ഓർക്കാം നമുക്ക് ബദ്‌രീങ്ങളെ.
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
ഓർക്കാം നമുക്ക് ബദ്‌രീങ്ങളെ.
ചെന്നു നോക്കിയപ്പോൾ അതാ, രാജ സദസ്സും സിംഹാസനവും രാജകീയ വസ്ത്രവും ഉപേക്ഷിച്ച് കുറച്ചകലെ മണൽ പരപ്പിൽ താഴ്മയോടെ ഇരിക്കുന്നു. നിലത്ത് വിരിപ്പില്ലാതെ താഴ്ന്ന ഡ്രസ്സും ധരിച്ചിരിക്കുന്ന രാജാവിനെ കൗതുകത്തോടെ നോക്കുന്ന ജഅ്ഫർ(റ) നോട് രാജാവ് പറഞ്ഞു:
" ജഅ്ഫറേ, നിങ്ങൾ സന്തോഷിച്ചോളൂ...
നിങ്ങളുടെ നാട്ടിൽ നിന്നും സന്തോഷമുള്ള വിവരം ലഭിച്ചിരിക്കുന്നു..."
"എന്താണത്...?"
"ബദ്റിൽ തിരുനബി (സ്വ) യും സംഘവും വൻ വിജയം നേടിയിരിക്കുന്നു. കുഫ്ഫാറിൽ നിന്ന് പ്രധാനികളായ ഇന്നവരെല്ലാം വധിക്കപ്പെട്ടു ... സ്വഹാബതിൽ നിന്ന് ഇന്നാലിന്ന ചുരുക്കം പേർ ശഹീദാവുകയും ചെയ്തു.."
കേട്ടവരുടെ മുഖത്തെല്ലാം സന്തോഷം വിടർന്നു.
ജഅ്ഫർ(റ) ചോദിച്ചു: 'അങ്ങെന്താണ് ഈ വേഷത്തിലും എളിമയിലും - നിലത്തൊരു വിരിപ്പ് പോലുമില്ലാതെ ...? '
രാജാവ് : " റബ്ബിന്റെ നിഅ്മത് ലഭിക്കുമ്പോൾ ഇങ്ങനെ എളിമ കാണിക്കണമെന്ന് ഈസാ നബി(അ) ന് ഇറക്കപ്പെട്ട വേദത്തിലുണ്ട്. ബദ്റിൽ നിഅ്മത് ഇറങ്ങിയത് കൊണ്ടാണ് നാം ഈ വേഷത്തിൽ ഇവിടെ ഇരിക്കുന്നത് ..."
ബദ്ർ വിജയത്തിലെ നജ്ജാശി രാജാവിന്റെ ഈ സന്തോഷ പ്രകടനം അൽബിദായതു വന്നിഹായ: ( 3/307) യിൽ ഇമാം ബൈഹഖി (റ) വിനെ തൊട്ട് ഉദ്ധരിച്ചിട്ടുണ്ട്.
യുദ്ധം നടക്കും മുമ്പ് തിരുനബി (സ്വ) തങ്ങൾ ഒരുപാട് നേരം ദുആ ചെയ്തു. കൂട്ടത്തിൽ ഇങ്ങനെ പറയുന്നു:
اللهم إنك إن تهلك هذه العصابة لا تعبد في الأرض أبداً
ഈ കൊച്ചു സംഘത്തെ നീ നശിപ്പിച്ചാൽ ഭൂലോകത്ത് നിന്നെ ഇബാദത് ചെയ്യപ്പെടില്ല, അത് കൊണ്ട് ഇവർക്ക് നീ വിജയം നൽകണേ ...
മുന്നൂറിൽ പരം സ്വഹാബത് മാത്രം പങ്കെടുത്ത ഈ യുദ്ധത്തിൽ ജയിച്ചില്ലെങ്കിൽ ഭൂലോകത്ത് ആരാധനാ നിലക്കുന്നതെങ്ങനെ? മദീന: യിൽ വേറെയും നല്ല കഴിവുള്ള സ്വഹാബത് ഉണ്ടായിരുന്നല്ലോ. അവരിലൂടെ പ്രബോധനം നടക്കുമായിരുന്നില്ലേ? - ഇല്ല. അതിനുള്ള വിശദീകരണം മുകളിൽ പറഞ്ഞ നജ്ജാശീ രാജാവിന്റെ സംഭവത്തിലുണ്ട്.
അതായത്, മുൻകാല വേദങ്ങളിലെല്ലാം തിരുനബി (സ്വ) യുടെ നിയോഗത്തെക്കുറിച്ച് പരാമർശമുണ്ട്. വാളെടുത്ത് ശത്രുവിനെതിരെ പോരാടി അൽഭുത വിജയം നേടുന്ന നബി എന്ന വിശേഷണവുമുണ്ട്. അത് കൊണ്ട് വേദമറിയുന്ന അക്കാലത്തുള്ളവർക്കെല്ലാം ഇത് അവസാന നബിയാണെന്ന് ബോദ്ധ്യപ്പെടാൻ ബദ്റിൽ ജയിക്കണമായിരുന്നു. ആദ്യ യുദ്ധത്തിൽ തോറ്റാൽ ഈ വിശ്വാസം വരില്ല. പുത്തരിയിൽ തന്നെ കല്ല് കടിക്കരുതല്ലോ.
അത് കൊണ്ടാണ് നജ്ജാശി രാജാവടക്കമുള്ള വേദമറിയുന്നവർ ബദ്റിലെ യുദ്ധം ഉറ്റുനോക്കിയതും അതിലൂടെ വിശ്വാസം ശരിപ്പെടുത്തിയതും സന്തോഷം അറിയിച്ചതും.
പിന്നെ, ഓരോന്നിനെയും സന്ദർഭമനുസരിച്ച് സ്മരിക്കുന്നത് സ്വഹാബതിന്റെ മാർഗത്തിൽ പെട്ടതാണ്.
അബ്ദുർറഹ്‌മാൻ ബ്നു കഅ്ബ് ബ്നു മാലിക് (റ) പറയുന്നു: എന്റെ പിതാവ് -കഅ്ബ് ബ്നു മാലിക് (റ) - വിന് കാഴ്ച നഷ്ടമായപ്പോൾ വെളളിയാഴ്ച പള്ളിയിലേക്ക് കൈ പിടിച്ച് കൊണ്ടുപോകുമ്പോൾ ജുമുഅഃ ബാങ്ക് കേട്ടാൽ അസ്അദ് ബ്നു സുറാറ: (റ) വിന് വേണ്ടി ദുആ ചെയ്യും. ഇതിന്റെ കാരണം ഞാൻ ചോദിച്ചു. അപ്പോൾ പിതാവ് പറഞ്ഞു: 'മദീന: യിൽ ഞങ്ങൾക്ക് ആദ്യമായി ജുമുഅ: നിർവഹിച്ചു തന്നത് അവരായിരുന്നു .' ഈ സംഭവം ഇബ്നു തൈമിയ്യ:യുടെ ശിഷ്യൻ ഇമാം ദഹബീ തന്നെ തന്റെ സിയറു അഅ്ലാമിന്നുബലാഇൽ(1/242) രേഖപ്പെടുത്തിയിട്ടുണ്ട്.
എല്ലാ വെള്ളിയാഴ്ചയും ഈ സ്മരണ നിലനിർത്തി മഹാനെ സ്മരിച്ച് ദുആ ചെയ്യുന്നത് കഅ്ബ് ബ്നു മാലിക് (റ) ആണ്.
പള്ളിയിൽ ജനങ്ങൾ ജമാഅതായി തറാവീഹ് നിസ്കരിക്കുന്നത് കണ്ടപ്പോൾ അലീ (റ), ഉമർ (റ) വിന് വേണ്ടി ദുആ ചെയ്തു:
نَوَّرَ اللَّهُ عَلَى عُمَرَ قَبْرَهُ كَمَا نَوَّرَ عَلَيْنَا مَسَاجِدَنَا
ഞങ്ങളുടെ പള്ളികൾ ഉമർ (റ) പ്രകാശിപ്പിച്ചു, അത് പോലെ അവരുടെ ഖബ്റിനെയും നീ പ്രകാശിപ്പിക്കണേ ... (ഉസ്ദുൽ ഗാബ: 4/156, താരീഖു ദിമശ്ഖ് - 44/280)
തറാവീഹ് ഒരു ഇമാമിന്റെ കീഴിൽ നടത്താൻ നിർദേശിച്ചത് ഉമർ (റ) ആയിരുന്നല്ലോ. അത് കാരണത്താൽ ജനങ്ങളിൽ തറാവീഹ് നിസ്കാരത്തിന് ആവേശമുണ്ടാവുകയും മറ്റുള്ളവർക്ക് ആവേശം പകരാൻ പള്ളികളിൽ റമളാനിൽ പ്രത്യേകം വിളക്കുകളും സ്ഥാപിച്ചിരുന്നു. ഇത് കണ്ടിട്ടാണ് ഇതിനെല്ലാം കാരണക്കാരായ ഉമർ (റ) വിനെ അനുസ്മരിച്ച് ദുആ ചെയ്യുന്നത്.
അപ്പോൾ നല്ല കാര്യങ്ങളെ സ്മരിക്കുന്നത്, വിശേഷിച്ചും അതുമായി ബന്ധപ്പെട്ട സമയങ്ങളിൽ - അത് പുണ്യകർമ്മമാണ്, പ്രതിഫലം ലഭിക്കുന്നതും. അത് കൊണ്ട് ഓർക്കാം നമുക്ക് ഈ റമളാനിൽ, ബദ്റിനെയും ബദ്‌രീങ്ങളെയും.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment