വാളെടുത്തവനെല്ലാം വെളിച്ചപ്പാടോ?
വാളെടുത്തവനെല്ലാം വെളിച്ചപ്പാടോ?
🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴
കൂട്ടത്തിലുണ്ടായിരുന്ന ഇമാം മുഹമ്മദുബ്നു അൽ ഹസൻ(റ) പറയുന്നു: സന്ദർശനം കഴിഞ്ഞ് ഇമാം പറഞ്ഞു - "ഈ ഭൂലോകത്തെ ഏറ്റം ഉയർന്ന വിജ്ഞനാണ് അദ്ദേഹം. അദ്ദേഹം മരിക്കുകയാണെങ്കിൽ, കൂടെ ഒരുപാട് അറിവുകളും നഷ്ടമാകും..." മറ്റൊരു റിപ്പോർട്ടിൽ : "എനിക്കു ശേഷം ഒരു പകരക്കാരനായി ഇദ്ദേഹത്തെ ഞാൻ കണ്ടിരുന്നു.."
ഫള്ലുബ്നു ഗാനിം എന്നവർ പറയുന്നു: പിന്നീട് ഇമാം അബൂ യൂസുഫ്(റ) സുഖം പ്രാപിച്ചു. തന്നെക്കുറിച്ച് ഗുരു വാഴ്ത്തിപ്പറഞ്ഞെന്ന് അറിഞ്ഞു. അപ്പോൾ മഹാനർക്ക് 'താൻ അത്യാവശ്യം തരക്കേടില്ലാത്ത വിവരസ്ഥനായിട്ടുണ്ടെ'ന്ന് മനസ്സിൽ ഒരു തോന്നൽ. വഴിയെ ഗുരുവായ അബൂ ഹനീഫഃ (റ) തങ്ങളുടെ ദർസിൽ പോക്ക് കുറക്കുകയും സ്വന്തമായി ഒരു ക്ലാസ് തുടങ്ങുകയും ചെയ്തു.
അസുഖം ഭേദമായിട്ടും ശിഷ്യനെ കാണാത്തതിനാൽ ഇമാം കാര്യമന്വേഷിച്ചു. വിവരമറിഞ്ഞ ഇമാം ഒരു ചോദ്യവുമായി ആളെ വിട്ടു. ചോദ്യമിങ്ങനെ: ഒരാൾ തന്റെ വസ്ത്രം അലക്കുകാരനെ ഏൽപിക്കുന്നു. വസ്ത്രമന്വേഷിച്ച് ചെന്നപ്പോൾ അങ്ങനെയൊരു വസ്ത്രം താൻ തന്നിട്ടില്ലെന്ന് പറയുന്നു. ദിവസങ്ങൾ കഴിഞ്ഞ് വസ്ത്രം അലക്കുകാരൻ തിരിച്ചേൽപിക്കുന്നു. ഇനി ഇയാൾ അലക്കുകൂലി നൽകാൻ ബാധ്യസ്ഥനാണോ അല്ലേ ?
ചോദ്യം കേട്ട അബൂ യൂസുഫ്(റ) പറഞ്ഞു: "അതെ .."
ചോദ്യകർത്താവ്: "ശരിയല്ല ..."
അബൂ യൂസുഫ്(റ) ഒന്നുകൂടെ ആലോചിച്ചിട്ട് പറഞ്ഞു: "അല്ല ..."
ചോദ്യകർത്താവ്: "ഉത്തരം ശരിയല്ല..."
രണ്ട് ഉത്തരവും ശരിയാകാത്തതിൽ എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ അബൂ യൂസുഫ്(റ) ക്ക് കാര്യംപിടി കിട്ടി. ചോദ്യം ഗുരുവിന്റെ ഭാഗത്ത് നിന്നുള്ളതു തന്നെ. ഉടനെ ഗുരുസവിധത്തിലേക്ക് ചെന്നു. ശിഷ്യനെ കണ്ട അബൂ ഹനീഫഃ(റ) ചോദിച്ചു: "അലക്കുകാരന്റെ മസ്അലഃ യല്ലേ താങ്കളെ ഇവിടെ കൊണ്ടെത്തിച്ചത് ?"
അബൂ യൂസഫ് (റ): "അതെ..."
ഇമാം: " സുബ്ഹാനല്ലാഹ്, കൂലി ഇടപാടിന്റെ വിധി പറയാൻ പോലും കഴിയാത്തവർ ജനങ്ങൾക്ക് ദർസ് നടത്തുകയോ .....!"
അബൂ യൂസുഫ്(റ): "എനിക്ക് അത് പഠിപ്പിച്ചു തരണം ഗുരോ..."
ഇമാം: ( വസ്ത്രം തിരിച്ചു ചോദിച്ചപ്പോൾ വസ്ത്രം തനിക്ക് തന്നിട്ടില്ലെന്ന് പറയുന്നതോടെ അലക്കുകാരൻ വസ്ത്രത്തെ പിടിച്ചു വെക്കുകയാണ് ചെയ്യുന്നത് - غصب ആണത്.) غصب ചെയ്തതിന് ശേഷമാണ് വസ്ത്രം കഴുകിയതെങ്കിൽ കൂലി നൽകേണ്ട. അതിന് മുമ്പാണെങ്കിൽ കൊടുക്കണം .."
എന്നിട്ട് ഇമാം ഉപദേശിച്ചു: "പഠനം നിർത്താൻ സമയാമെന്ന് ധരിച്ചവർ സ്വന്തത്തെയോർത്ത് കരഞ്ഞുകൊള്ളട്ടെ ..."
ഈ സംഭവം ഖത്വീബുൽ ബഗ്ദാദി(റ) ഉദ്ധരിച്ചിട്ടുണ്ട് (താരീഖു ബഗ്ദാദ്: 13/348, 14/249. അൽ ഫഖീഹു വൽ മുതഫഖിഹ്: 2/79)
പഠനം ഒരിക്കലും മതിയാക്കരുതെന്നും ഗുരുസവിധത്തിൽ നിന്നും ലഭിക്കുന്ന ഇജാസതിന് ശേഷമല്ലാതെ ഫത്‌വകൾ നൽകരുതെന്നും ഇമാം തന്റെ അരുമ ശിഷ്യനെ പഠിപ്പിക്കുകയായിരുന്നു ഇതിലൂടെ. പിൽക്കാലത്ത് ഹനഫീ മദ്ഹബിലെ ഇമാം അബൂ ഹനീഫഃ(റ) വിന് ശേഷമുള്ള ഉന്നത സ്ഥാനമുള്ളവരായി മാറിയിട്ടുണ്ട് അദ്ദേഹം. 'സ്വാഹിബുൽ ഇമാം' എന്ന സ്ഥാനപ്പേരിനും അർഹനായി.
ബഹു: മുഹമ്മദ് അവ്വാമഃ ഈ ചരിത്രം വിശദീകരിച്ച ശേഷം പറയുന്നു:
وهذه حكمة ذهبية يرحل من أجلها ! رضي الله عنه وأرضاه. وهكذا كان من شأن سلفنا أنهم لا يتركون تلامذتهم يستقلون بأنفسهم إن لم يجدوا فيهم أهلية التكلم في دين الله عز وجل. فإذا آنسوا منهم ذلك أذنوا لهم بالفتيا. اه
തങ്കതുല്യമായ കാര്യമാണിത്. പരിശുദ്ധ ദീനിനെ സംബന്ധിച്ച് വേണ്ടത്ര വിവരമില്ലാത്തവരെ സ്വന്തമായി ദീനിനെകുറിച്ച് വാചാലന്മാരാകാൻ വിടാതെ, കഴിവുള്ളവരെ മാത്രം അതിനു നിയോഗിക്കുന്ന രീതിയായിരുന്നു നമ്മുടെ സലഫുകളുടേത്. ( അദബുൽ ഇഖ്തിലാഫ് - പേ: 59 )
ലിബറലിസം മലീമസമാക്കിയ, ഇസ്‌ലാമിക സംസ്കാരത്തെ തരംതാഴ്ത്തുന്ന ആധുനിക കാലത്ത് മതപാഠ ശാലകളിൽ വിദ്യാർത്ഥികളുടെ എണ്ണം മുമ്പത്തേക്കാൾ കൂടുതലാണ്. പഠനത്തിൽ മുമ്പന്മാരും കഴിവുകുറഞ്ഞവരുമുണ്ടാകുന്നത് സ്വാഭാവികം. പക്ഷെ, മതനിയമങ്ങളിൽ അവഗാഹമില്ലാത്തവർ, അത് അറിയുന്നവരോട് ചോദിച്ചറിഞ്ഞും മറ്റും മാത്രമേ മതവിഷയങ്ങളിൽ ഇടപെടാവൂ. അല്ലാത്ത പക്ഷം വലിയ അപകടങ്ങൾ നടക്കുന്നുണ്ട്. മുറിവൈദ്യൻ ആളെക്കൊല്ലുമെന്ന ചൊല്ല് എത്രമേൽ ശരിയാണ് !
ദീർഘിപ്പിക്കുന്നില്ല. റഹ്മാനായ റബ്ബ് നമുക്കെല്ലാം നാഫിആയ ഇൽമിനെ നൽകട്ടെ - ആമീൻ.
✍️
അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment