ജവാസ്; സാങ്കേതികത്വവും ചില പ്രയോഗങ്ങളും

📚

ജവാസ്; സാങ്കേതികത്വവും ചില പ്രയോഗങ്ങളും

✍️

അഷ്റഫ് സഖാഫി പളളിപ്പുറം

_________________________


അനുവദനീയം എന്ന് 'ജവാസി'ന് അർത്ഥം പറയാമെങ്കിലും അൽപം വിശദീകരണം ഇവിടെ അത്യാവശ്യമാണ്. ഏത് ഫന്നിലാണ് ഇത് ഉപയോഗിക്കുന്നത് എന്ന് ആദ്യം നോക്കണം. അഖീദഃ, ഉസ്വൂലുൽ ഫിഖ്ഹ്, ഫിഖ്ഹ് എന്നിവക്ക് പുറമെ, ഖിറാഅതിലും ഭാഷാ ഗ്രന്ഥങ്ങളിലും ഇത് സാർവത്രികമായി പ്രയോഗത്തിലുള്ളതാണ്. പലതിലും വ്യത്യസ്തത നിറഞ്ഞു നിൽക്കുന്ന പദമാണ് ഈ 'ജവാസ്'.


ഒന്ന്

ചെയ്യലും ഉപേക്ഷിക്കലും ഒരുപോലെ


ചെയ്താലും ഉപേക്ഷിച്ചാലും പ്രതിഫലമോ ആക്ഷേപമോ ഇല്ലാത്തത് എന്ന അർത്ഥമുണ്ട് ഇതിന്. എല്ലാവർക്കും പരിചയമുള്ള ഈ സങ്കൽപത്തിന് 'ഹലാൽ', 'മുബാഹ്' എന്നും പറയാറുണ്ട്. ഇതിനെ, വാജിബ് - സുന്നത് - ഹറാം പോലെയുള്ള അല്ലാഹുവിൻ്റെ സംബോധനയുള്ള വിധികളിൽ ഉൾപ്പെടുത്തണോ വേണ്ടേ എന്ന ചർച്ച ഉസ്വൂലീ  പണ്ഡിതന്മാർക്കിടയിലുണ്ട്. ചെയ്യാൻ അല്ലാഹു അനുവാദം നൽകിയത് എന്ന പരിഗണനയിൽ അതിന് സംബോധനയുണ്ടെന്നാണ് ഒരു പക്ഷം. 


രണ്ട്: _നിഷിദ്ധമല്ല_


ഹറാമില്ല എന്നറിയിക്കാൻ മാത്രം ജവാസിനെ പറയാറുണ്ട്. അപ്പോൾ കറാഹത്, വാജിബ്, സുന്നത് എല്ലാം ഈ വിശാലാർത്ഥത്തിൽ വരാം.   ഫിഖ്ഹിലാണ് ഈ പ്രയോഗം കൂടുതലായി കണ്ടുവരുന്നത്. ഓരോന്നിൻ്റെയും ഉദാഹരണങ്ങൾ പരിശോധിക്കാം:

ജവാസിൽ കറാഹത്

وَمَا ضُبِّبَ بِذَهَبٍ أَوْ فِضَّةٍ ضَبَّةً كَبِيرَةً لِزِينَةٍ حَرُمَ، أَوْ صَغِيرَةً    بِقَدْرِ الْحَاجَةِ فَلَا، أَوْ صَغِيرَةً لِزِينَةٍ، أَوْ كَبِيرَةً لِحَاجَةٍ جَازَ فِي الْأَصَحِّ. اهـ (منهاج الطالبين)

"ഭംഗിക്ക് വേണ്ടി, സ്വർണ്ണം - വെള്ളിയുടെ വലിയ കഷ്ണം വെച്ചുള്ള പാത്രങ്ങൾ ഉപയോഗിക്കുന്നത് ഹറാമാണ്. എന്നാൽ ഭംഗിക്ക് വേണ്ടി ചെറിയതും, ആവശ്യമെങ്കിൽ വലുതും ചേർത്ത് ഉപയോഗിക്കൽ ജാഇസാണ്.." 

ഇവിടെ വ്യഖ്യാതാക്കൾ ഇങ്ങനെ വിശദീകരിക്കുന്നത് കാണാം:

(...جَازَ) مَعَ الْكَرَاهَةِ فِيهِمَا. اهـ 

(تحفة: ١/١٢٥)

' കറാഹതോടു കൂടി അനുവദനീയമാകും..' അപ്പോൾ, ചെയ്യുന്നതും ഉപേക്ഷിക്കുന്നതും ഒരു പോലെ എന്ന മേൽ പറഞ്ഞ അർത്ഥമല്ല ഇവിടെ എന്ന് മനസ്സിലായി. തൊട്ടുമുമ്പത്തെ മസ്അലഃ ഹറാം വരുമെന്ന് പറഞ്ഞ്, ശേഷമുള്ളത് അപ്രകാരം ഹറാമില്ല എന്ന് അറിയിക്കലാണ് ഈ പ്രയോഗലക്ഷ്യം. കറാഹതുള്ള കാര്യമാണെങ്കിലും അനുവദനീയമാണെന്ന് ഭാഷാന്തരം നടത്താമല്ലോ. ഇങ്ങനെ മിൻഹാജിൽ ഹറാമില്ല, എന്ന അർത്ഥത്തിൽ ജവാസിനെ ഉപയോഗിച്ചതിന് വേറെയും ഉദാഹരണങ്ങളുണ്ട് (തുഹ്ഫഃ 2/356, 8/269 നോക്കുക).

നിർബന്ധമായ കാര്യത്തെക്കുറിച്ച് ജവാസ്:

വിലക്കില്ല എന്നർത്ഥത്തിലുള്ളത് തന്നെയാണ് ഇതും. കറാഹതായ കാര്യത്തെക്കുറിച്ച് വന്നത് പോലെ, വാജിബായതിനെപറ്റി വന്ന ഉദാഹരണം നോക്കാം:

വന്യജീവികളിൽ നിന്നും ദുർഗന്ധം വമിക്കുന്നതിൽ നിന്നും തടയുന്ന വിധം മയ്യിത് മറവു ചെയ്യൽ നിർബന്ധമാണ്. എന്നാൽ കപ്പലിൽ വെച്ച് മരണപ്പെട്ടാൽ, കടലിൽ താഴ്ത്താം. ഭാരമുള്ള വല്ലതും ബന്ധിപ്പിച്ചു വേണം ഇത് ചെയ്യാൻ. അല്ലാതെ പൊങ്ങിക്കിടക്കും വിധത്തിൽ പറ്റില്ല. ഈ നിയമം പറയുന്നിടത്ത് جاز എന്നുണ്ടെങ്കിലും, നിർബന്ധത്തിനെയും ഉൾക്കൊള്ളിക്കുന്ന 'അപ്രകാരം ചെയ്യുന്നതിന് വിലക്കില്ല' എന്നർത്ഥത്തിനാണ്:

(صلاة الميت فرض كفاية كغسله...ودفنِه في حفرة تمنع رائحة وسبعا)

... نعم من مات بسفينة وتعذر البر جاز إلقاؤه في البحر وتثقيله ليرسب وإلا فلا. اهـ (فتح المعين: ١٥٣)

ഖബ്റിൻ്റെ നിബന്ധന - വാസനയും, മൃഗങ്ങൾ മാന്തുന്നതും തടയൽ - ഇല്ലാതിരുന്നാൽ ഹറാമാണ്. എന്ന് പറഞ്ഞ ശേഷമാണ്, കപ്പലിൽ മരണപ്പെട്ടയാളെക്കുറിച്ച് പറയുന്നത്. കരയിലേക്ക് കൊണ്ടുവരാൻ മാർഗ്ഗമില്ലെങ്കിൽ,  പ്രസ്തുത നിബന്ധന പാലിക്കലില്ല. അവിടെ, കരയിലെപ്പോലെ ഹറാം വരുന്നില്ല - എന്നാണ് ആശയം. അപ്പോൾ പിന്നെ, കടലിൽ താഴ്ത്തുന്നത് നിർബന്ധമാണല്ലോ, എന്നിട്ടും ജവാസ് പ്രയോഗിച്ചു എന്ന് ആശ്ചര്യപ്പെടാനില്ല. ഇആനതിൽ ഈ ചർച്ചയുണ്ട്. 

സുന്നതിനെക്കുറിച്ച് ജവാസ്:

സുന്നതിനെയും ഉൾപ്പെടുത്തി 'ജവാസി'നെ പ്രയോഗിച്ചിട്ടുണ്ട്. ഇവിടെയും മേൽപറഞ്ഞ 'വിലക്കില്ല' എന്നർത്ഥം തന്നെയാണ് ജവാസിനുള്ളതെന്ന് പറയേണ്ടതില്ലല്ലോ. 

മൻത്വിഖ് പഠിക്കുന്നതിനെക്കുറിച്ച് ഇമാമുകൾക്കിടയിൽ അഭിപ്രായാന്തരമുണ്ട്. ഇതേക്കുറിച്ചുള്ള 'സുല്ലമുൽ മുനൗറഖിലെ' ബൈതുകളാണിത്:

والخُلْفُ في جوازِ الاشتغالِ

بهِ على ثلاثة الأقوالِ

فابنُ الصلاحِ والنَّوويُّ حرَّما

وقال قومٌ ينبغي أن يُعلَما 

والقَولَةُ المشهورةُ الصَّحيحةُ

جوازُهُ لِكامِلِ القَريحةِ.اهـ 

(سلم المنورق للأخضري)

ഇതിനെ വ്യഖ്യാനിച്ച് അല്ലാമഃ സ്വബ്ബാൻ(റ) എഴുതുന്നു:

(قوله جوازه) قال شيخنا العدوي: أراد به الإذن فيصدق بالوجوب والندب، ولم يرد به استواء الطرفين، لقوله في علته "ليهتدي به إلى الصواب". اهـ 

(حاشية الصبان على شرح الصغير للملوي على السلم: ١٧٤)

"മൻത്വിഖ് പഠനം സുന്നതാകുന്നതും വാജിബാകുന്നതും ഉണ്ട്. അവ രണ്ടും ഇവിടുത്തെ ജവാസ് പ്രയോഗത്തിൽ ഉൾപ്പെടുന്നു..."


മൂന്ന്:

ആരാധനയിലും ഇടപാടിലും വ്യത്യാസത്തോടെ

'ജവാസി'നെ പ്രവൃത്തികളിലേക്ക് ചേർത്തിപ്പറഞ്ഞാൽ സാധാരണ പോലെ ഹലാൽ - അനുവദനീയം എന്നും, ഇടപാടിലേക്ക് ചേർത്തിയാൽ 'സ്വഹീഹ്‌' എന്നുമാണ് ഉദ്ദേശം:

تَنْبِيهٌ: (يَجُوزُ) إذَا أُضِيفَ إلَى الْعُقُودِ كَانَ بِمَعْنَى الصِّحَّةِ، وَإِذَا أُضِيفَ إلَى الْأَفْعَالِ كَانَ بِمَعْنَى الْحِلِّ. اهـ

(بجيرمي على الخطيب: ١/٧١)

അപ്പോൾ

لا يجوز العمل به

എന്നാൽ അപ്രകാരം ചെയ്യൽ നിഷിദ്ധമാണ് എന്ന് മനസ്സിലാകും. 

لا يجوز ذلك العقد 

എന്നാവുമ്പോൾ, അത് സ്വഹീഹായിട്ടില്ല, പരിഗണിക്കപ്പെട്ടിട്ടില്ല എന്നൊക്കെയാണ്. പരിഗണനീയമല്ലാത്ത ഇടപാടുകൾ ചെയ്യുന്നത് നിഷിദ്ധമാണോ അല്ലേ എന്നത് മറ്റൊരു കാര്യമാണ്. ഇപ്രകാരം പറഞ്ഞത് കൊണ്ട് മാത്രം അങ്ങനെ കരുതാവതല്ല. 

ഉദാഹരണങ്ങൾ നോക്കാം:

 (وَلَا يَجُوزُ) أَيْ لَا يَصِحُّ  (تَوْكِيلُ مَحْجُورٍ عَلَيْهِ). اهـ

(تحفة: ٧/٤٧٥)

 (قَوْلُهُ  أَيْ وَلَا يَصِحُّ)  يَنْبَغِي وَلَا يَحِلُّ؛ لِأَنَّهُ تَعَاطِي عَقْدٍ فَاسِدٍ اهـ سَيِّدْ عُمَرْ (شرواني)


(وَلَا يَجُوزُ) أَيْ لَا يَحِلُّ وَ لَا يَصِحُّ (تَعْلِيقُهُ) فِيمَا لَا يُضَاهِي التَّحْرِيرَ (كَقَوْلِهِ إذَا جَاءَ زَيْدٌ فَقَدْ وَقَفْت) كَذَا عَلَى كَذَا. اهـ

(تحفة: ٦/٢٥٥)


നാല്:

ഇബാഹത്; അഖ്ലിയ്യും ശർഇയ്യും


കള്ള് കുടിക്കുന്നത്, ഇസ്‌ലാമിൻ്റെ ആദ്യ കാലത്ത് വിലക്കിയിട്ടില്ലായിരുന്നു. (പിന്നെ ഘട്ടം ഘട്ടമായി പാടെ നിരോധിച്ചു. ) ഇത് ഇസ്‌ലാമിൻ്റേതായ ഒരു അനുവാദം വന്നതല്ല. മറിച്ച്, ജാഹിലിയ്യാ കാലത്തേ നടന്നു വന്നതിനെ തടയാതിരുന്നതാണ്. ഇതാണ് 'ഇബാഹഃ അഖ്‌ലിയ്യഃ' .

براءة أصلية 

എന്നും പേരുണ്ട്. എന്നാൽ, റമളാനിലെ രാത്രിയിൽ ഭാര്യയെ സമീപിക്കുന്നത് ശറഇൻ്റെ ഭാഗത്ത് നിന്നുള്ള അനുവാദമുണ്ടായതാണ്. അത് പാടില്ലെന്ന ധാരണയെ തിരുത്തിക്കൊണ്ട് അവതരിച്ചതായിരുന്നു ഇത്. അല്ലാഹു പറയുന്നു:

{ أُحِلَّ لَكُمۡ لَیۡلَةَ ٱلصِّیَامِ ٱلرَّفَثُ إِلَىٰ نِسَاۤىِٕكُمۡۚ هُنَّ لِبَاسࣱ لَّكُمۡ وَأَنتُمۡ لِبَاسࣱ لَّهُنَّۗ عَلِمَ ٱللَّهُ أَنَّكُمۡ كُنتُمۡ تَخۡتَانُونَ أَنفُسَكُمۡ فَتَابَ عَلَیۡكُمۡ وَعَفَا عَنكُمۡۖ فَٱلۡـَٔـٰنَ بَـٰشِرُوهُنَّ وَٱبۡتَغُوا۟ مَا كَتَبَ ٱللَّهُ لَكُمۡۚ  }

[البقرة- ١٨٧]

ഈ അനുവാദത്തിന് 'ഇബാഹഃ ശറഇയ്യഃ' എന്നുമാണ് പറയുക. രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസം, അവസാനം പറഞ്ഞ 'ശറഇയ്യഃ'യിൽ മാത്രമേ നസ്ഖ് പ്രയോഗിക്കുകയുള്ളൂ എന്നാണ്. കാരണം, അല്ലാഹുവിൻ്റെ ഒരു നിയമത്തെ മാറ്റുമ്പോഴാണ് നസ്ഖുണ്ടാവുക. കള്ള് കുടി അവസാനിപ്പിച്ചത് നസ്ഖല്ല. ഖബ്റ് സിയാറതിനെ അനുവദിച്ചത് നസ്ഖാണ്. കാരണം, ഇസ്‌ലാമിൻ്റേതായ ഒരു വിരോധന അക്കാര്യത്തിൽ ആദ്യമുണ്ടായി, പിന്നീട്, അത് മാറ്റി അനുവാദം നൽകുകയായിരുന്നല്ലോ.

ജവാസ്, അല്ലാഹുവിൻ്റെ സംബോധനയുള്ള വിധികളിൽ പെട്ടതാണോ അല്ലേ എന്ന വീക്ഷണത്തെക്കുറിച്ച് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ. ആണെന്ന് പറഞ്ഞത് ഇബാഹഃ ശറഇയ്യഃയെക്കുറിച്ചാണെന്നും അല്ലെന്ന് പറഞ്ഞത് അഖ്‌ലിയ്യഃയെ പറ്റിയാണെന്നും വെച്ചാൽ ഈ അഭിപ്രായവ്യത്യാസത്തെ ഒരുമിപ്പിക്കാമെന്ന് ഇമാം സർകശീ(റ) പറയുന്നുണ്ട്. ശറഇയ്യാണെങ്കിൽ അവിടെ 'തക്‌ലീഫ്' ഇല്ലെന്നതാണ് പ്രബലം. ചിലർ, ജവാസാണെന്ന് വിശ്വസിക്കൽ ബാധ്യതയുള്ളതിനാൽ, അതിനെ പരിഗണിച്ച് 'തക്‌ലീഫു' ണ്ടെന്ന് വാദിക്കുന്നുമുണ്ട്. 

(അൽ ബഹ്റുൽ മുഹീത്വ്: 1/368). 


അഞ്ച്:

ഇടപാടിലെ ജാഇസും ലാസിമും


നടത്തിക്കഴിഞ്ഞ ഇടപാടിൽ നിന്നും പിന്മാറാൻ പറ്റുന്നതിനാണ് 

العقد الجائز 

എന്ന് പറയുക. പിന്മാറാൻ പറ്റാത്തത് 

العقد اللازم

എന്നും.



ആറ്:

_അങ്ങനെയല്ലാതെ നടക്കില്ല!_

തക്ബീറതുൽ ഇഹ്റാമിനോട് അന്വയിച്ചു കൊണ്ട് മനസ്സിൽ നിയ്യത് ഉണ്ടാവുകയാണ് വേണ്ടത്. പക്ഷെ, നമ്മെപ്പോലുള്ളവർക്ക് ഇത് കഷ്ടമായതിനാൽ, നിയ്യത് ചെയ്ത ഉടനെ തക്ബീർ ചൊല്ലിയാൽ മതിയെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്. ഇവ്വിഷയത്തിൽ ഇബ്നുർരിഫ്അഃ(റ) പറയുന്നു:

(وتكبير تحرم مقرونا به النية)...وقال ابن الرفعة: إنه الحق الذي لا يجوز سواه. اهـ (فتح المعين )

"തക്ബീറിനോട് അന്വയിച്ചു വേണമെന്നതാണ് ശരി. അങ്ങനെയല്ലാതെ നിയ്യത് ചെയ്യാൻ ആവില്ല / നടക്കില്ല !"

ജവാസിന് ഈ അർത്ഥം കൽപിക്കുന്നത് ഒരു സാങ്കേതികത്വമല്ല. സ്വാഭാവിക പ്രയോഗം മാത്രമാണ്. ഇആനതിൽ അങ്ങനെ പറഞ്ഞിട്ടുമുണ്ട്. 

ومقتضاه عدم الاكتفاء بالاستحضار الحقيقي والمقارنة الحقيقية مطلقا وليس مرادا. اهـ (إعانة الطالبين)



ഏഴ്:

_സാധ്യത കൽപിക്കൽ_



ജവാസ് പ്രയോഗത്തിൽ നിന്നും വിധി പറയുമ്പോൾ ശ്രദ്ധിക്കണം

മഹാന്മാരുടെ ഖബ്റിനെ തൊടുന്നതും ചുംബിക്കുന്നതും കറാഹതുണ്ടെന്നാണ് ശാഫിഈ മദ്ഹബിലെ പ്രബലം. അൽപം അകലം പാലിച്ചു നിൽക്കുന്നതാണ് അദബ്. എന്നാൽ, തൊടുന്നതും ചുംബിക്കുന്നതും ആകാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. അവരുടെ ഉദ്ദേശം അത് സുന്നതാണെന്നല്ല, മറിച്ച്, നിഷിദ്ധമല്ല എന്നറിയിക്കാൻ പറഞ്ഞതാണ് എന്നാണ് നമ്മുടെ ന്യായം. അവരുടെ വാക്ക് ഇങ്ങനെ:

يجوز تقبيل القبر ومسه، اعترضه العز بن جماعة وغيره في تقبيل القبر ومسه، وعليه عمل العلماء الصالحين. اهـ 

ഇതിൽ പറഞ്ഞ 'ജവാസ്' സുന്നതിനാണെന്ന സാധ്യത, ഇബ്നു ഹജർ(റ) ഖണ്ഡിക്കുന്നത് നോക്കൂ:

وشمول الجواز الاستحباب والوجوب اصطلاح للأصولين لا للفقهاء. اهـ

(حاشية الإيضاح لابن حجر الهيتمي: ٥٠٢)

" ജവാസിനെ, സുന്നത് - വാജിബ് തുടങ്ങിയവക്ക് പ്രയോഗിക്കുന്നത് ഉസ്വൂലുൽ ഫിഖ്ഹിലെ സാങ്കേതികത്വമാണ്. ഫുഖഹാഇന് അങ്ങനെയൊരു സാങ്കേതികത്വമായി പറയാനില്ല. "

ഫുഖഹാക്കൾ തന്നെ വാജിബിനും മറ്റും ഉപയോഗിച്ചത്, മുമ്പ് നമ്മൾ ഉദ്ധരിച്ചിട്ടുണ്ട്. അതെല്ലാം വ്യക്തമായ നിയമം മനസ്സിലാക്കിയപ്പോൾ, ഉസ്വൂലുൽ ഫിഖ്ഹിലെ സാങ്കേതികത്വമാണ് ഉദ്ദേശമെന്ന് വ്യഖ്യാനിക്കുകയാണ് ചെയ്യുന്നത്. അല്ലാതെ, ഫുഖഹാഇൻ്റെ ഒരു ജവാസ് പ്രയോഗം കണ്ട് നിയമം തെറ്റിച്ചു പറയുന്നതല്ല. കപ്പലിൽ മരണപ്പെട്ടയാളെ, കരയിലേക്ക് എത്തിക്കൽ പ്രയാസമാകുന്നിടത്ത് കെട്ടി താഴ്ത്തൽ നിർബന്ധമാണെന്ന് തെളിഞ്ഞപ്പോൾ, അവിടെ പ്രയോഗിച്ച ജവാസിനെ തഅ്‌വീൽ ചെയ്യുകയായിരുന്നല്ലോ. ഫിഖ്ഹിൽ വ്യക്തമായി നിൽക്കുന്ന വിധിയെ മാറ്റിപ്പറയാൻ, ഇത്തരം ജവാസ് പ്രയോഗത്തെ കൂട്ടുപിടിക്കാൻ പറ്റില്ലെന്ന് സാരം.

Comments

Popular posts from this blog

നിരൂപിക്കാം, പക്ഷെ - മാന്യത വിടാതെയായിരിക്കണം.

മൻഖൂസ് മൗലിദിലെ ഉസ്മാനുബ്നുൽ ഹുവൈരിസ് ആരാണ് ?

കരിമ്പനക്കൽ കുഞ്ഞിപ്പോക്കർ മുസ്‌ലിയാർ(ഖു:സി) - 1