നിഅ്മത്


📝
നിഅ്മത്

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

     പരലോകത്ത് ഉപകരിക്കുന്ന ഖൈറായ കാര്യങ്ങളെന്തോ അതെല്ലാം നിഅ്മതാണ്. അപ്പോൾ, ആഖിറ നാളിനെ മറപ്പിച്ചു കളയുന്ന സമ്പത്തും മറ്റ് സുഖ സൗകര്യങ്ങളൊന്നും നിഅ്മതല്ല. നിഅ്മതിനെ ഇബ്നു ഹജർ(റ) നിർവ്വചിച്ചതാണ് ഇങ്ങനെ:

وَهِيَ- كُلِّ مُلَائِمٍ تُحْمَدُ عَاقِبَتُهُ. اهـ
(تحفة: ١/١٨)

وهي اللذة التي تحمد عاقبتها. اهـ
(شرح بافضل: ١/٨)

അത് കൊണ്ട് അവിശ്വാസികൾക്ക് ലഭിക്കുന്ന ഒരു കാര്യത്തെയും അനുഗ്രഹമെന്ന് വിശേഷിപ്പിച്ചു കൂടാ. ഖുർആനിലെ
{ رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةࣰ وَفِی ٱلۡـَٔاخِرَةِ حَسَنَةࣰ وَقِنَا عَذَابَ ٱلنَّارِ }
എന്നതിൽ രണ്ട് തവണ
 حسنة 
എന്ന പദം ആവർത്തിച്ചിട്ടുണ്ട്. ഇവ രണ്ടിന്റെ വിശദീകരണവും മേൽ പറഞ്ഞതിനോട് സമാനമാണ്:

فَالْوَجْهُ أَنَّ مُرَادَهُ بِالْأُولَى كُلُّ خَيْرٍ دُنْيَوِيٍّ يَجُرُّ لِخَيْرٍ أُخْرَوِيٍّ وَبِالثَّانِيَةِ كُلُّ مُسْتَلَذٍّ أُخْرَوِيٍّ يَتَعَلَّقُ بِالْبَدَنِ وَالرُّوحِ. اهـ
(تحفة: ٤/٨٧)

"..ഇഹലോകത്തെ ഹസനത് എന്നാൽ പരലോക പുണ്യം നേടിത്തരുന്ന എല്ലാ നല്ലകാര്യങ്ങളുമാണ്. ശാരീരികമായും ആത്മീയമായും ലഭ്യമാകുന്ന ആഖിറതിലെ ആസ്വാദനങ്ങളാണ് രണ്ടാമത്തെ ഹസനത്.."

ആഖിറതിലെ രക്ഷമാത്രം റബ്ബിനോട് ചോദിച്ചാൽ പോര, ദുൻയാവിലെ രക്ഷയും ചോദിക്കണം - എന്ന് നാം പഠിച്ചവരാണെങ്കിലും, ദുൻയാവിലെ രക്ഷ - ഹസനത് എന്നതുകൊണ്ടുള്ള ഉദ്ദേശ്യം പരലോക പുണ്യം നേടിത്തരുന്ന കാര്യങ്ങൾ മാത്രമാണെന്ന് ഓർക്കാതെ പോകരുത്. പതിവായി ദുആയിൽ വരുന്ന പദങ്ങളാണെങ്കിലും ഈയൊരു അർത്ഥതലം നമ്മൾ ഗൗനിക്കാറില്ല.

ചിന്തിക്കുന്നവർക്ക് കാര്യങ്ങൾ ഏറെക്കുറെ ഗ്രാഹ്യമായിരിക്കണം. അതായത്, ജനങ്ങൾക്കിടയിൽ വലിയ മതിപ്പുണ്ടാകും വിധം സമ്പത്ത്, തരക്കേടില്ലാത്ത വീട്, വാഹനം തുടങ്ങി ചിലതൊക്കെ നേടിക്കഴിഞ്ഞാൽ പൊതുവെ ഒരു ചൊല്ലുണ്ട് - ആ, ആൾക്ക് ഈയിടെ വല്യ നിഅ്മതാ - എന്ന്. അവനും തന്നെ ഞാൻ വല്യ അനുഗ്രഹത്തിലാണെന്ന ഒരു തോന്നൽ. അല്ലെ?
എന്നാൽ ഇവയൊന്നും പരലോക രക്ഷയിലേക്ക് ഉതകുന്നതല്ലെങ്കിൽ ഇവനൊക്കെ - എന്തിന് നമ്മൾ തന്നെ - വലിയ ചതിയിലാണ്, ദുൻയാവിന്റെ ചതിയിൽ. ഇതെല്ലാം റബ്ബിന്റെ അനുഗ്രഹമാണെന്നും ധരിച്ച് പുളകമണിയുന്ന, ഒപ്പം ആഖിറതെ മറപ്പിച്ചു കളയുന്നതുമായ കൊടും ചതി !
ഈ ചതിയെക്കുറിച്ച് ഖുർആൻ താക്കീതു ചെയ്യുന്നുണ്ട്:

{ وَمَا ٱلۡحَیَوٰةُ ٱلدُّنۡیَاۤ إِلَّا مَتَـٰعُ ٱلۡغُرُورِ }
[سورة آل عمران- ١٨٥]

{  وَإِن كُلُّ ذَ ٰ⁠لِكَ لَمَّا مَتَـٰعُ ٱلۡحَیَوٰةِ ٱلدُّنۡیَاۚ وَٱلۡـَٔاخِرَةُ عِندَ رَبِّكَ لِلۡمُتَّقِینَ }
[سورة الزخرف- ٣٥]

{ ٱعۡلَمُوۤا۟ أَنَّمَا ٱلۡحَیَوٰةُ ٱلدُّنۡیَا لَعِبࣱ وَلَهۡوࣱ وَزِینَةࣱ وَتَفَاخُرُۢ بَیۡنَكُمۡ وَتَكَاثُرࣱ فِی ٱلۡأَمۡوَ ٰ⁠لِ وَٱلۡأَوۡلَـٰدِۖ كَمَثَلِ غَیۡثٍ أَعۡجَبَ ٱلۡكُفَّارَ نَبَاتُهُۥ ثُمَّ یَهِیجُ فَتَرَىٰهُ مُصۡفَرࣰّا ثُمَّ یَكُونُ حُطَـٰمࣰاۖ وَفِی ٱلۡـَٔاخِرَةِ عَذَابࣱ شَدِیدࣱ وَمَغۡفِرَةࣱ مِّنَ ٱللَّهِ وَرِضۡوَ ٰ⁠نࣱۚ وَمَا ٱلۡحَیَوٰةُ ٱلدُّنۡیَاۤ إِلَّا مَتَـٰعُ ٱلۡغُرُورِ }
[سورة الحديد- ٢٠]

ഇമാം ബൈളാവി(റ) സൂറതുൽ ഫാതിഹയുടെ വ്യാഖ്യാനത്തിൽ നിഅ്മതിനെ കുറിച്ച് പറയുന്നു:

 "..നിഅ്മതിനെ രണ്ടായി തിരിക്കാം. ദുൻയാവിലുള്ളതും ആഖിറതിലുള്ളതും. ദുൻയാവിലുള്ളത് രണ്ട് ഇനമുണ്ട്. അധ്വാനമില്ലാതെ ലഭിക്കുന്നതും അധ്വാനഫലമായി മാത്രം കിട്ടുന്നതും. ഇതിൽ മനുഷ്യ ജീവൻ, ബുദ്ധി, ഗ്രാഹ്യശേഷി, സംസാര ശേഷി തുടങ്ങിയവയും, ശരീര പ്രകൃതി, അവയവങ്ങൾ, ആരോഗ്യം തുടങ്ങിയവയും അധ്വാനമില്ലാതെ ലഭിക്കുന്നതാണ്. എന്നാൽ സ്വഭാവ സംസ്കരണം, സമ്പത്ത്, സ്ഥാനങ്ങൾ ഇവയെല്ലാം അധ്വാനഫലത്തോടെയുള്ളതുമാണ്.
രണ്ടാമത്തെ നിഅ്മത് - ആഖിറതിലുള്ളത് - അത് പാപമോചനം, റബ്ബിന്റെ തൃപ്തി, സ്വർഗ്ഗസ്ഥാനം തുടങ്ങിയവയും. നമ്മൾ ലക്ഷ്യം വെക്കുന്ന നിഅ്മത് കൊണ്ടുദ്ദേശ്യം, ആഖിറത്തിൽ ലഭിക്കുന്ന ഈ കാര്യങ്ങളും ദുൻയാവിൽ നിന്ന് ഇവയിലേക്ക് പ്രേരിപ്പിക്കുന്നവയും മാത്രമാണ്, കാരണം, അല്ലാത്ത കാര്യങ്ങളിലെല്ലാം വിശ്വാസിയും അവിശ്വാസിയും സമന്മാരാണല്ലോ.." 

 ഈ ദുൻയാവിലെ സമ്പത്തിനെ എത്രമേൽ മോശമായിട്ടാണ് മഹാന്മാർ പരിചയപ്പെടുത്തിയത് ! ഇബ്നു ഹജർ(റ) പറയുന്നു:

لِأَنَّ الْمَالَ ظِلٌّ زَائِلٌ وَحَالٌ حَائِلٌ وَطَوْدٌ مَائِلٌ وَلَا يَفْتَخِرُ بِهِ أَهْلُ الْمُرُوءَاتِ وَالْبَصَائِرِ. اهـ
(تحفة: ٧/٢٨٣)

"..വിവാഹാലോചനയിൽ ഇരു കുടുംബങ്ങളുടെയും സമ്പത്ത് പരിഗണനീയമല്ല, കാരണം, സ്വത്ത് നീങ്ങിപ്പോകുന്ന ഒരു നിഴലാണ്, മാറിക്കൊണ്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷം, ചാഞ്ഞു കിടക്കുന്ന ഒരു മണൽക്കൂന ... അങ്ങനെയുളള ഈ സ്വത്തു കൊണ്ട് മാന്യന്മാരും ബുദ്ധിയുളവരും പ്രൗഢി കാണിക്കുകയേ ഇല്ല.."

എന്ന് കരുതി, സമ്പത്ത് തീരെ വേണ്ട എന്നല്ല. കാരണം, ദാരിദ്ര്യവും ഭീതി നിറഞ്ഞതാണ്. അത് തെറ്റുകളിലേക്കും - ദൈവനിഷേധത്തിലേക്ക് വരെ എത്തിച്ചേക്കും. റബ്ബ് കാക്കട്ടെ. ജീവിക്കാനാവശ്യമായ സ്വത്ത് വേണം. അതിനോട് തന്നെ മനസ്സുവെക്കാതെ ജീവിക്കുകയും വേണം. അതാണല്ലോ സൈനുദ്ധീൻ മഖ്ദൂം(റ) പറഞ്ഞത്:

وازهد وذا فقد علاقة قلبك #
 ذا المال لا فقد له تك أعقلا

"..പ്രപഞ്ചത്യാഗിയായിട്ട് നീ ജീവിക്ക്, അത് സ്വത്തിനോട് മനസ്സു വെക്കാതിരിക്കലാണ്. അല്ലാതെ സമ്പത്ത് പറ്റെ ഒഴിവാക്കലല്ല. അങ്ങനെ ജീവിച്ചാൽ നീ ബുദ്ധിമാനാവും.."

ചുരുക്കത്തിൽ, സാമ്പത്തികമായി വളരുമ്പോഴേക്കും അത് ദൈവാനുഗ്രഹമായി ഗണിക്കും മുമ്പ് അത് അല്ലാഹുവിന്റെ പരീക്ഷണമാണെന്ന് മനസ്സിലാക്കി ചെറിയ ഭയം മൊട്ടിട്ടു തുടങ്ങണം. സമ്പത്തുള്ളവർ പാലിക്കേണ്ട നിർബന്ധ ബാധ്യതകൾക്ക് ( ഭക്ഷണം -വീട് - വസ്ത്രം തുടങ്ങിയ മൗലിക കാര്യങ്ങൾക്ക് കഷ്ടപ്പാടുള്ള സമുദായ സഹോദരങ്ങൾക്ക് വേണ്ടത് ചെയ്ത് കൊടുക്കുക ) പുറമെ സ്വദഖകളിലും മറ്റു സൽകർമ്മങ്ങളിലും ആവുന്നത് ചെയ്ത് ആ പരീക്ഷണത്തിൽ വിജയിക്കാൻ ശ്രമിക്കണം. അങ്ങനെ അത് റബ്ബിന്റെ
നിഅ്മതായിട്ട് മാറ്റിയെടുക്കണം.

എന്നാൽ സമ്പത്തിനേക്കാളും വലിയ നിഅ്മതിനെ പരിചയപ്പെടുത്തട്ടെ - അതാണ് "ഇൽമ്". പണ്ഡിതനേക്കാൾ വലിയ അനുഗ്രഹീതൻ ഭൂലോകത്തില്ല തന്നെ. പക്ഷെ, അവന് ചിലപ്പോൾ സമ്പത്തൊന്നും ഉണ്ടായിരിക്കണമെന്നില്ല. ഒരു കവി പാടിയത് എത്രമേൽ അർത്ഥഗർഭമുള്ള വരികൾ !

كم عالم عالم أعيت مذاهبه #
 وجاهل جاهل تلقاه مرزوقا 
    هذا الذي ترك الأفهام حائرة #
وصير العالم النحرير زنديقا

".. ജീവിക്കാൻ വകയില്ലാത്ത എത്രയെത്ര ജ്ഞാനികളാണ് ... 
വിവരമില്ലാത്തവരെ ധനാഢ്യന്മാരായി കാണുകയും ചെയ്യുന്നു...
ഈ അവസ്ഥ ചിലർക്ക് പരിഭ്രാന്തി പരത്തി..
അങ്ങനെ ചില ഭാഗ്യമില്ലാത്ത ജ്ഞാനികളെയും സ്വത്തിനോടുള്ള മോഹം കപടന്മാരാക്കി മാറ്റി.."

ഇമാം ദസൂഖീ(റ) പറയുന്നു:

الفتن المضلة - هي الأمر الذي يمتحن الله به عبده كما إذا كان الشخص عالما يحقق العلوم وليس عنده ما يأكله ويجد الجهلة متنعمين بالمآكل والملابس الفاخرة، فإن هذه فتنة مضلة لأنها ربما أوقعت غير الموفق في الضلال وأما الموفق فلا يضل بل يقول إن نعم الله قسمان معنوية وهي العلم لأن اللذة به معنوية وحسية فالمولى أعطى النعم المعنوية للعلماء وأعطى النعم الحسية لغيرهم فالمعنوية أعظم من الحسية. اهـ 
(حاشية الدسوقي على أم البراهين- ص: ٤١)

".. സമ്പത്ത് അല്ലാഹു അവന്റെ അടിമകളെ പരീക്ഷിക്കാൻ നൽകുന്ന ഒരു കാര്യമാണ്. ഒരാൾ നല്ല ജ്ഞാനിയായിരിക്കാം, പക്ഷെ അവന് ഭക്ഷണത്തിന് വകയുണ്ടാകാതെ വന്നേക്കാം. മറ്റൊരാൾ വിവരമില്ലാത്തവനാണെങ്കിലും സുഭിക്ഷമായി ഭക്ഷണം കഴിക്കുന്നവനും പ്രൗഢിയുള്ള വസ്ത്രം ധരിക്കുന്നവനുമായിരിക്കും. ഇത്തരം ഘട്ടത്തിൽ റബ്ബിന്റെ തൗഫീഖുള്ള ജ്ഞാനിയാണെങ്കിൽ അവൻ ചിന്തിച്ചു കൊള്ളുക: റബ്ബിന്റെ നിഅ്മത് രണ്ട് തരമുണ്ട്. ഒന്ന് ആന്തരികവും മറ്റൊന്ന് ബാഹ്യവും. അറിവ് ആന്തരികമായ അനുഗ്രഹമാണ്. അതാണ് മറ്റുള്ളതിനേക്കാൾ ഉത്തമം. ആ സ്രേഷ്ടമായ നിഅ്മതാണ് റബ്ബ് എനിക്ക് നൽകിയിരിക്കുന്നത് .. "

ആഡംബര വസ്തുക്കളും മറ്റും കാണുമ്പോൾ അത് കിട്ടാത്തതിൽ സങ്കടം തോന്നേണ്ട. ഹജ്ജിന്റ വേളയിൽ ഇത്തരം സന്ദർഭങ്ങളിൽ ഈ ദിക്റ് ചൊല്ലാൻ ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്:

  لبيك إن العيش عيش الآخرة. 

ഈ ദിക്റിനർത്ഥം ഇങ്ങനെയാണ്: "അല്ലാഹുവേ, നിന്റെ വിളിക്ക് ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു. യഥാർത്ഥ ജീവിതം പരലോക ജീവിതമാണല്ലോ.."

ഈ ദിക്റ് ഖൻദഖിൽ കിടങ്ങ് കീറുന്ന വേളയിൽ സ്വഹാബത് ചൊല്ലിയ വാക്യങ്ങളാണ്. (തുഹ്ഫ: 4/63)


ഇങ്ങനെ ഇൽമിന് മഹത്വമുള്ളതിനാൽ തന്നെയാണ് പണ്ഡിതന്റെ മകളെ വ്യാപാരിക്ക് നികാഹ് ചെയ്തു കൊടുക്കുന്നതിൽ യോജിപ്പില്ലെന്ന് കർമ്മശാസ്ത്രം വ്യക്തമാക്കിയത് (തുഹ്ഫ: 7/282).

ഒരു കാര്യവും കൂടി കേൾക്കണോ ?
ഏറ്റവും വലിയ ധർമ്മിഷ്ടൻ - അത് പണ്ഡിതനാണ്. തന്റെ അറിവ് മറ്റുളളവർക്ക് പറഞ്ഞു കൊടുക്കുന്നത്, പണം സ്വദഖ: ചെയ്യുന്നതിനേക്കാൾ എത്രയോ മേലെയുള്ള ധർമ്മം ചെയ്യലാണ്.

{ یُؤۡتِی ٱلۡحِكۡمَةَ مَن یَشَاۤءُۚ وَمَن یُؤۡتَ ٱلۡحِكۡمَةَ فَقَدۡ أُوتِیَ خَیۡرࣰا كَثِیرࣰاۗ وَمَا یَذَّكَّرُ إِلَّاۤ أُو۟لُوا۟ ٱلۡأَلۡبَـٰبِ }
[سورة البقرة- ٢٤٩]

ഇൽമ് ലഭിച്ചവൻ പെരുത്ത് നന്മ നേടിയവനത്രെ - എന്നർത്ഥം വരുന്ന ഈ ആയതിന്റെ തൊട്ടു മുമ്പും ശേഷവും, നല്ല കാര്യങ്ങളിൽ സമ്പത്ത് ചിലവഴിക്കുന്നതിനെ വാഴ്ത്തിപ്പറയുന്ന ആയതുകളാണ്. അതിനിടയിൽ തന്നെ ഈ ആയത് സ്ഥാനം പിടിച്ചതിലുള്ള രഹസ്യം - അറിവ് പകർന്നു കൊടുക്കുന്നത് എത്രമേൽ ഉത്തമമായ ചിലവഴിക്കലാണ് - എന്നതാണ്. തിരുനബി(സ്വ) തങ്ങളുടെ ഏറ്റവും വലിയ ജൂദും അറിവ് പകർന്നു നൽകലായിരുന്നല്ലോ.

അത് കൊണ്ട് , അറിവു നേടാൻ ഭാഗ്യം ലഭിച്ചവരേ, സമ്പത്ത് കുറഞ്ഞു പോയതിന്റെ പേരിൽ നിങ്ങൾ സങ്കടപ്പെടേണ്ടതില്ല. നിങ്ങളാണ് ഏറ്റവും വലിയ ധർമ്മിഷ്ടർ.. സന്തോഷിച്ചു കൊള്ളുക.. കൂട്ടത്തിൽ ഒരു നിബന്ധനയുണ്ട്. അത് പാലിക്കാൻ നമ്മൾ വിട്ടു പോകരുത് - ഇബ്നു ഹജർ(റ) പറയുന്നു:

ثُمَّ فَضْلُهُ الْوَارِدُ فِيهِ مِنْ الْآيَاتِ وَالْأَخْبَارِ مَا يَحْمِلُ مَنْ لَهُ أَدْنَى نَظَرٍ إلَى كَمَالِ اسْتِفْرَاغِ الْوُسْعِ فِي تَحْصِيلِهِ مَعَ الْإِخْلَاصِ فِيهِ إنَّمَا هُوَ لِمَنْ عَمِلَ بِمَا عَلِمَ حَتَّى يَتَحَقَّقَ فِيهِ وِرَاثَةُ الْأَنْبِيَاءِ وَحِيَازَةُ فَضِيلَةِ الصَّالِحِينَ الْقَائِمِينَ بِمَا تَحَتَّمَ عَلَيْهِمْ مِنْ حُقُوقِ اللَّهِ تَعَالَى وَحُقُوقِ خَلْقِهِ. 
وَيَظْهَرُ حُصُولُ أَدْنَى مَرَاتِبِ ذَلِكَ بِالِاتِّصَافِ بِوَصْفِ  الْعَدَالَةِ الْآتِي فِي بَابِ الشَّهَادَاتِ . اهـ
(تحفة: ١/٣١)

".. ഖുർആനിലും ഹദീസുകളിലും വന്നിട്ടുള്ള ഇൽമിന്റെ മഹത്വങ്ങൾ ലഭിക്കണമെങ്കിൽ ഇഖ്‌ലാസ്വ് വിടാതെ നോക്കിയേ തീരൂ. ആ മഹത്വങ്ങൾ ലഭിക്കുമെന്ന ഉറച്ച പ്രതീക്ഷയും വേണം. എല്ലാത്തിനും പുറമെ, ജ്ഞാനിക്ക് ലഭിക്കേണ്ട ഏറ്റവും ചെറിയ പ്രതിഫലം ഉണ്ടാകണമെങ്കിൽ അദാലതിന്റെ വിശേഷണം ഉണ്ടായിരിക്കൽ നിർബന്ധമാണ്.."


 റബ്ബ് ദാരിദ്ര്യത്തിൽ നിന്ന് മോചനവും, ഇൽമ് എന്ന ഏറ്റവും വലിയ നിഅ്മത് നൽകുകയും ചെയ്യട്ടെ, ഇൽമ് പഠിക്കുകയും അതിന്റെ ഫലം ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഹതഭാഗ്യരിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്താതിരിക്കട്ടെ - ആമീൻ.

✍️ 
അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത്:
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )