റബ്ബേ, നിനക്ക് വേണ്ടി മാത്രം...!
📝
റബ്ബേ, നിനക്ക് വേണ്ടി മാത്രം .. !
🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
" എന്റെ ഉപ്പ, നിങ്ങളുടെ ഉപ്പയോട് (അബൂ മൂസാ(റ)യോട് ) പറഞ്ഞ ഒരു കാര്യമുണ്ട്. അതെന്താണെന്നറിയാമോ...?"
അബൂ ബുർദഃ(റ): "ഇല്ല ..! എന്താണത്..?"
ഇബ്നു ഉമർ(റ): അതായത്, എന്റുപ്പ ഉമർ(റ) ചോദിച്ചു: ഓ അബൂ മൂസാ ... : നമ്മൾ തിരുനബി(സ്വ) തങ്ങളോടൊത്ത് ചെയ്ത നിസ്കാരം, നോമ്പ് തുടങ്ങിയ സൽകർമ്മങ്ങളെല്ലാം റബ്ബിന്റെ അടുക്കൽ സ്വീകാര്യമാവുക, അവിടുത്തെ വഫാതിന് ശേഷം നമ്മൾ ചെയ്ത കാര്യങ്ങളെല്ലാം പടച്ച റബ്ബ് പ്രതിഫലവും ശിക്ഷയും ഇല്ലാത്ത വിധം മായ്ച്ചു കളയുന്നു - എങ്കിൽ അത് നിങ്ങൾക്ക് സന്തോഷമാവുമോ..?"
അബൂ മൂസാ(റ) ഉത്തരം നൽകി: "..ഹേയ്, അതൊരിക്കലുമില്ല. അവിടുത്തെ വഫാതിന് ശേഷവും നമ്മൾ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടല്ലോ. അതെല്ലാം വെറുതെയാവുകയോ ...?"
ഇതിന് എന്റുപ്പ ഉമർ(റ) മറുപടി പറഞ്ഞത് ഇങ്ങനെയാണ്: എന്നാൽ എനിക്ക് അങ്ങനെയല്ല. ഈ ഉമറി(റ)ന്റെ ശരീരം ഏതൊരുത്തന്റെ നിയന്ത്രണത്തിലാണോ - അവൻ തന്നെ സത്യം, മുത്ത്നബി(സ്വ) തങ്ങളുടെ കാലത്ത് ചെയ്ത കാര്യങ്ങൾ മാത്രം പ്രതിഫലാർഹമാവുക, തങ്ങളുടെ കാലശേഷം ചെയ്തവയെല്ലാം പ്രതിഫലമോ - ശിക്ഷയോ ഇല്ലാതെ പാഴാവുക - ഇതെന്നെ തീർച്ചയായും സന്തോഷിപ്പിക്കുന്ന കാര്യം തന്നെ..."
ഇത് കേട്ട അബൂ ബുർദഃ(റ) പ്രതിവചിച്ചു: "അല്ലാഹുവാണേ സത്യം, എന്റുപ്പയേക്കാൾ ഉത്തമം അങ്ങയുടെ ഉപ്പ തന്നെ ...! "
(ബുഖാരി: 3702, മിശ്കാത്: 5357)
അബൂ മൂസാ(റ) പറഞ്ഞത് തന്നെയല്ലേ നമ്മൾ ചിന്തിക്കുക ? പിന്നെ എന്ത് കൊണ്ടായിരിക്കും ഉമർ(റ) അങ്ങനെ പറഞ്ഞതും അബൂ ബുർദഃ(റ) ആ വാക്കിനെ വാഴ്ത്തിയതും ?
ഇമാമുകൾ ഇതിന് വിശദീകരണം നൽകിയത് ഇങ്ങനെയാണ്: തിരുനബി(സ്വ) തങ്ങളുടെ തർബിയത് വഴി ഹൃദയത്തിലുണ്ടാകുന്ന ഈമാനിന്റെ ഒളിവ് കാരണം, ചെയ്യുന്ന ഇബാദതുകളെല്ലാം "ലില്ലാഹി..." റബ്ബിന്റെ പ്രീതി മാത്രം കാംക്ഷിച്ചു കൊണ്ടായി. രിയാഇന്റെയോ മറ്റോ ലവലേശം ലാഞ്ചന പോലുമില്ലാതെ. എന്നാൽ പിൽക്കാലത്ത് ആ തിരുതർബിയത് ബാഹ്യമായി ലഭിക്കാതിരുന്നപ്പോൾ, ചെയ്യുന്ന കർമ്മങ്ങളിൽ ഭക്തിയുടെ അളവ് ആപേക്ഷികമായി കുറഞ്ഞതായി അവർക്ക് അനുഭവപ്പെട്ട് കാണണം.
തിരുനബി(സ്വ)യുടെ കാലത്ത് അനുഭവിച്ച ഇബാദതിലെ ആനന്ദം, പിൽക്കാലത്ത് കുറഞ്ഞത് വലിയ തെറ്റായിട്ട് ഉമർ(റ) മനസ്സിലാക്കുന്നു. അത്തരം ചെറിയ രസക്കുറവ് അനുഭവപ്പെട്ട ഇബാദതുകളുമായി റബ്ബിന്റെ മുന്നിലെത്തുന്നത് വളരെ മോശമായിട്ട് കാണുകയാണ് മഹാൻ. അതോടൊപ്പം പടച്ച റബ്ബിനെ വല്ലാതെ ഭയക്കുകയും ചെയ്യുന്നതോടെ - ആ തിരുവഫാതിന് ശേഷമുള്ളതെല്ലാം ഇല്ലാതെയായിരുന്നെങ്കിൽ എന്ന് ചിന്തിക്കുകയാണിവിടെ. ഇങ്ങനെ ഉമർ(റ) വിന്റെ റബ്ബിനോടുള്ള വലിയ ഭയഭക്തി മനസ്സിലാക്കിയാണ് അബൂ ബുർദഃ(റ) അവരുടെ ഉപ്പയേക്കാളും ഉത്തമരെന്ന് വിധി പറഞ്ഞതും.
ഇമാം ഗസ്സാലി(റ) പറയുന്നു:
ولما مات عمر رضي الله عنه قال ابن مسعود: مات تسعة أعشار العلم فقيل له: أتقول ذلك وفينا جلة الصحابة؟ فقال: لم أرد علم الفتيا والاحكام، إنما أريد العلم بالله تعالى. اه
ഉമർ(റ) വഫാതായപ്പോൾ ഇബ്നു മസ്ഊദ്(റ) പറഞ്ഞു: "ഇൽമിന്റെ പത്ത് ഭാഗങ്ങളിൽ ഒമ്പതും ഇതോടെ മരിച്ചിരിക്കുന്നു ..." ഇനിയും ഒരുപാട് സ്വഹാബികൾ ജീവിച്ചിരിക്കെ ഇൽമിന്റെ ഇത്രയും ഭാഗം നഷ്ടപ്പെട്ടു എന്ന് പറയുന്നത് എങ്ങനെ ശരിയാകും ? ഇതിന് മഹാൻ നൽകിയ മറുപടി ഇതായിരുന്നു: " നിങ്ങളുദ്ദേശിച്ച പോലെ, ഇസ്‌ലാമിന്റെ നിയമങ്ങളെക്കുറിച്ചും മറ്റുമുള്ള അറിവല്ല ഞാനുദ്ദേശിച്ചത്. മറിച്ച്, റബ്ബിനെക്കുറിച്ച് മനസ്സിലാക്കുന്ന معرفة നെ പറ്റിയാണ് ഞാൻ പറഞ്ഞത് ! (ഇഹ്‌യാ: 1/23 )
റബ്ബിനോടുള്ള ഈ ഭയഭക്തിയെ സൂചിപ്പിച്ചുകൊണ്ടു തന്നെയാണ് ഇബ്നു മാലിക്(റ) അൽഫിയ്യഃയിൽ ഇങ്ങനെ പാടിയത്:
وَشَاعَ نَحْوُ «خَافَ رَبَّهُ عُمَرْ»
അപ്പോൾ, ഒരുപാട് ചെയ്യുന്നതിലല്ല കാര്യം. മറിച്ച് ഉള്ളത് നന്നാക്കുക. കുറച്ച് ദിക്റുകൾ ചൊല്ലുമ്പോഴേക്കും, അൽപം സുന്നത്തുകൾ ജീവിതത്തിൽ പകർത്തുമ്പോഴേക്കും - 'ഞാനൊരു ആബിദായിട്ടുണ്ട്...' എന്ന ചിന്ത വരുന്നെങ്കിൽ അത് അപകടമാണ്. അതിനു പുറമെ, ചെയ്ത ഇബാദതുകളെല്ലാം സ്വീകാര്യമായ രീതിയിൽ മനസ്സിനകത്ത് ഒരു ഫീലിങ് അനുഭവപ്പെടുന്നതും അതിനനുസരിച്ച് സ്വന്തമായോ മറ്റുള്ളവർക്ക് മുന്നിലോ ഊറ്റം കൊള്ളുന്ന രീതിയും ഒരിക്കലും ശരിയല്ലെന്ന് ഉമർ(റ)വിന്റെ മേലുദ്ധരിച്ച വാക്കുകൾ ഓർമ്മപ്പെടുത്തുന്നുണ്ട്.
അല്ലെങ്കിലും, ഈ ഊറ്റം കൊള്ളുന്നതിലെന്തുണ്ട് ? റബ്ബ് തന്ന ശരീരം കൊണ്ട്, അവൻ തന്നെ ആരോഗ്യവും കഴിവും ഉപയോഗിച്ച്, അവൻ മനസ്സിൽ തോന്നിപ്പിച്ചപ്പോൾ മാത്രം ചെയ്ത കാര്യങ്ങളിൽ " - ഞാൻ -" എന്ന ചിന്ത എങ്ങനെ കടന്നുവരാനാണ്? എല്ലാം നമ്മെ പടച്ച തമ്പുരാന് വേണ്ടി മാത്രം ഇബാദത് ചെയ്യുന്ന മുത്തഖീങ്ങളിൽ നമ്മെയും നമ്മുടെ ഇഷ്ടക്കാരെയും അല്ലാഹു തആലാ ഉൾപ്പെടുത്തട്ടെ. ആമീൻ.
✍️അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment