മുത്ത്നബി(സ്വ)
മുത്ത്നബി(സ്വ)
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ, ഈ ലോകത്ത് എല്ലാവർക്കും വേണ്ടത് തന്നെക്കുറിച്ച് മറ്റുള്ളവർ വാഴ്ത്തണം - പുകഴ്ത്തണം എന്നുള്ളതാണ്. അതിന് വേണ്ടിയാണല്ലോ ഈ പത്രാസുകൾ മുഴുവനും അത് നേടാനുള്ള കാട്ടിക്കൂട്ടലുകളും. 'മറ്റുള്ളവരാൽ താൻ അഭിമാനിതനാവണം' എന്നതിനർത്ഥവും താൻ വാഴ്ത്തപ്പെടണം എന്നു തന്നെയാണ്. എന്നാൽ, പാരത്രിക ജീവിതം ആലോചിക്കുന്നവർക്ക്, സർവ്വാധിപതിയായ റബ്ബിനെ മനസ്സിലാക്കിയവർക്ക് ഈ ലോകത്ത് 'മറ്റുള്ളവർ' എന്ന സങ്കൽപം വെറും മിഥ്യയാണ്. ഇവിടുള്ളതെല്ലാം നൈമിഷിക സുഖങ്ങളെ ആസ്പദമാക്കിയാണല്ലോ, പിന്നെന്തിന് അവകളെ വില കൽപിക്കണം! അപ്പോൾ അവർക്ക് വേണ്ടത് ആ സ്രഷ്ടാവായ റബ്ബിന്റെ മുന്നിൽ അഭിമാനിതനാവണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം. ഇവിടെയും ഉള്ളത് താൻ പുകഴ്ത്തപ്പെടണം എന്ന് തന്നെയാണെന്ന്, പക്ഷേ, അത് അവരുടെ ഏകനായ പടച്ചവനിൽ നിന്നാകണമെന്നേയുള്ളൂ.
ഒന്നുകൂടെ ആഴത്തിൽ ചിന്തിച്ചാൽ ഇങ്ങനെയിരിക്കും: റബ്ബിന്റെ പുകഴ്ത്തൽ ലഭിക്കണമെങ്കിൽ അവൻ പറഞ്ഞതനുസരിച്ച് ജീവിക്കണം. അതിനുതകുന്ന ജീവിതവും അവൻ തന്നെ തരണം ! അപ്പോൾ പിന്നെ യഥാർത്ഥത്തിൽ വാഴ്ത്തപ്പെടേണ്ടത് നമ്മളല്ല, മറിച്ച് അവനാണ്, അവൻ മാത്രം !
الحمد لله....
സർവ്വ സ്ത്രോത്രങ്ങളും റബ്ബിന് മാത്രം ...
മേൽ പറഞ്ഞ വാഴ്ത്തലും പുകഴ്ത്തലും തന്നെയാണല്ലോ 'ഹംദ്' എന്നതിലുമുള്ളത്. ആ ഹംദ് സൃഷ്ടികളിൽ നിന്ന് റബ്ബിലേക്കും, തിരിച്ച് അവനിൽ നിന്നും സൃഷ്ടികളിലേക്കും ഉണ്ടെന്നാണ് കാര്യം. ഈ പ്രപഞ്ച ലോകത്ത് നടക്കുന്നതും ഇത് രണ്ടുമാണ്. എന്നല്ല, ഇതേ ഉള്ളൂ എന്ന് പറഞ്ഞാലും തെറ്റില്ല.
ഇനി നോക്കൂ, തിരുനബി(സ്വ) തങ്ങളുടെ പേരുകളിൽ അതിപ്രധാനപ്പെട്ടതാണ് أحمد, അഥവാ, ഏറ്റവുമധികം സ്രഷ്ടാവിന് حمد ചെയ്യുന്നവർ എന്ന്. ഇങ്ങോട്ട് കിട്ടിയതിനേക്കാൾ കൂടുതലായി തിരിച്ചു കൊടുക്കുന്നത് മാന്യതയുടെ പ്രതീകമായത് കൊണ്ട് തന്നെ, كريم ആയ റബ്ബ് തിരിച്ച് അതിനേക്കാൾ കൂടുതലായി حمد നൽകി ആദരിച്ചു. തന്റെ മറ്റ് സൃഷ്ടികളെക്കൊണ്ട് حمد ചെയ്യിക്കുകയും ചെയ്തു ! അങ്ങനെ തിരുനബി(സ്വ) സർവ്വരാലും വാഴ്ത്തപ്പെടുന്ന محمد എന്ന അത്യുചിത നാമവുമായി, എല്ലാവരുടെയും നേതാവും ഇഷ്ടക്കനിയും തോഴനുമായി ഇരുലോകങ്ങളിലും വിലസിക്കൊണ്ടിരിക്കുന്നു !
محمد سيد الكونين والثقلين#
والفريقين من عرب ومن عجب
വസ്നുകളിൽ تفعيل ക്രിയാധാതുവായിട്ടുള്ള فَعَّلَ ക്ക് 'കൂടുതലായി ചെയ്യുക' എന്ന അർത്ഥമുണ്ടെന്ന് ഭാഷാ ഗ്രന്ഥങ്ങളിൽ കാണാം. അത്, ക്രിയ ചെയ്യുന്നവന്റെയും ചെയ്യപ്പെടുന്നവന്റെയും ചിലപ്പോൾ ക്രിയയുടെയും كثرة നെ കുറിച്ചു കൊണ്ട് ഉപയോറിക്കാറുണ്ട്. ഉദാഹരണങ്ങൾ പരിശോധിക്കാം :
مَوَّتَ الإبل
എന്നാൽ ഒരുപാട് ഒട്ടകങ്ങൾക്ക് ജീവൻ നഷ്ടമായി. കർത്താവിന്റെ كثرة ആണ് ഇവിടെ.
طَوَّفْت البيتَ
എന്നതിന് ഞാൻ ധാരാളം طواف ചെയ്തു എന്നാണ് അർത്ഥം. ക്രിയയുടെ كثرة.
فَتَّحْت الأبوابَ
ഒരുപാട് വാതിലുകൾ തുറന്നു എന്നാണ് ഉദ്ദേശം. أبواب എന്നത് ബഹുവചനമാണെങ്കിലും 'ധാരാളം വാതിലുകൾ' എന്നത് فَتَّحَ എന്ന ക്രിയയിലേക്ക് إسناد ( ചേർത്തിപ്പറയുക) ചെയ്തത് കൊണ്ട് കിട്ടിയതാണ്. അപ്പോൾ مفعول ന്റെ كثرة ആണ് ഇവിടെയുള്ളത്.
ഈ كثرة എന്ന അർത്ഥം ക്രിയക്കും കർത്താവിനും സ്വീകർത്താവിനും ഒരുമിച്ച് വരുന്നതിന് ഭാഷയിൽ എതിരില്ലെന്ന് ഇമാം ശാഫിഈ(റ) യുടെ വാക്കിൽ നിന്നും ഗ്രഹിക്കാം. എന്ന് വെക്കുമ്പോൾ مُحَمَّد എന്ന വാക്കിന് 'ധാരാളം ആളുകൾ, ആ ഓരോരുത്തരും - ധാരാളമായി വാഴ്ത്തിക്കൊണ്ടിരിക്കുന്നവർ' എന്നർത്ഥം ഭാഷാപരമായി തന്നെ ഉണ്ട്. വാഴ്ത്തുന്നവർ മനുഷ്യർ മാത്രമല്ല, സർവ്വ ചരാചരങ്ങളും അവർക്കെല്ലാം നേതാവായിട്ടുള്ളവരെ വാഴ്ത്തിക്കൊണ്ടിരിക്കുകയാണത്രെ !
ഇത്കൊണ്ട് തന്നെയാണ് أحمد، محمد എന്നീ പേരുകൾക്ക് പുറമെ, അവിടുത്തെ ഉന്നതമായ സ്ഥാനത്തിന് مقام محمود എന്നും മഹ്ശറിൽ നൽകപ്പെടുന്ന പതാകക്ക് لواء الحمد എന്നുമൊക്കെ പേരുകൾ റബ്ബ് നൽകിയിരിക്കുന്നത്.
(إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا)
ഈ ആയതിൽ അല്ലാഹു തആലാ صلاة ചെയ്യുക എന്നത് കൊണ്ടുള്ള വിവക്ഷ അവന്റെ ഭാഗത്ത് നിന്നുള്ള ثناء ( പുകഴ്ത്തൽ / വാഴ്ത്തൽ ) ആണെന്ന് أبو العالية എന്നവർ പറഞ്ഞിട്ടുണ്ട്. ഇത് ഇമാം ബുഖാരി(റ) നിവേദനം ചെയ്തത് കാണാം. അപ്പോൾ یُصَلُّونَ എന്ന صيغة المضارع , സനാഅ് ചെയ്തു കൊണ്ടേയിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരും.
ഇനി നോക്കൂ, ഏറ്റവും മുന്തിയ ഇബാദത് നിസ്കാരമാണ്. അതിനർത്ഥം അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതും അവനിലേക്ക് ഏറ്റവും അടുപ്പിക്കുന്നതും നിസ്കാരമാണ് എന്നാണല്ലോ. തിരുനബി(സ്വ) സാമീപ്യത്തിന് ഏറ്റവും പ്രധാനപ്പെട്ടത് അവിടുത്തെ മേലിലുള്ള സ്വലാത്തുമാണ്. ഇത് രണ്ടിനും റബ്ബ് വെച്ച പേര് ഒന്ന് തന്നെ - صلاة. തന്നോടും തന്റെ ഹബീബിനോടും അടുക്കാനുള്ള കാര്യത്തിന് ഒരേ നാമം !
തിരുനബി(സ്വ) തങ്ങളെക്കൊണ്ട് സന്തോഷിതരാകാനും നമ്മോട് കൽപനയുണ്ട്. ഇരുലോകങ്ങളും അതിലുള്ള സർവ്വതിനും رحمة ആയിട്ടുള്ളവരെക്കൊണ്ട് സന്തോഷിക്കാതിരിക്കാൻ ഒരു വിശ്വാസിക്ക് കഴിയില്ലല്ലോ. വിശുദ്ധ ഖുർആൻ പറയുന്നു:
(قُلۡ بِفَضۡلِ ٱللَّهِ وَبِرَحۡمَتِهِۦ فَبِذَ ٰلِكَ فَلۡیَفۡرَحُوا۟ هُوَ خَیۡرࣱ مِّمَّا یَجۡمَعُونَ)
ഈ സൂക്തത്തിലെ رحمة കൊണ്ടുദ്ദേശം തിരുനബി(സ്വ) തങ്ങളാണെന്ന് ഇബ്നു അബ്ബാസ്(റ) വിൽ നിന്ന് അബുശ്ശൈഖ് എന്നവർ രിവായത് ചെയ്തതായി അദ്ദുർറുൽ മൻസൂ'ർ എന്ന തഫ്സീറിൽ ഉദ്ധരിക്കുന്നു.
(وَمَاۤ أَرۡسَلۡنَـٰكَ إِلَّا رَحۡمَةࣰ لِّلۡعَـٰلَمِینَ)
എന്ന സൂക്തം ഇതിനെ ശക്തിപ്പെടുത്തുന്നതുമാണല്ലോ.
മറ്റു പല തഫ്സീറുകളും ഇതിനെ സംബന്ധിച്ച് ഉണ്ടെങ്കിലും എല്ലാം ആശയപരമായി ശരിയാണെന്ന് ഈ ആയതിന്റെ വ്യാഖ്യാനത്തിൽ അൽ-മനാർ എന്ന തഫ്സീറിൽ കാണാം. ഖുർആന്റെ കലിമതുകളിലോ ആയതുകളിലോ വ്യത്യസ്ത വ്യാഖ്യാനങ്ങൾ ഉണ്ടായാൽ, അവ പരസ്പരം വൈരുദ്ധ്യമല്ലെങ്കിൽ എല്ലാം അവയുടെ വ്യഖ്യാനമായി കണക്കാക്കണമെന്ന ഉസ്വൂലുത്തഫ്സീറിലെ ഖാഇദ: ഇതിനെ ശരിവെക്കുന്നുണ്ട് താനും. ഇമാം സുയൂത്വി (റ) പറയുന്നത് നോക്കൂ:
والخلاف بين السلف في التفسير قليل، وغالب ما يصح عنهم من الخلاف يرجع إلى اختلاف تنوع لا اختلاف تضاد. اه
(الإتقان: ٤/٢٠٣)
തഫ്സീറുകളിൽ വന്ന ഭിന്നാഭിപ്രായങ്ങൾ അതിന്റെ ആശയ വ്യാപ്തിയെ കുറിക്കുന്നതാണ്, അല്ലാതെ പരസ്പര വൈരുദ്ധ്യമല്ല. ഇങ്ങനെ മനസ്സിലാക്കുമ്പോഴാണല്ലോ ഖുർആന്റെ ആഴം അർത്ഥവത്താവുന്നത്. മറിച്ച്, ഒരു തഫ്സീറിൽ വന്നത് മാത്രം എടുത്ത് മറ്റുള്ളവ തള്ളിക്കളഞ്ഞാൽ അത് ഖുർആനിനെ ചെറുതാക്കലാകും.
മുകളിലുള്ള ആയതിൽ فَلۡیَفۡرَحُوا۟ എന്ന് സന്തോഷിക്കാൻ പറഞ്ഞതിനർത്ഥം 'സന്തോഷമുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യൂ' എന്നാണ്. കാരണം, 'സന്തോഷം- ദു:ഖം' തുടങ്ങിയവ ഹൃദയത്തിനുണ്ടാകുന്ന ഓരോ ഗുണങ്ങളാണ്. അത് മാത്രം ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല. മറ്റു കാര്യങ്ങളാൽ ഉണ്ടായിത്തീരുന്ന സംഗതിയാണ്. അപ്പോൾ സന്തോഷമുണ്ടാകുന്ന കാര്യങ്ങളിൽ ഏർപ്പെടണം. അഥവാ, അവിടത്തെ കൊണ്ട് സന്തോഷം ഉണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യണം. അത് പല വിധേനയും ഉണ്ടാകാം. ഒരാളെ മദ്ഹ് ചെയ്യുന്നത് അയാളെക്കുറിച്ചുള്ള فرح ന് കാരണമാകുമല്ലോ.
അങ്ങനെ, സദാ സന്തോഷിതരാകാനാണ് കൽപന. അവിടുത്തെ ജന്മദിനം, എന്നല്ല ആ മാസം തന്നെ മദ്ഹ് പറഞ്ഞ് സന്തോഷിതരാകാൻ പണ്ടു മുതൽക്കേ മഹത്തുക്കൾ ചെയ്ത് പേരുന്നു. നമുക്കും സജ്ജനങ്ങളോടു കൂടെ ചേരാം.
മുത്ത്നബി(സ്വ)യെ ഹുബ്ബ് വെക്കുന്ന യഥാർത്ഥ തഖ്‌വയുള്ളവരിൽ നാമേവരേയും റബ്ബ് ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ - ആമീൻ.
✍️
അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment