നിസ്കാരം; വിശുദ്ധ ഇബാദത്.

🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 

നിസ്കാരം; വിശുദ്ധ ഇബാദത്.

നിസ്കാരം ദിനേന അഞ്ചു സമയങ്ങളിലായിട്ടാണ് അല്ലാഹു തആലാ നിശ്ചയിച്ചിട്ടുള്ളത്. ഇതിലെ രഹസ്യത്തെക്കുറിച്ച് നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? മഹാന്മാർ പറയുന്നു: ഒരു മനുഷ്യന്റെ വളർച്ചയുടെ വ്യത്യസ്ത ഘട്ടങ്ങളെ സൂചിപ്പിച്ചു കൊണ്ടാണ് നിസ്കാര സമയം ക്രമികരിച്ചിട്ടുള്ളത്. 

സൂര്യോദയത്തെ ഒരു കുഞ്ഞിന്റെ ജനനത്തോടും അസ്തമയം മരണത്തോടും അതിനിടക്കുള്ള ചലനങ്ങൾ മനുഷ്യന്റെ വ്യത്യസ്ത പ്രായങ്ങളോടും ഉപമിച്ചു നോക്കൂ. സൂര്യൻ ഉദിച്ചുയർന്ന് അതിന്റെ ചൂടും വെയിലും കൂടിക്കൂടി ഉച്ചവരെ അത് പ്രോജ്വലിച്ച് നിൽക്കും. പിന്നെ അതിന്റെ താഴോട്ടുള്ള ഗമനമാണ്. പടിഞ്ഞാറോട്ട് മെല്ലെ മെല്ലെ ചാഞ്ഞ് വെയിലിന്റെ ശക്തി കുറഞ്ഞ് അതങ്ങ് അസ്തമിച്ച് ഇല്ലാതാകും. ഇതുപോലെയല്ലേ നമ്മളും ! ജനിച്ച് ശൈശവവും ബാല്യവും കഴിഞ്ഞ് യുവത്വത്തിന്റെ തുടിപ്പിൽ ഉല്ലസിക്കും. പിന്നെ സാവകാശം ശക്തിയെല്ലാം ക്ഷയിച്ച് മധ്യവയസ്കനും വൃദ്ധനുമായി ആരോടും പറയാതെ മരണത്തിന് കീഴടങ്ങും. ഇതിനിടക്കുള്ള പ്രധാന ഘട്ടങ്ങളെ സ്മരിപ്പിക്കുന്നതാണ് നിസ്കാരങ്ങൾ.
മാതാവ് ഗർഭം ധരിച്ച് രക്തക്കട്ടയും മാംസ പിണ്ഡവുമായി വളർന്ന് പ്രസവം വരെയുള്ള സമയത്തെ ഓർമിപ്പിച്ചു കൊണ്ട് സ്വുബ്ഹ് നിസ്കാരം. യൗവ്വനത്തെയും മധ്യവയസ്സിനെയും കുറിക്കുന്നതാണ് ളുഹ്റും അസ്വറും. മരണത്തെ സ്മരിച്ചു കൊണ്ട് മഗ്‌രിബ്. മരണശേഷം മൃതശരീരം മണ്ണിൽ അലിഞ്ഞില്ലാതവുന്നത് ഒർമിപ്പിക്കുന്നുണ്ട് അസ്തമയ ശേഷമുള്ള മേഘച്ചുവപ്പ്. അതിനെ ഓർത്തു കൊണ്ടാകണം ശഫഖുൽ അഹ്‌മർ മാഞ്ഞ ശേഷം ഇശാഅ് നിസ്കരിക്കേണ്ടത് (നിഹായ: 1/422 ). 

ഇങ്ങനെയെല്ലാം പരലോക ചിന്ത നമുക്കുണ്ടായെങ്കിൽ ജീവിതം സംശുദ്ധമായേനെ (തൗഫീഖ് ചെയ്യണേ റബ്ബേ - ആമീൻ). ചിന്തിക്കുന്നവർക്ക് എല്ലാ കാര്യങ്ങളിലും ദൃഷ്ടാന്തങ്ങളുണ്ടെന്ന ഖുർആൻ അദ്ധ്യാപനം എത്രമേൽ ശരിയാണ് !

എല്ലാ നിമിഷങ്ങളിലും ലോകത്ത് നിസ്കാരം നിർവ്വഹിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. എല്ലാ നിസ്കാരങ്ങളിലും മുഅ്മിനീങ്ങൾക്കും സ്വാലിഹീങ്ങൾക്കും ദുആ ചെയ്യൽ നിർബന്ധമാണ്. തശഹ്ഹുദിലെ ഈ ദുആ ഒഴിവാക്കിയിട്ടുള്ള ഒരു നിസ്കാരമില്ല. അഥവാ എല്ലാ സെക്കന്റുകളിലും ഇരുവർക്കും ദുആ നടന്നുകൊണ്ടിരിക്കാൻ അല്ലാഹു തീരുമാനിച്ചിരിക്കുന്നു. അപ്പോൾ നിസ്കാരം ഒഴിവാക്കിയാൽ എല്ലാ മുഅ്മിനുകൾക്കും ലഭിക്കേണ്ട ദുആ ഒഴിവാക്കിയവനാകും. അത് കൊണ്ട് തന്നെയാണത്രെ നിസ്കാരം ഉപേക്ഷിക്കുന്നത് മഹാപാപമായി മാറിയത്. ഇത് ഇമാം ഖഫ്ഫാൽ (റ) പറഞ്ഞതായി തർശീഹിഹിൽ (പേ: 11 ) ഉദ്ധരിച്ചിട്ടുണ്ട്. 

യഥാർത്ഥ മുഅ്മിനുകളിലും സ്വാലിഹുകളിലും ഉൾപെട്ടവനായാൽ രക്ഷപ്പെട്ടതു തന്നെ! അത് കൊണ്ടാണല്ലോ പുറത്തീൽ അബ്ദുൽ ഖാദിർ അസ്സാനീ (റ) യുടെ സ്വുബ്ഹിയുടെ ദുആയിൽ 
اللهم شاركنا في دعاء المؤمنين والصالحين
(ഞങ്ങളെ മുഅ്മിനുകളുടെയും സ്വാലിഹുകളുടെയും ദുആകളിൽ ചേർക്കണേ) എന്ന് കാണുന്നത്.

മുത്ത്നബി (സ്വ) തങ്ങളുടെ തിരുനാമം പരാമർശിക്കാതെയും അവിടുത്തെ പേരിൽ സ്വലാത്ത് ചൊല്ലാതെയും നിസ്കാരം ശരിയാകില്ല. എന്ന പോലെ، 
أفضل البشر بعد الأنبياء
(നബിമാർക്ക് ശേഷം മനുഷ്യ കുലത്തിൽ ഏറ്റവും ഉത്തമർ) എന്ന് വാഴ്ത്തപ്പെട്ട, നബി (സ്വ) തങ്ങളുടെ സന്തത സഹചാരി അബൂബക്ർ സ്വിദ്ധീഖ് (റ) വിന് ദുആ ചെയ്ത് കൊണ്ടുമാണ് ഓരോരുത്തരും നിസ്കരിക്കേണ്ടത്. റുകൂഇൽ നിന്ന് ഉയരുമ്പോഴുള്ള 
سمع الله لمن حمده
എന്നത് അവർക്കുള്ള ദുആയാണ്.

മുത്ത് നബി (സ്വ) തങ്ങളോടൊത്തുള്ള ജമാഅത് നിസ്കാരത്തിന് ഒരു ദിവസം അൽപം വൈകിയെത്തിയ മഹാൻ റുകൂഇലാണ് ഇമാമിനൊപ്പം ചേർന്നത്. ആ റക്അത് കിട്ടിയ സന്തോഷത്തിൽ الحمد لله എന്ന് പറഞ്ഞു. ഇത് റുകൂഅ് ചെയ്ത് കൊണ്ടിരിക്കുന്ന നബി (സ്വ)ക്ക് വഹ്‌യ് മുഖേന വിവരം ലഭിക്കുകയും, ഇനി മുതൽ ഇഅ്തിദാലിലേക്ക് ഉയരുമ്പോൾ سمع الله لمن حمده (റബ്ബിനെ സ്തുതിച്ചവരുടെ ഹംദ് അവൻ സ്വീകരിക്കട്ടെ ) എന്ന് പറയാൻ കൽപന വരികയും ചെയ്തു. الله أكبر എന്ന ഉത്തമമായ ദിക്റ് മാറ്റിയിട്ടാണ് ആ സ്ഥാനത്ത് സ്വിദ്ധീഖ് (റ) വിന് വേണ്ടിയുള്ള ദുആ അവിടെ എല്ലാ കാലത്തേക്കും വേണ്ടി നിയമമാക്കിയത്. 

സ്വിദ്ധീഖ് (റ) വിന്റെ മഹത്വം മനസ്സിലാക്കാൻ ഇതു തന്നെ ധാരാളം. അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യാൻ കൽപിക്കപ്പെട്ട നമ്മളോട്, മുന്തിയ ഇബാദതായ നിസ്കാരത്തിൽ ഒരു മഹാന് വേണ്ടിയുള്ള ദുആ നടത്തണം എന്ന് പറയുന്നതിലൂടെ മഹാന്മാരുടെ സ്മരണക്ക് الله تعالى കൊടുത്ത സ്ഥാനവും മനസ്സിലാക്കാം. അവരുടെ ദുആ ഖുർആൻ പരാമർശിച്ചത് നോക്കൂ:
{ قَالَ رَبِّ أَوۡزِعۡنِیۤ أَنۡ أَشۡكُرَ نِعۡمَتَكَ ٱلَّتِیۤ أَنۡعَمۡتَ عَلَیَّ وَعَلَىٰ وَ ٰ⁠لِدَیَّ وَأَنۡ أَعۡمَلَ صَـٰلِحࣰا تَرۡضَىٰهُ وَأَصۡلِحۡ لِی فِی ذُرِّیَّتِیۤۖ إِنِّی تُبۡتُ إِلَیۡكَ وَإِنِّی مِنَ ٱلۡمُسۡلِمِینَ }
(سورة الأحقاف- ١٥)
ഈ ദുആയിൽ അവിടുത്തെ സന്താന പരമ്പരയിൽ സ്വാലിഹീങ്ങളെ നിലനിർത്താൻ പറയുന്നു. എല്ലാ സമയത്തെയും നിസ്കാരങ്ങളിലൂടെ ദുആ ലഭിച്ചു കൊണ്ടിരിക്കുന്ന സ്വിദ്ധീഖ് (റ) വിന്റെ ഈ ദുആ പടച്ച റബ് സ്വീകരിക്കാതിരിക്കില്ല. അവരുടെ പേരമക്കളിൽ നിന്നും നമുക്ക് കിട്ടിയ മഖ്ദൂമുമാർ നമ്മുടെ വഴികാട്ടികളും എല്ലാമെല്ലാമാണ്. അവരുടെ പാതയിൽ - പൊന്നാനീ സരണിയിൽ - ഉറച്ചു നിൽക്കേണ്ടവരാണ് നമ്മൾ എന്നും ഇടക്ക് ഓർമ്മപ്പെടുത്തട്ടെ.

ഈ നിസ്കാരം എന്ന ഇബാദത് നമുക്ക് തലമുറകളായി കൈമാറി കിട്ടിയ രീതിയിൽ തന്നെ നിസ്കരിക്കേണ്ടതാണ്. അതിന്റെ രീതിയിലോ ശൈലിയിലോ വ്യത്യാസങ്ങൾ വരുത്തിക്കൂടാ. ജനശ്രദ്ധ നേടാനും മറ്റുള്ളവരാൽ പുകഴ്ത്തപ്പെടാനും പലതരം കാട്ടി കൂട്ടലുകളും ഇന്ന് ജമാഅത് നിസ്കാരങ്ങളിൽ കാണുന്നു. ചെറിയ സൂറതുകൾ മുഴുവനായി ഒതുന്നതിന് പകരം വലിയ സൂറതുകളിൽ നിന്ന് ഏതാനും ചില ആയതുകൾ ഓതുക, തജ്‌വീദിന്റെ നിയമങ്ങൾ പാലിക്കാതെ തോന്നിയ പോലെ നീട്ടലും മണിക്കലും, ശബ്ദം കേൾക്കാനെന്ന പേരിൽ മൈക്ക് കാതുകളിലും വായിലും പിടിപ്പിച്ച് മെല്ലെ ചൊല്ലേണ്ട റുകൂഇലെയും സുജൂദിലെയും ദിക്റുകൾ പള്ളി മുഴുവനായും കേൾപ്പിക്കുക, മസ്ബൂഖുകളുണ്ടെങ്കിലും മൈക്കിലൂടെ ദുആ ചെയ്യുക , പെട്ടെന്ന് അവസാനിപ്പിക്കേണ്ട കാര്യങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കും വിധം ദീർഘിപ്പിക്കുക തുടങ്ങി ഒരുപാട് ഒഴിവാക്കേണ്ട കാര്യങ്ങൾ പല സ്ഥലങ്ങളിലും കണ്ട് വരുന്നു. ഇത്തരം കോപ്രായങ്ങൾക്കെതിരെ ഇമാമുകൾ വിസ്തരിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നത് കാണാം:

{ ۞ فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُوا۟ ٱلصَّلَوٰةَ وَٱتَّبَعُوا۟ ٱلشَّهَوَ ٰ⁠تِۖ فَسَوۡفَ یَلۡقَوۡنَ غَیًّا } - [سورة مريم: ٥٩]
'ശ്രേഷ്ഠരായ ആളുകൾക്ക് ശേഷം അവരുടെ പിൻ തലമുറക്കാർ വന്ന് നിസ്കാരത്തെ പാഴാക്കിക്കളയുകയും അവരുടെ ഇച്ഛകളോട് പിന്തുടരുകയും ചെയ്തു. അക്കാരണം കൊണ്ട് ശേഷം അവർ നരകത്തെ അനുഭവിക്കുക തന്നെ ചെയ്യും.' ഈ ചീത്ത സ്വഭാവം മുൻ വേദക്കാരെ സംബന്ധിച്ചാണെങ്കിലും നമ്മളിൽ അങ്ങനെ ഉണ്ടാകാതിരിക്കാനാണല്ലോ ഈ അദ്ധ്യാപനം. ഇതിനോടു ചേർത്ത് വായിക്കേണ്ട ഒരു ഹദീസുമുണ്ട്:

قال صلى الله عليه وسلم: لَتَتَّبِعُنَّ سَنَنَ مَن قَبْلَكُمْ شِبْرًا بشِبْرٍ، وَذِرَاعًا بذِرَاعٍ، حتَّى لو سَلَكُوا جُحْرَ ضَبٍّ لَسَلَكْتُمُوهُ (رواه البخاري)
തിരുനബി (സ്വ) തങ്ങൾ താക്കീതു ചെയ്തു കൊണ്ട് പറയുന്നു: നിങ്ങൾ ജൂത - ക്രിസ്തീയരുടെ ചര്യ ചാണിന് ചാൺ കണക്കെ പിന്തുടരുന്ന അവസ്ഥ വരാനിരിക്കുന്നു.

നിസ്കാരം ഒരു സമ്മാനമായി നമുക്ക് തന്ന വിശുദ്ധ റജബ് മാസത്തിലെ സന്ദേശമായി വിശ്വാസികൾ ഉൾക്കൊള്ളേണ്ട കാര്യങ്ങളാണിത്. തൊട്ടടുത്ത ശഅ്ബാനും റമളാനും പവിത്രത നിറഞ്ഞതത്രെ. ഈ മാസങ്ങൾ സൽകർമ്മങ്ങളാൽ നിറഞ്ഞതാകണം. പടച്ച റബ്ബ് ആവതാക്കട്ടെ - ആമീൻ.

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 



(കേട്ടെഴുത്ത്: 

അബൂ ഹസന: ഊരകം)

💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )