അറിവുണ്ടായാൽ പോര; തിരിച്ചറിവും വേണം.


📝
അറിവുണ്ടായാൽ പോര,
തിരിച്ചറിവും വേണം !

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

വളരെ പരിതാപകരമായ ഒരു അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. പള്ളിക്ക് 'മിനാരം' ഒരു അടയാളമാണ്. അടയാളമായത് കൊണ്ട് തന്നെ വല്ലവനും അവന്റെ വീടിനോ മറ്റോ ഒരു മിനാരം നിർമ്മിച്ചത് കൊണ്ട് അത് പള്ളിയാവുകയില്ല. മിനാരം ഇല്ല എന്ന് കരുതി ഒരു പള്ളി പള്ളിയാവാതിരിക്കുന്നുമില്ല. ഇതൊക്കെ എല്ലാർക്കും അറിയാവുന്നതല്ലേ ? പക്ഷേ, ചിലർക്ക് ഇതൊക്കെ ഇനിയും മനസ്സിലാക്കിക്കൊടുക്കേണ്ട അവസ്ഥയാണ്. പള്ളിമുറ്റത്ത് ഉസ്താദിന്റെ ചെരുപ്പ് കണ്ടാലറിയാം ഉസ്താദ് പള്ളിയിലുണ്ടെന്ന്. എന്ന് കരുതി പള്ളിമുറ്റത്ത് ചെരിപ്പുണ്ടെങ്കിലേ ഉസ്താദ് പള്ളിയിലുണ്ടാകാൻ പാടുള്ളൂ എന്നോ അവിടെ ചെരിപ്പുണ്ടെങ്കിൽ നിർബന്ധമായും ഉസ്താദ് പള്ളിയിലുണ്ടായിരിക്കണമെന്നോ നിയമമില്ല. ഉദാഹരണങ്ങൾ നിരത്തി കുറിപ്പ് ദീർഘിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. കാര്യത്തിലേക്ക് കടക്കാം. 

വിശുദ്ധമായ ലൈലതുൽ ഖദ്ർ നമ്മുടെ ഉമ്മത്തിന് പടച്ച റബ്ബ് നൽകിയ ഒരു വരദാനമാണ്. പ്രസ്തുത ദിനം എന്നാണെന്ന് കൃത്യമായി വിവരിച്ചു തന്നിട്ടില്ല. റമളാൻ മാസത്തിലാണെന്നും അവസാനത്തെ പത്തിലാണെന്നും ഒറ്റയിട്ട ദിവസങ്ങളിലെ ഒരു രാവാണെന്നുമാണ് പ്രബല വീക്ഷണം. പണ്ടുമുതലേ ഇങ്ങനെ കേട്ടു വരുന്നതുകൊണ്ട് അത്തരം ദിവസങ്ങളിൽ ആരാധനകൾ കൊണ്ട് ധന്യമാക്കാറാണ് വിശ്വാസികളുടെ പതിവ്. സൽകർമ്മങ്ങൾക്ക് റബ്ബ് തൗഫീഖ് ചെയ്യട്ടെ -ആമീൻ. 

ഒറ്റയിട്ട രാവിൽ തന്നെയാവണമെന്നില്ല എന്നും വർഷംതോറും അത് മാറി മാറി വരുമെന്നും വേറെയും അഭിപ്രായപ്പെട്ടവരുണ്ട്. അപ്പോൾ ഇത്തരം ദിവസങ്ങളിലെല്ലാം ലൈലതുൽ ഖദ്റിനെ പ്രതീക്ഷിച്ചു കൊണ്ട് ഇബാദ:തുകൾ വർദ്ധിപ്പിക്കാനാണ് നാം ശ്രമിക്കേണ്ടത്. മാത്രമല്ല, മാസപ്പിറവി - മഴക്കാറോ മറ്റോ കാരണം കാണാതിരിക്കുകയും യഥാർത്ഥത്തിലുള്ള റമളാൻ 2, ഒന്നാം ദിനമായി ഗണിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ട് (ശഅ്ബാൻ 30 പൂർത്തിയായിട്ടില്ലെങ്കിൽ, മാസപ്പിറവി നഗ്നനേത്രം കൊണ്ട് ദർശിച്ചാൽ മാത്രം നോമ്പെടുക്കാനേ കൽപനയുള്ളൂ ). അത്കൊണ്ട് നമ്മൾ ഒറ്റയിട്ട രാവ് മാത്രം പ്രതീക്ഷിച്ചിരുന്നാൽ ലൈലതുൽ ഖദ്റിന്റെ വിശുദ്ധ ദിനം നഷ്ടപ്പെട്ടേക്കും. വിശ്വാസികൾ ശ്രദ്ധിക്കേണ്ടതാണ്.

ഇങ്ങനെ സുപ്രധാന ദിവസമായിട്ടും അതിന്റെ നിർണ്ണിത സമയം ജനങ്ങൾക്ക് അറിയിക്കാത്തതിൽ അല്ലാഹുവിന് പല ഹിക്മതുകളും കാണും. റബ്ബിന്റെ അനുഗ്രഹമായിട്ടാണ് സൃഷ്ടികൾ അതിനെ കരുതേണ്ടത്. നിർണ്ണയിച്ചു കൊടുത്തിരുന്നെങ്കിൽ ഇബാദതുകളെല്ലാം അന്നേ ദിവസം ചെയ്യാമെന്ന് കരുതി മാറ്റിവെച്ചേക്കും. സാധ്യതയുള്ള ദിവസങ്ങളിലെല്ലാം സൽകർമ്മങ്ങൾ ചെയ്താൽ അത്രയും പ്രതിഫലം വാരിക്കൂട്ടാമല്ലോ. 

അതിരിക്കട്ടെ. ഈ പുണ്യരാവിനെ മനസ്സിലാക്കാൻ ചില അടയാളങ്ങൾ ഹദീസുകളിലും, പല മഹാന്മാർ അവരുടെ അനുഭവത്തിൽ നിന്നും ശൈഖന്മാരുടെ നിരീക്ഷണാടിസ്ഥാനത്തിലും പറഞ്ഞത് കാണാം. ഇതിനെ അടയാളമായിട്ട് തന്നെ വേണം മനസ്സിലാക്കാനും പറഞ്ഞു കൊടുക്കാനും. ഒരിക്കലും അവ ഖണ്ഡിതമായ കാര്യങ്ങളായി അവതരിപ്പിക്കരുത്. അല്ലെങ്കിൽ ആ അടയാളങ്ങൾ ഒരു വർഷത്തെ റമളാനിൽ തീരെ ഇല്ലെങ്കിൽ ആ വർഷം ലൈലതുൽ ഖദ്ർ ഇല്ലേ എന്ന് ജനങ്ങൾ ചിന്തിച്ചേക്കും. ബുദ്ധിയുള്ളവർ ചിന്തിക്കുക മറിച്ചായിരിക്കും. അതായത്, 'ലൈലതുൽ ഖദ്ർ ഉണ്ടെന്നത് സർവ്വാംഗീകൃതമാണല്ലോ. അപ്പോൾ ഇയാൾ കാര്യങ്ങൾ ശരിയായി മനസ്സിലാക്കാതെ പറയുകയായിരിക്കും..' ഇങ്ങനെ പ്രഭാഷകരെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ നിങ്ങൾ പ്രസംഗിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി. 

ഖദ്റിന്റെ രാത്രിയിൽ കടൽവെള്ളത്തിന്റെ ഉപ്പുരുചി നീങ്ങിയത്
  عبد بن أبي ليلى رضي الله تعالى عنه
രുചിച്ച് നോക്കി മനസ്സിലാക്കിയതായി ഇമാം കുർദീ(റ) രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. (ഹവാശുൽ മദനിയ്യ: 1/190 ) ഇത് ഒരു പക്ഷേ, ആ മഹാനർക്ക് അല്ലാഹു തആലാ ഒരു ദൃഷ്ടാന്തം കാണിച്ചു കൊടുത്തതായിരിക്കാം. എന്ന് കരുതി ലോകത്തുള്ള എല്ലാ കടൽ വെള്ളത്തിന്റെയും ഉപ്പുരുചി അന്നേദിവസം ഇല്ലാതാവുമെന്നോ ഈ പ്രതിഭാസം എല്ലാ വർഷവും നടക്കുമെന്നോ തീർച്ചപ്പെടുത്തി വിശ്വസിക്കേണ്ടതില്ല. എഴുതാപ്പുറം വായിക്കരുതെന്ന് സാരം. 

ഇമാം ത്വബ്റാനിയിൽ നിന്നും  ഉദ്ധരിക്കപ്പെടുന്നത് കണ്ടായിരിക്കണം ഒരാൾ 'ലൈലതുൽ ഖദ്റിന്റെ രാവിൽ മഴപെയ്യില്ലെന്ന്' പ്രസംഗിച്ചു കളഞ്ഞു. ആ പ്രാവശ്യത്തെ റമളാൻ മുഴുവൻ കനത്ത മഴയും വെള്ളപ്പൊക്കവും ! അപ്പോൾ രസികനായ നാട്ടുകാരൻ: "ഇക്കൊല്ലം ലൈലതുൽ ഖദ്ർ ഇല്ലായിരിക്കും..." ഇത്തരം കമന്റുകൾക്ക് ചാൻസ് കൊടുക്കണോ ? 'മഴപെയ്യില്ലെന്ന്' പറഞ്ഞത് ശരിയല്ലെന്നും കനത്ത മഴ പെയ്തതായി ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും സ്വഹീഹിൽ രിവായത് ചെയ്തിട്ടുണ്ടെന്നും വ്യഖ്യാതാക്കൾ വ്യക്തമാക്കിയതാണ് (ഹവാശുൽ മദനിയ്യ: 1/190). ഇത് കണ്ട് 'മഴ പെയ്യുമെന്നും' ഖണ്ഡിതമാക്കരുത്. ആ പറഞ്ഞതും സംഭവിച്ച കാര്യം - واقعة - പറഞ്ഞതാണ്. അത് കൊണ്ട് എല്ലാ ഖദ്റിന്റെ രാവിലും മഴ പെയ്യണമെന്നില്ല. ഹിജ്റ: കലണ്ടർ പ്രകാരം കണക്കാക്കുന്ന മാസമാണ് റമളാൻ. കൊടും വരൾച്ചയിലും നോമ്പ് വരും. അന്നും ഇത്തരം രസികന്മാർ നാട്ടിൻപുറങ്ങളിലുണ്ടാവും. ശ്രദ്ധിക്കുന്നത് നല്ലതാണ്. 

റമളാനിൽ ശൈത്വാനുകളെ ചങ്ങലക്കിടുമെന്ന് ഹദീസിൽ വന്നതിന് പല വ്യാഖ്യാനങ്ങളുമുണ്ട്. കൂടുതൽ അക്രമികളെയാണ് ബന്ധിക്കുക എന്നാണ് അവയിലൊന്ന്. വഴികേടിലാക്കുന്നതിന് കുറവ് വരുത്തും എന്നാണ് മറ്റൊന്ന്. ഇത് ശറഹു മുസ്‌ലിമിൽ (7/188) ഇമാം നവവി(റ) വിശദീകരിച്ചിട്ടുണ്ട്. ഈ വക വ്യഖ്യാനങ്ങളൊന്നും ഗൗനിക്കാതെ മിഹ്റാബിൽ നിന്നും പ്രസംഗിക്കരുത്. 'മനുഷ്യൻ റമളാനിലും പാപം ചെയ്തു കൂട്ടുന്നത് പിന്നെങ്ങനെ' എന്ന് കേൾവിക്കാരായ സാധാരണക്കാർക്ക് സംശയം ജനിപ്പിക്കരുതല്ലോ. ഇത്തരം സംശയങ്ങൾക്ക് ദീനിന്റെ കാര്യങ്ങളിൽ വിശ്വാസ്യത ഇല്ലാതാക്കാൻ സാധിക്കും. റബ്ബ് കാക്കട്ടെ. 

അടയാളങ്ങളായി പറഞ്ഞവയെല്ലാം ഇങ്ങനെ തന്നെ. മരണവേളയിൽ വായിൽ നിന്നും നുര വന്നാൽ അത് മോഷമായ അടയാളമാണെന്ന് തഴവാ ഉസ്താദിന്റെ ബൈതിലും മറ്റും പറഞ്ഞത് കഠിന കഠോരമായ പ്രശ്നമായി അവതരിപ്പിച്ചാൽ എങ്ങനെയിരിക്കും? അറ്റാക്ക് കാരണം മരണം സംഭവിച്ച ചിലരിൽ ഇങ്ങനെ കാണുന്നുണ്ട്. അത് കൊണ്ട് അവരെല്ലാം മോഷക്കാരാകുമോ? ഇതൊക്കെ മുഅ്മിനുകളായ മനുഷ്യരെക്കുറിച്ച്
سوء الظن 
എന്ന ഗൗരവമായ കാര്യം ഉണ്ടാവാനല്ലേ കാരണമാവുക ? അല്ലെങ്കിലും ദുർമരണത്തിന്റെ അടയാളങ്ങൾ പഠിച്ച് വെച്ച് ജനങ്ങളോട് പറഞ്ഞത് കൊണ്ട് എന്ത് നേട്ടമാണുള്ളത്? നല്ല അടയാളങ്ങൾ മാത്രം വിവരിച്ചാൽ മതിയല്ലോ. 

അല്ലെങ്കിലും അടയാളങ്ങളായി പറഞ്ഞവയെല്ലാം ശറഹു തഹ്ദീബിൽ പറഞ്ഞ قضية مهملة യാണ്.
موضوع القضية
കുല്ലിയ് ആവുകയും അതിലെ ഹുക്മ് موضوع ന്റെ എല്ലാ ഫർദുകൾക്കും ഉണ്ടെന്ന് ഖണ്ഡിതമാക്കാത്തതുമാണല്ലോ ഇത്തരം قضية കൾ. അത് തന്നെയാണ് ഇവിടെയും. അടയാളമായി പറഞ്ഞ 'വായിൽ നിന്ന് നുരയുണ്ടാവുക' എന്നത് موضوع ആകുന്ന എല്ലാ ദുർമരണത്തിനുമുണ്ട് എന്ന് പറയാനൊക്കില്ല. തിരിച്ചും അങ്ങനെ തന്നെ. 'മരണ സമയത്ത് നുരയുണ്ടാവുക' എന്ന موضوع ന്റെ എല്ലാ ഫർദും ദുർമരണമാണ് എന്ന് ഹുക്മ് പറയാൻ പറ്റില്ല. 

#അബ്ദുല്ലാഹ്_അശ്ശാമീ (റ) എന്നവർ ഫുഖഹാഉത്താബിഉകളിലെ പ്രമുഖനായ #ത്വാഊസ്_അൽ_യമാനീ (റ) വിനെ കാണാൻ ചെന്ന സംഭവം വിവരിക്കുന്നുണ്ട് ഹയാതുൽ ഹയവാനിൽ. മഹാനെ കാണാനിരിക്കുമ്പോഴുണ്ട് വൃദ്ധനായ ഒരാൾ അകത്ത് നിന്നും വരുന്നു. അദ്ദേഹമായിരിക്കും 'ത്വാഊസ്' (റ) എന്ന് കരുതി അബ്ദുല്ലാഹ് (റ) ചോദിച്ചു:
"നിങ്ങളാണോ ത്വാഊസ് ....?"
ആഗതൻ: "അല്ല, ഞാനദ്ദേഹത്തിന്റെ മകനാണ് ... "
അബ്ദുല്ലാഹ് (റ): "ഇത്രേം പ്രായം മകനുണ്ടെങ്കിൽ ത്വാഊസ് എന്നവർക്ക് എത്ര പ്രായം കാണും? അദ്ദേഹത്തിന് പ്രായാധിക്യം കാരണം 'ചന്നി' ബാധിച്ചിട്ടുണ്ടാകുമല്ലോ ...!"
ആഗതൻ:  "...إن العالم لا يخرف" 
ഉഖ്റവിയ്യായ പണ്ഡിതന്മാർക്ക് അത്തരം അസുഖങ്ങളുണ്ടാവില്ല - എന്ന് (ഹയാതുൽ ഹയവാനിൽ: 2/123). സംശയിക്കണ്ട, ഇതും അടയാളങ്ങളിൽ പെട്ടതു തന്നെ. ഇല്ലായെങ്കിൽ സൂക്ഷ്മാലുക്കളായ എത്ര ഉലമാഇനാണ് പ്രായാധിക്യത്താലും അല്ലാതെയും ബുദ്ധിക്ക് കുറവ് വന്നത്? ഇക്കഴിഞ്ഞ കാലത്ത് മാത്രമല്ല, മുൻകാലങ്ങളിലുമുണ്ടല്ലോ. 

അടയാളങ്ങളെ കുറിച്ച് പറയുമ്പോഴെല്ലാം എന്റെ സുഹൃത്തിന്റെ കഥയാണ് ഓർമ്മ വരാറ്. വയറിനുള്ളിൽ പുണ്ണിന്റെ അസുഖമുണ്ടായി. ചെറിയ തോതിൽ ഗ്യാസിന്റെ അലട്ടലുമുണ്ട്. ഇതിന്റെ അസ്വസ്ഥതകൾ കുറച്ചു ദിവസങ്ങളായി വയറിനുള്ളിൽ കോപ്പുകൂട്ടാൻ തുടങ്ങിയിട്ട്. പക്ഷെ, തന്റെ വയറുവേദനയുടെ കാരണം ഇദ്ദേഹത്തിനറിയില്ല കെട്ടോ. ഇവിടെ തമാശയുള്ളത്, കയ്യിൽ കിട്ടിയതൊക്കെ വായിക്കുന്ന ശീലമുള്ളതിനാൽ കാൻസറിനെക്കുറിച്ച് വിവരിക്കുന്ന പുസ്തകം വായിക്കാനിടയായി. അതിൽ പറഞ്ഞ ഒട്ടുമിക്ക ലക്ഷണങ്ങളും തനിക്കുണ്ടായിരുന്നു. മാനസികമായി ചെറിയ ഭയം മൊട്ടിട്ടു തുടങ്ങി. 

ഇദ്ദേഹം കൂടുതൽ അന്വേഷിച്ചു കൊണ്ടിരുന്നു. നെറ്റുകളിൽ സെർച്ച് ചെയ്തു. കാൻസർ രോഗികളുടെ അവസ്ഥകൾ കേട്ടറിഞ്ഞു. അതോടെ ശരിക്കും ഞെട്ടി. അല്ല , തനിക്ക് കാൻസറാണെന്ന് വിധി എഴുതി. പേടിക്കാൻ ഇനി വേറെയെന്തെങ്കിലും വേണോ ! ഏതാനും ആഴ്ചകളും മാസങ്ങളും കഴിഞ്ഞാൽ ഞാൻ കിടപ്പിലാവും. സഹിക്കാൻ പറ്റാത്ത വേദന അനുഭവിക്കും. കീമിയോ ചെയ്ത് ശരീരത്തിലുള്ള രോമങ്ങളെല്ലാം കൊഴിയും. മുഖം വികൃതമാവും. എന്റെ കുടുംബം ..... യാ റബ്ബ്. സംസാരം കുറഞ്ഞു. കളിയില്ല, ചിരിയില്ല. ഇദ്ദേഹത്തിന് ഉറക്ക് നഷ്ടപ്പെട്ടു. എങ്ങനെ ഉറങ്ങും? അമ്മാതിരി മൂവ്മെന്റുകളല്ലേ മനസ്സിനുള്ളിൽ നടന്നത്.
ഇതിനിടക്ക് തന്നോട് അടുപ്പമുള്ള ചിലർ കാര്യമന്വേഷിച്ചു. അങ്ങനെ സംഭവം പിടികിട്ടി. ഇതൊക്കെ തോന്നലുകളാണെന്ന് പറഞ്ഞു കൊടുത്തിട്ട് പാവത്തിന് ഏശുന്നില്ല. 
الأوهام قد تغلب العقل 
എന്ന് പറഞ്ഞത് ഇവരെ കുറിച്ച് തന്നെ. അവസാനം മനോ വൈദ്യനെ കാണിച്ചപ്പോൾ സൂക്കേട് മാറി. അടയാളങ്ങളും അതിനാലുണ്ടായേക്കാവുന്ന കാര്യങ്ങളും ഖണ്ഡിതമായി മനസ്സിലാക്കിയതാണ് ഈ പാവത്തിന് സംഭവിച്ചത്. നമ്മുടെ വൈദ്യൻ ഇയാളോട് ചോദിച്ചു: "സ്ത്രീകൾക്ക് പ്രസവവേദന തുടങ്ങുമ്പോൾ ആദ്യം വയറുവേദനയായിരിക്കും. എന്ന് കരുതി നിങ്ങൾക്ക് വയറു വേദനയുണ്ടായാൽ ലേബർ റൂമിൽ കിടത്തണോ ?" 
മുകളിൽ വിവരിച്ച നമ്മുടെ 'ഉസ്വൂൽ' തന്നെയാണ് വൈദ്യനും പയറ്റിയത്. 

കാര്യങ്ങൾ ഏറെക്കുറെ എല്ലാർക്കും തിരിയുന്നുണ്ട്. ഇനി ചില പ്രഭാഷകരും എഴുത്തുകാരന്മാരും ഇതൊന്ന് മനസ്സിലാക്കിയാൽ മതി. കിതാബുകളിലും പഠനസമയത്തുമുള്ള എല്ലാ വിധ ചർച്ചകളും സ്റ്റേജിൽ വെച്ച് പുലമ്പാനോ പേപ്പറിൽ എഴുതിവിടാനോ ഉള്ളതല്ല. അറിവുണ്ടായാൽ മാത്രം പോരാ, കൂടെ കാര്യങ്ങളെ കുറിച്ചുള്ള തിരിച്ചറിവും വേണം.

✍️ 
അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത് :
  അബൂ ഹസനഃ, ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )