ഹലിയ്യഃ ( هلية ) എന്ന് കേട്ടിട്ടുണ്ടോ?

 🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴

ഹലിയ്യഃ ( هلية ) എന്ന് കേട്ടിട്ടുണ്ടോ?

ജഅ്ല് ബസീത്വും , അതിന്റെ മുറക്കബും ( جعل البسيط والمركب). ഇത് ദർസിൽ ഓതുന്നവർക്കെല്ലാം സുപരിചിതമാണ്. രണ്ട് مفعول കൾ വരുമ്പോൾ അത് മുറക്കബും ഒരു مفعول മാത്രമാണെങ്കിൽ ബസീത്വുമായിരിക്കും. ഉദാഹരണം നോക്കാം: 

جعلْتُ زيدًا عَالِمًا
 ഞാൻ زيد നെ ഒരു പണ്ഡിതനാക്കി മാറ്റി - എന്നാണിതിനു സാരം. ഇവിടെ زيدا , عالما ഇവ യഥാക്രമം جعل യുടെ ഒന്നാം കർമവും രണ്ടാം കർമവുമായി വന്നിരിക്കുന്നു. അത് കൊണ്ട് ഇവിടുത്തെ جعل, മുറക്കബാണ്.
 
 { وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَۖ } [الأنعام-١]
 ഇരുളിനെയും വെളിച്ചത്തെയും അവൻ സൃഷ്ടിച്ചിരിക്കുന്നു - എന്ന് അർത്ഥം വരുന്ന ഈ സൂക്തത്തിലെ جعل, ബസീത്വാണ്. ഇവിടെ ٱلظُّلُمَـٰتِ,ٱلنُّورَ എന്നിങ്ങനെ രണ്ട് مفعول (കർമം) ഉണ്ടെങ്കിലും ഒരേ സ്ഥാനത്തുള്ളതാണ്. രണ്ടാം കർമം ഇവിടെ വരുന്നില്ല. 

ഇല്ലായ്മയിൽ നിന്ന് ഉൺമയിലേക്ക് വരുത്തുന്ന സൃഷ്ടിപ്പിന് ഈ ബസീത്വായ جعل യെയും, ഉൺമയിലുള്ള ഒന്നിന് ചില വിശേഷണങ്ങൾ മാത്രം ചേർത്തു കൊടുക്കുന്നതിന് മുറക്കബായ جعل യെയും ഉപയോഗിക്കുന്നു - എന്ന വിശദീകരണവും ഇവിടെയുണ്ട്.

ഈ വിശദീകരണത്തിൽ നിന്നും جعل എന്നതിന് "സൃഷ്ടിക്കുക", "ആക്കി മാറ്റുക" എന്നിങ്ങനെ രണ്ട് അർത്ഥങ്ങളുണ്ടെന്ന് മനസ്സിലായി. എന്നാൽ ഇതിന് പുറമെ "വിശ്വസിക്കുക" എന്ന മറ്റൊരു അർത്ഥം കൂടിയുണ്ട്. ഇത് പലരും ശ്രദ്ധിക്കാറില്ല. ഈ ആയത് നോക്കൂ:
{ ٱلَّذِی جَعَلَ لَكُمُ ٱلۡأَرۡضَ فِرَ ٰ⁠شࣰا وَٱلسَّمَاۤءَ بِنَاۤءࣰ وَأَنزَلَ مِنَ ٱلسَّمَاۤءِ مَاۤءࣰ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَ ٰ⁠تِ رِزۡقࣰا لَّكُمۡۖ فَلَا تَجۡعَلُوا۟ لِلَّهِ أَندَادࣰا وَأَنتُمۡ تَعۡلَمُونَ }
[البقرة- ٢٢]
ഈ ആയതിൽ രണ്ട് തവണ جعل എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഒന്നാമത്തേത് "ആക്കി മാറ്റുക" എന്ന അർത്ഥത്തിലാണ്. ശേഷം പറയുന്നതിന്റെ സാരം: 'അല്ലാഹുവിന് സമന്മാരായ ദൈവങ്ങൾ ഉണ്ടെന്ന് നിങ്ങൾ വിശ്വസിക്കരുത്...' - എന്നാണ്. 

{ وَجَعَلُوا۟ ٱلۡمَلَـٰۤىِٕكَةَ ٱلَّذِینَ هُمۡ عِبَـٰدُ ٱلرَّحۡمَـٰنِ إِنَـٰثًاۚ }
[الزخرف- ١٩]
അല്ലാഹു തആലായുടെ അടിമകളായ മലക്കുകളെ സംബന്ധിച്ച് പെൺകുട്ടികളാണെന്ന് അവർ വിശ്വസിച്ചു - ഇവിടെയും വിശ്വസിക്കുക എന്ന അർത്ഥത്തിൽ جعل ഉപയോഗിച്ചിരിക്കുന്നു.

ഇനി ഹലിയ്യഃ (هلية) യിലേക്ക് വരാം.

زيد قائم
എന്ന വാക്യത്തിൽ രണ്ട് കാര്യങ്ങളുണ്ട്.
( പ്രത്യക്ഷത്തിൽ രണ്ടെണ്ണമാണെങ്കിലും, അവ രണ്ടിനുമിടയിൽ ബന്ധിപ്പിക്കുന്ന നിസ്ബഃ എന്ന മൂന്നാം ഘടകം അവിടെയുണ്ട്.) ഒന്ന് : زيد , രണ്ട്: അവന്റെ നിറുത്തം. ഇവ രണ്ടിനും രണ്ട് വിധം ഉൺമകളുണ്ട്. ഒന്ന് ഈ വാക്യത്തിലും (في مرتبة الحكاية) മറ്റൊന്ന് ബാഹ്യത്തിലും (في مرتبة المحكي). 

زيد موجود
എന്ന വാക്യത്തിലെ زيد ന് മാത്രമേ മുകളിലെ രണ്ട് വിധം ഉൺമകളുള്ളൂ. موجود
എന്നതിന് വാക്യത്തിലല്ലാതെ ബാഹ്യത്തിൽ ഉൺമയില്ല. കാരണം, زيد ന്റെ وجود എന്നാൽ അവനിലുള്ള ഒരു വിശേഷണമല്ല. മറിച്ച് അവന്റെ സൃഷ്ടിപ്പ് തന്നെയാണത്. ഇങ്ങനെ ഒരു വാക്യത്തി(جملة)ലെ രണ്ട് ഘടകങ്ങൾക്കും രണ്ടു തരത്തിലുള്ള ഉൺമയുള്ളതാണെങ്കിൽ "ഹലിയ്യഃ മുറക്കബ് " - എന്നും ഇല്ലെങ്കിൽ "ഹലിയ്യഃ ബസീത്വ് " - എന്നും തർക്കശാസ്ത്രത്തിൽ ഒരു സാങ്കേതിക ഉപയോഗമുണ്ട്. ഹാശിയഃ ഹംദുല്ലാഹ് - യിൽ ഈ പ്രയോഗം കാണാം.
 (قوله: ثم القضية إنما تتم اه)
 يشير إلى أن القضايا سواء كانت هليات بسيطة أو مركبة. اه 
 (حاشية حمد الله-ص: ١٠)

ഈ ഹലിയ്യഃ എന്നത് , (هل) എന്നതിലേക്ക് ചേർത്തി പറയുന്ന പദമാണ്. വാക്യത്തിലെ تصديق നെ ചോദിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന ചോദ്യവാക്കാണ് ഈ هل എന്നത്. ഇത് مختصر ൽ പറഞ്ഞിട്ടുണ്ട് (പേ: 144 )

ഇതനുസരിച്ച് الله قادر ، الله سميع തുടങ്ങിയ വാക്യങ്ങൾ ഹലിയ്യഃ മുറക്കബ് ആണെന്നാണ് അഹ്‌ലുസ്സുന്നഃ യുടെ വിശ്വാസം. കാരണം قدرة، سمع തുടങ്ങിയ അല്ലാഹു തആലായുടെ സ്വിഫാതുകൾക്ക് അവന്റെ പരിശുദ്ധ ذات നേക്കാൾ കൂടുതലായി ഉൺമയുണ്ടല്ലോ. എന്നാൽ അത്തരം സ്വിഫാതുകൾ ഇല്ലെന്ന് വിശ്വസിക്കുന്ന മുഅ്തസിലീ ചിന്തയനുസരിച്ച് ഈ വാക്യങ്ങൾ ഹലിയ്യഃ ബസീത്വുമായിരിക്കും.




✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫



Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )