പെരുന്നാളൊരു സമ്മാനമാണ്
☘️🌷🌾🌿🌻🌳🌸🌴🌷🍀🏵️🌳🌺🪴🥀
എല്ലാ വർഷവും വരുന്നത് കൊണ്ട്, 'മടങ്ങി വരിക' എന്നർത്ഥമുള്ള عَوْد എന്നതിൽ നിന്ന് പിടിച്ചെടുത്ത അറബു ശബ്ദമാണ് "ഈദ്". എന്നാൽ "സമ്മാനം" എന്നർത്ഥമുള്ള عَائِدة എന്ന പദത്തിൽ നിന്നും നിഷ്പന്നമായതാണെന്ന് വെച്ചാലോ ? എങ്കിൽ സംഗതി ജോറായി. പറയാം:
അൻസ്വാരീ സ്വഹാബി വര്യൻ ഔസ്(റ)നെ തൊട്ട് സഈദ് ബ്നു ഔസ്(റ) നിവേദനം:
((إذا كان يوم عيد الفطر وقفت الملائكةُ على أبوابِ الطرق فينادوا: اغدوا يا معشر المسلمينَ إلى رب كريم يمن بالخير، ثم يثيب عليه الجزيل، لقد أمرتم بقيام الليل فقمتم، وأمرتم بصيام النهار فصمتم، وأطعتم ربكم فاقبضوا جوائزكم. فإذا صلوا نادى مناد: ألا إن ربكم قد غفر لكم فارجعوا راشدين إلى رحالكم. فهو يوم الجائزة، ويسمى ذلك اليوم في السماء يوم الجائزة)) - جمع الفوائد- رقم الحديث: ١٩٩٧، رواه الطبراني- ١/٢٢٦ (٦١٧).
ചെറിയ പെരുന്നാൾ ദിവസം മലക്കുകൾ വഴിയോരങ്ങളിലെല്ലാം വിളിച്ചു പറയും: "മുസ്‌ലിം സമൂഹമേ, ഖൈറുകൾ നൽകി അനുഗ്രഹിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്യുന്ന റബ്ബിലേക്ക് രാവിലെ പോകൂ - പെരുന്നാൾ നിസ്കാരം നിർവ്വഹിക്കാൻ. തീർച്ചയായും, നിങ്ങളോട് രാത്രി നിസ്കരിക്കാനും, പകൻ നോമ്പനുഷ്ഠിക്കാനും കൽപ്പിച്ചപ്പോഴെല്ലാം നിങ്ങൾ അതനുസരിച്ചിരിക്കുന്നു - നിങ്ങളുടെ റബ്ബിന് വഴിപ്പെട്ടിരിക്കുന്നു. അത് കൊണ്ട് ഈ സമ്മാനത്തെ - പെരുന്നാൾ ദിനത്തെ - നിങ്ങൾ സ്വീകരിച്ചോളൂ.."
അങ്ങനെ, നിസ്കാര ശേഷം വീണ്ടും വിളിച്ചു പറയും: "നിങ്ങളുടെ റബ്ബ് നിങ്ങൾക്ക് പൊറുത്തിരിക്കുന്നു. അത് കൊണ്ട് സദ്‌വൃത്തരായി മടങ്ങിക്കോളൂ.."
അന്നേദിവസത്തിന് വാനലോകത്ത് സമ്മാദനാളെന്ന് പേര് വിളിക്കുകയും ചെയ്യും.
'സമ്മാനം' എന്നതിന് جائزة എന്ന് ഹദീസുകളിൽ മറ്റിടങ്ങളിലും പ്രയോഗിച്ചതായി കാണാം. തിരുനബി(സ്വ) തങ്ങൾ വഫാതിൻ്റെ വേളയിൽ മൂന്ന് കാര്യങ്ങൾ വസ്വിയ്യത് ചെയ്തതായി ഇബ്നു അബ്ബാസ് رضي الله عنهما പറയുന്നുണ്ട്. അതിലൊന്ന് ഇതാണ്:
وأجيزوا الوفد بنحو ما كنت أجيزهم
ഞാൻ നിവേദക സംഘത്തെ സമ്മാനം നൽകി സ്വീകരിച്ച പോലെ നിങ്ങളും ചെയ്യണേ. (ബുഖാരി- 2888)
അപ്പോൾ, പെരുന്നാൾ സമ്മാന സുദിനമാണ്. റബ്ബിന് വേണ്ടി ത്യാഗം ചെയ്തതിന് റബ്ബ് നൽകിയ സമ്മാനം. അന്ന പാനീയങ്ങളും മറ്റു ദേഹേച്ഛകളും വെടിഞ്ഞ് നിൽക്കാൻ പറഞ്ഞപ്പോൾ ആ ത്യാഗം ഏറ്റെടുത്തതിന് പകരമുള്ള സമ്മാനം. ബലിപെരുന്നാളും ഇങ്ങനെ തന്നെ, സ്വത്തും ശരീരവും മനസ്സും റബ്ബിലേക്ക് സമർപ്പിച്ചു കൊണ്ടുള്ള ത്യാഗപൂർണ്ണമായ ഹജ്ജ് കർമ്മത്തോടെ നൽകപ്പെടുന്ന സമ്മാനം.
ഇങ്ങനെ മലക്കുകളുടെ വിളിയാളമുള്ള സാന്നിധ്യത്തിനായിരിക്കണം നിസ്കാരത്തിന് പോകുമ്പോൾ ഒരു വഴിയും തിരിച്ചു വരുന്നത് മറ്റൊരു വഴിക്കുമാകണം എന്നതിലെ ഒരു യുക്തി.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
.
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
.
Comments
Post a Comment