മൻഖൂസ്വ് മൗലിദ്
📝
മൻഖൂസ്വ് മൗലിദ്
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
പറഞ്ഞു വന്നത്, നമ്മുടെ ചെയ്തികൾ ഇസ്‌ലാമികമായി വിലയിരുത്തിയാൽ പല പേരുകളിലും വിശേഷിപ്പിക്കാമെങ്കിലും അതെല്ലാം തെറ്റായിക്കൊള്ളണമെന്നില്ല. നബിയുടെ കാലത്തില്ലാത്തത് - എന്ന നിലയിൽ ഒരു കാര്യത്തെ ഭാഷാപരമായി ബിദ്അത് എന്ന് പറഞ്ഞേക്കാം, പരലോകത്ത് പുണ്യം കിട്ടുന്ന കാര്യമെന്ന നിലക്ക് അതേ പ്രവൃത്തി സുന്നത്തുമാകാം.
ഇത്തരം ഗണത്തിൽ പെട്ടതാണ് തിരുനബി (സ്വ) തങ്ങളുടെ പേരിലുള്ള മൗലിദ്. മൗലിദ് - എന്ന അറബി പദം സൂചിപ്പിക്കുന്ന പോലെ തന്നെ തിരു ജന്മവുമായി ബന്ധപ്പെട്ട കാര്യങ്ങളും, അവിടുത്തെ വളർച്ചയും ഗദ്യമായും പദ്യമായും ചൊല്ലുന്ന രീതിയാണത്. പങ്കെടുത്തവർക്കെല്ലാം മധുരവും സുഭിക്ഷമായ ഭക്ഷണ പാനീയങ്ങളും. ഈയൊരു രീതി തിരുനബി(സ്വ)യുടെയോ സ്വഹാബതിന്റെയോ കാലത്തില്ല. എന്ന് കരുതി അത് തെറ്റാണെന്ന് പറയാനൊക്കുമോ?
നോക്കൂ, ഈ മൗലിദ്, ഒരു പ്രവൃത്തിയാണ്. ബുദ്ധിയുള്ള മനുഷ്യൻ ഇഷ്ടാനുസരണം ചെയ്യുന്നത്. ഇത്തരം മനുഷ്യൻ ചെയ്യുന്ന സകല കാര്യങ്ങൾക്കും ഇസ്‌ലാമികമായി ഒരു വിധിയുണ്ടാവുമല്ലോ. വാജിബ് - നിർബന്ധമായും ചെയ്തിരിക്കേണ്ടത്, ഹറാം - നിഷിദ്ധമായത്, മുബാഹ് - ചെയ്യാൻ അനുവാദമുള്ളത്, സുന്നത് - പ്രതിഫലാർഹമായ നല്ല കാര്യങ്ങൾ, കറാഹത് - ശിക്ഷയില്ലെങ്കിലും വെറുക്കപ്പെട്ടത് - ഈ പഞ്ചവിധികളിൽ പെടാത്ത ഒരു കാര്യവുമില്ല. അത് നബിയുടെ കാലത്തുള്ളതായാലും ഇല്ലാത്തതായാലും, ഇന്നലെ ഇല്ലാത്തതും ഇന്ന് മുതൽ തുടങ്ങിയതാണെങ്കിലും. അത് കൊണ്ട് തീർച്ചയായും നമ്മുടെ മൗലിദിനും ഒരു വിധി വേണം. ബഹുമാനപ്പെട്ട ഇമാമുകൾ ഇത് സുന്നത്തായ കാര്യങ്ങളിൽ പെട്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
മൗലിദ് - എന്ന പ്രയോഗം താബിഉകളുടെ ഉദ്ധരണികളിൽ തന്നെ കാണുന്നുണ്ടെങ്കിലും അതിന്റെ വ്യക്തമായ രീതികൾ വിവരിച്ചു കാണുന്നില്ല. എന്നാൽ നമ്മുടെ നാടുകളിൽ സജീവമായി കാണുന്ന മൗലിദുകളുടെ രീതിയിൽ മുൻകാലത്ത് തന്നെ നടപ്പുള്ളതായി ചരിത്രങ്ങളിൽ കാണാം. വമ്പിച്ച സദസ്സുകളിൽ ആഘോഷമായി കൊണ്ടാടിയത് ഹിർബൽ ഭരിച്ചിരുന്ന മലികുൽ മുളഫ്ഫറാണ്. വിശ്വപ്രസിദ്ധനായ സ്വലാഹുദ്ധീൻ അയ്യൂബി(റ)യുടെ ഭരണകൂടത്തിന് കീഴിലെ രാജാവും അയ്യൂബിയുടെ സഹോദരീ ഭർത്താവുമാണിദ്ദേഹം. ഹിജ്റഃ അഞ്ഞൂറുകളുടെ അവസാനത്തിൽ തന്നെ മൗലിദ് സദസ്സുകൾ സംഘടിപ്പിക്കുന്നവരായിരുന്നു. അങ്ങനെ ഹി: 604-ൽ ഹിർബൽ ദേശത്തിലൂടെ ഇബ്നു ദിഹ്‌യഃ അൽ കലബീ(റ) സഞ്ചരിക്കാനിടയായി. മുഹദ്ദിസും എല്ലാവിധ ഇൽമുകളും അറിയുന്നവരും നല്ല ഓർമ്മശക്തിയുള്ളവരുമാണെന്ന് ഇബ്നു ഖല്ലികാൻ അദ്ദേഹത്തെ വാഴ്ത്തിയത് കാണാം. പ്രജകളുടെ രാജാവിനോടുള്ള സ്നേഹവും നബി കീർത്തനത്തിലെ സൽപ്പേരും കേട്ടപ്പോൾ, രാജാവിന് വേണ്ടി, 'അത്തൻവീർ ഫീ മൗലിദി സിറാജിൽ മുനീർ' എന്ന ഒരു മൗലിദ് ഗ്രന്ഥം ഇബ്നു ദിഹ്‌യഃ(റ) രചിക്കുകയും അതിന് പ്രതിഫലമായി ആയിരം ദീനാർ പൊന്ന് (ഏകദേശം 600 പവൻ) സമ്മാനം ലഭിക്കുകയും ചെയ്തുവത്രെ! വിശുദ്ധരിൽ വിശുദ്ധരായി കാണുന്ന അയ്യൂബി(റ)യുടെ കാലത്ത്, ബഹുജോറിൽ നടത്തിവരുന്ന ഈ നടപടിയെ ഇമാമുകൾ വിമർശിക്കുകയാണോ ചെയ്തത് ? അല്ല, മറിച്ച് അവരെ പ്രോത്സാഹിപ്പിക്കുകയും അതിന് വേണ്ടി മൗലിദ് ഗ്രന്ഥങ്ങൾ തന്നെ രചിച്ചു കൊടുക്കുകയുമാണ് ഉണ്ടായത്.
മേൽപറഞ്ഞ ഇബ്നു ദിഹ്‌യഃ അൽ കലബീ(റ)യെ സംബന്ധിച്ച് ചില സംസാരങ്ങൾ നടന്നിട്ടുണ്ട്.
(لسان الميزان للعسقلاني رحمه الله)
ഹദീസ് നിവേദന പരമ്പരയിൽ സ്വീകാര്യനല്ലെന്നാണ് അതിന്റെ താൽപര്യം. ഹദീസ് നിരൂപകന്മാർ ഒരാളെ സംബന്ധിച്ച് വിലയിരുത്താൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ അതിസൂക്ഷ്മമായ കാര്യങ്ങളാണ്.
الجرح والتعديل
എന്ന ഒരു ഫന്ന് തന്നെ ഈ വിഷയത്തിലുണ്ട്. ജീവിതത്തിൽ ഒരിക്കൽ പോലും കളവ് പറയാത്ത ഉത്തമ മനുഷ്യനാണെങ്കിൽ പോലും, തനിക്ക് ലഭിച്ച ഒരു ഹദീസ് രിവായത് ചെയ്തതിന്റെ പേരിൽ അദ്ദേഹം അവർക്കിടയിൽ സ്വീകാര്യനല്ലാതായി മാറും. ചുരുക്കത്തിൽ മുഹദ്ദിസുകൾ ഒരു വ്യക്തിയെ കുറിച്ച് എന്ത് പരാമർശം നടത്തിയാലും അത് അദ്ദേഹത്തിന്റെ മഹത്വത്തെ കുറച്ചു കാണിക്കലേ അല്ല. ഹദീസ് നിരൂപണത്തിൽ സ്വീകാര്യനല്ലെന്ന് മാത്രമേ മനസ്സിലാക്കാവൂ. ഇബ്നു ദിഹ്‌യഃ(റ)യെക്കുറിച്ചും ഇതേ പറയാനുള്ളൂ.
ഇമാം നവവി(റ) ജനിക്കുന്നതിന് മുമ്പേ നടന്നിരുന്ന ഈ വഴക്കത്തെ പുണ്യമാണെന്ന് വിധിയെഴുതിക്കൊണ്ട് അവരുടെ ഉസ്താദ് അശ്ശൈഖ് അബൂ ശാമഃ(റ)യുടെ ഫത്‌വായുണ്ട്. അതും സമുദായത്തിൽ ഉടലെടുത്ത തോന്നിവാസങ്ങളെ എതിർത്തുകൊണ്ടുള്ള ഗ്രന്ഥത്തിൽ. അഥവാ - ഈ ചെയ്തി അത്തരം നീചവൃത്തികളിലൊന്നും പെടാത്തതാണെന്ന് വളരെ വ്യക്തമാക്കി തന്നെ പറഞ്ഞിരിക്കുന്നു:
ومن أحسن ما ابتدع في زماننا ما يفعل كل عام في اليوم الموافق ليوم مولده صلى الله عليه وسلم من الصدقات والمعروف وإظهار الزينة والسرور فإن ذلك مع ما فيه من الإحسان إلى الفقراء مشعر بمحبته صلى الله عليه وسلم وتعظيمه وجلالته في قلب فاعل ذلك وشكر الله تعالى على ما به من إيجاد رسوله الذي أرسله رحمة للعالمين. اه
(الباعث على إنكار البدع والحوادث)
".. നമ്മുടെ കാലത്തുണ്ടായ കാര്യങ്ങളിലെ ഏറ്റവും നല്ല പ്രവൃത്തിയാണ് എല്ലാ നബിദിനത്തിലും നടത്തിവരുന്ന ഇത്തരം ദാനധർമ്മങ്ങളും മറ്റു നല്ല കാര്യങ്ങളും, സന്തോഷ പ്രകടനങ്ങളും ഭക്ഷണ വിതരണങ്ങളും. അതെല്ലാം തിരുനബി(സ്വ)യോടുള്ള സ്നേഹത്തെ വിളിച്ചോതുന്നവയാണ് .."
സമാനമായ ഫത്‌വാ ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ)യും നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് മാത്രം
حسن المقصد في عمل المولد
എന്ന ഗ്രന്ഥം രചിച്ചവരാണ് ഇമാം സുയൂത്വി(റ). നവീന വാദികൾ പിരിശത്തോടെ വാഴ്ത്തുന്ന ഇമാമുകളാണ് മുകളിലുള്ളവരെല്ലാം. ഇവർക്ക് പുറമെ ഇമാം ഇബ്നു ഹജർ അൽ ഹൈതമി(റ)യും ഇതു സംബന്ധിച്ച് പുണ്യകർമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒന്നുകൂടി പറഞ്ഞാൽ, ശാഫിഈ മദ്ഹബിലെ ഒരൊറ്റ ഇമാമിനും ഇവ്വിഷയത്തിൽ എതിരഭിപ്രായമില്ല. കാരണം, പുതിയ കാര്യങ്ങൾ ഉടലെടുക്കുമ്പോൾ അതിനെ എങ്ങിനെ സമീപിക്കണമെന്ന് ശാഫിഈ ഇമാം തന്നെ വ്യക്തമാക്കിയിട്ടുണ്ട്:
قال الإمام الشافعي: المحدثات من الأمور ضربان أحدهما ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه البدعة الضلالة، والثاني ما أحدث من الخير لا خلاف فيه لواحد من هذا فهذه محدثة غير مذمومة. اه
رواه البيهقي في مناقب الشافعي(١/٤٦٩)
وذكره الحافظ ابن حجر في فتح الباري
"... പുതുതായി ഉണ്ടാവുന്ന കാര്യങ്ങൾ ഖുർആനിനോടോ തിരുസുന്നതിനോടോ സലഫിന്റെ നടപടിക്കോ ഇജ്മാഇനോ എതിരായി വന്നത് മാത്രമേ തെറ്റാവൂ. നല്ലകാര്യങ്ങൾ പിന്നീടുണ്ടാവുന്നത് എതിർക്കപ്പെടേണ്ടതല്ല..."
നമ്മൾ കൊണ്ടാടുന്ന മൗലിദുകൾ മുകളിൽ പറഞ്ഞവയുടെ അദ്ധ്യാപനങ്ങൾക്ക് വിരുദ്ധമായതല്ല തന്നെ. എന്നാൽ ഇതൊരു കർമ്മപരമായ കാര്യമായത് കൊണ്ട് തന്നെ ഭിന്നവീക്ഷണം ഉണ്ടാവാമല്ലോ. ശാഫിഈ മദ്ഹബിന് പുറത്ത് മാലികീ മദ്ഹബിലെയും ഹമ്പലീ മദ്ഹബിലെയും വളരെചുരുക്കം ചിലർ പുതുതായി ഉണ്ടായതെന്ന പേരിൽ തന്നെ എതിർത്തിട്ടുണ്ട്. ആ വീക്ഷണത്തെ പിൽക്കാലത്തുള്ളവരാരും തന്നെ പിന്തുണച്ചില്ല. എന്ന് മാത്രമല്ല, അവരെ ശക്തിയുക്തം തള്ളുകയാണ് ഇമാമുകൾ ചെയ്തത്.
ഇബ്നു തൈമിയ്യഃയുടെ ഫത്‌വാ:
ഹമ്പലീ മദ്ഹബുകാരനായി അറിയപ്പെടുന്ന ഇദ്ദേഹം മൗലിദിനെ ശക്തമായി വിമർശിച്ചിട്ടുണ്ട്. ഒന്നുകിൽ അത് നിഷിദ്ധമോ അല്ലെങ്കിൽ കറാഹതോ ആയിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇതൊരു മദ്ഹബിന്റെ വീക്ഷണത്തിൽ ചിന്തിച്ചാൽ തന്നെ, ഇതെങ്ങനെ ശാഫിഈ മദ്ഹബുകാർക്ക് എതിരാകും ? മാത്രമല്ല, ഇബ്നു തൈമിയ്യഃ അയാളുടെ ദീർഘമായ ഫത്‌വായിൽ - ഇത്തരം കാര്യങ്ങൾ നബിസ്നേഹത്തിന്റെ പേരിൽ സദുദ്ദേശപരമായി ചെയ്താൽ തെറ്റില്ല - എന്ന ഒരു പരാമർശവും നടത്തിയിട്ടുണ്ട്!
മൻഖൂസ്വ് മൗലിദ്:
മേൽപറഞ്ഞ മൗലിദുകളുടെ ഗണത്തിൽ കേരളീയർക്ക് സുപരിചിതമായ ഒന്നാണിത്. ഇതിന്റെ പേര് സൂചിപ്പിക്കുന്ന പോലെ തന്നെ, ഇമാം ഗസ്സാലി(റ)യുടെ 'സുബ്ഹാന മൗലിദി'ൽ നിന്നും ചുരുക്കിയെടുത്തതാണ് ഈ മൗലിദ്.
സൈനുദ്ധീൻ മഖ്ദൂമാണ്(റ) രചയിതാവ്. എങ്കിലും ഒന്നാമനെന്നോ രണ്ടാമനെന്നോ എന്നതിൽ ചരിത്രകാരന്മാർക്കിടയിൽ തർക്കമുണ്ട്. എന്നുവെച്ച് അത് ചൊല്ലാൻ പാടില്ലെന്നുണ്ടോ ? അങ്ങനെയെങ്കിൽ ഗ്രന്ഥകാരനെ അറിയാത്ത എത്ര പുസ്തകങ്ങൾ നാം വായിക്കുന്നുണ്ട് ! നോക്കൂ, മദ്റസഃയിലെ പാഠ പുസ്തകങ്ങൾ രചിച്ചത് ആരാണെന്നറിയാതെയല്ലേ കുട്ടികൾ അത് പഠിക്കുന്നത് ? ചില അദ്ധ്യാപകർ തന്നെ ഗ്രന്ഥകാരനെ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഇന്ന് കാണുന്ന വിധം മുസ്ഹഫിനെ രണ്ട് ചട്ടക്കുള്ളിലാക്കുന്നത് വരെയുള്ള ചരിത്രം അറിയാത്തവരായിരിക്കില്ലേ സാധാരണക്കാരിൽ പലരും ? അത് കൊണ്ട് ഇന്നത്തെ മുസ്ഹഫ് ഓതാൻ പാടില്ലേ ? അപ്പോൾ ഗ്രന്ഥകാരനെ നിർണ്ണയിച്ച് കിട്ടുന്നതിലല്ല ഒരു ഗ്രന്ഥത്തിന്റെ ശരി-തെറ്റുകൾ. മറിച്ച് അതിലെ വിഷയങ്ങൾ ഇസ്‌ലാമികമാണോ അല്ലേ എന്നതാണ് കാര്യം. മൻഖൂസ്വ് മൗലിദിന്റെ കാര്യത്തിൽ രചയിതാവ് രണ്ടിൽ ഒരാളാണെന്ന് തീർച്ചയുണ്ട്. അവരിൽ ആരായാലും പ്രശ്നമില്ല. ഇരുവരും സർവ്വരാൽ സുസമ്മതരായ മഹാന്മാരും. പിന്നെന്തിന് ശങ്കിക്കണം !
ചില വിമർശനങ്ങൾ:
രചയിതാവിന്റെ കാര്യത്തിലുള്ള ചരിത്രപരമായ അഭിപ്രായ ഭിന്നതയാണ് നവീനവാദികളുടെ ഒരു പ്രശ്നം. അതാണ് മുകളിൽ വിവരിച്ചത്. മറ്റൊന്ന്, ഒരുപാട് അടിസ്ഥാന രഹിതമായ കാര്യങ്ങൾ മൻഖൂസ്വ് മൗലിദിൽ ഉണ്ടെന്നതാണ്. മൗലിദിന്റെ തുടക്കത്തിലെ വാചകം നോക്കൂ:
"سبحان الذي أطلع في شهر ربيع الأول قمر نبي الهدى وأوجد خلقه قبل العالم وسماه محمدا.."
തിരുനബി(സ്വ) തങ്ങളുടെ ജനനം റബീഉൽ അവ്വൽ മാസത്തിലാണെന്നും എല്ലാത്തിനേക്കാളും മുമ്പ് സൃഷ്ടിക്കപ്പെട്ടവരാണ് തിരുദൂതരെന്നും അന്ന് തന്നെ "മുഹമ്മദ്" എന്ന് നാമകരണം ചെയ്തു എന്നുമാണ് ഈ വാക്യത്തിലുള്ളത്. ഈ മൂന്ന് കാര്യങ്ങളും വിശ്വസിക്കാൻ പറ്റില്ലത്രെ ഇവർക്ക് ! ഖണ്ഡിതമായ പ്രമാണങ്ങൾ കൊണ്ട് തെളിയിക്കപ്പെട്ടതല്ല എന്നതാണ് കാരണം. അതിന്, ആ രൂപത്തിൽ തെളിഞ്ഞത് മാത്രമേ വിശ്വസിക്കാൻ പാടുള്ളൂ എന്ന് നിയമമുണ്ടെങ്കിലല്ലേ ഇത് പ്രശ്നമാവുക ? അങ്ങനെയില്ലല്ലോ. ഉദാഹരണത്തിന്, എന്റെ സുഹൃത്ത് ഇന്ന് വിദേശത്ത് നിന്നും വരുന്നുണ്ടെന്ന് ഞാനങ്ങ് വിശ്വസിച്ചു. മറ്റുള്ളവരുടെ സംസാരത്തിൽ നിന്ന് ഞാൻ ഊഹിച്ചെടുത്തതാണെന്ന് കരുതിക്കോളൂ. ഞാൻ ഇത് എന്റെ വേറൊരു കൂട്ടുകാരനോട് പറഞ്ഞു. അവൻ അക്കാര്യം ഇല്ലെന്ന് നിഷേധിക്കുന്നു. പക്ഷെ, എന്നിട്ടും അവൻ വിദേശത്ത് നിന്ന് ഇന്നെത്തുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു - അത് പിന്നീട് ശരിയാകാം, അല്ലാതിരിക്കാം - എന്നിട്ടും അത് തെളിയുന്നതിന് മുമ്പ് അങ്ങനെ വിശ്വാസിക്കുന്നത് തെറ്റാണോ? അല്ല തന്നെ. ഒരു കാര്യം വിശ്വസിക്കണമെങ്കിൽ ഖണ്ഡിതമായ കാര്യങ്ങളാകണം എന്നില്ല. എന്നാൽ എല്ലാവരും നിർബന്ധമായും വിശ്വസിക്കേണ്ട കാര്യങ്ങളുണ്ട്. അത് ഖണ്ഡിതമായി സ്ഥിരപ്പെട്ടതുമാണ്.
വിഷയത്തിലേക്കു വരാം, തിരുജന്മം ഏതു ദിവസത്തിലായിരുന്നെന്ന് ചരിത്രത്തിൽ ഭിന്നാഭിപ്രായമുണ്ട്. ദിവസങ്ങൾ കൃത്യമായി രേഖപ്പെടുത്തുകയും തഥടിസ്ഥാനത്തിൽ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്ന രീതി മുൻകാലങ്ങളിൽ ഇല്ലാത്തതാണ് ഈ അഭിപ്രായ വ്യത്യാസങ്ങൾക്ക് കാരണം. എന്തിനധികം, നമ്മുടെ കാരണവൻമാരിൽ മിക്ക പേരും ജനന തിയ്യതി, പ്രധാന കാര്യങ്ങൾ നടന്ന ദിനം എന്നിവയൊന്നും കൃത്യമായി ഓർത്തു വെക്കുകയോ രേഖപ്പടുത്തുകയോ ചെയ്തിട്ടുണ്ടാവില്ല. അന്നത്തെ പ്രധാന സംഭവത്തിലേക്ക് ചേർത്തി, അതിന്റെ രണ്ടാഴ്ച കഴിഞ്ഞ് - അഞ്ച് ദിവസങ്ങൾക്ക് മുമ്പ് എന്നിങ്ങനെ പറയാറാണ് ഇവരുടെ രീതി. ജാഹിലിയ്യാ കാലത്തും ഇതുതന്നെ. അന്നത്തെ പ്രധാന സംഭവമായിരുന്നല്ലോ 'ആനക്കലഹം'. ആ വർഷത്തിലായിരുന്നു തിരുജന്മമെന്ന് ചരിത്രം പറയുന്നു. ഓരോ സംഭവത്തിലേക്ക് ചേർത്തിപ്പറയുക, തിയ്യതി കുറിച്ചു വെക്കുന്നതിലെ കണിശതക്കുറവ് - ഇതിന്റെയൊക്കെ സ്വാഭാവികതയാണ് തിരുജന്മ ദിവസം ഏതെന്ന അഭിപ്രായ ഭിന്നതയും. എന്നാൽ ഖലീഫഃ ഉമർ(റ)ന്റെ കാലത്ത് ഹിജ്റഃ വർഷം ഭരണ കാര്യങ്ങളിലും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ഇസ്‌ലാമിന്റെ വ്യാപനത്തോടെ അത് പ്രസിദ്ധിയാർജ്ജിക്കുകയും ചെയ്തു. ഇതോടെ തിരുജനനം ചരിത്രപരമായി റബീഉൽ അവ്വൽ പന്ത്രണ്ടിന്റെ പ്രഭാത സമയത്താണെന്ന് കൃത്യമാക്കുകയും ചെയ്തിട്ടുണ്ട്. അതിന് മുമ്പുള്ള അഭിപ്രായ ഭിന്നത കിതാബുകളിൽ ഉദ്ധരിക്കപ്പെട്ടു എന്ന് മാത്രം. മുജ്തഹിദുകളുടെ സർവ്വാംഗീകൃതമായ ഇജ്മാഅ് സ്ഥിരപ്പെടുന്നതിന് മുമ്പ്, അല്ലെങ്കിൽ ഇജ്മാഅ് ഉണ്ടെന്ന് അറിയുന്നതിന് മുമ്പ് പറഞ്ഞുവെച്ച വീക്ഷണങ്ങൾ കിതാബുകളിലുണ്ട്. എന്നുവെച്ച് അത് പ്രവൃത്തിയിൽ കൊണ്ടുവരാനുള്ളതല്ലല്ലോ.
അപ്പോൾ, തിരുജന്മം റബീഉൽ അവ്വൽ പന്ത്രണ്ടിനാണെന്ന ചരിത്രകാരന്മാരുടെ തീരുമാനം ഒരാൾ വിശ്വാസിക്കുന്നതിൽ എന്ത് തെറ്റാണുള്ളത് ! പ്രഗൽഭരായ ചില പണ്ഡിതരുടെ റബീഉൽ അവ്വലിലെ ഏഴിനാണെന്നും മറ്റുമുള്ള വീക്ഷണങ്ങൾ പരിഗണിച്ചാൽ തന്നെയും റബീഉൽ അവ്വൽ മാസത്തിലാണെന്ന് ഉറപ്പിക്കാവുന്നതേയുള്ളൂ. ഈ മാസത്തിലല്ല എന്ന വീക്ഷണം ചരിത്രപരമായി വളരെ ബാലിശവുമാണ്. എന്നിരിക്കെ ഈ മാസത്തിലാണ് തിരുജന്മമെന്ന ചരിത്രസത്യത്തെ - മൗലിദിലെ പരാമർശത്തെ തെറ്റാണെന്ന് വിധികൽപിക്കാൻ എങ്ങനെ സാധിക്കും !
ആദ്യസൃഷ്ടി തിരുഒളിവ്:
കാലങ്ങളായി നിലനിന്നിരുന്ന പലകാര്യങ്ങൾക്കും ഇസ്‌ലാമിന് തിരുത്തുകളുണ്ട്. ഈ ലോകത്തിന് തുടക്കമില്ല, അത് മുമ്പേ ഇവിടെയുള്ളതാണ്, മനുഷ്യൻ മറ്റുപലതിൽ നിന്നും പരിണമിച്ചതാണ് തുടങ്ങി ഒരുപാട് കാര്യങ്ങൾ ഇസ്‌ലാം തെറ്റാണെന്ന് വിളിച്ചു പറഞ്ഞവയാണ്. അതിൽ പെട്ടതാണ് ആദ്യം ഉണ്ടായത് ആകാശമാണന്നെ ഇന്നത്തെ ബൈബിൾ സന്ദേശവും.
ജാബിർ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്:
وعن جابر بن عبد الله قال: قلت لرسول الله صلى الله عليه وآله: أول شئ خلق الله تعالى ما هو؟ فقال:((أول ما خلق الله نورُ نبيِّك يا جابر))، وفي لفظ: ((يا جابر، إنَّ الله خلَق قبل الأشياء نورَ نبيك من نوره)).
ജാബിർ(റ) പറയുന്നു: അല്ലാഹുവിന്റെ ആദ്യ സൃഷ്ടിയെക്കുറിച്ച് ഞാൻ നബിയോട് ചോദിച്ചു. അവിടുന്ന് പ്രതിവചിച്ചു: അത് എന്റെ 'നൂറാ'ണ്. മറ്റൊരു റിപ്പോർട്ടിൽ ഇങ്ങനെയും കാണാം:
قال رسول الله صلى الله عليه وآله: أول ما خلق الله نوري، ابتدعه من نوره، واشتقه من جلال عظمته
ഈ ഹദീസ് ഹാഫിള് അബ്ദുർറസാഖ്(റ) 'മുസ്വന്നഫി'ൽ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വഹാബിയിൽ നിന്ന് രണ്ടുപേർ കഴിഞ്ഞാൽ തന്നെ ഹാഫിള് അബ്ദുർറസാഖ്(റ) എന്നവരിലേക്ക് സനദ് ചേരുന്നുണ്ട്. അത് കൊണ്ട് മോശപ്പെട്ടവർ ഈ കണ്ണിയിൽ വന്ന് ചേരാനുള്ള സാധ്യത നന്നേ കുറവ്. ഈ ഹദീസിനെ പിൽക്കാലത്ത് വന്ന ഇമാം ഖസ്ത്വല്ലാനി(റ), ഇമാം സുയൂത്വി(റ), ഇമാം ഇബ്നു ഹജർ(റ) തുടങ്ങിയ ഇമാമുമാരെല്ലാം അവരെ തൊട്ട് ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇന്ന് കാണുന്ന മുസ്വന്നഫിൽ ഈ ഹദീസ് കാണുന്നില്ല. വഹാബികളുടെ വെബ്സൈറ്റിലെല്ലാം ഇത് മുസ്വന്നഫിൽ കാണുന്നില്ലെന്ന് ധൈര്യ സമേതം പറയുന്നുമുണ്ട്. കാര്യമിതാണ് - അത് മനഃപ്പൂർവ്വമോ അല്ലാതെയോ അത് ഒഴിവാക്കി പ്രസിദ്ധീകരിച്ചു. ഇന്ന് ആ നഷ്ടപ്പെട്ട നാൽപതോളം ഹദീസുകൾ ഉൾക്കൊള്ളിച്ച് ഒരു വാള്യം
الجزء المفقود من الجزء الأول من المصنف
എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഈ ഹദീസ് കാണാം. അല്ലെങ്കിലും പിൽക്കാലത്തുള്ള ഇമാമുകൾ അതിൽ നിന്ന് ഉദ്ധരിച്ചത് തന്നെ അതിൽ ഉണ്ടായിരുന്നു എന്നതിന് രേഖയാണല്ലോ.
മേൽ പറഞ്ഞതിനോട് എതിരാകുന്ന ഒരു ഹദീസും ഇല്ല.
ആദ്യം സൃഷ്ടിക്കപ്പെട്ടത് 'അർശാ' ണെന്നും 'ഖലമാ'ണെന്നും മറ്റും രിവായതുകളുണ്ടെങ്കിലും ജാബിർ(റ)വിന്റെ ഹദീസിൽ എല്ലാത്തിനേക്കാളും ആദ്യം എന്ന് വ്യക്തമാക്കുന്ന പരാമർശമുണ്ട്.
فقد أخرج عبد الرَّزَّاق بِسَنَدِهِ عَن جَابر بن عبد الله الْأنْصَارِيّ رَضِي الله عَنْهُمَا قَالَ: (قلت: يَا رَسُول الله بِأبي أَنْت وَأمي أَخْبرنِي عَن أوّل شَيْء خلقه الله قبل الْأَشْيَاء؟ قَالَ: يَا جَابر إِن الله خلق قبل الْأَشْيَاء نور نبيك مُحَمَّد صلى الله عَلَيْهِ وَسلم من نوره فَجعل ذَلِك النُّور يَدُور بِالْقُدْرَةِ حَيْثُ شَاءَ الله، وَلم يكن فِي ذَلِك الْوَقْت لوح وَلَا قلم وَلَا جنَّة وَلَا نَار وَلَا ملك وَلَا سَمَاء وَلَا أَرض وَلَا شمس وَلَا قمر وَلَا إنس وَلَا جن، فَلَمَّا أَرَادَ الله تَعَالَى أَن يخلق الْخلق قسم ذَلِك النُّور أَرْبَعَة أَجزَاء: فخلق من الْجُزْء الأوّل الْقَلَم، وَمن الثَّانِي اللَّوْح، وَمن الثَّالِث الْعَرْش الخ
(فتاوى الحديثية لابن حجر الهيتمي- ص:٤٤)
അപ്പോൾ അത്തരം ഹദീസുകളെല്ലാം ഈ ഹദീസിനോട് യോജിപ്പിച്ച് അവയെക്കാളും മുമ്പ് തിരുനൂർ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് വ്യാഖ്യാനിച്ച് മനസ്സിലാക്കുകയാണ് വേണ്ടത്. പരസ്പരം വൈരുദ്ധ്യം ആണെന്ന് തോന്നുന്ന ഹദീസുകൾ യോജിപ്പിച്ച് മനസ്സിലാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യണമെന്ന് മുഹദ്ദിസുകൾ വ്യക്തമാക്കിയതാണല്ലോ. അല്ലാതെ ഒന്ന് ശരിയും മറ്റേത് തെറ്റുമാണെന്ന് പറയേണ്ടതില്ല. ഇതാണ് ഹദീസ് നിരൂപകന്മാരുടെയെല്ലാം ശൈലിയും.
'നൂർ' എന്ന ഹദീസ് വാചകത്തിന് പ്രകാശം എന്ന് അർത്ഥം കൊടുത്തിട്ട് വ്യാകുലപ്പെടുന്നതും ശരിയല്ല. ആ 'നൂർ' ആദം നബി(അ)ന്റെ, പിന്നെ നൂഹ് നബി(അ)ന്റെ, ശേഷം ഇബ്റാഹീം നബി(അ)ന്റെ മുതുകിലൂടെ അവിടുത്തെ മാതാപിതാക്കളിലൂടെ ഈ ലോകത്തേക്ക് ഉദയം ചെയ്തു - എന്ന മൗലിദിലെ ഉദ്ധരണിയെ കളിയാക്കുകയാണിവർ. പ്രകാശമെങ്ങനെ മനുഷ്യ ശരീരങ്ങളിലുണ്ടാവും എന്നാണ് വ്യാകുലപ്പെടുന്നത്. 'നൂർ' എന്നത് അനിർവചനീയമായ ദിവ്യമായിട്ടുള്ള കാര്യങ്ങൾക്കെല്ലാം പറയുന്ന ഒരു പേരാണ്. 'ഒളിവ്' എന്നാണ് ഇതിന് പഴയ മാപ്പിളഭാഷ. ഹഖീഖത് മുഹമ്മദിയ്യഃ - തിരുനബി(സ്വ)യുടെ ഉൺമക്കാവശ്യമായ പരമ സത്ത - അടിസ്ഥാന കണം, ആ കണത്തിൽ നിന്നാണ് ലോകമാസകലം സൃഷ്ടിച്ചത്. ഉമറുൽ ഖാഹിരീ(റ) അവരുടെ കവിതയിലൂടെ ഇത് പറയുന്നുണ്ട്.
عَيْنُ عَيْـنٍ عَيْنُ حَقٍّ عَيْنُ أَعْيَانٍ فَمَـا
عَـيْنٌ تَـرَى عَبْدًا عَدِيلا مَنْ إِلَى الْمَعَالِ عَال
നോക്കൂ, നാമോരോരുത്തരെയും മാതാവിന്റെ ഉദരത്തിൽ സൃഷ്ടിച്ചത് മാംസ പിണ്ഡമായതിന് ശേഷം ആദ്യം വാൽക്കുറ്റിയാണ്. عجب الذنب - എന്നാണ് അതിന്റെ അറബി പദം. ഈ കണം മരണശേഷവും ദ്രവിക്കാതെ അവശേഷിക്കുകയും പുനർജന്മം ഇതിലൂടെ ആയിരിക്കുമെന്നും ഹദീസുകളിൽ പഠിപ്പിക്കുന്നു. എന്ന പോലെ ലോകത്തിന്റെയാസകലം അടിസ്ഥാന കണമായി ആ 'നൂറി'നെ മനസ്സിലാക്കിയാൽ മതിയല്ലോ.
ആ തിരുനൂർ ഉണ്ടായ അന്ന് മുതൽ തന്നെ 'മുഹമ്മദ്' എന്ന് പേരു വെക്കുകയും ചെയ്തു. അർശിന്റെ സൃഷ്ടിപ്പിനെ വിവരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം:
"..അർശിനെ സൃഷ്ടിച്ചപ്പോൾ അത് പ്രകമ്പനം കൊള്ളുകയും അതിന്റെ തൂണിൽ
لا إله إلا الله محمد رسول الله
എന്ന് എഴുതി വെച്ചപ്പോൾ അത് നിശ്ചലമാവുകയും ചെയ്തു.." അർശിനെ സൃഷ്ടിക്കും മുമ്പേ 'മുഹമ്മദ്' എന്ന നാമകരണം നടന്നിട്ടുണ്ട് എന്നത് ഇതിൽ നിന്നും വ്യക്തമാണല്ലോ. അപ്പോൾ അർശിന് മുമ്പേ തിരുനൂർ സൃഷ്ടിച്ചുവെന്നും അന്ന് തന്നെ 'മുഹമ്മദ്' എന്ന് നാമകരണം ചെയ്തുവെന്നും മനസ്സിലാക്കുന്നത് മഹാന്മാർ പറഞ്ഞത് പ്രകാരം തന്നെയാണ്. അല്ലെങ്കിലും നാമകരണം ചെയ്യാൻ അല്ലാഹുവിന്റെ വിധിയിൽ ഉണ്ടായാൽ മതി. നമ്മുടെയെല്ലാം പേരുകൾ ലോകസൃഷ്ടിപ്പിന് മുന്നേയുള്ള റബ്ബിന്റെ വിധിയിൽ ഉണ്ട്. ആ വിധിയിൽ ഉള്ളതേ ലോകത്ത് എന്തും നടക്കുകയുള്ളൂ.
മുൻകാല നബിമാരുടെ തവസ്സുൽ:
ആദം നബി(അ), തിരുനബി(സ്വ) തങ്ങളെക്കൊണ്ട് തവസ്സുൽ ചെയ്ത സംഭവമാണ് മറ്റൊരു പ്രശ്നം. ഇമാം ഹാകിം(റ), ഇമാം ബൈഹഖീ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെയുണ്ട്:
لما اقترف آدم الخطيئة قال : يا رب أسألك بحق محمد لما غفرت لي . فقال الله : يا آدم ، وكيف عرفت محمداً ولم أخلقه ؟ قال : يا رب ، لأنك لما خلقتني بيدك ، ونفخت في من روحك، رفعت رأسي ، فرأيت على قوائم العرش مكتوبا : لا إله إلا الله ، محمد رسول الله ، فعلمت أنك لم تضف إلى اسمك إلا أحب الخلق إليك . فقال الله : صدقت يا آدم ، إنه لأحب الخلق إلي ، ادعني بحقه ، فقد غفرت لك ، ولولا محمد ما خلقتك.
"..സ്വർഗ്ഗത്തിൽ വെച്ച് വിലക്കപ്പെട്ട പഴം കഴിച്ചതിന്റെ പേരിൽ തൗബഃ ചെയ്യുന്ന സന്ദർഭം, 'മുഹമ്മദ്' എന്നവരുടെ ഹഖ് കൊണ്ട് പൊറുക്കണേ എന്ന് പറയുന്നു. ഭൂലോകത്തേക്ക് പടച്ചുവിട്ടിട്ടില്ലാത്ത അവരുടെ നാമം എങ്ങനെയാണ് അറിഞ്ഞതെന്ന് അല്ലാഹു ചോദിക്കുന്നു. ആദം നബി(അ) മറുപടി പറഞ്ഞു: അർശിന്റെ തൂണുകളിൽ നിന്റെ വിശുദ്ധ നാമത്തോടൊപ്പം 'മുഹമ്മദ്' എന്ന് എഴുതപ്പെട്ടതായി കണ്ടു. നിന്റെ ഇഷ്ടക്കാരെയല്ലാതെ അങ്ങനെ എഴുതുകയില്ലല്ലോ..
അല്ലാഹു പറഞ്ഞു: ആദം പറഞ്ഞത് ശരിയാണ്. എന്റെ സൃഷ്ടികളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവരാണ് 'മുഹമ്മദ്' എന്നവർ. അവരുടെ ഹഖ് കൊണ്ട് ചോദിച്ചോളൂ, ഞാൻ പൊറുത്ത് തന്നിരിക്കുന്നു. ആ നബി ഇല്ലായെങ്കിൽ നിങ്ങളെതന്നെ ഞാൻ സൃഷ്ടിക്കുമായിരുന്നില്ല.."
ഈ ഹദീസ് തന്റെ സനദ് പ്രകാരം സ്വഹീഹാണെന്ന് ഹാകിം(റ) പ്രഖ്യാപിക്കുന്നുണ്ട്. പിൽക്കാലത്തെ ഇമാമുകൾ പലരും ഇതിനെ ഉദ്ധരിച്ചിട്ടുമുണ്ട്. അതനുസരിച്ച് ഇത് വിശ്വസിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്!
ഇത് വിശുദ്ധ ഖുർആനിനോട് എതിരാണെന്ന ആരോപണം ശരിയല്ല.
{ قَالَا رَبَّنَا ظَلَمۡنَاۤ أَنفُسَنَا وَإِن لَّمۡ تَغۡفِرۡ لَنَا وَتَرۡحَمۡنَا لَنَكُونَنَّ مِنَ ٱلۡخَـٰسِرِینَ }
[سورة الأعراف-٢٣]
ആദം നബി(അ)യും ഹവ്വാ ബീവി(റ)യും ഈ ദുആ ചെയ്തതിനാലാണ് അവരുടെ തൗബഃ സ്വീകരിച്ചത് എന്നല്ലേ പറഞ്ഞത്. അല്ലാതെ മേൽപറഞ്ഞ തവസ്സുൽ കൊണ്ടല്ല. ഇതാണ് ആരോപണം. എന്നാൽ ഖുർആനിലെ മറ്റൊരു ആയത് നോക്കൂ:
{ فَتَلَقَّىٰۤ ءَادَمُ مِن رَّبِّهِۦ كَلِمَـٰتࣲ فَتَابَ عَلَیۡهِۚ إِنَّهُۥ هُوَ ٱلتَّوَّابُ ٱلرَّحِیمُ }
[سورة البقرة- ٣٧]
ഏതാനും ചില വാക്യങ്ങൾ റബ്ബിൽ നിന്നും ആദം നബി(അ) പിടിച്ചെടുത്തു. അത് കാരണത്തിനാലാണ് തൗബഃ സ്വീകരിച്ചത് - ഇതിലെ പ്രയോഗമനുസരിച്ച് ചുരുങ്ങിയത് മൂന്ന് വാക്യങ്ങളെങ്കിലും ഉണ്ടാകണം. അപ്പോഴാണ് كَلِمَـٰتࣲ എന്ന ബഹുവചനം ഉപയോഗിക്കുക. അതിൽ ഒന്ന് ആദ്യത്തെ ആയതിലെ
رَبَّنَا ظَلَمۡنَاۤ أَنفُسَنَا
എന്ന് തുടങ്ങുന്ന വാചകവും ബാക്കിയുള്ളത് നേരത്തെ പറഞ്ഞ ഹദീസിലെ വാചകങ്ങളുമാണെന്ന് വ്യാഖ്യാനിച്ച് മനസ്സിലാക്കാമല്ലോ. അത് കൊണ്ട് ഖുർആനിനെതിരാണെന്ന് പറയേണ്ട കാര്യമില്ല.
ആദം നബി(അ)ന്റെ ഈ തവസ്സുലും, നൂഹ് നബി(അ) കപ്പലിൽ രക്ഷപ്പെട്ടതും ഇബ്റാഹീം നബി(അ) തീയിൽ നിന്ന് മോചിതനായതും തിരുനബിയുടെ ഒളിവ് ഇവരുടെ മുതുകിലുണ്ടായത് കൊണ്ടാണെന്നും ഇമാം ഖസ്ത്വല്ലാനി(റ)യും മറ്റു പല മുഫസ്സിറുകളും ഉദ്ധരിച്ചതാണ്. ബുദ്ധിപരമായി ചിന്തിച്ചാൽ ഈ നബിമാരുടെ സന്താന പരമ്പരകളിലായി ജനിച്ച മുത്തുനബി(സ്വ) തങ്ങളുടെ തിരുഒളിവ് ആ മുതുകുകളിൽ ഉണ്ടാകുമെന്നത് ഉറപ്പല്ലേ. നമ്മുടെ ശരീരത്തിനാവശ്യമായ ബീജകണം നമ്മുടെ പിതാമഹന്മാരിലും ഉണ്ടായിരുന്നു, അത് അവരുടെ പത്നിമാരുടെ ഉദരത്തിലേക്ക് നീങ്ങിയ ശേഷമേ അവർ മരണപ്പെട്ടിട്ടുണ്ടാവുകയുള്ളൂ എന്നും ശാസ്ത്രീയമായി തന്നെ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇനി ആ തിരു ഒളിവിന്റെ ബറകത് കാരണത്താലാണ് ആ നബിമാർക്ക് സംരക്ഷണം ലഭിച്ചതായി ഇമാമുകൾ ഉദ്ധരിച്ച ഹദീസുകളിലുണ്ടായിരിക്കെ ഇത് ഇല്ലാക്കഥകളാക്കി ചിത്രീകരിക്കേണ്ട ആവശ്യമെന്താണ് ? എന്നല്ല, ഇമാമുകളുടെ ഈ ഉദ്ധരണികളെ ആധാരമാക്കി അവ വിശ്വസിക്കുന്നതിലും തെറ്റില്ല. തുടക്കത്തിൽ പറഞ്ഞല്ലോ - ഖണ്ഡിതമല്ലാത്തവയും വിശ്വസിക്കാം എന്ന്.
ഇത്തരം സംഭവങ്ങൾ ഉദ്ധരിക്കപ്പെട്ട ഹദീസുകൾ സ്വീകാര്യമാണോ?:
മുസ്‌ലിംകൾ ഒന്നടങ്കം വിശ്വസിക്കേണ്ട കാര്യങ്ങളോ കർമ്മശാസ്ത്ര വിധിയോ സ്ഥിരപ്പെടാൻ ഹദീസുകൾ അൽപം കണിശതയോടെ തന്നെ നിരൂപിക്കപ്പെടണം. എന്നാൽ വ്യക്തികളെ സംബന്ധിച്ച കാര്യങ്ങളും - 'മനാഖിബ്' , അവരുടെ ശ്രേഷ്ഠതകളും - 'ഫള്വാഇൽ' വിവരിച്ചു തരുന്ന ഹദീസുകളിൽ ഒന്നുകൂടെ വിശാലമായ സമീപനമാണുള്ളത്. ചരിത്രങ്ങളെ വിലയിരുത്തേണ്ടതും ഇങ്ങനെ തന്നെ.
ഇമാം അഹ്‌മദ് ബ്നു ഹമ്പൽ(റ)ന്റെ വാക്ക് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്:
قال أحمد: إذا روينا في الحلال والحرام شددنا، وإذا روينا في الفضائل ونحوها
تساهلنا. اه
(السيرة الحلبية-ص:٢)
അത് കൊണ്ട് തന്നെ 'ളഈഫ്' - സ്വഹീഹിന്റെ പരിധിയിലെത്താത്ത ഹദീസുകൾ ഇത്തരം കാര്യങ്ങൾക്ക് ഇമാമുകളെല്ലാം ഉദ്ധരിച്ചു കാണാം. ചില 'മൗളൂഅ്'- ഏതെങ്കിലും ഒരു ഹദീസിൽ കളവ് പറഞ്ഞിട്ടുണ്ടെന്ന് സ്ഥിരപ്പെട്ടയാൾ റിപ്പോർട്ടർമാരിൽ വന്ന ഹദീസുകൾ - വരെ ഈ വിഭാഗത്തിൽ കാണാനാവും.
ഒരുകാര്യം വളരെ ഗൗരവത്തോടെ ഉണർത്തട്ടെ, അതായത്, 'ളഈഫ്' എന്നാൽ ബലഹീനം, തള്ളപ്പെടേണ്ടത് എന്നും 'മൗളൂഅ്' എന്നാൽ വ്യാജനിർമ്മിതം എന്നുമൊക്കെ ഒറ്റയടിക്ക് പരിഭാഷപ്പെടുത്തുന്നത് ഒരിക്കലും ശരിയല്ല. ഹദീസ് നിദാന ശാസ്ത്രത്തിലെ സാങ്കേതിക പദങ്ങളെ ഗഹനമായി തന്നെ പഠിക്കേണ്ടതാണ്. അപ്പോൾ മുഹദ്ദിസുകൾ ഒരു ഹദീസിനെ 'മൗളൂഅ്' എന്ന പട്ടികയിൽ പെടുത്തിയത് കൊണ്ട് അത് ഒരിക്കലും സ്വീകാര്യമല്ലെന്ന് പറഞ്ഞു കൂടാ. ഒരിക്കൽ മാത്രം ഹദീസിന്റെ കാര്യത്തിൽ കളവ് വന്നിട്ടുണ്ടെന്ന് സ്ഥിരപ്പെട്ടയാൾ ബാക്കിയുള്ള ഹദീസുകൾ നേരാംവണ്ണം രിവായത് ചെയ്യാമല്ലോ. മാത്രമല്ല, തനിക്ക് ലഭിച്ച ഒരു രിവായതിനെ പരിഗണിച്ച് ഏതെങ്കിലും ഒരു മുഹദ്ദിസ് 'മൗളൂഅ്' എന്നോ 'ളഈഫ്' എന്നോ വിധി പറഞ്ഞാലും മറ്റൊരു മുഹദ്ദിസിന് അതേ ഹദീസ് വേറെ രിവായതിലൂടെ സ്വഹീഹ് ആയിട്ട് തന്നെ ലഭിച്ചേക്കാം. ആദ്യ കാലത്ത് സ്വഹീഹ് ആയത് റിപ്പോർട്ടർമാരുടെ എണ്ണം കൂടി പിൽക്കാലത്ത് അത് 'ളഈഫ്' -'മൗളൂഅ്' ആകാം. ഹദീസിനെ സ്വീകരിക്കുന്നതിലുള്ള മുഹദ്ദിസുകളുടെ നിലപാടുകൾക്കനുസരിച്ച് ഒരു ഹദീസിനെ ചൊല്ലി വ്യത്യസ്ത വീക്ഷണങ്ങൾ വന്നേക്കാം. രിവായതനുസരിച്ച് ബലം കുറവാണെങ്കിലും ഇജ്മാഅ്, മറ്റു ഹദീസുകളുടെ സാരം തുടങ്ങിയ കാരണങ്ങളാൽ അതിനെ ശക്തിപ്പെടുത്തിയേക്കാം... ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഹദീസുകളെ കുറിച്ച് സംസാരിക്കാൻ.
ചുരുക്കത്തിൽ മനാഖിബ് - ചരിത്രം - ഫള്വാഇലുകൾ എന്നിവ മാത്രമുള്ള മൗലിദുകളിലെ രിവായതുകളെ സംബന്ധിച്ച് കണിശ നിലപാട് സ്വീകരിക്കേണ്ട ആവശ്യമേയില്ല.
കർമ്മശാസ്ത്ര വിധിയൊന്നും ഇതിനെ തുടർന്ന് സ്ഥിരപ്പെടുത്താനില്ലല്ലോ. ഇമാം ഹറമൈനി(റ)യെ തൊട്ട് ഇമാം നവവി(റ) ഉദ്ധരിക്കുന്നു:
قال الإمام النووي نقلا عن الإمام الحرمين: قال المحققون: ذكر الخلاف في مسائل الخصائص خبط لا فائدة فيه فإنه لا يتعلق به حكم ناجز تمس الحاجة إليه. اه
(تهذيب الأسماء والصفات- ص: ٤٣)
" .. വ്യക്തിപരമായ കാര്യങ്ങളെ കുറിച്ചുള്ള ഹദീസുകളിൽ തർക്കിക്കുന്നത് തന്നെ വിവരക്കേടാണ്. ഫിഖ്ഹിന്റെ വിധി ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരിക്കാനില്ലാത്തതിനാൽ അത്തരം തർക്കങ്ങൾ ഒരു ഉപകാരവും ചെയ്യില്ല..."
അപ്പോൾ മഹാമാരായ ഇമാമുകൾ പറഞ്ഞു തന്നവയെല്ലാം ഇതിൽ ചേർക്കാവുന്നതേയുള്ളൂ. മേൽ പറഞ്ഞ ഇമാം അഹ്‌മദ്(റ)വിന്റെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്.
ആദം നബി(അ)ന്റെ തവസ്സുലിനെക്കുറിച്ച് മുമ്പ് വിവരിച്ചല്ലോ. ദുആയിലെ തവസ്സുൽ എന്ന രീതി ശരിയാണെന്ന് വരാൻ ഈ ചരിത്രസംഭവം ആധാരമല്ല. അതിന് മറ്റുപലതും തെളിവുണ്ട്. അല്ലെങ്കിൽ ആദം നബി(അ)യും മുൻകാല പ്രവാചകരും ചെയ്തതെല്ലാം നമ്മുടെ ശറഇൽ കൽപനയുണ്ടെന്ന് വരില്ലേ !.
.
Comments
Post a Comment