ഇസ്‌ലാം അല്ലാഹുവിന്റെ നിയമമാണ്
ആയതുകളിലൂടെ (3)
☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀
ഇസ്‌ലാം അല്ലാഹുവിന്റെ നിയമമാണ്
മനുഷ്യന് എന്നും സമ്പത്തിനോട് ആർത്തിയാണ്. അതിനെ മുഖ്യമായി കാണുന്നു. ധനികരെ വളരെ മതിപ്പോടെ 'രക്ഷപ്പെട്ടവൻ' എന്ന് ധ്യാനിക്കുന്നു. അവരെ വെറുപ്പിക്കാതിരിക്കാൻ കഴിവിന്റെ പരമാവധി ശ്രമിക്കും. കഴിയുമെങ്കിൽ അവരുടെ സാമീപ്യം പിടിച്ചു പറ്റും.
ധനികർക്കാണെങ്കിലോ, താൻ തരക്കേടില്ലാത്തവനും അൽപ്പം സ്ഥാനമാനമുള്ളവനും, തന്നെ മറ്റുള്ളവർ ബഹുമാനിക്കണം എന്നുമൊക്കെ ഒരു തോന്നൽ. സാധാരണ നില പറഞ്ഞെന്ന് മാത്രം. നല്ലവരിൽ നല്ലവരായ ഒരുപാട് ധനികരുണ്ട്. ചീത്ത സ്വഭാവക്കാരായ ചില പാവപ്പെട്ടവരുമുണ്ട്. വിസ്മരിക്കുന്നില്ല.
എന്നാൽ മനുഷ്യനെയും സമ്പത്തിനെയും സൃഷ്ടിച്ചവൻ അതിനെ വളരെ നിസാരമായിട്ടേ കാണുന്നുള്ളൂ.
നോക്കൂ, മക്കയിലുണ്ടായിരുന്ന അതിസമ്പന്നനായിരുന്നു വലീദ് ബ്നു മുഗീറഃ. 'റൈഹാനതു ഖുറൈശ്' എന്ന് വരെ അയാളെ വിളിക്കപ്പെട്ടു. അങ്ങ് ത്വാഇഫിൽ ഉർവതു ബ്നു മസ്ഊദും.
"...ഇവരിലാർക്കെങ്കിലും ഖുർആൻ ഇറക്കപ്പെട്ടിരുന്നെങ്കിൽ ഞങ്ങൾ വിശ്വസിച്ചേനെ..." എന്ന് മുശ്‌രിക്കുകൾ വീരവാദം മുഴക്കിയതായി ഖുർആൻ പറയുന്നു.
{ وَقَالُوا۟ لَوۡلَا نُزِّلَ هَـٰذَا ٱلۡقُرۡءَانُ عَلَىٰ رَجُلࣲ مِّنَ ٱلۡقَرۡیَتَیۡنِ عَظِیمٍ }
[سورة الزخرف-٣١]
സമ്പത്തുള്ളവർ പ്രമാണിമാരകണം. അവരിലൂടെ വന്നതേ അനുസരിക്കേണ്ടതുള്ളൂ എന്നൊക്കെയുള്ള ഒരുതരം ചീഞ്ഞ ചിന്ത. ആയതിൽ പറഞ്ഞ രണ്ട് ഗ്രാമങ്ങളും അവിടെയുള്ള രണ്ട് മനുഷ്യരും മേൽപറഞ്ഞതാണെന്ന് തഫ്സീറുകളിലുണ്ട്. ഇവരോടായി ഖുർആൻ പറയുന്നു:
{ أَهُمۡ یَقۡسِمُونَ رَحۡمَتَ رَبِّكَۚ نَحۡنُ قَسَمۡنَا بَیۡنَهُم مَّعِیشَتَهُمۡ فِی ٱلۡحَیَوٰةِ ٱلدُّنۡیَاۚ وَرَفَعۡنَا بَعۡضَهُمۡ فَوۡقَ بَعۡضࣲ دَرَجَـٰتࣲ لِّیَتَّخِذَ بَعۡضُهُم بَعۡضࣰا سُخۡرِیࣰّاۗ وَرَحۡمَتُ رَبِّكَ خَیۡرࣱ مِّمَّا یَجۡمَعُونَ }
[سورة الزخرف-٣٢]
" ...നബിയേ, അങ്ങയുടെ റബ്ബ് നുബുവ്വതിനെ ആർക്ക് കൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവരാണോ ? അവർക്ക് ലഭിച്ചിരിക്കുന്ന ജീവിത സൗകര്യങ്ങളെ വീതിച്ചു നൽകിയതും, ചിലരെ മറ്റുള്ളവരെക്കാൾ ഉയർത്തിയതും ഞാനാണ്. നിങ്ങൾക്ക് നൽകാനിരിക്കുന്ന സ്വർഗ്ഗം അവർക്ക് ലഭിച്ചതിനേക്കാൾ എത്രയോ പതിന്മടങ്ങ് ഉയർന്നതത്രെ !..."
പണത്തിന്റെ ഹുങ്ക് കാണിക്കേണ്ടതില്ലെന്ന താക്കീതാണിത്. ആരെയും സമ്പന്നനാക്കാനും ദരിദ്രരാക്കാനും റബ്ബിന് നിമിഷങ്ങൾ മതിയെന്ന ഓർമ്മപ്പെടുത്തലും.
നേരത്തെ പറഞ്ഞ വലീദ്, തന്റെ ഗർവ്വ് പുറത്തെടുത്ത് തിരുനബി(സ്വ) തങ്ങളെ ഒന്നാക്ഷേപിച്ചു. അതിന് പത്തോളം മോഷപ്പെട്ട വാക്കുകളിലൂടെ ഖുർആൻ തിരിച്ചടിച്ചത് കാണാം:
{ وَلَا تُطِعۡ كُلَّ حَلَّافࣲ مَّهِینٍ (10) هَمَّازࣲ مَّشَّاۤءِۭ بِنَمِیمࣲ (11) مَّنَّاعࣲ لِّلۡخَیۡرِ مُعۡتَدٍ أَثِیمٍ (12) عُتُلِّۭ بَعۡدَ ذَ ٰلِكَ زَنِیمٍ (13) }
[سورة القلم]
കളവ് പറയുന്നവൻ, നിസാരൻ, പരദൂഷണം പറയുന്നവൻ, നല്ല കാര്യങ്ങളെ മുടക്കുന്നവൻ തുടങ്ങി പലതു കൊണ്ടും ആക്ഷേപിച്ചു. അതിനെല്ലാം പുറമെ, ആർക്കുമറിയാത്ത രഹസ്യം - അവൻ ജാര സന്തതിയാണെന്നത് പുറത്തുവിട്ടു. സന്മാർഗ്ഗത്തിലേക്ക് ക്ഷണിച്ചതിന് 'ഭ്രാന്തനെ'ന്ന് വിളിച്ചാൽ പൊറുപ്പിക്കപ്പെടാൻ പറ്റാത്ത തെറ്റായത് കൊണ്ടാണ് ഇത്രയും കുത്തുവാക്കുകൾ അവതരിച്ചത്. എല്ലാം അറിയുന്നവനാണ് അല്ലാഹു എന്ന് ബോധ്യപ്പെടുത്താൻ അവന്റെ പിതാവില്ലായ്മയും വെളിച്ചത്താക്കി - ലോകർക്കെല്ലാം ഒരു ദൃഷ്ടാന്തമായി മാറാനും.
ഇത്രയെല്ലാം ആക്ഷേപവാക്കുകൾ കേൾക്കാൻ കാരണമായ അവന്റെ സ്വഭാവത്തിന് കാരണം അവന്റെ പെരുത്ത സ്വത്തും ആൺ മക്കളുമാണ് , അല്ല - അത് കൊണ്ട് അഹങ്കാരം കാണിച്ചു എന്നതാണ് ശരി. ഖുർആൻ തന്നെ വ്യക്തമാക്കുന്നു.
{أَن كَانَ ذَا مَالࣲ وَبَنِینَ}
[سورة القلم-١٤]
{ وَجَعَلتُ لَهُ مالًا مَمدودًا }
[ المدثر: ١٢ ]
ഈ ആയതിനോടു കൂടെ ഇതും കൂട്ടിച്ചേർത്ത് മനസ്സിലാക്കാം :
{ كَلَّاۤ إِنَّ ٱلۡإِنسَـٰنَ لَیَطۡغَىٰۤ (6) أَن رَّءَاهُ ٱسۡتَغۡنَىٰۤ (7) }
[سورة العلق]
മനുഷ്യൻ, 'തനിക്ക് താൻ തന്നെ മതി' എന്ന് ചിന്തിക്കുന്ന കാലത്തോളം അവൻ പിഴച്ചുകൊണ്ടേയിരിക്കും. ഈ ചിന്ത സ്വത്തിലൂടെയും മക്കളിലൂടെയും വലീദിന് വന്നുപെട്ടതാണ് ഇവിടെ കാണുന്നത്.
ഇനി മറ്റേ ധനികനുണ്ടല്ലോ - ഉർവത് ബ്നു മസ്ഊദ്. ത്വാഇഫിലെ പ്രമാണിമാരായ സഖീഫ് ഗോത്രത്തിൽ പെട്ടവനാണയാൾ. അവരിലെ ഒരു സംഘം ഒരിക്കൽ നബി(സ്വ) തങ്ങളോട് വന്ന് പറഞ്ഞു:
".. ഞങ്ങളുടെ ദേവാലയത്തിനും ഒരു അംഗീകാരം വേണം. മക്ക ഹറമായി പ്രഖ്യാപിച്ച പോലെ, ഞങ്ങളുടെ ഗ്രാമത്തെ ഞങ്ങൾക്കുള്ള ഒരു ഹറമായി പ്രഖ്യാപിക്കാമോ ..? അറബികൾക്കിടയിൽ ഞങ്ങൾക്കും ഒരു സ്ഥാനത്തിന് കാരണമാവുമല്ലോ.. "
ഓരോരുത്തർക്കും അവരവരുടെ മതവുമായി ജീവിക്കാൻ പറഞ്ഞ സമയമായതു കൊണ്ടാകണം - തിരുനബി(സ്വ) തങ്ങൾ അവരുടെ ആവശ്യം പരിഗണിച്ചാലോ എന്ന് ചിന്തിച്ചു. ഇപ്പോൾ കൊടുക്കുന്ന അംഗീകാരം, പിന്നീട് അവരുടെ ഇസ്‌ലാമാശ്ലേഷണത്തിന് വഴിയൊരുക്കിയാലോ എന്നും ചിന്തിച്ചിട്ടുണ്ടാകണം. എല്ലാവരും സത്യമാർഗ്ഗത്തിലേക്ക് വന്നെങ്കിൽ എന്ന് അതിയായി എപ്പോഴും ആഗ്രഹിച്ചവരല്ലേ അവിടുന്ന്. ഇതേക്കുറിച്ച് അല്ലാഹു പറയുന്നു:
{ وَإِن كَادُوا۟ لَیَفۡتِنُونَكَ عَنِ ٱلَّذِیۤ أَوۡحَیۡنَاۤ إِلَیۡكَ لِتَفۡتَرِیَ عَلَیۡنَا غَیۡرَهُۥۖ وَإِذࣰا لَّٱتَّخَذُوكَ خَلِیلࣰا }
[سورة الإسراء-٧٣]
പക്ഷേ, അല്ലാഹുവിന്റെ തീരുമാനം മറിച്ചായിരുന്നു. ഇസ്‌ലാമിന്റെ യാഥാർത്ഥ്യത്തിന് ഖുർആനും മറ്റു മുഅ്ജിസതുകളും ധാരാളം മതിയായിട്ടും മറ്റുള്ളവരുടെ സൗകര്യങ്ങൾക്കും തന്നിഷ്ടത്തിനും വഴങ്ങി കൊടുക്കേണ്ടതില്ലെന്ന കാർക്കശ്യ നിലപാട്. ശക്തമായ താക്കീതോടെ ഖുർആൻ ആയത് ഇറങ്ങി:
{ وَلَوۡلَاۤ أَن ثَبَّتۡنَـٰكَ لَقَدۡ كِدتَّ تَرۡكَنُ إِلَیۡهِمۡ شَیۡـࣰٔا قَلِیلًا (74) إِذࣰا لَّأَذَقۡنَـٰكَ ضِعۡفَ ٱلۡحَیَوٰةِ وَضِعۡفَ ٱلۡمَمَاتِ ثُمَّ لَا تَجِدُ لَكَ عَلَیۡنَا نَصِیرࣰا (75) }
[سورة الإسراء]
" ..നബിയേ, അങ്ങേക്ക് നാം മാർഗ്ഗനിർദേശം നൽകിയില്ലായിരുന്നെങ്കിൽ, പ്രമാണിമാർക്ക് അൽപമെങ്കിലും ഒതുങ്ങിക്കൊടുത്തേനെ (എന്റെ സംരക്ഷണത്താൽ അതുണ്ടായില്ല). അങ്ങനെ ആയിരുന്നെങ്കിൽ കഠിന ശിക്ഷ അനുഭവിക്കുമായിരുന്നു. അതിനെതിരിൽ ഒരു സഹായിയും ഇല്ലാത്ത നിലയിൽ ...! "
യഥാർത്ഥത്തിൽ, ഈ താക്കീത് നമ്മളോടാണ്, അഭിമുഖമായി നബി(സ്വ) തങ്ങളോടാണെങ്കിലും. ( ഇത്തരം പ്രയോഗങ്ങൾക്ക് അറബി സാഹിത്യത്തിൽ تعريض എന്ന് പറയും.) മറ്റുള്ളവർക്കിടയിൽ സ്ഥാനമാനങ്ങൾ ലഭിക്കാനോ മറ്റോ അല്ലാഹുവിന്റെ ദീനിലെ നിയമങ്ങളെ വ്യാഖ്യാനിച്ചു കൊടുക്കരുതെന്ന കടുത്ത നിർദേശം. അത് വലിയ ശിക്ഷക്ക് കാരണമാണെന്നും.
ഇതേ ആശയമുള്ള മറ്റൊരു ആയത് നോക്കൂ:
{ وَلَوۡ تَقَوَّلَ عَلَیۡنَا بَعۡضَ ٱلۡأَقَاوِیلِ (44) لَأَخَذۡنَا مِنۡهُ بِٱلۡیَمِینِ (45) ثُمَّ لَقَطَعۡنَا مِنۡهُ ٱلۡوَتِینَ (46) فَمَا مِنكُم مِّنۡ أَحَدٍ عَنۡهُ حَـٰجِزِینَ (47) }
[سورة الحآقة]
" .. എന്റെ ദൂതരെങ്ങാനും എന്റെ നിയമങ്ങളിൽ ഇല്ലാത്തത് സ്വന്തമായി പറഞ്ഞുണ്ടാക്കിയിരുന്നെങ്കിൽ, തടുക്കാൻ കഴിയാത്ത ശിക്ഷ നൽകുമായിരുന്നു ...."
മുത്ത്നബി(സ്വ) തങ്ങളിൽ നിന്നും അങ്ങനെ ഒരു ലാഞ്ചന പോലും ഒരിക്കലും ഉണ്ടാകില്ല തന്നെ. അണികളെ ഗൗരവപ്പെടുത്താൻ പറഞ്ഞതാണിത്. അല്ലാഹുവിന്റെ നിയമങ്ങളെ തന്നിഷ്ടത്തിന് - ചെറുതായൊന്നു പോലും, മാറ്റിപ്പറഞ്ഞാൽ ....
ഖുർആൻ പറയുന്ന ശിക്ഷയുടെ ഗൗരവം എഴുത്തുകൾക്കപ്പുറമാണ് സുഹൃത്തുക്കളേ ...
അല്ലാഹു കാക്കട്ടെ - ആമീൻ.
എന്നാൽ മറ്റുള്ളവർക്ക് മുമ്പിൽ ചില അഡ്ജസ്റ്റുമെന്റുകൾക്ക് നമ്മൾ തയ്യാറാകേണ്ടി വരും. ഉദാഹരണത്തിന്, ഒരാൾ സദസ്സിലേക്ക് കടന്നുവരുന്നു. ഒട്ടും ബഹുമാനമർഹിക്കാത്തവൻ. പക്ഷേ, അവനെ എണീറ്റ് നിന്ന് സ്വീകരിച്ചില്ലെങ്കിൽ ഉലമാഇനെ ചീത്ത വിളിച്ചേക്കും. സാധാരണക്കാർക്കിടയിൽ അവരെ ഇകഴ്ത്തി സംസാരിക്കും. ഒന്നെണീറ്റു നിന്നാൽ ഇതിനെല്ലാം പരിഹാരമാകും. അത്തരം ഘട്ടത്തിൽ നിൽക്കലാണ് വേണ്ടത്. ഇതു പക്ഷേ, ഇസ്‌ലാമിക നിയമങ്ങളെ തെറ്റിദ്ധരിക്കുക പോലോത്ത വഴികേടിലേക്ക് കാരണമാകരുത്. അങ്ങനെയെങ്കിൽ ഈ അഡ്ജസ്റ്റ്മെന്റ് നിഷിദ്ധമാണ്. ഇതിന് തമല്ലുഖ് (التملق) മുദാറാത് (المداراة) എന്നൊക്കെയാണ് പറയുക. ഇമാം ഇബ്നു ഹജർ (റ) യുടെ ഫതാവാ ഹദീസിയ്യ:(പേ: 23)യിൽ ഇതു കാണാം. മുസ്‌ലിംകളെ വകവരുത്താൻ വന്നവരോട് പോലും തിരുനബി(സ്വ) തങ്ങളുടെ മൃദുല സമീപനം ഇതിൽ പെട്ടതായിരുന്നെന്ന് പ്രസ്തുത വിശദീകരണത്തിൽ ഇമാം പറയുന്നുണ്ട്.
ഇക്കാര്യം ഫത്ഹുൽ മുഈനിലും വ്യക്തമാക്കിയിട്ടുണ്ട്.
ويسن القيام لمن فيه فضيلة ظاهرة من نحو صلاح أو علم أو ولادة أو ولاية مصحوبة بصيانة. قال ابن عبد السلام أو لمن يرجى خيره أو يخشى شره ولو كافرا خشي منه ضررا عظيما. ويحرم على الرجل أن يحب قيامهم له. اه
(فتح المعين- ص: ٤٦٦)
ഇത്തരം സന്ദർഭങ്ങളിൽ അവരോട് മനസ്സിൽ ബഹുമാനമോ ആദരവോ ഉണ്ടാകാൻ പാടില്ലെന്നും നിയമമുണ്ട്.
✍️ അഷ്റഫ് സഖാഫി പള്ളിപ്പുറം
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
.
Comments
Post a Comment