ആയതുകളിലൂടെ ... (ഒന്ന്)

 🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴 

ആയതുകളിലൂടെ ... (ഒന്ന്)


പരിശുദ്ധ ഖുർആനിലെ ഈ ആയത് നോക്കൂ. 
{ إِنَّ ٱللَّهَ لَا یَسۡتَحۡیِۦۤ أَن یَضۡرِبَ مَثَلࣰا مَّا بَعُوضَةࣰ فَمَا فَوۡقَهَاۚ } - (البقرة -٢٦)
ഇവിടെ (لَا یَسۡتَحۡیِۦۤ) എന്നതിന് എങ്ങനെയാണ് അർത്ഥം കൽപിക്കുക ? നാണിക്കുകയില്ല / ലജ്ജിക്കുകയില്ല - എന്നത് ശരിയാവില്ല. കാരണം حياء എന്നത് അല്ലാഹു തആലായുടെ ഹഖ്ഖിൽ അസംഭവ്യമാണല്ലോ. 
അപ്പോൾ " ഒഴിവാക്കുകയില്ല " എന്ന് വെക്കണം. ചെറിയ കൊതുകിനെയോ അതിനപ്പുറത്തുള്ള നിസാര ജീവികളെയോ വെച്ച് ഉദാഹരിക്കുന്നതിനെ , നിശ്ചയം അല്ലാഹു ഒഴിവാക്കുകയില്ല - എന്നാണ് സാരം.

ആർക്കെങ്കിലും ഒരു കാര്യത്തിൽ حياء - നാണമുണ്ടെങ്കിൽ, അയാൾ അക്കാര്യം ഉപേക്ഷിക്കലാണ് പതിവ്. നഗ്നത പ്രദർശിപ്പിക്കുന്നതിൽ മനുഷ്യന് ലജ്ജയുണ്ട്. അത്കൊണ്ടാണല്ലോ നഗ്നത ഒഴിവാക്കി നാണം മറക്കുന്നത്. 
ചുരുക്കത്തിൽ, ലജ്ജയുണ്ടെങ്കിൽ ഒഴിവാക്കലാണ് വഴക്കം. حياء ന്റെ لازم ആണ് ترك - ഉപേക്ഷിക്കൽ. അപ്പോൾ ഖുർആനിൽ (لَا یَسۡتَحۡیۦۤ) എന്നിടത്ത് لفظ പറഞ്ഞ് അതിന്റെ لازم ആയ അർത്ഥം ഉദ്ദേശിച്ചതാണ് എന്ന് വെക്കാം. മജാസ് മുർസലാണിത്.
 { وَٱللَّهُ لَا یَسۡتَحۡیِۦ مِنَ ٱلۡحَقِّۚ }
 (الأحزاب- ٥٣)
 ഇവിടെ ജലാലൈനിയിൽ يترك എന്ന് തന്നെ വിശദീകരിച്ചത് കാണാം. 

ഇതനുസരിച്ച് ഈമാനിന്റെ ഭാഗമായി എണ്ണുന്ന ലജ്ജയും വിശദീകരിക്കാം. അതായത് - എന്റെ ചെയ്തികൾ എന്റെ റബ്ബിന്റെയും ഞാൻ ഏറെ സ്നേഹിക്കുന്ന മുത്തുനബി(സ്വ) തങ്ങളുടെയും മുന്നിൽ വെളിവാകുമല്ലോ / ഈ ചെയ്തികളുമായി എങ്ങനെ റബ്ബിന്റെ മുന്നിൽ ഹാജരാകും? എന്ന ചിന്തയിൽ തെറ്റുകൾ ഒഴിവാക്കുന്നതാണ് ഈമാനിൽ പെട്ട ലജ്ജ.

എന്നാൽ, ഫറോവയുടെ ആളുകൾ ഇസ്റാഈല്യരിൽ നിന്നും ജനിക്കുന്ന ആൺകുട്ടികളെ കൊല്ലുകയും പെൺകുട്ടികളെ കൊല്ലാതെ ഒഴിവാക്കുകയും ചെയ്തതിനെ സംബന്ധിച്ച് ഖുർആൻ ഒന്നിലധികം സ്ഥലങ്ങളിൽ പരാമർശിക്കുന്നുണ്ട് :

{ وَإِذۡ نَجَّیۡنَـٰكُم مِّنۡ ءَالِ فِرۡعَوۡنَ یَسُومُونَكُمۡ سُوۤءَ ٱلۡعَذَابِ یُذَبِّحُونَ أَبۡنَاۤءَكُمۡ وَیَسۡتَحۡیُونَ نِسَاۤءَكُمۡۚ وَفِی ذَ ٰ⁠لِكُم بَلَاۤءࣱ مِّن رَّبِّكُمۡ عَظِیمࣱ } 
(البقرة- ٤٩)
കൂടാതെ
(الأعراف- ١٤١)
 (إبراهيم- ٦)
 (القصص- ٤)
 എന്നിവിടങ്ങളിലും ഇതേ ആശയം കാണാം. ഇവിടെയുള്ള (وَیَسۡتَحۡیُونَ) എന്നതിനർത്ഥം മേൽപറഞ്ഞ പോലെയല്ല. അവരെ ജീവിക്കാൻ വിടുക എന്നതാണ്. حياة (ജീവിക്കുക) എന്നതിൽ നിന്നുള്ള ക്രിയയാണത്. അത് കൊണ്ടാണ് يستبقون എന്നും
  {وَيَسْتَحْيِي نِسَاءَهُمْ} 
  എന്നതിന് يَسْتَبْقِيهِنَّ أَحْيَاء എന്ന് തന്നെ തഫ്സീർ നൽകിയതും. ആദ്യത്തേത് حياء (ലജ്ജ ) എന്നതിൽ നിന്നുമാണ്.

ഇനിയുമുണ്ട് ഇതുപോലെ മജാസ് മുർസലായ ഖുർആന്റെ പ്രയോഗങ്ങൾ.  സൂറതുൽ മാഇദ: യിലെ ഈ ആയത് അതിനുദാഹരണമാണ്.
{ إِذۡ قَالَ ٱلۡحَوَارِیُّونَ یَـٰعِیسَى ٱبۡنَ مَرۡیَمَ هَلۡ یَسۡتَطِیعُ رَبُّكَ أَن یُنَزِّلَ عَلَیۡنَا مَاۤىِٕدَةࣰ مِّنَ ٱلسَّمَاۤءِۖ }
 [المائدة- ١١٢]
ഈസാ നബി(അ) ന്റെ അടുപ്പക്കാരായവർ നബിയോട് ചോദിക്കുന്നു: "അങ്ങയുടെ റബ്ബിന് വാനലോകത്ത് നിന്നും നിറയെ ഭക്ഷണമുള്ള സുപ്ര ഇങ്ങ് ഇറക്കിത്തരാൻ സാധിക്കുമോ ?" - ഇവിടെ 'സാധിക്കുമോ' - എന്ന അർത്ഥം ശരിയാവില്ല തന്നെ. കാരണം, അല്ലാഹു തആലാ എല്ലാത്തിനും കഴിവുള്ളവനാണല്ലോ.
{ إِنَّ ٱللَّهَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ }
ഉണ്ടാകാൻ സാധ്യമായതെല്ലാം റബ്ബിന്റെ ഖുദ്റതിൽ പെട്ടതാണ്. ആകാശത്ത് നിന്നും ഒരു മാഇദ: ഇറക്കുന്നതിൽ റബ്ബിന് കഴിയുമോ എന്ന ചോദ്യം തന്നെ വിശ്വാസിക്ക് പറ്റില്ലല്ലോ. അത്കൊണ്ട് ഇവിടെ - റബ്ബ് അങ്ങനെ ചെയ്യുമോ - എന്നാണ് ചോദ്യത്തിന്റെ ഉദ്ദേശ്യം. ജലാലൈനിയിൽ നിന്നും ഇത് വ്യക്തമാണ്.
{إذ قال الحواريون يا عيسى بن مَرْيَم هَلْ يَسْتَطِيع}
أَيْ يَفْعَل {رَبّك}. اه‍
 (تفسير الجلالين).
അതായത്, ചെയ്യാൻ കഴിവുണ്ടാകൽ ചെയ്യുന്നതിനുള്ള കാരണ(سبب)മാണല്ലോ, ആ കാരണം പറഞ്ഞ് കാര്യം (مسبب ) ഉദ്ദേശിക്കുക എന്ന മജാസ് മുർസലിന്റെ മറ്റൊരു വേർഷനാണിത്.

റബ്ബിന്റെ കഴിവിനെക്കുറിച്ച് പറഞ്ഞപ്പഴാ, മറ്റൊരു ആയത് ഓർമ്മ വന്നത് !
{ وَذَا ٱلنُّونِ إِذ ذَّهَبَ مُغَـٰضِبࣰا فَظَنَّ أَن لَّن نَّقۡدِرَ عَلَیۡهِ فَنَادَىٰ فِی ٱلظُّلُمَـٰتِ أَن لَّاۤ إِلَـٰهَ إِلَّاۤ أَنتَ سُبۡحَـٰنَكَ إِنِّی كُنتُ مِنَ ٱلظَّـٰلِمِینَ }
 [الأنبياء- ٨٧]
യൂനുസ് നബി(അ)ന്റെ മേൽ നാം ജീവിതത്തെ ദുസ്സഹമാക്കുകയില്ലെന്ന് / പ്രയാസമേറിയതാക്കുകയില്ലെന്ന് നബി കരുതി - എന്നാണിവിടുത്തെ സാരം.  'നമുക്ക് കഴിവില്ലെന്ന് കരുതി' എന്ന് അർത്ഥം വെക്കരുത്. കാരണം قدرة എന്ന ക്രിയാധാതു (مصدر )വിൽ നിന്നുള്ള ക്രിയയല്ല ഇവിടെയുള്ള نَّقۡدِرَ എന്നത്. മറിച്ച് ഇടുങ്ങിയതാവുക എന്നർത്ഥമുള്ള قدر എന്നതിൽ നിന്നും നിഷ്പന്നമായതാണ്. അത് കൊണ്ടാണ് نضيق എന്ന വാചകം വ്യാഖ്യാനങ്ങൾ നൽകിയത്. ഇതേ രൂപത്തിൽ വേറെയും സ്ഥലങ്ങളിലുണ്ട്.

{ وَأَمَّاۤ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَیۡهِ رِزۡقَهُۥ فَیَقُولُ رَبِّیۤ أَهَـٰنَنِ }[الفجر - ١٦]
 ജീവിതം ദുസ്സഹമാക്കി കാഫിറായ മനുഷ്യനെ പരീക്ഷിച്ചാൽ - എന്നാണിവിടെയുള്ളത്.
 അതുപോലെ ليلة القدر എന്നതിന് മലക്കുകൾ ഇറങ്ങുന്നത് കാരണത്താൽ ഭൂമി കുടുസ്സാവുന്ന രാത്രി എന്ന വിശദീകരണവും വ്യഖ്യാതാക്കൾ നൽകിയത് ഇതടിസ്ഥാനത്തിലാണ്.

(തുടരും . )

റബ്ബേ, ഞങ്ങളെ നല്ലവരോടൊപ്പം ചേർക്കണേ - ആമീൻ.

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 



(കേട്ടെഴുത്ത്: 

അബൂ ഹസന: ഊരകം)

💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )