പള്ളിപ്പുറം നേർച്ചയും; അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയും
പള്ളിപ്പുറം നേർച്ചയും;
അമ്പംകുന്ന് ബീരാൻ ഔലിയ ഉപ്പാപ്പയും
☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
പ്രിയ ഉസ്താദുമാരെ കുറിച്ചുള്ള അനുസ്മരണക്കുറിപ്പും കേരളത്തിലെ മുൻകാല ഉലമാഇന്റെ ചില ചരിതങ്ങളും ഈയിടെയായി എഴുതിയിരുന്നു. കൂട്ടത്തിൽ ഒരു എഴുത്ത് എന്റെ സ്വന്തം നാടായ പള്ളിപ്പുറത്തെ കുറിച്ചും കിടക്കട്ടെ.
'എന്റെ സ്വന്തം നാട്' എന്ന നിലയിൽ ഒരു നാടിനും നാട്ടുകാർക്കും ഇസ്‌ലാമികമായി വല്ല പോരിശയോ മറ്റോ ഇല്ല. പള്ളിയായി വഖ്ഫ് ചെയ്താൽ അത് അല്ലാഹുവിന്റെ ഭവനമായി എന്ന നിലക്ക് ബഹുമാനമുണ്ട്. ലോകത്തുള്ള എല്ലാ പള്ളികൾക്കും ഒരേ പദവിയിലുള്ള ഉന്നതിയാണ് അല്ലാഹു തആലാ പ്രഖ്യാപിച്ചിട്ടുള്ളത്. എങ്കിലും മൂന്ന് പള്ളികളെ പ്രത്യേകം ആദരവ് നൽകിയിട്ടുണ്ട്. അതിലേറ്റം ഉത്തമം വിശുദ്ധ മക്കയിലെ കഅ്ബ:യും മസ്ജിദുൽ ഹറാമുമാണ്. 'ഹറം' പ്രദേശം മുഴുവൻ വിശുദ്ധമായ പദവിയുള്ളതാണ്.
രണ്ടാം സ്ഥാനം മദീനയിലെ തിരുനബി (സ്വ) തങ്ങളുടെ പള്ളിക്കും അതിനു ചുറ്റുമുള്ള ഹറമിനുമാണ്. തിരുദൂതർ (സ്വ) തങ്ങൾ മദീന:യിലേക്ക് ഹിജ്റ: വരണമെന്നും അവിടുത്തെ ഖബ്റുശ്ശരീഫ് ആ മണ്ണിൽ തന്നെയാവണമെന്നും അല്ലാഹു തആലാ മുന്നേ തീരുമാനിച്ചത് അവന്റെ (തആലാ) ഇഷ്ടക്കനിക്ക് (സ്വ) പ്രത്യേകം ആദരവുണ്ടെന്ന് മറ്റു സൃഷ്ടികളെ പഠിപ്പിക്കാനാണെന്ന് കിതാബുകളിൽ കാണാം. അതായത് 'മദീന:' എന്ന നാടിന്റെ മഹത്വം തിരുനബി (സ്വ) തങ്ങളെക്കൊണ്ട് മാത്രം കിട്ടിയതാണ്. അങ്ങനെ ഹിജ്റ: സംഭവിച്ചിട്ടായിരുന്നെങ്കിൽ, അവിടുത്തെ ഖബ്റുശ്ശരീഫ് മക്ക:യുടെ മണ്ണിൽ തന്നെ ആയിരുന്നെങ്കിൽ തങ്ങളുടെ (സ്വ) പ്രത്യേകത വെളിപ്പെടുകയില്ലായിരുന്നു.
മൂന്നാമത് മസ്ജിദുൽ അഖ്സ്വായാണ്. ഈ മൂന്ന് പള്ളികൾക്കും മറ്റുപള്ളികളേക്കാൾ പുണ്യമുണ്ട്. ഇതിനു പുറമെ സൃഷ്ടിപ്പിൽ തന്നെ മൗഖൂഫായി പ്രഖ്യാപിക്കപ്പെട്ട 'അറഫ:' , 'മിനാ' 'മുസ്ദലിഫ:' തുടങ്ങിയ ഹജ്ജുമായി ബന്ധപ്പെട്ട സ്ഥലങ്ങൾക്കും പോരിശയുണ്ട്. അത് കൊണ്ടാണ് അവിടങ്ങളിൽ إحياء ചെയ്ത് അധീനപ്പെടുത്തലും എടുപ്പുകൾ പണിയലും നിഷിദ്ധമായത് (തുഹ്ഫ: 6/210-211) വല്ലവനും അവിടെ വീടുകളോ മറ്റോ പണി കഴിപ്പിച്ചാൽ തന്നെയും അത് വാടകക്ക് കൊടുക്കാനോ വഖ്ഫ് ചെയ്യാനോ പറ്റില്ല. പെട്ടെന്ന് തന്നെ പൊളിക്കപ്പെടേണ്ടതാണ്. ആരാധനക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട ഉത്തമ സ്ഥലങ്ങളായത് കൊണ്ടാണത്.
ഇതിനു പുറമെ 'ഹിജാസ്' എന്ന ദേശത്തിനാകമാനം ഒരു വിശുദ്ധിയുണ്ട്. മക്ക:, മദീന:, യമാമ: എന്നീ പ്രദേശങ്ങളും അതിനോട് ചേർന്ന് കിടക്കുന്ന ത്വാഇഫ്, ജിദ്ദ:, ഖൈബർ, യൻബുഅ് തുടങ്ങിയവയും ഉൾപെടുന്ന ഏരിയയാണത് (തുഹ്ഫ: 9/281).
മുകളിൽ വിവരിച്ച ഈ സ്ഥലങ്ങൾക്കല്ലാതെ മറ്റൊരിടത്തിനും ശ്രേഷ്ഠത പറയാനൊക്കില്ല. പക്ഷേ, നബിമാരുടെയോ സ്വാലിഹീങ്ങളുടെയോ ശുഹദാക്കളുടെയോ ഓരം ചേർന്ന് കിടക്കുന്ന സ്ഥലങ്ങൾക്ക് അവരുടെ ബറകത് ലഭിച്ചിട്ടുണ്ടാകും എന്ന നിലക്ക് ആദരിക്കപ്പെടേണ്ടതാണ്. അതിന് പെരുത്ത് പുണ്യം ലഭിക്കുകയും ചെയ്യും. മസ്ജിദുൽ അഖ്സായുടെ ചുറ്റും ബറകത് ഉണ്ടായത് റബ്ബിന്റെ ഇഷ്ടക്കാരായ അമ്പിയാഇന്റെയും മറ്റ് സജ്ജനങ്ങളുടെയും ഖബ്റുകൾ ഉണ്ടായത് കൊണ്ടാണെന്ന്
( سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ لِنُرِیَهُۥ مِنۡ ءَایَـٰتِنَاۤۚ )
എന്ന ആയതിന്റെ തഫ്സീറിൽ ഇമാം ഖുർത്വുബി(റ)യും, ഇമാം റാസി(റ)യും പറയുന്നുണ്ട്. മഹാന്മാരുടെ ശരീരത്തിനോട് ചേർന്നുള്ള മണ്ണ് എന്നതിനാലാണ് ആ ബറകത്. 'മഹാന്മാരുടെ ഖബ്ർ' - എന്ന് കേൾക്കുമ്പഴേക്ക് ഹാലിളകുന്ന തലക്ക് വെളിവില്ലാത്ത ഒരു ടീമുണ്ട്. മറ്റാരേക്കാളും മതത്തെക്കുറിച്ച് കൂടുതൽ അറിവുള്ളവരാണ് ഞങ്ങൾ - എന്നാണ് ആ സാധുക്കളുടെ തോന്നൽ. സൂക്ഷ്മാലുക്കളായി പരിശുദ്ധ ജീവിതം നയിച്ച ഇമാമുമാർക്കൊന്നും അറിയാത്തത് ഈയടുത്ത് മോളീന്ന് കിട്ടിയതായിരിക്കും അവർക്ക് ഇത്തരം ഉഡായിപ്പുകൾ, ഹല്ല പിന്നെ !
ബറകതുള്ളതിനെ തൊട്ടതിനും ബറകതുണ്ടാകും. അത് കൊണ്ടാണല്ലോ ത്വവാഫിനിടയിൽ ഹജറുൽ അസ്‌വദ് ചുംബിക്കാൻ കഴിയാത്തവർക്ക് അതിനെ വെച്ച സ്ഥലത്തിനെ ചുംബിക്കുകയോ അല്ലെങ്കിൽ അതിനെ കൈ കൊണ്ട് തൊട്ട് മുത്തുകയോ അതിന് സാധിച്ചില്ലെങ്കിൽ കൈയിലുള്ള വടി കൊണ്ട് തൊട്ട് മുത്തുകയോ ചെയ്യണം എന്ന് പറഞ്ഞത് (തുഹ്ഫ: 4/84).
നബിമാർ ഇബാദത് ചെയ്തത്, വഹ്‌യുകൾ ഇറങ്ങിയത് എന്നതിനാലുമാണ് ബറകതുണ്ടായത് എന്നും പ്രസ്തുത ആയതിന്റെ തഫ്സീറുകളിൽ കാണാം. ചുരുക്കത്തിൽ മഹാന്മാരുമായി ബന്ധപ്പെട്ട് കിടക്കുന്നതിനെല്ലാം അല്ലാഹു തആലാ ബറകത് നൽകിയിട്ടുണ്ട്. അത് തന്നെയാണ് നമ്മുടെയെല്ലാം ഏക ആശ്രയവും ആശ്വാസവും. അങ്ങനെ വരുമ്പോൾ എന്റെ നാടിനുമുണ്ട് അഭിമാനിക്കാവുന്ന വിശേഷണം. എന്താണെന്നല്ലേ, പറയാം:
എന്റെ നാട് - പള്ളിപ്പുറത്ത് വളരെ ജോറിൽ നടന്ന് വന്നിരുന്ന ഒരു നേർച്ചയുണ്ടായിരുന്നു. റബീഉൽ അവ്വൽ നേർച്ച. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ്, വെള്ളില, പടിഞ്ഞാറ്റുമുറി, വള്ളിക്കാപറ്റ തുടങ്ങി പരിസര പ്രദേശങ്ങളിൽ നിന്നെല്ലാം ആളുകൾ വന്നിരുന്ന പ്രസിദ്ധമായ നേർച്ചയായിരുന്നു അത് (അന്ന് പള്ളിപ്പുറം മഹല്ല് ഇന്നത്തെ പോലെ ചെറിയതല്ല.വള്ളിക്കാപറ്റ , വെള്ളില, കുളപ്പറമ്പ്, പെരിന്താറ്റിരി, പടിഞ്ഞാറ്റുമുറി, ക്ഷീരക്കുഴി, പട്ടീപറമ്പ് തുടങ്ങിയ സ്ഥലങ്ങളെല്ലാം ഉൾപെട്ട വലിയ മഹല്ലായിരുന്നു. അപ്പോൾ അവിടുന്നെല്ലാം ആളുകൾ വരാതിരിക്കില്ലല്ലോ). 250 - തിലധികം പറ അരികൊണ്ടുള്ള ചോറും ഇരുപതോളം കന്നുകളെ അറുത്തും ഭക്ഷണമുണ്ടാക്കി വിളമ്പുന്ന ഗംഭീര നേർച്ച !
അങ്ങനെയിരിക്കെയാണ് രണ്ടാം ലോക മഹായുദ്ധമുണ്ടായത്. അതോടെ റേഷൻ നിലക്കുകയും ചെയ്തു. നേർച്ചയുടെ സമയമായപ്പോൾ കൊടും വരൾച്ചയും. അരിയുടെ ലഭ്യതയിൽ ഗണ്യമായ കുറവ് വന്നെങ്കിലും ബറകതിന് വേണ്ടി ഉള്ളതിനനുസരിച്ച് നേർച്ച നടത്താൻ തന്നെ നാട്ടിലെ കാരണവർമാർ തീരുമാനിച്ചു.
അങ്ങനെ അരി കിട്ടിയത് വെറും 23 പറ മാത്രം ! 250 എന്ന തോതിൽ നിന്നും 23 ലേക്ക് കുറഞ്ഞിരിക്കുന്നു. അതിനനുസരിച്ച് കുറഞ്ഞ മാംസവും ശേഖരിച്ച് ഭക്ഷണം തയ്യാർ ചെയ്തു.
'ഡ്രൈവർ കുഞ്ഞുകാക്ക' യുടെ വീടിന്റെ കോലായിലാണ് ചോറ് വെച്ച് കൂമ്പാരമാക്കിയത്. വരുന്നവർക്ക് അവിടുന്നാണ് വിളമ്പി കൊടുക്കുക. അന്ന് പക്ഷേ, ടോക്കൺ സിസ്റ്റമൊന്നുമില്ല ട്ടൊ. വന്നവർക്കെല്ലാം പാത്രം നിറയെ വിതരണം ചെയ്യുന്ന രീതിയാണ്. ഒരു വീട്ടിൽ നിന്ന് എത്ര പേർ വന്നാലും കയ്യിലുള്ള പാത്രം നിറയെ കിട്ടും.
നോക്കുമ്പോഴതാ - നേർച്ചക്ക് വൻ ജനാവലി തന്നെ വന്നിരിക്കുന്നു. വറുതിയുടെ കാലമായത് കൊണ്ട് ഭക്ഷണം എല്ലാർക്കും വേണം. എന്നല്ല, സാധാരണത്തേതിലും കൂടുതൽ ജനങ്ങൾ. കാരണവർമാർ സ്തംഭിച്ചു! എന്ത് ചെയ്യും?
തുലോം വരുന്ന ചോറ് ഈ കണ്ട ജനങ്ങൾക്കെല്ലാം കൂടി എങ്ങനെ വിതരണം ചെയ്യാനാ?
ഇങ്ങനെ വിഷമിച്ചിരിക്കുമ്പഴാണ് ഒരു വാർത്ത അവിടെ പരന്നത്.
"മടത്തിലെ ഇടവഴിയിലൂടെ അമ്പംകുന്ന് ബീരാൻ ഉപ്പാപ്പയും കുറച്ചാളുകളും വരുന്നുണ്ട് പോലും.."
കേൾക്കേണ്ട താമസം. കാരണവർമാർ അങ്ങോട്ടോടി. ജനത്തിരക്ക് കാരണം അങ്ങോട്ട് വരാൻ പാട് പെട്ട് നിൽക്കുകയാണ്. അങ്ങനെ ജനങ്ങളെ വകഞ്ഞു മാറ്റി അൽപം പ്രയാസപ്പെട്ടാണെങ്കിലും ചോറ് കൂട്ടിയ സ്ഥലത്തേക്ക് മഹാനരെ ഭവ്യാദരവുകളോടെ കൊണ്ടുവന്നു.
ഓർ അൽപം ചോറ് ചെറിയൊരു പാത്രത്തിലെടുക്കാൻ പറഞ്ഞു. വരുന്നവർക്ക് ചോറ് കുത്തി കൊടുക്കാൻ (വിളമ്പി കൊടുക്കുന്നതിന് പഴയ കാലത്ത് ഇങ്ങനെ പറഞ്ഞിരുന്നു) നിൽക്കുന്ന അണ്ടിക്കാടൻ അഹ്‌മദ്കുട്ടി കാക്ക ഒരു കുത്ത് ചോറെടുത്ത് മഹാനരുടെ മുന്നിലേക്ക് നീട്ടി കൊടുത്തു. ഓർ അതിലേക്ക് ദിക്റുകൾ ചൊല്ലി മന്ത്രിച്ചു. എന്നിട്ട് പറഞ്ഞു: "ഇത് ഭക്ഷണക്കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പൂഴ്ത്തി വെച്ചോളി .. അതിൽ നിന്ന് കുറച്ച് ഇറച്ചി ചെമ്പിലേക്കും ഇട്ടോളി.... ഇനി എല്ലാ പ്രാവശ്യവും വിളമ്പും പോലെ വിളമ്പാം ... "
മഹാന്റെ കറാമതിന് അവിടെയുള്ളവരെല്ലാം ദൃക്സാക്ഷികളായി! അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തിന് മുഴുവൻ ആ ചോറ് വിളമ്പി. അണ്ടിക്കാടൻ അഹ്‌മദ് കുട്ടി കാക്ക ഇന്നും ജീവിച്ചിരിപ്പുണ്ട്. മഹാനർക്ക് മന്ത്രിക്കാൻ പാത്രം തന്റെ കൈ കൊണ്ട് പിടിച്ച് കൊടുക്കാൻ പറ്റിയ ഭാഗ്യം ഇന്നും അദ്ദേഹം സ്മരിക്കാറുണ്ട്. അദ്ദേഹം ഈ സംഭവം എനിക്ക് വിവരിച്ച് തന്നപ്പോ പറയാണ് : " എവിടുന്നാണ് ചോറ് പൊട്ടി വരുന്നത് എന്നറിയുന്നില്ല. എല്ലാർക്കും പാത്രം നിറയെ കൊടുത്തിട്ടും ചോറ് ബാക്കി തന്നെ.. പിന്നെ വിളമ്പുന്ന ഞങ്ങളും മറ്റ് പണിക്ക് നിന്നിരുന്നവരും ബാക്കി വന്ന ചോറ് ഏറ്റിക്കൊണ്ടുപോവുകയാണ് ചെയ്തത് ..." നാട്ടിലുള്ള പലരിൽ നിന്നും ഈ ചരിത്രം ഞാൻ കേട്ടിട്ടുണ്ട്.
ഖൻദഖ് കിടങ്ങ് കുഴിക്കുന്ന സമയം. വിശപ്പ് സഹിക്കവെയ്യാതെ വയറിന്മേൽ ചിലർ കല്ല്കെട്ടിയിരിക്കുന്നു. മുത്ത്നബി (സ്വ) തങ്ങളുടെയും സഹചരുടെയും ഈ അവസ്ഥ കണ്ട് ജാബിർ (റ) വിന് വല്ലാണ്ടായി. വേഗം വീട്ടിലേക്ക് ചെന്ന് ഭാര്യയോട് എന്തെങ്കിലും ഭക്ഷണമുണ്ടോന്ന് ചോദിച്ചു.
" ഇവിടെ വളരെ കുറച്ച് ഗോതമ്പ് പൊടി മാത്രമേയുള്ളൂ ... " - പ്രിയതമ പറഞ്ഞു.
തിരുനബി (സ്വ) തങ്ങൾക്ക് ഭക്ഷണമുണ്ടാക്കാനാണെന്ന് പറഞ്ഞപ്പോ മഹതി പരിഭവപ്പെട്ട് പറഞ്ഞു: "ഇത്രേം കുറഞ്ഞ ഭക്ഷണം തയ്യാർ ചെയ്ത് എന്നെ തിരുനബി (സ്വ) യുടെ മുന്നിൽ വഷളാക്കരുത് ...." ജാബിർ (റ) സമാധാനിപ്പിച്ചു. ഒരു ആട്ടിൻ കുട്ടിയെ അറുത്ത് പാകം ചെയ്യാനാവശ്യപ്പെട്ട് ഖൻദഖിലേക്ക് തിരിച്ചു. എന്നിട്ട് തിരുനബി (സ്വ) തങ്ങളോട് സ്വകാര്യത്തിൽ പറഞ്ഞു: "യാ റസൂലല്ലാഹ്, അങ്ങേക്കും കൂടെ ഒന്ന് രണ്ട് പേർക്കും ഞാൻ ഭക്ഷണം റെഡിയാക്കുന്നുണ്ട്. അങ്ങ് വന്നാലും ... "
ഇത് കേൾക്കേണ്ട താമസം, തിരുനബി (സ്വ) തങ്ങൾ എല്ലാവരോടുമായി പറഞ്ഞു:
"സ്വഹാബാ, ജാബിർ നമുക്ക് ഭക്ഷണം തയ്യാറാക്കിയിരിക്കുന്നു..."
ജാബിർ (റ) അൽഭുതപ്പെട്ടു. അഞ്ചിൽ കുറഞ്ഞ പേർക്കുളള ഭക്ഷണം ആയിരത്തോളം വരുന്ന സ്വഹാബതിന് എങ്ങനെ കൊടുക്കും...? തന്റെ വേവലാതി മനസ്സിലാക്കിയ റസൂൽ (സ്വ) തങ്ങൾ പറഞ്ഞു: " ഞാൻ വരുന്നത് വരെ പാത്രം അടുപ്പത്ത് നിന്നും ഇറക്കരുത്. കുഴച്ച മാവ് അങ്ങനെതന്നെ ഇരിക്കട്ടെ, റൊട്ടി ഉണ്ടാക്കാനും തുടങ്ങരുത് ... "
കിട്ടിയ വിവരവുമായി പ്രിയതമയുടെ അടുത്തേക്കോടി. വിവരങ്ങൾ പറഞ്ഞു. അവർ അപ്രകാരം തന്നെ ചെയ്തു.
അങ്ങനെ തിരുനബി (സ്വ) തങ്ങൾ വരികയും അവിടുത്തെ ശറഫായ ഉമിനീർ കലർത്തുകയും ചെയ്തിട്ട് റൊട്ടിയുണ്ടാക്കാനും വിളമ്പാനും ആവശ്യപ്പെട്ടു. അവിടുത്തെ മുഅ്ജിസതിനാൽ അഞ്ച് പേർക്കുള്ള ഭക്ഷണം ആയിരത്തോളം പേർ മതിവരുവോളം ഭക്ഷിച്ചു. ഈ സംഭവം ഇമാം ബുഖാരി (റ) സ്വഹീഹിൽ (ഹദീസ് നമ്പർ: 4102) ഉദ്ധരിച്ചത് കാണാം.
ഖുർആൻ, മിഅ്റാജ് അല്ലാത്ത എല്ലാ മുഅ്ജിസതുകളും ഔലിയാഇൽ നിന്ന് കറാമതായി സംഭവിക്കാം. ഔലിയാഇൽ നിന്നുള്ള കറാമതുകൾ അത് നബിയുടെ മുഅ്ജിസതുകൾ അവരിലൂടെ പ്രകടമാവുകയാണ് ചെയ്യുന്നത് (ശറഹുൽ അഖാഇദ് - 94 )
മഹാന്മാരെ സ്നേഹിക്കുന്ന നല്ലവരിൽ പടച്ചവൻ നമ്മെ ഉൾപെടുത്തി അനുഗ്രഹിക്കട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
( തയ്യാറാക്കിയത് : അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫
Comments
Post a Comment