പണം വായ്പ വാങ്ങാൻ പാടില്ലെന്നോ?
📝
പണം വായ്പ വാങ്ങാൻ പാടില്ലെന്നോ?
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
തുല്യമായ മറ്റൊന്ന് തിരിച്ചു തരണമെന്ന നിബന്ധനയോടെ നൽകുന്നതിന് 'ഖർള്വ്' - ( قرض ) എന്നാണ് ഫിഖ്ഹിന്റെ ഭാഷ. പണം കടം നൽകാറുള്ളത് പോലെ. കൊടുത്തത് തന്നെ തിരിച്ചു തരാൻ നിബന്ധന വെച്ചാൽ അത് 'ആരിയഃ' - ( عارية ) യും. ആവശ്യത്തിന് ഉപയോഗിച്ച് തിരിച്ചു തരാമെന്ന് നിലയിൽ പുസ്തകം, ആഭരണം എന്നിവ വാങ്ങുന്ന പോലെ. ഇതിന് 'വായ്പ' എന്നും ആദ്യത്തേതിന് 'കടം' എന്നും സാധാരണയിൽ പരിഭാഷപ്പെടുത്താറുണ്ട്. എന്നാൽ ഒരു വ്യക്തതക്കുറവ് ഈ പരിഭാഷയിലുണ്ട്.
ഉദാഹരണത്തിന്, നമ്മുടെ നാടുകളിലെല്ലാം അയൽപക്കത്ത് നിന്നും ഉപ്പ്, പഞ്ചസാര തുടങ്ങി പലതും വായ്പ വാങ്ങാറില്ലേ ? "ഒരു ഗ്ലാസ് ഉപ്പ് വായ്പ തരാമോ " - എന്ന ചോദ്യം തന്നെ സാർവത്രികമായി നടപ്പിലുണ്ട്. പക്ഷെ, യഥാർത്ഥത്തിൽ ഇവിടെ നടക്കുന്നത് ' വായ്പ'യല്ല, മറിച്ച് 'കട'മാണ്. കാരണം, വാങ്ങിയ ഉപ്പ് അല്ലല്ലോ പിന്നെ തിരിച്ചു കൊടുക്കുക. എന്നിട്ടും 'ഉപ്പ് കടം തരുമോ..'- എന്ന ചോദ്യം ഉണ്ടാവാറില്ല. ഇനി ഇതിനെ ചൊല്ലി പ്രശ്നമുണ്ടാക്കേണ്ടതില്ല. പറയാം..
കടം - വായ്പ എന്നിങ്ങനെ പദത്തിൽ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല. മലയാള നിഘണ്ടുവായ 'ശബ്ദതാരാവലി'യിൽ 'കടം' എന്നതിന് 'വായ്പ' എന്ന വിശദീകരണം നൽകിയിട്ടുണ്ട് :
കടം - വായ്പ വാങ്ങിച്ച മുതൽ
കടം വായപ - പിന്നെ കൊടുക്കാമെന്ന് പറഞ്ഞ് വാങ്ങുന്ന മുതൽ
കടം വീട്ടുക - വായ്പ വാങ്ങിച്ചത് തിരിയെ കൊടുക്കുക
(ശബ്ദതാരാവലി)
അത്കൊണ്ട് തന്നെയാണ് ബാങ്കുകളിലും മറ്റും 'പണയ വായ്പ' / 'പണം വായ്പ നൽകുന്ന സ്ഥലം' - എന്നെഴുതിയതിനെ ആരും വിമർശിക്കാത്തത്. പണമാണെങ്കിൽ തുല്യമായത് തിരിച്ചു നൽകുന്ന സാധനവുമാണ്. ചുരുക്കത്തിൽ, രണ്ടു പദങ്ങളും അങ്ങോട്ടുമിങ്ങോട്ടും പ്രയോഗിക്കാവുന്നതാണ്. അത് കൊണ്ടാ വ്യക്തത കുറഞ്ഞ പരിഭാഷയാണെന്ന് പറഞ്ഞതും. ഇതിന് പരിഹാരമെന്നോണം, വായ്പക്ക് 'മാറാക്കടം' എന്നും കടത്തിന് 'മാറിക്കടം' എന്നും ബഹു: കുറ്റൂർ കമ്മുണ്ണി മുസ്‌ലിയാർ(ഖു:സി) പരിഭാഷപ്പെടുത്തിയിരുന്നതായി കേട്ടിട്ടുണ്ട്. അത് ഡിക്ഷണറിയിൽ ചികഞ്ഞന്വേഷിക്കാൻ നിൽക്കേണ്ട. വിദ്യാർത്ഥികൾക്ക് തിരിച്ചറിയാൻ വേണ്ടി പറയുന്നതാണ്.
പറഞ്ഞു വന്നത്, 'പണം വായ്പ വാങ്ങുക' എന്ന പ്രയോഗത്തെ ചിലർ വിമർശിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അത് ശരിയല്ല.
ഇനി കിതാബിൽ പറഞ്ഞ عارية എന്ന പദവും قرض എന്ന പദവും നോക്കാം. عارية എന്നാൽ വേഗം വരികയും പോകുകയും ചെയ്യുന്നത് എന്നാണ്. കൂടുതൽ കാലം തന്റെ ഉടമസ്ഥയിൽ നിൽക്കുന്നില്ല, ഉപയോഗ ശേഷം ഉടനെ തിരിച്ചു കൊടുക്കണമല്ലോ. അല്ലെങ്കിൽ ഊഴം വെച്ച് ഉപയോഗിക്കുന്നത് എന്നർത്ഥമുള്ള تعاور എന്ന പദത്തിൽ നിന്നും വന്നതാണ്.
(كِتَابُ الْعَارِيَّةُ) .. مِنْ عَارَ ذَهَبَ وَجَاءَ بِسُرْعَةٍ أَوْ مِنْ التَّعَاوُرِ أَيْ التَّنَاوُبِ. اه
(تحفة: ٥/٤٠٩)
ഈ ഇടപാടിൽ അവധി നിശ്ചയിക്കാം. എന്നാൽ قرض ൽ അവധി നിശ്ചയിക്കാൻ പാടില്ല. നിശ്ചയിച്ചാൽ തന്നെയും അത് പരിഗണനീയമല്ല. എന്നല്ല, സമയം നിശ്ചയിക്കുന്നതിൽ കടം കൊടുക്കുന്നവനു വല്ല നേട്ടവും ലക്ഷ്യമുണ്ടെങ്കിൽ - അക്രമികളിൽ നിന്നും പണം സുരക്ഷിതമാക്കുക പോലെ - ആ ഇടപാട് തന്നെ സാധുവല്ല (തുഹ്ഫ: 5/47 നോക്കുക). കടം നൽകുന്നവന് നേട്ടമുണ്ടാകുന്ന ഒന്നും തന്നെ നിബന്ധന വെക്കാൻ പാടില്ലന്നെ പൊതു നിയമത്തിൽ പെട്ടതാണത്. ഇതിനാണ് 'കടപ്പലിശ' എന്ന് പറയുക. അപ്പോൾ ഒരു മാസത്തിന് എന്ന് പറഞ്ഞ് കടം വാങ്ങിയാലും തൊട്ടടുത്ത സമയം തന്നെ വേണമെങ്കിൽ അത് തിരിച്ചു ചോദിക്കാം. അത് അൽപം മാന്യതക്കുറവാണെന്ന് മാത്രം.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
( തയ്യാറാക്കിയത് : അബൂ ഹസനഃ ഊരകം)
💫
Comments
Post a Comment