'ഹിബ്റുൽ ഉമ്മഃ' -അബ്ദുല്ലാഹിബ്നു അബ്ബാസ്رضي الله عنهما

'ഹിബ്റുൽ ഉമ്മഃ' -
അബ്ദുല്ലാഹിബ്നു അബ്ബാസ്
رضي الله عنهما 

✍️
അഷ്റഫ് സഖാഫി പളളിപ്പുറം . 
________________________________

'ത്വാഇഫി'ലേക്കുള്ള യാത്രയിലാണ്. മുത്ത് നബി(സ്വ)യുടെ പോറ്റുമ്മയുടെ നാട്. അന്നൊരിക്കൽ തിരുമേനിയെ വേദനിപ്പിച്ച കദന കഥയും ആ നാടിനുണ്ട്. അതോർത്ത് 'ത്വാഇഫ്' ഇന്നും തേങ്ങുന്നുണ്ടാവും. അവിടെയാണ് അബ്ദുല്ലാഹിബ്നു അബ്ബാസ്
(رضي الله عنهما) അന്ത്യവിശ്രമം കൊള്ളുന്നത്. വിശുദ്ധ ഹറമിൻ്റെ പവിത്രത കാത്തുസൂക്ഷിക്കാനാവാതെ വന്നെങ്കിലോ എന്ന ഭയം കൊണ്ടാണത്രേ താമസം അങ്ങോട്ട് മാറ്റിയത്. 'ഹിബ്റുൽ ഉമ്മഃ' , 'റഈസുൽ മുഫസ്സിരീൻ' തുടങ്ങിയ സ്ഥാനപ്പേരുകളിൽ മഹാനെ വിശേഷിപ്പിക്കുന്നു. അവരുടെ നെഞ്ചത്ത് കൈ വെച്ചുകൊണ്ട് തിരുനബി(സ്വ) ദുആ ചെയ്തു കൊടുത്തിട്ടുണ്ട്. 
അതിൻ്റെ ബറകത് പിൽക്കാലത്ത് മഹാനരിൽ കാണുകയുണ്ടായി. 

പഠനകാലം കഠിനാധ്വാനം നിറഞ്ഞതായിരുന്നു. പഠനത്തിൽ തികഞ്ഞ ആർത്തിയും ക്ഷമയും ഉണ്ടായിരുന്നു. തിരുനബി(സ്വ) തങ്ങൾ വഫാതാകുമ്പോൾ വെറും ഒമ്പത് വയസ്സ് മാത്രമാണ് പ്രായം. തങ്ങളിൽ നിന്നും
 നേരിട്ട് പഠിക്കാൻ കഴിഞ്ഞ സ്വഹാബതിനെ തേടി നാടും വീടും ചുറ്റി നടന്നു. ഉബയ്യുബ്നു കഅ്ബ്(റ)ൻ്റെ അടുത്തേക്ക് പഠിക്കാൻ പോകുന്ന സംഭവം ഇബ്നു ഹജർ(റ) വിവരിക്കുന്നു:

" ഉബയ്യ്(റ)വിൻ്റെ വീടിൻ്റെ വാതിൽ തുറന്ന നിലയിലാണെങ്കിൽ സമ്മതം ചോദിച്ച് അകത്ത് കടക്കും. ചിലപ്പോൾ വാതിൽ അടഞ്ഞ നിലയിൽ കാണും. വാതിൽ മുട്ടാൻ അദബ് സമ്മതിക്കാത്തതിനാൽ വെളിയിൽ കാത്തു നിൽക്കും. ചില വേളകളിൽ പകലിൻ്റെ സിംഹഭാഗവും ഈ കാത്തിരിപ്പ് തുടരും. വാതിൽ തുറക്കുമ്പോൾ പൊടിക്കാറ്റ് തട്ടി ആളെ തിരിയാത്തവണ്ണം ശരീരത്തിൽ പൊടി പാറി, തന്നെ കാത്തിരിക്കുന്ന വത്സല ശിഷ്യനെ കണ്ട് ഗുരു അമ്പരന്നിട്ടുണ്ട്. 
'വാതിൽ മുട്ടിക്കൂടായിരുന്നില്ലേ ?.' എന്ന് ചോദിച്ചിട്ടുണ്ട്.

മറ്റൊരിക്കൽ ഉബയ്യ്(റ) തൻ്റെ കുതിരപ്പുറത്ത് കയറാൻ നേരം കാൽ വെക്കുന്ന പെടൽ ഭവ്യതയോടെ പിടിച്ചു കൊണ്ട് സഹായിച്ചു. നബികുടുംബത്തിൽ പെട്ട ഇബ്നു അബ്ബാസ് (رضي الله عنهما)  ഇങ്ങനെ ചെയ്തു കൊടുക്കേണ്ടതില്ലെന്ന ഭാവത്തിൽ ഉബയ്യ്(റ) പറഞ്ഞു:

"എന്തിനാ ഇങ്ങനെയൊക്കെ.."

ഇബ്നു അബ്ബാസ് (رضي الله عنهما) : "ഗുരുവിനെ ബഹുമാനിക്കാൻ ഞാൻ കൽപിക്കപ്പെട്ടവനല്ലെയോ.."
അങ്ങനെ മൃഗത്തിൻ്റെ കടിഞ്ഞാൺ കയ്യിൽ പിടിച്ച് മുന്നിൽ ശിഷ്യനും മൃഗപ്പുറത്ത് തൻ്റെ ഗുരുവര്യരും നടന്നു നീങ്ങി. അടിമകൾ ഇങ്ങനെ കയർ പിടിച്ച് യജമാനർക്ക് സേവ ചെയ്യുന്നതാണ് അക്കാലത്തെ പതിവ്. യാത്ര കഴിഞ്ഞ് വാഹനപ്പുറത്ത് നിന്നും ഇറങ്ങിയ ഗുരു ശിഷ്യൻ്റെ കൈ പിടിച്ച് ചുംബിച്ചു. തന്നെ മാനിക്കുന്നത് കണ്ട് വിഷമിച്ച ശിഷ്യൻ ചോദിച്ചു: 
" ഗുരോ, എന്തിനാ ഇങ്ങനെയെല്ലാം.."

ഉബയ്യ്(റ): 'തിരുനബിയുടെ കുടുംബത്തെ ആദരിക്കാൻ എന്നോടും കൽപ്പിച്ചതാണല്ലോ.."
( സബതു ബ്നി ഹജർ - പേ: 84 - 85)

കുതിരപ്പുറത്ത് കയറിയതും ഇബ്നു അബ്ബാസ് (رضي الله عنهما) യുടെ കൈ ചുംബിച്ചതും സൈദുബ്നു സാബിത്(റ)യാണെന്നും റിപ്പോർട്ടുണ്ട്.

ബിദഇകളുമായി സംവാദം!

ഖലീഫഃ അലീ(റ)വിൻ്റെ കാലത്തുണ്ടായ ബിദഈ കക്ഷികളാണ് 'ഖവാരിജുകൾ'. ഇബാദതിൻ്റെ കാര്യത്തിൽ പേരു കേട്ടവരാണവർ. സുജൂദ് കൂടുതൽ ചെയ്തിട്ട് കാൽ മുട്ടുകൾ ഒട്ടകത്തിന്റെ മുട്ടുപോലെ തഴമ്പിച്ചിരുന്നത്രെ! ഉറക്കമൊഴിച്ച് ഇബാദത് ചെയതിട്ട് ശരീരം മഞ്ഞളിച്ചിരുന്നത്രെ. പ്രപഞ്ചത്യാഗികളായതിനാൽ സുഖസൗകര്യങ്ങൾ പാടേ ഒഴിവാക്കി. പക്ഷെ, ആദർശ വ്യതിചലനം - അതിനെയെല്ലാം വിഫലമാക്കുമല്ലോ. 
ഇക്കൂട്ടർ 'ഹറൂറാഅ്' എന്ന സ്ഥലത്ത് തമ്പടിച്ചു. അലി(റ)വിൻ്റെ സമ്മതപ്രകാരം ഇബ്നു അബ്ബാസ്
(رضي الله عنهما) ഇവരുടെ അടുത്ത് ചെന്നു. 
 
ഇബ്നു അബ്ബാസ് (رضي الله عنهما) :
"..നിങ്ങൾക്കെന്ത് പറയാനുണ്ട് ?.."

ഖാവാരിജുകൾ മൂന്ന് വാദങ്ങൾ ഉന്നയിച്ചു:
ഒന്ന് - 'അലി' - 'മുആവിയ' ഇവർക്കിടയിൽ പ്രശ്നം പരിഹരിക്കാൻ ആളെ നിശ്ചയിച്ചില്ലെ, വിധി പറയാൻ ? അത് ശരിയല്ല.
{ إِنِ ٱلۡحُكۡمُ إِلَّا لِلَّهِۖ }
റബ്ബിന് മാത്രമേ വിധികർത്താകാൻ പറ്റൂ എന്നല്ലേ? മറ്റുള്ളവരെ ഹാകിമാക്കിയ ഇവർ മുശ്‌രിക്കുകളാണ്.

രണ്ട് - യുദ്ധത്തിൽ പിടിക്കപ്പെട്ട സ്ത്രീകളെ അടിമകളാക്കി വെക്കണമല്ലോ. എന്നിട്ടും 'മുആവിയ'യുടെ കൂട്ടത്തിൽ നിന്നും പിടിക്കപ്പെട്ട 'ആഇശ'യെ എന്തുകൊണ്ട് തടവുകാരായി വെച്ചില്ല ?

മൂന്ന് - 'അലി' - 'മുആവിയ' തമ്മിലെ ഒത്തുതീർപ്പിൽ 'അമീറുൽ മുഅ്മിനീൻ' എന്ന പ്രയോഗം തിരുത്താൻ 'മുആവിയ' പറഞ്ഞപ്പോൾ അത് ഒഴിവാക്കിയില്ലേ ? താൻ മുഅ്മിനുകളുടെ നേതാവല്ല എന്ന് സമ്മതിക്കലോടെ കുഫ്ഫാറിൻ്റെ നേതാവാണ് താനെന്ന് സമ്മതിച്ചില്ലേ?

ഇബ്നു അബ്ബാസ് (رضي الله عنهما) മറുപടി നൽകി:
ഒന്ന് - ഖുർആനിൽ
{ یَحۡكُمُ بِهِۦ ذَوَا عَدۡلࣲ مِّنكُمۡ }
[المائدة- ٩٥]
നിങ്ങളുടെ കൂട്ടത്തിൽ നിന്നും 'ആദിലാ'യവർ വിധി പറയട്ടെ -
{ وَإِنۡ خِفۡتُمۡ شِقَاقَ بَیۡنِهِمَا فَٱبۡعَثُوا۟ حَكَمࣰا مِّنۡ أَهۡلِهِۦ وَحَكَمࣰا مِّنۡ أَهۡلِهَاۤ }
[النساء- ٣٥]
ദമ്പതികൾക്കിടയിലെ പ്രശ്നം പരിഹരിക്കാൻ ഇരുവരുടെയും ബന്ധുക്കളിൽ നിന്നുള്ള രണ്ട് പേർ വിധി തീർപ്പാക്കട്ടെ - എന്ന് പറഞ്ഞിട്ടുണ്ടല്ലോ.

രണ്ട് - തിരുനബി(സ്വ)യുടെ പത്നിമാരെക്കുറിച്ച് മുഅ്മിനുകളുടെ ഉമ്മമാരാണെന്നല്ലേ അല്ലാഹു പറഞ്ഞത്.
{ وَأَزۡوَ ٰ⁠جُهُۥۤ أُمَّهَـٰتُهُمۡۗ }
[الأحزاب-٦]
ഉമ്മമാരെ തടവുകാരാക്കാവോ ?

മൂന്ന് - ഹുദൈബിയ്യാ സന്ധിയിൽ 
محمد رسول الله
എന്ന പ്രയോഗം നബി(സ്വ) തങ്ങൾ തന്നെ മാറ്റിയല്ലോ. അത് ശരിയാണെങ്കിൽ പ്രശ്നപരിഹാരത്തിന് 'അമീറുൽ മുഅ്മിനീൻ' എന്ന പ്രയോഗവും താൽകാലികമായി മാറ്റാം.
(السنن الكبرى للبيهقي، رقم الحديث: ١٦٧٤٠)
സംവാദം കഴിയലോടെ നാലായിരത്തോളം പേർ ആ കൂട്ടരിൽ നിന്നും മടങ്ങിയെന്നും ചരിത്രത്തിലുണ്ട്.
(അൽ ബിദായതു വന്നിഹായഃ - 7/281)

ഇബ്നു അബ്ബാസ് (رضي الله عنهما) യുടെ ശിക്ഷണത്തിൽ വളർന്നവരാണ് മുജാഹിദ്(റ). രണ്ടു പ്രാവശ്യം ഖുർആൻ മുഴുവനായി മഹാനരിൽ നിന്നും ഓതിയെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത് കൊണ്ടാണ് സുഫ്‌യാൻ അസ്സൗരീ(റ) പറഞ്ഞത്:
إذا جاءك التفسير عن مجاهد فحسبك به. اه‍
 "മുജാഹിദ്(റ)യെ തൊട്ടുള്ള തഫ്സീർ എമ്പാടും മതിയാകുന്നതാണ്."

 മഹാൻ പറയുന്നു: "എന്നെ ശൈത്വാൻ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഇബ്നു അബ്ബാസ് (رضي الله عنهما) യുടെ രൂപം പ്രാപിച്ചു കൊണ്ട് നിസ്കാര വേളയിൽ എൻ്റെ മുന്നിൽ ഹാജരാകും. പിശാചാണെന്ന് മനസ്സിലാക്കിയ ഞാൻ അടുത്തുണ്ടായിരുന്ന കത്തിയെടുത്ത് ഒരൊറ്റ കുത്ത് ! അവൻ വീണു. പിന്നെ ശല്യമുണ്ടായിട്ടില്ല.
(آكام المرجان في أحكام الجان لبدر الدين الدمشقي
- ٤١)

ഒരു സംഭവം പറയട്ടെ, ഇബ്നു അബ്ബാസ്
(رضي الله عنهما) നെ മനസ്സിലാക്കാൻ ഇതുമതി. തിരുനബി(സ്വ)യുടെ ഭവ്യതയാർന്ന ഒരു സദസ്സ്. സ്വിദ്ധീഖ്(റ), ഉമർ(റ) തുടങ്ങി പലരുമുണ്ട്. ബാല്യക്കാരനായ ഇബ്നു അബ്ബാസ് (رضي الله عنهما)  തങ്ങളുടെ വലതുഭാഗത്തിരിക്കുന്നു. വെള്ളം കുടിക്കാൻ നേരം തൻ്റെ ഇരുഭാഗങ്ങളിലുള്ളവർക്ക് ഷെയർ ചെയ്യണമെന്ന് അവിടുത്തെ അദ്ധ്യാപനമാണല്ലോ. ആദ്യം വലഭാഗത്തുള്ളവർക്കും പിന്നെ ഇടതുകാർക്കും. വലിയവരെ പരിഗണിക്കണമെന്നത് മറ്റൊരു സുന്നതുമുണ്ട്. ഇപ്രകാരം വെള്ളം കൊടുക്കാൻ നേരം തിരുനബി(സ്വ) തങ്ങൾ വലതു ഭാഗത്തിരിക്കുന്ന ഇബ്നു അബ്ബാസ് (رضي الله عنهما) നോട് ചോദിക്കുന്നു:

أتأذن لي أن أعطي الأشياخ ؟
"..ഇത് വലിയവർക്ക് കൊടുത്തോട്ടെ ? "

ഉടനെ മഹാൻ പറഞ്ഞു:
والله، لا أوثر بنصيبي منك أحدا
"..അല്ലാഹുവാണേ സത്യം, അങ്ങയിൽ നിന്ന് കിട്ടേണ്ട എൻ്റെ അവകാശം ഞാൻ ഒരാൾക്കും വിട്ടുകൊടുക്കില്ല.."
അങ്ങനെ അത് വാങ്ങിക്കുടിച്ചു.
ഇങ്ങനെ ചെറുപ്രായത്തിലേ തിരുനബി(സ്വ) തങ്ങളിൽ നിന്നും പരിഗണനയും വാത്സല്യവും മറ്റുമെല്ലാം നേടാൻ മഹാഭാഗ്യം ലഭിച്ചവരാണ് മഹാൻ. 
(ഫത്ഹുൽ മുബീൻ - പേ: 368)

ഇമാമുകൾ മഹാനെ പല വിശേഷണങ്ങളും പറഞ്ഞ് പുകഴ്ത്തിയത് കാണാം. ഒന്ന് ഇതാ, അറബി അറിയുന്നവർക്ക്, പരിഭാഷകളിൽ ഒതുങ്ങാത്ത വാക്കുകളായതിനാൽ അതേപടി പകർത്തട്ടെ:
  اللَّقِنُ المعلَّم، والفَطِنُ المفهَّم، فَخْرُ الفُخَّار، وبَدْرُ الأخبَار، وقُطْب الافلاك، وعُنصُر الأَملَاك، البَحْرُ الزَّخَّار، والعَيْنُ الخَرَّاز، مُفسِّر التنزيل، ومُبيِّن التأويل، المُفْرِسُ الحَسَّاس، والوَضِئُ اللَّبَّاس، مُكرِم الجُلاس، ومُطعِم الأُناس، عبد الله بن عباس رضي الله عنهما. اه‍
(حلية الأولياء - ١/٣٨٨)

 വഫാതായ സന്ദർഭം. മറവ് ചെയ്യും മുമ്പ് വെള്ള നിറത്തിലുള്ള ഒരു പക്ഷി വന്ന് കഫൻ പുടവക്കരികെ ഇരുന്നു. എന്നിട്ട് ഉള്ളിലേക്ക്  കയറിപ്പോയി. എത്ര തിരഞ്ഞിട്ടും അതിനെ കാണാൻ കഴിഞ്ഞില്ല. തുടർന്ന് ഖബ്റിലേക്ക് ഇറക്കിയപ്പോൾ ഒരശരീരി കേട്ടു:
{ یَـٰۤأَیَّتُهَا ٱلنَّفۡسُ ٱلۡمُطۡمَىِٕنَّةُ 0 ٱرۡجِعِیۤ إِلَىٰ رَبِّكِ رَاضِیَةࣰ مَّرۡضِیَّةࣰ 0 فَٱدۡخُلِی فِی عِبَـٰدِی 0 وَٱدۡخُلِی جَنَّتِی 0 }
റബ്ബിൽ സായൂജ്യമടഞ്ഞ തിരുശരീരമേ, അങ്ങ് റബ്ബിനെയും അവൻ താങ്കളെയും തൃപ്തിപ്പെട്ട നിലക്ക് റബ്ബിലേക്ക് മടങ്ങുവിൻ, അവൻ്റെ ഇഷ്ടക്കാരിലായി സ്വർഗ്ഗത്തിലേക്ക് കടന്നു വരുവിൻ..
( അൽ ബിദായഃ - 8/306, ഫത്ഹുൽ മുബീൻ - പേ: 368)
ഹിജ്റ വർഷം 68 ന് ത്വാഇഫിൽ വെച്ചായിരുന്നു മഹാനരുടെ വഫാത്.

അബ്ബാസ്(റ)വിന് പത്ത് സന്താനങ്ങളുണ്ടായിരുന്നു എന്നും അവരിൽ അഞ്ച് പേരും ലോകത്തിൻ്റെ വിവിധ ദിക്കുകളിലാണ് മറവു ചെയ്യപ്പെട്ടിരിക്കുന്നത് എന്നും ചരിത്രത്തിൽ കാണാം. ഉബൈദുല്ലാഹ്(റ) മദീനയിൽ,
ഫള്ല്(റ) ശാമിൽ, മഅ്ബദ്(റ) ആഫ്രിക്കയിൽ, ഖുസം(റ) സമർഖന്ദിലും.
(നജ്മുൽ വഹ്ഹാജ് - 6/220). തിരുനബി(സ്വ) തങ്ങളെ കുളിപ്പിക്കാനും മറവ് ചെയ്യാൻ ഖബ്റുശ്ശരീഫിൽ ഇറങ്ങിയവരുമാണ് ഖുസം(റ).

ശ്രദ്ധിക്കാൻ: ഹറം ശരീഫിൻ്റെ പവിത്രത മാനിക്കാനാവുമോ എന്ന ഭയം കൊണ്ടാണ് ഹറമിൽ താമസമാക്കാതെ ത്വാഇഫിൽ താമസിച്ചതെന്ന് പറഞ്ഞല്ലോ. അത് മഹാൻ്റെ 'حال' ആണ്. ഓരോരുത്തർക്കും വ്യത്യസ്തമായ 'أحوال' കളായിരിക്കും. ഇബ്നു ഉമർ
(رضي الله عنهما) , അബ്ദുല്ലാഹിബ്നു സുബൈർ (رضي الله عنهما) തുടങ്ങി മക്കഃയിൽ തന്നെ താമസമാക്കിയവരെത്രയുണ്ട്! ഇമാം മാലിക്(റ) ഹജ്ജ് കർമ്മത്തിനല്ലാതെ മദീനഃ വിട്ട് പോയിട്ടേയില്ല. അതിനാൽ ഓരോ മഹാന്മാരുടെയും അവസ്ഥകളും നിലപാടുകളും ഇസ്‌ലാമിൻ്റെ നിയമമാക്കി മനസ്സിലാക്കരുത്. അവതരിപ്പിക്കുകയും ചെയ്യരുത്. ഇബ്നു ഹജർ(റ)യുടെ 'അൽ ജൗഹറുൽ മുനള്ളം' നോക്കുക. മദീനഃയിൽ സ്ഥിരതാമസമാക്കിയവരെയും അവിടം വിട്ട് മാറി നിന്നവരെയും അതിൻ്റെ വിശദീകരണവും അതിലുണ്ട്. 

മറ്റൊന്ന്, ഉപ്പയും മകനും സ്വഹാബിയാകാൻ ഭാഗ്യം ലഭിച്ചവരുണ്ട്. അവരെ പറയുമ്പോൾ ഇരുവർക്കും  'തർളിയത്' ചൊല്ലാൻ നിർദ്ദേശമുണ്ട്. ഇമാം നവവി(റ) ഇത് പ്രത്യേകം പറഞ്ഞിട്ടുണ്ട്. നമ്മൾ അപ്രകാരം തന്നെ എഴുതിയത് വായനക്കാർ ശ്രദ്ധിച്ചിരിക്കുമല്ലോ.

വേറൊന്ന്, 'അബ്ദുല്ലാഹ്' എന്ന് പേര് വെക്കപ്പെട്ട, ഉപ്പ സ്വഹാബിയുമായവരെ കേട്ടിട്ടില്ലേ? 
عبد الله بن عباس - رضي الله عنهما
عبد الله بن عمر - رضي الله عنهما
عبد الله بن مسعود - رضي الله عنهما
عبد الله بن الزبير - رضي الله عنهما
ഇവരെ العَبَادَلَة - അബ്ദുല്ലമാർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇത് عَلَم കളുടെ ബഹുവചനമാണ്. എന്നാൽ 'റബ്ബിൻ്റെ അടിമ' എന്ന സ്വിഫതാണ് പറയുന്നതെങ്കിൽ عِبَاد എന്നാണ് ബഹുവചനമാവുക.

മഹാന്മാരെ പ്രിയം വെക്കുന്നവരിൽ, അവരുടെ ശാഫാഅത് ലഭിക്കുന്നവരിൽ പടച്ച റബ്ബ് നമ്മെ ഉൾപ്പെടുത്തട്ടെ - ആമീൻ.

💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )