിട്ടാൻ ഇമ്മിണി പാടാണ്. ആ രൂപത്തിൽ സാവകാശമുള്ള ഓത്ത് കുറച്ച് കിട്ടിയാൽ തന്നെ ഇക്കാലത്തെ വർഷങ്ങളുടെ പഠനത്തേക്കാൾ ഉത്തമമായിരിക്കും. 
മനസ്സിൽ മൊട്ടിട്ട ആഗ്രഹം രക്ഷിതാവിന്റെ റോളിലുള്ള അബ്ദുൽ ബാരി ഉസ്താദിനോട്  പറഞ്ഞു. കുറച്ചു കൂടെ വേഗത്തിൽ ദർസീ കിതാബുകൾ ഓതിത്തീർത്ത് ബിരുദമെടുക്കാലോ എന്ന ചിന്തയായിരുന്നു ഉസ്താദിന്. ഇത് കേട്ട അബ്ദുൽ ബാരി ഉസ്താദ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി. തിരിച്ച് വന്നത് കൈയിൽ ഒരു മുട്ടൻ വടിയുമായിട്ട് ..!
" കൈപറ്റയുടെ ദർസ് വിട്ടിട്ട് ഏത് ദർസിലേക്കാണെടാ നിനക്ക് പോവേണ്ടത് ...?" എന്ന് ഗർജ്ജിച്ചു കൊണ്ടും. ദർസ് മാറണമെന്ന പൂതി അതോടെ അവസാനിച്ചു. ഈ അനുഭവം ഉസ്താദ് നേരിട്ട് എന്നോട് പങ്കു വെച്ചതാണ്. 

വലിയ ധനാഢ്യനായിരുന്നു അബ്ദുൽ ബാരി ഉസ്താദ്. സമസ്തയുടെ പ്രസിഡണ്ടായിരുന്ന കാലത്ത് പുതുപ്പറമ്പിൽ വെച്ച് സമസ്ത സമ്മേളനം നടന്നു. അന്ന് പങ്കെടുക്കുന്നവർക്ക് സ്വന്തം വകയിൽ ബിരിയാണി വെച്ച് കൊടുത്തുവത്രെ. അന്നാണ് ആദ്യമായി ഞാൻ ബിരിയാണി കണ്ടതെന്ന് വാളക്കുളം ഉസ്താദ് പറഞ്ഞിരുന്നു. തന്റെ സമ്പത്തെല്ലാം ദീനിന് വേണ്ടി മാറ്റി വെച്ചവരായിരുന്നു അവർ. അവസാന സമയത്ത് സമ്പത്തെല്ലാം ധർമ്മം ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ പട്ടിക്കാട് ജാമിഅഃയിലെ കമ്മിറ്റിക്കാർ അവരെ സമീപിച്ചു. അപ്പഴേക്കും സമ്പത്ത് തീർന്നിരുന്നു. അപ്പോൾ മഹാനർ പറഞ്ഞത്രെ: " എല്ലാം കൊടുത്തു കഴിഞ്ഞല്ലോ ... ഇനി എന്റെ ഒരു കിതാബുണ്ട്. സ്വഹീഹുൽ ബുഖാരിയിലെയും സ്വഹീഹ് മുസ്‌ലിമിലെയും ഹദീസുകൾ ആവർത്തനമില്ലാതെ جمع ചെയ്ത കിതാബാണിത് ... ഇതിന്റെ പകർപ്പുകളുണ്ടാക്കി വിതരണം ചെയ്ത് സ്ഥാപനത്തിനെടുത്തോളൂ ... " 

ഇത്രേം വലിയ ധനികനായിരുന്നിട്ടും വഫാതായപ്പോൾ ചുരുങ്ങിയ കാശ് മാത്രമായിരുന്നു അവശേഷിച്ചതെന്ന് (എത്രയായിരുന്നു എന്ന് ഇപ്പോൾ ഓർക്കുന്നില്ല) അന്നത്തെ ചിന്ദ്രിക ദിനപ്പത്രത്തിൽ റിപ്പോർട്ട് വന്നിരുന്നതായും പറഞ്ഞ് കേട്ടിട്ടുണ്ട്.
കയ്യിൽ നാല് ദമ്പിടിക്കാശ് കിട്ടുമ്പഴേക്കും വമ്പന്മാരായെന്ന് ധരിച്ച് നടക്കുന്നവർ ഇതൊക്കെ ഒന്ന് അറിയുന്നത് നന്ന്. റബ്ബിന്റെ അടിയാറുകളിൽ ഇങ്ങനെയുള്ളവർ ഈയടുത്തും ഇവിടെ കഴിഞ്ഞ് പോയിട്ടുണ്ട് എന്ന് മനസ്സിലാക്കിക്കോളൂ. 

അവർ വഫാതിന്റെ മുമ്പ് ഇങ്ങനെ വസ്വിയ്യത്ത് ചെയ്തിരുന്നു: ഞാൻ മരിച്ചാൽ " ഖത്തപ്പുര " കെട്ടണം. ഇല്ലെങ്കിൽ ഇവിടുത്തെ ബിദ്അത് കാർ സമസ്തയുടെ പ്രസിഡണ്ടിന്റെ ഖബ്റിന് ഖത്തപ്പുര ഇല്ലായിരുന്നു എന്ന് പറഞ്ഞേക്കാം. അതിന് ഇട വരുത്തരുത്.." ( ഖബറിനരികിൽ 7 ദിവസം ഇടമുറിയാതെ ഖുർആനോതും. ഓതുന്നവർക്ക് വെയിലും മഴയുമേൽക്കാതിരിക്കാൻ വേണ്ടി ഖബ്റിനു മുകളിലായി താൽക്കാലിക ടെന്റ് നിർമ്മിക്കുന്ന പതിവുണ്ട്. അതിന് "ഖത്തപ്പുര " എന്നാണ് പറയുക) 
മഹാനർ സ്വന്തം ചിലവിൽ നിർമ്മിച്ച നിസ്കാരപ്പള്ളിയോട് ചേർന്നാണ് അവരുടെ ഖബ്റുള്ളത്. ഓതുന്നവർക്ക് വെയിലും മഴയും കൊള്ളാതിരിക്കാൻ പള്ളി വരാന്തയിലിരിക്കാം. എന്നിട്ടും അങ്ങനെ വസ്വിയ്യത് ചെയ്തത് മഹാനരുടെ ബിദ്അതിനോടുള്ള ഈർഷ്യതയായിരുന്നു. ഈ വസ്വിയ്യത്തിനെ സംബന്ധിച്ച് എന്നോട് പറഞ്ഞത്  മമ്പീതി (സുന്നി) അഹ്‌മദ് കുട്ടി മുസ്‌ലിയാരാണ്. 

അബ്ദുൽ ബാരി ഉസ്താദിനെയും കൈപറ്റ ഉസ്താദിനെയും മാറ്റി നിർത്തി വാളക്കുളം ഉസ്താദിന് ഒരു ചരിത്രമില്ലല്ലോ. അത് കൊണ്ടാ നാട്ടുകാരനും രക്ഷിതാവുമായ അബ്ദുൽ ബാരി ഉസ്താദിനെ അൽപം വിശദീകരിച്ചത്. 

കൈപറ്റ ഉസ്താദിനെ കുറിച്ചും മുമ്പ് പറഞ്ഞല്ലോ. അവരുടെ ഗുരുവായിരുന്നു തറക്കണ്ടി ഓർ. ഇബ്നു ഹജറിൽ ഹിന്ദി എന്നറിയപ്പെടുന്ന തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാർ തറക്കണ്ടി ഓറുടെ ഉസ്താദണ്.  ഓർ, കുട്ട്യാമു മുസ്‌ലിയാരുടെ അടുത്തേക്ക് ഫത്ഹുൽ മുഈൻ ഓതാൻ വന്ന സംഭവമുണ്ട്. ഇത് പരിസരത്തുള്ള ആലിമീങ്ങൾക്കിടയിൽ വാർത്തയായി: "തറക്കണ്ടി, കുട്ട്യാമു മുസ്‌ലിയാരുടെ ദർസിൽ ഫത്ഹുൽ മുഈൻ ഓതാൻ വന്നിട്ടുണ്ടത്രെ..." ഇതറിഞ്ഞ അന്നത്തെ ആലിമീങ്ങൾ അവിടേക്ക് ചെന്നത്രെ - തറക്കണ്ടി ഓറുടെ അടുത്ത് നിന്നും "അൽഫിയ്യ: " ഓതാൻ.!
ഇത് പോരെ ഇവരുടെയൊക്കെ വലിപ്പം മനസ്സിലാവാൻ ?. 

ബിദ്അതിന്റെ കക്ഷികൾ " لا" എന്ന് ഒഴിവാക്കി വായിച്ചപ്പോൾ കയ്യോടെ പിടികൂടിയ പ്രസിദ്ധമായ ചരിത്രമുണ്ടല്ലോ. 'പുളിക്കൂൽ' സഭ എന്നപേരിൽ അറിയപ്പെടുന്ന നാദാപുരം സംവാദത്തിൽ വെച്ചായിരുന്നു അത്. അന്ന് ബിദഈ കക്ഷികൾ ' لا' എന്നത് ഒഴിവാക്കി ഇബാറ: വായിച്ചു. ഇത് കേട്ടപാടെ "അവിടെ ' لا' കട്ടതോ അതോ വിട്ടതോ ..?" എന്ന് ചോദിച്ചല്ലോ, അത് തറക്കണ്ടി ഓറായിരുന്നു. ഇത് #പാനായിക്കുളം_ബാപ്പു_മുസ്‌ലിയാർ ( തട്ടാങ്കര കുട്ട്യാമു മുസ്‌ലിയാരുടെ മകളുടെ ഭർത്താവും ശിഷ്യനുമായ #പുതിയാപ്ല_അബ്ദുർറഹ്‌മാൻ_മുസ്‌ലിയാരുടെ മകനാണ് ഇദ്ദേഹം.) തന്നോട് നേരെ പറഞ്ഞതായി 'മഹാന്മാരുടെ കൂടെ' എന്ന പുസ്തകത്തിൽ മർഹൂം പി.എം.കെ ഫൈസി പറയുന്നുണ്ട്. അന്ന് ദൃക്സാക്ഷിയായിരുന്ന #ആറളം_മുഹ്‌യുദ്ദീൻ_മുസ്‌ലിയാർ ഈ സംഭവം വിവരിച്ച് കവിത എഴുതിയിട്ടുമുണ്ട്. 

ഓറുടെ അടുത്തേക്ക് എപ്പോഴും ആലിമീങ്ങളുടെ ഒഴുക്കായിരുന്നു - കിതാബുകൾ ഓതാനും സംശയങ്ങൾ തീർക്കാനും. മരണ സമയത്ത് വരെ അവിടെ സംശയങ്ങൾ തീർക്കാൻ വന്ന ആലിമീങ്ങളുണ്ടായിരുന്നു എന്നാണ് പഴയ ഉസ്താദുമാരിൽ നിന്നും കേട്ട ചരിത്രം. 

അന്ന് തൊടുവിലേക്ക് എന്തോ ആവശ്യത്തിന് പോയ സമയത്ത് പാമ്പ് കടിയേറ്റു. അപ്പോൾ കൂടെയുള്ളവരോട് പറഞ്ഞത്രെ. :" ബാക്കി ഭാഗം നമുക്ക് സ്വർഗ്ഗത്തിൽ നിന്ന് ഓതാം - إن شاء الله.."
തന്റെ വഫാതിന്റെ സമയമായിട്ടുണ്ടെന്ന് അതോടെ ഓറ് മനസ്സിലാക്കിയിരുന്നു. സ്വർഗ്ഗത്തിൽ നിന്നും ദർസ് നടത്തണമെന്ന് ആശിച്ചവർ..! ഇൽമിനെ അത്രമേൽ സ്നേഹിച്ചതിന്റെ അടയാളമാണത്. പടച്ച റബ്ബ് അവരുടെ പ്രതീക്ഷ സഫലീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നിട്ട് പറഞ്ഞു: "പുത്തൻ പള്ളിയിലെ കുഞ്ഞഹമ്മദൂലേര് എനിക്ക് 'സുമ്മി' ന്റെ ഇജാസത് തന്നപ്പോൾ പറഞ്ഞിരുന്നു. - "അബ്ദുർറഹ്‌മാൻ മൂലേരെ, ഇങ്ങക്ക് ഇത് കൊണ്ട് ഉപകാരണ്ടാവൂലാ ട്ടൊ.." അന്ന് ഞാൻ മനസ്സിലാക്കിയിരുന്നു എന്റെ മരണം വിഷമേറ്റായിരിക്കും ന്ന് ..." 

പുത്തൻപള്ളിയിലെ #അശ്ശൈഖ്_കുഞ്ഞഹമ്മദ്_മുസ്‌ലിയാരിൽ നിന്നും ഇജാസത് വാങ്ങിയപ്പോ ഉണ്ടായ സംഭവമാണ് ഓറ് പറയുന്നത്. 

ശേഷം ഓറുടെ ഉമ്മയോട് പറഞ്ഞു: " പണ്ട്, ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോ തൊടുവിലെ കുളത്തിൽ നിന്നും ന്നെ കുളിപ്പിച്ചിട്ട് കുടീക്ക് പറഞ്ഞയക്കാറുണ്ടായിരുന്നില്ലേ, 'മോൻ പൊരേക്ക് നടന്നോ, ഞാൻ വരാം' - ന്ന് പറഞ്ഞിട്ട് ..? എന്നാ അതുപോലെ ഞാൻ ആദ്യം പോവാണ്. നിങ്ങൾക്ക് ശഫാഅത് ചെയ്യാൻ വേണ്ടി... അത് കൊണ്ട് ന്റുമ്മ വെഷമിക്കരുത് ... "
ഇത്രയൊക്കെ പറഞ്ഞ് കലിമ: ചൊല്ലി ഇഹലോകവാസം വെടിയുകയായിരുന്നു. അവരുടെ ദറജ: അല്ലാഹു ഇനിയും ഉയർത്തിക്കൊടുക്കട്ടെ. 

(തുടരും ... ) 

✍️അഷ്റഫ് സഖാഫി പള്ളിപ്പുറം 

(തയ്യാറാക്കിയത്:
അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫  

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )