പാവം മനുഷ്യർ !
പാവം മനുഷ്യർ !
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
മൂന്ന് സ്ത്രീകൾ നിസ്കരിച്ച കഥ കേട്ടിട്ടുണ്ടോ? മൂവരും ഒരുമിച്ചാണ് നിസ്കരിക്കുന്നത്. അവർക്ക് മുമ്പിലൂടെ യാതൊരു കൂസലുമില്ലാതെ ഒരു പാവം പൂച്ച കടന്നു പോയി. ഇത് കണ്ട ഒരുത്തി: "അതാ... പൂച്ച!" - എന്ന് പറഞ്ഞു. അപ്പോൾ രണ്ടാമത്തവൾ: "നിസ്കരിക്കുമ്പോ മിണ്ടാൻ പാടില്ല പെണ്ണേ..." ഇതെല്ലാം കേട്ട മൂന്നാമത്തെവൾ: "അതല്ലേ ഞാൻ മിണ്ടാതിരിക്കുന്നത് ...!"
അങ്ങനെ എല്ലാരുടെ നിസ്കാരവും കൊളമായി, അല്ലാതെന്താ .
ഇതിലെ ഒന്നാമത്തെവൾ പാവമാണ്, വിവരമില്ല. ആ രണ്ടാമത്തവളുണ്ടല്ലോ, ഒരു ഉപദേശകി. അവളുടെ കരണക്കുറ്റി നോക്കി ഒന്ന് കൊടുക്കണം. ഹല്ല പിന്നെ. 'മിണ്ടരുത്' എന്ന് പറയുന്നതും ഒരു സംസാരമാണെന്ന് അറിയാൻ മാത്രം വെളിവില്ലേ? മൂന്നാമത്തവളെ എന്ത് ചെയ്യണമെന്നറിയില്ല. നിങ്ങൾ തീരുമാനിച്ചോളിം.
രണ്ടാമത്തവളെപ്പോലെ ഒരു കൂട്ടം ആളുകളുണ്ട് ഈ ദുൻയാവിൽ. അതായത് - 'സംസാരിക്കരുത്' എന്ന് പറഞ്ഞുകൊണ്ടിരിക്കുമ്പോഴും താൻ സംസാരിക്കുന്നവനാണ് എന്നറിയാത്ത മന്ദബുദ്ധികൾ ! അവർക്ക് സപ്പോർട്ടടിച്ചു കൊണ്ട് ഞെളിയുന്ന മൂന്നാമത്തെ പെണ്ണിനെ പോലെ വേറെ ചിലരും.
#ജമീൽ_അബൂ_അംറ് (മരണം - ഹി: 82) എന്ന കവി പാടിയ പോലെ:
لَا لاَ أَبوحُ بَحُبّ بَثنةَ إنها # أَخَذَت عليّ مواثقا وعهودا.
" 'ബസ്ന:' യോടുള്ള എന്റെ പ്രേമം ഞാനൊരിക്കലും തന്നെ വെളിപ്പെടുത്തില്ല. കാരണം, പ്രേമം മറച്ചുവെക്കാൻ അവളെന്നോട് കരാർ ചെയ്തിട്ടുണ്ട്.."
ഈ കാമുകൻ മരമണ്ടൻ തന്നെ ! 'ഞാനത് പുറത്ത് പറയില്ല' എന്ന് പറയുമ്പോൾ തന്നെ അത് പരസ്യമായില്ലേ !
ഇത് പോലെ തന്നെയാണ് 'ദൈവമില്ലാ' എന്ന് നാഴികക്ക് നാൽപത് വട്ടം പറയുമ്പോഴെല്ലാം അതിനർത്ഥം ലോകത്തിന് ഒരു സ്രഷ്ടാവുണ്ട് എന്നാണ്.
വീഴാറായ മതിൽ നമ്മോടു വിളിച്ചു പറയുന്നുണ്ടല്ലോ - "എന്നെ ശരിയാക്കിക്കോളി, ഇല്ലെങ്കി ഞാൻ അൽപ സമയത്തിനകം നിലം പതിക്കും ... " - എന്ന്. അറബിയിൽ 'نطق الحال' എന്ന് പറയുന്നത് ഇത്തരം സാഹചര്യ സന്ദേശങ്ങളെക്കുറിച്ചാണ്. ഇതേ പ്രകാരം
'ദൈവമില്ലാ' - എന്ന് പറയാനാവശ്യമായ ആ നാവും അതിനു ചുറ്റുമുള്ള ഭാഗങ്ങളും ആ നാവ് പ്രത്യേക രൂപത്തിൽ ചലിപ്പിച്ച് ചങ്കിൽ നിന്നും ശബ്ദം വരുന്നതും ഇതിനാവശ്യമായ ഊർജ്ജവും അറിവും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളെല്ലാം സംവിധാനിച്ചത് പ്രപഞ്ച സ്രഷ്ടാവായ 'അല്ലാഹു' ആണല്ലോ. എന്ന് വരുമ്പോ ആ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് ഏതൊരു ശബ്ദം വരുത്തിയാലും ആ റബ്ബിനെ ഓർമിപ്പിക്കുന്നു - അടയാളപ്പെടുത്തുന്നു. വീഴാറായ മതിലിന്റെ അറിയിപ്പ് പോലെ ഇവന്റെ 'ദൈവമില്ലാ' എന്ന അലറലും സ്രഷ്ടാവിനെ സാക്ഷ്യപ്പെടുത്തുന്നു.
തേങ്ങയിൽ നിന്ന് വെളിച്ചെണ്ണയുണ്ടാക്കുന്ന മെഷീൻ കണ്ടിട്ടില്ലേ? ഒരു ഭാഗത്ത് പിണ്ണാക്കും മറ്റൊരു ഭാഗത്ത് വെളിച്ചെണ്ണയായും അത് വേർതിരിയുന്നു. ആ പ്രവർത്തനം ബാഹ്യമായ ഒരു ശക്തികൊണ്ടല്ലേ? അത് സ്വയം എണ്ണയായി മാറുന്നില്ലല്ലോ. എന്ന പോലെ നിന്റെ ഇത്തിരിപ്പോന്ന ശരീരത്തിനുള്ളിൽ എന്തെല്ലാം നടക്കുന്നു ? വായിലൂടെ ഭക്ഷണം ഉള്ളോട്ട് അയച്ചാൽ മതി. അതിലെ ആവശ്യഘടകങ്ങളെല്ലാം ശരീരത്തിന്റെ വിവിധ അവയവങ്ങളിലേക്ക് മാറി വേയ്സ്റ്റ് പുറത്തേക്ക് തള്ളുന്നു. വളരെ കൃത്യമായ പ്ലാനിങ്ങോടെ നിർമ്മിക്കപ്പെട്ട ഈ 'യന്ത്രം' ചലിക്കുന്നത് സ്വയമാണെന്നും അതിനു പിന്നിൽ ഒരുവന്റെയും ശക്തിയില്ലെന്നും വിശ്വസിക്കാൻ എങ്ങനെ ധൈര്യം വരുന്നു ? ബാക്കി എല്ലാ മെഷിനറീസും പ്രവർത്തിക്കുന്നത് ബാഹ്യമായ ഒരു ഊർജ്ജം കിട്ടിയെങ്കിൽ മാത്രമാണെന്ന് ഇവർ വിശ്വസിക്കുന്നുണ്ട് താനും!
കോടാനുകോടി മനുഷ്യരുടെയെല്ലാം ഫിംഗർ പ്രിന്റ് വ്യത്യസ്തമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു... അവരുടെ ശബ്ദവും കണ്ണുകളും വ്യത്യസ്തമാണ്... എന്നാൽ മനുഷ്യ നിർമ്മിത ഫാക്ടറികൾ എല്ലാം ഒരുപോലെയുള്ള സാധനങ്ങളല്ലേ പുറന്തള്ളുന്നത്? ബിസ്കറ്റ്, വീട് മേയാനുള്ള ഓട് തുടങ്ങി എല്ലാം ഒരേ മോഡലിലാണ് ഒരു കമ്പനി പുറത്ത് വിടുന്നത്.
കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും കിട്ടുന്ന പ്രോട്ടീനുകളും മറ്റു ഘടകങ്ങളെല്ലാം ഒരുപോലെയല്ലേ എല്ലാ രോമങ്ങൾക്കും കിട്ടുന്നത്? എന്നിട്ടെന്താ നിന്റെ താടിയും മുടിയുമെല്ലാം വളരുന്ന പോലെ കൺ പീലി വളരാത്തത് ?
എന്നും കൗതുകമായി നില നിൽക്കുന്ന നിന്റെ രണ്ട് കണ്ണുകളെക്കുറിച്ചും നാവിനെപ്പറ്റിയും ചിന്തിച്ചിട്ടുണ്ടോ ? - എന്ന് ഖുർആൻ ചോദിക്കുന്നുണ്ട് (സൂറ: അൽ ബലദ് - 8,9).
(أَلَمۡ نَجۡعَل لَّهُۥ عَیۡنَیۡنِ وَلِسَانࣰا وَشَفَتَیۡنِ)
ശരീരത്തിലെ കേൾവി സാധ്യമാകുന്ന ചെവി, മണത്തറിയാൻ കഴിയുന്ന മൂക്ക് - ഇവയെ പറ്റിയൊക്കെ ചിന്തിച്ചിരുന്നോ?
ഒരു മൈക്ക് സ്റ്റാന്റ് കുത്തനെ നിർത്താൻ അതിനടിയിൽ ഘടിപ്പിച്ച സാധനം നോക്കൂ.. കനം കുറഞ്ഞ ഒരു തണ്ട് നിർത്താനാണ് അത്രയും പരന്ന ഭാഗം. എന്നാൽ തിരിയാനും മറിയാനും, ഓടാനും ചാടാനുമെല്ലാം കഴിയുന്ന ശരീരത്തിന് പരപ്പ് കുറഞ്ഞ ഇരുകാലുകൾ മാത്രം മതി!
ഇങ്ങനെ തുടങ്ങി ഒരു പ്രപഞ്ചത്തിന് തന്നെ സമാനമായ കാര്യങ്ങളാണ് നിന്റെ ശരീരത്തിന്റെ പുറത്തും അകത്തുമായി സംവിധാനിച്ചിട്ടുള്ളത്. ഇത്രയെല്ലാം അറിയുമ്പോഴാണ് ഖുർആൻ പറയുന്നതിന്റെ ആഴം കുറച്ചെങ്കിലും മനസ്സിലാവുക(സൂറ: അദ്ദാരിയാത് 21) :
(وَفِیۤ أَنفُسِكُمۡۚ أَفَلَا تُبۡصِرُونَ)
ഉൾക്കാഴ്ചയുള്ളവർ ചിന്തിക്കുന്നില്ലേ ? - എന്നാണ് ചോദിക്കുന്നത്. ബാഹ്യമായ കണ്ണ് ഉള്ളവരോടല്ല ഈ ചോദ്യം. കാണേണ്ടതിനെ കാണാത്ത കണ്ണുണ്ടായിട്ടെന്താ കാര്യം?
നുബാതിയ്യ: ഖുതുബ:യിലും ഇതേക്കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത് -
يا ابن آدم، أعجبك العجب! وأنت أعجب مما أعجبك..
"മനുഷ്യാ, നീ ബാഹ്യമായ അൽഭുതങ്ങളിൽ കണ്ണും നട്ടിരിക്കുന്നത്, അതിലേറെ അൽഭുതപ്പെടുത്തുന്ന നിന്റെ ശരീരത്തെ കുറിച്ച് ചിന്തിക്കാതെയാണല്ലോ!.."
അങ്ങനെ എല്ലാ ചലനങ്ങളും നമ്മെ റബ്ബിനെ ഓർമ്മിപ്പിക്കുന്നതായെങ്കിൽ എത്ര ധന്യം ഈ ജീവിതം!
അത് കൊണ്ട് തന്നെ അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളിലെ "الظاهر" എന്നതിനർത്ഥം 'ചിന്തിക്കുന്നവർക്ക് പ്രകടമായി തന്നെ മനസ്സിലാക്കാൻ കഴിയുന്നവൻ' എന്നാണ്. "الباطن" എന്നാൽ 'ഉൾക്കാഴ്ചയില്ലാത്തവർക്ക് അറിയാൻ കഴിയാതെ, മറഞ്ഞ് കിടക്കുന്ന ശക്തൻ' എന്നും.
നട്ടുച്ചക്ക് ഒരുത്തൻ പറയാ: "ഇപ്പോൾ രാത്രിയാണെന്ന് ഞാൻ വിശ്വസിക്കുന്നു..." ഇമ്മാതിരി ആളുകളോട് ആരും തർക്കിക്കാനോ മറുപടി പറയാനോ നിൽക്കാറില്ല. എന്ന പോലെ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവ് വേണമെന്ന് അംഗീകരിക്കാത്തവനെ ഖുർആൻ തീരെ മൈന്റ് ചെയ്തിട്ടില്ല. ജൂത - കൃസ്ത്യാനികൾ, ബഹുദൈവ വിശ്വാസികൾ, ബിംബാരാധകർ തുടങ്ങിയവരെ പലവിധേന ആവർത്തിച്ച് ഖണ്ഡിച്ചപ്പോൾ ഇവരെ ഒരൊറ്റ പ്രാവശ്യം പരാമർശിച്ചെന്നേയുള്ളൂ. (സൂറ: അൽ ജാസിയ: - 24 )
( وَمَا یُهۡلِكُنَاۤ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَ ٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا یَظُنُّونَ)
ഒരു സ്രഷ്ടാവ് കൂടിയേ തീരൂ എന്നത് അത്രക്കും തെളിഞ്ഞ സത്യമാണ്. അതിനെ നിഷേധിക്കുന്നവരോട് പിന്നെന്ത് പറയാൻ എന്ന നിലയിലാണത്.
അപ്പോൾ '.. ഇല്ലാ' എന്ന് ഓരിയിടുന്നവൻ ഉപ്പാനെ കണ്ട് ഉറക്കമഭിനയിച്ച് കിടന്ന മണ്ടൂസിനെപ്പോലെയാണ്. ഉപ്പ വിളിച്ചപ്പോ അവൻ കണ്ണ് ഇറുക്കിപ്പിടിച്ച് പറയുന്നുണ്ട്: "ഉപ്പാ.. ഞാൻ ഉറങ്ങുകയാണ്... " - അതായത് 'ഞാൻ ഉറങ്ങുകയല്ല' എന്നാണ് സാരം. 'നിസ്കാരത്തിൽ മിണ്ടരുത്' എന്ന് അവൾ പറയുമ്പോഴും - അവൾ സംസാരിക്കുന്നുണ്ട് എന്ന യാഥാർത്ഥ്യം മനസ്സിലാക്കിയേ പറ്റൂ...
.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
.
Comments
Post a Comment