അഭിപ്രായാന്തരങ്ങൾ അതിർവരമ്പുകളാകരുത്!

🌻☘️🌺🌷🏵️🌾🌸🍃🌿🌱☘️🌺🌴

അഭിപ്രായാന്തരങ്ങൾ അതിർവരമ്പുകളാകരുത്!

ഇമാമുകൾക്കിടയിലെ വീക്ഷണ വ്യത്യാസങ്ങളെക്കുറിച്ച് നമ്മൾ മുമ്പ് എഴുതിയിരുന്നു, വായിച്ചിരിക്കുമല്ലോ. ഫിഖ്ഹിലെ ഇത്തരം സമീപന രീതികളിലെ വ്യത്യാസങ്ങൾ പരസ്പര ബഹുമാന - ആദരവുകൾക്കൊന്നും കുറച്ചിൽ വരുത്താറില്ല. ഒരു സംഭവം നോക്കൂ:

യൂനുസ് ഇബ്നു അബ്ദിൽ അഅ്ലാ അസ്സ്വദഫീ(റ) പറയുന്നു: ഇമാം ശാഫിഈ(റ)നേക്കാൾ ബുദ്ധിമാനായ ഒരാളെ ഞാൻ കണ്ടിട്ടില്ല. ഒരു ദിവസം മഹാനുമായി ഒരു മസ്അലഃയിൽ ഞാൻ മുനാളറഃ നടത്തി. (പണ്ഡിതർക്കിടയിൽ നടക്കാറുണ്ടായിരുന്ന ചർച്ചയാണിത്. പരസ്പര ബഹുമാനത്തോടെ നടത്തുന്ന ചർച്ച. ഞാൻ ജയിക്കണം എന്ന ചിന്തക്കു പകരം, യാഥാർത്ഥ്യം ബോധ്യമാകണം - അത് ഏത് കക്ഷിയിൽ നിന്നായാലും - എന്ന ലക്ഷ്യമേ ഉണ്ടാകൂ.) ചർച്ച കഴിഞ്ഞ് മഹാനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം എന്റെ കൈ പിടിച്ച് പറഞ്ഞു:

يا أبا موسى، ألا يستقيم أن نكون إخوانا، وإن لم نتفق في مسألة.
(سير أعلام النبلاء: ١٠/١٦)

അബൂമൂസാ, നമുക്ക് സഹോദരങ്ങളായി നടക്കാം. മസ്അലഃയിൽ നമുക്കിടയിൽ യോജിപ്പില്ലെങ്കിലും ...! 

മറ്റൊരു ചരിത്രം:

ഇമാം ശാഫിഈ(റ)വിന് തിരുനബി(സ്വ) തങ്ങളെ സ്വപ്ന ദർശനമുണ്ടായി. ഇമാം അഹ്‌മദ് ഇബ്നു ഹമ്പൽ(റ)വിന് എന്റെ സലാം അറിയിക്കുക. അദ്ദേഹത്തിന് ഒരു പരീക്ഷണം വരാനിരിക്കുന്നു. ക്ഷമ വിടാതെ സൂക്ഷിക്കണമെന്നും ആഖിറതിൽ മുന്തിയ പ്രതിഫലം ലഭിക്കുമെന്നും അവരെ സന്തോഷ വാർത്തയായി അറിയിക്കണമെന്നുമാണ് നിർദ്ദേശം.

ഇമാം കത്തെഴുതി, ശിഷ്യനായ ഇമാം റബീഅ്(റ)വിന്റെ കയ്യിൽ കൊടുത്തയച്ചു. കത്ത് വായിച്ച ഇമാം അഹ്‌മദ്(റ) കരഞ്ഞു. പരീക്ഷണവേളയിൽ ക്ഷമിക്കാൻ കഴിയുമോ എന്ന ആവലാതിയായിരുന്നു മഹാനെ കരയിപ്പിച്ചത്. ഇഹലോകത്തെ കഷ്ടപ്പാടുകളിൽ ക്ഷമിക്കുന്നവർക്ക് പരലോകത്ത് പ്രതിഫലമുണ്ട്. ഈ പരീക്ഷണം അതിനുള്ള ഒരു അവസരമായതിനാൽ സന്തോഷവുമുണ്ട്. സന്തോഷ വാർത്ത അറിയിച്ചു തന്നവർക്ക് പാരിതോഷികം കൊടുക്കുന്നത് പുണ്യമുള്ള കാര്യമാണല്ലോ. തദടിസ്ഥാനത്തിൽ ഇമാം തങ്ങളുടെ ശരീരത്തോട് ഒട്ടി നിന്നിരുന്ന ഖമീസ്വ് ഇമാം റബീഅ്(റ)വിന് നൽകി.

തിരിച്ചെത്തിയപ്പോൾ ഇമാം ശാഫിഈ(റ) വിവരങ്ങളന്വേഷിച്ചു. പാരിതോഷികമായി ഖമീസ്വ് കിട്ടിയതറിഞ്ഞ ഇമാം പ്രതിവചിച്ചു:

إني لا أجهدك اليوم، ولا أقول أن تسمح لي بقميصه. ولكن أرجو منك أن تبله في الماء، ثم تعصره، فتعطيني عصارته.

റബീഅ് എന്നവരേ .., ആ ഖമീസ്വ് ഞാൻ ആവശ്യപ്പെട്ട് താങ്കളെ പ്രയാസപ്പെടുത്തുന്നില്ല. എങ്കിലും അത് വെള്ളത്തിൽ മുക്കി പിഴിഞ്ഞ് കിട്ടുന്ന വെള്ളം എനിക്ക് തന്നൂടെ ...?

ചിന്തിച്ചു നോക്കൂ, ഇവർ തമ്മിലുള്ള ബന്ധം ! ഇമാം ശാഫിഈ(റ)ന്റെ ബാഗ്ദാദി കാലത്തെ ശിഷ്യനാണ് ഹമ്പലീ ഇമാം(റ). എന്നിട്ടും ശരീരത്തോട് ചേർന്ന് നിന്ന ആ ഖമീസ്വ് കിട്ടാൻ ആഗ്രഹിക്കുകയാണ്. ശേഷം അത് മുക്കിയ വെള്ളത്തിൽ നിന്ന് അൽപം ഇമാം കുടിക്കുകയും ശരീരത്തിൽ തടവുകയും ചെയ്തുവെന്നാണ് ചരിത്രം. (ഇമാം സുബ്കി(റ)ന്റെ ത്വബഖാതുശ്ശാഫിഈ നോക്കുക. പേ: 2/36 ) ശിഷ്യനായിരുന്നെങ്കിലും ഇവർക്കിടയിൽ വീക്ഷണ വ്യത്യാസങ്ങളുണ്ട്. ഇരുവരും രണ്ട് വ്യത്യസത മദ്ഹബിന്റെ വാഹകരാണ്. എന്നിട്ടും ഈ ആദരവുണ്ടായി എന്നതാണ് നമ്മുടെ കുറിപ്പിലെ വിഷയം. ഈ പരസ്പര സ്നേഹവും ബഹുമാനവുമാണ് നമ്മുടെ ഇമാമുമാരുടെ ശൈലി എന്ന് പ്രസ്തുത ചരിത്രത്തിന്റെ പാഠമായി ബഹു: അൻവർ ശാഹ് കശ്മീരി(റഹിമഹുല്ലാഹ്) പറയുന്നു (ഫൈളുൽ ബാരി: 5/155).

അഭിപ്രായാന്തരങ്ങളുടെ പേരിൽ അകന്നു നിൽക്കേണ്ടവരല്ല നാം. വിശുദ്ധ ഖുർആനിലെ ഈ പ്രാർത്ഥനാ വചനം മറക്കരുത്.

{ وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ٰ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ }
[سورة الحشر- ١٠]

എങ്കിലും, അകന്നു നിന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദീനിന്റെ പേരിലുള്ള അകൽച്ചയാണത്. തബൂക് യുദ്ധവുമായി ബന്ധപ്പെട്ട് കഅ്ബ്(റ) വിനോട് നാൽപതു ദിവസത്തോളം പിണങ്ങി നിന്ന ചരിത്രമുണ്ട്. ഫത്‌വാ നൽകിയത് ഇജ്മാഇന് എതിരായതിന്റെ പേരിൽ, ഗുരുനാഥനായിട്ട് പോലും വെടിഞ്ഞു നിന്ന രംഗവും ഇമാമുകൾക്കിടയിൽ അരങ്ങേറിയിട്ടുണ്ട്. അത് ഇതിനോടെതിരില്ല. ദീർഘിച്ചു പോകുമെന്ന് തോന്നുന്നു. അതു വിശദീകരിച്ചു കൊണ്ട് അടുത്ത കുറിപ്പിലെഴുതാം. إن شاء الله.

അല്ലാഹ്, മറ്റുള്ളവരോട് വിദ്വേഷമില്ലാത്ത സലീമായ ഖൽബിനുടമകളാക്കണേ... നല്ലവരോടു കൂടെ സ്വർഗ്ഗത്തിൽ ഞങ്ങളെ ഒരുമിപ്പിക്കണേ. ആമീൻ.

✍️ അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )