ശ്രേഷ്ഠരിൽ നിന്ന് അരുതായ്മ സംഭവിച്ചാൽ !
ശ്രേഷ്ഠരിൽ നിന്ന് അരുതായ്മ സംഭവിച്ചാൽ !
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
________________________
പലർക്കും കാലിടറുന്ന ഘട്ടമാണിത്. അങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യണം? അതെ - തെറ്റിനെ തെറ്റായി തന്നെ മനസ്സിലാക്കുക. ശ്രേഷ്ഠർ ശ്രേഷ്ഠരാണെന്നും. അല്ലാതെ, വലിയവർ ചെയ്തതിനാൽ തെറ്റ് തെറ്റാവാതിരിക്കില്ല, തെറ്റ് സംഭവിച്ചതിന്റെ പേരിൽ അവരെ നിന്ദിക്കാനും പറ്റില്ല. അല്ലാഹു തആലാ "ഇസ്വ് മത്" നൽകി ആദരിച്ചത് നബിമാരെയും മലക്കുകളെയും മാത്രമാണ്. അല്ലാത്തവരിൽ നിന്നെല്ലാം പിഴവുകൾ ഉണ്ടായേക്കാം - അവർ എത്ര വലിയവരായാൽ പോലും. എങ്കിലും അതിനെയെല്ലാം കവച്ചുവെക്കുന്ന നന്മകൾ അവരുടെ ജീവിതത്തിലുണ്ടാകും. അതിനാൽ പാകപ്പിഴവുകൾ കാണുമ്പോഴേക്ക് ഉന്നതരെ നിസാരമാക്കി കളയരുത്.
നബികുടുംബത്തിൽ പെട്ടവരാണെങ്കിലും മേൽ പറഞ്ഞ നിലപാട് തന്നെയാണ് വിശ്വാസികൾക്കു വേണ്ടത്. അവരുടെ മഹത്വം വിളിച്ചോതുന്ന ഹദീസുകൾ ധാരാളമായി കാണാം. അവിടെയെല്ലാം - ശരീഅത് നിയമങ്ങൾക്ക് വിധേയമാകുമ്പോൾ മാത്രം എന്ന കണ്ടീഷനുണ്ട്. നോക്കൂ:
قال رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وسلم: (إِنَّ هَذَا الْأَمْرَ فِي قُرَيْشٍ، لَا يعاديهم أحد إلا كبه الله على وجهه، ما أقاموا الدين).
(رواه البخاري، رقم الحديث - ١٢٩٠)
വിശ്വാസികളുടെ നേതൃത്വം ഖുറൈശികൾക്കാണ്. അവർക്കെതിരെ തിരിഞ്ഞാൽ റബ്ബിന്റെ കോപമുണ്ടാവുക തന്നെ ചെയ്യും, ദീനിന്റെ നിയമമനുസരിച്ച് അവർ നീങ്ങുമ്പോൾ മാത്രം. അഥവാ, ശരീഅത് വിരുദ്ധമായി പ്രവർത്തിച്ചാൽ അവരെ പിന്തുണക്കേണ്ടതില്ല. അതിക്രമം കാണിച്ച ഖുറൈശികളായ ഭരണാധികാരികൾ മുൻകാലത്ത് കഴിഞ്ഞു പോയിരുന്നു. എന്നിട്ടും അവരുടെ ഭരണത്തിന് കീഴിൽ നിലകൊണ്ടിട്ടുണ്ട് നമ്മുടെ ഇമാമുകൾ. രണ്ടും ചേർത്തു വായിക്കേണ്ടത് ഇങ്ങനെ - ഇസ്‌ലാമിക ഭരണാധികാരിക്കെതിരെ വിപ്ലവം സൃഷിടിക്കാൻ നമ്മോട് കൽപനയില്ല. അത് തെറ്റാണ്. പക്ഷെ, ശരീഅത് വിരുദ്ധമായ നിയമങ്ങൾ അനുസരിക്കേണ്ടതില്ല. അത് ഉണർത്തിക്കൊടുക്കാം. ഖാളിയായോ മറ്റോ നിയമിക്കുമ്പോൾ വിവരമുള്ളവരെയാണ് പാമരനായ ഖുറൈശികളേക്കാൾ നല്ലത് - ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയാൽ കാര്യങ്ങൾ സിമ്പിൾ.
എന്നുവെച്ച് തങ്ങൾ കുടുംബത്തെ വ്യക്തിപരമായി ബഹുമാനിക്കാതിരിക്കുന്നത് ഒരിക്കലും ഉണ്ടായിക്കൂടാ. അവരുടെ ഭാഗത്ത് നിന്നും വന്നുപോകുന്ന തെറ്റുകൾക്ക് കൂട്ടുനിൽക്കാനും പറ്റില്ല. ഈ സമുദായത്തിന്റെ നാശം വിവരം കുറഞ്ഞ പക്വതയില്ലാത്ത ചില ഖുറൈശികളുടെ കൈകളാലായിരിക്കുമെന്ന് സ്വാദിഖുൽ മസ്വ് ദൂഖ് (സ്വ) ഉണർത്തിയത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ചത് കാണാം:
قَالَ أَبُو هُرَيْرَةَ: سَمِعْتُ الصَّادِقَ الْمَصْدُوقَ يَقُولُ:
(هَلَكَةُ أُمَّتِي عَلَى يَدَيْ غِلْمَةٍ مِنْ قُرَيْشٍ)قَالُوا: فَمَا تَأْمُرُنَا؟ قَالَ: (لَوْ أَنَّ النَّاسَ اعْتَزَلُوهُمْ) . -
(البخاري - ٦٦٤٩، ومسلم-٢٩١٧)
ഹദീസിലെ غلمة എന്ന പദത്തിനർത്ഥം - പ്രായം തികയാത്ത കുട്ടി എന്നാണെങ്കിലും വിവരമില്ലാത്തവർ, പക്വതയില്ലാത്തവർ എന്നാണ് ഇവിടെ ഉദ്ദേശ്യമെന്ന് ഫത്ഹുൽ ബാരിയിൽ വിശദീകരിച്ചിട്ടുണ്ട്.
അല്ലെങ്കിലും, എല്ലാ നിലയിലും തങ്ങൾ കുടുംബത്തെ മഹത്വവൽക്കരിക്കാൻ ഇമാമുകൾ പറഞ്ഞിട്ടില്ല. നോക്കൂ.
ﻭاﻟﺼﺤﺐ ﻭﻟﻮ ﻛﺎﻧﻮا ﻏﻴﺮ ﺁﻝ ﺃﻓﻀﻞ ﻣﻦ اﻵﻝ اﻟﺬﻳﻦ ﻟﻴﺴﻮا ﺑﺼﺤﺐ. اه
(بجيرمي: ١/٤٢، والتحفة: ١/٢٨)
തിരുനബി(സ്വ) തങ്ങളെ കണ്ടിട്ടില്ലാത്ത നബികുടുംബക്കാരേക്കാൾ സ്വഹാബികൾക്കാണ് സ്ഥാനം.
ﻗﺎﻟﻮا: ﻭﻟﺬا ﻛﺎﻥ اﻟﻌﺎﻟﻢ اﻟﺬﻱ ﻟﻴﺲ بشرﻳﻒ ﺃﻓﻀﻞ ﻣﻦ الشرﻳﻒ اﻟﺬﻱ ﻟﻴﺲ ﺑﻌﺎﻟﻢ. اه (بجيرمي: ١/٤٢)
അറിവുള്ള സാധാരണക്കാരനാണ് വിവരമില്ലാത്ത സയ്യിദിനേക്കാൾ സ്ഥാനം - എന്നു വെച്ചാൽ മതപരമായ കാര്യങ്ങളിൽ അവന്റെ വാക്കിനാണ് സ്ഥാനം. സ്വീകരണ വേളകളിലും സമ്മാന വിതരണത്തിലും സാദാത്തുക്കളെ മുന്തിക്കണമെങ്കിലും ഖാളി സ്ഥാനം, മതപരമായ കാര്യങ്ങൾ തുടങ്ങിയവയിൽ വിവരമുള്ളവർക്ക് തന്നെയാണ് മുൻഗണന. ഈ രീതി ഭംഗംവരുത്തിയ ഇടങ്ങളിലെല്ലാം സമുദായത്തിൽ ഫിത്‌ന നടന്നിട്ടുണ്ട്. നടക്കുന്നുണ്ട്.
പടച്ച തമ്പുരാൻ ഈ ഉമ്മത്തിന് രക്ഷ നൽകട്ടെ. നബികുടുംബത്തിന് അർഹിക്കുന്ന ബഹുമാനം നൽകാനും നിന്ദിക്കാതിരിക്കാനും നമുക്കെല്ലാം തൗഫീഖ് ചെയ്യട്ടെ - ആമീൻ.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment