ഹികായാതു ശ്ശൈഖൈനി

ഹികായാതു ശ്ശൈഖൈനി

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

   പുഴയോരത്തെ വീട്ടിലാണ് ബക്കറിൻ്റെ താമസം. സ്വന്തമായൊരു തോണി അദ്ദേഹത്തിൻ്റെ സ്വപ്നമായിരുന്നു. ഒരുനാൾ അയാളത് സ്വന്തമാക്കി, ഒരു ചെറുതോണി. ഇത് വാങ്ങാൻ പോകുന്ന ദിവസം തൻ്റെ ഇളയമകൻ ഒരു കുപ്പി വെള്ളം കൊണ്ടുവരാൻ പറഞ്ഞിരുന്നു. തോണിയുടെ ആവേശത്തിൽ മതിമറന്ന് വെള്ളത്തിൻ്റെ കാര്യം അയാൾ മറന്നു. വീട്ടിലെത്തിയ ഭാര്യയോട് തോണി വാങ്ങിയ കാര്യം പറയുന്നതിനിടക്കാണ് കുട്ടി ഓടിവന്ന് ചോദിച്ചത്: 'ഉപ്പാ വെള്ളം എവിടെ?..'

ഇത് കേട്ട ഉമ്മ പറഞ്ഞു - 'ഉം വെള്ളമില്ല, വള്ളമുണ്ട് (തോണി) ! '

ഒരു കഥ ചുമ്മാ ഉണ്ടാക്കിയെടുത്തതാണ്.
 'വെള്ളമല്ല, വള്ളം' - എന്ന പ്രയോഗം ശ്രദ്ധിപ്പിക്കാൻ വേണ്ടി മാത്രം. ഒരുപോലെ തോന്നിപ്പിക്കുന്ന രണ്ടു വാക്കുകൾ, ഒന്നിനെ തിരുത്തി മറ്റേത് അവതരിപ്പിക്കുക. ഇങ്ങനെ മറുപടി കൊടുക്കുന്ന ശൈലി അറബിയിലുമുണ്ട്. 

ഇതുപോലൊരു മറുപടി കൊടുത്ത സംഭവം പറയാനാണ് ഇത്തവണ വന്നത്.

ദയൂബന്ദ് കോളേജിലെ പ്രിൻസിപ്പലായിരുന്ന മർഹൂം ഇബ്റാഹീം ബൽയാവീ(ന:മ), ഇൽമുൽ മൻത്വിഖിൽ നല്ല അവഗാഹമുള്ള മഹാ പണ്ഡിതനായിരുന്നു. മുഹിബ്ബുള്ളാഹ് അൽ ബിഹാരി(റ)യുടെ 'സുല്ലമുൽ ഉലൂം' ന് 'ള്വിയാഉന്നുജൂം' എന്ന പേരിൽ ഒരു ശറഹ് രചിച്ചവരാണിദ്ദേഹം. ഹനഫീ മദ്ഹബ് കാരനാണെങ്കിലും അശ്അരീ സരണി സ്വീകരിച്ചവരായിരുന്നു. ക്ലാസുകളിലെല്ലാം വിദ്യാർത്ഥികളെ മൻത്വിഖ് പഠിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതിനെ മദ്ഹ് ചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. ഒരിക്കൽ, ഇങ്ങനെ അവതരിപ്പിക്കുന്നതിനിടെ ക്ലാസിൽ ഒരു വിദ്യാർത്ഥി പറഞ്ഞു - 
يجوز الاستنجاء به !
(മൻത്വിഖ് എഴുതിയ കടലാസ് കൊണ്ട് ശൗച്യം ചെയ്യാമെന്ന് അഭിപ്രായപ്പെട്ട ഇമാമുകളുണ്ട്. അവരുടെ ഉദ്ധരണിയാണിത്.)
 ഉസ്താദ് പുകഴ്ത്തും വിധം മഹത്വമർഹിക്കുന്നുവെങ്കിൽ പിന്നെ എങ്ങനെയാണ് ഇമാമുകൾ ശൗച്യത്തിന് ഉപയോഗിക്കാമെന്ന് ഇവ്വിധം അഭിപ്രായപ്പെടുക ? അതിൻ്റെ വിശദീകണം തേടുകയാണ് വിദ്യാർത്ഥി.

ഇത് കേട്ട ഉസ്താദ് പ്രതികരിച്ചത് ഇങ്ങനെ -

نعم، يجوز الاستنتاج به.

"ഉം, അത് കൊണ്ട് നിഗമനത്തിലെത്താനാണ് സാധിക്കുക..."

- മനുഷ്യരെല്ലാം ജീവിയാണ്.
- സൈദ് ഒരു മനുഷ്യനാണ്.
- അപ്പോൾ സൈദ് ഒരു ജീവിയാണ്.

ഈ മൂന്ന് വാക്യങ്ങളിലെ ആദ്യ രണ്ട് വാക്യങ്ങൾ കൂട്ടിച്ചേർത്താൽ അവസാനം പറഞ്ഞ നിഗമനം തീർത്തും ശരിയായിരിക്കണം. നിഗമനം കണ്ടെത്തുന്ന ഒരു രീതിയാണിത്. മൻത്വിഖ് ഉപയോഗിച്ച് ഇങ്ങനെ നിഗമനത്തിലെത്താം - എന്ന പ്രാധാന്യമാണ് ഉസ്താദ് എടുത്ത് പറഞ്ഞത്. മേൽ പറഞ്ഞ ഒരു മൂന്ന് വാക്യത്തെ നിസാരമായി കാണണ്ട. ഇത് പോലോത്ത കുറേ കാര്യങ്ങളുടെ അകമ്പടിയോടെയാണ് ഇസ്‌ലാമിൻ്റെ വിശ്വാസ - കർമ്മ തത്വങ്ങളെ സമർത്ഥിക്കുന്നത്. Science of Logic എന്ന് പറയുന്ന ഇതിൻ്റെ മോഡേൺ സ്റ്റൈലുകൾ ഭൗതിക ബിരുദധാരികൾ പഠിക്കുന്നുണ്ട്. മൻത്വിഖിനോടൊപ്പം ഇതും കൂടി ചേർത്ത് പഠിക്കുന്നത് വളരെ നന്നായിരിക്കുമെന്ന് സാന്ദർഭികമായി മുതഅല്ലിം സുഹൃത്തുക്കളോട് ഓർമ്മപ്പെടുത്തട്ടെ.

പലയിടത്തും പോലെ പരിഭാഷ ഇവിടെയും ഒരു തോൽവിയാണ്. തുടക്കത്തിലെ കഥയിലുള്ളത് പ്രകാരം ഇവിടെ അറബി ഭാഷയിൽ നല്ല യോജിപ്പുള്ളത് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ -
يجوز الاستنجاء به ،
نعم ، يجوز الاستنتاج به.

 "വെള്ളം - വള്ളം" പോലെ വാക്കിൽ സദൃശ്യം തോന്നിക്കുകയും അർത്ഥത്തിൽ വല്യ വ്യത്യാസവുമുണ്ട്. ഇതുപോലെ استنجاء ഉം استنتاج ഉം അങ്ങനെ തന്നെ.

ശറഇനോട് വിരുദ്ധമായ ഫിലോസഫിയൻ തത്വങ്ങളും ആശയങ്ങളും ഉൾക്കൊണ്ട മൻത്വിഖിനെയാണ് ഇവ്വിധം നിസാരമായി കണ്ട് ഫത്‌വാകൾ ഇറങ്ങിയതെന്ന് ഇമാം ഇബ്നു ഹജർ(റ), അവരുടെ ഇംദാദിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹവാശിൽ മദനിയ്യഃ(1/137)യിലും ശർവാനി(1/178)യിലും ഉദ്ധരിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായി മുമ്പ് കുറിച്ചതിനാൽ ഇവിടെ വിശദീകരിക്കാൻ ഉദ്ദേശിക്കുന്നില്ല.[1]

മറ്റൊരിക്കൽ, ദയൂബന്ദ് കോളേജിൽ ഒരു പ്രോഗ്രാം അരങ്ങേറി. ശറഇയ്യായ ഇൽമ് പഠിക്കുന്ന വിദ്യാർത്ഥികൾ, ഇംഗ്ലീഷ് പോലുള്ള ലോക ഭാഷകളും മറ്റു കോളേജ് വിദ്യകളും നേടിയെടുക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന ഒരു പരിപാടിയായിരുന്നു അത്. ഈ ഒരു കാഴ്ചപ്പാടിനോട് വിയോജിപ്പുള്ള പല ഉലമാക്കളിൽ ഒരാളായിരുന്നു നമ്മുടെ കഥാപുരുഷനായ മർഹൂം ബൽയാവീ(ന:മ).

നവീന കാലക്കാരോട് അവരുടെ ചുറ്റുവട്ടത്തിൽ നിന്ന് സംവദിക്കാൻ പണ്ഡിതന്മാർ പ്രാപ്തരാകണം എന്ന ലക്ഷ്യത്തിൽ അവ വേണമെന്നും, ദർസ് സിലബസിൽ അവ ഉൾപെടുത്തിയാൽ ആഴത്തിലുള്ള പഠനം നഷ്ടപ്പെടുന്നതിനാൽ അത് വേണ്ടെന്നും - ഇങ്ങനെ രണ്ട് ചിന്തകൾ ഉലമാക്കൾക്കിടയിൽ നിലനിന്നിരുന്നു. ഇരുവരുടെയും ലക്ഷ്യം നല്ലതാണ്. വ്യത്യസ്ത നിലപാടുകളാണ്. ഒന്നിനെയും വിമർശിക്കുന്നില്ല. ഒരുകാര്യം തീർച്ചയാണ് - പഴയകാലങ്ങളിലെ പോലെ ശറഇയ്യായ ഇൽമിൽ മാത്രം ആഴത്തിലിറങ്ങി പഠിക്കുന്ന ചെറിയൊരു വിഭാഗം ഇവിടെ നിലനിൽക്കണമെന്നത് നിർബന്ധമാണ്.

വിഷയത്തിലേക്ക് വരാം, ഭൗതിക പഠനം സിലബസിൽ ഉൾപ്പെടുത്തുന്നതിനെ അനുകൂലിച്ച് പല പ്രസംഗങ്ങളും അവിടെ അരങ്ങേറി. പ്രിൻസിപ്പാൾ പ്രോഗ്രാം അദ്ധ്യക്ഷനാണ്. എല്ലാവരുടെ അഭിപ്രായങ്ങളും കേട്ടതിന് ശേഷം സംസാരിക്കാമെന്ന് മുന്നേ പറഞ്ഞിരുന്നു. അങ്ങനെ അദ്ധ്യക്ഷൻ ബൽയാവീ(ന:മ) സമയമായപ്പോൾ എണീറ്റ് നിന്ന് ഇങ്ങനെ പറഞ്ഞു:

"ഇത് വരെ പറഞ്ഞതിൽ നിന്നെല്ലാം ശറഇയ്യായ ഇൽമ് പഠിക്കുന്നവർ ഭൗതികമായ അറിവുകളും നേടുന്നത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് - എന്ന നിങ്ങളുടെ വാദം - 'മുസല്ലം ഹെ'.."

ആ കാലഘട്ടത്തിന് ആവശ്യമായതെല്ലാം ഈ ദയൂബന്ദ് കോളേജിൽ പഠിപ്പിക്കണമെന്ന വാദം - 'മുസല്ലം നഹീ ഹെ.."

സൈദ് ഒരു ജീവിയാണ് - എന്ന നിഗമനത്തിലെത്താൻ രണ്ട് വാക്യങ്ങൾ കൂട്ടിച്ചേർത്തത് മേൽ പറഞ്ഞല്ലോ. എന്നത് പോലോത്ത രണ്ട് വാക്യങ്ങളാണിത്. സുഗ്റാ - കുബ്റാ എന്ന് പറയും ഇവകൾക്ക്. അത് രണ്ടും അംഗീകരിക്കപ്പെട്ടാലേ യഥാർത്ഥ നിഗമനം ലഭിക്കൂ. ഇവിടെ രണ്ടാം വാക്യം - മുസല്ലം നഹീ - ആയതിനാൽ ദയൂബന്ദിൽ അത്തരം പഠനം വേണ്ടതില്ലെന്നാണ് ഉസ്താദ് സമർത്ഥിച്ചത്. ആളൊരു മൻത്വിഖിയ്യ് ആയതു കൊണ്ട് തന്നെയാണ് ഈ രൂപത്തിൽ അന്ന് സംസാരിച്ചത്.

ശറഇയ്യായ ഇൽമ് പഠിക്കുന്നവർക്ക് വേണ്ടി വഖ്ഫാക്കിയതും വസ്വിയ്യതാക്കിയതുമായ വരുമാനങ്ങൾ സ്ഥാപനത്തിനുണ്ട്. അത് അതിന് വേണ്ടി മാത്രമേ ചെലവാക്കാൻ പറ്റൂ. അത് കൊണ്ട് ആ പഠനം വേണ്ടെന്ന് തീരുമാനിക്കുകയാണുണ്ടായത്.

പണ്ട് ഇബ്നു തൈമിയ്യഃ മൻത്വിഖിനെ പറ്റി ഇങ്ങനെ പറഞ്ഞു:

" إنها مادة لا يستفيد منها الذكي لأن ما فيها من براهين وأدلة عقلية تجدها في الكتاب والسنة إذًا لا فائدة فيها والغبي لا يفهم فيها شيئًا.."

 " മൻത്വിഖ് കൊണ്ട് ബുദ്ധിമാന് ഒന്നും നേടാനില്ല. അതിൽ പറയുന്ന തെളിവുകളെല്ലാം ഖുർആനിലും ഹദീസിലും ഉള്ളതാണല്ലോ. മന്ദബുദ്ധിക്കാർക്ക് ഇതിൽ നിന്ന് ഒന്നും മനസ്സിലാക്കാനുമില്ല.." 

ഇത് അദ്ദേഹത്തിൻ്റെ അബദ്ധമാണെന്നേ പറയാനൊക്കൂ. കാരണം ഈ പറഞ്ഞത് ശരിയാകാൻ, എല്ലാ മനുഷ്യരും ഒന്നുകിൽ അതിബുദ്ധിയുള്ളവൻ - അല്ലെങ്കിൽ മൂഢൻ എന്ന രണ്ട് വിധം മാത്രമേയുള്ളൂ എന്ന് വരണം. അത് ഒരിക്കലും ശരിയല്ല. അതിനിടക്കുള്ള മിതബുദ്ധിക്കാരും ഉണ്ടല്ലോ. അപ്പോൾ ദകിയ്യിനും ഗബിയ്യിനും വേണ്ടെന്ന് വെച്ചാൽ മിതബുദ്ധിയുള്ളവർക്ക് വേണമെന്ന് വരുമല്ലോ. അവർക്ക് വേണ്ടി മൻത്വിഖ് നിലനിൽക്കണമെന്നല്ലേ ഇത് കൊണ്ട് മനസ്സിലാവുക !

അല്ലെങ്കിലും ഇന്ന് മതപഠന രംഗത്തുള്ളവർ പരിശീലിക്കുന്ന മൻത്വിഖിനെ ആരാണ് എതിർക്കുക ? നോക്കൂ, അതിൽ ആകെയുള്ളത് മൂന്നേ മൂന്ന് കാര്യങ്ങളാണ്:
ഒന്ന് - ഒരു കാര്യം എന്താണെന്ന് നിർവ്വചിക്കാൻ പഠിപ്പിക്കുക. അതാണ് مُعَرّف. 
രണ്ട് - ഒരു കാര്യം എന്ത്കൊണ്ട് അങ്ങനെയായി എന്ന് തെളിവുകളെക്കുറിച്ച് പഠിപ്പിക്കുക. അതിന് പറയുക حُجّة എന്നും. അതിലെ വ്യത്യസ്ത ഇനങ്ങളാണ്: ഖിയാസ്, ഇസ്തിഖ്റാഅ്, തംസീൽ. 
മൂന്ന് - ഈ തെളിവുകളുടെ ക്വാളിറ്റിയെ കുറിച്ച് അറിയുകയും ഏതെല്ലാം എവിടെയൊക്കെ പയറ്റണമെന്നും പഠിക്കുക. അവകൾ അഞ്ച് തരത്തിലാണ്. الصناعات الخمس എന്ന് പറയും. 
മേൽപറഞ്ഞ മൂന്ന് കാര്യങ്ങളെ പഠിക്കേണ്ടതാണെന്ന് പകൽപോലെ വ്യക്തമാണ്.

ഇത് പഠിക്കാത്തതെ പരിഹസിച്ചതിന്റെ അനന്തരഫലമാണ്  വഹാബികൾ പൊട്ടന്മാരായത്.
ചില ഉദാഹരണങ്ങൾ പറയാം:

A- കൊട്ടപ്പുറത്ത് വെച്ച് മഹാന്മാരോടുള്ള സഹായാഭ്യർത്ഥന ശിർക്കാണെന്ന് പറഞ്ഞപ്പോ എന്താണ് ശിർക്കെന്ന എ.പി ഉസ്താദിൻ്റെ ചോദ്യത്തിന് ഇന്ന് വരെ മറുപടി ഉണ്ടായിട്ടില്ല. ഇവിടെ ശിർക്കിനെ യഥാവിധം നിർവ്വചിക്കാൻ ഇവർ പഠിക്കാത്ത പ്രശ്നമാണ്. പഠിച്ചാൽ സുന്നികൾ നടത്തുന്ന സഹായാഭ്യർത്ഥന ശിർക്കാണെന്ന് പറയാനും പറ്റില്ല. അത് വേറെ കാര്യം.

B- മുജകൾ വീമ്പിളക്കി പറയാറുള്ള മറ്റൊരു കാര്യം: "സുന്നികൾ നബിദിനം സുന്നതാണെന്ന് പറയും. സുന്നത്തെന്നാൽ പ്രവാചകൻ്റെ വാക്ക് - പ്രവൃത്തി - അംഗീകാരം എന്നിവയാണ്. ഇവയിൽ നബിദിനമില്ല. അപ്പോൾ അത് സുന്നത്തില്ല ! "
ഇത് ശുദ്ധ അസംബന്ധമാണ് കൂട്ടരേ. ഈ വാദത്തിൽ സുന്നത് എന്നത് രണ്ടും ഒരേ അർത്ഥത്തിലല്ല. ഒന്ന് വിധിയായി പറയുന്ന സുന്നതാണ്. രണ്ടാമത്തേത് പ്രമാണമായി പറയുന്ന സുന്നതാണ്. 'ഹദ്ദുൽ ഔസത്വ് ' ഒരേ രൂപത്തിൽ ആവർത്തിച്ചാലേ നതീജഃയുണ്ടാവൂ എന്ന കാര്യം മൻത്വിഖിൽ വിശ്രുതമാണ്. حُجّة നെ പറ്റിയുള്ള കൃത്യമായ അജ്ഞതായിണിത്.

