'ഇതിനകത്ത് എല്ലാമുണ്ട്...'
'ഇതിനകത്ത് എല്ലാമുണ്ട്...'
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
എന്റെ അഭിവന്ദ്യ ഗുരു ടി.ടി ഉസ്താദ് (ന:മ) അവസാനമായി തന്ന ഉപദേശമായിരുന്നു -
{ وَكُونُوا۟ مَعَ ٱلصَّـٰدِقِینَ }
എന്നത്. എന്നിട്ട് പറഞ്ഞു: "ഇതിനകത്ത് എല്ലാമുണ്ട് ....".
അതൊരു വലിയ ഉപദേശമായി ഇന്നും മനസ്സിൽ മങ്ങാതെ നിൽക്കുന്നു. പരിശുദ്ധ ഹജ്ജ് കർമ്മത്തിനിടെ ഇഹ്റാമിലായി വിശുദ്ധ നാട്ടിൽ വെച്ചായിരുന്നു ഉസ്താദിന്റെ വഫാത്. ആ ഹജ്ജ് കർമ്മത്തിന് പോകുന്നതിന് തൊട്ടു മുമ്പുള്ള ഉപദേശമായിരുന്നു പ്രസ്തുത വാക്കുകൾ.
ഇമാം നവവി (റ) പറയുന്നു:
الصادق يدور مع الحق كيف كان. اهـ
(بستان العارفين - ص: ٢٨)
ഹഖ്ഖ് - അത് ഏത് അവസ്ഥയിലായാലും - അതിനെ ചേർത്തുപിടിക്കുന്നവനാണ് സ്വാദിഖ്. എല്ലാ സമയവും സന്ദർഭവും ഹഖ്ഖിനെ വിട്ടുകൂടാത്തവനെന്ന് സാരം.
ഇതുകൊണ്ട് തന്നെയാവണം ഉസ്താദിന്റെ നിസ്കാര ശേഷമുള്ള ദുആകളിലും അല്ലാതെയും
اللهم أرنا الحق حقا وارزقنا اتباعه، وأرنا الباطل باطلا وارزقنا اجتنابه
എന്ന ദുആ മിക്കപ്പോഴും കേട്ടിരുന്നത്.
സത്യം സത്യമായി മനസ്സിലാക്കി അതിനെ മുറുകെ പിടിക്കാനും, തെറ്റ് തെറ്റായി കണ്ട് അകറ്റി നിർത്താനും ആവതാക്കണേ എന്ന ഈ ദുആ ഇആനതിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.
ശരിയാണെന്ന് ബോദ്ധ്യപ്പെട്ട കാര്യത്തിൽ അടിയുറച്ച വിശ്വാസവും അത് പറയാനും ചെയ്യാനും മറ്റാരെയും കൂസാതെയുള്ള ഉസ്താദിന്റെ ശൈലിയോട് യോജിച്ച ഒന്നാന്തരം ദുആ തന്നെയാണിത്.
പരിശുദ്ധ ദീനിനെക്കുറിച്ചും ഈ حق എന്ന പ്രയോഗം വന്നിട്ടുണ്ട്.
{ وَتَوَاصَوۡا۟ بِٱلۡحَقِّ وَتَوَاصَوۡا۟ بِٱلصَّبۡرِ }
ഇവിടെ حق കൊണ്ടുള്ള ഉദ്ദേശ്യം ദീനുൽ ഇസ്‌ലാം ആണെന്ന് തഫ്സീറുൽ ജലാലൈനിയിലുണ്ട്. അപ്പോൾ ദീനിന്റെ നിയമങ്ങൾ എങ്ങനെയാണോ ഉള്ളത്, അത് അതുപോലെ തന്നെ പരസ്പരം വസ്വിയ്യത് ചെയ്യുകയും ശേഷമുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യണമെന്ന് വരും. അല്ലാതെ മറ്റുള്ളവരുടെ നീരസം ഭയന്നോ പൊതു താൽപര്യങ്ങൾക്കോ മറ്റോ വേണ്ടി മതമൂല്യങ്ങളിൽ ഒരൽപം പോലും മാറ്റി പറഞ്ഞു കൂടാ.
ഇത്തരം നീരസങ്ങളെയും പൊതു താൽപര്യങ്ങളെയും ഗൗനിക്കേണ്ടതില്ലെന്ന് വരുമ്പോ തീർച്ചയായും അനവധി കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരും (എന്ന് കരുതി, സദസ്സും സന്ദർഭവും നോക്കാതെ മര്യാദ വിട്ടു കൊണ്ട് ദീനിന്റെ നിയമങ്ങൾ അവതരിപ്പിക്കണം എന്നല്ല). അതുകൊണ്ടു തന്നെയാകണം തൊട്ടുടനെ - നിങ്ങൾ ക്ഷമ കൈവിടരുതെന്ന നിർദ്ദേശം
وَتَوَاصَوۡا۟ بِٱلصَّبۡرِ
എന്ന് പറഞ്ഞത്.
ഇങ്ങനെ ഉള്ളത് പറയുന്ന حق ന്റെ ആളുകൾ നിരന്തരം കുത്തുവാക്കുകൾ കേൾക്കേണ്ടി വരും. അവരെ താക്കീത് ചെയ്തു കൊണ്ട് തൊട്ടടുത്ത സൂറതിൽ الله تعالى പറയുന്നു:
{ وَیۡلࣱ لِّكُلِّ هُمَزَةࣲ لُّمَزَةٍ }
ഹഖ്ഖിന്റെ ആളുകൾക്കെതിരെ കുത്തുവാക്കുകൾ പറയുന്നവർക്ക് ويل എന്ന നരകം തയ്യാർ ചെയ്തിരിക്കുന്നു. അത്തരം ദു:സ്വഭാവം അവർക്ക് വന്നു ചേരാനുളള കാരണമാണ് ശേഷമുള്ള സൂക്തത്തിൽ പറയുന്നത് :
{ ٱلَّذِی جَمَعَ مَالࣰا وَعَدَّدَهُۥ O یَحۡسَبُ أَنَّ مَالَهُۥۤ أَخۡلَدَهُۥ }
ധാരാളം സമ്പത്ത് പല നിലക്കും ഒരുമിച്ചു കൂട്ടുകയും അത് വലിയ മുതൽ കൂട്ടും സംരക്ഷണവുമായി ഗണിക്കുകയും ചെയ്തു. അതൊക്കെ നശിക്കാതെ കിടക്കുമെന്നും ധരിച്ച് നടക്കുന്നു. ഈ സമ്പത്ത് കൊണ്ടുള്ള പെരുമയാണ് ദീനിന്റെ യഥാവിധി പറയുന്നവർക്കെതിരെ നീരസം തോന്നാൻ കാരണമെന്ന സൂചനയാണ് ഇതിലൂടെ നൽകുന്നത്.
എന്നിട്ട് الله تعالى പറയുന്നു:
{ كَلَّاۖ لَیُنۢبَذَنَّ فِی ٱلۡحُطَمَةِ }
എന്നാൽ കാര്യം നിങ്ങൾ കരുതുന്ന പോലെ സമ്പത്ത് ശാശ്വതമായ മുതൽക്കൂട്ടോ രക്ഷാകവചമോ അല്ല തന്നെ. തീർച്ചയായും കത്തിയാളുന്ന നരകത്തിലേക്കാണ് അതിന്റെ പോക്ക്.
സമ്പത്തുള്ളവരെല്ലാം മോശക്കാരാണെന്ന് ധരിച്ചേക്കരുത്. കിട്ടിയ സ്വത്തിൽ പൊങ്ങച്ചം നടിക്കാത്ത, സകാത് കൊടുക്കുന്ന, പാവങ്ങളെയും ദീനീ സംരഭകരെയും സഹായിക്കുന്ന ഒരു കൂട്ടം നല്ലവരുണ്ട്. നല്ലവർക്ക് ധനമുണ്ടാവുന്നത് അത്രമേൽ നല്ലതാണെന്ന് ഹദീസിൽ വന്നിട്ടുണ്ടല്ലോ -
نعم المال الصالح.
ഒരു കാര്യം പറഞ്ഞാൽ തെളിവ് കൂടി പറയുന്നത് ഖുർആനിലെ ഒരു ശൈലിയാണ്. ഇത്തരം സമ്പത്ത് കാട്ടി حق നെതിരെ നീങ്ങിയവന്ന് ഒരു കൊട്ടുകൊടുത്ത സംഭവം മേൽ പറഞ്ഞതിന് തെളിവെന്നോണം ശേഷമുള്ള സൂറതിൽ അല്ലാഹു പറയുന്നു.
സമ്പത്തിന്റെ പേരിൽ പേരും പെരുമയും നടിച്ച് സത്യത്തിനെതിരെ നിന്ന അബ്റഹത് രാജാവിന്റെ ഭയാനകമായ രംഗം:
{ أَلَمۡ تَرَ كَیۡفَ فَعَلَ رَبُّكَ بِأَصۡحَـٰبِ ٱلۡفِیلِ }
ആനകളും വൻ സൈനിക ശക്തിയും ധൈര്യവും ഉണ്ടായിട്ടും നശിപ്പിച്ചു കളഞ്ഞ പാഠം.
ടി.ടി ഉസ്താദിന്റെ ദറജഃ അല്ലാഹു ഉയർത്തി കൊടുക്കട്ടെ. നമ്മെയും അവരെയും സ്വാലിഹീങ്ങളോടൊപ്പം സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment