അതിരുവിട്ട വിമർശനം

🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴

അതിരുവിട്ട വിമർശനം

ഇന്ന് സർവ്വാംഗീകൃതമായി മുസ്‌ലിംകൾക്കിടയിൽ നിലവിലുള്ള നാല് മദ്ഹബുകളും പരിശുദ്ധവും പരിപൂർണ്ണവുമാണ്. ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലീ എന്നിവയാണവ. ഏതൊരു വ്യക്തിക്കും ഇതിൽ ഏത് സ്വീകരിച്ചുകൊണ്ടും അവന്റെ കർമ്മങ്ങളാകാം. ഒരു മദ്ഹബുകാർക്ക് കൂടുതൽ പ്രതിഫലവും മറ്റുള്ളവർക്ക് കുറഞ്ഞതും - അങ്ങനെയില്ല തന്നെ.

മദ്ഹബ് സ്വീകരിക്കാതെ പറ്റില്ല. അത് ഇജ്മാഇനെതിരാണ്. മദ്ഹബ് വിരോധി മുബ്തദിഅ് വിഭാഗത്തിൽ പെട്ടവനാണ്. ഗവേഷണത്തിന് അർഹരല്ലാത്തവർ നാലിൽ ഒരു മദ്ഹബ് സ്വീകരിക്കൽ مجمع عليه ആണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം ബുഖാരി(റ), ഇമാം ഗസ്സാലി(റ), ഇമാം നവവി(റ) തുടങ്ങി നാളിതുവരെ കഴിഞ്ഞ എല്ലാവരും ഓരോ മദ്ഹബിനകത്ത് നിന്നവരായിരുന്നല്ലോ. ഇവരുടെയൊന്നും നാല് നാഴിക അകലെ വരെ എത്താൻ കഴിയാത്ത ഇന്നത്തെ അൽപന്മാർ സ്വന്തമായി ഇജ്തിഹാദ് നടത്തിയാലുള്ള അവസ്ഥ ഒന്നു ആലോചിച്ചു നോക്കൂ !

 മദ്ഹബുകൾക്കുള്ളിൽ നിൽക്കുമ്പോൾ തന്നെ പലതിലും വ്യത്യസ്ത വീക്ഷണങ്ങളും ചിന്തകളുമുണ്ട്. അവകൾ തമ്മിൽ പണ്ഡിതോചിതമായ ഒട്ടേറെ തർക്കങ്ങളും നിരൂപണങ്ങളും നടന്നിട്ടുണ്ട്. മദ്ഹബുകൾ തമ്മിലും ഈ രൂപത്തിലുള്ള ചർച്ചകളും ന്യായീകരണങ്ങളും സജീവമായി ഇമാമുകൾക്കിടയിൽ നില നിൽക്കുന്നു. ഒരു വീക്ഷണത്തെ പ്രബലപ്പെടുത്തുന്നവർ മറ്റുള്ളവയെ വിമർശന വിധേയമാക്കുന്നത് സ്വാഭാവികമാണ്. അവയെ സ്വാഗതാർഹമായിട്ടാണ് ഇമാമുകൾ വിശേഷിപ്പിച്ചത്. വിമർശനങ്ങളിൽ വാക്കുകൾ ചിലപ്പോൾ മൂർച്ചയേറും. എങ്കിലും അത്തരം വാക്കുകളുടെ ബാഹ്യാർത്ഥം ഉദ്ദേശിക്കപ്പെടാത്തതാണ്. ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:
 
ﻗﻮﻟﻪ ﻛﺬﺏ ﻋﺪﻭ اﻟﻠﻪ، ﻟﻢ ﻳﺮﺩ ﺇﺧﺮاﺝ ﻧﻮﻑ ﻋﻦ ﻭﻻﻳﺔ اﻟﻠﻪ ﻭﻟﻜﻦ ﻗﻠﻮﺏ اﻟﻌﻠﻤﺎء ﺗﻨﻔﺮ ﺇﺫا ﺳﻤﻌﺖ ﻏﻴﺮ اﻟﺤﻖ ﻓﻴﻄﻠﻘﻮﻥ ﺃﻣﺜﺎﻝ ﻫﺬا اﻟﻜﻼﻡ ﻟﻘﺼﺪ اﻟﺰﺟﺮ ﻭاﻟﺘﺤﺬﻳﺮ ﻣﻨﻪ ﻭﺣﻘﻴﻘﺘﻪ ﻏﻴﺮ ﻣﺮاﺩﺓ. اه بحذف.

(فتح الباري: ١/٢١٩) 

സത്യത്തിനെതിരാണെന്ന് കാണുമ്പോൾ ജനങ്ങൾ അതിനെ തൊട്ട് വിട്ടുനിൽക്കൽ മാത്രമായിരിക്കും ഇവരുടെ ലക്ഷ്യം.

