ഇത് നിയമമാണ്...

📝
ഇത് നിയമമാണ്....

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

മലപ്പുറം എം.എസ്.പി ക്യാമ്പിന് മുന്നിൽ സായുധനായി നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്ടിട്ടില്ലേ? 24 മണിക്കൂറും ഇതുപോലെ ഒരാൾ അവിടെ  നിൽക്കുന്നുണ്ടാകും. ഇന്നേവരെ ആ ഗേറ്റിന് പരിസരത്തോ ക്യാമ്പിനകത്തോ ഒരു ഓലപ്പടക്കം പോലും പൊട്ടിച്ച് അക്രമം ഉണ്ടാക്കിയതായി കേട്ടിട്ടില്ല. പിന്നെ എന്തിനാണ് - ആരെയാണ് അയാൾ തക്കം പാർത്തിരിക്കുന്നത്? 

കൊറോണ കാലത്ത് പല വിചിത്ര നിയമങ്ങളും സർക്കാർ നടത്തിയത് ഓർക്കുന്നില്ലേ നിങ്ങൾ? 'ഞായറാഴ്ച' മാത്രം പുറത്തിറങ്ങാൻ പാടില്ല - കൊറോണ പകരാതിരിക്കാൻ ! അപ്പോ ബാക്കിയുള്ള ദിവസങ്ങളിൽ കൊറോണ പകരില്ലേ? എന്താ 'ഞായറാഴ്ച' മാത്രം ഒരു കൊറോണപ്പേടി ? 

18 വയസ്സായ പെണ്ണിന് അവളുടെ ഇഷ്ടത്തോടെ ആരുടെ കൂടെയും കിടപ്പറ പങ്കിടാം. വീട്ടിൽ നിന്ന് ഇറങ്ങിപ്പോകാം. എന്നാൽ ഇത് 18 വയസ്സ് തികയാൻ ഒരു ദിവസം മുമ്പ് ചെയ്താലോ ? ഹേയ്, അത് പറ്റില്ല. കോടതി ശിക്ഷിക്കും. അതെന്താ അങ്ങനെ? തലേ ദിവസം ഇല്ലാത്ത ശാരീരികവും മാനസികവുമായ വികസനം ഒരു ദിവസം കൊണ്ട് ഉണ്ടാവുമോ? 

അപ്പോൾ , ഇങ്ങനെയൊന്നും ചോദിക്കാൻ പാടില്ല. കാരണം അതൊക്കെ നിയമങ്ങളാണ്. അതിനെതിരിൽ വരുന്ന യുക്തിക്കും ന്യായങ്ങൾക്കുമൊന്നും സ്കോപ്പില്ല. - ഇതായിരിക്കും നിയമപാലകരുടെയും ഉദ്യോഗസ്ഥരുടെയും മറുപടി. നിയമങ്ങൾക്ക് മുന്നിൽ വഴിപ്പെട്ട് കൊടുക്കുക തന്നെ. 

'നിയമങ്ങൾ അനുസരിക്കാനുള്ളതാണ്' - എന്ന പൊതുയുക്തി എല്ലായിടത്തുമുള്ളതും സർവ്വാംഗീകൃതവുമാണ്. ഇതു തന്നെയല്ലേ മത വിശ്വാസികൾക്കും പറയാനുള്ളത് ?.
ഇസ്‌ലാം കഠിനമായി നിരോധിച്ച കാര്യമാണ് വ്യഭിചാരം. അത് 18 തികഞ്ഞവളാണെങ്കിലും അല്ലെങ്കിലും, സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും കഠിനമായ തെറ്റാണ്. പരലോകത്ത് അവരെ കത്തിയാളുന്ന നരകം കാത്തിരിക്കും. അതിന്റെ ഗൗരവം കണക്കിലെടുത്ത് അതിലേക്ക് വഴിയൊരുക്കുന്ന സർവ്വതും നിഷിദ്ധമാക്കി. അതിലേക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടക്കപ്പെട്ടിരിക്കുന്നു. 

അത് കൊണ്ടാണ് അന്യ സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള നോട്ടം, സ്പർശനം എല്ലാം ഹറാമായത്. അത് വൈകാരിക ചിന്തകളോടെയാണെങ്കിലും അല്ലെങ്കിലും തെറ്റ് തന്നെ. വർത്തമാന കാലത്ത് 'ഫ്രണ്ട്സ്' എന്ന പേരിൽ ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം കാട്ടിക്കൂട്ടുന്നതെല്ലാം എത്ര വലിയ പാപമാണ് ! സ്നേഹം - പ്രേമം - പ്രണയം തുടങ്ങി എന്ത് പേരിലായാലും സംഗതി നിഷിദ്ധമാണ്. ഇതാണ് ഇസ്‌ലാമിന്റെ നിയമം. അത് കൊണ്ട് തന്നെ, പരസ്പരം സ്നേഹിച്ചാലെന്താ? പുരുഷന്മാർക്ക് മുന്നിൽ തന്റെ ഭംഗിയും ശരീരഭാഗങ്ങളും കാണിച്ചാലെന്താ? സ്റ്റേജിൽ കയറി ഞാൻ പ്രദർശനം നടത്തിയാലെന്താ? തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകേണ്ടതില്ല. കാരണം പറഞ്ഞല്ലോ - അത് ഞങ്ങളുടെ മതത്തിന്റെ നിയമമാണെടോ. ഇങ്ങനെ ചോദിക്കുന്നവർ പണ്ട് കോരു പറഞ്ഞപോലെയും ചോദിക്കും. തന്റെ ഭാര്യയെ മറ്റൊരാൾക്ക് അനുവദിച്ച് കൊടുത്ത് സമയത്തിനനുസരിച്ച് കാശും മേടിച്ചപ്പോ കൂടെയുള്ളവർ ചോദിച്ചു: 'ഉളുപ്പില്ലെടാ തനിക്കൊന്നും ഇമ്മാതിരി പണി ചെയ്യാൻ ... ?'
കോരു: " അതിനെന്താ, അത് തേഞ്ഞ് പോവുകയില്ലല്ലോ..." എന്ത് പറയാനാ അവനോട് !

സർക്കാരിന്റെ, ജോലി സ്ഥലത്തെ, മറ്റു സ്ഥലങ്ങളിലെ എല്ലാ നിയമങ്ങളും അംഗീകരിച്ച്, ഒരു എതിർപ്പുമില്ലാതെ, ന്യായങ്ങൾ ചോദിക്കാതെ ജീവിക്കുന്നവർക്കെല്ലാം മതത്തിന്റെ നിയമത്തിന് മാത്രം ന്യായാന്വേഷണങ്ങൾ വേണമത്രെ! 

എന്നാൽ മനസ്സിലാക്കിക്കോളൂ - ഞങ്ങൾ, മുസ്‌ലിംകൾ. ഏകനായ അല്ലാഹുവിൽ വിശ്വസിക്കുന്നവർ. ഈ പ്രപഞ്ചത്തെയും അതിലെ മനുഷ്യനടക്കമുള്ള സർവ്വതിനെയും സൃഷ്ടിക്കുകയും അവയെല്ലാം നിയന്ത്രിക്കുകയും ചെയ്യുന്നവന്റെ തീരുമാനങ്ങളിൽ തൃപ്തിപ്പെടുന്നവർ, ഇഹലോകത്തിന് പുറമെ പരലോകമുണ്ടെന്നും ഇവിടുത്തെ ജീവിതത്തിന് - ഇവിടെ ചെയ്ത് കൂട്ടിയതിന് വിചാരണ നേരിടേണ്ടതുണ്ടെന്നും വിശ്വസിക്കുന്നവർ. അവന്റെ നിയമങ്ങൾ അനുസരിക്കേണ്ടവർ. ഇസ്‌ലാം - മുസ്‌ലിം എന്ന വാക്കിന്റെ അർത്ഥം തന്നെ - സ്രഷ്ടാവിന്റെ നിയമങ്ങൾക്ക് വഴിപ്പെടുന്നവൻ എന്നാണ്. 

ആ റബ്ബിന്റെ നിയമങ്ങൾ അനുസരിച്ചാൽ സുഖലോലുപതയിൽ തിമിർത്താടാനുള്ള സ്വർഗ്ഗലോകമാണ് സമ്മാനം. ഇല്ലെങ്കിൽ കത്തിയാളുന്ന നരക ശിക്ഷ. ആ സ്വർഗ്ഗം ഇവിടുത്തെ സുഖങ്ങളെപ്പോലെയോ, നരകം ഇവിടുത്തെ ശിക്ഷാ മുറകളെപ്പോലെയോ അല്ല. അതിനേക്കാൾ എത്രയോ മടങ്ങ് കൂടുതലുള്ളതാണ്. നരകത്തെ അപേക്ഷിച്ച് വളരെ നേരിയ ശിക്ഷയെപ്പേടിച്ച് ഇവിടുത്തെ മറ്റു നിയമങ്ങൾ അനുസരിക്കാൻ തയ്യാറാകുന്നുണ്ടെങ്കിൽ, ഞങ്ങൾ വിശ്വസിക്കുന്ന നരകത്തെ ഭയന്ന് സ്രഷ്ടാവിന്റെ നിയമങ്ങൾക്ക് വഴിപ്പെടണമെന്നത് എന്ത് കൊണ്ടും ശരിയാണല്ലോ. മാത്രമല്ല, ഇവിടത്തേക്കാൾ മഹത്തരമേറിയ പ്രതിഫലം ലഭിക്കാൻ വേണ്ടിയുള്ളതാവുമ്പോൾ ആ നിയമം പാലിക്കാൻ ചില പ്രയാസങ്ങളുണ്ടാവുമെന്നത് സ്വാഭാവികം. അന്യ സ്ത്രീകളെ കാണുന്നതും സ്പർശിക്കുന്നതും അവരോട് ഇടകലരുന്നതും ഒഴിവാക്കണമെന്ന് പറയുന്നത് അലോസരമായിരിക്കാം. പക്ഷേ, മരണ ശേഷമുള്ള പരമസുഖം ആസ്വദിക്കണോ - ഇവിടെ അൽപം സഹിച്ചോളൂ. യു.എ.ഇ - യിലെ ഡ്രൈവിങ് ലൈസൻസിന് വാല്യു കൂടിയത് കൊണ്ട് തന്നെ അതിലെ ടെസ്റ്റ് പാസ്സാവുന്നതും ശ്രമകരമാണ്. എല്ലാ മൂല്യമേറിയ പരീക്ഷകളിലും സിമ്പിളായി ജയിക്കാറില്ല. എന്ന പോലെ അനിർവചനീയമായ സ്വർഗ്ഗലോകത്ത് കടക്കാനുളള ഇവിടുത്തെ ടെസ്റ്റുകളാണ് ഇസ്‌ലാമിക നിയമങ്ങൾ. അത് കൊണ്ട് തണുപ്പുള്ള രാത്രിയിൽ മൂടിപ്പുതച്ചുറങ്ങിയാലും സൂര്യനുദിക്കും മുമ്പ് എണീറ്റ് നിസ്കരിച്ചേ പറ്റൂ. അർദ്ധ നഗ്നയായി മൊഞ്ചുള്ള സുന്ദരിമാർ മുന്നിലൂടെ പോകുമ്പോൾ നോക്കാതിരുന്നേ മതിയാകൂ. 

ഇതിനർത്ഥം, മുസൽമാനായാൽ ഭൂമി ലോകത്ത് ആസ്വദിക്കാനാവില്ലെന്നാണോ ? അല്ല, അവന് ആസ്വദിക്കാം, പക്ഷെ, നിസ്കാരം, റമളാൻ നോമ്പ് തുടങ്ങിയ നിർബന്ധ കാര്യങ്ങൾ ഒഴിവാക്കരുത്. ലൈംഗികബന്ധത്തിലേർപ്പെടാം, പക്ഷെ, നിനക്ക് അനുവദിക്കപ്പെട്ടവരോട് മാത്രം. അവളെ നിനക്കിഷ്ടമുള്ള പോലെ അണിയിച്ചൊരുക്കിക്കോ, ഡാൻസ് കളിപ്പിച്ചോ, പാട്ട് പാടിപ്പിച്ചോ, അങ്ങനെ എല്ലാമായിക്കോട്ടെ, നിന്റെ മുന്നിൽ വെച്ച് മാത്രം. അല്ലാതെ നിന്റെ ഭാര്യ മറ്റുള്ളവരുടെ മുന്നിൽ കൊഞ്ചിക്കുഴയരുത്. നീ മറ്റുള്ളവരുടെ മുന്നിലും ചെല്ലരുത്. 

അത്കൊണ്ട് ചിന്താശേഷിയുള്ളവരോട് ഇതേ പറയാനുള്ളൂ: ഇത് നിയമമാണ്, നിയമം .....

✍️അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

ഹികായാതു ശ്ശൈഖൈനി