മർഹൂം കടുങ്ങല്ലൂർ ഉസ്താദ് (അനുസ്മരണക്കുറിപ്പ് )
📝
മർഹൂം - കടുങ്ങല്ലൂർ ഉസ്താദ്🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
".... ങ്ങളെ ഉസ്താദിനെ മുമ്പേ എല്ലാരും 'സീബവൈഹി' എന്നാ വിളിക്കല്. എന്താ അങ്ങനെ വിളിക്ക്ണത് എന്നൊന്നും ഇൻക്കറീല. ഞങ്ങളും അങ്ങനെ തന്നെയാ വിളിച്ചീനത്...."
കക്കാട് ദർസിൽ എപ്പോഴും ജമാഅതിന് വരാറുണ്ടായിരുന്ന, മുതഅല്ലിമുകളോട് നല്ല സ്നേഹമുള്ള അഹ്‌മദ് കുട്ടി ഹാജി ഒരിക്കൽ ഉസ്താദിനെക്കുറിച്ച് എന്നോട് പറഞ്ഞതാണിത്. വജ്ഹുത്തസ്മിയത് മൂപ്പർക്ക് അറിയില്ലെങ്കിലും വിദ്യാർത്ഥികളായ ഞങ്ങൾക്ക് അത് ശരിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. വിശദീകരിക്കാം.
കടുങ്ങല്ലൂർ_അബ്ദുൽഖാദിർ_ഉസ്താദ് -
ദർസ് പഠന കാലത്ത് എന്നെ വല്ലാതെ സ്വാധീനിച്ച ഗുരുവര്യരാണ്.
പല ഉസ്താദുമാരും അവരുടെ ഗുരുവിന്റെ പേര് പറയുന്നത് വളരെ ഗൗരവമായി കാണാറുണ്ട്. عقيقة യെ സംബന്ധിച്ച് വിശദീകരിക്കുന്നിടത്ത് നിഹായ: യിൽ ഇതേക്കുറിച്ച് സൂചിപ്പിക്കുന്നതു കാണാം.
وَيُنْدَبُ لِوَلَدِهِ وَقِنِّهِ وَتِلْمِيذِهِ أَنْ لَا يُسَمِّيَهُ بِاسْمِهِ، وَأَنْ
. يُكَنِّيَ أَهْلَ الْفَضْلِ الذُّكُورَ وَالْإِنَاثَ وَإِنْ لَمْ يَكُنْ لَهُمْ وَلَدٌ. اه
(نهاية المحتاج -٨/١٤٩ )
ആദരവിന്റ പ്രയോഗങ്ങളോടു കൂടിയാണെങ്കിലും അരുതെന്ന് ഹാശിയതുർറശീദി കൂട്ടിച്ചേർക്കുന്നുമുണ്ട്. ഇതെല്ലാം പേരു വിളിക്കുന്നതിനെ പറ്റിയാണെങ്കിലും പേര് പറയുന്നതിനെയും ഒഴിവാക്കാനുള്ള ഉൾധ്വനി അതിൽ നിന്നും അവർ വായിച്ചെടുത്തതിനാലോ, മറ്റോ ആയിരിക്കണം അത്തരം ഒരു സ്വഭാവം കണ്ടുവരുന്നത്. ഏതായാലും, വായനക്കാർക്ക് അറിയാനും, ഒന്നിലധികം ഉസ്താദുമാരെ പറയേണ്ടി വരുമ്പോൾ തിരിച്ചറിയാനും വേണ്ടി അവരുടെ പേര് പറയുന്നുവെന്ന് മാത്രം.
ബഹുവന്ദ്യരായ ടി.ടി ഉസ്താദിന്റെ ദർസിൽ അഞ്ച് വർഷവും പിന്നെ ഇരുമ്പുചോലയിൽ കാടേരി മുഹമ്മദ് മുസ്‌ലിയാരുടെ ദർസിലും ശേഷം മുഹ്‌യു സ്സുന്ന: പൊന്മള ഉസ്താദിന്റെയടുത്ത് മൂന്നു വർഷവുമായിരുന്നു ഉസ്താദിന്റെ ദർസീ പഠനം. ഉപരിപഠനത്തിന് ഉമ്മുൽ മദാരിസ്, വെല്ലൂർ ബാഖിയാതുസ്സ്വാലിഹാതിലേക്കാണ് പോയത്.
ഉസ്താദിനെക്കുറിച്ച് ഓർക്കുമ്പോൾ കൂടുതലും ഇബാറ: കളുടെ ഉള്ളിലൂടെയുള്ള സഞ്ചാരമാണ് ഓടിയെത്തുന്നത്. നഹ്‌വിലും സ്വർഫിലും ആഴ്ന്നിറങ്ങിയ ഒരു അൽഭുത പ്രതിഭാശാലി തന്നെ!
(سُبۡحَـٰنَ ٱلَّذِیۤ أَسۡرَىٰ بِعَبۡدِهِۦ لَیۡلࣰا مِّنَ ٱلۡمَسۡجِدِ ٱلۡحَرَامِ إِلَى ٱلۡمَسۡجِدِ ٱلۡأَقۡصَا ٱلَّذِی بَـٰرَكۡنَا حَوۡلَهُۥ )
എന്ന ആയതിനെ വിശദീകരിച്ചു കൊണ്ട് ഉസ്താദ് പറയാറുണ്ട്: "ഇവിടെ, മസ്ജിദുൽ അഖ്സായിലെ ബറകത് ലഭിക്കാനാണ് അങ്ങോട്ട് കൊണ്ട് പോയത് എന്ന് ഈ ആയതിൽ നിന്ന് തന്നെ മനസ്സിലാക്കാം. കാരണം,
الموصول مع صلته في معنى المشتق
എന്ന് حاشية الدسوقي യിൽ ഹംദിനെ വിശദീകരിച്ചിടത്ത് പറയുന്നുണ്ട്. അപ്പോൾ المسجد المبارك എന്നായി. എന്ന പോലെ
تعليق الحكم بالمشتق يؤذن بعليته منه
എന്ന് പല സ്ഥലങ്ങളിലും പറഞ്ഞ قاعدة കൂടി ചേർത്ത് വായിച്ചാൽ, തിരുനബി (സ്വ) തങ്ങളെ ആ മുബാറകായ പള്ളിയിലേക്ക് കൊണ്ടുപോയി - എന്നതിന്റെ ഉദ്ദേശ്യം അവിടെ ബറകത് ഉണ്ടായതിന്ന് വേണ്ടിയാണ് കൊണ്ടുപോയത് എന്നും അതിനാൽ ആ ബറകത് ലഭിക്കാനാണ് എന്നുമെല്ലാം അവിടെ നിന്ന് ഗ്രഹിക്കാം ...."
( إِنَّاۤ أَعۡتَدۡنَا جَهَنَّمَ )
ഇവിടുത്തെ أَعتدنا എന്നത് ഏത് فعل ആണെന്ന് ഒരിക്കൽ ചോദിച്ചു. അത് افتعل വസ്ന് അല്ല. എന്നാൽ أَفعل വസ്നാണെങ്കിൽ أصلي ആയ ക്രിയ عتد എന്നാകണമല്ലോ. പക്ഷെ, അതിന് തയ്യാറാക്കുക എന്ന അർത്ഥമില്ല താനും. പിന്നെ ഉസ്താദ് വിശദീകരിച്ചു : "അത് أَفعل വസ്ന് തന്നെയാണ്. പക്ഷെ, عدّ يعدّ എന്നതിൽ നിന്നെടുത്തതാണ്. അപ്പോൾ أعددنا എന്നായിരുന്നു. ഒരു കലിമതിൽ ഒരു പോലോത്ത അക്ഷരങ്ങൾ വന്നതിനാൽ دال നെ تاء ആക്കിയതാണ്.." എന്നിട്ട്
ويلحق المضاعف الإبدال
എന്ന زنجان ലെ നിയമവും ഓർമ്മിപ്പിച്ചു തന്നു.
ഇതുപോലെ إِرْعَوَى يَرْعَوِي എന്നത് ഏത് وزن ആണെന്ന് ചോദിച്ചു. എന്നിട്ട് പറഞ്ഞു തന്നു. അത് إفعلَّ يَفْعَلُّ വസ്നാണ്. ഈ وزن ലെ إدغام അവിടെ ഒരു പോലോത്ത അക്ഷരങ്ങൾ വന്നത് കൊണ്ട് عارض ആയി വന്നതാണ്. അല്ലാതെ إدغام ഈ وزن ന്റെ لازم ഒന്നുമല്ല. ഇത് مراح الأرواح ന്റെ ഹാശിയ:
حنفية الفلاح
വിശദീകരിച്ചത് കാണിച്ചു തന്നു.
لا تقوموا كما يقوم الأعاجيم
എന്ന ഹദീസിലെ نهي അതിലെ قيد ലേക്ക് മാത്രമാണ്. കാരണം, മുഖ്തസ്വറിൽ പറഞ്ഞിട്ടുണ്ടല്ലോ:
الكلام إذا اشتمل على قيد زائد على مجرد الإثبات أو النفي فهو الغرض الخاص
അത് കൊണ്ട് പേർഷ്യക്കാർ നിൽക്കുന്ന ആ രൂപത്തിൽ നിങ്ങളെന്നെ ബഹുമാനിക്കരുത് എന്നാണ്. അല്ലാതെ തീരെ എഴുന്നേൽക്കരുത് എന്നല്ല.." എന്നിട്ട് ഒരു നാടൻ ഉദാഹരണം പറഞ്ഞു തന്നു: ' "അമ്മാതിരി സംസാരം എന്നോട് സംസാരിക്കരുത്' - എന്ന് പറഞ്ഞാൽ തീരെ മിണ്ടണ്ട എന്നല്ലല്ലോ. ഇതുപോലെയാണത്.."
അല്ലെങ്കിൽ സ്വാലിഹീങ്ങളെ കാണുമ്പോൾ എഴുന്നേറ്റു നിൽക്കൽ സുന്നത്താണെന്ന് പറഞ്ഞത് ശരിയാകാതെ വരും.
തഫ്സീർ ഓതുമ്പോൾ سورة البقرة مدنيّة എന്ന് വായിച്ചിട്ട് അർത്ഥം പറഞ്ഞത് ഇങ്ങനെയാണ്: "ഇത് البقرة സൂറതാണ് , മദനിയ്യുമാണ് .."
خبر بعد خبر
എന്ന് തർകീബ് പറഞ്ഞു പഠിക്കാറുണ്ടെങ്കിലും ഇത്തരം സ്ഥലങ്ങളിലൊന്നും നമ്മിൽ പലരും അത് ശ്രദ്ധിക്കാറില്ല. 'സൂറതുൽ ബഖറ: മദനിയ്യാണ് ' - എന്ന് , മുബ്തദ:യും ഖബറും എന്ന നിലക്കാണ് പറയാറ്. ഉസ്താദ് അതൊക്കെ നന്നായി ശ്രദ്ധിച്ചിട്ടാണ് അർത്ഥം പറഞ്ഞു തന്നിരുന്നത്.
ഇമാം നവവി (റ) വിന്റെ അദ്കാറിലെ
ﻭاﻋﻠﻢ ﺃﻥ اﻟﺼﻮاﺏ اﻟﻤﺨﺘﺎﺭ ﻣﺎ ﻛﺎﻥ ﻋﻠﻴﻪ اﻟﺴﻠﻒ ﺭﺿﻲ اﻟﻠﻪ ﻋﻨﻬﻢ: السكوت ﻓﻲ ﺣﺎﻝ اﻟﺴﻴﺮ ﻣﻊ اﻟﺠﻨﺎﺯﺓ،
എന്ന ഭാഗം വായിച്ചിട്ട് ഒരിക്കൽ ഞാൻ ഉസ്താദിനോട് ചോദിച്ചു. മയ്യിത്ത് കൊണ്ടുപോകുമ്പോ മിണ്ടാതെ ആവണം എന്നല്ലേ ഉള്ളത് ?
അപ്പോൾ ബാക്കി ഭാഗം വായിക്കാൻ പറഞ്ഞു.
ﻓﻼ ﻳﺮﻓﻊ ﺻﻮﺗﺎ ﺑﻘﺮاءﺓ، ﻭﻻ ﺫﻛﺮ
"ഇവിടെ فلا എന്നതിലെ فاء എന്താണ് ?
തഫ്‌രീഅ്, അല്ലെങ്കിൽ സബബിയ്യ് - അപ്പോൾ മനസ്സിലായില്ലേ, നേരത്തെ പറഞ്ഞ سكوت കൊണ്ടുള്ള ഉദ്ദേശം മെല്ലെ ചൊല്ലണം എന്നാണെന്ന്. മുമ്പുള്ള വാക്യത്തിൽ നിന്ന് മനസ്സിലായതിനെ പറയുമ്പഴാണല്ലോ തഫ്‌രീഉം സബബിയ്യും ആവുക.." സമാനമായ മറുപടി ബഹു: കൈപറ്റ ഉസ്താദ് പറഞ്ഞതായും ഇന്ന് പലരും ഉദ്ധരിച്ച് കേൾക്കുന്നുമുണ്ട്.
ഇതുപോലെ എല്ലായിടത്തും فاء ന്റെ അർത്ഥകൽപന ശരിക്കും ശ്രദ്ധിച്ച് പറഞ്ഞു തന്നിരുന്നു.
إنا قد حضرنا في قراءة مولد نبيك الكريم ( صلى الله عليه وسلم )فأفض علينا...
എന്ന മൗലിദിലെ ദുആ വിശദീകരിച്ചു തന്നപ്പോൾ പറഞ്ഞു: "റബ്ബേ, ഞങ്ങൾ മുത്തുനബി (സ്വ) തങ്ങളുടെ മൗലിദ് പാരായണത്തിൽ പങ്കെടുത്തവരാണ്.
فأفض علينا
അത് കൊണ്ട് - ആ മൗലിദിൽ പങ്കെടുക്കുക - എന്ന കാരണം കൊണ്ട് ഞങ്ങൾക്ക് ചൊരിച്ചു തരണേ ... എന്നാണ്.
അപ്പോൾ فاء സബബിയ്യാണ്. മുത്ത്നബി (സ്വ) തങ്ങളെക്കൊണ്ടുള്ള തവസ്സുൽ ആ فاء ലാണ് കിടക്കുന്നത്... "
تزوجني رسول الله صلى الله عليه وسلم في شوال
فأي نساء أحضى عنده مني.؟!
ബീവി ആഇശാ(റ) ഇങ്ങനെ പറഞ്ഞതിന് ഉസ്താദ് അർത്ഥം വെക്കുന്നത്: " എന്നെ തിരുനബി (സ്വ) ശവ്വാലിൽ നികാഹ് ചെയ്തു. ശവ്വാലിൽ നികാഹ് ചെയ്യുക - എന്ന കാരണം കൊണ്ട് തന്നെ, ഒരു ഭർത്താവിൽ നിന്ന് നേടിയെടുക്കാൻ പറ്റുന്നവയെല്ലാം എന്നേക്കാൾ മറ്റാർക്കാണ് കഴിഞ്ഞത് ..?"
അപ്പോൾ ശവ്വാലിൽ നികാഹ് ചെയ്യുന്നത് ബറകതുള്ള കാര്യമാണെന്നും അതിനാൽ മേൽ പറഞ്ഞ കാര്യങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും മനസ്സിലാവുന്നത് ആ فاء ൽ നിന്നാണ്.
ഇങ്ങനെ എല്ലാ فاء ലും പ്രത്യേകം അർത്ഥങ്ങൾ ഉള്ളത് കൊണ്ടാണ് إعراب കൾ പഠിക്കുന്ന കാലത്തേ വ്യത്യസ്ത فاء കളെ പഴയ ഉസ്താദുമാർ പഠിപ്പിച്ചിരുന്നത്.
تفريع، سببي، تعليلي، فصيحي، بياني، استئنافي..،
ഇങ്ങനെ പോകുന്നു അവ. ഇവയൊക്കെ നേരാം വണ്ണം മനസ്സിലാക്കിയില്ലെങ്കിൽ ആശയ ചോർച്ചയായിരിക്കും ഫലം. എന്റെ നാട്ടിലെ 'അലിയാർ' കേടായ റേഡിയോ നന്നാക്കിയ കഥ പറയാറുണ്ട് ഞങ്ങൾ.
റേഡിയോയുമായി മെക്കാനിക്കിനെ തേടി പോകുന്ന ഒരുത്തനോട് അലിയാർ: "എവിടേക്കാ ഇതുമായി .. ? "
"ഇതു കേടായി. റെഡിയാക്കാൻ പോകാണ് .."
"അങ്ങനെ കൊണ്ടു പോയി കാശ് കളയണ്ട. ഗൾഫിൽ മെക്കാനിക്കായിരുന്ന ഞാനില്ലേ ഇവിടെ ... ഇങ്ങു താ.. ഞാൻ ശരിയാക്കിത്തരാം... "
റേഡിയോ അഴിച്ചു, പിന്നെ ഫിറ്റ് ചെയ്തപ്പോ ഒരു പാട് സാധനങ്ങൾ ബാക്കി !
"ഇതെന്താ ഇത്രയധികം ബാക്കിയായത് ..?" - എന്ന് ചോദിച്ചപ്പോ അലിയാർ : " നിനക്ക് മലയാള സ്റ്റേഷൻ മാത്രം കേട്ടാൽ പോരെ ... അത് റെഡിയാക്കിയിട്ടുണ്ട് ... "
സത്യത്തിൽ പിന്നെ ആ റേഡിയോ വർക്ക് ചെയ്തിരുന്നില്ല ! എന്ന പോലെ ഇബാറകൾ ശരിക്കും ശ്രദ്ധിച്ചില്ലെങ്കി ഒരു പാട് സാംഗതികത്വം നഷ്ടമാവും.
കാര്യത്തിൽ കടക്കുന്ന ഫാഅ് സബബിയ്യും, കാരണത്തിൽ കടക്കുന്നത് تعليلي ഉം ആണ് - എന്ന് ലളിതമായി പറഞ്ഞു തന്നിട്ടുണ്ട്. അന്ന് ഉദാഹരണം പറഞ്ഞത് ഇങ്ങനെയായിരുന്നു:
زيد عالم فأكرمه
ഇവിടെ - زيد അറിവുള്ളവനായതിനാൽ നമ്മൾ ചെയ്യേണ്ട കാര്യം അവനെ ബഹുമാനിക്കലാണല്ലോ. അപ്പോൾ ആ കാര്യത്തിൽ കടക്കുന്ന ഫാഅ് സബബിയ്യ്,
أكرم زيدا فإنه عالم
ഇവിടെ ബഹുമാനിക്കാനുള്ള കാരണം അവൻ അറിവുള്ളവനായി എന്നാണല്ലോ, അത് കൊണ്ട് അതിൽ കടക്കുന്ന ഫാഅ് تعليلي ഉം.
അൽഫിയ്യഃയിലെ
والإسم قد خصص بالجر كما # قد خصص الفعل بأن ينجزما
എന്ന ബൈത് ഓതുമ്പോഴാണ് കാഫ്
تنظير، تمثيل
എനിങ്ങനെ രണ്ടു ഇനമുണ്ടെന്നും മുമ്പ് പറഞ്ഞ കുല്ലിയ്യിൽ പെട്ടതാണ് പറയുന്നതെങ്കിൽ تمثيل ഉം പ്രതിപാദ്യ വിഷയത്തിൽ മാത്രം സാദൃശ്യതയുള്ളതാണ് പറയുന്നതെങ്കിൽ تنظير ഉം എന്നൊക്കെ പരിചയപ്പെടുത്തിത്തന്നത്.
الفاعل مرفوع كجاء زيد
എന്നിടത്തെ കാഫ് تمثيل
الفاعل مرفوع كالمبتدإ
എന്നിടത്തേത് تنظير എന്ന് ഉദാഹരണം പറഞ്ഞു തന്നത് ഇന്നും ഓർക്കുന്നു.
ഒരു ദിവസം ക്ലാസിൽ
يآ أيها النبي
എന്നതിലെ النبي എന്നതിന്റെ തർകീബ് ചോദിച്ചു. അത് ّأي എന്നതിൽ നിന്ന് ബദലാണല്ലോ അല്ലെങ്കിൽ സ്വിഫത്, أيّ എന്നത് ളൊമ്മിന്റെ മേൽ മബ്നിയ്യുമാണ്. منادى ആയത് കൊണ്ട് ലഭിച്ച نصب മഹല്ലിലും. അപ്പോൾ ബദല് / സ്വിഫത് ആണെങ്കിൽ النبيَّ എന്ന് نصب ചെയ്തല്ലേ വായിക്കേണ്ടത് ? إعراب ലാണല്ലോ കലിമതുകൾ تبعية
ആകുക. بناء ൽ تبعية ഉണ്ടാവില്ലല്ലോ. പിന്നെങ്ങനെ النبيُّ എന്നത് ളൊമ്മ് ചെയ്ത് വായിച്ചു ? ഇങ്ങനെ ഇശ്കാൽ പറഞ്ഞു തന്ന് കണ്ടെത്താൻ പറഞ്ഞു. ആ ക്ലാസ് കഴിഞ്ഞു.
ഹാശിയതുസ്സ്വാവീ-യിൽ സൂറതുൽ ബഖറഃ യിലെ 21-മത്തെ ആയതിനെ വിശദീകരിക്കുന്നിടത്ത് ഇത് സ്ഥബന്ധിച്ച്
وهذا إشكال قديم لا جواب له
എന്ന് പറഞ്ഞിട്ടുണ്ട്. അത് ഉസ്താദിന് കാണിച്ചു കൊടുത്തപ്പോൾ ഉസ്താദ് സമ്മതിച്ചില്ല. 'മുഫസ്സിറുകൾ അല്ല അത് പറയേണ്ടത്. നഹ്‌വിന്റെ കിതാബുകളിലുണ്ടാകും. ഒന്ന് കൂടി അന്വേഷിക്ക്'- എന്നായി ഉസ്താദ്.
അത് അങ്ങനെയാണല്ലോ - ഓരോന്നും അത് കൈകാര്യം ചെയ്യേണ്ടവർ പറയണമല്ലോ. ഇതേ കുറിച്ച് ഇബ്നു ഹജർ (റ) തന്റെ ഫതാവ: യിൽ പറഞ്ഞിട്ടുണ്ട്.
من غلب عليه فن يرجع إليه فيه دون غيره. اه
പിന്നീട് അതിന്റെ വിശദീകരണം - അത് إعراب അല്ല, أيُّ എന്നതിലെ ളൊമ്മിനോട് مشاكلة എന്ന നിലയിൽ കൊടുത്തതാണ് - എന്ന്
حاشية الخضري
യിൽ കാണുകയും, ഉസ്താദ് അത് ശരിവെക്കുകയും ചെയ്തു.
ഫത്ഹുൽ മുഈനിലെ
ﻭاﺳﺘﺜﻨﻮا ﻣﻨﻪ اﻟﻜﺒﺪ ﻭاﻟﻄﺤﺎﻝ ﻭاﻟﻤﺴﻚ ﺃﻱ ﻭﻟﻮ ﻣﻦ ﻣﻴﺖ (ص:٣٣)
എന്ന ഭാഗത്ത് -എന്തിനാ 'اي ولو من ميت'
എന്ന് കൊടുത്തത് - എന്ന് ചോദിച്ചു. അത് തൊട്ടു മുമ്പുള്ള ക്ലാസിൽ കഴിഞ്ഞ ഭാഗമായിരുന്നു. ഉത്തരം പറയാത്തതിനാൽ ഞങ്ങൾ ചോദിച്ചു അതെന്താണെന്ന്. അപ്പോ ഉസ്താദ് പറയാ : "കഴിഞ്ഞ ഭാഗത്തെ സംശയങ്ങൾ അതാത് ദിവസം തന്നെ ചോദിച്ച് തീർക്കണം. നിങ്ങൾക്കാർക്കും ഇവിടെ ഇങ്ങനെ ഒരു സംശയം തന്നെ വന്നില്ലല്ലോ ...!"
ശേഷം പറഞ്ഞു തന്നു. അതിനിക്ക് فصل ന്റെ أي എന്നാണ് പറയുക. അതില്ലാതെ പറഞ്ഞിരുന്നുവെങ്കിൽ ولو من ميت എന്നതും ആ വാക്കിന്റെ ബാക്കിയാണെന്ന് തോന്നിപ്പോകും. അപ്പോൾ അത് പിൽക്കാലത്തുള്ളവർ കൂട്ടിച്ചേർത്ത ഇബാറതാണ് - മുമ്പ് ഹികായത് ചെയ്ത വാക്കിൽ പെട്ടതല്ല എന്നറിയിക്കാനാണത്. അത്തരം تفصيل കൾ മുൻകാലത്തുള്ളവരുടെ വാക്കിലില്ലാതെ വരികയും അതോടൊപ്പം അത് ഉദ്ദേശിക്കപ്പെടുകയും ചെയ്യുമ്പോഴാണ് ഈ കൂട്ടിച്ചേർക്കലുകൾ നടത്തുന്നത്. അന്നാണ് ഞങ്ങൾ ആദ്യമായി فصل ന്റെ أي പരിചയപ്പെട്ടത്.
ഇങ്ങനെയുള്ള ഉസ്താദിന്റെ വിശദീകരണം കേട്ട് ഞാൻ മനസ്സിലാക്കിയത്, ഫത്ഹുൽ മുഈനിൽ സൈനുദ്ദീൻ മഖ്ദൂം(റ) ചേർത്തു കൊടുത്തതാണ് ഈ "أي ولو من ميت " എന്ന ഇബാറത് എന്നായിരുന്നു. അങ്ങനെ തുഹ്ഫഃ നോക്കിയപ്പോ അവിടെയും സമാനരീതിയിൽ ഇബാറത് കണ്ട് സംശയമുണ്ടായി, ഉസ്താദിനെ സമീപിച്ചു:
"ഇതേ രീതിയിൽ فصل ന്റെ أي തുഹ്ഫയിലുമുണ്ടല്ലോ - പിന്നെങ്ങനെ فتح المعين ൽ കൂട്ടിച്ചേർത്തതാണെന്ന് പറയും ?"
ഉസ്താദ്: "അങ്ങനെയല്ല. أصحاب الوجوه ൽ പെട്ടവരുടെ ഇബാറ: കളിൽ അവർക്ക് ശേഷമുള്ള ഫുഖഹാഅ് ചേർത്തത് - എന്നാണ് പറഞ്ഞത് ... " അങ്ങനെ ആ സംശയം അവിടെ തീർന്നു.
നായയെ തൊട്ടാൽ ഏഴ് പ്രാവശ്യം കഴുകണമെന്ന നിയമം പറയുന്നിടത്ത്
ഫത്ഹുൽ മുഈനിൽ ഇങ്ങനെ കാണാം:
ﻭﻻ ﻳﻄﻬﺮ ﻣﺘﻨﺠﺲ ﺑﻨﺤﻮ ﻛﻠﺐ ﺇﻻ ﺑﺴﺒﻊ غسلات ﺑﻌﺪ ﺯﻭاﻝ اﻟﻌﻴﻦ ﻭﻟﻮ ﺑﻤﺮاﺕ
ഇവിടെ بعد زوال العين എന്നാൽ عين النجاسة നീങ്ങലോടു കൂടെ ഏഴ് വട്ടം കഴുകുക - എന്ന അഭിപ്രായമുണ്ടല്ലോ. അപ്പോൾ بعد എന്നതിന് مع എന്ന അർത്ഥം വെക്കേണ്ടി വരും. അങ്ങനെ വരാറുണ്ട് എന്ന് പറഞ്ഞ് ഉസ്താദ് അൽഫിയ്യഃയിലെ
وابن المعرف المنادى المفردا # على الذي في رفعه قد عهدا
എന്ന ബൈതിന്റെ ശറഹിൽ أو بعده എന്നതിന് معه എന്ന് تعليق എഴുതിക്കൊടുത്തത് കാണിച്ചു തന്നു. ഉസ്താദിന്റെ അൽഫിയ്യഃയോടുള്ള ബന്ധവും ഓർമ്മശക്തിയും വല്ലാത്ത അൽഭുതം തന്നെയാണ്.
ഒരു പ്രാവശ്യം റമളാൻ ലീവ് കഴിഞ്ഞ് ദർസ് തുറന്ന ഉടനെയുള്ള ക്ലാസ് നടക്കുകയായിരുന്നു. ഫത്ഹുൽ മുഈനിലെ സുന്നത്ത് നിസ്കാരങ്ങളുടെ ഭാഗമാണ്. അവിടെ ليكمل نقص الفرائض എന്നുണ്ടല്ലോ. അവിടെ ഉസ്താദ് ഒരു ചർച്ച പറഞ്ഞു:
"ഇവിടെ എന്ത് കൊണ്ടാ ليكمل എന്ന് പറഞ്ഞത് ? ليتمم എന്നും പറയാമായിരുന്നില്ലേ ...?"
എന്നിട്ട് വിശദീകരിച്ചു. كمال ഉം تمام ഉം തമ്മിൽ അന്തരമുണ്ട്. ഒരു വസ്തുവിന്റെ ذاتيات കൾ പൂർത്തിയാകുമ്പഴാണ് تمام എന്ന് പറയുക. അതിന്റെ محسنات കൾ പൂർത്തിയാകുമ്പോ كمال എന്നും. (ഒരു വീടിന് മേൽക്കൂരയും ജനലും വാതിലും ശരിയാക്കി താമസിക്കാൻ പറ്റും വിധത്തിലായാൽ تمام എന്നും പെയിന്റിംഗ്, മാർബിൾ കൊണ്ടുള്ള ഫ്ളോറിംഗ് തുടങ്ങിയ അലങ്കാരവർക്കുകളും കൂടി തീരുമ്പോൾ كمال എന്നും പറയാം.) അപ്പോൾ സുന്നത്ത് നിസ്കരിച്ചത് കൊണ്ട് നിസ്കാരത്തിലെ ذاتيات ലെ ഭംഗങ്ങളൊന്നും പരിഹരിക്കപ്പെടില്ല. ഉദാ: വുളൂ ഇല്ലാതെ നിസ്കരിച്ചിട്ട്, അത് സുന്നത്ത് നിസ്കാരം കൊണ്ട് ശരിയാക്കാം എന്ന് പറയാൻ പറ്റില്ല. അത് കൊണ്ട് സുന്നത്ത് നിസ്കാരങ്ങൾ ഫർളിന്റെ محسنات കളിലുള്ള കുറവുകളാണ് നികത്തുക..."
ഈ വിശദീകരണമൊക്കെ പറഞ്ഞ് തന്നിട്ട് ഉസ്താദ് ഞങ്ങളെ നോക്കി പറയാ:
" ഹൗ.. ഈ വർഷം മുതലായി - ല്ലെ ... ?" എന്നിട്ട് ഒരു ചിരിയും ...
ശരിക്കും, ഒരു മുതഅല്ലിമിനെ സംബന്ധിച്ചിടത്തോളം ആ വർഷം മുതലാകാൻ മാത്രം കനപ്പെട്ട വിജ്ഞാനം തന്നെയാണത്. ഇത്തരം ചർച്ചകളിലൂടെയുള്ള പഠനത്തിനെന്തൊരു മാധുര്യമാണ്..!
ഒരു പക്ഷെ, വിദ്യാർത്ഥിയായിരിക്കുന്ന കാലത്ത് ഇതൊന്നും ബോധ്യപ്പെടണമെന്നില്ല. അതിന്റെ രുചി മനസ്സിലാക്കിത്തരാനും,
من أشرقت بِدايتُه أشرقت نِهايتُه
തുടക്കത്തിലുള്ള ആവേശം ഒടുക്കം വരെ തിളങ്ങണമെന്നും ഞങ്ങളെ പഠിപ്പിക്കാനായിരുന്നു അങ്ങനെ പറഞ്ഞത്. ഇത്തരം ചർച്ചകൾ പറയുമ്പഴേക്ക് ഉള്ളിലുദിച്ചേക്കാവുന്ന കിബ്റും രിയാഉം ഒന്നിനും കൊള്ളില്ലെന്ന കളിയാക്കലായിരിക്കാം ആ ചിരി..
والله أعلم
لا تغتبن أحدا فضلا عن العلماء
എന്ന ബൈത് വിശദീകരിക്കുമ്പോൾ فضلا എന്നതിന്റെ അർത്ഥം വിശദീകരിക്കാറുണ്ട്. ഒരാളെയും غيبة പറയരുത്, വിശേഷിച്ചും ഉലമാഇനെ - എന്നാണ് സാധാരണ നമ്മൾ കേൾക്കാറുള്ളത്. ഉസ്താദ് അവിടെ
مفعول مطلق
എന്ന തർകീബിന്റെ അടിസ്ഥാനത്തിൽ തന്നെ معنى പറയും : " ഒരാളെയും غيبة പറയരുത്, ആ غيبة പറയുക എന്നത് ഉലമാഇനെ കുറിച്ചാവുമ്പോൾ വളരെ കാഠിന്യമേറിയതാണ് ..."
അത്
فضِل يفضُل
എന്നതിന്റെ മസ്വ് ദറാണ്. مفعول مطلق തഅ്കീദിന് വരികയും ചെയ്യും.
ഫത്ഹുൽ ഖയ്യൂമിലെ
وإن تصر كصاحب أو صابئ -
എന്ന ബൈതിൽ പറഞ്ഞ صاحب ഉം صابئ ഉം സാഹിത്യകാരന്മാരായ രണ്ട് പണ്ഡിതന്മാരാണ് , അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും പറഞ്ഞിരുന്നു. മുഖ്തസ്വറിന്റെ علم البديع ന്റെ അവസാനത്തിൽ ആ രണ്ട് പേരെ കുറിച്ച് പരാമർശവുമുണ്ട്.
وخرج بقوله
എന്ന് പറയുന്നിടത്ത് قول എന്നതിന് "വാക്ക്" എന്നർത്ഥമാണുള്ളത്. അത് കൊണ്ട് അത് حاصل بالمصدر ആണ് . مصدر ആയിരുന്നെങ്കിൽ അവിടെ حدث ന്റെ معنى ഉണ്ടാകണം. അങ്ങനെ ആകാൻ 'പറയൽ ' എന്ന് വെക്കണം. ഏതായാലും 'വാക്ക് ' എന്ന സാധാരണയിൽ പറയാറുള്ളതിനാൽ അതിന്റെ ശേഷമുള്ളത് ബദലാണ്. അല്ലാതെ مقول അല്ല. അങ്ങനെ مقول ആണന്ന് ചില تعليق കളിലും മറ്റും കാണുന്നത് ശരിയല്ല. ഇനി
'പറയൽ ' എന്ന് معنى പറഞ്ഞ് مقول എന്ന് പറയാമെങ്കിലും അത് അത്തരം സാഹചര്യത്തിൽ യോജിപ്പുണ്ടാകാറില്ല. ഇത് പ്രത്യേകം ഉസ്താദ് ഉണർത്തിയിരുന്നു.
അൽഫിയ്യഃയിലെ
ومعرب الأسماء ما قد سلما # من شبه الحرف كأرض وسما
എന്ന ബൈതിനെ വിശദീകരിച്ചുകൊണ്ട്
മഖ്ദൂം ഓർ (റ) ശറഹ് ചെയ്യുന്നത് ഇങ്ങനെയാണ്:
قوله سمى- لغة في الاسم بدليل قول الشاعر 'والله أسماك الخ'
ഇവിടെ ഉസ്താദ് ചോദിച്ചു:
" بدليل
എന്നതിന്റെ متعلق ഏതാണ്? لغة എന്നത് ആകാൻ പറ്റില്ല. അത് اسم جامد ആണല്ലോ.."
ഇങ്ങനെ ഒരു ചോദ്യം ഞങ്ങൾക്കിട്ടുതന്നിട്ട് പിന്നെ വിശദീകരിച്ചു തന്നു:
" കോഴിക്കോടൻ ഭാഷ, മലപ്പുറം ഭാഷ എന്നൊക്കെ പറയുന്നത് 'ഭാഷ' എന്ന ഉദ്ദേശ്യത്തിലല്ല. മറിച്ച് 'പ്രയോഗം' എന്ന അർത്ഥത്തിനാണ്. എന്ന പോലെ ഇവിടെ لغة എന്നാൽ استعمال എന്ന അർത്ഥത്തിനാണ്. അത് കൊണ്ട് تعلق വെക്കാം."
ഇതുപോലെ
وبعضهم أهمل أن حملًا على # ما أُختِها حيث استحقت عملًا
എന്ന إعراب الفعل ന്റെ ബാബിലുള്ള ഈ ബൈതിൽ أخت എന്നതിനോട് تعلق വെക്കുന്നതായി കാണാം. അതിന്റെ ശറഹിൽ في الإهمال എന്നതിന്റെ متعلق ആണത്. അവിടെയും ഉസ്താദ് പറഞ്ഞിരുന്നു - അത് نظير എന്ന അർത്ഥത്തിനാണ്. അത് കൊണ്ടാണ് تعلق വെക്കാൻ പറ്റിയത്.
لأن الظرف تكفيه رائحة من الفعل
എന്ന് مختصر ലും خضري യിലും കാണാമല്ലോ.
അതുപോലെ مصدر بفعله المقدّر എന്നതിൽ بفعله എന്നതിന്റെ تعلق എങ്ങനെ مصدر എന്നതിനോട് വെക്കുക? فعل കൊണ്ട് مصدر ആവുക എന്നതിന് അർത്ഥമില്ലല്ലോ. അതിന് ഉസ്താന് പറഞ്ഞത്: مصدر എന്നാൽ مفعول مطلق എന്നാണ്, അത് منصوب ആയിരിക്കുമല്ലോ. അത് കൊണ്ട് مصدر എന്നതിന് إلتزامي ആയ അർത്ഥമായിട്ട് منصوب എന്ന് കിട്ടും. അങ്ങനെ പരിഗണിക്കുമ്പോൾ അതിനോട് تعلق വെക്കാം. 'സങ്കൽപിക്കപ്പെട്ട فعل കൊണ്ട് نصب ലഭിച്ചതാണ് ' - എന്ന സാരവും കിട്ടും.
الحال وصف فضلة منتصب # مفهم في حال كفردًا أذهب
എന്നതിന്റെ ശറഹിൽ- منتصب എന്ന عارض നെ ذاتيات നെ പറയുന്നതിനിടയിൽ കൊണ്ടുവന്നത് ഇബ്നു മാലിക് (റ) എന്നവർ تسامح ചെയ്തതാണ് എന്നുണ്ടല്ലോ. അവിടെ ഉസ്താദ് ناظم ന്റെ പക്ഷം ചേർന്ന് പറയും: " ആ, ഇവിടെ ഞാൻ ഇങ്ങനെ ചെയ്തതിന് നിങ്ങൾ പ്രശ്നമാക്കണ്ട. കാരണം, فردًا أذهب, എനിക്ക് ഇവിടെയൊക്കെ സ്വന്തമായ കാഴ്ചപ്പാടുകളുണ്ട്. ഞാൻ എന്റെ റൂട്ടിലൂടെ പോകുന്നവനാണ് ..." ഇത് ഉസ്താദ് വിശദീകരിക്കുമ്പോ നല്ല രസമായിരുന്നു. താൻ സ്വന്തമായി നഹ്‌വിൽ اختيار ചെയ്യാറുണ്ടെന്ന് പല ബൈതുകളിലും ഓർ സൂചിപ്പിക്കുന്നുണ്ടല്ലോ. അതിലൊന്നാണ്:
كذاك خلتنيه واتصالا # أختار غيري اختار لانفصالا
مضاف إليه
ക്ക് جرّ ചെയ്യുന്ന عامل അതിന്റെ مضاف തന്നെയാണ് എന്ന് ألفية ൽ വ്യക്തമാക്കിയിട്ടുണ്ട്. കാരണം جارّ നെ خافض എന്ന് വിളിക്കാറുണ്ട്. അതേ നാമം مضاف നും ألفية യിൽ ഉപയോഗിച്ചിട്ടുണ്ട്:
وعود خافض لدى عطف على # ضمير خفض لازما قد جعلا
عطف
ന്റെ സമയത്ത് مضاف നെ മടക്കി കൊണ്ടുവരണം എന്ന് പറഞ്ഞ عطف ന്റെباب ലെ ഈ ബൈതിലാണ് അങ്ങനെ പ്രയോഗം നടത്തിയത്.
وغير مندوبٍ ومضمرٍ وما # جا مستغاثًا قد يُعَرّى فاعلما
എന്ന ബൈതിന്റെ ശറഹിൽ منادى مضمر ൽ نداء ന്റെ ഹർഫിനെ കളയുന്നത് നിയമപരമല്ല എന്നുണ്ട്. എങ്കിലും നിയമത്തിനപ്പുറത്ത് شاذّ ആയ പ്രയോഗത്തിൽ കളഞ്ഞതായി കാണാം. ഇതിനെ ഹാശിയ: കളിൽ വിശദീകരിക്കുന്നു : ഇവിടെ ضمير കൊണ്ടുദ്ദേശ്യം ضمير الخطاب ആണ്. അതായത് ഈ خلاف ഉള്ളത് - ضمير الخطاب ലാണ്. ضمير للغائب ആണെങ്കിൽ منادى ആയിട്ട് വരുന്ന പ്രശ്നമേയില്ല. അപ്പോൾ ചില ദിക്റുകളിൽ يا هو എന്ന് കാണുന്നത് ضمير അല്ല. അത് റബ്ബ് തആലായുടെ ഒരു ഇസ്മ് തന്നെയാണ്. ഈ വിഷയം خضري യിൽ നിന്നും ഉസ്താദ് പറഞ്ഞിരുന്നു. صبان ഉം ഇത് പ്രതിപാദിച്ചിട്ടുണ്ട്.
الباء متعلق بمحذوف
എന്നിടത്ത് ഉസ്താദ് പറയും: " محذوف എന്നാൽ പറയപ്പെടാത്തതിനോട് എന്നാണ്. അല്ലാതെ മുടി കളയും പോലെ കളയപ്പെട്ടത് എന്നല്ല.."
ഹാശിയഃകളിലെല്ലാം ആദ്യം ഉണ്ടായിട്ട് പിന്നെ കളയുക എന്ന അർത്ഥത്തിനല്ല - ترك എന്നാണ് ഉദ്ദേശം എന്ന് പറയുന്നുണ്ടല്ലോ. അതാണ് ഉസ്താദ് സൂചിപ്പിക്കുന്നത്.
ഒരു ദിവസം അൽഫിയ്യ:യിലെ
المعرب والمبني
എന്ന ഭാഗം പരീക്ഷ വെച്ചു. നന്നായി പഠിച്ച് പോയെങ്കിലും ചോദ്യം കേട്ട് ഞങ്ങൾ ഞെട്ടി!
" معًا
എന്നത് രണ്ട് അക്ഷരമല്ലേ ഉള്ളൂ, അപ്പോൾ ഹർഫിനോട് ശബഹുണ്ടായാൽ മബ്നിയ്യ് ആകേണ്ടതല്ലേ, എന്ത് കൊണ്ടാ അത് مبني ആകാത്തത് ..? "
അപ്പോൾ ഞങ്ങൾ പറഞ്ഞു: ഇത് ക്ലാസിൽ പറഞ്ഞിട്ടില്ലല്ലോ? നമ്മുടെ കിതാബിലും (മഖ്ദൂം ഓറുടെ ശറഹ് ) ഇല്ല - പിന്നെ എങ്ങനെ ഞങ്ങൾ എഴുതും?
ഉസ്താദ്: "പരീക്ഷ എങ്ങനെയൊക്കെ നേരിടാം എന്ന് പഠിപ്പിക്കാനും കൂടിയാ ഈ പരീക്ഷ വെച്ചത്. ഒരു അദ്ധ്യായം പരീക്ഷ വെച്ചാൽ ആ ഭാഗത്തെ എല്ലാ ശറഹുകളും ഹാശിയ: കളും مطالعة ചെയ്ത് വരണം... അപ്പോൾ നിങ്ങൾ خضري ഒന്നും നോക്കിയിട്ടില്ല - ലേ ....?"
ശരിയാണ്, രണ്ട് കലിമതുണ്ടായാൽ മാത്രം ഹർഫിനോട് شبه വരില്ല, മറിച്ച് രണ്ടാമത്തേത് لين ന്റെ ഹർഫാവുക എന്ന നിബസനയും കൂടെ ഉണ്ട് - എന്ന്
حاشية الخضري
യിൽ
وكنيابة عن الفعل بلا # تأثر وكافتقار أصلا
എന്ന ബൈതിനെ വിശദീകരിക്കുന്നിടത്ത് പറഞ്ഞിട്ടുണ്ട്. ഇത് الشاطبي എന്നവരുടെ ന്യായമാണെന്നും معًا എന്നതിന് معَيٌ എന്നായിരുന്നു أصل, യഥാർത്ഥത്തിൽ 3 അക്ഷരങ്ങളുണ്ടായതിനാൽ ഹർഫിനോട് ശബഹ് വരുന്നില്ല, അത് കൊണ്ടാണ് മബ്നിയ്യ് ആകാത്തത് എന്നൊരു വിശദീകരണവും അവിടെ കൂട്ടിച്ചേർത്തിട്ടുണ്ട്.
പിന്നെ, ألفية യുടെ പൊതു സ്വഭാവമാണ് ഉദാഹരണത്തിലൂടെ നിയമം പറയലും قيد ലേക്ക് സൂചിപ്പിക്കലും. المثال لا يخصص എന്ന് പൊതുവെ പറയാറുണ്ടെങ്കിലും, ഇതിനെതിരെയാണ് ألفية യുടെ ശൈലി.
وسبق حرف جر أو ظرف كما # بي أنت معنيا أجاز العلما
എന്ന ബൈതിന്റെ ശറഹിൽ حاشية الصبان നിലും
كلامنا لفظ مفيد كاستقم
എന്ന ബൈതിന്റെ വിശദീകരണത്തിൽ സുയൂഥ്വി ഇമാം അവരുടെ
بهجة المرضية في شرح الألفية
എന്ന കിതാബിലും ഇത് വിവരിച്ചിട്ടുണ്ട്.
التركيب تحت المعنى
എന്നതിന് ഉസ്താദ് പറയുന്ന അർത്ഥം ഇങ്ങനെയാണ്: معنى യുടെ അടിത്തറയാണ് تركيب. അത് കൊണ്ട് تركيب എന്ന അടിസ്ഥാനം ഇല്ലാതെ معنى വെച്ചാൽ ശരിയാവില്ല..
അപ്പോൾ 'അർത്ഥം പറഞ്ഞാൽ തർകീബ് റെഡിയാക്കാം' എന്നതല്ല ഉസ്താദ് സമർത്ഥിക്കുന്നത്. അല്ലെങ്കിലും തർകീബ് ചൊല്ലിപ്പഠിക്കുന്ന വിദ്യാർത്ഥികളോട് ഉസ്താദിന്റെ ഈ വ്യാഖ്യാനം തന്നെയാണ് പറയേണ്ടതും. ഇല്ലെങ്കിൽ കുട്ടികൾ ഇബാറതിന്റെ നീക്ക് പോക്കുകൾ ലാഘവത്തോടെ കാണാൻ ശ്രമിക്കും. അങ്ങനെ ഉണ്ടാവരുതല്ലോ. എന്നല്ല, ചിലപ്പോ തർകീബ് ശ്രദ്ധിക്കാതെ പോയാൽ അബദ്ധത്തിൽ ചെന്ന് വീഴാനും ഇടയാവാറുണ്ട്.
محل التضحية بلد المضحي
എന്നതിന്റെ ഉദ്ദേശ്യം - അറവ് നടന്ന സ്ഥലം ഏതാണോ അതു തന്നെയാണ് مضحي യുടെ നാടായി പരിഗണിക്കുക - എന്നാണ്. അപ്പോൾ മാംസം വേറെ നാട്ടിലേക്ക് نقل ചെയ്യുകയെന്നാൽ അറവ് നടന്ന സ്ഥലത്തിന്റെ പരിധി വിട്ട് കൊണ്ട് പോവുക എന്നാണ്. ചുരുക്കത്തിൽ
محل التضحية
എന്നത് خبر مقدم ആണ്. ഇത് മനസ്സിലാക്കാതെ, അത് مبتدأ യാണെന്ന് ധരിച്ച് - تضحية ന്റെ محل എന്നാൽ مضحي യുടെ നാടാണ്, അപ്പോൾ കേരളക്കാരനായ ഒരാൾ കാശ് ചിലവാക്കി പഞ്ചാബിൽ أضحية അറുക്കാൻ ഏൽപിച്ചാൽ അത് نقل الأضحية ന്റെ പരിധിയിൽ പെട്ടുമോകുന്ന് ചിലർ ചിന്തിക്കാതെ പറഞ്ഞു പോയിട്ടുണ്ട്. യഥാർത്ഥത്തിൽ അവിടുത്തെ തർകീബ് അനുസരിച്ച് അർത്ഥ കൽപന നടത്തേണ്ടിയിരുന്നു. ഇനി യഥാർത്ഥ معنى മനസ്സിലാക്കി ഈ ഇബാറതിലെ തർകീബ് കണ്ടെത്തുകയും ചെയ്യാം. (ശറഹുൽ മുഹദ്ദബിൽ ഈ ചർച്ച കൊണ്ട് വന്നത് തന്നെ ഹദ്‌യും ഉള്ഹിയ്യതും തമ്മിലുള്ള അന്തരം പറഞ്ഞു കൊണ്ടാണ്. ഹദ്‌യാകുമ്പോൾ ഹറമിൽ വെച്ചാകണമെന്നും ഉള്ഹിയ്യത് എവിടെ വെച്ചും ആകാമെന്നുമാണ് പറയുന്നത്. ഈ സന്ദർഭം നോക്കിയാൽ തന്നെ അവിടുത്തെ ഉദ്ദേശ്യം മനസ്സിലാകും ) ഏതായാലും
التركيب تحت المعنى
എന്നതിന് രണ്ട് വ്യാഖ്യാനങ്ങളും ശരിയാവുന്നുണ്ട്. വിദ്യാർത്ഥികളെ ഉൽബുദ്ധരാക്കാൻ ഉസ്താദ് വിവരിച്ചതാണ് നല്ലതെന്നും മനസ്സിലാവുന്നു.
ഇബാറതിൽ പിഴച്ച് അബദ്ധം പിണഞ്ഞ സംഭവങ്ങൾ ചരിത്രത്തിലുണ്ടല്ലോ. അമ്പെയ്ത്ത് മത്സരം നടക്കുന്ന സ്ഥലത്തിലൂടെ ഖലീഫ ഉമർ (റ) കടന്നുപോയി. ഉന്നം പിഴക്കുന്നത് കണ്ട ഖലീഫ "...سوّوا رميكم" എന്ന് പറഞ്ഞപ്പോൾ അവർ പറയാണ് : " !....نحن متعلمين "
റഫ്ഇനു പകരം ജർറ് ചെയ്തത് കേട്ടപ്പോൾ ഖലീഫ പറഞ്ഞു:
"لَلَحْنكم أشدّ علي من سوء رميكم.."
ഈ സംഭവം حاشية ابن حمدون على شرح المكودي യിലും മറ്റും ഉദ്ധരിച്ചിട്ടുണ്ട്.
ഇതുപോലെ, ഒരു രാജാവിന്റെ അടുത്തേക്ക് ഒരാൾ പരാതിയുമായി വന്നു:
"...خَتَنِي فَعَلَ بِي كَذَا وَكَذَا"
എന്റെ മകളെ കെട്ടിയവൻ എന്നെ ശല്യപ്പെടുത്തുന്നു - എന്ന്.
രാജാവ് :
"مَنْ خَتَنَكَ ؟"
എന്ന് തിരിച്ച് ചോദിച്ചു. ഇതിനർത്ഥം നിന്നെ 'ചേലാകർമ്മം ചെയ്തത് ആരാ..' എന്നാണ്. രാജാവ് ഉദ്ദേശിച്ചത് 'നിന്നെ അക്രമിക്കുന്ന ആ മരുമകൻ ആരാണ് ..' എന്നായിരുന്നു. പക്ഷെ, അതിന് "مَنْ خَتَنُكَ" എന്ന് نون ന് رفع ചെയ്യണമായിരുന്നു. فتح ചെയ്ത് പറഞ്ഞതാ കുഴപ്പമായത്.
അപ്പോൾ ആഗതൻ: " هو الذي يَخْتُنُ الناس"
(എല്ലാവരുടേതും ചെയ്യുന്ന ആൾ തന്നെ)
എന്ന് മറുപടി പറഞ്ഞു. ഇത് കേട്ട് രാജസദസ്സിലുള്ളവരെല്ലാം ചിരിച്ചു. കാര്യം മനസ്സിലാവാതെ നിന്ന രാജാവിന് പറ്റിയ പിഴവ്, മന്ത്രി ഉണർത്തിക്കൊടുത്തു.
ഇതൊക്കെ സംഭവിച്ചത് അറിയുമ്പഴാണ്
وبعد فالجاهل بالنحو احتقر # إذ كل علم فإليه يفتقر
എന്ന ബൈതിലെ احتقار ന്റെ ആഴം തിരിയുക. അപ്പോൾ വാക്കുകൾ ശ്രദ്ധിക്കാതെ ഉപയോഗിച്ചാൽ വിജ്ഞന്മാരുടെ മുന്നിൽ വഷളാകും. നമ്മൾ അതൊക്കെ ശ്രദ്ധിക്കുന്നത് നല്ലതാണ്.
إعلم
എന്ന് പറഞ്ഞാൽ 'ഇനി പറയാൻ പോകുന്ന കാര്യം ശരിക്ക് ശ്രദ്ധിക്കണം' എന്നും فافهم എന്നാൽ ഇപ്പോൾ പറഞ്ഞത് ശരിക്ക് മനസ്സിലാക്കിക്കോ - എന്നുമാണ്. ഇത് ഉസ്താദ് പറഞ്ഞിരുന്നു. ഇത് പിന്നീട്
حاشية السعدية على الزنجان
-ൽ കാണാനിടയായി.
مجيئ الواو للاستئناف قليل
എന്ന പ്രയോഗത്തെക്കുറിച്ച് ഉസ്താദ് പറയാറുള്ളത് - "അത് فصحاء ന്റെ രചനകളിൽ താരതമ്യേന കുറവാണ് എന്നാണ്. അല്ലാതെ മുവല്ലിദുകളുടെയും മറ്റ് മുസ്വന്നിഫുകളുടെയും ഇബാറതുകളിൽ ഇത് തീരേയില്ല എന്നല്ല..."
ഇങ്ങനെ استئناف ന്റെ واو ഉണ്ടോ - ഇല്ലേ എന്ന ചർച്ച നടക്കുന്ന ഞങ്ങളുടെ ക്ലാസിലേക്കാണ് പുതുതായി ഒരു വിദ്യാർത്ഥി വരുന്നത്. പിന്നെ അവൻ പറയാണ് :
"ഞാൻ ആകെ പഠിച്ചിരുന്ന واو ഇസ്തിഅ്നാഫിന്റേതായിരുന്നു, അതിന്റെ കാര്യം തന്നെ ഉണ്ടോ - ഇല്ലേ എന്ന സംശയത്തിലാണല്ലോ , എന്താ ചെയ്യാ ....!" അതോർക്കുമ്പോ ഇന്നും ചിരിച്ചു പോകാറുണ്ട്.
ഒരിക്കൽ تقويم اللسان
ൽ അധികമായി തോന്നുന്ന ചില വാവുകളെ കുറിച്ച് ചോദിച്ചപ്പോ ഉസ്താദ് مختصر ലെ
وأما ما أورده بعض النحويين من الأخبار والنعوت المصدرة بالواو... التي تسمى واو تأكيد لصوق الصفة بالموصوف
എന്ന ഭാഗം കാണിച്ചു തരികയുണ്ടായി.
ذباب
നെ കുറിച്ച് പറഞ്ഞപ്പോൾ അതിന്റെ വജ്ഹു തസ്മിയത് വിശദീകരിച്ചു :
ذُبَّ
= ആട്ടി
آبَ
= മടങ്ങിവന്നു. ഇങ്ങനെ എത്ര ആട്ടിയാലും തൊട്ടടുത്ത നിമിഷം തന്നെ മടങ്ങിവരുന്നത് കൊണ്ടാണ് ذباب എന്ന് പേര് വെച്ചത് ( ഇത് ബാജൂരിയിൽ പറയുന്നുണ്ട് ).
അപ്പോൾ ഞാൻ ചോദിച്ചു: 'കാക്ക ' യും അങ്ങനെയാണല്ലോ ?
ഉടനെ ഉസ്താദ് : "പേര് വെക്കാൻ കാരണമുണ്ടാകും, എന്ന് കരുതി കാരണമുള്ളിടത്തെല്ലാം പേര് വെക്കേണ്ടതില്ല - ട്ടൊ... "
എന്നിട്ട് ചിരിച്ചു കൊണ്ട് -
" ഉം , ഇങ്ങനെയൊക്കെ മറുപടി പറയാൻ കഴിഞ്ഞാലേ മുദരിസാകാൻ പറ്റുകയുള്ളൂ ... " എന്നൊരു കമന്റും.
"ഭക്ഷണം കഴിക്കാൻ പോകുന്ന വീട്ടിൽ ഇടക്ക് ദുആ ചെയ്ത് കൊടുക്കണം..." എന്ന് പറഞ്ഞപ്പോ ഞാൻ തമാശയിൽ പറഞ്ഞു:
أفضل الدعاء- الحمد لله..
എന്നുണ്ടല്ലോ!"
അപ്പോ ഉസ്താദ് തിരിച്ചടിച്ചു:
أي أفضل مقدمة الدعاء الحمد لله
എന്നാണ്...."
ഉസ്താദിന്റെ വാക്ക് തിരുത്താതിരിക്കാൻ ചെറിയൊരു നുറുങ്ങു വിദ്യ പ്രയോഗിച്ചതാണത്.
വിദ്യാർത്ഥികളുടെ വായനയും, എന്തിനധികം - നിസ്കാര ശേഷമുള്ള ദുആ, മൗലിദിലെ ഹദീസ് പാരായണം, ശേഷമുള്ള ദുആ തുടങ്ങി മുതഅല്ലിം ജീവിതത്തിലുണ്ടായേക്കാവുന്ന എല്ലാം ഉസ്താദ് ശ്രദ്ധിക്കും. ഒരിക്കൽ ഞാൻ ദുആ ചെയ്തപ്പോൾ
اللهم صل على سيدنا محمدِ الْمصطفى
എന്ന് محمد എന്നതിലെ ദാലിന് തൻവീൻ ചെയ്യാതെ പറഞ്ഞു പോയി. പിന്നെ കണ്ടപ്പോൾ പറഞ്ഞു: നീ എന്താ ഇന്ന് മലയാളത്തിൽ ദുആ ചെയ്തത് ? محمد ലെ ദാലിന് തൻവീനൊന്നുമില്ലേ ... ?"
അപ്പോൾ
محمد نِ المصطفى
എന്നാണല്ലോ കൂട്ടിവായിക്കുമ്പോൾ ചൊല്ലേണ്ടത്. അതാ എന്നെ തിരുത്തിയത്. ഭാഷാ നിയമം പാലിച്ചാലല്ലേ ശരിയായ അറബിയാകൂ. അത് കൊണ്ടാ അത് മലയാളത്തിലുള്ള ദുആയാണെന്ന് പറഞ്ഞതും.
ഇത് പോലെ തന്നെയാണ്
حبيبُ نِ النجَّار
എന്ന് വായിക്കുന്നതും. പലപ്പോഴും
حبيبُ النجّار
എന്ന് വായിച്ചു പോവാറാണല്ലോ. അതൊക്കെ ഉസ്താദിന് വലിയ ശ്രദ്ധയായിരുന്നു.
മറ്റൊരു സമയത്ത് ദുആ ചെയ്തപ്പോ
اللهم اجعل سريرتنا خيرا من علانيَّتنا
എന്ന് യാഇന് ശദ്ദ് ചെയ്ത് ഉച്ഛരിച്ചു. തൊട്ടടുത്ത ക്ലാസിൽ തന്നെ തിരുത്തി : 'അവിടെ ശദ്ദ് വേണ്ട' എന്ന് പറഞ്ഞു.
جا أخوك
എന്നിടത്ത് തർകീബ് ചോദിച്ചു:
"ഇതിൽ أخوك എന്താണ് ?"
"ഫാഇൽ"
" ഇഅ്റാബ് എവിടെ?"
"അതിലുള്ള വാവ് കൊണ്ട് رفع "
"അതെന്താ അങ്ങനെ ?"
"അത് أسماء الستة ആയത് കൊണ്ട് ... "
അപ്പോൾ ഉസ്താദ് പറയാ : "അങ്ങനെയല്ല. أسماء الستة യിൽ പെട്ടതായത് കൊണ്ട് എന്ന് പറയണം ..."
أسماء الستة
എന്നാകുമ്പോൾ ആറെണ്ണം വേണ്ടേ. ഇത് അതിലുള്ള ഒന്നല്ലേ ആയിട്ടുള്ളൂ. അത് കൊണ്ട് 'അതിൽ പെട്ടതാണ്' എന്ന് പറയണം. ഓഹ്, ഉസ്താദിന്റെ ഓരോ കണ്ടെത്തലുകളേയ്.. !
വിദ്യാർത്ഥികളെ തിരുത്തുക മാത്രമല്ല, സാധാരണ ശ്രദ്ധിക്കാതെ പോകുന്നതും പിഴക്കാനിടയുള്ളതുമായ ഭാഗങ്ങളും വാക്കുകളുമെല്ലാം പറഞ്ഞ് തന്നിരുന്നു.
അതിൻ പെട്ടതാണ് "മിൻഹാജിന്റെ മത്‌ന് " - എന്ന് متن المنهاج ന്റെ അർത്ഥമായി പരക്കെ പറഞ്ഞു വരാറുള്ളത്. ഇങ്ങനെ പറഞ്ഞാൽ إضافة ലാമിന്റെ معنى ക്ക് ആണെന്നല്ലേ വരിക. ശരിക്കും അങ്ങനെയല്ലല്ലോ. إضافة ബയാനിനാക്കി പറയണ്ടേ. അപ്പോൾ " മിൻഹാജ്" എന്ന മത്‌ന് - എന്നാണ് പറയേണ്ടത്. ഇതൊന്നും അങ്ങനെ പറയുന്നവർക്ക് അറിയാഞ്ഞിട്ടല്ല. ശ്രദ്ധിക്കാതെ പറഞ്ഞു പോകുന്നത് കൊണ്ട്
الخطأ المشهور
എന്ന് പറയാം.
അത് പോലെ തന്നെയാണ് "മൻഖൂസ്വയായ ഇസ്മ്" - "മഖ്സ്വൂറയായ ഇസ്മ്" എന്ന് പറയുന്നതും. യഥാർത്ഥത്തിൽ
الإسم المنقوص والمقصور
എന്നാണല്ലോ. ഇവിടെ تاء التأنيث ഉള്ളത് പോലെ വായിക്കുന്നത് ശരിയല്ല.
"മൻഖൂസ്വായ/മഖ്സ്വൂറായ ഇസ്മ്" എന്ന് പറയണം. ഇത് പറഞ്ഞിട്ട് ഉസ്താദ് ഒരാളോട് പേര് ചോദിക്കും. ശേഷം ആ പേരിനോട് കൂടെ تاء التأنيث ചേർത്ത് വിളിക്കും (സാലിം- എന്നാണെങ്കിൽ, സാലിമ:) . എന്നിട്ട് "ഇങ്ങനെ വിളിച്ചാൽ എങ്ങനെയുണ്ടാവും !.." എന്ന് പറയുമായിരുന്നു.
എല്ലാവരും പരക്കെ പറയുന്ന മറ്റൊരു പിഴവും കൂടെ ഇവിടെ കുറിക്കട്ടെ- "ഖുഫ്ഫഃ തടവൽ" എന്നത്. ഖുഫ്ഫ് - എന്നല്ലേ ഉള്ളത്. പിന്നെന്തിനാ تاء التأنيث ഉള്ള പോലെ "ഖുഫ്ഫഃ" എന്ന് പറയുന്നത്!
അതുപോലെ "നീ സ്വുബ്ഹി നിസ്കരിച്ചോ.." എന്നല്ല. സ്വുബ്ഹ് നിസ്കരിച്ചോ - എന്നാണ് ചോദിക്കേണ്ടത്. മജ്റൂറായ - സ്വുബ്ഹി എന്നങ്ങ് എല്ലാരും പറഞ്ഞ് പോകുന്നു... ലെ..?
واشغل بالاعتبار، نويت الاعتكاف، لازدحامهم واحتفالهم، തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വസ്വ് ല് ചെയ്താണ് വായിക്കേണ്ടത് എന്ന് ഉണർത്താറുണ്ടായിരുന്നു. അപ്പോൾ
بِلِعْتِبَارِ، نويتُ لِعْتِكافَ، لِزْدِحَامِهِم،
എന്നിങ്ങനെയാണ് മൊഴിയേണ്ടത്.
مضارعة ന്റെ ഹർഫിന് ഫതഹ് ആയതു കൊണ്ടാണ് അവയുടെ مصدر ലെ همزة യെ وصليّ ആക്കിയത്. അല്ലെങ്കിൽ همزة القطع ആകുമല്ലോ -
أَفْعَلَ، يُفْعِلُ، إِفْعَالٌ
പോലെ. همزة الوصل - ചേർത്ത് മൊഴിയുമ്പോ അതിനെ കളയും. അൽഫിയ്യഃയിലെ ചില ബൈതുകളിലും ഇത് ശ്രദ്ധിക്കേണ്ടതുണ്ട്.
الاسم منه معرب ومبني
ഇവിടെ اَلِسْمُ مِنْهُ എന്നാണ് പാടേണ്ടത്.
അത് التقاء الساكنين വരുന്നത് കൊണ്ടാണ് അവിടെ കസ്റ് കൊടുക്കുന്നത്.
التقاء الساكنين ഒഴിവാക്കാനെന്തിനാ കസ്റ് തന്നെ എപ്പോഴും ചെയ്യുന്നത് - ഫതഹ്, ളൊമ്മ് ഇവ
ചെയ്താലും അത് ഒഴിവാക്കാമല്ലോ? - എന്ന് ആരെങ്കിലും ചോദിച്ചാൽ തന്നെയും ഉസ്താദിന്റട്ത്ത് മറുപടിയുണ്ട്. സുകൂൻ എന്നാൽ ഹറകത് ഇല്ലാത്ത അവസ്ഥയാണല്ലോ. അറബു ഭാഷയിൽ ഏറ്റവും കുറഞ്ഞ ഹറകത് കസ്റുമാണ്. അപ്പോൾ عدم നോട് അടുത്തു നിൽക്കുന്നത് കസ്റിലുള്ള قليل എന്ന വിശേഷണമാണ്. അത് കൊണ്ടാണ് എപ്പോഴും കസ്റ് നൽകുന്നത്. ഇങ്ങനെ التقاء الساكنين യും കസ്റും തമ്മിലുള്ള മുനാസബത് പിന്നീട്
أوضح المسالك إلى ألفية ابن مالك
ന്റെ تقرير ൽ കാണാനിടയായി.
'വെള്ളത്തിനടിയിലൂടെ ഊളിയിട്ട് രക്ഷപ്പെടുന്ന പോലെ അടിയിൽ കൊടുക്കുന്ന ഹറകത് കസ്റായത് കൊണ്ടാണ് تخلّص ന്റെ أصل കസ്റായത് - എന്ന് ചിലപ്പോ തമാശയാക്കിയും പറഞ്ഞതോർക്കുന്നു.
رَكْعَة
എന്നതിന്റെ جمع ,
رَكَعَات
എന്നാണ്. അതുപോലെ, سَجْدَة നെ سَجَدَات എന്നിങ്ങനെയാണ് പറയേണ്ടത്. അതായത് فَعْلَة ന്റെ وَزْن ൽ വന്ന ഇസ്മുകളുടെ ബഹുവചനം فَعَلات എന്ന وزن ൽ വരുമ്പോൾ അവിടുത്തെ كلمة العين ന്റെ ഹറകത് كلمة الفاء നോട് താബിആണ്. എന്നാൽ അതേ وزن ൽ വരുന്ന وصف കളുടെ ബഹുവചനം فَعْلات എന്ന് كلمة العين ന് സുകൂൻ ചെയ്തുമാണ് വരിക. ഉദാ:
ضَخْمَةٌ ج ضَخْمَات
ഇത് അൽഫിയ്യഃയിൽ പറയുന്നുണ്ട്. പക്ഷേ, جمع التكسير ന്റെ ബാബിലല്ല. പകരം
كيفية تثنية المقصود والممدود
എന്ന باب ലാണ് ഇതേ കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത്:
والسالم العين الثلاثي اسما أنل # إتباع عين فاءه بما شكل
ഇത് ഉസ്താദ് പ്രത്യേകം എടുത്തു പറയാറുണ്ട്.
ഖുതുബഃ ക്കിടയിൽ ഖുലഫാഉർറാശിദീന്റെ പേരുകൾ പറയുന്നിടത്ത് ചിലർ
عليِّ نِ ابْنِ أَبي طالب
എന്ന് തൻവീൻ കളയാതെ പറയാറുണ്ട്. അത് ശരിയല്ലെന്നും ابن എന്നത് സ്വിഫതായി വന്നാൽ ആ തൻവീൻ പോകുമെന്നും ഉസ്താദ് പറഞ്ഞിരുന്നു. ഇത് حاشية الصبان ലും ملّا جامي യിലും വിശദീകരിച്ചിട്ടുമുണ്ട്.
ഒരു ദിവസം ഹദ്ദാദ് നടക്കുന്ന സമയത്ത് ഞാൻ പള്ളിയുടെ മുകൾഭാഗത്ത് പോയി ഒറ്റക്ക് ഒരു മൂലയിലിരുന്ന് കണ്ണ് ചിമ്മി ഹദ്ദാദ് ചൊല്ലി. പെട്ടെന്ന് കാലിന്റെ വിരലിൽ ആരോ വന്ന് കാല് കൊണ്ട് അമർത്തി. ഞാനൊന്ന് നടുങ്ങി.. നോക്കുമ്പോൾ അതാ ഉസ്താദ് മുന്നിൽ നിൽക്കുന്നു.
"എന്താടോ ഇവിടെ ... ?"
' ഖുശൂഅ് കിട്ടാൻ വേണ്ടി ഒറ്റക്കിരുന്ന് ചൊല്ലിയതാ ...'
ഉസ്താദ്: "ഖുശൂഅ് - ഉണ്ടായിട്ട് ചൊല്ലലല്ല. ചൊല്ലുമ്പോൾ ഖുശൂഅ് താനെ ഉണ്ടായിക്കോളും ... "
എന്നിട്ട് :
"كن عند الناس أحد الناس...
അത് കൊണ്ട് എല്ലാവരുടെയും കൂടെയിരുന്ന് ചൊല്ലിയാമതി, ഒറ്റക്ക് വേണ്ട ... " എന്ന ഉപദേശവും തന്ന് വിട്ടു.
ഇബാറതു വായിക്കുന്നതുമായി ബന്ധപ്പെട്ട തമാശകളുണ്ട് ഉസ്താദിന്റട്ത്ത്. ഒരിക്കൽ ഒരാൾ തഫ്സീർ ഓതിക്കൊടുത്തപ്പോൾ القيوم എന്നതിനെപ്പറ്റി فَيْعُولٌ من قام എന്ന് പറഞ്ഞത് فَيَعُولُ എന്ന് തെറ്റി വായിച്ചു. എന്നിട്ട് കുറേ ചിന്തിച്ചു. കിട്ടിയില്ല ! അപ്പോൾ ഒരു വിദ്യാർത്ഥി ചോദിച്ചത്രെ: "ഉസ്താദെ, فَيْعُولٌ എന്നല്ലെ വായിക്കേണ്ടത് ?"
അപ്പഴാണ് പറ്റിയ അമളി ഉസ്താദിന് മനസ്സിലായത്. കുട്ടികൾക്ക് മുമ്പിൽ കള്ളി വെളിച്ചത്താവാതിരിക്കാൻ ഒരു ട്രിക്കെടുത്തു: " ആ , അത് അങ്ങനെ തന്നെയല്ലെടാ വരൂ, ആർക്കാ അതൊക്കെ തിരിയാത്തത് .... പക്ഷെ, ഞാൻ ചിന്തിച്ചത് فَيَعُولُ എന്ന് വായിക്കുകയാണെങ്കിൽ എന്ത് അർത്ഥമാണുണ്ടാവുക - എന്നായിരുന്നു ..."
വീണത് വിദ്യയാക്കാൻ ശ്രമിച്ച ഗുരുവിനെ വഷളാക്കണ്ട എന്ന് കരുതി കുട്ടി മിണ്ടാതിരുന്നിട്ടുണ്ടാകും, അല്ലാതെന്താ..
സമാനമായ വേറെ അമളികളും പറയാറുണ്ട്.
ജലാലൈനിയിൽ
(وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ )
എന്നതിന്റെ തഫ്സീറിൽ ولو أَبَيْنَ - ആ സ്ത്രീകൾ വിസമ്മതിച്ച് നിന്നാലും - എന്നത് ഒരാൾ ولو أُبِينَ എന്ന് വായിച്ചു. എന്നിട്ട് - അവരെ ബാഇനായ ത്വലാഖ് ചൊല്ലപ്പെട്ടാലും - എന്ന അർത്ഥവും വെച്ചു. ബാഇനായ ത്വലാഖ് ചൊല്ലപ്പെട്ട പെണ്ണിനെ തിരിച്ചെടുക്കാമെന്നോ ! ഉസ്താദ് അർത്ഥം റെഡിയാവാതെ കുഴങ്ങി. അപ്പഴാ വിദ്യാത്ഥി: ولو أَبَيْنَ എന്നല്ലെ വായിക്കേണ്ടത് എന്ന് ചോദിച്ചത് .
ഇതുപോലെ മുഖ്തസ്വറിലെ
كأن مثار النقع فوق رؤوسنا
എന്ന ബൈതിനെ വ്യാഖ്യാനിച്ചപ്പോ مثار എന്നതിന്റെ اشتقاق പറയുന്നുണ്ട് -
مِنْ أَثَارَ الْغُبَار
എന്ന്. ഇവിടെ مِنْ آثَارِ الْغُبَار എന്ന് തെറ്റി വായിച്ച് കുടുങ്ങിപ്പോയതും വീണത് വിദ്യയാക്കിയതുമായ കഥയാണ് മറ്റൊന്ന്.
ഇത് പറഞ്ഞപ്പഴാ, ബഹുമാനപ്പെട്ട മർഹൂം നെല്ലിക്കുത്ത് ഉസ്താദ് (ന:മ) പറഞ്ഞ സംഭവം ഓർത്തു പോയത്. സെലക്ഷന് വന്ന ഒരുത്തനോട് محلي വായിക്കാൻ പറഞ്ഞപ്പോ
"الحمد لله على أَنْعَامُهُ "
എന്ന് വായിച്ചത്രെ. അലിഫിന് ഫതഹ് വായിച്ചത് نعمة ന്റെ جمع - എന്ന് ധരിച്ചിട്ടാകും എന്ന് കരുതി ഉസ്താദ് അത് സാരമാക്കാതെ ചോദിച്ചു: " على എന്ന ഹർഫ് جارّ അല്ലെ ?"
അപ്പഴാ ഇവന്റെ തലതിരിഞ്ഞ മറുപടി : "ഓഹ്, അത് മാറിയതാണ് ഉസ്താദെ,
على إِنْعَامُهُ
എന്നാണ്..."
إعراب
കലിമതിന്റെ തുടക്കത്തിൽ കൊടുക്കുന്ന ഇവനെ ഉസ്താദ് പിന്നെ കൂടുതൽ പരിശോധിക്കാൻ നിന്നില്ല ....
تعليم الشيء هو تلقينه مع الحمل عليه والترغيب إليه-
تعليم
എന്നാൽ വിദ്യാർത്ഥികൾക്ക് علم ൽ رغبة നൽകി കൊണ്ടായിരിക്കണം എന്ന് സൂറതുൽ ബഖറ:യുടെ 102- മത് സൂക്തം വിശദീകരിക്കുന്നിടത്ത് بيضاوي യുടെ ശറഹ് شيخ زاده യിൽ പറയുന്നുണ്ടല്ലോ. അത്കൊണ്ട് തന്നെ എനിക്ക് ഉസ്താദിന്റെ അടുക്കൽ നിന്നും പഠിക്കാനുള്ള പ്രോത്സാഹനങ്ങളും കിട്ടിയിരുന്നു.
ഒരിക്കൽ പുതുമഴ കൊള്ളുന്നത് സുന്നതാണെന്ന് പറഞ്ഞപ്പോ ഞാൻ പറഞ്ഞു: 'പുതുമഴ മാത്രമല്ല, എല്ലാ മഴയും കൊള്ളുന്നത് സുന്നതാണ് എന്നുണ്ടല്ലോ '
ഉസ്താദ്: "അങ്ങനെയുണ്ടോ ? എങ്കിൽ എന്നെ കാണിക്കൂ .."
അങ്ങനെ തർശീഹിന്റെ 99 - മത്തെ പേജിൽ പറയുന്ന
ويسن أن يظهر غير عورته عند المحارم لكل مطر، ويتأكد لأول مطر
എന്ന ഇബാറത് കാണിച്ചു കൊടുത്തപ്പോൾ ഉസ്താദിന് വളരെയധികം സന്തോഷമുണ്ടാവുകയും എന്നെ പ്രോത്സാഹിപ്പിച്ചതും ഇന്നും ഓർക്കുന്നു.
ഉസ്താദ് ഇടക്ക് എന്നോട് പറയാറുണ്ടായിരുന്നു: "അഷ്റഫോ ... شين ന്റെ പുള്ളി കളയര്ത് ട്ടൊ..." ചെറിയ വാക്കിലൊതുങ്ങിയാലും അതൊരു വല്ലാത്ത ഉപദേശം തന്നെയായിരുന്നു. شين ന്റെ പുള്ളി പോയാൽ سين ആവും. അപ്പോൾ أسرف, അതായത് - ഓതിപ്പഠിക്കാതെ വെറുതെ സമയം കളയുന്നവനാകരുത് - എന്ന്. കുറിക്ക് കൊള്ളുന്ന ഉപദേശം വരെ ഭാഷയുമായി ബന്ധിപ്പിച്ച് പറയുന്നത് ഉസ്താദിന്റെ മനസ്സ് അറബി ഭാഷയുമായി അത്രമാത്രം സമ്മിശ്രമായതു കൊണ്ടാണെന്ന് ഗ്രഹിക്കാം.
ക്ലാസിൽ കുട്ടികൾ ഉസ്താദിന് വായിച്ചു കൊടുക്കുന്ന ഒരു ശീലമുണ്ട്. അങ്ങനെ വായിക്കുന്നതിനനുസരിച്ചാണ് ഉസ്താദ് അർത്ഥം പറഞ്ഞു തരിക. അറബിയിലെ ഹറകതില്ലാത്ത ഇബാറതുകൾ തെറ്റില്ലാതെ വായിച്ചു ശീലിക്കാനാണ് ഈ രീതി പണ്ട് മുതലേ ദർസിലുണ്ടായിരുന്നത്.
അൽഫിയ്യഃയുടെ ക്ലാസിൽ ഇങ്ങനെ വായിച്ചു കൊടുക്കുന്നതിനിടയിൽ ഒരു കുട്ടി كَقَدٍ എന്ന് إعراب വെളിവാക്കി തൻവീൻ ചെയ്ത് വായിച്ചു. ഇത് കേട്ട ഞങ്ങളെല്ലാം ചിരിച്ചു. കാരണം قد എന്നത് مراد اللفظ ആയത് കൊണ്ട് إعراب സാങ്കൽപ്പികം മാത്രമാണ്. അത് കൊണ്ട് كَقَدْ എന്ന് ദാലിന് സുകൂൻ ചെയ്താണ് വായിക്കേണ്ടിയിരുന്നത്. പക്ഷെ, ഉസ്താദ് ഉടനെ حاشية الصبان എടുത്തിട്ട് مراد اللفظ നിക്ക് إعراب വെളിവാക്കിയും ഉപയോഗിക്കാം എന്ന് വായിച്ചു തന്നു. എന്നിട്ട് പറഞ്ഞു: "ആരും ചിരിക്കുകയൊന്നും വേണ്ട. അവൻ തെറ്റി വായിച്ചതാണെങ്കിലും അങ്ങനെയും പ്രയോഗമുണ്ട്..."
കുട്ടികളെ ക്ലാസിൽ ശ്രദ്ധിപ്പിക്കാൻ വേണ്ടി തമാശ രൂപേണ كَقَوْلِهِ എന്ന സ്ഥലത്ത് ഇടക്ക് كَقَوْلِهُ എന്ന് هاء ന്ന് ളൊമ്മ് കൊടുത്ത് വായിക്കും. അങ്ങനെ വായിക്കാം എന്ന് حاشية الصبان ലുണ്ട് താനും.
كالياء والكاف من ابني أكرمك # والياء والها من سليه ما ملك
എന്ന ബൈതിന്റെ ശറഹിൽ പറയുന്നു: സൂറതുൽ കഹ്ഫിലെ
(وَمَاۤ أَنسَىٰنِیهُ)
എന്ന ആയതും , സൂറതുൽ ഫത്ഹിലെ
( بِمَا عَـٰهَدَ عَلَیۡهُ ٱللَّهَ )
എന്ന ആയതിന്റെയും അടിസ്ഥാനത്തിൽ مضموم ആയിട്ടും വായിക്കാം.
ഇതുപോലെ തന്നെ هو എന്ന ضمير ന്റെ മുമ്പ് فاء، واو എന്നിവ വന്നാൽ وَهْوَ، فَهْوَ എന്ന് സുകൂൻ ചെയ്തും വായിക്കാം എന്നുണ്ടല്ലോ. അൽഫിയ്യ:യിലെ
وَهْوَ بسبق حائز تفضيلًا #
എന്നിടത്ത് هاء ന് സുകൂൻ ചെയ്ത് വായിച്ചാലേ رجز ന്റെ وزن ശരിയാകൂ. ഇവിടെ രണ്ടാമത്തെ ഹർഫ് സാകിനാവണം എന്ന ضرورة കാരണം هاء നെ സാകിനാക്കി എന്ന് പറയേണ്ടതില്ല. ആ പ്രയോഗമനുസരിച്ച് ബൈതുണ്ടാക്കിയതാണെന്ന് വെച്ചാൽ മതി.
( അറബിയിലെ ഓരോ ബൈതിനും പ്രത്യേകം وزن കളുണ്ട്. علم العروض والقوافي എന്നാണ് ഇതു സംബന്ധിച്ച ഫന്നിന് പേര്. ഇതിന്റെ واضع സീബവൈഹി ഇമാമിന്റെ ഉസ്താദായ الإمام الخليلي എന്നവരാണ്. സാധാരണയിൽ ബൈതുകൾക്ക് രണ്ട് ഭാഗങ്ങളുണ്ടാകും. ഒന്നാമത്തേതിന്
المصراع الأول
എന്നും രണ്ടാമത്തേതിന المصراع الثاني എന്നുമാണ് പറയുക.
അൽഫിയ്യ: മുഴുവൻ
مُسْتَفْعِلَنْ مُسْتَفْعِلَنْ مُسْتَفْعِلَنْ # مُسْتَفْعِلَنْ مُسْتَفْعِلَنْ مُسْتَفْعِلَنْ
എന്ന وزن ലാണ് രചിച്ചിട്ടുള്ളത്. ഈ ഇശലിന് رجز എന്നാണ് പറയുക. അത് കൊണ്ടാണ് هو ابن مالك എന്നതിന്റെ ശറഹിൽ إلى أواخر الرجز എന്ന് പറഞ്ഞത്. മുഴുവൻ ബൈതുകളും ഈ رجز ൽ തന്നെ പൂർത്തിയാക്കി എന്നത് ابن معط യുടെ ألفية യേക്കാൾ ഇതിന് മുൻതൂക്കമുണ്ടാകാനുള്ള ഒരു കാരണവുമാണ്.
ഈ رجز തന്നെ تام ഉം ناقص ഉം ഉണ്ട്. ناقص ആകുമ്പോൾ: مُسْتَفْعِلَنْ مُسْتَفْعِلَنْ مُسْتَفْعِنْ
എന്ന് ഒരു مصراع ലെ അവസാനത്തെ مُسْتَفْعِلَنْ
എന്നതിൽ നിന്നും ലാമിനെ ഒഴിവാക്കി مُسْتَفْعِنْ എന്ന് പറഞ്ഞ് കൊണ്ടാണ്.
അൽഫിയ്യ:യിൽ മിക്ക ബൈതുകളും ഈ ناقص ആയ رجز ലാണ് എന്ന് കാണാം. )
ഇങ്ങനെ വിദ്യാർത്ഥികളെ ശ്രദ്ധിപ്പിക്കാൻ വേണ്ടി പ്രത്യേകം കനപ്പിച്ചു പറയുന്ന സ്ഥലങ്ങളാണ് إن യുടെ إسم ഉം, كان യുടെ خبر ഉം. ഇവ نصب ന്റെ അടയാളമില്ലാതെ ക്രമം തെറ്റി വരുന്നിടത്ത്, വലിയവർ വരെ ശ്രദ്ധിക്കാതെ نصب ന് പകരം رفع ചെയ്ത് വായിക്കാറുണ്ട്. (ഉദാ: أنّ منه قولَه) .
പിന്നെ غير منصرف കളും ശ്രദ്ധിച്ച് വായിക്കും. അവയിലെ جرّ ഫതഹ് ചെയ്ത് കൊണ്ടാണല്ലോ. അതുപോലെ يُشْتَرَطُ എന്നതിലെ راء ന്റെ ഫതഹും ഒന്ന് കനപ്പിക്കാറുണ്ട്. അറിയാതെ സുകൂൻ ചെയ്ത് വായിക്കരുത് എന്നറിയിക്കാനാണത്.
بِحَسَبِهِ
എന്നിടത്തെ സീനിന്റെ ഫതഹിനെയും നല്ലോണം വെളിവാക്കി വായിക്കും. حَسْب എന്നതിൽ زائد അല്ലാത്ത جارّ കടന്നാൽ സീനിന് ഫതഹ് ചെയ്യണമെന്ന നിയമമുണ്ടല്ലോ. ഇത് حاشية الدسوقي യിൽ നിന്നും ഉദ്ധരിച്ച് കൊണ്ട്
وأتبعت لفظًا فحسب بل ولا #
എന്ന അൽഫിയ്യ:യിലെ ബൈതിന്റെ تعليق ൽ സൈദാലി ഉസ്താദ് (ഖു:സി) ചേർത്തിട്ടുണ്ട്. شيخ زاده യിലും മറ്റ് പല സ്ഥലത്തും ഇത് വിശദീകരിച്ചിട്ടുണ്ട്.
حَشَفَة
എന്ന് شين ന് ഫതഹ് നല്ലോണം വെളിവാക്കി വായിക്കും. അങ്ങനെയാണ് أفصح ആയ പ്രയോഗവും. ഇത് ശ്രദ്ധിക്കാതെ മിക്ക പേരും شين ന് സുകൂൻ ചെയ്ത് വായിക്കാറുണ്ട്.
ഒരിക്കൽ مشكوة ലെ ഒരു ഭാഗത്ത് ഒരു സംശയം ചോദിച്ചു. ഉസ്താദ് വിശദീകരിച്ചതിനെ إعتراض ചെയ്ത് കൊണ്ടായിരുന്നു അത്. അപ്പോ ഉസ്താദ് പറയാ: "എടോ, ഞാൻ مشكوة ഓതുന്ന കാലത്ത് തന്നെ من أوله إلى آخره മറ്റുള്ളവർക്ക് ഓതിക്കൊടുത്തിട്ടുമുണ്ട്..."
പൊന്മള ഉസ്താദിന്റെ ദർസിൽ പഠിക്കുന്ന കാലത്ത് തന്നെ ഉസ്താദ് 'മുല്ലാജാമി' ഓതിക്കൊടുത്തിരുന്നു എന്നും കേട്ടിട്ടുണ്ട്. ഇന്ന് അങ്ങനെ ഒരു കിതാബ് തന്നെ വിദ്യാർത്ഥികൾക്ക് പരിചയമില്ല. ابن الحاجب എന്നവരുടെ كافية എന്ന കിതാബിന്റെ ശറഹാണത്.
അഹമ്മദ് കുട്ടി ഹാജി "സീബവൈഹി" എന്ന വിളിപ്പേരിനെ കുറിച്ച് പറഞ്ഞത് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നല്ലോ.
ശൈഖുൽ ബസ്വരിയ്യീൻ - ഇമാം സീബവൈഹി (റ)വിലേക്ക് ചേർത്തി വിളിക്കാൻ മാത്രം എന്താണുള്ളതെന്ന് ഇതുവരെ വായിച്ചവർക്ക് ഏറെക്കുറെ മനസ്സിലായിക്കാണും. അത് അനുഭവിച്ചറിഞ്ഞവരാണ് ഉസ്താദിന്റെ സതീർത്ഥ്യരും, ഞങ്ങൾ - ശിഷ്യന്മാരും.
വെറുതെയല്ല സഹപാഠികളും മറ്റും "സീബവൈഹി " എന്ന് വിളിച്ചത്.
പൊന്മള ഉസ്താദ് തന്നെ ഇതേക്കുറിച്ച് മദ്ഹ് പറഞ്ഞത് അനുഭവസ്ഥരിലൂടെ കേട്ടിട്ടുണ്ട് : " ഞാൻ വിദ്യാർത്ഥികൾക്ക് തഅല്ലുഖുകളും ضمير ന്റെ മർജിഉകളും തെറ്റായി മടക്കിയ ഒരു جمع الجوامع കൊടുത്ത് പരീക്ഷിക്കാറുണ്ട്. പക്ഷെ, ഒരിക്കൽ പോലും ഖാദിർ മുസ്‌ല്യാർ അതിൽ തെറ്റിപ്പോയിട്ടില്ല... "
ഗുരുമുഖത്ത് നിന്നുള്ള മതിപ്പും ആശംസക്കുമപ്പുറം ഒരു വിദ്യാർത്ഥിക്ക് എന്ത് അംഗീകാരമാണ് ലഭിക്കാനുള്ളത് !
ഇങ്ങനെ വാഴ്ത്തപ്പെടാൻ മാത്രം ഉസ്താദിനെ ഉയരത്തിലെത്തിച്ചത് ബഹുവന്ദ്യരായ ടി.ടി. ഉസ്താദ് (ന:മ) യുടെ ശിക്ഷണമായിരുന്നു. വിദ്യാർത്ഥികളെ സ്വർഫും നഹ്‌വും നന്നായി പരിശീലിപ്പിച്ചതിന്റെ ഫലം. ഒരിക്കൽ, ടി.ടി ഉസ്താദിന്റെ ദർസിൽ നിന്നും ഉപരിപഠനത്തിന് കോളേജിൽ പോയ ഒരു വിദ്യാർത്ഥി ടി.ടി ഉസ്താദിനെ കാണാൻ വന്നു. അപ്പോൾ ചോദിച്ചു:
"ഏതൊക്കെ കിതാബാണ് ഇപ്പൊ ഓതുന്നത് ...?"
വിദ്യാർത്ഥി: "അവിടെ ഞങ്ങൾ ഫലകിന്റെ ഫന്നുകളൊക്കെ ഓതുന്നുണ്ട് ...."
ഇത്തരം ഫന്നുകൾ പഠിക്കുന്നവരിലുണ്ടാകുന്ന ഒരു ഗമ ഇല്ലാതാക്കാൻ, അവ പഠിക്കുന്നതിന് മുമ്പ് നഹ്‌വും സ്വർഫും റെഡിയായിരിക്കണമെന്ന് ബോധ്യപ്പെടുത്താൻ, അല്ലെങ്കിൽ അത് തിരിയാത്തവന് ഒന്നിലും വമ്പ് നടിക്കാനാവില്ലെന്ന് മനസ്സിലാക്കാൻ ഉസ്താദ് ഒരു ചോദ്യം:
" ഓഹ്, എന്നാ യാസീനിലെ (یَخِصِّمُونَ) എന്നത് ഏത് وزن ആണെന്ന് പറഞ്ഞേ ..."
കുട്ടി ഉത്തരം കിട്ടാതെ നിന്ന് പരുങ്ങി..
(അത് افتعل വസ്നിൽ വന്ന خَصَم എന്ന فعل ആണ്. ഈ വസ്നിലെ عين കലിമത് صاد ആയാൽ تاء നെ صاد ആക്കി മാറ്റി إدغام ചെയ്യുകയും മുമ്പുണ്ടായിരുന്ന حركة التاء (ഫതഹ് ) നെ خاء ലേക്ക് നീക്കുകയും ചെയ്യുമെന്ന് أجناس الكبرى യിൽ പണ്ട് പഠിച്ചിരുന്നല്ലോ. അപ്പോൾ يَخَصِّمون എന്നാവും. അവിടെ തന്നെ خاء ന് مطلقا നിലക്ക് കസ്റ് നൽകുന്ന ഒരു لغة ഉം പറയുന്നുണ്ട്. അതനുസരിച്ചാണ് നമ്മുടെ قراءة ൽ (یَخِصِّمُونَ) എന്ന് ഓതുന്നത്.)
എന്നിട്ട്, അറബി ഭാഷയുടെ മൂല പഠനമായ സ്വർഫ് നല്ലോണം ശരിയാക്കാൻ കൂടെയുള്ളവരോടെല്ലാം ഉപദേശിച്ചു. ഫന്നുകൾ പഠിക്കുന്നതിനോട് ടി.ടി ഉസ്താദിന് വിയോജിപ്പായിരുന്നു എന്ന് തെറ്റിദ്ധരിക്കേണ്ട. അങ്ങനെ ചോദിച്ചത് എന്തിനായിരുന്നുവെന്ന് പറഞ്ഞല്ലോ.
ടി.ടി ഉസ്താദിന്റെ ഗുരുവര്യരായ എം.എം ബശീർ മുസ്‌ലിയാരും (ന:മ) അറബി ഗ്രാമറിൽ നന്നായി കഴിവുള്ളവരായിരുന്നു. ബിദഇകൾക്കെതിരെ പലപ്പോഴും ألفية യിൽ നിന്ന് തന്നെ തെളിവുദ്ധരിച്ച് മറുപടി കൊടുത്തിരുന്നു. മുമ്പ്, നിസ്കാരത്തിൽ നെഞ്ചിന് മുകളിലാണ് കൈ കെട്ടേണ്ടത് - എന്ന ലൊട്ടുലൊടുക്കൂസൻ ന്യായത്തിന് അവർ പറഞ്ഞ മറുപടിയുണ്ട്:
"ഇവറ്റകൾ വിണ്ഡികളാണെന്ന് ഇബ്നു മാലിക് (റ) എന്നവർ അൽഫിയ്യഃയിൽ പറഞ്ഞിരിക്കുന്നു ...."
അവരുടെ വിശദീകരണം ഇങ്ങനെയായിരുന്നു:
" وضع يده اليمنى على اليسرى على صدره
ഇവിടെ على എന്നതിന് 'മുകളിൽ' എന്നല്ല. 'അരികെ' എന്ന تجاوز ന്റെ معنى യാണ്. ഇങ്ങനെയുള്ള تجاوز ന്റെ സാരം عن ന് ഉണ്ടെന്നും, عن ന്റെ അർത്ഥങ്ങളെല്ലാം على യുടെ معنى യായിട്ട് വിവക്ഷിക്കപ്പെടാം എന്നും ബുദ്ധിയുള്ളവരെല്ലാം മനസ്സിലാക്കിയിട്ടുണ്ട്. എന്നിട്ട് ألفية യിലെ ഇതേ ആശയം കുറിക്കുന്ന ബൈത് പാടി:
على للاستعلا ومعنى في وعن # بِعَنْ تجاوزًا عَنَى مَن قَد فَطَن.
എന്നിട്ട് പറഞ്ഞു: "...അപ്പോൾ ഈ അർത്ഥം മനസ്സിലാക്കാത്തവർക്ക് ബുദ്ധിയില്ലെന്ന് ഇവരെക്കുറിച്ച് മുൻകൂട്ടി അൽഫിയ്യഃയിൽ ഇബ്നു മാലിക് (റ) പറഞ്ഞത് ഓറുടെ കറാമതും കൂടിയാണ് ...."
അല്ലെങ്കിലും ഇവിടെ على صدره എന്നതിന് 'നെഞ്ചിന് മുകളിൽ' എന്ന استعلاء ന്റെ അർത്ഥം ശരിയാവില്ല. കാരണം ഇതിലെ രണ്ട് على എന്നതിന്റെയും تعلق , തുടക്കത്തിലെ وَضَع എന്നതിനോടാണ്. ഒരേ جارّ കൾ ഒരു കലിമതിനോട് تعلق ആയാൽ രണ്ടിനും ഒരേ معنى വെക്കാൻ പറ്റില്ല. അപ്പോൾ ഒന്നാമത്തെ على اليسرى എന്നതിന് 'ഇടത് കൈയിന്റെ മുകളിൽ' എന്ന استعلاء ന്റെ അർത്ഥമായത് കൊണ്ട് രണ്ടാമത്തെ على ക്ക് 'മുകളിൽ' എന്ന അർത്ഥം വരില്ല തന്നെ. അപ്പോൾ تجاوز ന്റെ معنى യായ 'അരികെ' എന്ന് വെക്കണം. വേണമെങ്കിൽ ഭാഷയിൽ على എന്നതിന് 'താഴെ' എന്നും വന്നിട്ടുണ്ട്! നോക്കൂ, عنفقة ന്റെ تعريف ആയിട്ട്
النابت على الشفة السفلى
എന്ന് മുഗ്‌നിയിലും إعانة الطالبين ലും പറഞ്ഞിട്ടുണ്ട്. അവർക്ക് മുന്നേ الإمام العمراني എന്നവർ അവരുടെ البيان ലും. ഇവിടെ 'താഴെ ചുണ്ടിന് അടിയിൽ മുളച്ചത്' എന്നാണല്ലോ. ഇവിടെയും تجاوز ന്റെ വ്യാപകാർത്ഥം തന്നെയാണ് അത്. ചുരുക്കത്തിൽ, على എന്ന് കേൾക്കുമ്പഴേക്ക് 'മുകളിൽ' എന്ന് തീറെഴുതിക്കൊടുക്കേണ്ടതില്ല.
രുചിച്ചറിഞ്ഞത് പേന കൊണ്ടെഴുതുന്നതിന് പരിമിതികളുണ്ടല്ലോ. എന്നാലും, ഓർമ്മയിൽ നിന്നെടുത്ത് ചെറിയ രൂപത്തിൽ വിശദീകരിച്ചതാണ്. മറ്റുള്ളവർക്ക് ഉസ്താദിൽ നിന്നും പഠിക്കാനുണ്ടെന്ന് മനസ്സിലാക്കിയാണ് ഇതിനു മുതിർന്നത്. സൗകര്യപ്പെട്ടാൽ ഇനിയും എഴുതാം. ( ഇ. അ )
ഉസ്താദിനെ കുറിച്ചുള്ള കുറിപ്പായത് കൊണ്ട്, ഇമാം സീബവൈഹി (റ) വിന്റെ പേരിനെ കുറിച്ച് പറയട്ടെ,
ആ പേരിനെ സംബന്ധിച്ച് പലവ്യാഖ്യാനങ്ങളും ഉണ്ടെങ്കിലും ശരിയായി തോന്നുന്നത് ഇങ്ങനെയാണ്: യഥാർത്ഥത്തിൽ "സേബ് വൈഹി" എന്ന പേർഷ്യൻ വാക്കാണത്. 'ആപ്പിൾ പഴം പോലെയുള്ളവർ'- എന്നർത്ഥം. സുമുഖനും സുന്ദരനുമായത് കൊണ്ട് അങ്ങനെ പറയുന്നതാണത്രെ. "വൈഹി " എന്നത്
أداة التشبيه
ആണ്. അത് അറബി ഭാഷക്ക് വിപരീതമായി കലിമഃതിന്റെ അവസാനമാണ് ചേർക്കുക. أداة التصغير ഉം ഇങ്ങനെ അവസാനത്തിലാണ് ചേർക്കുക.
ഇമാം റാസി (റ) വിന് നല്ല ഗ്രാഹ്യശേഷിയുള്ള ഒരു മകനുണ്ടായിരുന്നു. ചെറു പ്രായത്തിലേ വഫാതായി. ഇത് ഇമാമിനെ വല്ലാത്ത വിഷമത്തിലാക്കുകയും, സൂറത് യൂസുഫിൽ മകൻ നഷ്ടപ്പെട്ട സങ്കടം യഅ്ഖൂബ് നബി (അ) പറയുന്ന ആയത് പാരായണം ചെയ്ത്, കൂടെയുള്ളവരോട് റാസി ഇമാം (റ) ദുആ ചെയ്യാനും പറഞ്ഞ സംഭവമുണ്ട്. ആ മകൻ ചെറുപ്രായത്തിൽ തന്നെ രചന നടത്തിയത് കൊണ്ട് مصنفك (ചെറിയ മുസ്വന്നിഫ്) എന്ന് പേർഷ്യൻ ഭാഷയിൽ വിളിക്കാറുണ്ടായിരുന്നത്രെ.
ഈ ചരിത്രം شذرات الذهب ലുണ്ട്.
مُلّا
എന്നാൽ പേർഷ്യൻ ഭാഷയിൽ പണ്ഡിതൻ എന്നാണല്ലോ. അപ്പോൾ مُلّاك - ചെറിയ പണ്ഡിതൻ. ഇതിൽ നിന്നും ലോപിച്ചതായിരിക്കാം " മൊല്ലാക്ക " എന്ന നമ്മുടെ നാട്ടിലെ പ്രയോഗവും.
ഒരു കുന്നിൻ പ്രദേശത്ത് വളരെ ചെറിയ വീട്ടിലായിരുന്നു ഉസ്താദ് താമസിച്ചിരുന്നത്. അത്യാവശ്യത്തിന് പോലും സൗകര്യമില്ലാത്ത ഒരു കുടിൽ. മരത്തിന്റെ പലക കയറിൽ കെട്ടിത്തൂക്കിയാണ് കിതാബുകൾ വെച്ചിരുന്നത്.
പേരോട് ഉസ്താദിന്റെ നാട്ടിൽ മുദർരിസായി നിന്നിരുന്ന സമയത്തായിരുന്നു അവരുടെ വിവാഹം. പേരോട് ഉസ്താദ് നീളമുള്ള മനുഷ്യനായത് കൊണ്ടും വീടിന്റെ വാതിൽ ഉയരക്കുറവു കൊണ്ടും അദ്ദേഹം വിവാഹ സൽക്കാരത്തിന് വീട്ടിൽ കയറിയത് കുനിഞ്ഞു കൊണ്ടായിരുന്നു. അന്ന് തമാശയായി പറഞ്ഞത്രെ: " ഈ ഖാദിർ മുസ്‌ലിയാർ വെറുതെയല്ല നീളം വെക്കാത്തത് ... "
ഉസ്താദ് വിട പറഞ്ഞിട്ട് 21 വർഷമായി.
നല്ല മഴ പെയ്യുന്ന സമയമായതിനാൽ വഫാതായി കിടക്കുന്ന ഉസ്താദിന്റെ ശരീരത്തിലേക്ക് വീടിന്റെ മേൽക്കൂര ചോർന്ന് വെള്ളം ഇറ്റിവീഴുന്നത് കണ്ടിട്ട് മനസ്സ് വല്ലാതെ വേദനിച്ചു പോയി. ഇത്രയധികം ദാരിദ്ര്യം ആ ജീവിതത്തിലുണ്ടായിട്ടും ഒരാളെയും അത് അറിയിച്ചിട്ടില്ല. "മിസ്കീൻമാരോടുകൂടെ ഞാനുണ്ടാകുമെന്ന" മുത്ത് നബി (സ്വ) തങ്ങളുടെ മൊഴിയിൽ ഉസ്താദിനും കാര്യണ്യവാനായ റബ്ബ് ഇടം നൽകട്ടെ.
മഗ്ഫിറതും മർഹമതും നൽകി ദറജഃ ഉയർത്തി കൊടുക്കട്ടെ.
നാളെ സ്വർഗ്ഗത്തിൽ സ്വാലിഹീങ്ങളെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
( തയ്യാറാക്കിയത്: അഹ്‌മദ് ഉനൈസ് അഹ്സനി വെങ്കുളം)
💫
Comments
Post a Comment