എന്നാൽ മാന്യതയോടെ മാത്രം ഉണ്ടാവേണ്ട ഇവ പരിഹാസ സ്വരത്തിലായാലോ ? അത് അപകടമാണ്. അതിരു വിടുന്നതിനനുസരിച്ച് ഗൗരവമേറും. ഇമാം അബൂഹനീഫ(റ)വിന്റെ മദ്ഹബിനെ ഇത്തരത്തിൽ ഒരാൾ വിമർശിച്ചു കൊണ്ട് പാടി:
سبحان من خلَقَ الأحنافَ من نجسٍ # 
والشافعيةَ من ماءٍ ومن طينٍ #

എത്രമേൽ നീചമായിട്ടാണ് ഇതിലെ പദപ്രയോഗങ്ങൾ ! 

അറിയില്ലേ, ഇമാം അബൂ ഹനീഫഃ(റ)വിനെ കുറിച്ച് ഇമാം ശാഫിഈ(റ)ന്റെ വാക്കുകൾ :

قال الشافعي: الناس عيال على أبي حنيفة في الفقه. اه (فضائل أبي حنيفة وأخباره لابن أبي العوام المتوفى سنة ٣٣٥- ص: ١/٨٧)

ജനങ്ങൾ മുഴുവനും, ഓറുടെ ശേഷം വന്ന അഇമ്മതുകളെല്ലാം ഫിഖ്ഹിൽ ഇമാം അബൂ ഹനീഫഃ(റ) നോട് കടപ്പെട്ടവരാണ്.

 മഹാൻ സ്വഹാബതിനെ കാണാൻ ഭാഗ്യം സിദ്ധിച്ച താബിഉകളിൽ പെട്ടവരാണെന്ന് പണ്ഡിതലോകത്തിന് ഏകാഭിപ്രായമാണ്. സ്വഹാബതിനെ കാണുക മാത്രമല്ല, അവരിൽ നിന്നും ഹദീസ് സ്വീകരിച്ചിട്ടുമുണ്ടെന്നാണ് ചരിത്രം. അപ്പോൾ തിരുനബി(സ്വ) തങ്ങളുടെയും ഇമാമിന്റെയും ഇടയിൽ മദ്ധ്യവർത്തിയായി ഒരാൾ മാത്രം വരുന്ന 'ഉഹാദിയ്യാത്' (أحاديات ) ലഭിച്ചവരാണ് മഹാൻ. ഇമാം മാലിക്(റ)വിന് തിരുനബി(സ്വ) തങ്ങളിലേക്ക് രണ്ട്പേർ വഴിദൂരമുണ്ട്. നാഫിഅ്(റ) ഉം ഇബ്നു ഉമർ (റ)ഉം. ഇങ്ങനെ ലഭിക്കുന്ന ഹദീസുകൾക്ക് 'സുനാഇയ്യാത്' (ثنائيات) എന്ന് പറയും. ഇമാം ബുഖാരി(റ)വിന് മൂന്നു പേർ അകലമുള്ള 'സുലാസിയ്യാത്' (ثلاثيات) മാത്രമേ ലഭിച്ചിട്ടുള്ളൂ. 

 ശഅ്റാനീ (റ), തന്റെ ആത്മീയ ഗുരു ഇമാം അലിയ്യുൽ ഖവാസ്വ് (റ) പറഞ്ഞതായി ഉദ്ധരിക്കുന്നു:
وسمعته مرة أخرى 'مدارك الإمام أبي حنيفة دقيقة لا يكاد يطلع عليها إلا أهل الكشف من أكابر الأولياء'. اه (كتاب الميزان)
ഓറുടെ മദ്ഹബിലെ പ്രമാണങ്ങൾ അല്ലാഹുവിന്റെ ഭാഗത്ത് നിന്നും പ്രത്യേകം വെളിച്ചം കിട്ടിയവർക്കേ മനസ്സിലാവൂ. അത്രമാത്രം ഗാഢത നിറഞ്ഞതാണവ.

ഇമാം ഇബ്നു ഹജർ(റ) ഇമാം അബൂ ഹനീഫഃ(റ) വിനെക്കുറിച്ച് ഒരു ബൃഹത്തായ ഗ്രന്ഥം രചിച്ചു. പക്ഷേ, അത് നഷ്ടപ്പെട്ടു. വീണ്ടും മറ്റൊരു ഗ്രന്ഥം എഴുതി:
 الخيرات الحسان في مناقب أبي حنيفة النعمان 
 ഇത് നാമെല്ലാം ഒരാവർത്തിയെങ്കിലും വായിച്ചിരിക്കണം.
 
വ്യക്തിനാമത്തിൽ ال ചേർന്ന് വരുമെന്ന് ألفية യിലുണ്ടല്ലോ. വിശേഷനാമത്തിൽ മുമ്പ് ഉപയോഗിച്ചിരുന്നത് എന്നറിയിക്കാനാണത്.
كَـ «الْفَضْلِ، وَالْحَارِثِ، وَالنُّعْمَانِ» #
فَذِكْرُ ذَا وَحَذْفُهُ سِيَّانِ #
ഇവിടെ
نعمان
എന്നതിന്റെ ആദ്യാർത്ഥം "രക്തം" എന്നതായിരുന്നു. ഇതിൽ നിന്നും ഫിഖ്ഹിന്റെ സിരകളിലോടുന്ന രക്തം കണക്കെ ഫുഖഹാഇന്ന് മഹാനരോട് കടപ്പാടുണ്ടെന്ന സൂചന വായിച്ചെടുക്കാം. ഇബ്നു മാലിക്(റ), ആ ബൈതിലൂടെ ഇമാമിനെ തന്നെയാണ് ഉദ്ദേശിച്ചതെന്ന് തഅ്ലീഖിൽ കാണാം.

ഇമാമിന്റെ സ്ഥാനത്തെ കുറിക്കുന്ന ചിലത് പറഞ്ഞെന്ന് മാത്രം. മുകളിലെ മോശപ്പെട്ട ആ വരികൾ ബാഖിയാതിൽ വെച്ച് ബഹു: ഇ.കെ ഉസ്താദ്(ന:മ) എഴുതിയതാണെന്ന് പറയുന്നത് ശരിയല്ല. ചേടമ്മൽ അമ്മദ് എന്നയാളാണ് ഈ വരികളെഴുതിയത്. വേറെയും ചില അനാവശ്യ വാക്കുകൾ ഇയാൾ തള്ളിവിട്ടിട്ടുണ്ട്.

പിൽക്കാലത്ത് പണ്ഡിതർക്കിടയിൽ വളരെയേറെ സ്വാധീനമുള്ള ഫതാവാ സംഹാരമാണല്ലോ بغية المسترشدين. അത് മുത്വാലഅ ചെയ്യുകയായിരുന്ന ഒരു വ്യക്തി, ഇടക്ക് പ്രാധമിക കർമ്മത്തിന് പോയി വന്നപ്പോഴേക്കും ഇയാൾ ഒരു കടലാസ് അതിന്റെ താളുകൾക്കിടയിൽ വെച്ചു, അതിൽ ഇങ്ങനെ എഴുതുകയും ചെയ്തു:
أولئك الدجاجيل والشياطين.
ബിഗ്‌യഃ യിൽ ഉദ്ധരിച്ച മഹാത്മാക്കളായ മുഫ്തിമാരല്ലാം ദജ്ജാലുകളും ശൈത്വാന്മാരും ആണെന്ന്. ഇന്നാലില്ലാഹ് ...! 
പരിഹാസം വിവരമില്ലായ്മയുടെ അടയാളമാണ്. ഈ ആയത് നോക്കൂ:

{ وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦۤ إِنَّ ٱللَّهَ یَأۡمُرُكُمۡ أَن تَذۡبَحُوا۟ بَقَرَةࣰۖ قَالُوۤا۟ أَتَتَّخِذُنَا هُزُوࣰاۖ قَالَ أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَـٰهِلِینَ }
[البقرة-٦٧]
മൂസാനബി(അ)ന്റെ ജനതയോട് ഒരു പരുവിനെ അറുക്കാൻ റബ്ബിന്റെ കൽപനയുണ്ടെന്ന് പറഞ്ഞപ്പോൾ അവർ ചോദിച്ചു - നീ ഞങ്ങളെ പരിഹസിക്കുകയാണോ? അപ്പോൾ മൂസാ നബി(അ) ജഹ്‌ലിനെ തൊട്ട് കാവലിനെ ചോദിക്കുകയാണ് ചെയ്തത്. പരിഹാസം ഒരു വിണ്ഢിത്തം ആയതിനാലാണത്.

മറ്റൊരിക്കൽ ഇവൻ ഇങ്ങനെ പാടിയത്രേ:
ولو أني أَبنْتُ بمُضْمَراتي #
لقال الناس ما لك يا رشيد #
എന്റെ മനസ്സിനകത്തുള്ളതെല്ലാം ഞാൻ പുറത്തെടുത്താൽ ജനങ്ങൾ - ഈ റശീദിന്( ഇയാളുടെ തൂലികാ നാമം) ഇതെന്തു പറ്റി - എന്ന് അൽഭുതം കൂറും . ശരിയാണ്, അത്രമേൽ വികല വാദങ്ങളും വിശ്വാസങ്ങളും അയാൾക്കുണ്ടായിരുന്നു. മർഹൂം തറക്കണ്ടി ഓറു(ഖു:സി)ടെ ശിഷ്യനായിരുന്നെങ്കിലും മേൽപറഞ്ഞ ചെയ്തികൾ കാരണം ഖാദിയാനിയായിട്ടാണ് അയാൾ മരിച്ചു പോയത്. മുഴക്കുന്ന് സലാം ഉസ്താദാണ്  ഇയാളുടെ കഥ പങ്കുവെച്ചത്.

നമ്മെയെല്ലാവരെയും അല്ലാഹു കാക്കട്ടെ. നാഫിആയ അറിവു നൽകി അനുഗ്രഹിക്കട്ടെ. ആമീൻ.

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫

 

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )