'മയ്തും' - 'മയ്യിതും'
'മയ്തും' - 'മയ്യിതും'
🌷🍀🥀🪴🌺🌳🏵️🌻🌴🌸🍃🌿🌾☘️🌱
ശറഹുൽ മഹല്ലിയിൽ മിൻഹാജിന്റെ വരികളെ വിശദീകരിച്ചു കൊണ്ട് ഇങ്ങനെ കാണാം:
(وَلَوْ بَاعَ مَالَ مُوَرِّثِهِ ظَانًّا حَيَاتَهُ وَكَانَ مَيْتًا)
بِسُكُونِ الْيَاءِ. (صَحَّ فِي الْأَظْهَرِ). اه
(شرح المحلي: ٢/١٦٠)
ഇവിടെ (مَيْتًا) എന്ന വാക്കിനെ വായിക്കേണ്ടത് അതിലെ യാഇന് സുകൂൻ ചെയ്ത് കൊണ്ടാണെന്ന് പറയുന്നു. ഇങ്ങനെ പ്രത്യേകം പറഞ്ഞത്, സാധാരണ പദപ്രയോഗത്തിലുള്ള പോലെ (مَيّتًا) - മയ്യിത് - എന്ന് ഇവിടെ വായിക്കുന്നതിൽ പ്രശ്നമുണ്ടെന്ന് അറിയിക്കാനാണ്.
അതായത്, മയ്യിത് - എന്നാൽ മരിക്കാനിരിക്കുന്നയാൾ എന്നും മയ്ത് - എന്നാൽ മരിച്ച വ്യക്തി എന്നുമാണ് സാരം.
അത് കൊണ്ടാണ് ഖുർആനിൽ
{ إِنَّكَ مَیِّتࣱ وَإِنَّهُم مَّیِّتُونَ }
[سورة الزمر-٣٠]
ഇങ്ങനെ പറഞ്ഞത്. ഈ ആയത് അവതരിക്കുന്നത് ജീവിച്ചിരിക്കുന്ന തിരുനബി(സ്വ) തങ്ങളോട് പറയുന്നതായിട്ടാണ് - "നബിയേ, അങ്ങും അവരും മരിക്കാനുള്ളവർ തന്നെ.."
എന്നാൽ മറ്റുള്ളവരുടെ ഗീബത് പറയുന്നതിനെക്കുറിച്ച് ഖുർആൻ പ്രയോഗിച്ചത് നോക്കൂ:
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ ٱجۡتَنِبُوا۟ كَثِیرࣰا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمࣱۖ وَلَا تَجَسَّسُوا۟ وَلَا یَغۡتَب بَّعۡضُكُم بَعۡضًاۚ أَیُحِبُّ أَحَدُكُمۡ أَن یَأۡكُلَ لَحۡمَ أَخِیهِ مَیۡتࣰا فَكَرِهۡتُمُوهُۚ وَٱتَّقُوا۟ ٱللَّهَۚ إِنَّ ٱللَّهَ تَوَّابࣱ رَّحِیمࣱ }
[سورة الحجرات-١٢]
"വിശ്വാസികളേ, നിങ്ങൾ പരസ്പരം തെറ്റായ ധാരണകൾ വെച്ച് പുലർത്തരുത്, രഹസ്യങ്ങൾ ചോർത്തരുത്, ഗീബത് - തന്റെ കൂട്ടുകാരന് ഇഷ്ടമില്ലാത്തത് അവനെക്കുറിച്ച് മറ്റുള്ളവരോട് പറയരുത് ... നിങ്ങളാരെങ്കിലും മരിച്ചു കിടക്കുന്ന സഹോദരന്റെ പച്ച മാംസം തിന്നാൻ ആഗ്രഹിക്കുമോ ..?"
ഇവിടെ മരിച്ചു കിടക്കുന്ന സഹോദരൻ - എന്ന അർത്ഥത്തിൽ ഉപയോഗിച്ചപ്പോൾ മയ്ത് എന്നാണ് പറഞ്ഞത്.
വേറെയും ആയതുകൾ പരിശോധിച്ചാൽ ഈ വ്യത്യാസം കാണാം. ഹാശിയതുസ്സ്വാവി (അൽ ഫുർഖാൻ -49 നെ വിശദീകരിക്കുന്നിടത്ത് ) - ഈ വ്യത്യാസത്തെ കുറിച്ചു കൊണ്ടുള്ള ഒരു കവിത ഉദ്ധരിച്ചത് കാണാം:
أيا سائلي تفسير ميْت وميّت
فدونك قد فسرت ماعنه تسألُ
فما كان ذا روحٍ فذلك ميّت
وما الميْت إلا من إلى القبر يحملُ
ഈ വരികൾ 'അബൂ അംറ്' എന്നവരിൽ നിന്നും നേരിട്ട് കേട്ടതായി ഇമാം ഖലീൽ(റ) പറഞ്ഞതായി താജുൽ അറൂസിലുണ്ട്.
എന്നാൽ 'മയ്യിത് നിസ്കാരം' , 'മയ്യിത് മറവു ചെയ്യുക' - തുടങ്ങി ജനാഇസിന്റെ ബാബിൽ മരിച്ച വ്യക്തിക്ക് ഈ പേര് ഉപയോഗിച്ചു വരുന്നുണ്ട്. ഈ പ്രയോഗത്തെ തിരുത്തേണ്ടതില്ല. കാരണം, അങ്ങനെയും ഒരു ഉപയോഗമുണ്ട്. മേൽ പറഞ്ഞ കവിതയെ താജുൽ അറൂസിൽ ഉദ്ധരിച്ച ശേഷം അതിനോട് വിയോജിച്ചു കൊണ്ടുള്ള ഉദ്ധരണികളും ചേർക്കുന്നുണ്ട്. അല്ലാമഃ ഇബ്നു ദിഹ്‌യഃ(റ) എന്നവർ, അവരുടെ 'തൻവീർ' എന്ന കിതാബിൽ പറയുന്നു:
قال العَلاّمة ابْن دِحْيَة فِي كتاب التَّنْوِير فِي مولِد البَشِير النَّذِيرِ: بأَنَّه خطأٌ فِي القياسِ ومُخالِفٌ للسّماع، أَما القياسُ: فإِن (مَيْت) المُخَفَّفَ إِنما أَصْلُه مَيِّتٌ المُشَدّد، فخُفِّف، وتَخفيفُه لم يُحْدِث فِيهِ مَعْنًى مخالِفاً لمعناه فِي حَال التَّشْديدِ، كَمَا قَالَ: هَيْنٌ وهيِّن ولَيْنٌ ولَيِّن. اه
(تاج العروس: ٥/١٠٢)
" ... 'മയ്തും' - 'മയ്യിതും' തമ്മിൽ ഈ രൂപത്തിലുള്ള അന്തരം അറബി പ്രയോഗത്തിൽ കേട്ടുകേൾവി ഇല്ലാത്തതാണ്. യഥാർത്ഥത്തിൽ 'മയ്യിത്' എന്നതിനെ ലഘുവാക്കി ഉപയോഗിക്കുന്നത് മാത്രമാണ് 'മയ്ത്' എന്ന പദം..."
രണ്ടും ഒരേ അർത്ഥത്തിൽ ഉപയോഗിച്ച അറബി പ്രയോഗങ്ങളും തുടർന്ന് വിവരിക്കുന്നത് കാണാം. പ്രസ്തുത അന്തരം ഒരുകൂട്ടം ഫുഖഹാഉം സാഹിത്യകാരന്മാരും വെച്ചു പുലർത്തുന്നതാണെന്നും ആരോപണമുണ്ട്.
സമാനമായ മറ്റൊരു പദമാണ് 'മീതത്' (ميتة). ഇത് ഫിഅ്ലത് (فِعْلَة ) വസ്നാണ്. ഒരു ക്രിയയുടെ രൂപഭാവത്തെ കുറിക്കുന്നു. അപ്പോൾ ഒരു തരം മരണം - എന്നാണ് ഇതിനർത്ഥം. അൽഫിയ്യഃയിൽ പറഞ്ഞിട്ടുണ്ടല്ലോ :
وَ «فَعْلَةٌ» لِمَرَّةٍ كَـ «جَلْسَهْ» …
وَ «فِعْلَةٌ» لِهَيْئَةٍ كَـ «جِلْسَهْ»
ഇനി ശവാഹിദ് ബൈതുകളിൽ നമുക്ക് പരിചിതമായ ഒരു ബൈത് ഇതാ:
إياك والمِيتَاتِ لا تقرُبَنَّهَا... فلا تعبد الشيطان واللهَ فاعبُدَا
നിനക്ക് ദുർമരണം വന്നെത്തുന്നത് നീ സൂക്ഷിക്കണം, അതുണ്ടായിത്തീരുന്ന കാര്യങ്ങളിലേക്ക് അടുക്കുകയേ ചെയ്യരുത് .. എന്ന ആശയമാണ് ഈ കവിതയതിൽ. അതിലെ സാഹചര്യ തെളിവിൽ നിന്നാണ് - ميتة سيئة - ദുർമരണം എന്ന് സാരംശം നടത്തിയത്. പല കോലത്തിലും ദുർമരണങ്ങൾ ഉണ്ടായതിനാലാകണം മീതത് - എന്നതിന്റെ ബഹുവചനം അവിടെ പ്രയോഗിച്ചത്. ഏതായാലും ഈ കവിതയിൽ മയ്ത് - എന്നതിന്റെ ബഹുവചനമായിട്ട് (والمَيْتَات) എന്ന് വായിക്കുന്നത് കവിതയിലെ സാഹചര്യത്തിനോട് ഒരിക്കലും യോജിക്കുന്നില്ല തന്നെ.
നാഫിആയ ഇൽമ് ലഭിച്ചവരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment