ബറകത്

ബറകത്

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

ഇമാം ഇബ്നു ഹജർ - അൽ ഹൈതമീ(റ);
ഇസ്‌ലാമിക വൈജ്ഞാനിക രംഗത്തെ മഹാനരുടെ സ്ഥാനം ആർക്കും പരിചയപ്പെടുത്തേണ്ടതില്ല. അതുല്യ പ്രതിഭ! വിശേഷിപ്പിക്കാൻ വാക്കുകളില്ല. ബറകതുമായി ബന്ധപ്പെട്ട അവരുടെ വാക്കുകളിലൂടെ ഒന്ന് സഞ്ചരിക്കുകയാണ് ഈ കുറിപ്പിലൂടെ...

അല്ലാഹു തആലാ ആദരവ് നൽകിയ സ്ഥലങ്ങളും വ്യക്തികളുമുണ്ട്. ആ സ്ഥലങ്ങൾക്കും വ്യക്തികൾക്കും മാത്രമല്ല, അതുമായി ബന്ധപ്പെട്ടവക്കുമുണ്ട് മഹത്വവും ബറകതും. അവയെല്ലാം നമ്മളും ആദരിക്കുകയും ബഹുമാനിക്കുകയും വേണം. ഇതിലൂടെ ആ ബറകത് ലഭിക്കുകയും പരലോക പുണ്യം നേടാനുമാവും.

ഇത്തരം കാര്യങ്ങൾ പറയുമ്പോഴേക്കും ഒരു തരം വിമുഖതയാണ് ചിലർക്ക്. ആധുനിക സമൂഹത്തിൽ പരിഷ്കാര ചിന്തകൾ ഉടലെടുത്തപ്പോൾ വിശേഷിച്ചും. എന്നാൽ, ഈ ജീവിതം താൽക്കാലികം മാത്രമാണ്. യഥാർത്ഥ ജീവിതം മരണത്തോടെ തുടങ്ങുകയാണ്. അറ്റമില്ലാത്ത ജീവിതം. ആ ജീവിതം നന്നാവാനുള്ള കാര്യങ്ങളെന്തോ, അതാണല്ലോ ബുദ്ധിയുള്ളവൻ ചിന്തിക്കുക, പ്രവർത്തിക്കുക. ഈ യാഥാർത്ഥ്യത്തെ വിശ്വസിക്കുന്നവന് ഇത്തരം കാര്യങ്ങളിൽ ശങ്കിക്കേണ്ടതേയില്ല. ഇത്രയൊക്കെ ഇതിൽ പറയേണ്ടതുള്ളൂ. എന്നിട്ടും സംശയാലുവായി കഴിയുകയാണെങ്കിൽ അവന്റെ വിധിയോർത്ത് സങ്കടപ്പെടാനേ നിർവാഹമുള്ളൂ. ഇക്കാര്യം പറഞ്ഞു കൊണ്ടുള്ള ഇബ്നു ഹജർ(റ)യുടെ വാക്കുകൾ കൊണ്ട് തന്നെ ഈ കുറിപ്പ് തുടങ്ങാം:

بِأَنَّ الْقَصْدَ إظْهَارُ تَعْظِيمِ نَحْوِ الْعُلَمَاءِ بِإِحْيَاءِ مَشَاهِدِهِمْ وَأَيْضًا فَزُوَّارُهُمْ يَعُودُ عَلَيْهِمْ مِنْهُمْ مَدَدٌ أُخْرَوِيٌّ لَا يُنْكِرُهُ إلَّا الْمَحْرُومُونَ. اهـ 
(تحفة: ٣/٢٠١)

മഹാന്മാരുടെ ഖബ്റുകൾ സിയാറത് ചെയ്യൽ സുന്നതാണെന്ന് വിവരിച്ച ശേഷം പറയുന്ന ഭാഗമാണിത്. "..സിയാറത് ചെയ്യുന്നതിലൂടെ ഉലമാഅ് പോലോത്തവരുടെ മഖ്ബറകൾ സജീവമാക്കലും, അതിന്റെ ബഹുമാനം പ്രകടിപ്പിക്കലും ലക്ഷ്യമിടുന്നുണ്ട്. മാത്രമല്ല, മഹാന്മാരെ സിയാറത് ചെയ്യുക വഴി പരലോക സഹായം ലഭിക്കുകയും ചെയ്യും. റബ്ബിന്റെ ഭാഗത്ത് നിന്നുള്ള നന്മകൾ വിലക്കപ്പെട്ടവരല്ലാതെ ഇവയൊന്നും നിഷേധിക്കുകയില്ല തന്നെ.."
സിയാറതിലൂടെ ലഭ്യമാകുന്ന ആത്മീയ നേട്ടങ്ങളെ നിഷേധിക്കുന്നവനെ അല്ലാഹുവിന്റെ റഹ്‌മതിൽ നിന്നും വിലക്കപ്പെട്ട - മഹ്റൂം ആയിട്ടാണ് മഹാൻ വിശേഷിപ്പിച്ചത്.

ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരു ഭാഗം ഫതാവൽ കുബ്റായിൽ നിന്ന് ഉദ്ധരിക്കാം:

وَأَمَّا الْأَوْلِيَاءُ فَإِنَّهُمْ مُتَفَاوِتُونَ فِي الْقُرْبِ مِنْ اللَّهِ تَعَالَى وَنَفْعِ الزَّائِرِينَ بِحَسْبِ مَعَارِفِهِمْ وَأَسْرَارِهِمْ فَكَانَ لِلرِّحْلَةِ إلَيْهِمْ فَائِدَةٌ أَيُّ فَائِدَةٍ فَمِنْ ثَمَّ سُنَّتْ الرِّحْلَةُ إلَيْهِمْ لِلرِّجَالِ فَقَطْ. اهـ  
 (فتاوى الكبرى: ٢/٢٤)

".. ഔലിയാക്കൾ, അവരുടെ സ്ഥാനങ്ങൾ വ്യത്യസ്തമാണ്. അതിനാൽ ഓരോരുത്തരെ സിയാറത് ചെയ്യുന്നതിലൂടെ വ്യത്യസ്ത ഫലങ്ങളാണ് ലഭിക്കുക. അത് കൊണ്ട് തന്നെ, ഇവയെല്ലാം ഉദ്ദേശിച്ച് കൊണ്ട് തന്നെ മഖാമുകളിലേക്ക് യാത്ര ചെയ്യുന്നതിൽ വലിയ ഫാഇദഃകളുണ്ട്.." ഈ പരാമർശത്തിൽ പുരുഷന്മാർക്കാണ് സുന്നതുള്ളത് എന്ന് പറഞ്ഞെങ്കിലും, യാത്രയിലെ നിബന്ധനകൾ പാലിച്ച സ്ത്രീകൾക്കും മഹാന്മാരെ സിയാറത് ചെയ്യുന്നത് സുന്നത്താണന്ന് തുഹ്ഫഃയിൽ (3/201) വ്യക്തമാക്കിയിട്ടുണ്ട്.

സ്വഹാബതിന്റെ ഖബ്റുകളെ കൊണ്ട് ബറകത് എടത്തിരുന്നു:
ഹിജാസ് - എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മക്കഃ - മദീനഃ - യമാമഃ എന്നീ മൂന്നു പ്രദേശങ്ങളാണ്. ഇതിലെ യമാമഃയിൽ സ്വഹാബതിന്റെ ഖബ്റുകൾ ഉണ്ടായിരുന്നെന്നും, അത് കൊണ്ട് ബറകത് എടുക്കാറുണ്ടായിരുന്നു എന്നും പറയുന്നു:

وَبِهَا قُبُورُ الصَّحَابَةِ مَشْهُورَةٌ تُزَارُ وَيُتَبَرَّكُ بِهَا. اهـ 
(تحفة: ٩/٢٨١).

മഹാന്മാരുടെ സാന്നിധ്യം വിശിഷ്ടവും ദുആക്ക് ഉത്തരം ലഭിക്കുന്നതുമാണ്:

അറഫഃ മൈതാനിയിൽ വെച്ച് ദുആ ചെയ്യണം. തിരുനബി(സ്വ) തങ്ങൾ, ഒരു ദരിദ്രൻ യാചിക്കുന്ന പോലെ റബ്ബിനോട് ദുആ ചെയ്തിരുന്നു. ഇവിടുത്തെ ദുആ പ്രത്യേകം ഇജാബത് പ്രതീക്ഷിക്കപ്പെടുന്ന സ്ഥലമാണ്. അതിന്റെ കാരണം ഇബ്നു ഹജർ(റ) പറയുന്നു:

كيف وَهُوَ أَعْظَمُ مَجَامِعِ الدُّنْيَا وَفِيهِ مِنْ الْأَوْلِيَاءِ وَالْخَوَاصِّ مَا لَا يُحْصَى وَصَحَّ أَنَّ اللَّهَ يُبَاهِي بِالْوَاقِفِينَ الْمَلَائِكَةَ. اهـ
(تحفة: ٤/١٠٧)

".. എങ്ങിനെ അതില്ലാതിരിക്കാനാ, അറഫാ മൈതാനിയിൽ ഔലിയാക്കളും റബ്ബിന്റെ ഇഷ്ടക്കാരും മലക്കുകളും ധാരാളം ഒരുമിക്കുന്ന സംഗമ ഭൂമിയല്ലേ അത്!.." 

ബീവി ഖദീജാ(റ)യുടെ വീടിന് മഹത്വം:

മക്കഃയിൽ, മസ്ജിദുൽ ഹറം കഴിഞ്ഞാൽ ഏറ്റവും ഉത്തമം ബീവി ഖദീജാ(റ)യുടെ വീടിനാണ്. ഇബ്നു ഹജർ(റ)യുടെ കാലത്ത് അവിടെ ഒരു കല്ല് ഉണ്ടായിരുന്നു. "..മക്കഃയിൽ വെച്ച് എന്നോട് സലാം പറഞ്ഞിരുന്ന കല്ലിനെ എനിക്ക് നന്നായറിയാം.." എന്ന് തിരുനബി(സ്വ) തങ്ങൾ വാഴ്ത്തിയ കല്ല്, അതാണെന്ന് പാരമ്പര്യമായി പ്രസിദ്ധിയാർജ്ജിച്ചതാണെന്നും മഹാൻ രേഖപ്പെടുത്തുന്നു.

وَأَفْضَلُ مَوْضِعٍ مِنْهَا بَعْدَ الْمَسْجِدِ بَيْتُ خَدِيجَةَ الْمَشْهُورُ الْآنَ بِزُقَاقِ الْحَجَرِ الْمُسْتَفِيضُ بَيْنَ أَهْلِ مَكَّةَ خَلَفًا عَنْ سَلَفٍ أَنَّ ذَلِكَ الْحَجَرَ الْبَارِز فِيهِ هُوَ الْمُرَادُ بِقَوْلِهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إنِّي لَأَعْرِفُ حَجَرًا كَانَ يُسَلِّمُ عَلَيَّ بِمَكَّةَ» اهـ
 (تحفة: ٤/٦٥)

ബറകതുള്ള കാര്യങ്ങൾ ഖണ്ഡിത പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെടേണ്ടതില്ല - എന്ന പൊതു തത്വം വരികൾക്കിടയിലൂടെ സൂചിപ്പിക്കുന്നുണ്ട്. അതായത്, ആ കല്ല്, തിരുനബി(സ്വ) തങ്ങൾ പുകഴ്ത്തിയ കല്ലാണെന്ന് വിശ്വസിച്ചാലേ, അല്ലെങ്കിൽ അത് കൊണ്ട് ബറകതെടുത്താലേ സുന്നിയാവൂ എന്നില്ല.

മഹാന്മാരുടെ ചാരെ മറവ് ചെയ്യുന്നതിന് പുണ്യം:

ഒരു നാട്ടിൽ വെച്ച് മരണപ്പെട്ടാൽ, അവിടത്തന്നെ മറവ് ചെയ്യുകയാണ് വേണ്ടത്. എന്നാൽ, മക്ക, മദീന, ബൈതുൽ മുഖദ്ദസ് എന്നിവിടങ്ങളിലേക്ക് ജനാസ മാറ്റി മറവ് ചെയ്യുന്നത് സുന്നതുണ്ട്. (മരണം സംഭവിച്ച നാട്ടിൽ നിന്നും മയ്യിത് നിസ്കാരം കഴിഞ്ഞ ശേഷം, മയ്യിത് ദ്രവിക്കുകയും ചെയ്തിട്ടില്ലെങ്കിൽ മാത്രം. ഇത് ആ നാടുകളോട് ചേർന്ന് നിൽക്കുന്ന പ്രദേശക്കാർക്കാണ് സുന്നതുള്ളത്) ഇപ്രകാരം, സ്വാലിഹീങ്ങളുടെ മഖ്ബറയുടെ അടുത്ത് മറവ് ചെയ്യാൻ വേണ്ടിയും ഇങ്ങനെ മാറ്റുന്നത് സുന്നതുണ്ടെന്ന് ഇമാം മുഹിബ്ബുത്ത്വബരി(റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന് ന്യായമായി പറയുന്ന ഭാഗം തുഹ്ഫ ഉദ്ധരിച്ചത് നോക്കൂ:

قَالَ جَمْعٌ وَعَلَيْهِ فَيَكُونُ أَوْلَى مِنْ دَفْنِهِ مَعَ أَقَارِبِهِ فِي بَلَدِهِ أَيْ لِأَنَّ انْتِفَاعَهُ بِالصَّالِحِينَ أَقْوَى مِنْهُ بِأَقَارِبِهِ. اهـ 
 (تحفة: ٣/٢٠٣)

".. സ്വന്തം ബന്ധുക്കളുടെ അടുത്ത് മറവ് ചെയ്താൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മയ്യിതിന് ഉപകരിക്കുന്നത് മഹാന്മാരുടെ ഖബ്റുകൾക്ക് ചാരെയാകുമ്പോഴാണ്.."

തിരുനബി(സ്വ) തങ്ങളെക്കൊണ്ട് ബറകത്:

മഹാന്മാർക്കും അവരുടെ മഖ്ബറകളുടെ ചാരെയും ബറകതുണ്ടെങ്കിൽ, അവരെ സിയാറത് ചെയ്യുന്നതിന് പുണ്യവുമുണ്ടെങ്കിൽ പിന്നെ, സർവ്വലോക സൃഷ്ടിപ്പിന് കാരണമായ മുത്ത്റസൂൽ(സ്വ) തങ്ങൾക്കും, തങ്ങളുമായി ബന്ധമുള്ളതിനെല്ലാം ബറകതും പുണ്യവും സുനിശ്ചിതമാണ്.

പെരുന്നാൾ നിസ്കാരത്തിന് - ഏത് ഇബാദതിനും - പോകുമ്പോൾ ഒരു വഴിയിലൂടെയും തിരിച്ച് വരുമ്പോൾ മറ്റൊരു വഴിയിലൂടെയും ആയിരിക്കൽ സുന്നതുണ്ട്. ഇങ്ങനെ തിരുനബി(സ്വ) തങ്ങൾ ചെയ്തിരുന്നു. അവിടുന്ന് അങ്ങനെ ചെയ്തതിലുള്ള ഹിക്മത് പലതും പണ്ഡിതന്മാർ പറഞ്ഞ കൂട്ടത്തിൽ തങ്ങളെക്കൊണ്ട് ആ പ്രദേശങ്ങളിലുള്ളവർക്ക് ബറകത് ലഭിക്കാനായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്:

(وَيَذْهَبُ فِي طَرِيقٍ وَيَرْجِعُ فِي أُخْرَى)
 نَدْبًا لِلِاتِّبَاعِ رَوَاهُ الْبُخَارِيُّ. وَحِكْمَتُهُ «أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - كَانَ يَذْهَبُ فِي الْأَطْوَلِ» ؛ لِأَنَّ أَجْرَ الذَّهَابِ أَعْظَمُ وَيَرْجِعُ فِي الْأَقْصَرِ وَهَذَا سُنَّةٌ فِي كُلِّ عِبَادَةٍ، أَوْ لِيَتَبَرَّكَ بِهِ أَهْلُهُمَا الخ. اهـ
 (تحفة: ٢/٤٩)

മുത്ത്റസൂൽ(സ്വ) തങ്ങളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ചിലത് നോക്കാം.

ലോകത്തേറ്റവും - പരിശുദ്ധ അർശിനേക്കാൾ വരെ ഉത്തമമായ മണ്ണ്, മുത്ത് ഹബീബ്(സ്വ) തങ്ങളുടെ തിരുശരീരത്തിനോട് ചേർന്ന് നിൽക്കുന്ന മണ്ണാണ്:

التُّرْبَةُ الَّتِي ضَمَّتْ أَعْضَاءَهُ الْكَرِيمَةَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَهِيَ أَفْضَلُ إجْمَاعًا حَتَّى مِنْ الْعَرْشِ. اهـ
 (تحفة: ٤/٦٤)

നിസ്കാരം അല്ലാഹു തആലായോടുള്ള സംഭാഷണമായിട്ടു പോലും, തശഹ്ഹുദിൽ "അങ്ങയുടെ മേൽ സലാം" - എന്ന് തിരുനബി(സ്വ) തങ്ങളോട് നേരിട്ട് പറയൽ നിർബന്ധമാണ്. അതേക്കുറിച്ച് ഇബ്നു ഹജർ(റ) പറയുന്നത് ഇങ്ങനെ:

خُوطِبَ إشَارَةً إلَى أَنَّهُ الْوَاسِطَةُ الْعُظْمَى الَّذِي لَا يُمْكِنُ دُخُولُ حَضْرَةِ الْقُرْبِ إلَّا بِدَلَالَتِهِ وَحُضُورِهِ وَإِلَى أَنَّهُ أَكْبَرُ الْخُلَفَاءِ عَنْ اللَّهِ فَكَانَ خِطَابُهُ كَخِطَابِهِ. اهـ 
 (تحفة: ٢/٨٢)

".. റബ്ബിലേക്ക് ചേരാനുള്ള അത്യുന്നതമായ മദ്ധ്യവർത്തി തിരുനബി(സ്വ) തങ്ങളാണ്. അവിടുത്തെ അറിയിപ്പും സാന്നിദ്ധ്യവുമില്ലാതെ റബ്ബിലേക്ക് അടുക്കാൻ കഴിയില്ല തന്നെ. ഭൂമിയിലേക്ക് നിയോഗിച്ച അല്ലാഹുവിന്റെ ഖലീഫമാരിൽ ഏറ്റവും ഉയർന്നവരാണവർ. അത് കൊണ്ട് തിരുനബി(സ്വ) തങ്ങളോട് നേരിട്ട് പറയുന്നത്, അല്ലാഹുവിനോട് അഭിമുഖം നടത്തുന്നതിന് തുല്യമാണ്.."
ഇതിനെ ശിർക്കാരോപണമായി വിവരദോഷികൾ ഉന്നയിക്കാൻ വരട്ടെ, ഇമാം ഇബ്നു ഹജർ(റ)ക്ക് തൗഹീദ് പഠിപ്പിക്കാൻ ഒരുങ്ങിക്കോളിൻ, ഹല്ല പിന്നെ!

തിരുനബി(സ്വ) തങ്ങൾക്ക് സ്വർഗ്ഗവും ഭൂമിയും പതിച്ചു നൽകാൻ അധികാരം അല്ലാഹു നൽകിയിട്ടുണ്ട് :

ആരുടെയും ഉടമസ്ഥതയിലില്ലാത്ത ഭൂപ്രദേശങ്ങൾ വെട്ടിത്തെളിച്ചവന് അതിന്റെ ഉടമസ്ഥാവകാശം ഉണ്ടെന്നാണ് ഇസ്‌ലാമിക നിയമം. ഇത് വിശദീകരിക്കുന്നിടത്ത് ഇമാം പറയുന്നത് നോക്കൂ:

وَصَحَّ أَيْضًا «مَنْ أَحْيَا أَرْضًا مَيْتَةً فَهِيَ لَهُ» وَلِهَذَا لَمْ يَحْتَجْ فِي الْمِلْكِ هُنَا إلَى لَفْظٍ؛ لِأَنَّهُ إعْطَاءٌ عَامٌّ مِنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ -؛ لِأَنَّ اللَّهَ تَعَالَى أَقْطَعَهُ أَرْضَ الدُّنْيَا كَأَرْضِ الْجَنَّةِ لِيُقْطِعَ مِنْهُمَا مَنْ شَاءَ مَا شَاءَ. اهـ 
(تحفة: ٦/٢٠٢)

"..നിർജീവ ഭൂമി അത് വെട്ടിത്തെളിച്ചവനുള്ളതാണ് - എന്ന തിരുവചനമുണ്ട്. അതിനാൽ അത് ഉടമപ്പെടുത്തുന്നതിന് വാചകം മൊഴിയേണ്ടതില്ല. ഈ തിരുവാക്ക് തന്നെ അതിന് മതിയാകുന്നതാണ്. കാരണം ഇത് അവിടുത്തെ അധികാര പരിധിയിൽ പെട്ട പതിച്ചു നൽകലാണ്. സ്വർഗ്ഗം അവിടുന്ന് ഉദ്ദേശിക്കുന്നവർക്ക് വേണ്ടത്ര നൽകാൻ തങ്ങൾക്ക് അല്ലാഹു നൽകിക്കഴിഞ്ഞ പോലെ ഇതും നൽകിയിട്ടുണ്ട്.."

തിരുനബി(സ്വ) തങ്ങൾ പ്രഥമ മുസ്‌ലിമാണ്:

നിസ്കാരത്തിലെ പ്രാരംഭ പ്രാർത്ഥനയെ വിശദീകരിക്കുന്നിടത്ത് ഇങ്ങനെ കാണാം :

 وَأَنَا مِنْ الْمُسْلِمِينَ، وَكَانَ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - تَارَةً يَقُولُ هَذَا وَتَارَةً يَقُولُ مَا فِي الْآيَةِ لِأَنَّهُ أَوَّلُ الْمُسْلِمِينَ مُطْلَقًا وَلَا يَجُوزُ لِغَيْرِهِ ذَكَرَهُ إلَّا إنْ قَصَدَ لَفْظَ الْآيَةِ. اهـ 
 (تحفة: ٢/٣١)

"..ദുആഉൽ ഇഫ്തിതാഹിൽ ചില സമയത്ത് 
وَأَنَا مِنْ الْمُسْلِمِينَ
എന്ന ഇബ്റാഹീം നബി(അ)ന്റെ ദുആയും ചിലപ്പോൾ ഖുർആനിൽ വന്ന
وأنا أَوَّلُ الْمُسْلِمِينَ
എന്ന ദുആയും ചെല്ലാറുണ്ടായിരുന്നു. ഞാൻ ആദ്യ മുസ്‌ലിമാണെന്ന ഈ പ്രയോഗം തങ്ങളെ സംബന്ധിച്ച് - അവിടുന്ന് അവസാന നബി ആണെങ്കിൽ പോലും, പറയുന്നതിന് ഒരു പ്രശ്നവുമില്ല. അവിടുന്ന് അങ്ങനെ തന്നെയാണല്ലോ..."

ആദ്യ സൃഷ്ടി അവിടുത്തെ റൂഹ് ആയതിനാൽ തന്നെ ഈ പ്രയോഗം ശരിയാണെന്ന് വ്യാഖ്യാതാക്കൾ വ്യക്തമാക്കുന്നു: 
لِأَنَّهُ أَوَّلُ مُسْلِمِي هَذِهِ الْأُمَّةِ أَيْ فِي الْوُجُودِ الْخَارِجِيِّ فَلَا يُنَافِي أَنَّهُ أَوَّلُ الْمُسْلِمِينَ مُطْلَقًا كَمَا فِي حَجّ لِتَقَدُّمِ خَلْقِ ذَاتِهِ أَيْ رُوحِهِ وَإِفْرَاغِ النُّبُوَّةِ عَلَيْهِ قَبْلَ خَلْقِ جَمِيعِ الْمَوْجُودَاتِ اهـ.
 (شرواني : ٢/٣١)

ബീവി ഖദീജ(റ)യുടെ വീടിന് പവിത്രതയുണ്ടെന്ന് മേൽ സൂചിപ്പിച്ചല്ലോ. ഇതേ പ്രകാരം അവിടുത്തെ ബന്ധുക്കൾക്കും പ്രത്യേകതയുണ്ട്. എന്നല്ല, അവിടുത്തോടുള്ള രക്തബന്ധത്തിന്റെ അടുപ്പമനുസരിച്ച് പവിത്രതയിലും വ്യത്യാസമുണ്ട്. ഇമാം നവവി(റ)യുടെ മിൻഹാജിൽ തന്നെ 'ഫൈഅ്' സ്വത്ത് ഓഹരി വെക്കുന്നതിൽ ഇത് കാണാം. തങ്ങളോടു അടുപ്പമനുസരിച്ച് ക്രമപ്രകാരം നൽകേണ്ട രീതിയാണിത്.

ويقدم في ثبات الاسم والإعطاء قريشا وهم ولد النضر بن كنانة ويقدم منهم بني هاشم والمطلب ثم عبد شمس ثم نوفل ثم عبد العزى ثم سائر البطون الأقرب فالأقرب إلى رسول الله صلى الله عليه وسلم ثم الأنصار ثم سائر العرب ثم العجم. اهـ 
(انظر تحفة: ٧/١٣٧)

ഇമാം നവവി(റ)യുടെ മിൻഹാജിന്റെ വ്യാഖ്യാനങ്ങളിൽ അതുല്യമാണ് ഇബ്നു ഹജർ(റ)യുടെ 'തുഹ്ഫ' എന്ന ഗ്രന്ഥം. അതിൽ നിന്നും ചിലത് മാത്രം കുറിച്ച് കൊണ്ടാണ് ഈ കുറിപ്പ് തന്നെ തയ്യാറാക്കിയത്. ഈ വ്യാഖ്യാനം മഹാൻ രചിക്കുന്നത് ഇമാം നവവി(റ)യുടെ കിതാബ്‌ കൊണ്ടുള്ള ബറകത് ലഭിക്കാനാണെന്ന് മഹാൻ തന്നെ പറയുന്നുണ്ട്:

فَإِنَّهُ طَالَمَا يَخْطِرُ لِي أَنْ أَتَبَرَّكَ بِخِدْمَةِ شَيْءٍ مِنْ كُتُبِ الْفِقْهِ لِلْقُطْبِ الرَّبَّانِيِّ الخ. اهـ 
(تحفة: ١/٢)
ഇവരുടെയൊക്കെ മഹാന്മാരോടുള്ള ബഹുമാനവും അവരുടെ ബറകത് ലഭിക്കാനുള്ള അതിയായ ആശയും പുതുതലമുറക്ക് പകർന്ന് കൊടുക്കേണ്ടത് തന്നെ. മഹാനരെക്കുറിച്ച് മനസ്സിലാക്കാൻ ഒരു സംഭവം മാത്രം വിവരിച്ചുകൊണ്ട് ഈ കുറിപ്പ് തൽക്കാലം അവസാനിപ്പിക്കാം.

ولقد رأيته حين ابتدأت في أصل هذا الشرح، وقد نزع عمامته التي أعرفها من رأسه وألبسني إياها، فعلمت أن الله سبحانه وتعالى يلحقني به وييسر لي كثيرا من المهمات بسببه - فرحمه الله ورضي عنه وحقق لي كل ما أرجوه من كرمه إنه أكرم كريم وأرحم رحيم. اهـ

"..ഫത്ഹുൽ ജവാദ് - എന്ന തന്റെ വ്യഖ്യാനം രചിക്കാൻ തുടങ്ങിയപ്പോൾ അവരുടെ ശൈഖ് - സകരിയ്യാ അൽ അൻസ്വാരി(റ)യെ സ്വപ്ന ദർശനമുണ്ടായി. ജീവിതകാലത്ത് തലയിലുണ്ടായിരുന്ന എനിക്ക് നന്നായറിയുന്ന മഹാനരുടെ തലപ്പാവ്, അവരുടെ തലയിൽ നിന്നും ഊരിയെടുത്ത് എന്റെ തലയിൽ വെച്ചു തരുന്നതായി ഞാൻ കണ്ടു. ഇത് കാരണമായി എന്നെ മഹാനരോടൊപ്പം റബ്ബ് ചേർത്തുമെന്നും ഞാൻ പ്രതീക്ഷിച്ച കാര്യങ്ങൾ എളുപ്പമാവുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.."

ഇവരുടെയെല്ലാം ഇഷ്ടക്കാരിൽ റബ്ബ് നമ്മെ ചേർത്തി തരട്ടെ - ആമീൻ.

✍️ 
അഷ്റഫ് സഖാഫി പളളിപ്പുറം . 

(കേട്ടെഴുത്ത്: 
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )