അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )

അഗത്തി ഉസ്താദ്;
മാർഗ്ഗ ദർശിയായ ഉറ്റസുഹൃത്ത്

(ഭാഗം - 4 )

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴


കിതാബുകളിലെ ഇബാറതുകളിൽ ബാഹ്യാർത്ഥങ്ങൾ ശരിയാകാതെ വന്നാൽ, ആ കിതാബിൻ്റെ കിട്ടാവുന്ന നുസ്ഖഃകളെല്ലാം പരതി നോക്കും. കഴിവിൻ്റെ പരമാവധി تحقيق ചെയ്യും. ഇതായിരുന്നല്ലോ ഉസ്താദിൻ്റെ പ്രധാന ഹോബിയും. ഇങ്ങനെയാണ് വേണ്ടതും. ഇബ്നു ഹജർ(റ) ഇമാം അസ്നവി(റ)യെ തൊട്ട് പറയുന്നു:

قَالَ وَحَيْثُ أَمْكَنَ تَنْزِيلُ كَلَامِ الْمُصَنَّفِينَ عَلَى تَصْوِيرٍ صَحِيحٍ لَا يُعْدَلُ إلَى تَغْلِيطِهِمْ. اه‍ 
(تحفة: ٣/٣٢٦)

'മുസ്വന്നിഫുകളുടെ വാക്കുകളെ ഏതെങ്കിലും വിധേന ശരിയായി വ്യാഖ്യാനിക്കാൻ സാധിക്കുമെങ്കിൽ, അത് പിഴച്ചതാണെന്ന് വിധിക്കരുത്. '

സൈനുദ്ധീൻ മഖ്ദൂം(റ) വിദ്യാർത്ഥികൾക്ക് ഈ ഉപദേശം നൽകിയത് കാണാം:

قابل كتابك قبل وقت مطالعة #
 بصحيح كتب واضح قد عولا 

ഈ രൂപത്തിൽ നുസ്ഖഃകൾ പരതി സംശയാസ്പദമായ ഭാഗങ്ങൾക്ക് പരിഹാരം കണ്ടെത്തിയ അനവധി ഉദാഹരണങ്ങളുണ്ട്. ഉസ്താദിന്റെ അരുമ ശിഷ്യർ അതെല്ലാം വെളിച്ചത്ത് കൊണ്ട് വന്ന് ദർസ് മേഖലയിൽ ശോഭ പരത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു.

പുരുഷന് ഛായം മുക്കിയ വസ്ത്രം ധരിക്കാമെങ്കിലും അത് مزعفر ഉം معصفر ഉം ആണെങ്കിൽ വിലക്കുണ്ട്. مزعفر ന് കുങ്കുമച്ഛായം മുക്കിയത് എന്നും معصفر ന് ചപ്പങ്ങച്ഛായം മുക്കിയത് എന്നും അർത്ഥം പറയാറുണ്ട്. പള്ളിദർസുകളിൽ ഓതുന്ന عشرة كتب ന്, കൊങ്ങണം വീട്ടിൽ ഇബ്റാഹീം മുസ്‌ലിയാർ(ഖു:സി) അറബി - മലയാള പരിഭാഷ എഴുതിയിട്ടുണ്ട്. ഇതിൽ معصفر ൻ്റെ അർത്ഥം മേൽപ്പറഞ്ഞ പോലെ കൊടുത്തിട്ടുണ്ട്. 'പൊന്നുംകട്ട' ഉസ്താദിൻ്റെ ഫത്ഹുൽ മുഈനിലും ഈ അർത്ഥം കാണാം. ഇതെല്ലാം അഗത്തി ഉസ്താദ് പങ്കുവെച്ചതാണ്. ഇങ്ങനെ ഛായം മുക്കാൻ ഉപയോഗിക്കുന്ന 'ചപ്പങ്ങം' ഉസ്താദ്  ക്ലാസിൽ വിദ്യാർത്ഥികൾക്ക് കാണിച്ച് കൊടുത്തിരുന്നു.

പഴയ കാലങ്ങളിൽ സിലോണിൽ നിന്നും ഇത് ഇറക്കുമതി ചെയ്ത് ഇന്ത്യയിലെ പല ഭാഗങ്ങളിലും വസ്ത്രത്തിൽ ഛായം മുക്കാൻ ഉപയോഗിച്ചിരുന്നതായി 'മാർക്കോപോളോ ഇന്ത്യയിൽ' എന്ന പുസ്തകത്തിൽ ഞാൻ വായിച്ചിട്ടുണ്ട്.

മേൽ പറഞ്ഞ 'പൊന്നുംകട്ട' ഉസ്താദിനെ(ഖു:സി) പരിചയമില്ലേ ? പൊന്നാനി ദേശക്കാരനായ അദ്ദേഹം കരുവൻതിരുത്തിയിൽ ദർസ് നടത്തിയിരുന്നു. ബഹു: താജുൽ ഉലമാ ഉള്ളാൾ തങ്ങൾ(ന:മ)ക്ക് عشرة كتب ഓതിക്കൊടുത്ത ആദ്യകാലത്തെ ഗുരുവാണ്. മുഹ്‌യുദ്ധീൻ ശൈഖ് ജീലാനി(റ)വിനെ മുറുകെ പിടിച്ച മഹാനായിരുന്നു. ജനങ്ങൾ ആവലാതികളുമായി വരുമ്പോൾ 'നമുക്ക് പൊന്നുംകട്ട യോട് പറയാം' എന്ന് പറയുമത്രെ. ശൈഖ് ജീലാനി യെ ഉദ്ദേശിച്ചാണ് അങ്ങനെ പറയുന്നത്. ഈ പേര് പിന്നീട് അദ്ദേഹത്തിന് വന്നുചേരുകയായിരുന്നു. ഈ ചരിത്രം കരുവൻതിരുത്തി ഹസ്സൻ മുസ്‌ലിയാർ (ഹാമിദ് ഉസ്താദിൻ്റെ ഭാര്യാ പിതാവ് ) പറഞ്ഞു തന്നതാണ്.

ഫത്ഹുൽ മുഈനിൽ നജസിനെ വിശദീകരിക്കുന്നിടത്ത് عنبر നെക്കുറിച്ച് പറയുന്നുണ്ട്:

وليس العنبر روثا خلافا لمن زعمه بل هو نبات في البحر.اه‍
(فتح المعين)

ഈ വസ്തുവിനെപ്പറ്റി അഗത്തി ഉസ്താദ് വിശദീകരിച്ച് തന്നിരുന്നു. ഇത് കടലിനടിയിൽ കാണപ്പെടുന്ന സുഗന്ധമുള്ള ഒരു ചെടിയാണ്. അഗത്തിയിലെ ഒരു ബോട്ടുകാർക്ക് ഇത് ലഭിക്കുകയും, ശേഷം അവരുടെ ബോട്ടിൻ്റെ പേര് 'അമ്പർ' എന്നാക്കുകയും ചെയ്തു. ഇത് മൂന്ന് ഇനമുണ്ട്: പൊന്നമ്പറ്, പൂവമ്പറ്, തീട്ടമ്പറ്. ഈ ചെടി മത്സ്യങ്ങൾ തിന്നുകയും അവയുടെ കാഷ്ടത്തിന് അമ്പർ വാസനിക്കുകയും ചെയ്യും. ഇത് മാലിന്യമുക്തമാക്കി അമ്പർ വേർതിരിച്ചെടുക്കും. അതിനാലാണ് 'തീട്ടമ്പറ്' എന്ന് പറയുന്നത്. ഇത് ഒറിജിനലും ഡ്യൂപ്ലിക്കറ്റും ലഭ്യമാണ്. ഒറിജിനലിലെ മനസ്സിലാക്കാൻ കത്തിച്ചു നോക്കിയാൽ മതി. അതിൻ്റെ പുക പരക്കാതെ നേരെ മുകളിലോട്ട് പോകുമത്രെ. ഇതിൻ്റെ ഒറിജിനൽ കവരത്തി മ്യൂസിയത്തിലുണ്ടെന്ന് അറിഞ്ഞ് അവിടെ പോയി, ഉസ്താദിൻ്റെ വീട്ടിൽ പോയ സമയത്ത്. പക്ഷേ, അത് അടച്ചിരുന്നു. കാണാൻ കഴിഞ്ഞില്ല. അന്ന് ഉസ്താദ് കൂടെ പോന്നിരുന്നില്ല. നമുക്ക് ഇനി പോകുമ്പോൾ കാണാമെന്ന് പറഞ്ഞിരുന്നു. അല്ലാഹുവിൻ്റെ തീരുമാനം - ഒരുമിച്ച് പോകാൻ ഉസ്താദ് ഇല്ല !

പൂർവ്വസൂരികളായ ഇമാമുകൾ, പണ്ഡിതന്മാർ ഇവരുടെ വാക്കുകൾക്കും ചെയ്തികൾക്കും കഴിവിൻ്റെ പരമാവധി ന്യായങ്ങൾ കണ്ടെത്തുകയാണ് വേണ്ടതെന്നും, ഉസ്താദ് ഇക്കാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നെന്നും പറഞ്ഞല്ലോ. അതിൻ്റെ ഭാഗമായാണ് നുസ്ഖഃകൾ തേടി നടന്നതും. ഇപ്രകാരം എന്നോട് പങ്കുവെച്ച മൂന്ന് കാര്യങ്ങൾ പറയാം:
 
മയ്യിത് നിസ്കാരത്തിലെ ദുആയിൽ - وجيرانا خيرا من جيراننا - എന്ന് പഴയകാലം മുതൽ ചൊല്ലിവരുന്നുണ്ടെങ്കിലും നമ്മുടെ ഗ്രന്ഥങ്ങളിലൊന്നും ഈ വാചകം കാണുന്നില്ല. ഹദീസിൽ വാരിദാകാത്തതിനാൽ ആ വാചകം വേണ്ടെന്ന് വെക്കുന്നുണ്ട് പലരും. എന്നാൽ ഉസ്താദ്, ഇമാം വസ്സ്വാബീ(റ)യുടെ البركة എന്ന ഗ്രന്ഥത്തിൽ ആ വാചകത്തോടു കൂടെയുള്ള ഉദ്ധരണി കാണിച്ചു തന്നു. വലിയ സൈനുദ്ധീൻ മഖ്ദൂം(റ)യുടെ أذكياء ന് തങ്ങളുടെ മകൻ അബ്ദുൽ അസീസ് മഖ്ദൂം(റ) രണ്ട് ശറഹുകളെഴുത്തിയിട്ടുണ്ട്. ഒന്ന് مسالك . രണ്ട് إرشاد الألباء. അതിലെ مسالك ൽ ഉദ്ധരിച്ചിട്ടുള്ള ഗ്രന്ഥമാണ് البركة. 

നികാഹ് കഴിഞ്ഞ ഉടനെ വധൂവരന്മാർക്ക് വേണ്ടിയുള്ള ദുആയിൽ -
  بارك الله لكما وبارك عليكما وجمع بينكما في خير -
 എന്നാണ് മിക്കവരും മൊഴിയാറുള്ളത്. എന്നാൽ കിതാബുകളിലെല്ലാം -
 بارك الله لك وبارك عليك وجمع بينكما في خير -
എന്ന് വരന് വേണ്ടി മാത്രമുള്ള തേട്ടമായും അവസാന ഭാഗം മാത്രം ദ്വിവചനമാക്കിയുമാണ് കാണുന്നത്. സ്വഹീഹായ രിവായതുകളിലും ഇങ്ങനെ തന്നെ. ചില രിവായതുകളിൽ بارك عليكما എന്ന് വന്നിട്ടുണ്ട്. ഈ ദുആയിലും ചൊല്ലി വരുന്നതിന് ഒരു രേഖയെന്നോണം القيد الجامع എന്ന കിതാബിൽ നിന്നും ഉസ്താദ് കാണിച്ചു തന്നു. സാധാരണ ചൊല്ലി വരുന്ന പദങ്ങൾ തന്നെ അതിൽ കാണുന്നുണ്ട്. ഈ കിതാബ് പഴയ കാലങ്ങളിൽ ദർസിൽ ഓതിയിരുന്ന سبعة كتب ൽ ഉൾക്കൊള്ളിച്ചിരുന്നു.

കോട്ടുവായ് വന്നാൽ കൈ വായ് മുഖത്ത് വെച്ച് അതിനെ അടക്കി നിർത്തണമെന്ന് നിർദ്ദേശമുണ്ട്. കഴിഞ്ഞ ഉടനെ أعوذ ചൊല്ലുന്ന രീതിയും മാതാപിതാക്കൾ ശീലിപ്പിക്കാറുണ്ട്. മർകസിൽ പഠിക്കുന്ന കാലം. മർഹൂം നെല്ലിക്കുത്ത് ഉസ്താദ്(ന:മ) ക്ലാസിൽ വിദ്യാർത്ഥികളായ ഞങ്ങളെ വെല്ലുവിളിച്ചു. കോട്ടുവായ്ക്ക് ശേഷം أعوذ ഓതണം എന്നതിൻ്റെ ഉദ്ധരണി കിതാബിൽ എവിടെയും പറഞ്ഞിട്ടില്ലെന്നും, ധൈര്യമുള്ളവർ കാണിച്ചു തരട്ടെയെന്നും. വിദ്യാർത്ഥികളെക്കൊണ്ട് കിതാബ് مطالعة ചെയ്യിപ്പിക്കാനും ഉസ്താദിന് ആവശ്യമുള്ള نقل കിട്ടാനും ഇങ്ങനെ ചില വിദ്യകളൊക്കെ ഒപ്പിക്കുന്ന ആളാണ് നെല്ലിക്കുത്ത് ഉസ്താദ്. ആവേശം മൂത്ത ഞാൻ അന്നൊരു ദിവസം അഗത്തി ഉസ്താദിൻ്റെ അടുക്കലെത്തി, മഅ്ദിനിൽ. അങ്ങനെ ഉസ്താദ്
 الفتوحات الربانية على الشعب الإيمانية എന്ന കിതാബിൽ നിന്നും ഇബാറത് കാണിച്ച് തന്നു.


ഏത് കാര്യത്തിലും തൻ്റെ മികവ് തെളിയിച്ചാൽ സ്വന്തമായ നിലപാടുകളും വീക്ഷണങ്ങളുമാണ്ടാകാമെന്ന് മുമ്പ് പറഞ്ഞിരുന്നു. അഗത്തി ഉസ്താദിനും അങ്ങനെ തന്നെ. ഗോളശാസ്ത്രത്തിലെ ഉസ്താദിൻ്റെ അത്തരം നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും അതുമായി ബന്ധമുള്ളവർ പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കട്ടെ. പണ്ഡിതർക്കിടയിൽ വീക്ഷണ വ്യതാസമുള്ള ചിലതിലെല്ലാം ഇടപെട്ട് സംസാരിച്ചതും ഉദ്ധരണികൾ കാണിച്ചു തന്നതും ഓർത്തു പോവുകയാണ്. അത് പറയും മുമ്പ് എനിക്ക് ചിലത് കുറിക്കാനുണ്ട്:

നിലപാടു പറയുമ്പഴേക്കും, അല്ലെങ്കിൽ മസ്അലഃകളിൽ തനിക്ക് ഗ്രാഹ്യമായത് പറയുമ്പഴേക്കും അവരോട് നെറ്റിചുളിക്കുന്ന പ്രവണത ഉണ്ടാകാൻ പാടില്ല. അത് മറ്റു പണ്ഡിതരുടെ - ചിലപ്പോൾ സ്വന്തം ഗുരുവിൻ്റെ - വീക്ഷണങ്ങൾക്ക് എതിരായേക്കാം. എന്ന് കരുതി, അവരോടുള്ള ബഹുമാനാദരവുകൾ ഇല്ലാതാകുന്നില്ല. എല്ലാം നിലനിർത്തിക്കൊണ്ടു തന്നെ വിയോജിപ്പ് പ്രകടിപ്പിക്കാം. ഇമാം നവവി(റ) പറയുന്നു:

وَاعْلَمْ أَنَّ كُتُبَ الْمَذْهَبِ فِيهَا اخْتِلَافٌ شَدِيدٌ بَيْنَ الاصحاب بحيث لا يحصل للمطالع وثوق بكون مَا قَالَهُ مُصَنِّفٌ مِنْهُمْ هُوَ الْمَذْهَبُ حَتَّى يُطَالِعَ مُعْظَمَ كُتُبِ الْمَذْهَبِ الْمَشْهُورَةِ فَلِهَذَا لَا أَتْرُكُ قَوْلًا وَلَا وَجْهًا وَلَا نَقْلًا وَلَوْ كَانَ ضَعِيفًا أَوْ وَاهِيًا إلَّا ذَكَرْتُهُ إذَا وَجَدْتُهُ إنْ شَاءَ اللَّهُ تَعَالَى مَعَ بَيَانِ رجحان مَا كَانَ رَاجِحًا وَتَضْعِيفِ مَا كَانَ ضَعِيفًا وَتَزْيِيفِ مَا كَانَ زَائِفًا وَالْمُبَالَغَةِ فِي تَغْلِيطِ قَائِلِهِ وَلَوْ كَانَ مِنْ الْأَكَابِرِ: وَإِنَّمَا أَقْصِدُ بِذَلِكَ التَّحْذِيرَ مِنْ الِاغْتِرَارِ بِهِ. اه‍ 
(المجموع: ٥-١/٤)

" മദ്ഹബിലെ പണ്ഡിതന്മാർക്കിടയിൽ വീക്ഷണവ്യത്യാസങ്ങൾ അതിശക്തമായി നടന്നിട്ടുണ്ട്. കഴിയുന്നിടത്തോളം അവയെല്ലാം ഈ കിതാബിൽ ഞാൻ ഉദ്ധരിക്കുകയും അവയിലെ ശരിയും ബാലിശമായതും എല്ലാം വ്യക്തമാക്കും. പിഴച്ചത് ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും - അതെത്ര വലിയവരാണെങ്കിലും. അത് കണ്ട് മറ്റുള്ളവർ പെട്ടു പോകരുതല്ലോ.."

വലിയവരിൽ നിന്ന് പിഴവ് സംഭവിച്ചെന്ന് കരുതി അവർ മോശക്കാരാണെന്ന് പറയാൻ പാടില്ല. തെറ്റ് അസംഭവ്യമായത് മനുഷ്യരിൽ നബിമാർ മാത്രമാണല്ലോ. 

ചില വിമർശന ശൈലികൾ പരിചയിക്കാം:

മരണപ്പെട്ടവർക്ക് ശേഷക്കാർ ചെയ്യുന്നതിൻ്റെ ثواب ലഭിക്കില്ലെന്ന് ഇമാം മാവറദീ(റ) പറഞ്ഞതായി ഉദ്ധരിക്കപ്പെടുന്നുണ്ട്. ഇത് തെറ്റാണെന്ന് തുറന്നു കാട്ടുകയാണ് ഇമാം നവവി(റ), ബഹുമാനാദരവുകളെല്ലാം വകവെച്ചു കൊടുത്ത് തന്നെ:

وَأَمَّا مَا حَكَاهُ أَقْضَى الْقُضَاةِ أَبُو الْحَسَنِ الْمَاوَرْدِيُّ البصرى الفقيه الشَّافِعِيُّ فِي كِتَابِهِ الْحَاوِي عَنْ بَعْضِ أَصْحَابِ الْكَلَامِ مِنْ أَنَّ الْمَيِّتَ لَا يَلْحَقُهُ بَعْدَ مَوْتِهِ ثَوَابٌ فَهُوَ مَذْهَبٌ بَاطِلٌ قَطْعًا وَخَطَأٌ بَيِّنٌ مُخَالِفٌ لِنُصُوصِ الْكِتَابِ وَالسُّنَّةِ وَإِجْمَاعِ الْأُمَّةِ فَلَا الْتِفَاتَ إِلَيْهِ وَلَا تَعْرِيجَ عَلَيْهِ. اه‍ 
(شرح مسلم للنووي- ١/٩٠)

ഇബ്നു ഹജർ(റ)യും ഇബ്നു സിയാദ്(റ)യും ചില മസ്അലഃകളിൽ വിയോജിക്കുകയും പരസ്പരം ഖണ്ഡനങ്ങളുമായി നാലോളം ചെറു രിസാലകൾ വരെ ഇരുവരും രചിക്കുകയും ചെയ്തു. ഇബ്നു ഹജർ(റ)യുടെ ബഹുമാനം നിലനിർത്തിക്കൊണ്ടുള്ള ഒരു വിമർശനം നോക്കൂ, ആദ്യം അവരുടെ മികവുകൾ വാഴ്ത്തിപ്പറയുന്നു:

ﻓﻘﺮﺃ ﻋﻠﻴﻨﺎ ﺳﺆاﻻ ﻭﺟﻮاﺑﺎ ﻓﻲ ﺗﺒﺮﻉ اﻟﻤﺪﻳﻦ ﻟﺼﺎﺣﺒﻨﺎ اﻹﻣﺎﻡ اﻟﻌﺎﻟﻢ اﻟﻌﺎﻣﻞ ﻭاﻟﻬﻤﺎﻡ اﻟﺤﺠﺔ اﻟﻘﺪﻭﺓ اﻟﻜﺎﻣﻞ ﻭﺟﻴﻪ اﻟﺪﻳﻦ ﻋﺒﺪ اﻟﺮﺣﻤﻦ ﺑﻦ ﺯﻳﺎﺩ ﻣﻔﺘﻲ ﺯﺑﻴﺪ اﻟﻤﺤﺮﻭﺳﺔ ﺑﻞ ﻭاﻟﻴﻤﻦ ﺑﺄﺳﺮﻩ ﺃﺩاﻡ اﻟﻠﻪ ﻋﻠﻴﻨﺎ ﻭﻋﻠﻴﻪ ﻫﻮاﻃﻞ ﺟﻮﺩﻩ ﻭﺑﺮﻩ. اه‍

എന്നിട്ട് വിമർശിച്ചത് ഇങ്ങനെ:

ﻓﻠﻤﺎ ﺭﺃﻳﻨﺎ ﺫﻟﻚ اﻟﺘﺄﻟﻴﻒ ﻣﺎ اﺯﺩاﺩﻧﺎ ﺇﻻ ﺇﻧﻜﺎﺭا ﺭﺟﺎء ﺃﻥ ﻧﻨﺘﻈﻢ ﻓﻲ ﺳﻠﻚ اﻟﺮاﺟﻴﻦ ﻟﻠﻪ ﻭﻗﺎﺭا ﻭﻫﺬا ﺃﻋﻨﻲ ﻋﺪﻡ اﻟﻤﺤﺎﺑﺎﺓ ﻓﻲ اﻟﺪﻳﻦ الخ. اه‍

"ഇബ്നു സിയാദ്(റ) എന്നവരുടെ രചന എന്നെ വല്ലാതെ ചൊടിപ്പിച്ചു. ഞാൻ അതിനെ തള്ളിപ്പറയുന്നത് അല്ലാഹുവിന് വേണ്ടിയും മറ്റുള്ളവർ എന്ത് പറഞ്ഞാലും, തെറ്റാണെങ്കിൽ വരെ - അവ അതേപടി സ്വീകരിക്കുന്ന മോശം സംസ്കാരം ഇല്ലാതിരിക്കാനുമാണ്.."

തുടർന്ന് വീണ്ടും ഇമാം വാചാലനാകുന്നുണ്ട് : "എത്ര വലിയവരാണെങ്കിലും ശരിയല്ലാത്തത് പറഞ്ഞാൽ തിരുത്തിയേ തീരൂ. ഇമാം ജുവൈനീ (റ) - അവരുടെ കാലത്ത് ഒരു നബി വരുമായിരുന്നെങ്കിൽ അത് അദ്ദേഹമായിരിക്കും - എന്ന് വരെ പുകൾപെറ്റവരായിട്ടും പിൽക്കാലത്ത് വന്നവർ മുഖേന അവർ വിമർശനത്തിന് വിധേയനായിട്ടുണ്ട്. മറ്റുള്ളവർ പിഴച്ചത് പറഞ്ഞാലും അതിനെതിരെ മൗനികളായി നിൽക്കുന്ന മോശപ്പെട്ട സംസ്കാരമാണ് ജൂത - ക്രിസ്തീയ മതത്തെ പിഴപ്പിച്ചത് ...." 

എന്നിട്ട് ഇമാം ഇങ്ങനെ ദുആ ചെയ്യുന്നു:

ﻓﻀﺮاﻋﺔ ﺇﻟﻴﻚ اﻟﻠﻬﻢ ﺃﻥ ﺗﺪﻳﻢ ﻟﻬﺎ ﺫﻟﻚ ﻋﻠﻰ ﺗﻮاﻟﻲ اﻷﻋﺼﺎﺭ. اه‍

"റബ്ബിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ടുള്ള വിമർശനം ഈ സമുദായത്തിൽ എന്നെന്നും നിലനിർത്തട്ടെ ..." (ഫതാവൽ കുബ്റാ: 3/2-3)

ഇരുവരും - ഇബ്നു ഹജർ(റ)യും ഇബ്നു സിയാദ്(റ)യും - ഫത്ഹുൽ മുഈൻ രചയിതാവ് സൈനുദ്ധീൻ മഖ്ദൂം(റ) തങ്ങളുടെ ഉസ്താദുമാരാണ്. ഇവർക്കിടയിലെ പ്രസ്തുത വിമർശനവും തമ്മിൽ ഗ്രന്ഥരചനകളും ഉണ്ടായ മസ്അലഃ - സ്വദഖഃ ചെയ്യൽ ഹറാമായ സമയത്ത് ആ സ്വദഖഃ, ലഭിച്ചവൻ്റെ ഉടമസ്ഥതയിൽ വരുമോ ഇല്ലേ എന്ന കാര്യത്തിലാണ്. ഈ വിഷയം ഫത്ഹുൽ മുഈനിൽ വിവരിച്ചപ്പോൾ ഇബ്നു ഹജർ(റ)യുടെ പക്ഷമായ 'ഉടമസ്ഥത ലഭിക്കും' എന്നതിനെയാണ് പ്രബലമാക്കിയത്. എതിരഭിപ്രായത്തെ ഉദ്ധരിച്ചപ്പോൾ المحقق എന്ന് ഇബ്നു സിയാദ്(റ)യെ പ്രത്യേകം പരിചയപ്പെടുത്തുകയും ചെയ്തു. അഭിപ്രായത്തിൽ വിയോജിക്കുന്നത് കൊണ്ട് മഹത്വത്തിൽ ഒരു കുറവും വന്നിട്ടില്ലെന്ന് അടിവരയിടുകയാണ് സൈനുദ്ധീൻ മഖ്ദൂം(റ). എല്ലായിടത്തും شيخنا എന്ന് ചേർത്ത് പറയുമ്പോൾ ഈ ഭാഗത്ത് - താൻ വിയോജിക്കുന്ന ഭാഗം ഉദ്ധരിച്ച നേരത്ത് - شيخنا എന്ന വാക്കിന് പുറമെ المحقق എന്ന് പരിചയപ്പെടുത്തിയത്:

وحيث حرمت الصدقة بشيء لم يملكه المتصدق عليه على ما أفتى به شيخنا المحقق ابن زياد رحمه الله تعالى لكن الذي جزم به شيخنا في شرح المنهاج أنه يملكه. اه‍ 
(فتح المعين)

സഅദിയ്യഃ മുദർരിസ് ബഹു: സ്വാലിഹ് സഅദിയിൽ നിന്നും, പ്രിയ സുഹൃത്ത് സുലൈമാൻ സഅദി വാളാട് പറഞ്ഞു തന്നതാണ് ഫത്ഹുൽ മുഈനിലെ ഈ അകപ്പൊരുൾ.

എന്നാൽ ഗുരുവിൻ്റെ ശിക്ഷണ രീതികളിൽ പൂർണ്ണമായും വഴിപ്പെട്ട് കൊടുക്കുകയാണ് വേണ്ടത്. അത്തരം സന്ദർഭങ്ങളിലെ ചില തീരുമാനങ്ങളിലോ നിർദ്ദേശങ്ങളിലോ ഗുരുവിന് പിഴച്ചേക്കാം. അല്ലെങ്കിൽ അതിലേറെ ഉത്തമമായ കാര്യങ്ങൾ ശിഷ്യന് ബോധ്യപ്പെട്ടേക്കാം. എന്നാൽ പോലും അവിടെ ഉസ്താദിനെ അനുസരിക്കലാണ് അഭികാമ്യം. ആ പിഴച്ച തീരുമാനങ്ങളായിരിക്കും വിദ്യാർത്ഥിയുടെ ശരിയായ തീരുമാനത്തേക്കാൾ ഫലപ്രദം. ഇമാം ഗസ്സാലീ(റ) പറയുന്നുണ്ട് ഇത്:

قال (اي الغزالي) ومهما أشار عليه (اي على المتعلم )شيخه بطريق في التعليم فليقلده وليدع رأيه فخطأ مرشده أنفع له من صوابه في نفسه. اه‍
(تذكرة السامع والمتكلم في آداب العالم والمتعلم
ابن جماعة /٩٨)

എന്നാൽ ഇത്, അവഗാഹം നേടിയ ശേഷം മസ്അലഃ കളിലോ നിലപാടുകളിലോ വിയോജിക്കുന്നതിന് എതിരല്ല. അങ്ങനെ തെറ്റിദ്ധരിക്കരുത്.
ഇപ്രകാരം തന്നെ, ഫത്ഹുൽ ഖയ്യൂമിൽ പറയുന്ന ഈ വാക്യം:

 وحقق المشكل والمؤوّلا # واتبع الأفواه والسواد لا. اه‍ 
(فتح القيوم)

ഇബാറഃകളുടെ അർത്ഥം ഗ്രഹിക്കുന്നതിലും അതിനെ വ്യാഖ്യാനിച്ച് മനസ്സിലാക്കേണ്ട ഭാഗങ്ങളെല്ലാം ഉസ്താദ് പറഞ്ഞു തരുന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാതെ, കിതാബിലെ എഴുത്ത് മാത്രം ആധാരമാക്കല്ല എന്നാണ് ഇതിൻ്റെ ആശയം. ഈ വാക്കും മേൽ പറഞ്ഞ വിയോജിപ്പുകൾക്ക് തടസ്സമല്ല.

ഇനി പറയാം, അഗത്തി ഉസ്താദ് ഓർമ്മിപ്പിച്ച ചില മസ്അലഃകളും നിലപാടുകളും.
ഇഞ്ചക്ഷൻ കാരണം നോമ്പു മുറിയില്ലെന്ന് തറപ്പിച്ച് പറഞ്ഞതാണ് അതിലൊന്ന്. അതുമായി ബന്ധപ്പെട്ട രിസാലകൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്.
ഒരിക്കൽ അവയിൽ ചിലതെല്ലാം കാണിച്ചു തന്നത് ഓർത്തു പോവുകയാണ്. 
سطوع البرهان بعدم الفطر بالإبرة في رمضان
ഈ രിസാല അതിലൊന്നാണ്.
 
തടിയുള്ള വല്ലതും ശരീരത്തിനകത്തേക്ക് പ്രവേശിക്കുക - നോമ്പ് ബാത്വിലാക്കുന്ന കാര്യമാണല്ലോ. ഇതിനായി ശരീരത്തിൻ്റെ ഉൾഭാഗം എന്ന് പറയാൻ جوف എന്ന് പറയാമായിരുന്നിട്ടും ما يسمى جوفا എന്ന വാക്കാണ് ഫുഖഹാഅ് പ്രയോഗിച്ചത്. രത്നച്ചുരുക്കമായി ഉണ്ടാക്കിയ മഖ്ദൂം(റ) തങ്ങളുടെ قرة العين ൽ പോലും ഈ വാക്ക് പ്രയോഗിച്ചിട്ടുണ്ടെങ്കിൽ അതിൽ സാംഗത്യം ഇല്ലാതിരിക്കില്ല. അപ്പോൾ ഫിഖ്ഹിൽ പറയപ്പെടുന്ന ഉൾഭാഗം എന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. തലച്ചോറ്, വായിലൂടെ حاء ൻ്റെ ഉച്ഛാരണ സ്ഥലം, മൂക്കിലൂടെ തരിമൂക്കിനപ്പുറം അന്നനാളം, ആമാശയം, മുൻ - പിൻ ദ്വാരങ്ങൾ ഇത്രയും ഭാഗങ്ങൾ മാത്രമേ ഉൾഭാഗമായി എണ്ണിയിട്ടുള്ളൂ. പ്രസ്തുത ഭാഗങ്ങളിലേക്ക് വസ്തുക്കൾ പുറത്ത് നിന്ന് ദ്വാരമുണ്ടാക്കിയാലും നിയമം ഇതു തന്നെ. എന്നാൽ മറ്റു മാംസ ഭാഗങ്ങളിലേക്കോ ഞരമ്പിലേക്കോ സൂചിയോ മറ്റോ കടത്തിയത് കൊണ്ട് നോമ്പ് മുറിയില്ല. ഫുഖഹാഅ് പറയുന്ന جوف ൻ്റെ പരിധിയിൽ ഇവ പെടുന്നില്ല എന്നതാണ് കാരണം.

ഇവിടെ പ്രയോഗിച്ച ما يسمى جوفا എന്നതിനോട് ചേർത്ത് വായിക്കേണ്ട ചില ഉദാഹരണങ്ങൾ നോക്കാം. ഇഹ്റാമിലുള്ളവർക്ക് സുഗന്ധം ഉപയോഗിക്കാൻ പറ്റില്ല. ഇവിടെ طيب എന്ന ഫുഖഹാഇൻ്റെ പ്രയോഗത്തെ വ്യാഖ്യാതക്കൾ ما يقصد طيبا غالباً - സാധാരണയിൽ സുഗന്ധത്തിന് വേണ്ടി ഉപയോഗിക്കുന്നത് - എന്ന് വിശദീകരിച്ചിട്ടുണ്ട്. അതിനാൽ സോപ്പ് തേച്ച് കുളിച്ചാലുണ്ടാകുന്ന സുഗന്ധം പ്രശ്നക്കാരനല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കാരണം, സോപ്പിനെക്കുറിച്ച് طيب ആണെന്ന് സാധാരണയിൽ പറയാറില്ല.

നാദാപുരത്തെ മേപ്പിലാച്ചേരി മൊയ്തീൻ മുസ്‌ലിയാർ(ഖു:സി)- കീഴന ഓറുടെ ഗുരുവാണ് - മറ്റൊരു പണ്ഡിതനുമായുള്ള (പേര് ഓർക്കുന്നില്ല) ചർച്ചയെക്കുറിച്ച് കേട്ടിട്ടുണ്ട്. വെട്ട്കല്ലിനെ പൊടിച്ച് അത്കൊണ്ട് തയമ്മും ചെയ്യാമോ ഇല്ലേ എന്നായിരുന്നു വിഷയം. 

മേപ്പിലാച്ചേരി: അങ്ങനെ ആവാം. 

A - അതെങ്ങനെ ? കല്ല് പൊടിച്ച മണ്ണ് പറ്റില്ലെന്ന് ഫുഖഹാഅ് വ്യക്തമാക്കിയതല്ലേ?

മേപ്പിലാച്ചേരി: അവിടെ حجر നെ പൊടിച്ചത് എന്നാണുള്ളത്. حجر എന്നാൽ صخرة - കരിങ്കല്ല് പോലെ ഉറച്ച പാറക്കഷ്ണം എന്നാണ്. വെട്ട്കല്ല് അത്തരം ഉറച്ച കല്ല് അല്ല.

A - എങ്കിൽ, ഹജ്ജിൻ്റെ വേളയിൽ ജംറഃകളിലെറിയാൻ പാറക്കല്ലും തെരഞ്ഞ് പോകേണ്ടി വരുമോ ? അവിടെയും حجر എന്നല്ലേ ഉള്ളത്?

മേപ്പിലാച്ചേരി: അതെ, അങ്ങനെയായിരുന്നെങ്കിൽ പാറക്കല്ലും തെരഞ്ഞ് നടക്കണമായിരുന്നു. പക്ഷേ, അവിടെ ما يسمى حجرا - മതിയെന്ന് വിശദീകരിച്ചത് കൊണ്ട് രക്ഷപ്പെട്ടതാണ്. കല്ല് എന്ന് സാധാരണയിൽ പറയുന്നതെല്ലാം അവിടെ പറ്റും. തയമ്മുമിൽ حجر എന്നുമാണ് പ്രയോഗിച്ചത്.

ഫുഖഹാഇൻ്റെ പ്രയോഗങ്ങളിൽ ഒളിഞ്ഞിരിക്കുന്നതും കണ്ടെത്തണമെന്ന് ചുരുക്കം.

നന്നമ്പ്ര സൈദാലി ഉസ്താദും(ഖു:സി), കരിങ്കപ്പാറ ഉസ്താദു(ഖു:സി)മെല്ലാം നോമ്പ് മുറിയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് അവരുടെ അടുപ്പക്കാരിൽ നിന്ന് തന്നെ കേട്ടതുമാണ്. ( ജുമുഅഃക്ക് ശേഷമുള്ള പ്രസംഗത്തിൽ ഇഞ്ചക്ഷൻ നോമ്പ് മുറിക്കും എന്ന് ഒരാൾ പ്രസംഗിച്ചു. ഇതറിഞ്ഞ കരിങ്കപ്പാറ ഉസ്താദിൻ്റെ മകൻ അബ്ദുൽ ഹക്കീം മുസ്‌ലിയാർ, തൻ്റെ മകൻ - അൽ ഇഹ്സാൻ പൂർവ്വ വിദ്യാർത്ഥി - മുഹമ്മദ് മുസ്‌ലിയാരോട് പറഞ്ഞു: "നോമ്പ് മുറിയില്ലെന്ന് നിൻ്റെ വല്യുപ്പ തറപ്പിച്ച് പറഞ്ഞിട്ടുള്ളതാണ്.." ) 
ഇൻസുലിൻ കുത്തിവെക്കുന്നവർക്ക് ഏറെ ആശ്വാസകരമാണിത്. ഗ്ലൂക്കോസ് കുത്തിവെച്ച് നോമ്പിൻ്റെ ക്ഷീണം മാറ്റുമെന്ന ന്യായംവെച്ച് നോമ്പ് ഫസാദാകുമെന്ന് പറയാൻ കഴിയില്ല. റബ്ബിൻ്റെ പ്രതിഫലം കാംക്ഷിക്കുന്നവർക്ക് അങ്ങനെ ക്ഷീണം തീർക്കാൻ പറ്റില്ലല്ലോ. 

 മൂത്രസഞ്ചിയിലേക്ക് മരുന്ന് കയറ്റുന്ന ഒരു ചികിത്സാരീതിയുണ്ടായിരുന്നു പഴയ കാലത്ത്. حقنة എന്നാണ് ഇതിന് പറയുക. ഇത് നോമ്പു മുറിക്കുന്ന കാര്യമായിട്ട് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് (തുഹ്ഫ: 3/402). എന്നാൽ حقنة എന്ന പദത്തിന് 'ഇഞ്ചക്ഷൻ' എന്ന് അർത്ഥം പറഞ്ഞിട്ടുണ്ട് المنهل എന്ന ഡിക്ഷ്ണറിയിൽ. അത് ശരിയല്ല. കിതാബിലെ പ്രസ്തുത ഭാഗം ഇഞ്ചഷൻ നോമ്പ് മുറിക്കുന്നതിന് തെളിവായിട്ടും ചിലർ മനസ്സിലാക്കിയിട്ടുണ്ട്. ആധുനിക വിശദീകരണങ്ങൾ ആധാരമാക്കി ഇങ്ങനെ തെറ്റായി കിതാബുകളെ വ്യഖ്യാനിക്കുന്നതിനെതിരെ, കാഞ്ഞങ്ങാട് ഖാളിയും സഅദിയ്യ മുദർരിസുമായിരുന്ന മർഹൂം പി.എ ഉസ്താദ്(ന:മ) പ്രസംഗിച്ചിട്ടുണ്ട്. നന്തി ദാറുസ്സലാമിൽ ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു ഇത്. അന്ന് പരിപാടിയിൽ പങ്കെടുത്ത ഇരുമ്പുഴി യൂസുഫ് മുസ്‌ലിയാർ പറഞ്ഞതാണിത്. 


മക്കഃയിലെ ജീവിതത്തിനിടയിൽ ഒട്ടനവധി പരാക്രമങ്ങൾ സഹിച്ചിട്ടുണ്ട് തിരുനബി(സ്വ) തങ്ങളും സ്വഹാബതും. അതിലൊന്നായിരുന്നല്ലേ, സുജൂദ് ചെയ്തുകൊണ്ടിരിക്കുന്ന തിരുനബി(സ്വ) തങ്ങളുടെ കഴുത്തിൽ ഒട്ടകത്തിൻ്റെ അവശിഷ്ട ഭാഗങ്ങൾ കൊണ്ടിട്ടത്. അതിൻ്റെ ഭാരത്താൽ തലയുയർത്താനാകാതെ പ്രയാസപ്പെടുന്നു തങ്ങൾ. ഇത് കണ്ട് ഖുറൈശികൾ രസിക്കുന്നു. അങ്ങോട്ടുമിങ്ങോട്ടും ആടി ചിരിക്കുന്നു. വിവരമറിഞ്ഞ് പുന്നാര മകൾ ബീവി ഫാത്വിമഃ(റ) ഓടി വന്ന് അവ മാറ്റുന്നു. ഖുറൈശികളെ കണക്കിന് ശകാരിക്കുന്നു. പ്രയാസത്തോടെ അത് ചെയ്ത عقبة بن أبي معيط നെതിരെ തങ്ങൾ ദുആ ചെയ്യുന്നു - 
اللهم عليك بالملإ من قريش...
പേരെടുത്ത് അവർക്കെതിരെ ദുആ ചെയ്തു. അവരെല്ലാം ബദ്റിൽ കൊല്ലപ്പെട്ടതായി കാണപ്പെട്ടു. കൃത്യം നിർവ്വഹിച്ച عقبة നെ ബദ്റിൽ തടവുകാരനായി പിടിക്കപ്പെടുകയും മദീനഃയിലേക്കുള്ള വഴിയിൽ വെച്ച് അവൻ്റെ കഥ കഴിക്കുകയുമായിരുന്നു. - പ്രസിദ്ധമായ ഈ ചരിത്രത്തിൽ തിരുനബി(സ്വ) തങ്ങൾ സഹിച്ച ത്യാഗജീവിതമാണ് വിഷയം. 

എന്നാൽ തങ്ങളുടെ ശറഫായ മുഖത്ത് ഈച്ച ഇരിക്കില്ലെന്ന് അവിടുത്തെ خصائص കളിൽ കാണാം. മുഖത്ത് ഈച്ച പോലും ഇരിക്കില്ലെങ്കിൽ, പിന്നെങ്ങനെയാണ് വൃത്തിഹീനമായ അവശിഷ്ടങ്ങൾ തിരുശരീരത്തിൽ സ്പർശിക്കുക - എന്ന ഭാവനയാണ് ചിലർക്ക്. അതിനാൽ അത് തങ്ങളുടെ മേനിയിൽ തട്ടിയിട്ടില്ലെന്നും, അൽപം അകന്ന്, എന്നാൽ തട്ടിയെന്ന് മറ്റുള്ളവർക്ക് തോന്നും വിധത്തിൽ നിൽക്കുകയാണെന്നും അവർ മനസ്സിലാക്കുന്നു. ഈ ന്യായം തീർത്തും ശരിയല്ലെന്ന് അഗത്തി ഉസ്താദ് പറഞ്ഞിരുന്നു.

'സൈദിനെ അടിച്ചു'- എന്ന് പറഞ്ഞാൽ സൈദിൻ്റെ ശരീരത്തിൽ ആ അടി കൊണ്ടിട്ടുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. അല്ലാതെ പ്രസ്തുത വാക്കിന് പുറമെ, അടി ശരീരത്തിൽ കൊണ്ടു എന്ന് പറയാറില്ല. അടി കൊള്ളാതിരുന്നിട്ടുണ്ടെങ്കിൽ പ്രത്യേകം പറയുകയാണ് ചെയ്യുക. ഇവിടെ അങ്ങനെയൊരു അൽഭുതം നടന്നിരുന്നെങ്കിൽ പ്രത്യേകം ഉദ്ധരിക്കപ്പെടുമായിരുന്നല്ലോ. അതില്ലാത്ത സ്ഥിതിക്ക് തിരുശരീരത്തിൽ തട്ടിയിട്ടുണ്ട് എന്നത് തന്നെയാണ് ശരി.  

മുഖത്ത് ഈച്ച ഇരിക്കാത്തത് خصائص ആണല്ലോ. അത് തുലനം ചെയ്ത് മനസ്സിലാക്കാൻ പറ്റിയതല്ല. ഒരു ഉദാഹരണം പറയാം:
തിരുനബി(സ്വ) തങ്ങൾ, ഗ്രാമീണനായ ഒരാളിൽ നിന്നും കുതിരയെ വാങ്ങിയിരുന്നു. ഈ ഇടപാടിൻ്റെ കാര്യത്തിൽ, പിന്നീട് അദ്ദേഹം തർക്കിക്കുകയും തിരുനബി(സ്വ) തങ്ങളുടെ ഭാഗത്ത് നിന്ന് സാക്ഷി വേണമെന്ന് ശഠിക്കുകയും ചെയ്തു. അപ്പഴാണ് خزيمة بن ثابت - رض അതുവഴി വരുന്നതും 'ഞാൻ സാക്ഷി നിൽക്കാമെ'ന്ന് പറയുകയും ചെയ്യുന്നത്. തർക്കമുന്നയിച്ചയാൾ വിഷയത്തിൽ നിന്നും പിന്മാറി. സ്വഹാബിയുടെ തത്സമയത്തെ ഇടപെടൽ തങ്ങളെ അത്യധികം സന്തോഷിപ്പിക്കുകയും ഒരു സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു:
(من شهد له خزيمة أو شهد عليه فحسبه) 
 "ഖുസൈമത് ആർക്ക് വേണ്ടിയാണോ, അല്ലെങ്കിൽ ആർക്കെതിരെയാണോ സാക്ഷി പറഞ്ഞത് എങ്കിൽ, അയാൾക്ക് അതുമതി."
 സാക്ഷി സ്വീകാര്യമാവാൻ പുരുഷന്മാരാണെങ്കിൽ രണ്ട് പേർ നിർബന്ധമാണ്. അതേ സമയം ഖുസൈമത്(റ) തനിച്ച് നിന്നാൽ തന്നെ അത് രണ്ട് പേരുടെ സ്ഥാനത്താണ്. ഇവിടെ ذو الشهادتين എന്ന ഈ സ്ഥാനത്തിന് അർഹനായ അൻസ്വാരിയായ, ബദ്റിൽ പങ്കെടുത്ത പ്രസ്തുത സ്വഹാബിയുടെ ഈ ബഹുമതി മറ്റാർക്കുമില്ല. മതത്തിൻ്റെ കണിഷതയിലും സ്വിദ്ഖിലും അവരേക്കാൾ ഉത്തമരായ സ്വഹാബതാണെങ്കിൽ പോലും ഈ സ്ഥാനം ഖുസൈമത്(റ)വിന് മാത്രം അവകാശപ്പെട്ടതാണ്. ഇമാം മഹല്ലി(റ) ഇത് വ്യക്തമാക്കുന്നുണ്ട്:

فَمَا عَدَلَ عَنْ سَنَنِهِ ... لَا يُقَاسُ عَلَى مَحَلِّهِ لِتَعَذُّرِ التَّعْدِيَةِ حِينَئِذٍ كَشَهَادَةِ خُزَيْمَةَ «قَالَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - مَنْ شَهِدَ لَهُ خُزَيْمَةُ فَحَسْبُهُ» فَلَا يَثْبُتُ هَذَا الْحُكْمُ لِغَيْرِهِ وَإِنْ كَانَ أَعْلَى مِنْهُ رُتْبَةً فِي الْمَعْنَى الْمُنَاسِبِ لِذَلِكَ مِنْ التَّدَيُّنِ وَالصِّدْقِ كَالصِّدِّيقِ - رَضِيَ اللَّهُ عَنْهُ - اه‍ 
(شرح جمع الجوامع: ٢/٢١٨)

എന്ത് മനസ്സിലായി ? ഓരോന്നിൻ്റെയും فضل കളും اختصاص കളും ഉള്ളിടത്ത് മാത്രം ചുരുക്കണം.
الاختصاصات لا يقاس عليها 
الْخَصَائِص لَا تَثْبُتُ بِالْقِيَاسِ.  
 അതിനേക്കാൾ ഉത്തമമായത് ഉണ്ടെങ്കിൽ പോലും അവ വകവെച്ച് കൊടുക്കാൻ പറ്റില്ല. മുകളിലുദ്ധരിച്ചത് ഒരു ഉദാഹരണം മാത്രം. ഇത്തരം ഒരുപാട് സംഭവങ്ങളും നിയമങ്ങളുമുണ്ട്. 

മറ്റൊന്ന്, ആ അവശിഷ്ടം കാരണം തലയുയർത്താൻ കഴിയാതെ പ്രയാസപ്പെടുന്ന തിരുനബി(സ്വ) തങ്ങളെയാണ് ചരിത്രങ്ങളിൽ വായിക്കാൻ കഴിയുക. തട്ടിയിട്ടില്ലെങ്കിൽ പിന്നെങ്ങനെയാണ് തലയുയർത്താനാവാതെ പ്രയാസപ്പെടുക?
 ഇത് കണ്ട് ഖുറൈശി കിരാതന്മാർ പരസ്പരം ആടിയുലഞ്ഞ് ചിരിക്കുന്നു:

(فَجَعَلُوا يَضْحَكُونَ وَيُحِيلُ بَعْضُهُمْ عَلَى بَعْضٍ، وَرَسُولُ اللَّهِ صلى الله عليه وسلم سَاجِدٌ لَا يَرْفَعُ رَأْسَهُ، حَتَّى جَاءَتْهُ فَاطِمَةُ، فَطَرَحَتْ عَنْ ظَهْرِهِ، فَرَفَعَ رَأْسَهُ)- رواه البخاري - ٢٣٧.

തട്ടിയിട്ടില്ലെങ്കിൽ ഇവർ ചിരിക്കുമോ?
പിന്നെ, യഥാർത്ഥത്തിൽ തട്ടിയിട്ടില്ല, ബാക്കിയെല്ലാവർക്കും തട്ടിയെന്ന് തോന്നിയത് കൊണ്ടാണെന്ന ന്യായം രേഖയില്ലാതെ സ്വീകരിക്കാൻ കഴിയില്ല. മാത്രമല്ല, ഇതുദ്ധരിച്ച മുഴുവൻ ഇമാമുകളും - നജസ് ശരീരത്തിൽ സ്പർശിച്ചിരിക്കെ നിസ്കാരം മടക്കിയില്ല - എന്നതിന് ന്യായങ്ങൾ വിശദീകരിക്കുകയാണ് ചെയ്യുന്നത്. തട്ടിയിട്ടില്ലെങ്കിൽ ഈ വിശദീകരണങ്ങളെല്ലാം അസ്ഥാനത്താവുമല്ലോ.

وَأُجِيب بِأَنَّ ذَلِكَ كَانَ قَبْلَ التَّعَبُّدِ بِتَحْرِيمِ ذَبَائِحِهِمْ. اه‍ 
(فتح الباري: ١/٣٥٢)

ﻭاﺳﺘﻤﺮاﺭﻩ ﺑﻌﺪ ﻭﺿﻊ ﺳﻠﻰ اﻟﺠﺰﻭﺭ ﻋﻠﻰ ﻇﻬﺮﻩ ﺣﺘﻰ ﺟﺎءﺕ ﻓﺎﻃﻤﺔ - ﺭﺿﻲ اﻟﻠﻪ ﻋﻨﻬﺎ - ﻭﻧﺤﺘﻪ ﻟﻴﺲ ﻓﻴﻪ ﺗﺼﺮﻳﺢ ﺑﺄﻧﻪ ﻋﻠﻢ ﺃﻧﻪ ﺳﻞ ﺟﺰﻭﺭ، ﻭﻫﻮ ﻓﻴﻬﺎ ﻭﺇﻧﻤﺎ ﻟﻢ ﻳﺴﺘﺄﻧﻔﻬﺎ ﻣﻊ ﻋﻠﻤﻪ ﺑﺬﻟﻚ ﺑﻌﺪ ﻻﺣﺘﻤﺎﻝ ﺃﻧﻬﺎ ﻧﺎﻓﻠﺔ ﻋﻠﻰ ﺃﻥ ﺟﻤﻌﺎ ﺃﺟﺎﺑﻮا ﺑﺄﻥ اﺟﺘﻨﺎﺏ اﻟﻨﺠﺲ ﻟﻢ ﻳﺠﺐ ﺃﻭﻝ اﻹﺳﻼﻡ. اه‍ 
(تحفة: ٢/١٣٦)

 ഇസ്മാഈൽ നബി(അ)ൻ്റെ കഴുത്തിൽ കത്തി നടത്തിയോ ഇല്ലേ എന്നതിൽ രണ്ടു വീക്ഷണങ്ങളുണ്ട്. ഇല്ലെന്നതാണ് നമ്മുടെ പക്ഷം എന്ന് ഇമാം മഹല്ലീ(റ) جمع الجوامع ൻ്റെ ശറഹിൽ പറയുന്നു:

وَعِنْدَنَا لَمْ يُمِرَّ الْخَلِيلُ آلَةَ الذَّبْحِ عَلَى مَحَلِّهِ مِنْ ابْنِهِ لِنَسْخِهِ قَبْلَ التَّمَكُّنِ مِنْهُ لِقَوْلِهِ تَعَالَى {وَفَدَيْنَاهُ بِذِبْحٍ عَظِيمٍ} [الصافات: ١٠٧]. اه‍ 
(شرح المحلي لجمع الجوامع) 

ഇവിടെ അഗത്തി ഉസ്താദ് വിശദീകരിച്ചു തന്നു: ഇത് അഹ്‌ലുസ്സുന്നഃയിലെ ചെറിയൊരു പക്ഷത്തിൻ്റെ മാത്രം ന്യായമാണ്. മുഅ്തസിലുകളിലെ ഭൂരിപക്ഷത്തിൻ്റെയും. അഹ്‌ലുസ്സുന്നഃയിലെ ഭൂരിപക്ഷവും കത്തി നടത്തിയിട്ടുണ്ട് എന്നതിനെ ശരിവെക്കുന്നവരാണ്. ഇക്കാര്യം ഇമാം തന്നെ, അവരുടെ അവസാനം രചിച്ച തഫ്സീർ ജലാലൈനിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അബ്ബാസ്(رضي الله عنهما)നെ തൊട്ട് ഉദ്ധരിക്കപ്പെട്ടതും ഇതാണ്.

{فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ} - (الصافات - ١٠٣)
وَكَانَ ذَلِكَ بِمِنًى وَأَمَرَّ السِّكِّين عَلَى حَلْقه فَلَمْ تَعْمَل شَيْئًا بِمَانِعٍ مِنْ القدرة الإلهية. اه‍ 
(تفسير الجلالين)

 കത്തി നടത്തിയെന്നത് أهل السنة യുടെ വീക്ഷണമായിട്ടാണ് പൊതുവെ അറിയപ്പെടുന്നത് എന്ന് അല്ലാമഃ സ്വാവി(റ) ഹാശിയഃയിൽ പറഞ്ഞതും കാണിച്ചു തന്നു:

(قوله وَأَمَرَّ السِّكِّين)
 هذا أحد قولين مشهورين وهو ما تقدم عن ابن عباس والآخر أنه لم يمر السكين... وبالأول استدل به أهل السنة.. اه‍
 (حاشية الصاوي)
കത്തി നടത്തിയിട്ടില്ല എന്നത് അഹ്‌ലുസ്സുന്നഃയുടെ ഏകപക്ഷീയമായ വീക്ഷണമാണ് എന്ന രൂപത്തിൽ جمع الجوامع ൻ്റെ ശറഹിൽ ഇമാം പറഞ്ഞതിനെ നിരൂപിക്കുന്നുണ്ട് അല്ലാമഃ സുലൈമാനുൽ ജമൽ(റ). അതും ഉസ്താദ് കാണിച്ചു തന്നു:

(قوله وأمرّ السكين) قد جرى على هذا هنا ونقله الخازن عن ابن عباس، ونقله غيره من المفسرين. والأمر النقلي لا يعارض إلا بنقل أوضح منه، أو بالطعن في سنده. 
إذا علمت هذا علمت أن ما سلكه الشارح نفسه في شرح جمع الجوامع من أن هذا قول اعتزالي غير سديد، لانه لم يقيم عليه دليلا بل تمسك بأمر عقلي لا شاهد فيه. اه‍  
(حاشية الجمل)
  എന്തായാലും ഇതൊരു ചരിത്രപരമായ വീക്ഷണ വ്യത്യാസമാണ്. അല്ലാതെ അഹ്‌ലുസ്സുന്നഃ - ബിദ്അതു കക്ഷികൾക്കിടയിലെ വിശ്വാസ തർക്കമൊന്നുമല്ല. 

(തുടരും - إن شاء الله )


✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.

ഹികായാതു ശ്ശൈഖൈനി