ഇമാമു ദാരിൽ ഹിജ്റഃ; നിലപാടുകളുടെ രാജാവ്.
ഇമാമു ദാരിൽ ഹിജ്റഃ;
നിലപാടുകളുടെ രാജാവ്.
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
പരിശുദ്ധമായ മദീനഃയുടെ മണ്ണിലാണിപ്പോൾ. മുത്ത് ഹബീബ്(സ്വ) തങ്ങൾക്ക് വേണ്ടി മാത്രം ഒരുക്കപ്പെട്ട ഇടം. ഈ പുണ്യഭൂമിയിലെ ഇമാമായി അറിയപ്പെട്ട ഇമാം മാലിക്(റ)വിനെ ഓർമ വരുന്നു. ബറകതിന് അൽപം ചിലത് കുറിക്കട്ടെ:
ഇമാം സുയൂത്ഥീ(റ), ഇമാം മാലിക്(റ)വിൻ്റെ മനാഖിബ് പറഞ്ഞു കൊണ്ട് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട് -
تزيين الممالك بمناقب الإمام مالك -
എന്നാണ് ഗ്രന്ഥത്തിൻ്റെ പേര്. ഇമാം മാലിക് (റ) പറഞ്ഞതായി അതിൽ ഉദ്ധരിക്കുന്നു:
ചക്രവർത്തി ഹാറൂൻ റശീദ് മൂന്നു കാര്യങ്ങളിൽ എന്നോട് കൂടിയാലോചിച്ചു. എൻ്റെ 'മുവത്ഥഅ്' ഗ്രന്ഥം കഅ്ബാലയത്തിൽ നിലയുറപ്പിക്കാനും അതനുസരിച്ച് ജീവിക്കാൻ ലോക മുസ്‌ലിംകളോട് ആഹ്വാനം ചെയ്തോട്ടെ എന്നായിരുന്നു അതിലൊന്ന്. തിരുനബി(സ്വ) തങ്ങളുടെ പഴയ മിമ്പർ മാറ്റി, രത്നവും തങ്കവും വെള്ളിയും പതിപ്പിച്ച പുതിയ മിമ്പർ സ്ഥാപിക്കാനായിരുന്നു രണ്ടാമത്തെ കാര്യം. മൂന്നാമത്തേത്, മദീനഃ പള്ളിയിലെ ഇമാമായി ഖാരിആയ നാഫിഅ്(റ)നെ നിയമിക്കാനും.
ഞാൻ പറഞ്ഞു: അമീറുൽ മുഅ്മിനീൻ, ലോകത്തെ പല നാടുകളിലേക്കും സ്വഹാബത് താമസമാക്കിയിട്ടുണ്ട്. അവിടങ്ങളിലെല്ലാം അവർക്ക് ലഭിച്ച ഹദീസുകളനുസരിച്ച് അമലുകളുണ്ടാകും. കർമ്മപരമായ കാര്യങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടാകും. അവയെല്ലാം ശരിയുമാണല്ലോ. പിന്നെങ്ങനെ എൻ്റെ വീക്ഷണമനുസരിച്ച് മാത്രം ലോകർ ജീവിക്കണമെന്ന രീതി ശരിയാകും ? പണ്ഡിതന്മാരുടെ അഭിപ്രായാന്തരങ്ങൾ ഈ ഉമ്മതിന് റഹ്‌മതാണ്. ഓരോരുത്തരും അവരവരുടെ പക്കൽ ബലപ്പെട്ടതനുസരിച്ച് പറയുന്നു. എല്ലാവരും സത്യമാർഗ്ഗത്തിലുമാണ്. ഇത് നഷ്ടപ്പെടുത്താൻ പറ്റില്ല.
തിരുനബി(സ്വ) തങ്ങളുടെ മിമ്പർ താങ്കൾ പറഞ്ഞ പോലെ മാറ്റം വരുത്തിയാൽ അവിടുത്തെ തിരുശേഷിപ്പ് ജനങ്ങൾക്ക് ലഭ്യമാകാതിരിക്കില്ലേ ? പുതിയത് അതെത്ര മുന്തിയതാണെങ്കിലും തിരുശേഷിപ്പിൻ്റെ മൂല്യം അതിനുണ്ടാകില്ല തന്നെ.
പിന്നെ, നാഫിഅ് എന്നവർ ഖിറാഅതിലെ ഒരു ഇമാം തന്നെ. എങ്കിലും شاذّ ആയ ഖിറാഅതുകൾ ഓതുകയും ജനങ്ങൾ അത് ഹിഫ്ള് ചെയ്യപ്പെടുകയും ചെയ്തേക്കാം.
ഈ മൂന്നു മറുപടികളും ചക്രവർത്തി അംഗീകരിക്കുകയാണ് ചെയ്തത്.
(പേ: 76-77)
നോക്കൂ, സ്വന്തം മദ്ഹബ് ലോകമെമ്പാടും പ്രചരിക്കാനും അതനുസരിച്ച് ജനങ്ങൾ അമലുകൾ ചെയ്യാനും അതുവഴി പുണ്യം നേടാനും ആരാണ് കൊതിക്കാതിരിക്കുക ! എന്നിട്ടും ഇമാമുകളുടെ വീക്ഷണ വ്യത്യാസങ്ങളെ മാനിക്കണമെന്ന വളരെ പ്രസക്തമായ കാര്യത്തിൽ അടിയുറച്ചു നിൽക്കുകയായിരുന്നു ഇമാം. 'എല്ലാം ഞമ്മൻ്റേതാകണം' എന്ന മൗഢ്യ സ്വഭാവം ശരിയല്ലെന്ന് മുന്നേ നിലപാടെടുത്തവരാണ് ഇമാം.
തിരുശേഷിപ്പുകൾ നിലനിർത്താൻ ഇമാം ആഹ്വാനം ചെയ്തതും ശ്രദ്ധിക്കണം. തഖ്‌വാ നിറഞ്ഞ മഹാന്മാർ നിർമ്മിച്ച, ഭക്തി നിറക്കുന്ന പള്ളികൾ, ആവശ്യത്തിനോ അനാവശ്യത്തിനോ പൊളിച്ച് മാറ്റി മൊഞ്ചുള്ള മണിമാളിക പോലെ പണിയുന്ന ഇക്കാലത്ത് ഈമാനുള്ളവൻ്റെ ഹൃദയത്തിൽ നൊമ്പരം ഉടലെടുക്കണമെന്നല്ലേ മനസ്സിലാവുന്നത്?
ഒരിക്കൽ, ഒരു യാത്രക്കിടെ സ്വുബ്ഹ് നിസ്കാരത്തിന് സമയമായപ്പോൾ തൊട്ടടുത്ത പള്ളിയിൽ നിന്ന് നിസ്കരിക്കാം എന്ന് അനസ്(റ) പറഞ്ഞു. അപ്പോൾ കൂട്ടത്തിൽ പെട്ട ചിലർ ഇങ്ങനെ പറഞ്ഞു: "ഈ പള്ളിയിൽ നിന്ന് വേണ്ട, അപ്പുറത്ത് പുതിയ ഒരു പള്ളിയുണ്ട്. അവിടെ വെച്ചാകാം.." ഇത് കേട്ട അനസ്(റ) ഒരു ഹദീസ് കേൾപ്പിച്ചു.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «سَيَأْتِي عَلَى أُمَّتِي زَمَانٌ يَتَبَاهَوْنَ فِي الْمَسَاجِدِ وَلَا يَعْمُرُونَهَا إِلَّا قَلِيلًا» .
പള്ളിയുടെ കാര്യത്തിൽ വമ്പും പത്രാസും പറയുന്ന ഒരു കാലം എൻ്റെ ഉമ്മത്തിൽ വരാനിരിക്കുന്നു.
അതിനെ അവരിൽ നിന്ന് ചുരുക്കം ചിലരല്ലാതെ വേണ്ട വിധം നല്ല കാര്യങ്ങൾ നിലനിർത്തി ഇമാറത് ചെയ്യുകയില്ല.
{ وَمَنۡ أَظۡلَمُ مِمَّن مَّنَعَ مَسَـٰجِدَ ٱللَّهِ }
[البقرة-١٤٤]
എന്ന ആയതിൻ്റെ വിശദീകരണത്തിൽ ഇമാം റാസീ(റ) ഈ സംഭവം ഉദ്ധരിക്കുന്നുണ്ട് (2/300).
'കഅ്ബഃ രാജാക്കന്മാരുടെ കളിസ്ഥലമാക്കരുത്..'
തിരുനബി(സ്വ) തങ്ങളുടെ നുബുവ്വതിൻ്റെ മുമ്പ് കഅ്ബഃയുടെ പുനർനിർമാണ സംഭവം അറിയാമല്ലോ. നിഷിദ്ധം കലരാത്ത സ്വത്തുപയോഗിച്ച് മാത്രം പണികഴിപ്പിക്കണമെന്ന നിർബന്ധം അന്നുണ്ടായി. തന്നിമിത്തം ആവശ്യമായത്ര ലഭിക്കാതെ വന്നപ്പോൾ അൽപഭാഗം ഒരു മതിൽ കെട്ടി അടയാളപ്പെടുത്തുകയാണ് ചെയ്തത്. പിന്നീട് ഇസ്‌ലാം വികസിച്ചതിന് ശേഷം, ഇബ്റാഹീം നബി(അ)ൻ്റെ കാലത്തുണ്ടായ പോലെ നിർമ്മിക്കാൻ സാഹചര്യമൊത്തു. പക്ഷേ, ജനങ്ങൾ ഇസ്‌ലാമിലായി തഴക്കം എത്താത്തതിനാൽ തിരുനബി(സ്വ) ആ ആഗ്രഹം നടപ്പാക്കാതെ വിടുകയായിരുന്നു.
لولا حداثة عهد قومك بالكفر لنقضت الكعبة ولجعلتها على أساس إبراهيم
പിന്നീട് അബ്ദുല്ലാഹിബ്നു സുബൈർ(റ) മുത്തുനബി(സ്വ) തങ്ങളുടെ ആഗ്രഹം പോലെ തന്നെ പണികഴിപ്പിച്ചെങ്കിലും ഹജ്ജാജ് അത് പൊളിച്ച് പഴയതു പോലെ ആക്കി. എന്നാൽ ചക്രവർത്തി ഹാറൂൻ റശീദ് ഭരിക്കുന്ന നല്ലകാലം വന്നു. കഅ്ബഃ അബ്ദുല്ലാഹിബ്നു സുബൈർ(റ) മാറ്റി പണിത പോലെ പണിയാൻ തീരുമാനിച്ചു. ഇമാം മാലിക്(റ)നോട് അഭിപ്രായം തേടി. പക്ഷെ, ഇമാമിൻ്റെ മറുപടി ഇപ്രകാരമായിരുന്നു :
نَشَدْتُك اللَّه يَا أَمِيرَ الْمُؤْمِنِينَ لَا تَجْعَلْ هَذَا الْبَيْتَ ملْعَبَةً لِلْمُلُوكِ، لَا يَشَاءُ أَحَدٌ إلَّا نَقَضَهُ وَبَنَاهُ؛ فَتَذْهَبُ هَيْبَتُهُ مِنْ صُدُورِ النَّاسِ.
"..അമീറുൽ മുഅ്മിനീൻ, താങ്കൾക്ക് അല്ലാഹു ശക്തി പകരട്ടെ. കഅ്ബഃയെ രാജാക്കന്മാരുടെ കളിപ്പാട്ടമാക്കരുത്. ഓരോരുത്തർ പൊളിക്കുക, മറ്റുള്ളവർ മാറ്റിപ്പണിയുക.. ഇത് തുടരാൻ പാടില്ല. തൽഫലം ജനങ്ങളുടെ ഹൃദയത്തിൽ നിന്നും കഅ്ബഃയോടുള്ള ബഹുമാനം നഷ്ടപ്പെട്ടേക്കും.." ഈ ഒരു വാക്കിൻ്റെ ഫലമെന്നോണം നാളിതുവരെ കഅ്ബഃയെ ആരും തൊട്ടു കളിച്ചില്ല. അതിന് മാറ്റം വരുത്തൽ നിഷിദ്ധമാണെന്ന നിലാപാടിലെത്തി ഇമാം നവവി(റ) - (ശറഹു മുസ്‌ലിം: 9/454, ഫതാവൽ കുബ്റാ: 1/137)
ഇമാം മാലിക്(റ)ൻ്റെ വാക്കിൻ്റെ വില മനസ്സിലാക്കാൻ മേൽ സംഭവം ധാരാളം. അത് കൊണ്ടാണ് അവിടുത്തെ അരുമ ശിഷ്യൻ ഇമാം ശാഫിഈ(റ) രണ്ട് മഹാന്മാരെ പുകഴ്ത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞത്:
«لَوْلا مَالِكٌ وَسُفْيَانُ لَذَهَبَ عِلْمُ الْحِجَازِ»
".ഇമാം മാലിക്(റ), സുഫ്‌യാൻ ഇബ്നു ഉയൈയ്ന(റ) - ഇവരില്ലായിരുന്നെങ്കിൽ ഹിജാസിലെ ഇൽമ് നഷ്ടപ്പെട്ടേനെ.."
മറ്റൊരിക്കൽ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്:
وإذا ذكر العلماء فمالك النجم الثاقب
"പണ്ഡിതരെക്കുറിച്ച്, അവരുടെ വീക്ഷണങ്ങളെ പറ്റി പറഞ്ഞാൽ, ഇമാം മാലിക്(റ) ആ കൂട്ടത്തിലെ താരമായിരിക്കും.."
ഇങ്ങനെ ഒരുപാട് പറഞ്ഞിട്ടുണ്ട്. എല്ലാം കുറിച്ചിടാൻ ഈയിടം പര്യാപ്തമല്ലല്ലോ. ചുരുക്കത്തിൽ മേൽ വാക്യങ്ങൾ അന്വർത്ഥമാക്കും വിധം തന്നെയായിരുന്നു ഇമാമിൻ്റെ മൊഴിമുത്തുകൾ.
ഇൽമ്; അത് നിങ്ങളെ തേടി വരില്ല, മറിച്ച് അതിനെ തേടി നിങ്ങൾ പോയേ പറ്റൂ.
രാജാവിൻ്റെ വമ്പ് മാറ്റി,
അതോടെ ഹൃദയത്തിൽ എളിമ നിറഞ്ഞു.
തുടക്കത്തിൽ ചക്രവർത്തിയുടെ ചില സംഭവങ്ങൾ പറഞ്ഞല്ലോ. നബികുടുംബത്തിൽ പിറന്ന നല്ല ഭരണാധികാരിയായിരുന്നു അദ്ദേഹം. 'ഒരു രാജാവ് ദീനീ കാര്യങ്ങളിൽ പണ്ഡിതന്മാരോട് കൂടിയാലോചിക്കുന്നു. അവർ പറഞ്ഞത് അനുസരിക്കുന്നു..'- ഇവ്വിധം അവരെ മാറ്റിയെടുക്കുന്നതിൽ ഇമാമിൻ്റെ ചില അധ്യാപനങ്ങളുണ്ട്. പറയാം:
ഒരിക്കൽ ചക്രവർത്തി മദീനയിലെത്തി. ചക്രവർത്തിയുടെ പ്രധാനമന്ത്രി 'ബർമകീ' ഇമാമിന്റെ സവിധത്തിൽ ചെന്നു. മഹാരാജന് 'മുവത്ഥ' പഠിപ്പിക്കാൻ ക്ഷണിച്ചു. ഇമാം ഇപ്രകാരം പ്രതികരിച്ചു:
'وقل له: إن العلم يزار ولا يزور،وإن العلم يُؤْتٰى، ولا يَأْتِي.'
"അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞേക്ക്: ഇൽമ് ആവശ്യക്കാരെ തേടി അങ്ങോട്ട് വരുന്ന ഒന്നല്ല. വേണമെങ്കിൽ ഇങ്ങോട്ട് വന്ന് അത് നേടിയെടുക്കട്ടെ.."
പക്ഷെ, ഇത് മന്ത്രിക്ക് അത്ര രസിച്ചില്ല. രാജാവിനോട് ചെന്ന് രാജകൽപന മാനിക്കുന്നില്ലെന്നും ധിക്കരിക്കുകയാണെന്നും പരാതിപ്പെട്ടു. അപ്പോഴേക്കും ഇമാം രാജസന്നിധിയിലെത്തി. അഭിവാദ്യം ചെയ്ത ശേഷം പറഞ്ഞു:
فقال: "يا أمير المؤمنين، إن الله جعلك في هذا الموضع بعلمك، فلا تكن أنت أول من يضع العلم، فيضعك الله. ولقد رأيت من ليس هو في حسبك ولا في أبهتك يعز هذا العلم ويجله، فأنت أحرى أن تجل وتعز علم ابن عمك.."
"..അമീറുൽ മുഅ്മിനീൻ, താങ്കൾക്ക് ഈ സ്ഥാനം ലഭിച്ചത് താങ്കളുടെ ഇൽമ് കൊണ്ടാണ്. അതിനാൽ അതിനെ ചെറുതായി കാണാൻ പാടില്ല. തീർച്ചയായിട്ടും ഞാൻ മനസ്സിലാക്കുന്നു - അങ്ങയെപ്പോലുള്ളവർ അല്ലാത്തവർക്ക് ഈ ഇൽമിനെ വേണ്ടവിധം മാനിക്കാൻ കഴിയണമെന്നില്ല. അങ്ങയുടെ പിതൃസഹോദരനിലൂടെ (തിരുനബി -സ്വ) അവതരിച്ച ഈ ഇൽമിനെ ഏറ്റം കൂടുതൽ വീര്യമുള്ളതായി കാണാൻ അങ്ങ് തന്നെയാണല്ലോ കൂടുതൽ യോജിച്ചവർ..."
ഈ മനസ്സിൽ തട്ടും വാക്കുകൾ അവസാനിച്ചപ്പഴേക്കും രാജാവ് കരയാൻ തുടങ്ങിയിരുന്നു (തസ്‌യീനുൽ മമാലിക് - പേ: 74).
പിന്നീട് ഇമാമിന്റെ സവിധത്തിലേക്ക് രാജാവ് 'മുവത്ഥ' പഠിക്കാൻ വരുന്നുണ്ട്. അപ്പോൾ ആ ദർസിൽ സാധാരണക്കാരുണ്ട്. അവരെ മാറ്റി നിർത്തിയിട്ട് രാജാവിനും കൂട്ടർക്കും മാത്രം ക്ലാസെടുത്തു തരാൻ ആവശ്യപ്പെട്ടു.
ഇമാം: "അത് പറ്റില്ല. പ്രധാനികൾക്ക് വേണ്ടി സാധാരണക്കാരെ മാറ്റി നിർത്തിയാൽ ഇൽമ് ഉപകരിക്കില്ല.."
അങ്ങനെ രാജാവും കൂട്ടരും ക്ലാസിലിരുന്നു. ഉയർന്ന സീറ്റിൽ. ഇമാം അതു വിലക്കി. ഗുരുവിനേക്കാൾ ഉയർന്ന് ഇരിക്കാൻ പറ്റില്ല.
രാജാവ് താഴെ ഇരുന്നു. അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്കണമെന്നായി. അതും ശരിയല്ലെന്ന് പറഞ്ഞു. പഠിതാക്കൾ ഉസ്താദിൻ്റെ മുന്നിൽ വായിച്ചു കേൾപ്പിക്കുക. ഗുരു തെറ്റുകൾ തിരുത്തുക. വേണ്ട സ്ഥലത്ത് വിശദീകരണങ്ങൾ പറയുക. ഈ രീതിയാണ് ഇവിടുത്തെ ശൈലി. അത് അംഗീകരിച്ചേ പറ്റൂ.
രാജാവ് വായിക്കാൻ തുടങ്ങി. രാജഗൗരവത്തോടെ ശബ്ദമുയർത്തിക്കൊണ്ട്.
ഇമാം: "തിരുനബി(സ്വ)യുടെ സവിധത്തിൽ ശബ്ദമുയർത്തരുതെന്നാണ് ഖുർആൻ അധ്യാപനം.
{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ لَا تَرۡفَعُوۤا۟ أَصۡوَ ٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِیِّ وَلَا تَجۡهَرُوا۟ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَـٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ }
[الحجرات-٢]
അതിനാൽ ഗുരുസവിധത്തിൽ ശബ്ദം ഉയർത്താതെ താഴ്മയോടെ വായിക്കണം..
{ إِنَّ ٱلَّذِینَ یَغُضُّونَ أَصۡوَ ٰتَهُمۡ عِندَ رَسُولِ ٱللَّهِ أُو۟لَـٰۤىِٕكَ ٱلَّذِینَ ٱمۡتَحَنَ ٱللَّهُ قُلُوبَهُمۡ لِلتَّقۡوَىٰۚ لَهُم مَّغۡفِرَةࣱ وَأَجۡرٌ عَظِیمٌ}
[الحجرات-٣]
ശബ്ദം താഴ്ത്തി എളിമ കാണിക്കുന്നവർക്ക് റബ്ബിൻ്റെയടുക്കൽ സ്ഥാനമുണ്ട്.."
ഈ രൂപത്തിൽ ഉപദേശങ്ങൾ നൽകി അദബ് പഠിപ്പിച്ചു കൊടുത്തതിനാൽ പിന്നീട് വളരെ എളിമയുള്ള ആളായിട്ടാണ് രാജാവിനെ കണ്ടത്. മക്കളായ അമീൻ, മഅ്മൂൻ ഇവരെ ഇമാമിൻ്റെ ദർസിൽ അയക്കുകയായിരുന്നു.
✍️ അഷ്റഫ് സഖാഫി പളളിപ്പുറം .
(കേട്ടെഴുത്ത്:
അബൂ ഹസന: ഊരകം)
💫
Comments
Post a Comment