പൊറോട്ടയും_ബീഫും

പൊറോട്ടയും_ബീഫും

പൊറോട്ടയുടെകൂടെ ബീഫ് ബീഫെന്നു പറഞ്ഞുപറഞ്ഞ്, പൊറോട്ടയുടെ ഒരവിഭാജ്യഘടകമായി ബീഫ് മാറിയതുപോലെയാണു ചിലസംഗതികൾ സുന്നത്തുജമാഅത്തിന്നോട് ഒട്ടിപ്പിടിച്ചുനില്‌ക്കുന്നത്.

നാം സുന്നികളാണ്, അൽഹംദുലില്ലാഹ്. അതേസമയം സുന്നത്തുജമാഅത്തിന്റെ അഖീദയെന്നു പറയുന്നതു നാമിന്നു ചെയ്‌തുവരുന്ന സകലസംഗതികളും ഉൾപ്പെട്ടതല്ല. അതായത് ഒരാൾ സുന്നിയാണോ അല്ലയോ എന്നു തീരുമാനിക്കുന്നതു സുന്നികളായ നാം ചെയ്‌തുവരുന്ന കർമ്മങ്ങളപ്പടി അയാൾ അനുഷ്‌ഠിക്കുന്നുണ്ടോ ഇല്ലയോ എന്നു നോക്കിയിട്ടല്ല. 

ഉദാഹരണം പറയാം, മിഅ്റാജുദിനത്തിലെ നോമ്പ്, ബറാഅത്തുരാവിലെ മൂന്നുയാസീൻ, ഹദ്ദാദുറാതീബ്, ഖുത്ഥുബിയ്യത്ത്, മൗലിദോത്ത് ഇങ്ങനെയുള്ള ആചാരാനുഷ്‌ഠാനങ്ങളൊന്നുമല്ല ഒരാളുടെ സുന്നിസത്തിന്റെ അളവുമാപിനി. എന്തിന്ന്? ഫർളുനിസ്‌കാരങ്ങൾക്കുശേഷമുള്ള കൂട്ടുപ്രാർത്ഥനയിൽ ഒരാൾ പങ്കെടുത്തില്ലെന്നു കരുതി അയാൾ സുന്നിയല്ലെന്നു പറയാൻ കഴിയില്ല. 

ഇനിയും പറയാം, ഖളിർനബി (അലൈഹിസ്സലാം) നിലവിൽ ജീവിച്ചിരിപ്പില്ല, രിജാലുൽഗൈബ് എന്നൊരു വിഭാഗമോ ഖുത്ഥുബ്, ഗൗസ്, അബ്‌ദാൽ മുതലായ പദവികളോ ഔലിയാക്കൾക്കിടയിൽ ഇല്ല, ഇസ്‌മുൽഅഅ്ളം എന്നു പറയുന്ന ഒരു പ്രത്യേകഇസ്‌മൊന്നും അല്ലാഹുവിന്നില്ല, ആവർത്തിച്ചുവരുന്ന നബിദിനങ്ങൾക്കു ലൈലതുൽഖദ്റിനെക്കാൾ മഹത്ത്വമില്ല, പരേതർക്കു ഖുർആൻ ഓതി ഹദിയഃ ചെയ്യുന്നതിൽ കാര്യമില്ല, ആരിഫീങ്ങൾ പഠിപ്പിച്ച ദിക്റുകൾ, ദുആകൾ, സ്വലാത്തുകൾ എന്നിവയൊന്നും പുണ്യമുദ്ദേശിച്ചു ചൊല്ലുന്നതിൽ കഥയില്ല എന്നൊക്കെ ഒരാൾ വിശ്വസിച്ചുപോരുന്നു എന്നു സങ്കല്‌പിക്കുക. ഇതുവച്ച് ഒരാളെ സുന്നിയല്ലെന്ന് അഥവാ സുന്നത്തുജമാഅത്തിന്റെ പുറത്തുനിർത്താമോ? ഇല്ലെന്നാണ് ഉത്തരം. 

തിരുദർശനവും തഥൈവ. അതു സ്വപ്‌നത്തിലാണെങ്കിലും ഉണർച്ചയിലാണെങ്കിലും. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളുടെ വഫാത്തിന്നുശേഷം ഒരാൾക്കും അവിടുത്തെ ഉണർച്ചയിൽ കാണാൻ കഴിയില്ലെന്ന് ഒരാൾ വിശ്വസിച്ചു എന്നിരിക്കട്ടെ, അയാൾ സുന്നിയല്ലാതാകുന്നില്ല. 

ഇനി സ്വപ്‌നത്തിലാണെങ്കിലും, അറിയപ്പെട്ടരൂപത്തിലല്ലാതെ ദർശനമുണ്ടായാൽ, അതു മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളാണെന്ന് ഒരാൾ വിശ്വസിക്കുന്നില്ലെന്നു കരുതുക, മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങളാണെന്നും പറഞ്ഞു പിശാചു സ്വപ്‌നത്തിൽ വരുമെന്നോ വരില്ലെന്നോ ഒരാൾ വിശ്വസിക്കുന്നു എന്നു വയ്‌ക്കുക, ഇതു കൊണ്ടൊന്നും ഒരാൾ സുന്നിയല്ലാതാകുന്നില്ല. കാരണം ഇതൊന്നും സുന്നത്തുജമാഅത്തിന്റെ അടിസ്ഥാനവിശ്വാസകാര്യങ്ങളിൽ ഉൾപ്പെടുന്നതല്ല. ഇതിന്നുവേണ്ടി തർക്കിക്കുന്നതും ഊർജ്ജം പാഴാക്കുന്നതും സമുദായത്തിൽ ചിദ്രത സൃഷ്‌ടിക്കുന്നതും റബ്ബിന്റെമുന്നിൽ സമാധാനം പറയേണ്ടിവരുന്ന കാര്യങ്ങളാണ്. ഇതൊക്കെ ദീനിന്നുവേണ്ടിയായിരുന്നു, അതല്ലെങ്കിൽ മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)തങ്ങൾക്കുവേണ്ടിയായിരുന്നു എന്നു പറഞ്ഞു രക്ഷപ്പെടാമെന്ന് ഒരാളും കരുതണ്ടാ. 

ചിലസംഗതികളിൽ ഹദീസുപണ്ഡിതർക്കും സ്വൂഫിയാക്കൾക്കും വ്യത്യസ്‌തനിലപാടുകളുണ്ടാകും. ഖളിർനബിയുടെ ചിരഞ്ജീവിത്വംപോലെ. ഹദീസുകൾ തെളിവുദ്ധരിച്ചു മുഹദ്ദിസീങ്ങൾ ഖളിർനബിയുടെ അമരത്വം നിരർത്ഥകമാണെന്നു സ്ഥാപിച്ചെടുക്കും, അതേസമയം, സ്വൂഫിയാക്കൾ അതുപാടെ നിരാകരിച്ചു ഖളിർനബിയോടൊപ്പം സമയം ചെലവിടുകയും ചെയ്യും. 

അല്ലാഹുവിന്ന് ഇസ്‌മുൽഅഅ്ളം എന്നറിയപ്പെടുന്ന ഒരതിവിശിഷ്‌ടനാമമുണ്ടെന്നും അതുപയോഗിച്ച് അദ്‌ഭുതങ്ങൾ കാണിക്കാമെന്നും സ്വൂഫിയാക്കൾ പറയുമ്പോൾ അങ്ങനെയൊരു അതിവിശിഷ്‌ടനാമത്തിന്റെ അസ്‌തിത്വത്തെത്തന്നെ നിരാകരിക്കുന്ന മുഹദ്ദിസീങ്ങളെയും നമുക്കു കാണാൻ കഴിയും. 

ഇത്തരം അഭിപ്രായവ്യത്യാസങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുത്തുനബി(സ്വല്ലല്ലാഹു അലൈഹി വഅലാ ആലിഹി വസല്ലം)അല്ലാഹുവിനെ നേരിൽ കണ്ടിട്ടുണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ സ്വഹാബാക്കൾക്കിടയിൽതന്നെ രണ്ടഭിപ്രായമുണ്ടായിരുന്നു. 

ഞാൻ റസൂലുല്ലാഹിയാണെന്നു പറഞ്ഞുവരാൻ പിശാചിന്നു കഴിയില്ലെന്ന കാര്യത്തിൽ ഉലമാക്കൾക്കിടയിൽ ഏകാഭിപ്രായം ഇല്ലാത്തതിന്നാൽ അപ്പേരും പറഞ്ഞു തർക്കിക്കുന്നതിൽ വലിയകാര്യമൊന്നുമില്ല. എന്നാൽ അധികപക്ഷ സ്വൂഫിയാക്കളും പിശാചിന്ന് അതിന്നു കഴിയില്ലെന്ന അഭിപ്രായക്കാരാണ്. അതുപക്ഷേ എല്ലാവരും ഉൾക്കൊള്ളണമെന്നു വാശിപിടിക്കാൻ കഴിയില്ല.

പറഞ്ഞുവരുന്നത് ഇതാണ്, ഉള്ളിത്തൊലിപോലെ തൊലിച്ചാൽ പിന്നെ ഒന്നുമുണ്ടാകാനിടയില്ലാത്ത വിഷയങ്ങളെ ആനവത്കരിച്ചു ചർച്ചയും വാദപ്രതിവാദവും മുഖാമുഖവുമൊക്കെ സംഘടിപ്പിക്കുന്നത് ഏറ്റവുംകുറഞ്ഞതു ശബ്‌ദമലിനീകരണമെങ്കിലുമാണ്. ഇതിന്നുവേണ്ടി പൊടിക്കുന്നകാശു മറ്റെന്തെല്ലാം ഖൈറാത്തുകൾക്ക് ഉപയോഗിക്കാം. ദീനീതത്പരരിൽനിന്നു പിരിച്ചെടുക്കുന്നതാണല്ലോ ഇപ്പണം? നടത്തിപ്പുകാരാരും സ്വന്തംകീശയിൽനിന്ന് എടുക്കുന്നതായിരിക്കില്ലെന്നാണു നമ്മുടെ ധാരണ.  

നമ്മുടെ ദാഇകൾ ചെയ്യേണ്ടത്, സുന്നത്തുജമാത്തിന്റെ അഖീദയിൽപെടുന്നത് എന്ത്, അല്ലാത്തതെന്ത് എന്നു പൊതുജനങ്ങൾക്കു വ്യക്തമായി പഠിപ്പിച്ചുകൊടുക്കലാണ്. എങ്കിൽ അവർ സുന്നികളെ അസുന്നികളാക്കുകയോ അസുന്നികളെ സുന്നികളാക്കുകയോ ചെയ്യില്ല. ഇജ്‌മാഇന്ന് എതിരുപറയലും പ്രവർത്തിക്കലുമാണു യഥാർത്ഥവഴികേടെന്നു ജനങ്ങളെ ബോധവത്കരിക്കണം. 

ഇസ്‌ലാം വളരെവിശാലമാണ്. ഭാര്യയെ തൊട്ടാൽ വുളൂ മുറിയുന്നവനെയും മുറിയാത്തവനെയും ഉൾക്കൊള്ളുന്ന, ഫാതിഹയിൽ ബിസ്‌മി ചേർത്തോതുന്നവനെയും ചേർത്തോതാത്തവനെയും ഉൾക്കൊള്ളുന്ന, നിസ്‌കാരത്തിൽ കൈകെട്ടുന്നവനെയും കെട്ടാത്തവനെയും ഉൾക്കൊള്ളുന്ന വിശാലമായ ഇസ്‌ലാമിൽ കേവലം സ്വപ്‌നദർശനങ്ങളുടെ കൈഫിയ്യാത്തുകളെച്ചൊല്ലി ചേരിതിരിയുന്നതിൽ എന്തർത്ഥമാണുള്ളത്? 

അല്ലാഹു നമ്മെ സുന്നത്തുജമാഅത്തിന്റെ അഖീദയിൽ ജീവിപ്പിക്കുകയും അതിലായി മരിപ്പിക്കുകയും ചെയ്യട്ടെ - ആമീൻ 

ദുആ വസ്വിയ്യത്തോടെ, 

നിങ്ങളുടെ സ്വന്തം 

#അൽനുഹാസി 
#ചാമക്കാല

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )