അറിഞ്ഞിരിക്കാനും ജീവിതത്തിൽ പകർത്താനും.

🌱☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

റുകൂഇന് വേണ്ടി കൈ ഉയർത്തൽ

നിസ്കാരത്തിന്റെ തുടക്കത്തിലുള്ള തക്ബീർ - തക്ബീറതുൽ ഇഹ്റാം - 
ألله أكبر
എന്ന് ചൊല്ലുന്നതിനോടൊപ്പം ഇരു കൈകളും ചുമലിനു നേരെ ഉയർത്തുന്നവരാണല്ലോ നമ്മൾ. ഇതു പോലെ റുകൂഇലേക്ക് പോകുമ്പോഴും ഉയർത്തൽ സുന്നത്തുണ്ട്. പലർക്കും ഇത് അറിയാമെങ്കിലും, എന്തോ - പാടെ ഉപേക്ഷിക്കുന്നതായാണ് കാണുന്നത്.

 പ്രമാണ വെളിച്ചത്തിൽ ഇത് ശക്തമായ സുന്നത്താണെന്ന് ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. അറിയുമോ, ഇമാം ബുഖാരി(റ) തന്നെ ഇവ്വിഷയത്തിൽ ഒരു جزء (ജുസ്അ്) രചിച്ചിട്ടുണ്ട്. ഒരു കാര്യത്തിൽ വന്ന ഹദീസുകൾ മാത്രം ക്രോഡീകരിക്കുന്നതിനാണ് ഇങ്ങനെ 'ജുസ്അ്' എന്ന് പറയുക. ബദ്‌രീങ്ങൾ ഉൾപ്പെടെ പതിനേഴ് സ്വഹാബി പ്രമുഖരെ തൊട്ട് ഇക്കാര്യം ഇമാം നിവേദനം ചെയ്യുന്നു. ഹസനുൽ ബസ്വരി(റ), അബ്ദുല്ലാഹ് ഇബ്നുൽ മുബാറക്(റ) തുടങ്ങി നിരവധി താബിഉകളും ഇത് തീർത്തു പറയുന്നുണ്ട്. ഇത്രയധികം പ്രാമാണിക പിൻബലമുള്ളതു കൊണ്ടായിരിക്കണം നമ്മുടെ മദ്ഹബിൽ ഇതു നിർബന്ധമാണെന്ന് ചിലർ അഭിപ്രായപ്പെട്ടത് (തുഹ്ഫ: 2/60). ഇക്കാര്യത്തിൽ ഒന്നിലധികം പേജുകൾ വിശദീകരിച്ച ശേഷം ഇതിൽ മാത്രം ഒരു രചന തന്നെ നടത്തണമെന്ന അഭിലാഷം ഇമാം നവവി(റ) പ്രകടിപ്പിക്കുന്നത് കാണാം. ദീർഘിച്ചു പോകുമെന്ന ഭയമില്ലായിരുന്നെങ്കിൽ ഇതേക്കുറിച്ച് ഇനിയും പേജുകൾ ചിലവഴിക്കുമെന്നും മഹാൻ എഴുതുന്നു. (ശറഹുൽ മുഹദ്ദബ്: 3/399 - 401).

ബറാഅ് ഇബ്നു ആദിബ്(റ), ഇബ്നു മസ്ഊദ്(റ) തുടങ്ങിയ ചിലരെ തൊട്ട് വന്ന ഹദീസുകൾ ആധാരമാക്കി റുകൂഇലേക്ക് പോകുമ്പോൾ കൈ ഉയർത്തേണ്ടതില്ലെന്ന് ഇമാം മാലിക്(റ), ഇമാം അബൂ ഹനീഫഃ(റ) എന്നിവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. എങ്കിലും ഹദീസ് നിദാനശാസ്ത്രത്തിൽ ഇല്ല - എന്നതിനേക്കാൾ ഉണ്ട് - എന്ന് പറയുന്ന ഹദീസിനാണ് മുഖ്യം എന്ന തത്വമനുസരിച്ചും മറ്റും നമ്മുടെ മദ്ഹബ്, കൈ ഉയർത്തണമെന്നതിനെ പ്രബലപ്പെടുത്തുന്നു.

ശാഫിഈ മദ്ഹബുകാരായ നമ്മൾ റുകൂഇലേക്ക് പോകുമ്പോഴുള്ള ഈ കൈ ഉയർത്തൽ ഒഴിവാക്കരുത്. വാജിബാണെന്ന് വരെ അഭിപ്രായമുള്ള ഈ സുന്നത് മുറുകെ പിടിക്കേണ്ടതാണെന്ന് പറയേണ്ടതില്ലല്ലോ.
ഇമാം റുകൂഇലെത്തിയ ശേഷമാണ് മഅ്മൂം റുകൂഇന് വേണ്ടി കുനിയാൻ തുടങ്ങേണ്ടത്. ഇമാമിന് മുമ്പോ ഇമാമിനോടൊപ്പമോ റുക്നുകൾ ചെയ്യാൻ തുടങ്ങുന്നത് കറാഹത് വരുമെന്നും(തുഹ്ഫ: 2/355) ഓർമ്മപ്പെടുത്തട്ടെ.

പതിവാക്കുന്ന ചില സുന്നതുകളായിരിക്കാം പരലോക രക്ഷക്ക് വരെ കാരണമാവുക. റബ്ബ് തുണക്കട്ടെ - ആമീൻ.

✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം 
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  
.

Comments

  1. മുഴുവൻ ലേഖനങ്ങളും വായിക്കാൻ ... 👇

    https://aunaispp313.blogspot.com/?m=1

    ReplyDelete

Post a Comment

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )