ദാനധർമ്മങ്ങൾ പെരുവഴിയിലാകരുത്!

ദാനധർമ്മങ്ങൾ പെരുവഴിയിലാകരുത്!

🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴

കക്കാട് ദർസിൽ പഠിക്കുന്ന കാലത്ത് മുതഅല്ലിമുകളായ ഞങ്ങൾക്ക് പോക്കാട്ട് കോയക്കുട്ടി മാഷിന്റെ വക ഒരു ചായയുണ്ടായിരുന്നു, പള്ളിയിൽ വെച്ച്. ചായ കുടിച്ച് പോകാൻ നേരം അദ്ദേഹം പറഞ്ഞു:
 'ങ്ങൾ ദുആർക്കേ - ദുആർക്കാതിരിക്കേ ചെയ്തോളി...'
 
 ഇത് കഴിഞ്ഞ് ഉസ്താദ് (കിടങ്ങയം ഇബ്രാഹീം ഉസ്താദ് ) ഞങ്ങളോടായി പറയാ:
  'മൂപ്പർക്ക് വിവരണ്ട്...'
മാഷിന്റെ ഈ വാക്ക് പ്രത്യക്ഷത്തിൽ ചിലർക്ക് നീരസം തോന്നിയേക്കാം. എന്നിട്ടും ഉസ്താദ് അയാളെ വിവരസ്ഥനായി മനസ്സിലാക്കിയതിന്റെ സാംഗത്യം അന്ന് എനിക്ക് പിടികിട്ടിയിരുന്നില്ല. പിന്നീട് അത് മനസ്സിലാക്കാൻ കഴിഞ്ഞു. അതായത് - വല്ല സ്വദഖ: യും കൊടുത്താൽ തിരിച്ചൊന്നും പ്രതീക്ഷിക്കരുതെന്ന്, അത് ദുആയാണെങ്കിൽ പോലും !

വ്യക്തമാക്കാം, ഇമാം ബാ അലീ ബാഇശ്ൻ(റ) അവരുടെ ബുശ്റൽ കരീമിൽ പറയുന്നു:
وأن لا يطمع في دعاء المُعْطَى، فإن دعا له ندب الرد عليه. اه‍ ( بشرى الكريم - ص: ٥٣٦)
സ്വദഖഃയുടെ മര്യാദകളിൽ പെട്ടതാണ് ലഭിച്ചവന്റെ ദുആ പോലും പ്രതീക്ഷിക്കാതിരിക്കുക. ഇനി ദുആ ചെയ്താൽ അതിന് മറ്റു വല്ലതും പകരം കൊടുക്കലും സുന്നത്തുണ്ട്. ഇർശാദുൽ ഇബാദിൽ ഇങ്ങനെ നിർദേശിച്ച ഉടനെ ബീവി ആഇശാ(റ) യുടെ സംഭവം വിവരിക്കുന്നു:
أخبرنا - شيخنا قطب الوجود وشمس دائرة الشهود محمد البكري عن جدته عائشة أم المؤمنين رضي الله عنها: أنها كانت إذا تصدقت على أحد أرسلت على أثره رسولا يتبعه إلى مسكنه ليتعرف هل يدعو لها فتدعو له مثل دعائه لئلا يكون دعاؤه في مقابلة الصدقة فينقص أجرها. اه‍
(إرشاد العباد لزين الدين المخدوم - ص: ٦٥)
മുഹമ്മദുൽ ബകരീ(റ) പറയുന്നു: ഉമ്മുൽ മുഅ്മിനീൻ ആഇശാ(റ) സ്വദഖഃ കൊടുത്താൽ കൂടെ ഒരു ദൂതനെയും അയക്കും. അയാൾ തനിക്ക് വേണ്ടി ദുആ ചെയ്യുന്നുണ്ടോ എന്നറിയാൻ. ഉണ്ടെങ്കിൽ അതുപോലെ തിരിച്ചും ദുആ ചെയ്ത് കൊടുക്കും. അയാളുടെ ദുആ താൻ കൊടുത്ത ദാനത്തിന് പകരമാവാതിരിക്കാനാണത്രെ!

ദാനം കൊണ്ട് റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിക്കണമെന്ന് സാരം. എന്ന് കരുതി ദുആ പ്രതീക്ഷിക്കുന്നതും അത് ലഭിക്കുന്നതും തെറ്റായി കാണാനൊക്കില്ല. മറിച്ച് നല്ലത് തന്നെ, പക്ഷെ, പരിപൂർണ്ണ സ്വദഖഃയായി മാറുന്നതിനുള്ള ഉപാധിയാണ് ദുആ പോലും പ്രതീക്ഷിക്കാതിരിക്കുക എന്നത്. ദുആ ചെയ്ത് തന്നവർക്ക് മറ്റു വല്ലതും നൽകി സന്തോഷിപ്പിക്കണമെന്നും മഹാന്മാർ പറയുന്നു.

സ്വദഖഃകൾ രഹസ്യമാക്കി വെക്കാൻ നമ്മോട് കൽപനയുണ്ട്. വലതു കൈ ചെയ്യുന്ന സ്വദഖഃ ഇടത് കൈ പോലും അറിയാതിരിക്കണമെന്നാണല്ലോ ഹദീസ് പാഠം. ഇത് മഹാന്മാരുടെ ചരിത്രങ്ങളിൽ കാണാം. സയിദുനാ അലീ സൈനുൽ ആബിദീൻ(റ) പാവപ്പെട്ടവരുടെ വീട്ടിലേക്ക്  ധാന്യങ്ങൾ സ്വന്തം ചുമലിലേറ്റി രാത്രി അവരുടെ വീട്ടിലെത്തിക്കുമായിരുന്നു. ഇതെവിടുന്നാണെന്ന് മഹാൻ വഫാതാകും വരെ ആർക്കും മനസ്സിലായില്ല. മഹാൻ വഫാതായതോടെ ഈ ധാന്യ വരവ് നിലച്ചു. മഹാന്റെ ജനാസ കുളിപ്പിക്കും നേരം ചുമലിൽ ധാന്യ ച്ചുമട് ഏറ്റിയ തഴമ്പ് കാണുകയും ചെയ്തു. (സിയറു അഅ്ലാമിന്നുബലാഅ് -4/393).

ഇങ്ങനെ മറുത്തൊന്നും പ്രതീക്ഷിക്കാതെ രഹസ്യമായി ചെയേണ്ടതാണ് സ്വദഖഃ. സകാതാണെങ്കിൽ പരസ്യമാക്കുകേം വേണം. കാരണം, സകാത് പാവങ്ങളുടെ അവകാശമാണ്. അവർക്കുള്ള വിഹിതം നമ്മുടെ മുതലിൽ പെട്ടിരിക്കുന്നു. കടം വീട്ടുന്നതു പോലെയാണ് സകാത് വീട്ടേണ്ടത്. കടം വീട്ടുന്നതിൽ 'രിയാഅ്' വരാനിടയില്ലാത്ത പോലെ ഇതിലും ലോകമാന്യം കാണിക്കേണ്ടതില്ല. എന്നാൽ സ്വദഖഃ അങ്ങനെയല്ല. അതിൽ 'രിയാഅ്' വരാൻ സാധ്യതയേറെയാണ്.

എങ്കിലും മറ്റുള്ളവർക്ക് പ്രചോദനമാകാൻ വേണ്ടിയോ മറ്റോ ചിലപ്പോൾ സ്വദഖഃ പരസ്യമായി നൽകേണ്ടി വരും. ഖുർആൻ പറയുന്നു:
{ ٱلَّذِینَ یُنفِقُونَ أَمۡوَ ٰ⁠لَهُم بِٱلَّیۡلِ وَٱلنَّهَارِ سِرࣰّا وَعَلَانِیَةࣰ فَلَهُمۡ أَجۡرُهُمۡ عِندَ رَبِّهِمۡ وَلَا خَوۡفٌ عَلَیۡهِمۡ وَلَا هُمۡ یَحۡزَنُونَ (البقرة: ٢٧٤)
രാപകലുകളിൽ രഹസ്യമായും പരസ്യമായും സ്വത്ത് ചിലവഴിക്കുന്നവർക്ക് റബ്ബിന്റെയടുക്കൽ മഹത്തായ പ്രതിഫലമുണ്ട് . 
നന്മയുടെ സമയം വന്നെത്തിയാൽ , അത് ഏത് ഘട്ടത്തിലായാലും സമ്പത്ത് ചിലവഴിക്കുന്നവരെക്കുറിച്ചാണിതെന്ന് തഫ്സീറുകളിൽ കാണാം. 

ഇപ്പോൾ മിക്ക പേരിലും കാണുന്ന ഒരു മോശം സ്വഭാവമാണ് ചെയ്ത സ്വദഖഃകൾ എടുത്തു പറയുന്നത്. അത് മറ്റുള്ളവർ അറിയുന്നതിൽ സ്വാഭിമാനം കൊള്ളുന്നതും. ഇത് ചെയ്ത ദാനത്തിന്റെ പ്രതിഫലത്തെ നഷ്ടപ്പെടുത്തുന്നു. അപ്പോൾ കയ്യിലുള്ള പണവും പകരം ലഭിക്കേണ്ട പരലോക പ്രതിഫലവും - രണ്ടും നഷ്ടപ്പെടുന്ന ഗതികേട് വിളിച്ചു വരുത്തുന്നത് സങ്കടകരം തന്നെയല്ലേ !
അല്ലാഹു ഇതേക്കുറിച്ച് പറയുന്നു:
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تُبۡطِلُوا۟ صَدَقَـٰتِكُم بِٱلۡمَنِّ وَٱلۡأَذَىٰ كَٱلَّذِی یُنفِقُ مَالَهُۥ رِئَاۤءَ ٱلنَّاسِ }
(البقرة - ٢٦٤)
വിശ്വാസികളേ, ജനങ്ങൾക്കിടയിലെ മാന്യതക്ക് വേണ്ടി നിങ്ങളുടെ സ്വത്ത് ചിലവഴിച്ചത് കൊണ്ട് പ്രതിഫലമില്ലാത്ത പോലെ ചെയ്ത സ്വദഖഃകൾ എടുത്ത് പറഞ്ഞ് അത് ബാത്വിലാക്കരുത്. ശേഷം ഒരു ഉപമ ഖുർആൻ തന്നെ പറയുന്നു:
{ فَمَثَلُهُۥ كَمَثَلِ صَفۡوَانٍ عَلَیۡهِ تُرَابࣱ فَأَصَابَهُۥ وَابِلࣱ فَتَرَكَهُۥ صَلۡدࣰاۖ لَّا یَقۡدِرُونَ عَلَىٰ شَیۡءࣲ مِّمَّا كَسَبُوا۟ۗ وَٱللَّهُ لَا یَهۡدِی ٱلۡقَوۡمَ ٱلۡكَـٰفِرِینَ }
(البقرة - ٢٦٤)
നല്ല മിനുസമുള്ള ഒന്നാന്തരം കല്ല്, അതിന്റെ മേൽ മണ്ണ് പുരണ്ടിരിക്കുന്നു. ശേഷം ശക്തമായ മഴ പെയ്തപ്പോൾ ആ മണ്ണ് മുഴുവനായും ഒലിച്ചു പോകുന്നു. അതിന്റെ ഒരു അടയാളം പോലും ബാക്കിയില്ലാതെ - ഇതേ രൂപത്തിൽ ചെയ്ത സ്വദഖ: കൾ കൂലി നഷ്ടപ്പെട്ട് ആഖിറതിൽ ഒന്നും നേടിത്തരാത്ത 'അമലാ'യി മാറും. റബ്ബ് കാക്കട്ടെ .

വയനാട്ടിൽ ഒരു പള്ളി ഉൽഘാടന ചടങ്ങ്. ധനികനായ ഒരു പിതാവിന്റെ പേരിൽ മകൻ നിർമ്മിച്ചതാണ് പള്ളി. ബഹു. ഖുതുബി(ഖു:സി) വേദിയിലുണ്ട്. പള്ളി നിർമ്മിച്ച മകനെ പുകഴ്ത്തി സംസാരിക്കുകയാണ് ഒരാൾ. വാഴ്ത്തൽ പ്രസംഗം അതിരുകടന്നതും ഖുതുബി ഓർ ഗർജ്ജന മട്ടിൽ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടു. ചെയ്ത സ്വദഖഃ യുടെ 'സവാബ്' നഷ്ടപ്പെടുത്തുന്ന ഇപ്പണി ചെയ്യരുതെന്ന് താക്കീത് ചെയ്തു. ഈ സംഭവം ഈയടുത്ത് മരണപ്പെട്ട കക്കാടംപുറം അബ്ദുൽ ഖാദിർ എന്നവർ (ഖുതുബി ഓറുടെ കൂടെ ആറ് വർഷത്തോളം ഖാദിമായി സേവനം ചെയ്തയാൾ) പങ്കുവെച്ചതോർക്കുന്നു.

അതിര് കടന്ന വാഴ്ത്തലുകളും മുഖസ്തുതി പറയുന്നതും തീരെ ശരിയല്ല.
 قال صلى الله عليه وسلم: إِذَا رَأَيْتُمُ الْمَدَّاحِينَ فَاحْثُوا فِي وُجُوهِهِمُ التُّرَابَ» [رواه مسلم]
തിരുനബി(സ്വ) പറയുന്നു: അതിരു കടന്ന് പുകഴ്ത്തുന്നവരുടെ മുഖത്ത് നിങ്ങൾ മണ്ണ് വാരി എറിയൂ...
എന്നാൽ അബൂബക്ർ സ്വിദ്ധീഖ്(റ)വിനെ തിരുനബി(സ്വ) തങ്ങൾ പുകഴ്ത്തിയ ഘട്ടങ്ങളും ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇമാം നവവി(റ) പറയുന്നു: വാഴ്ത്തപ്പെടുന്നയാൾ ഇത് കേട്ട് കിബ്റ് -രിയാഅ് കാണിക്കാത്ത തികഞ്ഞ ഈമാനുള്ള സ്വാലിഹായവരാണെങ്കിൽ പ്രശ്നമില്ല. അല്ലാത്തവരെ മദ്ഹ് ചെയ്യുന്നതിനെയാണ് ഹദീസിൽ വിലക്കുള്ളത് - (രിയാളുസ്സ്വാലിഹീൻ -494)

അതിരുവിട്ട മദ്ഹിൽ പെട്ടതാണ് ഇക്കാലത്തെ സമ്പന്നരെ സ്വഹാബതിൽ പെട്ട സമ്പന്നരോട് തുലനം ചെയ്യുന്നത്. അത് വളരെ നീചമായ രീതിയാണെന്ന് ഇമാം യാഫിഈ(റ) അവരുടെ റൗളു റയ്യാഹീനിൽ (പേ: 12) പറഞ്ഞിട്ടുണ്ട്. സ്വഹാബതിൽ സ്വത്തുള്ളവരുണ്ടെങ്കിലും അവരുടെ മനസ്സ് നമ്മുടെ മനസ്സ് പോലെയല്ല. ഇമാം ഇബ്നു ഹജർ(റ) പറയുന്നു: സ്വഹാബത് അവരുടെ ശരീരവും സ്വത്തും അല്ലാഹുവിന് സമർപ്പിച്ചവരാണ് (ശറഹു ബാഫള്ൽ ).

ഇല്ലാത്ത വിശേഷണങ്ങൾ പറഞ്ഞ് നേതൃസ്ഥാനത്തിരിക്കുന്നവരെ പുളകം കൊള്ളിക്കാതിരിക്കുന്നത് അവരോടുള്ള നസ്വീഹതിൽ പെട്ടതാണെന്ന് ഇമാം നവവി(റ) الدين النصيحة എന്ന ഹദീസ് വചനത്തെ വ്യഖ്യാനിച്ചു കൊണ്ട് വിസ്തരിക്കുന്നുണ്ട് (ശറഹു മുസ്‌ലിം - 2/38).

വിശുദ്ധ മക്കഃ - മദീനഃ ഹറമുകളിലും പരിസരങ്ങളിലും നടക്കുന്ന വിശാല നോമ്പുതുറയും ഹജ്ജിന്റെ വേളയിൽ വലിയ ലോറികളിൽ ഭക്ഷണ വിതരണവും നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാവണം. ദാതാവ് ആരെന്ന് അറിയാറില്ല. അത് നൽകിയതിന്റെ പേരിൽ പൊങ്ങച്ചം കാണിക്കുന്നതായിട്ടും അറിവില്ല. صدقة جارية എന്ന് വിശേഷിപ്പിക്കാൻ പറ്റും വിധം في سبيل الله യിൽ കിട്ടുന്ന ധർമ്മ പ്രവർത്തനങ്ങൾ മനസ്സിന് വല്ലാത്ത കുളിർമ്മയാണ്.


ഒരു വർഷം ജീവിക്കാൻ ആസ്തിയുള്ള എല്ലാവരുടെ മേലിലും നിർബന്ധമായ കാര്യമുണ്ട് - അവരുടെ മഹല്ലിൽ, വീട്- വസ്ത്രം - ഭക്ഷണം എന്നീ മൗലികമായ കാര്യങ്ങളിൽ കഷ്ടതയുള്ളവർക്ക് അത് നികത്തിക്കൊടുക്കണമെന്നത്. ഈ നിയമം അറിയാത്തത് കൊണ്ടോ എന്തോ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധയില്ല. ഇനി വല്ല സുമനസ്കരും മറ്റും ചേർന്ന് ക്വിറ്റ് വിതരണമോ വീട് സമർപ്പണമോ മറ്റോ നടത്തിയാൽ, അതിലേക്ക് വല്ല സംഭാവനയും ചോദിച്ചാൽ ഇത്തരക്കാരുടെ ചുളിഞ്ഞ ഞെറ്റിയും ഗർവ്വും സഹിക്കാവുന്നതിലും മേലേയാവും. ഈ ഗർവ്വുകളൊക്കെ എന്തിന് കാണിക്കണം ? ഇവർ നിർബന്ധമായും നൽകേണ്ട, പാവപ്പെട്ടവരുടെ വിഹിതം സ്വന്തം സ്വത്തിൽ അല്ലാഹു കണക്കാക്കി വെച്ചത് എടുത്ത് കൊടുക്കേണ്ടതിന് ആളാവുന്നതെന്തിന്? 
അല്ലാഹു പറയുന്നത് നോക്കൂ:

{ وَمِمَّا رَزَقۡنَـٰهُمۡ یُنفِقُونَ } -
 (البقرة: ٣)، (الأنفال: ٣)
നാം അവർക്ക് നൽകിയതിൽ നിന്നും അവർ ചിലവഴിക്കുന്നു.
 ഒന്നിലധികം തവണ ഇതേ പരാമർശം ഖുർആനിലുണ്ട്. ചുരുക്കത്തിൽ റബ്ബ് തന്നതിൽ നിന്ന് ചിലവഴിക്കുന്നു എന്ന ബോദ്ധ്യത്തോടു കൂടെയാണ് സ്വദഖഃ നൽകേണ്ടത്. സ്വത്തും ദാനം ചെയ്യാനുള്ള മനസ്സും അതിന് വേണ്ട ശരീരവും അതിന്റെ ചലനങ്ങളും എല്ലാം അവനിൽ നിന്നാകുമ്പോൾ - 'നൽകുന്ന ഞാൻ' എന്ന ചിന്തക്ക് യാതൊരു പ്രസക്തിയും ഇല്ല തന്നെ.


✍️ 
അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസനഃ, ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )