ഇസ്‌ലാം സമർപ്പണമാണ്.
📝
ഇസ്‌ലാം സമർപ്പണമാണ്.🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
സ്രഷ്ടാവായ റബ്ബിന് മുന്നിൽ സർവ്വതും സമർപ്പിക്കുക എന്നതാണ് "ഇസ്‌ലാം" എന്ന പദം കൊണ്ടുള്ള വിവക്ഷ. ഹജ്ജും ബലിപെരുന്നാളും ഉള്ഹിയതും എല്ലാം ഈ സമർപ്പണമെന്ന ആശയമാണ് വിളിച്ചോതുന്നത്. അല്ലാഹു തആലാ പറയുന്നു:
{ فَلَمَّا بَلَغَ مَعَهُ ٱلسَّعۡیَ قَالَ یَـٰبُنَیَّ إِنِّیۤ أَرَىٰ فِی ٱلۡمَنَامِ أَنِّیۤ أَذۡبَحُكَ فَٱنظُرۡ مَاذَا تَرَىٰۚ قَالَ یَـٰۤأَبَتِ ٱفۡعَلۡ مَا تُؤۡمَرُۖ سَتَجِدُنِیۤ إِن شَاۤءَ ٱللَّهُ مِنَ ٱلصَّـٰبِرِینَ }
- (الصفات- ١٠٢)
ഇബ്റാഹീം നബി(അ) ന് ആറ്റുനോറ്റുണ്ടായ കൺമണിയായിരുന്നല്ലോ ഇസ്മാഈൽ നബി(അ). കുഞ്ഞ് ജനിച്ച്, ഉപ്പയോടു കൂടെ ഓടിച്ചാടി നടക്കുന്ന പ്രായമെത്തിയപ്പോൾ ഉപ്പ പറഞ്ഞു: "മോനേ, നിന്നെ അറുക്കാൻ സ്വപ്നത്തിലൂടെ നിർദ്ദേശമുണ്ട് .. "
എല്ലാം റബ്ബിന് വേണ്ടി സമർപ്പിച്ച ഇബ്റാഹീം നബി(അ) ന്റെ പുത്രനായത് കൊണ്ട് തന്നെ മറുപടി പറഞ്ഞതിങ്ങനെ:
" ഉപ്പാ, അങ്ങയോട് കൽപിച്ചത് പോലെ ചെയ്തോളൂ. ഞാൻ ക്ഷമിക്കാം.. " ഈ അൽഭുതകരമായ അർപ്പണബോധത്തെ തൊട്ടടുത്ത സൂക്തത്തിൽ തന്നെ അല്ലാഹു എടുത്തു പറയുന്നത് നോക്കൂ:
{ فَلَمَّاۤ أَسۡلَمَا وَتَلَّهُۥ لِلۡجَبِینِ }-
(الصافات - ١٠٣)
ഇവിടെ أَسۡلَمَا എന്ന പദത്തിനർത്ഥം - അവർ രണ്ടു പേരും റബ്ബിന്റെ വിധിക്ക് വഴിപ്പെട്ട് അനുസരണ കാണിച്ചു - എന്നാണ്. ഇമാം ജലാലുദ്ദീൻ അൽ മഹല്ലി(റ) അതിന് തഫ്സീർ നൽകിയതും ഇതു തന്നെ :
{فَلَمَّا أَسْلَمَا}
خَضَعَا وَانْقَادَا لِأَمْرِ اللَّه تَعَالَى. اه
(تفسير الجلالين).
ഇതിൽ നിന്നും أَسْلَمَ എന്നതിന്റെ ക്രിയാധാതുവായ إِسْلَام എന്നതുകൊണ്ടുള്ള വിവക്ഷ തുടക്കത്തിൽ പറഞ്ഞ ആശയമാണെന്ന് വളരെ വ്യക്തമാണ്. സ്രഷ്ടാവിന്റെ വിധി വിലക്കുകൾക്ക് മുന്നിൽ വഴിപ്പെട്ട് കീഴൊതുങ്ങുക - എന്ന ഈ അർത്ഥത്തിൽ തന്നെ ഖുർആനിൽ പല സ്ഥലങ്ങളിലും أَسْلَمَ എന്ന പദത്തെ ഉപയോഗിച്ചത് കാണാം:
{ رَبَّنَا وَٱجۡعَلۡنَا مُسۡلِمَیۡنِ لَكَ وَمِن ذُرِّیَّتِنَاۤ أُمَّةࣰ مُّسۡلِمَةࣰ لَّكَ وَأَرِنَا مَنَاسِكَنَا وَتُبۡ عَلَیۡنَاۤۖ إِنَّكَ أَنتَ ٱلتَّوَّابُ ٱلرَّحِیمُ } (البقرة - ١٢٨)
വിശുദ്ധ കഅ്ബ പുനർ നിർമ്മാണ ശേഷം ഇബ്റാഹീം നബി(അ)യും ഇസ്മാഈൽ നബി(അ)യും ദുആ ചെയ്തതിനെ പറ്റിയാണ് ഇവിടെ പരാമർശിക്കുന്നത്. "ഞങ്ങളുടെ റബ്ബേ, ഞങ്ങളെയും സന്താനങ്ങളെയും നിനക്ക് വഴിപ്പെടുന്നവരാക്കണേ ..." എന്നാണ് ഇവിടെയും വ്യഖ്യാനമായി മുഫസ്സിറുകൾ നൽകിയിട്ടുള്ളത്.
{ قَالَ یَـٰۤأَیُّهَا ٱلۡمَلَؤُا۟ أَیُّكُمۡ یَأۡتِینِی بِعَرۡشِهَا قَبۡلَ أَن یَأۡتُونِی مُسۡلِمِینَ }
- [النمل- ٣٨].
സുലൈമാൻ നബി(അ), ബിൽഖീസ് രാജ്ഞിയുടെ സിംഹാസനം കൊണ്ടുവരാൻ ആവശ്യപ്പെടുന്ന സന്ദർഭമാണിത്. "രാജ്ഞിയും കൂട്ടരും നമുക്ക് കീഴ്പ്പെടുന്നതിന് മുമ്പ് ആരാണ് സിംഹാസനം കൊണ്ടുവരിക ...?"
നോക്കൂ, ഇബ്റാഹീം നബി(അ) ന് ഉണ്ടായ സ്വപ്ന നിർദ്ദേശം - സ്വന്തം മകനെ ബലി അറുക്കുക - ഇതിന് ഒരു നിലക്കും ബുദ്ധികൊണ്ടോ സാമൂഹികമായോ ന്യായീകരിക്കാൻ കഴിയില്ല. എന്നിട്ടും റബ്ബിന്റെ കൽപന അനുസരിച്ച് ആ കൃത്യം നിർവഹിക്കാൻ സന്നദ്ധത കാണിക്കുകയായിരുന്നല്ലോ.ഇവിടെ ഇസ്മാഈൽ നബി(അ) കഴുത്തിൽ കത്തി നടത്തിയോ ഇല്ലേ - എന്നതിൽ അഹ്‌ലുസ്സുന്ന: യുടെ ഇമാമുമാർക്കിടയിൽ ഭിന്നവീക്ഷണമുണ്ട്. അങ്ങനെ ഉണ്ടായിട്ടില്ല എന്ന് ഇമാം മഹല്ലി(റ) ജംഉൽ ജവാമിഇന്റെ ശറഹിൽ സമർത്ഥിച്ചിട്ടുണ്ടെങ്കിലും, ഇമാം തന്നെ തന്റെ തഫ്സീർ ജലാലൈനിയിൽ അതിന് വിപരീതമായി കത്തി നടത്തിയെന്നാണ് പറഞ്ഞിട്ടുള്ളത്. ഇമാം സ്വാവിയും തഫ്സീർ ജമലിലും ഈ ഭിന്ന വീക്ഷണങ്ങൾ പ്രത്യേകം ഉദ്ധരിച്ചിട്ടുണ്ട്. ചരിത്രപരമായി ഈ അഭിപ്രായ വ്യത്യാസം നിലനിൽക്കെ, കത്തി നടത്തിയെന്ന അഭിപ്രായത്തെ മോശമായി കാണുന്ന രീതി ഒരിക്കലും ശരിയല്ല. അഹ്‌ലുസ്സുന്ന: യുടെ വീക്ഷണമായിട്ടാണ് കത്തി നടത്തിയെന്നതിനെ വ്യാഖ്യാതക്കൾ പറഞ്ഞിട്ടുള്ളത്.
{فَلَمَّا أَسْلَمَا وَتَلَّهُ لِلْجَبِينِ}... وَكَانَ ذَلِكَ بِمِنًى وَأَمَرَّ السِّكِّين عَلَى حَلْقه فَلَمْ تَعْمَل شَيْئًا بِمَانِعٍ مِنْ القدرة الإلهية. اه
(تفسير الجلالين)
(قوله وَأَمَرَّ السِّكِّين) هذا أحد قولين مشهورين وهو ما تقدم عن ابن عباس والآخر أنه لم يمر السكين... وبالأول استدل به أهل السنة.. اه
(حاشية الصاوي)
ഇങ്ങനെ റബ്ബ് കൽപിച്ചതെല്ലാം നന്മയും അവൻ വിരോധിച്ചതെല്ലാം തിന്മയുമായിട്ടാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഇമാം താജുദ്ധീനു സ്സുബ്കി(റ) ഇത് വ്യക്തമാക്കിയിട്ടുണ്ട്:
الْحَسَن الْمَأْذُونُ وَاجِبًا وَمَنْدُوبًا وَمُبَاحًا... وَالْقَبِيحُ الْمَنْهِيُّ. اه
(جمع الجوامع)
അല്ലാതെ, മനുഷ്യചിന്തയിൽ ഉദിക്കുന്നതിനനുസരിച്ച് നല്ലതും ചീത്തയും മനസ്സിലാക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. അന്യ പെണ്ണിനെ പ്രേമിക്കുന്നതും സ്വയംഭോഗവും പരസ്പര തൃപ്തിയോടെ വേശ്യാവൃത്തി ചെയ്യുന്നത് പോലും തെറ്റല്ലെന്ന് പ്രഖ്യാപിക്കുന്ന യുവ തലമുറകളെ സോഷ്യൽ മീഡിയകളിൽ ധാരാളമായി കാണാം. അതിലെന്താണ് പ്രശ്നം - എന്നാണവർ ചോദിക്കുന്നത്.
إنا لله وإنا إليه راجعون
മോഷണം, അമിത ലഹരി ഇതെല്ലാം തെറ്റാണെന്നും ഇവർ സമ്മതിക്കുന്നു. ഇവിടെയെല്ലാം ബുദ്ധിക്കനുസരിച്ച് നന്മ - തിന്മയെ മനസ്സിലാക്കിയതാണ് പ്രശ്നം. എന്നാൽ ഒരു മുസ്‌ലിമിന് ഇതല്ല മാനദണ്ഡം. മറിച്ച് റബ്ബിന്റെ കൽപനകളും വിരോധനകളും മാത്രം. ഇമാം ശാഫിഈ(റ) വിന്റെ വാക്ക് ഇവിടെ പ്രസക്തമാണ്:
ليس في الإسلام لم وكيف
എന്ത് കൊണ്ട് - എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് പ്രസക്തിയില്ല. ഇതേ ആശയമുള്ള ഒരു ഹദീസ് ഇഹ്‌യാഇൽ ഇമാം ഗസ്സാലി (റ) ഉദ്ധരിച്ചിട്ടുണ്ട്.
وفي الخبر المشهور يقول الله تعالى خلقت الخير والشر فطوبى لمن خلقته للخير وأجريت الخير على يديه وويل لمن خلقته للشر وأجريت الشر على يديه وويل ثم ويل لمن قال لم وكيف. اه
(إحياء علوم الدين- ٤/٣٤٥)
അത് കൊണ്ടാണല്ലോ إتّباع ന് വളരെയധികം പ്രാധാന്യം ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണുന്നത്.
അപ്പോൾ മുസ്‌ലിം എന്നാൽ റബ്ബിന്റെ വിധിവിലക്കുകൾക്ക് കീഴ്പ്പെട്ടവൻ എന്നാണ്. അങ്ങനെ ജീവിച്ചാൽ പരലോകത്ത് സമാധാന ജീവിതം ലഭിക്കുകയും ചെയ്യും. ഇങ്ങനെ "എല്ലാം റബ്ബിന് സമർപ്പിച്ചവനാണ് ഞാൻ " എന്ന് മയ്യിത്ത് നിസ്കാരമല്ലാത്ത എല്ലാ സുന്നത്തും ഫർളുമായ നിസ്കാരങ്ങളുടെ ആരംഭത്തിലും നാം ചൊല്ലണ്ടേതുണ്ട്.
{ إِنِّی وَجَّهۡتُ وَجۡهِیَ لِلَّذِی فَطَرَ ٱلسَّمَـٰوَ ٰتِ وَٱلۡأَرۡضَ حَنِیفࣰاۖ وَمَاۤ أَنَا۠ مِنَ ٱلۡمُشۡرِكِینَ }
-[الأنعام- ٧٩]
ഈ ദുആയും ഇബ്റാഹീം നബി (അ) ന്റെ ദുആകളിൽ പെട്ടതു തന്നെ.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment