പള്ളിയിലെ ജമാഅതിൽ 'ഇസ്‌വിറാർ' പ്രശ്നമേയല്ല..
പള്ളിയിലെ ജമാഅതിൽ
'ഇസ്‌വിറാർ' പ്രശ്നമേയല്ല..
🌻🏵️💮🌸🌷🌱🌼🌾🌹🌴🏵️🌻🌷💐🌺
ജമാഅതായി നിസ്കരിക്കുമ്പോൾ പല നിബന്ധനകളും പറഞ്ഞ കൂട്ടത്തിൽ ഒന്ന് - മഅ്മൂമിനിക്ക് ഇമാമിലേക്ക് ചെന്നുചേരാൻ വഴിയുണ്ടായിരിക്കണം - എന്നതാണ്. ഒന്ന് വിശദീകരിച്ചോട്ടെ :
ഒരാൾ പള്ളിയിലും മറ്റൊരാൾ പള്ളിയല്ലാത്ത സ്ഥലത്തും നിസ്കരിക്കുമ്പോൾ, ഇവർക്കിടയിലുള്ള ജമാഅത് ശരിയാവാൻ മേൽപറഞ്ഞ ഒരു വഴിയുണ്ടാകണം. അതു പക്ഷേ, ഇസ്‌വിറാർ ഇല്ലാതെയായിരിക്കണം. അതായത്, ഖിബ്‌ലഃയെ തൊട്ട് തെറ്റാതെ (സാധാരണ നടത്തത്തിൽ, പിൻഭാഗം ഖിബ്‌ലഃയുടെ ഭാഗത്തേക്ക് വരുന്ന രൂപം ഉണ്ടാവാതെ) ഇമാമിലേക്ക് പോകാൻ പറ്റുന്നതായിരിക്കണം.
ഉദാ: ഇമാം പള്ളിയിൽ നിൽക്കുന്നു. ഇമാമിന്റെ വലതു വശത്ത് പള്ളിയായി വഖ്ഫ് ചെയ്യാത്ത വരാന്തയിൽ മഅ്മൂമും. പള്ളിയിൽ നിന്ന് വരാന്തയിലേക്കുള്ള വാതിൽ മഅ്മൂമിന്റെ പിൻഭാഗത്താണ്. എന്നാൽ മഅ്മൂം നിൽക്കുന്ന സ്ഥലത്ത് നിന്നും ഒരാൾ ഇമാമിന്റെ അടുത്തേക്ക് നടന്നു പോവുകയാണെങ്കിൽ (സാധാരണ ഗതിയിലെ നടത്തം) - തീർച്ചയായും അവന് ഇസ്‌വിറാർ - പിൻഭാഗം ഖിബ്‌ലഃയിലേക്ക് ആവുന്ന രൂപം - വേണ്ടി വരും. അതിനാൽ ആ മഅ്മൂമിന് ഈ ഇമാമിനെ തുടർന്ന് നിസ്കരിക്കാൻ പറ്റില്ല.
എന്നാൽ ഇമാം നിൽക്കുന്ന സ്വഫ് അവസാനിക്കുന്നിടത്ത് വരാന്തയിലേക്കുള്ള വാതിലുണ്ട്, ആ വാതിൽ വരാന്തയിലുള്ള മഅ്മൂമിന്റെ മുൻവശത്തുമാണെങ്കിൽ (ഇമാമിന്റെ ചലനങ്ങൾ അറിയുകയും ഇവർക്കിടയിൽ 300 മുഴത്തിലധികം അകലവുമില്ലെങ്കിൽ) അവർക്ക് തുടർന്ന് നിസ്കരിക്കാവുന്നതാണ്.
എന്നാൽ രണ്ട് പേരും പള്ളിയിലായിരിക്കുമ്പോൾ ഇവർക്കിടയിൽ ഒരു വഴിയുണ്ടായാൽ മാത്രം മതി. ഇസ്‌വിറാർ വരുന്ന രൂപത്തിലായാലും പ്രശ്നമില്ല.
ولا يشترط هنا عدم الازورار والانعطاف. اه
(إعانة الطالبين: ٢/٣٢)
ഇക്കാര്യം വ്യക്തമാക്കിപ്പറഞ്ഞ കിതാബുകൾ നോക്കൂ:
١- إعانة الطالبين (٢/٣٢)
٢- البجيرمي على شرح المنهج(١/٣٢٤)
٣- حاشية الجمل (١/٥٤٩)
٤- حاشية الشرقاوي (٢/١١٥)
٥- بشرى الكريم (١٢٧)
٦- فتح الوهاب (١/٥٤٨)
എന്നാൽ തുഹ്ഫഃയുടെയും ഫത്ഹുൽ മുഈനിന്റെയും ഇബാറഃകൾ ഒന്ന് വിശദീകരിക്കേണ്ടതുണ്ട്. മുകളിൽ പറഞ്ഞതിനെല്ലാം വിരുദ്ധമായി ഇസ്‌വിറാർ ഉണ്ടാകരുതെന്ന നിബന്ധന ഈ രണ്ട് കിതാബുകളിൽ പറഞ്ഞോ ? ഇല്ല എന്നതാണ് വാസ്തവം. തുഹ്ഫഃയിൽ നിന്ന് അങ്ങനെ ചിലർ തെറ്റിദ്ധരിച്ചത് കൊണ്ടാവാം, ബുഗ്‌യഃ ഇങ്ങനെ പറഞ്ഞത്:
فعلم أن الخلاف إنما هو في اشتراط المنفذ وإمكان المرور وعدمه، أما اشتراط أن لا يكون المنفذ خلف المأموم فلم يقله أحد، ولو قاله بعضهم لم يلتفت لكلامه لمخالفته لما سبق وليس في عبارة ابن حجر - رحمه الله - ما يدل على الاشتراط. اه
(بغية المسترشدين - ص: ٦٥)
നമുക്കൊന്ന് പരിശോധിക്കാം. ആദ്യം തുഹ്ഫഃയിലെ വാചകം നോക്കൂ:
(فَإِنْ حَالَ مَا)
أَيْ بِنَاءٌ (يَمْنَعُ الْمُرُورَ لَا الرُّؤْيَةَ) كَالشُّبَّاكِ وَالْبَابِ الْمَرْدُودِ (فَوَجْهَانِ) أَصَحُّهُمَا فِي الْمَجْمُوعِ وَغَيْرِهِ الْبُطْلَانُ، وَقَوْلُهُ الْآتِي(في الصفحة: ٢/٣٢٠)- "وَالشُّبَّاكُ"- يُفْهِمُ ذَلِكَ، فَلِذَا لَمْ يُصَرِّحْ هُنَا بِتَصْحِيحِهِ، وَبَحَثَ الْإِسْنَوِيُّ أَنَّ هَذَا فِي غَيْرِ شُبَّاكٍ بِجِدَارِ الْمَسْجِدِ وَإِلَّا كَالْمَدَارِسِ الَّتِي بِجِدَارِ الْمَسَاجِدِ الثَّلَاثَةِ صَحَّتْ صَلَاةُ الْوَاقِفِ فِيهَا؛ لِأَنَّ جِدَارَ الْمَسْجِدِ مِنْهُ، وَالْحَيْلُولَةُ فِيهِ لَا تَضُرُّ- رَدَّهُ جَمْعٌ، وَإِنْ انْتَصَرَ لَهُ آخَرُونَ- بِأَنَّ شَرْطَ الْأَبْنِيَةِ فِي الْمَسْجِدِ تَنَافُذُ أَبْوَابِهَا عَلَى مَا مَرَّ(٢/٣١٣)، فَغَايَةُ جِدَارِ الْمَسْجِدِ أَنْ يَكُونَ كَبِنَاءٍ فِيهِ فَالصَّوَابُ أَنَّهُ لَا بُدَّ مِنْ وُجُودِ بَابٍ أَوْ خَوْخَةٍ فِيهِ يَسْتَطْرِقُ مِنْهُ إلَيْهِ مِنْ غَيْرِ أَنْ يُزَوَّرَ كَمَا مَرَّ(٢/٣١٦) فِي غَيْرِ الْمَسْجِدِ. اه
(تحفة: ٣١٩- ٢/٣١٨)
ജമാഅതായി നിസ്കരിക്കുന്ന - ഇമാമും മഅ്മൂമും - രണ്ട് പേരും പള്ളിയിലാകുമ്പോൾ പാലിക്കേണ്ട നിബന്ധനകളെല്ലാം പറഞ്ഞ ശേഷം, ഒരാൾ പള്ളിയിലും മറ്റെയാൾ പള്ളി അല്ലാത്തിടത്തും ആകുന്ന സന്ദർഭത്തിലെ ഭാഗമാണ് മുകളിൽ. അത്തരം ഘട്ടത്തിൽ ഇരുവർക്കുമിടയിലുള്ള വഴി തടയുന്ന ഒരു മതിൽ പോലോത്തത് ഉണ്ട്, അത് പക്ഷേ നിസ്കാരത്തിലെ ചലനങ്ങൾ അറിയാവുന്ന വിധം കാഴ്ച തടയുന്നുമില്ല - (ഉദാ: ജനൽ വാതിലുള്ള ഒരു മതിൽ ) എന്നാൽ ആ നിസ്കാരത്തിന് സാധുതയില്ല. ഇതു പറഞ്ഞ ശേഷം ഇമാം അസ്നവി(റ) വിന്റെ ഇതുമായി ബന്ധപ്പെട്ട ഒരു ബഹ്സിനെ നിരൂപണ വിധേയമാക്കുകയാണ് ഇബ്നു ഹജർ(റ).
പള്ളിയുടെ ചുമരിൽ, നിലത്ത് നിന്നും അൽപം ഉയരെ, ചെറിയ ബാൽക്കണി രൂപത്തിൽ ഒരു ഭാഗം സങ്കൽപിച്ചു നോക്കൂ. കുറച്ച് പേർക്ക് വട്ടം ചേർന്നിരിക്കാൻ മാത്രം വിസ്താരമുള്ള ജനലുകളായിട്ടാണ് ഇതിനെ പരിചയപ്പെടുത്തുന്നത്. അത്തരം സ്ഥലങ്ങൾ മൂന്ന് ഹറമുകളിലും ഉണ്ടായിരുന്നെന്നും ചെറിയ ഇൽമിന്റെ സദസ്സുകൾ അതിൽ നടക്കാറുള്ളതായും പറയുന്നു. ഇത് പള്ളിയുടെ ചുമരിൽ നിർമ്മിക്കപ്പെട്ടതാകയാൽ അതിന്റെ നിലം പള്ളിയാണ്. ഒരു ഭാഗത്തിലൂടെ പള്ളിയിലേക്ക് ഇറങ്ങിച്ചെല്ലാം, മറുവശത്തിലൂടെ പള്ളിയുടെ പുറത്തേക്കും. പക്ഷേ, പള്ളിയിലേക്ക് ഇറങ്ങിച്ചെല്ലുന്നത് ഒഴിവാക്കാൻ അവിടെ കമ്പികൾ കൊണ്ട് അടച്ചിരിക്കുന്നു. കമ്പികൾക്കിടയിലൂടെ നോക്കിയാൽ പള്ളിയുടെ ഉൾഭാഗം നന്നായി കാണാം. അവിടെ ഉള്ളവർക്ക് പള്ളിയിലേക്ക് വരാൻ പള്ളിക്ക് പുറത്തിലൂടെ മാത്രമേ കഴിയൂ- ഇത്രയും വിശദീകരിച്ചതിൽ നിന്ന് ഏതാണ്ട് ഒരു ചിത്രം പിടികിട്ടിയിരിക്കുമല്ലോ. ഈ ഒരു സ്ഥലത്ത് നിന്ന് പള്ളിയിലുള്ള ഇമാമിനെ തുടർന്ന് നിസ്കരിച്ചാൽ ശരിയാകുമെന്നാണ് ഇമാം അസ്നവി(റ)വിന്റെ പക്ഷം. കാരണം, ഈ നിസ്കാരത്തിലെ രണ്ട്പേരും പള്ളിയിലാണല്ലോ. അവർക്കിടയിൽ മതിൽ പോലോത്തവ ഉണ്ടെങ്കിൽ പോലും - ഒരു വഴിയുണ്ടായിരിക്കണമെന്ന നിബന്ധനയില്ലെന്നാണ് ഓറുടെ നിലപാട്.
ورجح البلقيني أن سطح المسجد ورحبته والأبنية الداخلة فيه لا يشترط تنافذها إليه، ونقله النووي عن الأكثرين وهو المفهوم من عبارة الأنوار والإرشاد وأصله وجرى عليه ابن العماد والأسنوي وافتى به الشيخ زكريا. اه
(بغية المسترشدين - ص: ٦٥)
ഈ നിലപാടിൽ നിൽക്കുന്ന ഇമാം അസ്നവി(റ), ഇമാം നവവി(റ)വിന്റെ വാക്കിനെ - ( ജമാഅതായി നിസ്കരിക്കുന്ന രണ്ട് പേർക്കിടയിൽ കാഴ്ചയുണ്ട് , പക്ഷെ വഴിയില്ല - എങ്കിൽ നിസ്കാരം ശരിയല്ല - എന്നതിനെ) മേൽപറഞ്ഞ വിധത്തിലുള്ള ജനലിൽ ആകാത്തപ്പോഴാണ് എന്ന് വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനത്തോട് പൂർണ്ണമായും യോജിക്കാനാവില്ലെന്ന് ഇബ്നു ഹജർ(റ) തീർത്തു പറയുന്നു:
فَغَايَةُ جِدَارِ الْمَسْجِدِ أَنْ يَكُونَ كَبِنَاءٍ فِيهِ فَالصَّوَابُ أَنَّهُ لَا بُدَّ مِنْ وُجُودِ بَابٍ أَوْ خَوْخَةٍ فِيهِ يَسْتَطْرِقُ مِنْهُ إلَيْهِ مِنْ غَيْرِ أَنْ يُزوَرَّ كَمَا مَرَّ(٢/٣١٦) فِي غَيْرِ الْمَسْجِدِ. اه
(تحفة: ٣١٩- ٢/٣١٨)
".. പ്രസ്തുത ജനലിൽ നിസ്കരിക്കുന്നവന്റെ ജമാഅത്, എന്തായാലും അവിടെ നിന്ന് പള്ളിയിലേക്ക് ഇസ്‌വിറാർ കൂടാതെയുള്ള വഴിയുണ്ടെങ്കിൽ മാത്രമേ സ്വഹീഹാവൂ, പള്ളിയല്ലാത്ത സ്ഥലത്ത് പറഞ്ഞത് പോലെ ..."
ഈ വിശാലമായ ജനലിന്റെ നിലം പള്ളിയാണെങ്കിലും, അവിടെ നിന്നും പള്ളിയിലേക്ക് കാഴ്ച മാത്രമേയുള്ളൂ. അവിടെയുള്ളവർക്ക് പള്ളിയിലേക്ക് കടക്കാൻ പള്ളിയല്ലാത്ത സ്ഥലത്തിലൂടെ പോയിട്ട് തന്നെ വേണം. ഇത്തരം സാഹചര്യമായത് കൊണ്ട് തന്നെയാണ് ഇസ്‌വിറാർ ഉണ്ടാകരുതെന്ന നിബന്ധന വെച്ചതും.
ഇപ്പറഞ്ഞതിനെ വ്യക്തമാക്കിക്കൊണ്ട് അസ്സയിദ് ഉമർ അൽബസ്വരിയുടെ വരികൾ നോക്കൂ:
وَوَاضِحٌ أَنَّ مَحَلَّهُ إنْ لَمْ يُمْكِنْ الِاسْتِطْرَاقُ مِنْ الْبَابِ إلَى الشُّبَّاكِ إلَّا بَعْدَ الْخُرُوجِ عَنْ سَمْتِ الْجِدَارِ أَمَّا لَوْ كَانَ الِاسْتِطْرَاقُ إلَى الشُّبَّاكِ فِي نَفْسِ الْجِدَارِ بِحَيْثُ لَا يَخْرُجُ عَنْ سَمْتِهِ فَيَنْبَغِي أَنْ يَصِحَّ مُطْلَقًا كَبَقِيَّةِ أَبْنِيَةِ الْمَسْجِدِ فَتَدَبَّرْ- بَصْرِيٌّ. اه
(شرواني: ٢/٣١٨)
" .. മേൽ പറഞ്ഞ ആ ജനലിൽ നിന്ന് നേരിട്ട് പള്ളിയിലേക്ക് വഴിയില്ലെങ്കിൽ മാത്രമേ ഇങ്ങനെ വിശദീകരിക്കേണ്ടതുള്ളൂ. അപ്പഴാണല്ലോ മതിലിന്റെ സൂത്രത്തിനെ തൊട്ട് തെറ്റി പള്ളിക്ക് പുറത്ത് കടന്നതിന് ശേഷമേ പള്ളിയിലെത്താൻ കഴിയൂ എന്ന രൂപം വരിക. അപ്പോൾ മാത്രം ഇസ്‌വിറാർ ഇല്ലാതിരിക്കുകയും വേണം. (മതിലിന്റെ സൂത്രത്തിനെ തൊട്ട് തെറ്റാതെ പള്ളിയിലെത്താൻ കഴിയുമെങ്കിൽ അവൻ പള്ളിയിലൂടെ തന്നെയാണല്ലോ സഞ്ചരിക്കുക. അപ്പോൾ ഇസ്‌വിറാർ പ്രശ്നമല്ല താനും ).."
ഉമർ അൽബസ്വരിയുടെ വിശദീകരണത്തിൽ നിന്നും പ്രസ്തുത ജനലിന്റെ ഒരു ഭാഗം - വഴിയില്ലാതെ അടച്ചിട്ടത് - പള്ളിയിലേക്കും മറ്റേ ഭാഗം പള്ളിയല്ലാത്ത ഭാഗത്തേക്കുമാണെന്ന് മനസ്സിലാക്കാം.
ഇമാം ഇബ്നു ഹജർ(റ), രണ്ട്പേരും പള്ളിയിലാണെങ്കിലും ഇസ്‌വിറാർ കൂടാതെയുള്ള ഒരു വഴി ഇവർക്കിടയിൽ ഉണ്ടാകണമെന്ന പക്ഷക്കാരനാണെങ്കിൽ, അത് പറയേണ്ട സ്ഥലത്ത് -
(وَإِذَا جَمَعَهُمَا مَسْجِدٌ)
"രണ്ട്പേരും പള്ളിയിലാകുമ്പോൾ ... " - എന്നതിന്റെ വിശദീകരണത്തിൽ പറയണമായിരുന്നു. അതുണ്ടായില്ല.
ഭൂരിപക്ഷത്തിനെതിരായി ഇബ്നു ഹജർ(റ)യെ പോലോത്തവരുടെ വാക്കുകൾ മുഹശ്ശികളാരും ഉദ്ധരിക്കാതിരിക്കുമോ? ഇല്ല. പ്രസ്തുത വിഷയത്തിൽ മഹാനരുടെ ഖിലാഫിനെ ആരും പരിചയപ്പെടുത്താത്തത് - ഓർക്ക് അങ്ങനെ ഖിലാഫില്ലാഞ്ഞിട്ട് തന്നെയാണ്.
മേൽപറഞ്ഞ തുഹ്ഫഃയുടെ ഇബാറത് നേരാംവണ്ണം മനസ്സിലാക്കാതിരുന്നാൽ പിശകുപറ്റുമെന്ന് ബുഗ്‌യഃ വ്യക്തമാക്കിയതും ശ്രദ്ധേയമാണ്. എങ്കിലും, ഇതിന്നപവാദമായി
الشيخ ملا يحيى المروزي
യുടെ
حاشية السراج الوهاج على تحفة المحتاج
എന്ന തഖ്‌രീറിൽ കാണുന്നുണ്ട്. ഇതിനോട് വിയോജിക്കാനേ നിർവ്വാഹമുള്ളൂ. എന്നല്ല, ഇബ്നു ഹജർ(റ)യുടെ തുഹ്ഫഃയിലെ ഉദ്ധരണിയെക്കുറിച്ച് തന്നെ ചോദ്യവും
അതിന് മേൽപറഞ്ഞ പ്രകാരം - ഇസ്‌വിറാർ പ്രശ്നമില്ലെന്ന് - മറുപടി പറഞ്ഞതും ഫത്‌വാ ശർഇയ്യഃയിലുണ്ട്.
( فتاوى شرعية:ص ٣٧-٤١ ، لعفيف الدين عبد الله بن عمر العلوي)
ഇനി ഫത്ഹുൽ മുഈനിലെ ഇബാറത് നോക്കൂ:
(فإن كانا بمسجد صح الاقتداء)
وإن زادت المسافة بينهما على ثلاثمائة ذراع أو اختلفت الأبنية، بخلاف من ببناء فيه لا ينفذ بابه إليه بأن سمر أو كان سطحا لا مرقى له منه فلا تصح القدوة إذ لا اجتماع حينئذ، كما لو وقف من وراء شباك بجدار المسجد ولا يصل إليه إلا بازورار أو انعطاف بأن ينحرف عن جهة القبلة لو أراد الدخول إلى الإمام. اه
(فتح المعين - ص: ١٢٣)
മുകളിൽ പറഞ്ഞ പ്രത്യേക തരം ജനലിൽ - പള്ളിയുടെ ചുമരിലായതിനാൽ നിയമത്തിൽ പള്ളിയാണെങ്കിലും, അവിടെ നിന്നും ഇമാമിലേക്ക് എത്തിച്ചേരാൻ പള്ളിയിലൂടെ വഴിയില്ല, മറിച്ച് പുറത്തു കൂടെ നടക്കണം, ഈ വിധം സംവിധാനിച്ച ജനലിൽ - നിസ്കരിക്കുന്നത് സംബന്ധിച്ച് തന്നെയാണ് മഖ്ദൂം ഓറും(റ) പ്രതിപാധിക്കുന്നത്. തുഹ്ഫഃക്ക് വിപരീതമായി, ഇതു ചർച്ച ചെയ്ത ഭാഗം വ്യത്യാസമുണ്ട്. രണ്ടുപേരും പള്ളിയിൽ തന്നെ നിസ്കരിക്കുമ്പോൾ - എന്ന സ്ഥലത്താണത്. പ്രസ്തുത ജനലിൽ വെച്ചുള്ള നിസ്കാരത്തിന് രണ്ട് സമീപനങ്ങളുണ്ട്. അതിനെ പള്ളിയായി പരിഗണിക്കുന്നതിനാൽ രണ്ടുപേരും പള്ളിയിലാവുക എന്നും, ഇമാമിലേക്ക് ചെന്നെത്താൻ പള്ളിക്ക് പുറത്ത് കടക്കണമെന്ന നിലയിൽ ഒരാൾ പള്ളിയിലും മറ്റെയാൾ പുറത്തുമാവുക എന്നും. ഇതിലെ രണ്ടാമത്തെ സമീപന രീതിയിലാണ് തുഹ്ഫഃയിൽ സ്വീകരിച്ചത്. ആദ്യത്തെ രീതി ഫത്ഹുൽ മുഈനിലും.
അല്ലാഹു നാഫിആയ ഇൽമ് നൽകി അനുഗ്രഹിച്ചവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ.
📝
തയ്യാറാക്കിയത് :
മുഹമ്മദ് സ്വാബിർ സഅദി തളിപ്പറമ്പ്
അബ്ദുൽ ഹമീദ് അഹ്സനി ഉപ്പള
അഹ്‌മദ് ഉനൈസ് അഹ്സനി ഊരകം
( AL- IHSAN DAWA COLLEGE,
DKSC - SUNNI CENTRE, MULOOR, UDUPI, KARNATAKA)
💫
Comments
Post a Comment