അവിടെ മുറിഞ്ഞിട്ട് തയമ്മും ചെയ്തതാ.. ഇനി ഇവിടെ മുറിവാക്കി തയമ്മും ചെയ്യേണ്ടതില്ല...

അവിടെ മുറിഞ്ഞിട്ട് തയമ്മും ചെയ്തതാ.. 
ഇനി ഇവിടെ  മുറിവാക്കി തയമ്മും ചെയ്യേണ്ടതില്ല... 

🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
    
    എടപ്പള്ളി അബൂബക്ർ മുസ്‌ലിയാർ ... 
കൂട്ടായിയിൽ നിന്നും വന്ന് എടപ്പള്ളിയിൽ ഒരുപാട് കാലം ദർസ് നടത്തി വലിയ പണ്ഡിതരെ സമ്മാനിച്ചവരാണവർ. മർഹൂം ഇ.കെ ഹസ്സൻ മുസ്‌ലിയാർ, മർഹൂം ചേലക്കര ഉസ്താദ്, പൊന്നുരുന്നി ഉസ്താദ് തുടങ്ങിയവരെല്ലാം അവരുടെ ശിഷ്യഗണങ്ങളാണ്. 

ഒരിക്കൽ പൊന്നുരുന്നി ഉസ്താദ് അന്നാട്ടിൽ ഖതീബായിരിക്കെ അവിടത്ത്കാർ ജുമുഅ:ക്ക് മുമ്പ് പ്രസംഗിക്കണമെന്ന് ആവശ്യപ്പെട്ടു. ഓരോരുത്തരുടെ മണ്ടയിലുദിക്കുന്ന ഓരോ കാര്യങ്ങളേയ്...
പള്ളിയുടെ കമ്മിറ്റിയിലോ മറ്റോ അംഗമായാൽ പിന്നെ ആ നാട് മുഴുവനും അവന്റെ ചെൽപ്പടിക്ക് താഴെയാണെന്നാ ചിലരുടെ ഭാവം. സമുദായത്തിന് കരുത്തുറ്റ ഒരു നേതാവ് എല്ലാ കാര്യത്തിലും നല്ലതാണ്, എന്നല്ല അത്യാവശ്യവുമാണ്. പക്ഷേ, അവനവന്റെ ശിങ്കിടികൾക്കൊത്ത് മുദർരിസ് - ഖതീബ്മാരുടെ മേൽ കൈവെക്കാൻ നോക്കുന്നതാ വല്യ പ്രശ്നം. അത് പക്ഷെ, അവരുടെ ഒരു മേൽക്കോയ്മയോ മറ്റോ കാണിക്കാനായിരിക്കും. അതൊന്നും അത്ര നല്ല ഏർപ്പാടല്ല. മരണാസന്ന നേരത്ത് കേടായി ഭവിച്ചേക്കാം. റബ്ബ് കാക്കട്ടെ. 
പറഞ്ഞു വരുന്നത് , അങ്ങനെ പ്രസംഗിക്കണമെന്ന ആവശ്യം പൊന്നുരുന്നി ഉസ്താദ് പക്ഷെ, അംഗീകരിച്ചില്ല. നാട്ടിൽ രണ്ട് ചേരി സ്വഭാവികമായും ഉടലെടുത്തു. പ്രശ്നമായി. പോലീസ് ഇടപെട്ടു. അവസാനം ഖതീബ് പറഞ്ഞു: "എന്റെ ഉസ്താദ് പറഞ്ഞാൽ ഞാൻ പ്രസംഗിച്ചോളാം..."
അങ്ങനെ അന്നാട്ടുകാർ എടപ്പള്ളി ഉസ്താദിനെ ചെന്ന് കാണുകയും നാട്ടിലെ സങ്കീർണമായി കിടക്കുന്ന പ്രശ്നത്തെക്കുറിച്ച് പറയുകയും ചെയ്തു. അങ്ങനെ അവർ പൊന്നുരുന്നിയിലെത്തി. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ എടപ്പള്ളി ഉസ്താദിന്റെ അദ്ധ്യക്ഷതയിൽ ചർച്ച നടന്നു. അങ്ങനെ ഉസ്താദ് നാട്ടിലെ മസ്വ് ലഹത് കണക്കിലെടുത്ത് ജുമുഅ:ക്ക് മുമ്പ് പ്രസംഗിക്കാനനുവദിച്ചു. 

മുസ്‌ലിമുകൾക്കിടയിലുള്ള മസ്വ് ലഹത് വളരെ ഗൗരവമായി കാണേണ്ടതാണ്. സൂറതുൽ ഹുജുറാതിൽ (സൂക്തം - 10 ) അല്ലാഹു തആലാ പറയുന്നത് അതാണല്ലോ. 

(إِنَّمَا ٱلۡمُؤۡمِنُونَ إِخۡوَةࣱ فَأَصۡلِحُوا۟ بَیۡنَ أَخَوَیۡكُمۡۚ وَٱتَّقُوا۟ ٱللَّهَ لَعَلَّكُمۡ تُرۡحَمُونَ) 

ഇവിടെ فَأَصۡلِحُوا۟ بَیۡنَ أَخَوَیۡكُمۡۚ എന്ന് أخ ന്റെ ദ്വിവചനമാണ് കൊണ്ട് വന്നത്. തൊട്ടു മുമ്പെല്ലാം ബഹുവചനം പറഞ്ഞ സ്ഥിതിക്ക് صيغة الجمع കൊണ്ടു വരാത്തതിനെ സംബന്ധിച്ച് (മറ്റു ചില ഖിറാഅതിൽ صيغة الجمع ആയിട്ട് വന്നിട്ടുണ്ട് ) തഫ്സീറുൽ കശ്ശാഫിൽ വിശദീകരിക്കുന്നുണ്ട്. രണ്ട് പേർക്കിടയിൽ തന്നെ مصلحة ചെയ്യണം എന്ന് വരുമ്പോൾ ഒരു കൂട്ടം മുസ്‌ലിമുകൾക്കിടയിൽ നിർബന്ധമായും صلح നടപ്പിലാക്കണം എന്ന് ആയതിൽ നിന്നും വ്യക്തമാവുന്നുണ്ട് എന്നതാണത്. 

ഈ അനുവാദം മണത്തറിഞ്ഞ എടപ്പള്ളിക്കാരിൽ ചിലർ ഉസ്താദിനെ സമീപിച്ചു കൊണ്ട് പറഞ്ഞു: "ഉസ്താദ് അവിടെ സമ്മതം കൊടുത്ത സ്ഥിതിക്ക് നമ്മുടെ നാട്ടിലും അങ്ങനെ പ്രസംഗിച്ചാലെന്താ...?"
ഉടനെ ഉസ്താദ്: " എടോ, അവിടെ മുറിഞ്ഞിട്ട് തയമ്മും ചെയ്തതാ,... ഇനി ഇവിടെ മുറിച്ചിട്ട് തയമ്മും ചെയ്യണ്ടാ.... ട്ടൊ... "
അതായത്, പ്രശ്നമുണ്ടായപ്പോ മസ്വ് ലഹത്തെന്ന നിലക്കാണല്ലോ അവിടെ, അത് ശരീരത്തിലേറ്റ മുറിവിനോട് സാദൃശ്യപ്പെടുത്തി പറഞ്ഞതാ. ഇനി ഇന്നാട്ടിൽ തുടങ്ങുന്നത് ശരീരം മുറിവാക്കി തയമ്മും ചെയ്യുന്നതു പോലെയാവും - എന്നാണ് ഉസ്താദ് ചെറിയ വാക്കിലൂടെ പറഞ്ഞു തരുന്നത്.
അതോടെ നാട്ടുകാർ അതിൽ നിന്നും പിന്മാറുകയാണുണ്ടായത്. ഈ സംഭവം പുക്കാട്ടിരി അബ്ദുല്ലാ മുസ്‌ലിയാരാണ് എന്നോട് പങ്കുവെച്ചത്. അവർക്ക് അല്ലാഹു ആഫിയത് പ്രധാനം ചെയ്യട്ടെ - ആമീൻ. 

ഇമാം ഖറാഫീ (റ) വിന്റെ വാക്ക് الفروق എന്ന കിതാബിൽ ഉദ്ധരിച്ചത് കാണാം: 

الإمام القرافي: “ولا تجمد على المسطور في الكتب طول عمرك بل إذا جاءك رجل من غير أهل إقليمك يستفتيك لا تُجرِه على عرف بلدك واسأله عن عرف بلده وأجره عليه، وأفته به دون عرف بلدك والمقرر في كتبك، فهذا هو الحق الواضح والجمود على المنقولات أبدا ضلال في الدين وجهل بمقاصد علماء المسلمين والسلف الماضين"

[الفروق: ١/١٧٧] 

ഓരോരുത്തരുടെയും നാടിന്റെയും ദീനീവിഷയങ്ങളിലെ നീക്ക് പോക്കുകൾ അനുസരിച്ച് വേണം കാര്യങ്ങൾ ചെയ്യാൻ എന്ന് സാരം. 

എടപ്പള്ളി ജുമുഅത്ത് പള്ളിയുടെ മുൻവശത്താണ് എടപ്പള്ളി ഉസ്താദ് അന്ത്യവിശ്രമം കൊള്ളുന്നത്.
അവരുടെയും നമ്മിൽ നിന്ന് മൺമറഞ്ഞ ഉസ്താദുമാരുടെയും ബന്ധുക്കളുടെയുമെല്ലാം ദറജകൾ റബ്ബ് ഉയർത്തിക്കൊടുക്കട്ടെ. അവന്റെ റഹ്‌മതും മഗ്ഫിറതും നൽകി അനുഗ്രഹിക്കട്ടെ. ആമീൻ. 

✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 

(തയ്യാറാക്കിയത്: അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )