മർഹൂം - പെരിന്താറ്റിരി ഉസ്താദ് (അനുസ്മരണക്കുറിപ്പ് )
📝
മർഹൂം - പെരിന്താറ്റിരി ഉസ്താദ്
☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀
ഇതെന്ത് കഥ! ഉസ്താദ് ഇതുവരെയും എത്തിയില്ലല്ലോ, സമയം 11 കഴിഞ്ഞു. എല്ലാ ശനിയാഴ്ചയും 10 മണിയാകുമ്പഴേക്കും എത്തുന്ന ഉസ്താദ് ഇന്നെന്തേ ഇത്ര വൈകിയത് ?
ഉസ്താദ് ഒരു ദിവസം വൈകിയത് ഇത്രമാത്രം കാര്യമാക്കേണ്ടതുണ്ടോ എന്ന് ചിലർക്കെങ്കിലും തോന്നാനിടയുണ്ട്. അതെന്ത് കൊണ്ടാണെന്നും അന്ന് വൈകിയ കാരണവും വഴിയെ പറയാം, .
ഒരു വർഷമേ ഉസ്താദിന്റെയടുക്കൽ ദർസ് ജീവിതം ഉണ്ടായിട്ടുള്ളൂവെങ്കിലും മറക്കാനാവാത്ത പല പാഠങ്ങളും ഉസ്താദിൽ നിന്ന് അനുഭവിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. الحمد لله,
അഭിവന്ദ്യ ഗുരു ടി.ടി ഉസ്താദിന്റെ (ന:മ) ചിട്ടയാർന്ന ദർസിൽ 7 വർഷത്തെ പഠനത്തിന് ശേഷമാണ് പെരിന്താറ്റിരി ഉസ്താദിന്റെ ദർസിലെത്തുന്നത്. സഹപാഠികളെല്ലാം ഉപരിപഠനാർത്ഥം കോളേജിലേക്ക് പോയ സമയം; കൂട്ടുകാരുടെ കുറവും ഒരു വർഷം കൂടി പഠിക്കണമെന്ന ആഗ്രഹവും ഉണ്ടായപ്പോൾ മറ്റൊരു ദർസിൽ പഠിക്കാമെന്ന് വെച്ചു. ഇത് ടി.ടി ഉസ്താദി(ന:മ)നോട് പറഞ്ഞപ്പോൾ ഉസ്താദ് ചോദിച്ചു: "ഏത് ദർസിലേക്ക് പോകാനാ താൽപര്യം?"
മനസ്സിൽ കരുതിയിരുന്ന ഒന്ന് രണ്ട് ദർസുകൾ പറഞ്ഞപ്പോൾ 'അങ്ങോട്ട് വേണ്ട' എന്നായിരുന്നു പ്രതികരണം.
"വേറെ ഏതെങ്കിലും ദർസിലേക്ക് പോവാം"
" എന്നാൽ ഉസ്മാൻ ഫൈസി ഉസ്താദിന്റെ ദർസിലേക്കായാലോ "
" ആ , ആയിക്കോട്ടെ " .
അങ്ങനെ ചോദിക്കാനൊരു കാരണവുമുണ്ടായിരുന്നു. എന്റെ ഭാര്യവീടിനടുത്തുള്ള (വെള്ളില) സൈദാലിക്കുട്ടി ഫൈസി, അദ്ദേഹത്തിന് ഉസ്താദിനെക്കുറിച്ച് പറയാൻ നൂറ് നാവായിരുന്നു. ഇരുവരും പട്ടിക്കാട് ഒരുമിച്ച് പഠിച്ചിട്ടുണ്ട്.
ഉസ്താദിന്റെ 'വായിച്ചോ'ത്തിന്റെയും 'തഫ്ഹീമി'ന്റെയും മികവിനെക്കുറിച്ച് അദ്ദേഹം സംസാരത്തിനിടയിൽ വല്ലാതെ വാചാലനാകാറുണ്ട്. (അത് അവിടുത്തെ ദർസിൽ നിന്ന് നേരിട്ടനുഭവിക്കാൻ ഈയ്യുള്ളവന് ഭാഗ്യം ലഭിക്കുകയുമുണ്ടായി, الحمد لله ). പരീക്ഷയടുത്താൽ ഒരു മുദർരിസിനെ പോലെ 'വായിച്ചോത്തു'കൾ കൊണ്ട് ഉസ്താദ് വീർപ്പുമുട്ടാറുണ്ടത്രെ! സഹപാഠികൾ തുഹ്ഫ: വായിച്ചോതാൻ വേണ്ടി പോകുമ്പോൾ പറയുമായിരുന്നു: "-'നരി'യുടെ അടുത്ത് പോയാലേ അത് ശരിക്കും 'ഹല്ല്' ആകൂ..." (ഉസ്താദിന്റെ വീട്ടുപേര് ' നരിക്കുന്നൻ' എന്നാണ്. അതിലേക്ക് സൂചിപ്പിച്ചു കൊണ്ടാണ് സഹപാഠികൾ തമാശയായി അങ്ങനെ പറയുന്നത്) - ഇങ്ങനെ വാതോരാതെ അദ്ദേഹം സംസാരിക്കാറുള്ളതിനാൽ അന്നേ ഉസ്താദിനോട് വല്ലാത്ത മതിപ്പ് തോന്നിയിരുന്നു. അങ്ങനെയാണ് പോത്തനൂരിലെ ദർസിലെത്തുന്നത്.
അന്നൊരു ബുധനാഴ്ച - ദർസിൽ ചേരാനുള്ള ആഗ്രഹവുമായി ഉസ്താദിന്റെ അരികിലെത്തി. കുട്ടികളെല്ലാം നല്ലവണ്ണം ഓതിപ്പഠിക്കുന്നു, അത് തന്നെ മനസ്സിനെ സന്തോഷിപ്പിക്കാൻ ധാരാളം. (ഇന്ന് മാഞ്ഞു കൊണ്ടിരിക്കുന്നതും അത് തന്നെ, വിദ്യാർത്ഥികളുടെ എണ്ണം, ഉസ്താദുമാരുടെ പ്രശസ്തി, തുടങ്ങി പല കാരണങ്ങൾ കൊണ്ടും വലിയ പേരു കേട്ട ദർസുകളും കോളേജുകളുമായിരിക്കും, പക്ഷേ, ഇൽമ് എന്ന മഹാ അനുഗ്രഹം ലഭിക്കാൻ മുഖ്യമായി വേണ്ട "ഓതിപ്പഠിക്കുക" എന്നത് മാത്രം ഇല്ല! റബ്ബ് കാക്കട്ടെ.) ഉസ്താദ് ക്ലാസിലുമാണ്. ഒരു പുതുമുഖം പ്രത്യക്ഷപ്പെട്ട പ്രതീതിയിൽ പെട്ടെന്ന് -ഒരു നിമിഷം, എല്ലാവരും ഓത്ത് നിർത്തി. ചേകന്നൂർ കേസ് നടക്കുന്ന സമയമായതിനാൽ അന്വേഷണ സംഘം വന്നതാണോ എന്നാണ് ഉസ്താദ് കരുതിയത്, അതിനാൽ ഉസ്താദ് പറഞ്ഞു: "സി.ബി.ഐ ആണെങ്കി ഇങ്ങോട്ട് വരാൻ പറയൂ. ഞാനാണ് ഇവിടുത്തെ മുദർരിസ് ..."
ഒരു വിദ്യാർത്ഥി വന്നതാണെന്ന് ഉസ്താദിനെ അറിയിക്കുകയും
അങ്ങനെ ഉസ്താദിനെ കണ്ട് സംസാരിക്കുകയും ചെയ്തു. ഇത് വരെ ഓതിയ കിതാബുകളെക്കുറിച്ചെല്ലാം ചോദിച്ചു മനസ്സിലാക്കി. ശേഷം ഇങ്ങനെ പറഞ്ഞു: "കുട്ടിക്ക് ഇവിടെ നിന്നാൽ ഇൽമിയ്യായ പുരോഗതി ഉണ്ടാകുമോ എന്ന് അന്വേഷിച്ചിട്ട് ബോധ്യപ്പെടുകയാണെങ്കിൽ മാത്രം ഇവിടെ പഠിച്ചാൽ മതി. അങ്ങനെയാണെങ്കിൽ ശനിയാഴ്ച വന്നോളി, ഇല്ലെങ്കി വേറെ ദർസിൽ പോകാം ... "
എന്തൊരു നിഷ്കളങ്കത നിറഞ്ഞ സംസാരം !
അടുത്ത വർഷം ബിരുദമെടുക്കാൻ പോകേണ്ട വിദ്യാർത്ഥിയെ ലഭിച്ച വമ്പൊന്നും ഉസ്താദിനുണ്ടായിരുന്നില്ല. എന്നല്ല, വലിയ കിതാബ് മീസാൻ ആണെന്നും, മീസാൻ പോലോത്ത കിതാബുകൾ ഓതിത്തന്നവരോടാണ് നിങ്ങൾക്ക് ഏറ്റം കടപ്പാടുള്ളതെന്നും ഇടക്കിടെ ഓർമ്മപ്പെടുത്താറുണ്ടായിരുന്നു. എന്നോട് തന്നെ ഒരിക്കൽ പറഞ്ഞു: " നിങ്ങൾക്ക് ഏറ്റവും കടപ്പാട് നിങ്ങൾക്ക് ചെറിയ കിതാബുകൾ ഓതിത്തന്നവരോടാണ്, എന്നോടല്ല ... " അത് ഉൾകൊണ്ടിട്ടാണ് കോളേജിൽ പോകാൻ നേരം ടി.ടി ഉസ്താദിന്റെ തന്നെ എഴുത്തും ഒപ്പും വാങ്ങി ഞാൻ മർകസിൽ ചേർന്നത്.
വളരെയധികം മനസ്സിൽ ആശ്ചര്യപ്പെടുത്തിയ കാര്യങ്ങളിൽ ഒന്നായിരുന്നു ഉസ്താദിന്റെ കൃത്യനിഷ്ഠ.
ദർസ് രംഗത്തുള്ള എല്ലാവരും മാതൃകയാക്കേണ്ട കാര്യം കൂടിയാണിത്. അത് കൊണ്ട് തന്നെയാണ് ഇക്കാര്യം ആദ്യം തന്നെ എടുത്തിട്ടത്. ഞാൻ പഠിക്കുന്നതിനിടയിൽ - ഒരു വർഷത്തിനിടയിൽ - ഒരു വിട്ടുവീഴ്ചയുമില്ലാതെ എല്ലാ ശനിയാഴ്ചയും കൃത്യം 10 മണിക്ക് മുമ്പായി ഉസ്താദ് ദർസിലെത്തും. വ്യാഴാഴ്ച ദർസ് കഴിഞ്ഞ് പോയി വെള്ളിയാഴ്ച ഖുതുബ: ക്ക് വേണ്ടി പള്ളിയിലെത്തും. ശേഷം ജുമുഅ: കഴിഞ്ഞ് വീണ്ടും നാട്ടിൽ പോയി ശനി - 10 മണിയോടെ ദർസിലെത്തും. ഇതിൽ ഒരു ഒഴിവുകഴിവും ഉസ്താദ് കാണിച്ചിട്ടില്ല.
ഈ യാത്രയൊന്നും അത്ര വലിയ സുഖകരമെന്നുമല്ല കെട്ടോ,
പെരിന്താറ്റിരിയിൽ നിന്നും മലപ്പുറത്തേക്ക് ബസ് കയറി, അവിടെ നിന്നും കോട്ടക്കലിലേക്ക്, പിന്നെ പുത്തനത്താണിയിലേക്ക് മറ്റൊരു ബസിൽ, അവിടെ നിന്ന് തുവ്വക്കാടിലേക്ക് വീണ്ടും ബസ് കയറണം. തുവ്വക്കാട്ടിൽ നിന്നും ഓട്ടോ വിളിച്ച് പോത്തനൂർ പള്ളിയിലെത്തണം. നാല് ബസ്സുകൾ കയറിയിറങ്ങി പിന്നെ ഒരു ഓട്ടോയും വിളിച്ച് പത്ത് മണിയാകുമ്പോഴേക്കും ദർ സിലെത്തുന്ന ഈ പതിവിനു പിന്നിൽ എന്തായിരിക്കും? ആത്മാർത്ഥത തന്നെ.
മറ്റു ദിവസങ്ങളിലൊന്നും ലീവാക്കാറില്ല. അന്ന് വളരെ അത്യാവശ്യമായി പോകേണ്ടി വന്നാൽ തന്നെ പോത്തനൂരിൽ നിന്നും ഒരു ജീപ്പ് വിളിച്ചാണ് പോയിരുന്നത്. അതേ വണ്ടിയിൽ തന്നെ തിരിച്ച് പോരുകയും ചെയ്യും. ആയിരത്തോളം രൂപ ചിലവഴിച്ച് ഇങ്ങനെ പോകുന്നത് ദർസ് മുടങ്ങുന്നതിനോടുള്ള വെറുപ്പ് കൊണ്ട് മാത്രമായിരുന്നു.
ഹൊ, അന്നൊരു ശനിയാഴ്ച വൈകി എത്തിയ കാരണം പറഞ്ഞില്ലല്ലോ, അത് പുത്തനത്താണിയിൽ ഒരു കടയുടെ ഉൽഘാടനത്തിന് പോയതായിരുന്നു. ഉസ്താദിനോട് നല്ല ബന്ധം പുലർത്തിയിരുന്ന മഹല്ലിലെ ഒരു വ്യക്തിയുടെ കടയായിരുന്നു അത്. ഉദ്ഘാടകനായി ക്ഷണിക്കപ്പെട്ടയാൾ എത്താൻ വൈകി. അതായിരുന്നു ഉസ്താദ് ദർസിലെത്താൻ താമസിച്ചത്.
ഉലമാഇനെ സ്നേഹിച്ചാൽ അവന്റെ മക്കളോ പേരമക്കളോ ആലിമായിത്തീരും - എന്ന് تعليم المتعلم ൽ പറഞ്ഞ പോലെയാണല്ലോ ബഹു: ശംസുൽ ഉലമാ ഖുതുബി (ഖു:സി) ഓറുടെ ജീവിതത്തിൽ കണ്ടത്. ഓറുടെ വല്യുപ്പ ഉലമാഇനെ അതിരറ്റ് സ്നേഹിക്കുന്നവരും മമ്പുറം തങ്ങളുടെ (റ) ഖാദിമുമായിരുന്നു. തങ്ങളോട് ഒരിക്കൽ 'മകൻ ആലിമാവാൻ ദുആര്ക്കണം' - എന്ന് പറഞ്ഞപ്പോൾ തങ്ങൾ പറഞ്ഞത്രെ: 'മകനല്ല, നിന്റെ പേരമകൻ ആലിമായിക്കോട്ടെ ..' അതിന്റെ പുലർച്ചയെന്നോണമായിരുന്നല്ലോ ബഹു: ഖുതുബി (ഖു:സി) ഓറുടെ പിറവി!. ഇതുപോലെ ഉസ്താദിന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഉസ്താദിന്റെ ഉപ്പ ആലിമായിരുന്നില്ലെങ്കിലും ഉലമാഇനോട് വലിയ ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. ബിദളകൾക്കെതിരെ توضيح العقيدة എന്ന കാവ്യഗ്രന്ഥം രചിക്കുകയും അതിന് അക്കാലത്തെ പണ്ഢിത കേസരികളെല്ലാം تقريظ എഴുതിയും മറ്റും ആശീർവാദം നൽകുകയും ചെയ്ത വലിയ ആലിമായിരുന്നു #കൊളപ്പറമ്പ്_ആലുങ്ങൽ_മൊയ്തീൻകുട്ടി_മുസ്‌ല്യാർ (ഖു:സി). പള്ളിപ്പുറം മഹല്ലിന്റെ എല്ലാമെല്ലാമായിരുന്നു മഹാൻ. മഹാനരും ഉസ്താദിന്റെ ഉപ്പയും ഉറ്റ സുഹൃത്തുക്കളായിരുന്നു.
"ഒരു പ്രാവശ്യം മഹാനരെ കാണാൻ ഉപ്പ ചെന്നാൽ അടുത്ത പ്രാവശ്യം ഉപ്പയെ കാണാൻ മഹാൻ വീട്ടിൽ വരാറുണ്ടായിരുന്നു. ആ നിലക്ക് ആത്മീയമായി വലിയ അടുപ്പമായിരുന്നു ഇരുവരും. മഹാൻ വഫാതായപ്പോൾ കുളിപ്പിക്കാനും മറവ് ചെയ്യാനുമെല്ലാം കാർമികത്വം വഹിച്ചത് ഉപ്പ തന്നെയായിരുന്നു ...." എന്ന് ഉസ്താദ് ജനാഇസിന്റെ ഭാഗം ഓതിത്തരുമ്പോൾ പറഞ്ഞതോർമ്മയുണ്ട്. ഉപ്പയുടെ മഹാനരുമായുള്ള ഈ ബന്ധമായിരിക്കണം ഉസ്താദിനെ ഉയർച്ചയിലെത്തിച്ചത്.
ഉസ്താദിന്റെ ഹിഫ്ള് ; അത് വല്ലാതെ അൽഭുതപ്പെടുത്തിയിട്ടുണ്ട്. ഏത് കിതാബ് ഓതുമ്പോഴും للآية, അല്ലെങ്കിൽ للخبر, എന്ന് വന്നാൽ ആ ആയത് / ഹദീസ് മുഴുവനായും - അത് آية الدين ആണെങ്കിലും, കാണാതെ ഓതും - ഹദീസ് കാണാതെ പറയും. 'സ്വഹീഹുൽ ബുഖാരി' ഓതുന്ന സമയത്ത് ആദ്യത്തെ ഹദീസ് മുഴുവനായും കാണാതെ വായിച്ചു കേൾപ്പിച്ചു. ഇങ്ങനെ മന:പ്പാഠമാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
'മഹല്ലി' ഓതുമ്പോൾ കിതാബ് എന്റെ കയ്യിൽ തന്നിട്ട്, مقدمة المنهاج മുഴുവനായി കാണാതെ വായിച്ചു തന്നു.
'മുല്ലാഹസൻ' ഓതാൻ തുടങ്ങിയപ്പോൾ അതിന്റെ 'സുല്ലമുൽ ഉലൂം' തീർത്തും ഹിഫ്ളിൽ നിന്നും വായിച്ചു കേൾപ്പിച്ചു. അതിന് ശേഷമാണ് ക്ലാസ് തുടങ്ങിയത്.
'ജംഉൽ ജവാമിഇ'ലെയും മറ്റും എല്ലാ 'തഅരീഫാതു'കളും 'ഖാഇദ:' കളും ഏത് ക്ലാസിലും കാണാതെ പറയുന്ന ഒരു മഹാ സംഭവമായിരുന്നു ഉസ്താദ്. ഒരിക്കൽ ഇങ്ങനെ ഹിഫ്ളിൽ നിന്നെടുത്ത് പറയുന്നതിനെപ്പറ്റി ഒരു വിദ്യാർത്ഥി ഉസ്താദിനോട് പറഞ്ഞത്രെ - "ഇതൊക്കെ കുറേ ദർസ് നടത്തി പ്രാക്ടീസ് ആയതോണ്ട് കിട്ടുന്നതല്ലേ ?" അപ്പോൾ ഉസ്താദ് "توضيح" എന്ന ഹനഫീ ഉസ്വൂലുൽ ഫിഖ്ഹിലെ കിതാബിന്റെ ഒരു പാട് ഭാഗങ്ങൾ കാണാതെ വായിച്ചിട്ട് ഇങ്ങനെ പറഞ്ഞു: "പട്ടിക്കാടിൽ നിന്നും ഓതിയ ശേഷം ഇത് ഞാൻ ദർസ് നടത്തിയിട്ടില്ല !"
അൽഭുതപ്പെടാൻ വേറെ എന്ത് വേണം ?
ശേഷം ഇങ്ങനെയും കൂട്ടിച്ചേർത്തു: "പട്ടിക്കാടിൽ നിന്നും രാത്രി ഒരു തക്കാളിപ്പെട്ടിക്കുള്ളിൽ ചെറിയ ലൈറ്റ് കത്തിച്ച് വെച്ച് പഠിച്ചുണ്ടാക്കിയതാണെടോ...."
ഒരിക്കൽ ക്ലാസിനിടയിൽ الإمام القُزْويني എന്ന് ഖാഫിന് 'ളൊമ്മ്' (ഉകാരം) ചെയ്ത് വായിച്ചപ്പോൾ ഞാൻ പറഞ്ഞു: القَزْويني എന്ന് 'ഫതഹ്' ചെയ്തല്ലേ വായിക്കേണ്ടത് ? ഉസ്താദ് : "അല്ല"
ഞാൻ بفتح القاف എന്ന ضبط കാണിച്ച് കൊടുത്തപ്പോൾ ഉസ്താദ് പറഞ്ഞു: "അങ്ങനെ ഉണ്ടല്ലേ ? എന്നാൽ بضم القاف എന്നും ഉണ്ടാകും, ഉസ്മാന്റെ 'കംപ്യൂട്ടർ' പിഴക്കാറില്ല ...."
അങ്ങനെ മർകസിൽ പഠിക്കുന്ന സമയത്ത് കരിങ്കപ്പാറ ഉസ്താദിന്റെ فتح المعين ൽ 'ളൊമ്മ്' ചെയ്തും വായിക്കാം എന്ന نقل കാണുകയും ഉസ്താദിനെ കാണാൻ ചെന്നപ്പോൾ പറയുകയും ചെയ്തു.
അപ്പോൾ ഉസ്താദ് ചിരിച്ചു കൊണ്ട്: "ആഹ്, അതല്ലേ ഞാൻ അന്ന് പറഞ്ഞത് - എന്റെ 'കംപ്യൂട്ടർ' പിഴക്കാറില്ലെന്ന് ".
ഉസ്താദിന്റെ അർത്ഥ കൽപനയും ചോദ്യങ്ങൾക്കുള്ള മറുപടികളും രസകരവും ഏറെ ചിന്തിപ്പിക്കുന്നതും , എന്നല്ല - കുറിക്ക് കൊള്ളുന്നതുമായിരുന്നു.
എല്ലാത്തിനും സന്ദർഭോജിതമായ നല്ല നാടൻ ഉദാഹരണങ്ങളുമുണ്ടാകും.
ബൈളാവിയിൽ, 'ഇബ്‌ലീസ്' ജിന്നു വർഗ്ഗത്തിൽ പെട്ടതാണോ അല്ലേ എന്ന ഭാഗത്ത് ഒരു കുട്ടി ഉസ്താദിനോട് ചോദിച്ചു:
" كان من الجنّ" എന്ന് ഖുർആനിൽ തന്നെ 'നസ്സ്വ്' വന്ന സ്ഥിതിക്ക് അതിൽ അഭിപ്രായാന്തരം വരാൻ പാടില്ലല്ലോ. الاجتهاد في مقابلة النص مردود
എന്നാണല്ലോ നിയമം ? "
ഉസ്താദ് : " ഒരാൾ ഒരു ചെടി പറിച്ചു കൊണ്ടു വന്നപ്പോൾ അയാളോട് ' ഇതെവിടുന്നാ?' എന്ന് ചോദിച്ചപ്പോ അയാൾ പറഞ്ഞു - 'ഇത് ആ മുളയുടെ കൂട്ടത്തിൽ നിന്നാണ്' , അതിനർത്ഥം ഈ ചെടി ഒരു 'മുള'യാണ് എന്നാണോ ? അല്ല. മുളക്കൂട്ടത്തിനിടയിലുണ്ടായിരുന്ന ചെടിയാണ് എന്നല്ലേ ? അതുപോലെയാണ് ഇവിടെയും. ഇബ്‌ലീസ് ആ കൂട്ടത്തിൽ ജീവിച്ചു എന്നുമാകാമല്ലോ. അപ്പോൾ അതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകാം..'
كان من الجنّ
എന്നത് മറ്റു പല അർത്ഥങ്ങൾക്കും സാധ്യതയുള്ളതിനാൽ അത് أصول ൽ പറഞ്ഞ 'نصّ' അല്ല താനും. വ്യത്യസ്ത സാധ്യതകളുള്ള പദമാണല്ലോ.
(وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسۡلِمُونَ)
എന്നാൽ - "മുസ്‌ലിമീങ്ങളായിട്ടല്ലാതെ നിങ്ങൾ ജീവിക്കരുത്, എന്നാണ്. അല്ലെങ്കിൽ ജീവിച്ചിരിക്കുന്നവരോട് 'മരിക്കരുത്' എന്ന കൽപന ശരിയാവില്ലല്ലോ. അത് 'لا تموتن' എന്നതിന്റെ إلتزاميّ ആയ معنى യാണ് ഉസ്താദ് പറയുന്നത്.
(إِیَّاكَ نَعۡبُدُ وَإِیَّاكَ نَسۡتَعِینُ)
എന്ന ആയത് വിശദീകരിക്കുമ്പോ ഉസ്താദ് പറയും :
(ٱلۡحَمۡدُ لِله رَبِّ ٱلۡعَـٰلَمِینَ)
എന്നതിന് നിങ്ങളെങ്ങനെ അർത്ഥം വെക്കും ?
കുട്ടികൾ - 'സർവ്വ സ്തുതിയും റബ്ബിനാണ്..'
ഉസ്താദ് - 'എങ്കിൽ, ഒരാളെക്കുറിച്ച് -അയാൾ നല്ല അറിവുള്ളവനാണ് - നല്ല മൗലവിയാണ് - എന്ന് പുകഴ്ത്തിയാൽ അയാൾ റബ്ബാകുമോ?'
" ഇല്ല.. അവിടെ, 'സ്തുതി' ആദ്യന്തികമായി അല്ലാഹുവിനാണ് എന്നാണല്ലോ ഉദ്ദേശ്യം..."
" എന്നാൽ പിന്നെ, وَإِیَّاكَ نَسۡتَعِینُ എന്നിടത്തും അങ്ങനെ തന്നെ - ആദ്യന്തികമായ സഹായതേട്ടം അല്ലാഹുവിനോടാണ് എന്ന് വെക്കണമല്ലോ. അത് കൊണ്ട് ഒന്നാം ആയതായ ٱلۡحَمۡدُ لِله എന്നതിന്റെ അർത്ഥം തീരുമാനമായാൽ ഇവിടെയും പ്രശ്നമില്ല...."
ഖിറാഅതിലും ഉസ്താദ് നല്ലവണ്ണം ശ്രദ്ധിച്ചിരുന്നു. ഖിറാഅതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ട പല സ്ഥലങ്ങളും പറയാറുണ്ട്. ചിലത് ഇവിടെ കുറിക്കാം.
അൽ - ബഖറ:യിലെ
(خَتَمَ ٱللَّهُ عَلَىٰ قُلُوبِهِمۡ وَعَلَىٰ سَمۡعِهِمۡۖ )
ഇവിടെ വഖ്ഫ് ചെയ്യാതെ ഓതരുത്, അല്ലെങ്കിൽ ശേഷമുള്ള
( غِشَـٰوَةࣱۖ )
എന്നത് أبصار എന്നതിന് പുറമെ قلوب, سمع എന്നിവിടങ്ങളിലേക്കും കൂടെ ബന്ധിക്കുന്നതാണ് എന്ന് തോന്നാനിടയുണ്ട്.
അതുപോലെ യാസീനിലെ -
(یَـٰحَسۡرَةً عَلَى ٱلۡعِبَادِۚ)
(فَلَا یَحۡزُنكَ قَوۡلُهُمۡۘ )
ഇവിടങ്ങളിലും വഖ്ഫ് ചെയ്യുന്നത് ഒഴിവാക്കരുത്. ആദ്യത്തേതിൽ വഖ്ഫ് غفران ആണെന്നും രണ്ടാമത്തേതിൽ വഖ്ഫ് ചെയ്യാതിരുന്നാൽ ശേഷമുള്ളത് അതിന്റെ മഖൂലാണെന്നും തോന്നിപ്പോകും - എന്നാണ് പറയാറുള്ളത്. ഇവിടങ്ങളിലെല്ലാം വഖ്ഫ് ചെയ്യാനുള്ള സൂചകങ്ങൾ മുസ്വഹഫുകളിൽ കാണാമെങ്കിലും പലരും ഇത് ശ്രദ്ധിക്കാതെ പോകാറുണ്ട്.
വിദ്യാർത്ഥികൾക്കെല്ലാം ലീവ് അനുവദിക്കുന്ന ദിവസം, തഫ്സീർ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. സൂറത് ആലു ഇംറാനിലെ 91 - മത്തെ ആയത് വരെ എത്തി. ഇനി
لن تنال البر حتى...
എന്ന ആയതാണ് ഓതേണ്ടത്. അത് അടുത്ത ജുസ്ഇന്റെ തുടക്കമാണല്ലോ, അത് ഇനി ലീവ് കഴിഞ്ഞ് വരുമ്പോൾ തുടങ്ങാം - എന്ന് കരുതി വായിച്ചു കൊടുക്കുന്ന വിദ്യാർത്ഥി അവിടെ നിർത്തി.
എല്ലാവരും ക്ലാസ് ഇവിടെ നിർത്തുകയാണെന്ന ഭാവത്തിലാണ്. പക്ഷേ, ഉസ്താദ്
لن تنال البر حتى...
എന്ന ആയത് കൂടെ ഓതിയിട്ട് അതിന്റെ تفسير വായിച്ച ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്. എന്നിട്ട് പറഞ്ഞു:
"എന്റെ ഉസ്താദും ഇതുപോലെ
لن تنال البر حتى...
എന്ന ആയതും കൂടി ഓതിയ ശേഷമാണ് ഞങ്ങളുടെ ക്ലാസ് നിർത്തിയത്. ഇനി അടുത്ത ക്ലാസ് - برّ നിങ്ങൾക്ക് ലഭിക്കില്ല - എന്ന് പറഞ്ഞ് തുടങ്ങാതിരിക്കാനാണത്. ഒരു നല്ല കാര്യത്തിന്റെ തുടക്കത്തിൽ അത് പറയുന്നത് നല്ല ലക്ഷണമാവില്ലല്ലോ..,
ഖുർആൻ ഓതുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം... "
ഗുരുക്കന്മാരുടെ വാക്കുകളും പ്രവൃത്തികളും അതേപടി അടുത്ത തലമുറക്ക് പറഞ്ഞ് കൊടുക്കലാണ് യഥാർത്ഥ علم എന്ന് പഴയ ഉസ്താദുമാർ പറയുന്നത് കേട്ടിട്ടുണ്ട്. അതിന്റെ ഒരു പകർപ്പാണ് ഇതിലൂടെ ഞങ്ങൾക്ക് ലഭിച്ചത്.
ജമാഅതുകളിൽ ഇമാം سورة الضحى ക്ക് മീതെയുള്ള സൂറത് ഓതുന്നത് തീരെ അനുവദിക്കാറുണ്ടായിരുന്നില്ല. മഹ്സ്വൂറുകളല്ലാത്തവരോ, വലിയ സൂറതുകളോതാൻ വാക്കു സമ്മതമില്ലാത്തവരോ ജമാഅതിന് വരാനിടയുണ്ടാകുമ്പോൾ 'അത് ഓതരുത്' എന്ന ഫുഖഹാഇന്റെ വിധികൽപനയിലുള്ള കാർക്കശ്യമായിരുന്നു ഉസ്താദിന്. അങ്ങനെ ഓതിയാൽ ജമാഅതിന്റെ പ്രതിഫലം വരെ നഷ്ടപ്പെടുമെന്നും ഗൗരവപ്പെടുത്താറുണ്ട്. എന്നിട്ട് പറയും: "സൂറത് الضحى ക്ക് മുകളിലുള്ളവ ഓതാത്തതിൽ ആരെങ്കിലും കുശുമ്പ് കാണിച്ചാൽ അവനെ റൂമിലേക്ക് വിളിച്ച് വലിയ സൂറതുകൾ കാണാതെ ഓതിക്കേൾപ്പിക്കുക. എന്നിട്ട് അവനോട് പറയണം -' എനിക്കറിയാഞ്ഞിട്ടല്ല ഇതൊന്നും, ഫുഖഹാഅ് പറയാത്തതോണ്ടാണെടോ..'- എന്ന്. ഹല്ല പിന്നെ..."
من تمسك بسنتي عند فساد أمتي فله أجر مائة شهيد
എന്ന ഹദീസിനെ ഉസ്താദ് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു : "നൂറു ശഹീദിന്റെ കൂലിയുണ്ടാകും എന്ന് പറഞ്ഞാൽ, ദീനനുസരിച്ച് ജീവിക്കാൻ നൂറു പ്രാവശ്യം ശഹീദാകുന്ന പ്രയാസവുമുണ്ടാകും എന്നാണ്...", تمسك എന്ന تفعّل വസ്ന് അതിനെ സൂചിപ്പിക്കുന്നുമുണ്ടല്ലോ.
أنا سيد ولد آدم، ولا فخر
എന്നിടത്ത് ഉസ്താദ് നാലോളം വിശദീകരണങ്ങൾ പറയാറുണ്ട് :
- "ഇതിനെക്കാളും വലിയ فخر വേറെയില്ല ... "
- " ഇതൊന്നും ഒരു فخر അല്ല, വേറെ എത്രയുണ്ട് فخر പറയാൻ ... "
- " ഇത് فخر പറയുകയല്ല, യാഥാർത്ഥ്യം പറയുകയാണ് "
" لا أفتخر بالسيادة، بل أفتخر بالعبودية " -
"എന്റെ فخر സിയാദത് കൊണ്ടല്ല, മറിച്ച് عبودية ലാണ് എന്റെ فخر "
الصلاة الإبراهيمية തശഹ്ഹുദിലെ
ൽ كما صليت على إبراهيم എന്ന് പറയുമ്പോൾ നമ്മുടെ നബി (സ്വ) തങ്ങളേക്കാൾ إبراهيم നബി (അ) ന് കൂടുതൽ ശ്രേഷ്ഠത എന്ന് വരില്ലേ? - ഇതിന് ഇമാമുമാർ പല മറുപടികളും പറഞ്ഞിട്ടുണ്ടെങ്കിലും - ഇവ്വിഷയത്തിൽ മാത്രം ലഘു ഗ്രന്ഥങ്ങളുമുണ്ട് - ഉസ്താദ് പറഞ്ഞത് ഇങ്ങനെയാണ് : " ഒരാൾ ഗൾഫിൽ നിന്നും വന്നപ്പോൾ അയാളുടെ മക്കൾക്ക് ഒരു പാട് കളിക്കോപ്പും മറ്റും കൊണ്ടുവന്നു. ബാപ്പാക്ക് ഒന്നും കൊണ്ടു വന്നിട്ടില്ല. അയാളോട് - നീ മക്കൾക്ക് കൊണ്ടുവന്ന പോലെ നിന്റെ ബാപ്പാക്കും കൊടുക്കെടാ - എന്ന് പറഞ്ഞാൽ, അതിനർത്ഥം - ബാപ്പാക്ക് കളിപ്പാട്ടങ്ങൾ കൊടുക്കണം എന്നാണോ? മക്കൾ ഉപ്പയെക്കാളും സ്ഥാനമുള്ളവരാണ് എന്നോ മനസ്സിലാക്കാമോ? ഇല്ല. പകരം കുട്ടികൾക്ക് വേണ്ടത് അതുപോലെ കൊടുക്ക് , ബാപ്പാക്ക് വേണ്ട കള്ളിത്തുണിയും ബെൽറ്റും ബനിയനും വാങ്ങിക്കൊടുക്ക്. അത്ര തന്നെ ഇവിടെയും ഉള്ളൂ, അതായത് ഇബ്റാഹീം നബി (അ) യുടെ ദറജ: യോട് യോജിച്ചത് നൽകിയ പോലെ നമ്മുടെ നബി (സ്വ) തങ്ങളോട് യോജിച്ചത് നൽകണേ - എന്നാണ്"
جمع الجوامع
ന്റെ തുടക്കത്തിലുള്ള شكر المنعم واجب بالشرع.. എന്ന ഭാഗത്തെ ഉസ്താദ് വിശദീകരിക്കുന്നത് കേൾക്കേണ്ടത് തന്നെയാണ്. വല്ലാത്ത കൗതുകം തോന്നിപ്പോകും... ഉദാഹരണമായി പറയാറുള്ളത് ഇങ്ങനെയാണ് : ഒരു കോടി രൂപ തന്ന് സഹായിച്ചവന് പ്രത്യുപകാരമായി 5 രൂപ കൊടുത്താലെങ്ങനെയിരിക്കും..? അത് അയാളെ നിസാരമാക്കലല്ലേ?, ഇതുപോലെ റബ്ബ് തആലാ കോരിച്ചൊരിഞ്ഞു തരുന്ന ഇത്രയും അനുഗ്രഹങ്ങൾക്ക്, നമ്മൾ ചെയ്യുന്ന ശുക്റ് വളരെ തുച്ഛമായതാണല്ലോ. അപ്പോൾ, അങ്ങനെ തിരിച്ചു കൊടുക്കണം എന്നത് ബുദ്ധി ശരിവെക്കുന്നില്ല...
പിന്നെ, منعم നെ വിശദീകരിക്കുമ്പോ പറയും : ഒരു പിടി ചോറ് നിന്റെ വായിലേക്ക് വെക്കുമ്പോ ഓർക്കണം - ആന്ധ്രയിൽ വിളഞ്ഞ ഈ അരിമണികൾ നിന്റെ വായ്ഭാഗത്തെത്തുമ്പഴേക്കും, പാവപ്പെട്ട കർഷകർ, മറ്റു വ്യത്യസ്ത തരം തൊഴിലാളികൾ, കച്ചവടക്കാർ, വേവിച്ച് ഭക്ഷ്യയോഗ്യമാക്കിയ വീട്ടുകാർ തുടങ്ങി ഒത്തിരി പേരുടെ പ്രയത്നങ്ങൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന്..
അത് കൊണ്ട്
(وَإِن تَعُدُّوا۟ نِعۡمَةَ ٱللَّهِ لَا تُحۡصُوهَاۤۗ )
എന്നാൽ റബ്ബ് തആലായുടെ ഓരോ ഓരോ അനുഗ്രഹങ്ങളും തിട്ടപ്പെടുത്താവതല്ല - എന്ന് മനസ്സിലാക്കണം.
അപ്പോൾ ഒരു അരിമണി, എന്നല്ല എന്തും - ഏതും , നമുക്ക് ലഭിക്കാൻ റബ്ബ് തആലാ സംവിധാനിച്ചത് ആലോചിക്കുമ്പോൾ അറിയാതെ നിന്റെ മനസ്സിൽ വന്നു പോകണം الحمد لله... എന്ന്. ഇതൊക്കെ ഉസ്താദ് വിശദീകരിച്ചെങ്കിലേ മനസ്സിൽ തറക്കും വിധമാവൂ. എഴുതിയിട്ട് അതിന്റെ കാമ്പ് നഷ്ടപ്പെടും പോലെ തോന്നുന്നുണ്ട്....
അതു പോലെ عِلم ന്റെ ചർച്ചയിൽ, അത് نظري ആണോ بديهي ആണോ എന്ന ചർച്ചയുടെ ഭാഗത്ത് ഇമാം റാസി (റ) പറഞ്ഞത് ഉദ്ധരിച്ചല്ലോ "فلا يُحَدُّ" - എന്ന് . ഇതിന് ഉസ്താദ് അർത്ഥം പറഞ്ഞത് ഇങ്ങനെയാണ് : "بديهي ആയത് കൊണ്ട് അതിന് حدّ പറയരുത് എന്നാണ് - അല്ലാതെ 'പറയൂല' എന്നല്ല. നല്ല ദഹനമുള്ളവനെക്കുറിച്ച് - അവൻ നല്ല സോദനയുള്ളവനാണ്,فلا يُسْهَل - അത് കൊണ്ട് 'അവൻ വയറിളക്കരുത്'- എന്നാണ് പറയേണ്ടത്, 'വയറിളക്കൂല' എന്നല്ലല്ലോ..."
മറ്റൊരിക്കൽ, ذكراً كان أو أنثى എന്ന് വായിച്ചപ്പോൾ ഒരു കുട്ടി ചോദിച്ചു: "അതെന്താ خنثى യെ പറയാഞ്ഞത് ?" ഉടനെ ഉസ്താദ്: "നിന്റെ ഭാര്യ പെറ്റു എന്ന് കേട്ടാൽ ആൺകുട്ടിയോ - പെൺകുട്ടിയോ - നപുംസകമോ എന്ന് ചോദിക്കുമോ ? പിന്നെന്താ, ജ്ജ് പറയാത്തത് മുസ്വന്നിഫ് പറയാത്തത് കൊണ്ട് പ്രശ്നമാക്കാൻ ?" غالب ന് مفهوم ഇല്ല എന്ന ഖാഇദ:യാണ് അവിടെ ഉസ്താദ് രസകരമായി പഠിപ്പിച്ചത്.
അല്ലാഹു തആലായോട് നേരിട്ട് മുനാജാത് നടത്തിയ നബി (സ്വ) തങ്ങളെക്കുറിച്ച് എന്താ كليم الله എന്ന് പറയാത്തത്? എന്ന് ചോദിച്ചപ്പോൾ ഉസ്താദ് പറഞ്ഞു: " ഇന്ത്യൻ പ്രധാന മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയെ കുറിച്ച് - അയാൾ പ്രധാന മാന്തിയോട് നേരിട്ട് സംസാരിച്ചയാളാണ് - എന്ന് പറയോ ? ഇല്ല. മറിച്ച്, ഏതെങ്കിലും സദസ്സിൽ വെച്ച് പ്രധാനമന്ത്രിയോട് ഒരാൾ സംസാരിച്ചാൽ - അയാൾ പ്രധാനമന്ത്രിയോട് സംസാരിച്ചവനാണ് - എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്യും. - ലെ? എന്ന പോലെയാണ് ഇവിടെയും".
ألفية
യിൽ, ﻭاﻷﺻﻞ ﻓﻲ اﻷﺧﺒﺎﺭ ﺃﻥ ﺗﺆﺧﺮا ...
എന്ന ഭാഗം വന്നപ്പോൾ : " مبتدأ കുറ്റിയടിക്കലാണെന്നും خبر പജ്ജിനെ കെട്ടലാണെന്നും പറഞ്ഞു." കുറ്റിയടിച്ചിട്ട് പജ്ജിനെ കെട്ടലാണല്ലോ പതിവ്." എന്നാണ് ഉസ്താദ് പറഞ്ഞിരുന്നത്.
قطر الندى
ലെ
لكراهة أربع متحركات فيما هو كالكلمة الواحدة
എന്ന സ്ഥലത്ത് فيما എന്ന് പറഞ്ഞാൽ - 'ഒരു രണ്ട് കലിമതിൽ' എന്നും , هو- 'ആ ഒരു രണ്ട് കലിമത്' എന്നുമാണ് അർത്ഥം വെച്ചിരുന്നത്. അല്ലെങ്കിൽ 'ഒന്ന്, ഒരു കലിമത് പോലെയാണ്' എന്ന് പറയുന്നതിൽ അനൗചിത്യമുണ്ടല്ലോ.
زنجان
ഓതിക്കൊടുക്കുമ്പോൾ അസ്വ് ല് രസകരമായ ചില പാട്ടുകൾ പാടിയാണ് പഠിപ്പിക്കാറ്.
رَمَى
എന്നതിന്റെ അസ്വ് ല്
"رَمَيَ"
എന്ന് പഠിപ്പിക്കാൻ കുട്ടികൾക്ക് പാടിക്കൊടുക്കുന്നത് കേട്ടിട്ടുണ്ട് :
#" യാ" ഇന്റെ കോലത്തിൽ "അലിഫു"കൾ വന്നാരെ,
#"യാ" അല്ല "അലിഫെ"ന്ന് നോക്കാതെ പറഞ്ഞോവർ ..
ഖുത്വുബി ഓതുമ്പോൾ
'فإن تشخص ذلك المعنى يسمى علما'
എന്ന മത്‌നിനെ വിശദീകരിച്ചു കൊണ്ട് ശാരിഹിന്റെ വിശദീകരണം വായിച്ചു :
يسمى علما في عرف النحاة، وجزئيا حقيقيا في عرف المنطقيين
മുസ്വന്നിഫ് عَلَم എന്നത് نحاة ന്റെ സാങ്കേതികത്വം കടമെടുത്ത് പറഞ്ഞതാണ് - എന്നതിന് ഉസ്താദ് പറഞ്ഞത് "ഹൊ, മുസ്വന്നിഫ് ഇവിടെ കളം മാറി ചവിട്ടിയല്ലോ" എന്നാണ്.
'ഖുത്വുബി'- ഓതിയ കാര്യം പറഞ്ഞപ്പഴാ ഉസ്താദിന്റെ ബുദ്ധികൂർമ്മതയെപറ്റിയും ഗ്രാഹ്യശക്തിയെ കുറിച്ചും ഓർമ്മ വന്നത്. അല്ലെങ്കിലും ഇത്രയൊക്കെ പറഞ്ഞതിൽ നിന്നും അതിന്റെ ഗ്രേഡൊക്കെ ഏറെക്കുറെ മനസ്സിലായിക്കാണും. എങ്കിലും ഓർമ്മ വന്ന കാര്യം പറയട്ടെ, ഉസ്താദ് പറയുമായിരുന്നു. "ഞാൻ 'ഖുത്വുബി' ഓതാതെ ദർസ് നടത്തുകയാണെന്ന് എന്റെ ക്ലാസ് കേട്ടിട്ട് തോന്നുന്നുണ്ടോ? എന്നാൽ ഞാൻ ഇത് ഓതിയിട്ടൊന്നുമില്ല ട്ടൊ, മൻത്വിഖിൽ ...... മാത്രമേ ഓതിയിട്ടുള്ളൂ. പിന്നെ ഇരുമ്പുഴി യൂസുഫ് മുസ്‌ലിയാരുടെ അടുക്കൽ പോയി 'ഖുത്വുബി' യിലെ ഒന്ന് രണ്ട് ക്ലാസുകളിൽ പങ്കെടുത്തു. അതോടെ ഏത് ഭാഗവും എനിക്ക് വഴങ്ങുമെന്ന് മനസ്സിലായതോടെ ഞാൻ പോന്നു ...." അത്രക്കും വലിയ ഗ്രാഹ്യശേഷിയായിരുന്നു ഓർക്ക്.
مختصر
ന്റെ തുടക്കത്തിൽ مطول നെ ചുരുക്കാനുള്ള കാരണങ്ങൾ പറഞ്ഞിടത്ത് വിദ്യാർത്ഥികൾക്ക് സാഹിത്യവാസനയൊക്കെ കുറഞ്ഞ് പോയി എന്നതിന് وتقاعدت هممهم - എന്ന് പറഞ്ഞല്ലോ. അവിടെ ഉസ്താദ് പറയും: "ഇത് തഫ്തസാനീ ഇമാമിന്റെ കാലത്ത് പറഞ്ഞതാ. ഇപ്പോൾ وتماتت هممهم - 'അതൊക്കെ ചത്ത് പോയി' എന്ന് പറയേണ്ടിവരും..."
ഇബാറതിനിടയിൽ "كما مر" എന്ന് വന്നാൽ 'ഇത് നമുക്ക് പുത്തിരിയല്ല' - "كما يأتي" വന്നാൽ - 'ബേജാറാവണ്ട' എന്നിങ്ങനെ രസകരമായി അർത്ഥം വെക്കാറുണ്ട്.
إِعلم "
എന്നത് أَعلَمُ എന്ന് വായിക്കലാ നല്ലത്. നീ മനസ്സിലാക്കണം എന്ന് നിങ്ങളോട് പറയുന്നത് അദബ് കേടാവുമല്ലോ, അത് കൊണ്ട് ഞാനറിഞ്ഞ് മനസ്സിലാക്കിക്കൊള്ളാം, ട്ടൊ". - എന്ന് രസമായി പറയാറുണ്ട്.
تنبيه "
എന്ന് ഉള്ളിടത്ത് إيقاظ എന്ന് പറയണം. കാരണം, غفلة ഉള്ളവരോടല്ലേ ഉണർത്തേണ്ടത്. സബ്ഖിൽ ഉറങ്ങുകയാണ്. അത് കൊണ്ട് ഉണർത്തണം എന്നാണല്ലോ പറയേണ്ടത് "...
സബ്ഖിൽ ഇബാറത് വായിക്കുന്നനിടയിൽ തെറ്റിയാൽ ഉസ്താദ് തമാശയായി പറയും - "ഫൈസിയാണ്, ടെസ്റ്റ് ചെയ്യണ്ട. അടുത്ത ആഴ്ച വേണമെങ്കി സനദ് കൊണ്ടുവന്ന് കാണിക്കാം"
അതായത്, തെറ്റ് വായിച്ച് എനിക്കറിയാമോ എന്ന് ടെസ്റ്റ് ചെയ്യണ്ടാ - എന്ന്.
കോളേജിൽ പോയ ശേഷം ഉസ്താദിനെ കാണാൻ പോകുമ്പോൾ ചെറിയ കുട്ടികൾ തെറ്റ് വായിച്ചാൽ എന്നെ നോക്കി പറയും : "അവർക്ക് അറിയാഞ്ഞിട്ടല്ല ട്ടൊ. എന്നെ ടെസ്റ്റ് ചെയ്യാണ് "
ഉസ്താദിന്റെ ശിക്ഷണ രീതികൾ വളരെ രസകരമായിരുന്നു. ഒരു കുട്ടി ഹൗളിന്റെ അരികിൽ നിന്നും കുളിക്കുന്നത് കണ്ട ഉസ്താദ് നേരെ കിണറിന്റെ അടുത്ത് പോയി കിണറിലേക്ക് തലയിട്ടു നോക്കി, എന്നിട്ട് പറയാ : "ഓ, ഞാൻ കരുതി കിണറിൽ വെള്ളം കഴിഞ്ഞെന്ന് ...."
ഒരു വിദ്യാർത്ഥി ജ്യേഷ്ഠന്റെ കല്യാണമുണ്ടെന്ന് പറഞ്ഞ് വീട്ടിൽ പോയി. ഉസ്താദ് വരാൻ പറഞ്ഞ ദിവസത്തിന് ശേഷം 3 ദിവസം കഴിഞ്ഞാണ് ആ കുട്ടി ദർസിലെത്തിയത്. അപ്പോൾ ഉസ്താദ് ചോദിക്കുവാ : "നിന്റെ മൂത്തച്ചി പെറ്റോ ?" 3 ദിവസം വൈകിയതിന്, കല്യാണത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് വന്ന പ്രതീതിയിലാ ഉസ്താദിന്റെ പ്രതികരണം !
ഒരു ദിവസം എന്തോ കാര്യത്തിൽ ഉസ്താദിന് ദേഷ്യം വന്നു. അപ്പോൾ പറഞ്ഞതാ - എടാ... ഞാൻ ഉസാമയല്ല, (ഉസാമ ബിൻ ലാദനെ സൂചിപ്പിച്ചു കൊണ്ട് ) ഉസ്മാനാണ്... രണ്ട് ഹർഫ് കൂടുതലുണ്ടെനിക്ക് -
زيادة المباني تدل على زيادة المعاني
...
ഉസ്താദ് ദേഷ്യത്തിലാണെങ്കിലും നർമ്മം കലർന്ന ശകാരം കേട്ടപ്പോൾ ഉള്ളിൽ ചിരിച്ചു പോയി...
മറ്റൊരിക്കൽ മഗ്‌രിബിന് മുമ്പ് തസ്ബീഹ് ചൊല്ലാൻ വൈകിയപ്പോൾ ഉസ്താദ് പറഞ്ഞു: "ഇനി ഇവിടെ ആരും ഒരക്ഷരം മിണ്ടാൻ പാടില്ല...!" നിസ്കരിക്കാൻ വരുന്ന നാട്ടുകാരും ഭക്ഷണം തരുന്ന വീട്ടുകാരെല്ലാം വരുമ്പോ പതിവിന് വിപരീതമായി തസ്ബീഹ് കേൾക്കുന്നില്ല! എല്ലാവരും നിശബ്ധരായി ഇരിക്കുന്നു. ഞങ്ങൾക്ക് കിട്ടിയ ശിക്ഷയാണിതെന്ന് ഇവരറിയുമല്ലോ എന്ന ചമ്മൽ എല്ലാവർക്കുമുണ്ട്. അതുണ്ടാവട്ടെ എന്ന് കരുതിയിട്ട് തന്നെയല്ലേ ഉസ്താദിന്റെ ശിക്ഷയും ... ആകെ വല്ലാണ്ടായി. പിന്നെ ഉസ്താദിന് മുന്നിൽ പോയി ഇനി ഉണ്ടാവില്ലെന്ന് വാക്ക് കൊടുത്ത ശേഷമാണ് ആ ശിക്ഷ അന്ന് അവസാനിച്ചത്. പിന്നെ ഒരിക്കലും തസ്ബീഹ് ചൊല്ലാൻ വൈകാറില്ല.
ഇങ്ങനെ ചമ്മലുണ്ടാക്കുന്നതും ചെറിയ കാര്യങ്ങൾ വളരെ ഗൗരവമുള്ളതായി കാണിച്ചും - ചിരിപ്പിച്ചും കൊളമാക്കിയിട്ടുമുള്ള ശിക്ഷണ ശൈലി ഏറെ രസകരമായിരുന്നു.
വിദ്യാർത്ഥികളോടെന്നല്ല, ആരോടും ഇങ്ങനെ തന്നെ. ഉടനെയുള്ള മറുപടികൾ വളരെ രസകരമായിരുന്നു.
അൽപം പരിഷ്കാര വാദിയായ ഒരാൾ പറഞ്ഞു: "മൻത്വിഖ് പഠിച്ചതോണ്ട് യാതൊരു ഉപകാരവുമില്ല". അപ്പോൾ ഉസ്താദ് - "ആ പറഞ്ഞത് 'സാലിബ: കുല്ലിയ്യ്' ആണ്..." കാരണം, 'ഒരു ഉപകാരവുമില്ല' എന്നത് ശരിയല്ല. ചില ഉപകാരങ്ങളൊക്കെയുണ്ടല്ലോ. ഇവിടെ 'മൻത്വിഖി'നെ എതിർത്തപ്പോൾ ആ വാക്കിനെ 'മൻത്വിഖി'ൽ തന്നെ വിലയിരുത്തി തിരിച്ചടിച്ചുവെന്നതാണ് രസകരം.
മുബ്തദിഉകൾ അറുത്തത് തിന്നാൻ പറ്റുമോ എന്ന് ചോദിച്ചപ്പോ ഉസ്താദ് പറഞ്ഞത് - "തിന്നാം, പക്ഷെ - തിന്നരുത് " എന്നായിരുന്നു. ഭക്ഷ്യയോഗ്യമാകുമെങ്കിലും അത് ഒഴിവാക്കണം എന്ന് പറയാനാണ് അങ്ങനെ പ്രയോഗിച്ചത്.
ഉസ്താദ് ദർസ് നടത്തിയിരുന്ന മഹല്ലിൽ ബിദഈ കക്ഷികൾ പ്രസംഗിച്ചു: "ഞങ്ങൾ വളച്ചുകെട്ടില്ലാത്ത തൗഹീദാണ് പറയുന്നത്..."
അതിന് ഉസ്താദിന്റെ മറുപടി: "അതെ, ഞങ്ങളുടേത് വളച്ചു കെട്ടിയ തൗഹീദാണ്. ബഹുമാനപ്പെട്ട ഇമാമുമാർ - എങ്ങനെ വിശ്വസിക്കണമെന്നും, എങ്ങനെ വിശ്വസിക്കരുതെന്നും വിവരിച്ച് - വളച്ചുകെട്ടി തന്ന തൗഹീദാണിത്. വളച്ചുകെട്ടാത്തത് കൊണ്ട് തന്നെയാണ് നിങ്ങൾ വളയമില്ലാതെ ചാടുന്നത്, അതു തന്നെ ഞങ്ങളും - നിങ്ങളും തമ്മിലുള്ള അന്തരം"
മറ്റൊരിക്കൽ, എ.പി വിഭാഗത്തിലെ ഒരു പണ്ഡിതൻ വഫാതായപ്പോൾ ജുമുഅ: ക്ക് ശേഷം ഉസ്താദ് മയ്യിത് നിസ്കരിച്ചു. എന്നാൽ ഇതു പോലെ മറ്റു സമസ്തയിലെ പണ്ഡിതൻ വഫാതായപ്പോൾ ഉസ്താദ് നിസ്കരിച്ചതുമില്ല. ഉസ്താദിനെതിരെ ആരോപിക്കാൻ വീണു കിട്ടിയ അവസരം ഉപയോഗപ്പെടുത്താമെന്ന വ്യാമോഹത്തിൽ ഒരാൾ പരാതിയുമായി ഉസ്താദിന്റെ മുന്നിലെത്തി. "ഇന്നയാളുടെ പേരിൽ ഉസ്താദ് മയ്യിത്ത് നിസ്കാരിക്കാത്തതിൽ ചിലർക്ക് പരാതിയുണ്ട് ... " ഈ മെനഞ്ഞുണ്ടാക്കുന്ന 'ചിലർ' മിക്കവാറും ചോദ്യകർത്താക്കൾ തന്നെയായിരിക്കാറാണ് പതിവ്. ഉടനെ ഉസ്താദ് അയാളോട് പറഞ്ഞു: " അതിന് ഞാൻ നിങ്ങളുടെ മേലിലും നിസ്കരിച്ചിട്ടില്ലല്ലോ..! " ഇതെന്തു ചോദ്യം! അൽഭുതത്തോടെ അയാൾ : " അതിന് ഞാൻ മരിച്ചിട്ടില്ലല്ലോ. മരിച്ചാലല്ലേ നിസ്കരിക്കേണ്ടത് ...?"
ഉസ്താദ്: "മരിച്ചാൽ മാത്രം പോര.. കുളിപ്പിച്ചിട്ടുണ്ട് എന്ന് വിവരം കിട്ടുകയും വേണം..
ഉസ്താദിന്റെ വീട്ടിൽ ജമാഅതെ ഇസ്‌ലാമിയുടെ ആളുകൾ പിരിവിനു വന്നപ്പോൾ ഉസ്താദ് ഒരു നോട്ട് കാണിച്ച് പറഞ്ഞു: " ഞാൻ 'ഖുത്വുബിയ്യത്' ചൊല്ലിയിട്ട് കിട്ടിയതാ. ഇത് വേണോ?..."
ഇവറ്റകൾ ചമ്മാൻ ഇനി എവിടേക്കെങ്കിലും പോകണോ !
ഉസ്താദ് പിന്നെ പറയാ: " ആ കാശെങ്ങാനും അവർ വാങ്ങിയിരുന്നെങ്കി ഞാൻ വിടോ അവരെ ... "
വ്യാഴാഴ്ച നാട്ടിൽ പോയി വെള്ളിയാഴ്ച ഖുതുബ: ഓതാൻ വന്ന് വീണ്ടും ലീവെടുത്ത് ശനിയാഴ്ച ദർസിലെത്തുന്ന പതിവാണ് ഉസ്താദിനെന്ന് മുമ്പ് പറഞ്ഞല്ലോ. ഇതുമായി ബന്ധപ്പെട്ട് പള്ളികമ്മിറ്റിയിൽ പെട്ട ഒരാൾ ഉസ്താദിനോട് പറഞ്ഞു: "ഉസ്താദിന് വെള്ളിയാഴ്ച ഖുതുബ: കഴിഞ്ഞ് ലീവെടുത്തിട്ട് ഞായറാഴ്ച വന്നാൽ മതിയല്ലോ. അങ്ങനെയായിരുന്നു ഇവിടുത്തെ മുദർസിമാരുടെ രീതി... "
ഉസ്താദ്: " ദർസ് നിങ്ങൾതും കുട്ടികൾ എന്റേതുമാണ് ... "
അഥവാ, ദർസ് ഇവിടെ നടത്തണോ - വേണ്ടയോ, ഉസ്താദിന്റെ ശമ്പളം എത്ര എന്നിത്യാദി കാര്യങ്ങൾ നിങ്ങൾ നോക്കിയാൽ മതി, കുട്ടികളെ നോക്കേണ്ട ചുമതല എനിക്കാണ്. അത് കൊണ്ട് അവരുടെ അച്ചടക്കത്തിനാവശ്യമായ പോക്കുവരവുകളും മറ്റും ഞാൻ നടത്തുന്നുണ്ട്. അത് എന്റെ കടമയാണെന്ന്. ചുരുക്കി പറഞ്ഞാൽ നിങ്ങൾ നിങ്ങളുടെ ഡ്രസ്സിട്ടാൽ മതിയെന്ന് തമാശ രൂപേണ, അതുപോലെ കാര്യത്തെ ബോധ്യപ്പെടുത്തിക്കൊണ്ടും ഒറ്റവാക്കിലുള്ള ഉസ്താദിന്റെ ക്യാപ്സൂളുകളായിരുന്നു ഇവയൊക്കെ. (തന്റെയടുത്ത് ഓതിപ്പഠിക്കാൻ വന്ന വിദ്യാർത്ഥികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള ഉസ്താദിന്റെ പ്രയത്നം എടുത്തു പറയേണ്ടതില്ലല്ലോ..)
എന്റെ പഠന കാലത്ത് ഉസ്താദ് ദർസു നടത്തുന്ന മഹല്ലിലെ മദ്രസയിൽ മുഅല്ലിമുകളുടെ കുറവുണ്ടായതിനാൽ ദർസിലെ ചില മുതിർന്ന വിദ്യാർത്ഥികൾ അവിടുത്തെ മദ്രസാദ്ദ്യാപനത്തിന് പോകാറുണ്ടായിരുന്നു. ഞായറാഴ്ച കുട്ടികൾക്ക് സ്പെഷ്യൽ ക്ലാസുണ്ടായതിനാൽ അത് കഴിഞ്ഞ് ദർസിലെത്താൻ വൈകി.
ഉസ്താദ് : "എന്താ വൈകിയത്? "
- " ഞായറാഴ്ചയായതോണ്ട് സ്പെഷ്യൽ ക്ലാസുണ്ടായിരുന്നു ... "
- " എന്നാൽ കമ്മിറ്റിക്കാരോട് പറയണം - ഞങ്ങൾ ദർസിലെ വിദ്യാർത്ഥികൾ മദ്രസയിലെ ക്ലാസെടുക്കുന്നവരാണ്, അല്ലാതെ മുഅല്ലിമുകൾ ദർസിൽ പഠിക്കാൻ വരുന്നതല്ലാന്ന് ... "
നഫാഇസിൽ പറഞ്ഞ പോലെ മുസ്നദുൻ ഇലൈഹി تعريض നും تقرير നും ഉപയോഗിച്ചു കൊണ്ടുള്ള ഉസ്താദിന്റെ പ്രയോഗങ്ങൾ ശ്രദ്ധേയമായിരുന്നു.
യാത്രക്കിടയിൽ ഉസ്താദിനോട് ഒരു പ്രായമുള്ളയാൾ ചോദിച്ചത്രെ: 'ഉസ്താദ് എ.പി.യാണോ ഇ.കെ.യാണോ ?'
ഉസ്താദ് : " ഞാൻ ഉസ്മാനാണ് " പിന്നെ അയാൾക്ക് ചോദ്യമില്ല. പിന്നീട് ഇതേക്കുറിച്ച് പറയാ, " നരയെത്തി പ്രായമായിട്ടും അയാൾക്ക് ദീനിയ്യായ ഒന്നും ചോദിക്കാനില്ല, ഹും ... "
സമാനമായ മറ്റൊരു സംഭവം ഇങ്ങനെയായിരുന്നു: ഒരു ബസ് യാത്രക്കിടെ ഒരാൾ ചോദിച്ചു: 'ഉസ്താദ് ഏത് ഭാഗത്താ? - എ.പി ഭാഗമോ ഇ.കെ ഭാഗമോ?'
ഉസ്താദ്: "ഞാനിപ്പോ വലത് ഭാഗത്താ"
ബസിൽ വലത് ഭാഗത്തെ സീറ്റിലിരുന്ന ഉസ്താദ് അങ്ങനെയാണ് മറുപടി കൊടുത്തത്.
ഇത് പോലെ മറ്റൊരാൾ 'ഏത് സംഘടനയിലാ'ന്ന് ചോദിച്ചപ്പോൾ ഉസ്താദ് : "നിങ്ങൾ എവിടെയാ ഇറങ്ങുന്നത് ?"
"കോട്ടക്കൽ "
" ഹാ, ഞാനേത് പറഞ്ഞാലാ ഒരു ചായ മേടിച്ചു തരാ ?"
അതോടെ അയാൾക്കും ഉത്തരം മുട്ടി.
ഒരാൾ ഉസ്താദിനോട് പറഞ്ഞത്രെ: 'ഇവിടെ സംഘടനകളുടെ ആധിക്യമാണ്. അത്കൊണ്ട് ഞാൻ ഇരു സമസ്തക്കാരെയും ഒരുമിപ്പിച്ച് ഒരു ടീം ഉണ്ടാക്കുന്നുണ്ട്. ഉസ്താദ് അതിൽ ചേരണം.'
അപ്പോൾ ഉസ്താദ് : "നിങ്ങൾ 'ഒട്ടുമൂച്ചി' കേട്ടിട്ടുണ്ടോ?"
" ഉണ്ട് "
" അതിൽ രണ്ട് മൂച്ചിയുടെ തൈകൾ ചേർത്തുണ്ടായാൽ മൂന്നാമതൊരു മാങ്ങയാണോ ഉണ്ടാകാറ് ? അതോ പഴയ മാങ്ങ തന്നെയാണോ?" അതായത്, സംഘടനയുടെ ആധിക്യം കാരണം മറ്റൊന്ന് ഉണ്ടാക്കിയാൽ വീണ്ടും എണ്ണം വർദ്ധിക്കുകയല്ലാതെ ഒന്നുമുണ്ടാവില്ല എന്ന് മനസ്സിലാക്കിത്തരികയായിരുന്നു ഉസ്താദ്. പിന്നെ അയാൾ പറഞ്ഞത്രെ: "ആദ്യായിട്ടാ ഇങ്ങനെയൊരു മറുപടി കേൾക്കുന്നത് ...."
ഉസ്താദിന്റെ സംഘടനാ ബന്ധങ്ങളും കുറിച്ചെങ്കിലേ ഈ കുറിപ്പ് പൂർത്തിയാവൂ.
ഉസ്താദിന്റെ ഗുരുവാണല്ലോ ബഹു: എം.ടി ഉസ്താദ് (ന:മ). ഇരുവരും രണ്ട് സമസ്തയിലാണെങ്കിലും വലിയ ആത്മബന്ധമുള്ളവരായിരുന്നു. ഒരിക്കൽ തമാശയാക്കി പറഞ്ഞത്രേ: "നിങ്ങൾ എ.പി ക്കാരനാണല്ലേ ? ആ, ആയിക്കോട്ടെ. فتح المعين ൽ "خلافا لشيخنا" എന്നാണല്ലോ പറഞ്ഞത്. خلافا لابن حجر എന്ന് പേരെടുത്തോ خلافا لصاحب شرح المنهاج എന്ന് ഇബ്ഹാമാക്കിയോ പറഞ്ഞില്ല. അപ്പോൾ 'ഞാൻ വീക്ഷണത്തിൽ എതിരാണ്, എങ്കിലും - മഹാൻ എന്റെ ശൈഖ് തന്നെയാണ് ട്ടൊ' - എന്നാണല്ലോ മഖ്ദൂം ഓർ പറയുന്നത് , ല്ലെ ?" .
ഇങ്ങനെയാണ് എനിക്കെന്റെ ഗുരുവര്യർ പഠിപ്പിച്ചതെന്നും ഞാൻ ആ നയത്തിൽ തന്നെ അടിയുറച്ചു നിൽക്കുന്നുവെന്നും ഉസ്താദ് പറയാറുണ്ടായിരുന്നു.
ഇടക്കിടെ വിദ്യാർത്ഥികളോട് ഓർമ്മപ്പെടുത്താറുള്ള ഒരു കാര്യവും കൂടി പറഞ്ഞ് നിർത്താം.
"എന്റെ വിശ്രമം ഖബ്റിലാണ്, അത് കൊണ്ട് എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെന്നോട് ചോദിച്ചു പഠിക്കാം - അത് രാത്രി 2 മണിക്കാണെങ്കിലും എന്നെ വിളിച്ചുണർത്തിക്കോളൂ. എനിക്ക് ഖബ്റിലേ വിശ്രമമുള്ളൂ..." - എന്ന് ഉസ്താദ് പറയാറുണ്ടായിരുന്നു.
ചിലപ്പോൾ പറയും: '" ഞാൻ ശമ്പളം വാങ്ങുന്നത് ദർസ് നടത്താനാണ്. അല്ലാതെ, ശമ്പളം വാങ്ങാൻ ദർസ് നടത്തുകയല്ല..." ദർസിൽ നിന്നും വേതനം കിട്ടിയില്ലെങ്കിൽ മറ്റു ജോലികൾക്ക് പോകേണ്ടിവരും. അപ്പോൾ തദ്‌രീസ് നടക്കില്ലല്ലോ.
إن الاشتغال بالعلم من أفضل للطلعات...
എന്നതിന് علم - ൽ മുഴുകിയതിനാൽ മറ്റുള്ളവയെല്ലാം മുടങ്ങിപ്പോകുന്ന അവസ്ഥ വരണം - അപ്പഴാണ് اشتغال ന്റെ അർത്ഥം പൂർണ്ണമാവുക - എന്ന് പഴയ ഉസ്താദുമാരുടെ വാക്ക് അന്വർത്ഥമാക്കി കൊണ്ട് തന്നെയായിരുന്നു ഉസ്താദിന്റെ ജീവിതം.
പടച്ചറബ്ബ് ഉസ്താദിനെയും നമ്മെയും നമ്മളോട് ബന്ധമുള്ളവരെയും നാളെ സുഖലോക സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
( തയ്യാറാക്കിയത്: അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫
Comments
Post a Comment