C- ഖുർആൻ മാത്രമേ പ്രമാണമാകാവൂ, ഹദീസ് പറ്റില്ല - എന്ന അഹ്‌ലുൽ ഖുർആൻ വിഭാഗത്തിന്റെ വാദത്തിന് ഹദീസ് കൊണ്ട്  മറുപടി പറഞ്ഞാൽ എങ്ങനെയിരിക്കും ?  -

قال صلى الله تعالى عليه وسلم:
يوشِكُ أنْ يقعُدَ الرجلُ مُتَّكِئًا على أَرِيكَتِهِ ، يُحَدَّثُ بحديثٍ مِنْ حديثي ، فيقولُ : بينَنَا وبينَكُمْ كتابُ اللهِ ، فما وجدْنا فيه مِنْ حلالٍ اسْتَحْلَلْناهُ ، وما وجدَنا فيه مِنْ حرامٍ حرَّمْناهُ ، ألَا وإِنَّ ما حرَّمَ رسولُ اللهِ مثلَ ما حرَّمَ اللهُ- رواه ابن ماجه.

"എൻ്റെ ഹദീസ് പറയപ്പെട്ടാൽ അവർ പറയും - ഞങ്ങൾക്കിടയിൽ ഖുർആനുണ്ട്. അതിൽ ഹലാലാക്കിയതും ഹറാമാക്കിയതും മാത്രമേ ഞങ്ങൾ അംഗീകരിക്കൂ' , എന്നാൽ അറിയണം, അല്ലാഹുവിൻ്റെ റസൂൽ വിധിക്കുന്നതെല്ലാം അല്ലാഹു തആലാ വിധിക്കുന്നതിന് തുല്യമാണ്.."

ഹദീസ് തന്നെ പ്രമാണമല്ലെന്ന് പറയുന്നവരോട് ഈ ഹദീസ് ഓതിയിട്ടെന്ത് കാര്യം ? അവർ ഇതും അംഗീകരിക്കില്ലല്ലോ! ഇങ്ങനെ മറുപടി കൊടുക്കുന്നതിന് مصادرة എന്നാണ് പറയുക. ഇത് ജഹ്‌ലിൻ്റെ മറ്റൊരു വേർഷനാണ്. ഏത് തെളിവ് ആരോട് പറയണം എന്ന് അറിയാത്തതാണ് ഇതിലെ പ്രശ്നം.
ഈ പറഞ്ഞ A,B,C, മൻത്വിഖിനെ കളിയാക്കിയതിന്റെ ഫലമായി തന്നെ  സംഭവിച്ച ചില വഹാബി പൊട്ടത്തരത്തിൻ്റെ സാമ്പിളുകൾ മാത്രമാണ്. 

അപ്പൊ, അവസാനിപ്പിക്കട്ടെ. ബൽയാവീ(ന:മ)യുടെ ഈ രണ്ട് സംഭവങ്ങളും എനിക്ക് വിവരിച്ച് തന്നത് രണ്ട് ശൈഖുമാരാണ്. അവസാനത്തേത് ശൈഖുൽ ഹദീസ് നെല്ലിക്കുത്ത് ഉസ്താദ് മർകസിൽ പഠിക്കുന്ന സമയത്ത് ക്ലാസിൽ പറഞ്ഞതാണ്. ആദ്യത്തേത് മന്നാനിയ്യഃ കോളേജിലെ ശൈഖുൽ ഹദീസ് കുന്നുംപുറം ബീരാൻ കുട്ടി മുസ്‌ലിയാരും. ഇരുവരും ഇന്ന് നമ്മോടൊപ്പമില്ല. എല്ലാവർക്കും അല്ലാഹു റഹ്‌മത് ചൊരിയട്ടെ. അവരോടൊപ്പം നമ്മെയും സ്വർഗത്തിൽ കടത്തട്ടെ - ആമീൻ. 

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  


[1]
 http://aunaispp313.blogspot.com/2022/07/blog-post_20.html

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.