ദുരനുഭവങ്ങൾ നമ്മെ തളർത്തരുത്...

ദുരനുഭവങ്ങൾ നമ്മെ തളർത്തരുത്... 

🌷🍀🥀🪴🌺🌳🏵️🌻🌴🌸🍃🌿🌾☘️🌱 

കർബല; ഓർക്കുമ്പോൾ വിശ്വാസിയുടെ ഉള്ള് നീറും. അത്രമേൽ വേദനിപ്പിക്കുന്ന സംഭവങ്ങളാണ് അവിടെ അരങ്ങേറിയത്..! അല്ലാഹു തആലായുടെ അലംഘനീയമായ വിധി.! അതിൽ വിശ്വാസികൾക്ക് വലിയ പാഠമുണ്ട്. ചരിത്രമോർത്ത് വിഷമിക്കുന്നതിലപ്പുറം ഈ പാഠമുൾക്കൊള്ളാൻ വിശ്വാസികൾ ശ്രദ്ധിക്കണം.

ആരംഭ പൂവായ മുത്ത്നബി(സ്വ) തങ്ങൾ, ഈ പ്രപഞ്ചത്തിന്റെ മുഴുവൻ അധിപനായ അല്ലാഹു തആലായുടെ ഏറ്റം പിരിശക്കാരൻ, അവന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നതരായിട്ടുള്ളവർ. ആ സ്ഥാനത്തിൽ കവിഞ്ഞ് ഒന്നും ഒരു സൃഷ്ടിക്ക് കിട്ടാനില്ല. അവിടുത്തെ കരളിന്റെ കഷ്ണമെന്ന് വിശേഷിപ്പിക്കപ്പെട്ട പുന്നാരമോൾ ബീവി ഫാത്വിമ(റ). അവരുടെ മക്കളാണ് ഹസൻ(റ) - ഹുസൈൻ(റ). ബാല്യകാലം പിതാമഹനായ തിരുനബി(സ്വ) തങ്ങളുടെ കൂടെ ചെലവഴിച്ചത് എത്രമേൽ ആനന്ദകരമായിട്ടാണ് ചരിത്രങ്ങളിൽ വിവരിച്ചത് ! മൂവരുടെയും അളക്കാനാവാത്ത സ്നേഹ വാത്സല്യങ്ങൾ ആരുടെയും മനം കവരും. അവിടുത്തെ ചുമലിലേറി കളിച്ചതും അവരെ വാരിപ്പുണർന്ന് മടിയിലിരുത്തി താലോലിച്ചതും മറ്റുമെല്ലാം ഇത്തരത്തിലുള്ളതാണ്. 


ഇങ്ങനെയൊക്കെയായിട്ടും - അതായത്, സൃഷ്ടികളിൽ വെച്ച് ഏറ്റവും കൂടുതൽ അല്ലാഹുവോട് അടുത്ത, അവന്റെ ഇഷ്ടക്കാരനായ തിരുനബി(സ്വ), അവരുടെ വാത്സല്യ നിധിയായിരുന്ന, സ്വർഗ്ഗത്തിലെ യുവാക്കളുടെ നേതാവായി പരിചയപ്പെടുത്തി തന്ന ഹുസൈൻ(റ) നിഷ്ഠൂരമായി വധിക്കപ്പെടുകയും തുടർന്ന് കരളലിയിപ്പിക്കും രംഗങ്ങൾ ഉണ്ടാവുകയും ചെയ്തതിൽ നിന്നും വിശ്വാസികൾക്ക് ചിലത് മനസ്സിലാക്കാനില്ലേ ? തീർച്ചയായും ഉണ്ട്. ഇഹലോകത്തെ കഷ്ടപ്പാടുകൾ ഒന്നും തന്നെ ആഖിറതിലെ സ്ഥാന - മാനങ്ങളെ അടിസ്ഥാനമാക്കിയല്ല എന്ന പ്രധാന തത്വമാണ് ഇതിലെ പാഠം. 


ഈ ദുൻയാവിനെ എത്രമാത്രമാണ് നമ്മുടെ മതം ഇകഴ്ത്തി സംസാരിച്ചത് ? വിശുദ്ധ ഖുർആനിലെ ഭൂരിഭാഗവും ദുൻയാവിനെ താഴ്ത്തി കെട്ടാനും ആഖിറ ലോകമാണ് പ്രധാനമെന്ന് പഠിപ്പിക്കാനുമാണ്. പിന്നെ എങ്ങനെയാണ് ഇവിടുത്തെ സുഖജീവിതം  പരലോകത്തെ കുറിക്കുന്നതാവുക ?

വിശ്വാസിക്ക് ദുൻയാവിൽ സുന്ദര ജീവിതമുണ്ടാവുക എന്നത് പേടിക്കേണ്ട കാര്യമായിട്ട് കരുതാനാണ് മഹാന്മാർ പറഞ്ഞിട്ടുള്ളത്. 

ഈ നശ്വരമായ ജീവിതത്തിന്റെ സുഖങ്ങൾക്കനുസരിച്ച് സ്രഷ്ടാവിനെ വാഴ്ത്തുകയും പ്രയാസങ്ങൾ നേരിടുമ്പോൾ അവനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് കാഫിറായ മനുഷ്യന്റെ സ്വഭാവമായിട്ടാണ് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്: 

(فَأَمَّا ٱلۡإِنسَـٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَیَقُولُ رَبِّیۤ أَكۡرَمَنِ ۝  وَأَمَّاۤ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَیۡهِ رِزۡقَهُۥ فَیَقُولُ رَبِّیۤ أَهَـٰنَنِ) 

- (سورة الفجر ١٥-١٦)

ഈ സൂക്തത്തിലെ ٱلۡإِنسَـٰنُ എന്നത് സത്യനിഷേധിയായ മനുഷ്യനാണെന്ന് 'ജലാലൈനി'യിൽ കാണാം. ഇത്തരം സ്വഭാവം വിശ്വാസിക്ക് ഉണ്ടാവരുത് എന്നാണല്ലോ ഇതിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയിലും നമ്മൾ ഓതുന്ന സൂറതുൽ കഹ്ഫിൽ പറയുന്നത് നോക്കൂ: 

(۞ وَٱضۡرِبۡ لَهُم مَّثَلࣰا رَّجُلَیۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَیۡنِ مِنۡ أَعۡنَـٰبࣲ وَحَفَفۡنَـٰهُمَا بِنَخۡلࣲ وَجَعَلۡنَا بَیۡنَهُمَا زَرۡعࣰا ۝  كِلۡتَا ٱلۡجَنَّتَیۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَیۡـࣰٔاۚ وَفَجَّرۡنَا خِلَـٰلَهُمَا نَهَرࣰا ۝  وَكَانَ لَهُۥ ثَمَرࣱ فَقَالَ لِصَـٰحِبِهِۦ وَهُوَ یُحَاوِرُهُۥۤ أَنَا۠ أَكۡثَرُ مِنكَ مَالࣰا وَأَعَزُّ نَفَرࣰا ۝ وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمࣱ لِّنَفۡسِهِۦ قَالَ مَاۤ أَظُنُّ أَن تَبِیدَ هَـٰذِهِۦۤ أَبَدࣰا ۝  وَمَاۤ أَظُنُّ ٱلسَّاعَةَ قَاۤىِٕمَةࣰ وَلَىِٕن رُّدِدتُّ إِلَىٰ رَبِّی لَأَجِدَنَّ خَیۡرࣰا مِّنۡهَا مُنقَلَبࣰا) 

 (سورة الكهف: ٣٢-٣٦)

ഒരാൾ വിശ്വാസിയും മറ്റൊരാൾ നിഷേധിയുമായ മുൻകാലത്ത് ജീവിച്ച രണ്ട് സഹോദരന്മാരുടെ സംഭവം വിവരിക്കുകയാണ്. നിഷേധിയായവന് ധാരാളം സമ്പത്തുണ്ടായിരുന്നു. വിശാലമായ ധാന്യക്കൃഷി, അതിന്റെ ഇരുവശങ്ങളിലായി രണ്ട് മുന്തിരിതോട്ടങ്ങൾ, അതിന്റെ ചുറ്റിലുമായി ഈത്തപ്പഴത്തോട്ടവും. ഇവയെല്ലാം ഒരു കുറവും വരുത്താതെ അവയുടെ കായ്കനികൾ നൽകി കൊണ്ടിരിക്കുന്നു. ഈ തോട്ടങ്ങൾക്കിടയിലൂടെ ഒന്നാന്തരം അരുവി ഒഴുകുന്നു.. ഇവകൾക്കെല്ലാം പുറമെ വേറെയും വരുമാന മാർഗ്ഗങ്ങൾ അയാൾക്കുണ്ട്. അങ്ങനെ എല്ലാം കൊണ്ടും അയാൾക്ക് സമൃദ്ധമായിരുന്നു. പക്ഷേ, അവനെയും അവന് ഇവയൊക്കെയും സംവിധാനിച്ചു നൽകിയ റബ്ബിനെ അവൻ നിഷേധിച്ചു കളഞ്ഞു. എന്നിട്ട് വിശ്വാസിയായ സഹോദരനോട് അവൻ പറയും: "നിന്നെക്കാളും സ്വത്തും കൂട്ടുകുടുംബവും ധാരാളമുള്ളവനാ ഞാൻ ... " ശേഷം അവനെയും കൂട്ടി ആ തോട്ടത്തിൽ കടന്നിട്ട് വീണ്ടും വാചാലനാവും: " ഇതൊന്നും ഒരിക്കലും ഇല്ലാതെയാവൂല . ഇനി, നീ പറയും പോലെ ഇതിനെല്ലാം ഒരു സ്രഷ്ടാവുണ്ടാവുകയും അവനിലേക്ക് എന്നെ മടക്കപ്പെടുകയും ചെയ്താൽ തന്നെയും , അവിടെയും ഞാൻ സമ്പന്നനും വമ്പനുമായിരിക്കും..." 


ദുനിയാവിലെ സമ്പത്ത് കൊണ്ട് ഞാൻ ഉഷാറായതിനാൽ എല്ലായിടത്തും ഞാൻ തന്നെ മുന്നിൽ - എന്ന മിഥ്യാ ധാരണയാണ് ആ നിഷേധി പറഞ്ഞത്. അതിനെ ഇങ്ങനെ വായിക്കണം: ഇവിടുത്തെ മുമ്പൻ ആഖിറതിലും മുമ്പനാണെന്നത് കുഫ്ഫാറിന്റെ ന്യായമാണെന്നും അത് നാം ഉൾക്കൊള്ളരുതെന്നും. 


വെള്ളിയാഴ്ച ഇമാമിൽ നിന്നും കേൾക്കുന്ന സൂറതുൽ അഅ്ലായിലും സമാനമായ സൂക്തങ്ങളുണ്ട് :

(بَلۡ تُؤۡثِرُونَ ٱلۡحَیَوٰةَ ٱلدُّنۡیَا ۝  وَٱلۡـَٔاخِرَةُ خَیۡرࣱ وَأَبۡقَىٰۤ ۝  إِنَّ هَـٰذَا لَفِی ٱلصُّحُفِ ٱلۡأُولَىٰ ۝  صُحُفِ إِبۡرَ ٰ⁠هِیمَ وَمُوسَىٰ۝) 

"നശ്വരമായ ദുൻയാവിലെ ജീവിതത്തിന് അവർ സ്ഥാനം കൽപിക്കുന്നു. എന്നാൽ ഇവിടുത്തേതിനേക്കാൾ എത്രയോ നല്ലതും മുന്തിയതും നശിക്കാതെ എന്നും നിലനിൽക്കുന്നതും ആഖിറ ലോകമാണ്. അത് തന്നെയാണ് മുൻകാല വേദങ്ങളിലെല്ലാം നാം പറഞ്ഞു കൊണ്ടിരുന്നതും. " 


സൂറതുൽ കഹ്ഫിൽ മറ്റൊരിടത്ത് ഇങ്ങനെയുമുണ്ട്. 

(إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِینَةࣰ لَّهَا لِنَبۡلُوَهُمۡ أَیُّهُمۡ أَحۡسَنُ عَمَلࣰا)

 (سورة الكهف -٧)

ഈ ഭൂമിലോകത്ത് സുഖസൗകര്യങ്ങളൊരുക്കിയത് നമ്മുടെ കൂട്ടത്തിൽ നിന്നും ആരാണ് അവയോട് മനസ്സുവെക്കാതെ ജീവിച്ചു കാണിക്കുന്നത് എന്ന് പരിശോധിക്കാനാണത്രെ. ദുൻയാവിനോട് മനസ്സുവെക്കാതിരിക്കുക - എന്ന ആശയമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. അത് ജലാലൈനിയിൽ നിന്നും വ്യക്തമാണ്: 

(أَیُّهُمۡ أَحۡسَنُ عَمَلࣰا)

 أي أزهد له. اه

(تفسير الجلالين)

ആരാണ് زهد ഉള്ളവരായി ജീവിക്കുന്നത് എന്നറിയാൻ വേണ്ടി എന്നാണ് പറഞ്ഞത്. زهد എന്നാൽ സമ്പത്തില്ലാതെ ജീവിക്കുക എന്നല്ല, മറിച്ച് അതിനോടു മനസ്സു വെക്കാതെ ജീവിക്കലാണെന്ന് അല്ലാമ: സൈനുദീൻ മഖ്ദൂം(റ) അദ്കിയാ- യിൽ പറയുന്നുണ്ടല്ലോ:

وازهد وذا فقد علاقة قلبكا # بالمال لا فقد له تك أعقلا 

ഇതു തന്നെയാണ് സ്വഹാബതിനെ സംബന്ധിച്ച الكرام എന്ന വിശേഷണത്തെ ഇബ്നു ഹജർ (റ) വിശദീകരിച്ചതും: 

(وعلى آله وصحبه البررة  - الكرام) جمع كريم، والمراد به هنا من خرج عن نفسه وماله لله تعالى، وكل الصحابة كذلك ، رضوان الله تعالى عليهم أجمعين. اه

(شرح با فضل: ١/١٠) 

സ്വഹാബത് ദരിദ്രരായിരുന്നു എന്നല്ല, മറിച്ച് ശരീരവും സമ്പത്തും റബ്ബിലേക്ക് സമർപ്പിച്ചവരായിരുന്നു എന്ന്. ഒന്നുകൂടെ പറഞ്ഞാൽ സ്വത്തിനോട് മനസ്സു വെക്കാത്തവർ എന്ന് തന്നെ. എല്ലാ സ്വഹാബതും ഈ ഉത്തമ സ്വഭാവമുള്ളവരായിരുന്നു എന്നും തുടർന്ന് മഹാനർ പറയുന്നു. 

(رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةࣰ)

എന്ന ദുആയിൽ ദുൻയാവിലെ حسنة കൊണ്ടുദ്ദേശം കേവലം സമ്പത്തുണ്ടാകുക എന്നല്ല. പരലോകത്തേക്ക് നേട്ടമുണ്ടാക്കിത്തരുന്ന എല്ലാ കാര്യങ്ങളുമാണ് ഇത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. ഇക്കാര്യം ഇബ്നു ഹജർ (റ) പറയുന്നുണ്ട്:

ﻓﺎﻟﻮﺟﻪ ﺃﻥ ﻣﺮاﺩﻩ ﻛﻞ ﺧﻴﺮ ﺩﻧﻴﻮﻱ ﻳﺠﺮ ﻟﺨﻴﺮ ﺃﺧﺮﻭﻱ. اه بحذف

(تحفة: ٤/٨٧) 

കഅ്ബ് ഇബ്നു ഉജ്റഃ(റ) എന്ന സ്വഹാബിയെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ ഒരു സംഭവം വിവരിക്കുന്നുണ്ട് - ഒരിക്കൽ മഹാൻ മുത്ത്നബി(സ്വ) തങ്ങളെ കാണാൻ ചെന്നപ്പോൾ വല്ലാതെ ക്ഷീണിച്ച് വിവർണ്ണമായതായി കണ്ടു. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോൾ തിരുനബി(സ്വ) തങ്ങൾ പറഞ്ഞു: "മൂന്ന് ദിവസമായി ഒന്നും കഴിച്ചിട്ടില്ല !" സ്വഹാബി വര്യൻ വിഷമിക്കാതിരിക്കുമോ? ഉടനെ ഭക്ഷണം അന്വേഷിച്ചിറങ്ങി. വഴിയിൽ ഒരു യഹൂദിയായ മനുഷ്യൻ തന്റെ തോട്ടം നനച്ചു കൊണ്ടിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അയാളോട് പറഞ്ഞു: 'ഞാൻ വെള്ളം കോരിയെടുക്കാം. പകരം എന്ത് തരും?'

യഹൂദി:  'ഒരു ബക്കറ്റിന് ഒരു ഈത്തപ്പഴം'

അങ്ങനെ ഒരു പിടി ഈത്തപ്പഴം ലഭിക്കും വരെ ജോലിയെടുത്ത് കിട്ടിയതുമായി തങ്ങളുടെ അടുത്തേക്കോടി.

" ഇതെവിടുന്നാ...?" തങ്ങൾ ചോദിച്ചു. സ്വഹാബി നടന്നതെല്ലാം വിശദീകരിച്ചു. ഇത് കേട്ട നബി (സ്വ) തങ്ങൾ ചോദിച്ചു: " കഅ്ബ് എന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നുണ്ടോ?..."

സ്വഹാബി: "തീർച്ചയായും ഞാൻ അങ്ങയെ സ്നേഹിക്കുന്നു..."

തിരുനബി(സ്വ): " എന്നാൽ, മലമുകളിൽ നിന്നും വെള്ളം താഴോട്ട് പതിക്കുന്ന വേഗത്തിൽ നിങ്ങൾക്ക് ദാരിദ്ര്യം വന്നെത്തും. ക്ഷമിക്കാൻ പാകപ്പെട്ടു നിന്നോളൂ..." പിന്നീട് ആ സ്വഹാബിയെ കാണാതായപ്പോൾ തിരുനബി(സ്വ) അന്വേഷിക്കുകയും രോഗിയാണെന്ന് അറിയുകയും ചെയ്തു. അങ്ങനെ അവരെ സന്ദർശിക്കാൻ തങ്ങൾ വരികയും "കഅ്ബ് എന്നവരേ, താങ്കൾ സന്തോഷിച്ചു കൊള്ളുക..." എന്ന് പറഞ്ഞതായും ചരിത്രം പറയുന്നു. 

(الأوسط للطبراني- رقم الحديث: 7157)

(مجمع الوزائد - رقم الحديث: 18245) 

ഈ ചരിത്രം വായിച്ച് ആത്മാർത്ഥമായ നബിസ്നേഹം ഉള്ളവരെല്ലാം രോഗികളായിത്തീരുമെന്നോ രോഗമില്ലാത്തവർക്ക് യഥാർത്ഥ നബിസ്നേഹമില്ലെന്നോ വിധിയെഴുതിക്കൂടാ. പകരം, ഈ സ്വഹാബിക്ക് അല്ലാഹു തആലായുടെ തീരുമാനപ്രകാരം രോഗം വരികയും അതിൽ ക്ഷമിക്കുകയും ചെയ്ത് കൊണ്ട് ജീവിക്കുന്നതിലാണ് ഖൈറുള്ളത് എന്ന് നബി(സ്വ) തങ്ങൾക്ക് മുൻകൂട്ടി വിവരം ലഭിച്ചുവെന്നും അത് സ്വഹാബിക്ക് സന്തോഷ വാർത്തയായി അറിയിക്കുകയും ചെയ്തു എന്നാണ് മനസ്സിലാക്കേണ്ടത്. അതിലുപരി,  ദുൻയാവിലെ പ്രയാസമനുഭവിക്കുന്നത് ആഖിറത്തിലെ മോശം അവസ്ഥയെ സൂചിപ്പിക്കുമെന്നത് ഒരിക്കലും ശരിയല്ലെന്നും ഓർക്കണം. അങ്ങനെയായിരുന്നുവെങ്കിൽ ഈ സ്വഹാബിയോട് ഇതിന്റെ പേരിൽ തങ്ങൾ സന്തോഷം അറിയിക്കില്ലായിരുന്നുവല്ലോ. 


ഇനി, ഈ സ്വഹാബിയെ സംബന്ധിച്ചിടത്തോളം ഈ പ്രയാസമനുഭവിക്കുന്നത് അല്ലാഹു കൊടുത്ത ഒരു നിഅ്മതായിട്ടും കണക്കാക്കാം. കാരണം نعمة ന്റെ വിശദീകരണമായി അല്ലാമ: ഇബ്നു ഹജർ(റ) പറഞ്ഞത് ഇങ്ങനെയാണ് :

وهي- اي النعمة - ﻛﻞ ﻣﻼﺋﻢ ﺗﺤﻤﺪ ﻋﺎﻗﺒﺘﻪ. اه

(تحفة: ١/١٨)

ഏതൊരു കാര്യത്തിന്റെയും അവസാനം പരലോകത്തേക്കുള്ള നന്മയായിട്ട് ഭവിക്കുന്നുണ്ടെങ്കിൽ അതെല്ലാം نعمة ആണ്. അത്കൊണ്ട് തന്നെയാണ് സത്യനിഷേധിക്ക് نعمة തീരെ ഇല്ല എന്ന് പറയുന്നത്. കാരണം, അവന്റെ സ്വത്തും മറ്റു സുഖ സൗകര്യങ്ങളെല്ലാം ഇഹലോകത്ത് വെറുതെ ചെലവഴിച്ചു എന്നല്ലാതെ അവ പരലോകത്തെ ഒരു ഗുണത്തിനും ഉതകുന്നതായില്ലല്ലോ. പക്ഷേ, ഖുർആനിൽ പല ഭാഗത്തും ഉപയോഗിച്ച نعمة ഈ അർത്ഥത്തിനല്ല. ദുൻയാവിലെ സുഖസൗകര്യങ്ങൾ എന്ന ഭാഷാപരമായ അർത്ഥത്തിനാണ്. തുഹ്ഫഃയിൽ പറഞ്ഞത് സാങ്കേതികവുമാണ്. ഈ രണ്ട് വിധത്തിലുള്ള അർത്ഥ കൽപനകൾ തമ്മിൽ വ്യത്യാസപ്പെടുന്നതും തുടർന്ന് തുഹ്ഫഃയിൽ തന്നെ പറയുന്നുണ്ട് :

ﺷﺄﻥ اﻟﻤﺼﻄﻠﺤﺎﺕ اﻟﻌﺮﻓﻴﺔ ﻣﺨﺎﻟﻔﺘﻬﺎ ﻟﻠﺤﻘﺎﺋﻖ اﻟﻠﻐﻮﻳﺔ ﻭﻛﻮﻧﻬﺎ ﺃﺧﺺ ﻣﻨﻬﺎ. اه

( تحفة: ١/١٨) 

ചുരുക്കത്തിൽ, ഒരാൾക്ക് ഇഹലോകത്ത് വല്ല പ്രയാസങ്ങളും ദുരനുഭവങ്ങളും സംഭവിക്കുമ്പഴേക്കും അത് അയാളുടെ മോശം അവസ്ഥയിലേക്കുള്ള സൂചനയായിട്ട് പലരും മനസ്സിലാക്കുന്നുണ്ട്. മറ്റു ചിലർ അങ്ങനെ പറയുകയും ചെയ്യാറുണ്ട്. ഈ ഒരു ചിന്ത മുസ്‌ലിമായ മനുഷ്യനെ സംബന്ധിച്ച് ഒഴിവാക്കിയേ മതിയാകൂ. കഷ്ടപ്പാടിന്റെ എരിതീയിൽ നീറിപ്പുകഞ്ഞ എത്രയെത്ര മഹാന്മാർ നമുക്ക് മുമ്പ് കഴിഞ്ഞു പോയിട്ടുണ്ട് ! അവയെല്ലാം അവരുടെ പരലോക ജീവിതത്തിൽ കൂടുതൽ പ്രതിഫലം ലഭ്യമാകാനുള്ള റബ്ബിന്റെ നിഅ്മതായിട്ട് ഗണിക്കണം. കർബലയിൽ നിന്ന് വിശ്വാസികൾ ഉൾക്കൊള്ളേണ്ട കാര്യവും ഇതായിരിക്കണം.

എങ്കിലും ചില ദാരിദ്ര്യവും കഷ്ടപ്പാടുകളും പേടിക്കപ്പെടേണ്ടതുണ്ട്. ക്ഷമിക്കാൻ സന്നദ്ധരല്ലാത്തവർ, മനസ്സിൽ  വിശ്വാസം അടിയുറക്കാത്തവർ - ഇവർക്ക് ഈമാൻ തെറ്റിപ്പോകാൻ ഇത്തരം ദുരവസ്ഥകൾ കാരണമാകുമെന്നും പണ്ഡിതന്മാർ പഠിപ്പിക്കുന്നുണ്ട്. ഈ ഒരു ഭയം ഇല്ലാതാവുകയും ചെയ്തു കൂടാ. 

അല്ലാഹു തആലാ നമ്മെ കാക്കട്ടെ. അവന്റെ ഇഷ്ടക്കാരിൽ ഒരിടം തന്ന് അനുഗ്രഹിക്കട്ടെ. ആമീൻ. 

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 

അബൂ ഹസന: ഊരകം)

💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )