പ്രതിഫലാർഹമായതെല്ലാം ശറഇയ്യായ ഇൽമോ?

പ്രതിഫലാർഹമായതെല്ലാം
ശറഇയ്യായ ഇൽമോ?

☘️🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

ഇൽമ് - പഠിക്കൽ ഏറ്റം പുണ്യമേറിയ ഇബാദതുകളിൽ പെട്ടതാണെന്ന് ഇമാം നവവി(റ) പ്രഖ്യാപിച്ചത് പ്രസിദ്ധമാണ്. ഈ ഇൽമ് - തഫ്സീർ - ഹദീസ് - ഫിഖ്ഹ് എന്നിവക്ക് പുറമെ, അത് പഠിക്കാനാവശ്യമായ അറബി വ്യാകരണം, മൻത്വിഖ് തുടങ്ങിയവക്കും ഉപയോഗിക്കുമെന്നും അവ പഠിക്കുന്നതിന് പ്രതിഫലമുണ്ടെന്നും ഇമാം ഇബ്നു ഹജർ(റ) വ്യക്തമാക്കുന്നുണ്ട്. അതേ സമയം, വസ്വിയ്യത് - വഖ്ഫ് വേളകളിൽ 'ഇൽമ് പഠിക്കാൻ' എന്ന് പറഞ്ഞാൽ തഫ്സീർ - ഹദീസ് - ഫിഖ്ഹ് മാത്രമേ ആ ഇൽമിൽ പെടുകയുള്ളൂ എന്നും മഹാനർ തന്നെ പറഞ്ഞിട്ടുണ്ട്.
പ്രസ്തുത മൂന്ന് തരം ഇൽമുകളിൽ ശറഇയ്യിനെ പരിമിതപ്പെടുത്തിയത് - ശറഇൽ നിന്നും മനസ്സിലാക്കുന്നത് ഇവയായതിനാലാണ്. മറ്റുള്ളവ, ഭാഷാ - തർക്ക ശാസ്ത്രമാണെങ്കിലും - ശറഇൽ നിന്നും ഗ്രാഹ്യമായതല്ലല്ലോ.

 (الشَّرْعِيَّةِ) أَيْ الْمَأْخُوذَةِ مِنْ الشَّرْعِ الْمَبْعُوثِ بِهِ النَّبِيُّ الْكَرِيمُ. اه‍ (جمع الجوامع ص:)

വിശ്വസിക്കൽ നിർബന്ധമായ കാര്യങ്ങളും തസ്വവ്വുഫും ഉസ്വൂലുൽ ഫിഖ്ഹും ശറഇൽ നിന്ന് എടുക്കുന്നതായിട്ടും അതിൽ പെടുത്തിയില്ലേ ? എന്നിങ്ങനെ ചെറിയ സംശയമുയർന്നേക്കാം. തഫ്സീറിലും ഹദീസിലും തെളിഞ്ഞ് കിടക്കുന്ന കാര്യങ്ങളാണല്ലോ വിശ്വസിക്കൽ വാജിബുള്ള കാര്യങ്ങൾ. തസ്വവ്വുഫ്- അഥവാ സ്വഭാവ ശുദ്ധീകരണം - ഇതും തഥൈവ. പിന്നീട് ഇവ രണ്ടിനെയും ഓരോ ഫന്നുകളായി തിരിച്ചെങ്കിലും ഇതിൽ പെട്ടത് തന്നെ. തസ്വവ്വുഫിനെ ശറഇയ്യ് എന്ന് പ്രയോഗിച്ചു കൊണ്ട് തന്നെ ഉദ്ധരണികൾ കാണാം. അത് പഠിക്കൽ നമ്മെ പോലോത്തവർക്ക് നിർബന്ധമാണെന്നും :

وَمِنْهُ (اي من العلم الشرعي) بَلْ أَهَمُّهُ فِي حَقِّ مَنْ لَمْ يُرْزَقْ قَلْبًا سَلِيمًا عِلْمُ الْبَاطِنِ الْمُطَهِّرُ لِلنَّفْسِ عَنْ أَخْلَاقِهَا الرَّدِيئَةِ، أَوْ آلَةٍ لَهُ وَأَمْكَنَ عَادَةً أَنْ يَتَأَتَّى مِنْهُ تَحْصِيلٌ فِيهِ.اه‍ 
(تحفة: ٧/١٥٢)

 എന്നാൽ ഉസ്വൂലുൽ ഫിഖ്ഹിനെ ശറഇയ്യ് എന്ന ഗണത്തിൽ പെടുത്തേണ്ടതില്ല എന്ന നിലപാടാണ് പ്രബലം. എങ്കിലും ഖത്വീബുശ്ശിർബീനി(റ)യും ദമീരി(റ)യും ഈ മൂന്നിന് പുറമെ ഉസ്വൂലുൽ ഫിഖ്ഹിനെയും അതിലുൾപ്പെടുത്തണമെന്ന പക്ഷക്കാരാണ്. (ശർവാനി- 7/53). 

എങ്കിലും ഖുർആൻ പാരായണ ശാസ്ത്രം ശറഇൽ നിന്ന് മനസ്സിലായതായിട്ടും അത് 'ശറഇയ്യായ ഇൽമ്' എന്ന സംജ്ഞയിൽ പെടില്ലെന്ന് ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട് താനും. വിശ്വാസ കാര്യങ്ങളെ ഫിലോസഫിയൻ തിയറികളും മറ്റ് ബുദ്ധിപരമായ കാര്യങ്ങളും വെച്ച് സമർത്ഥിച്ചെടുക്കുന്ന 'ഇൽമുൽ കലാം' - അതും ഈ പ്രയോഗത്തിന് പുറത്താണ് (തുഹ്ഫഃ 7/53). എങ്കിലും സാമൂഹിക ബാധ്യതയായി അറിയേണ്ട ഗണത്തിൽ ഇവപെടുന്നുണ്ട്.

സൃഷ്ടാവിൻ്റെ ഉൺമ, നബിമാരിൽ നിന്ന് തെറ്റ് അസംഭവ്യം തുടങ്ങിയ വിശ്വാസ - ആദർശ കാര്യങ്ങളിലെ ഏത് വിധേയനയുള്ള സംശയങ്ങളും ഇല്ലായ്മ ചെയ്യുന്ന വിവരസ്ഥൻ, വിധിവിലക്കുകൾ നടപ്പിലാക്കും വിധമുള്ള കർമ്മശാസ്ത്ര അറിവുള്ളവൻ, ജീവിക്കാനാവശ്യമായ കൃഷി, കച്ചവടം പോലോത്ത കൈ തൊഴിലുകൾ അറിയുന്നവർ, വൈദ്യൻ തുടങ്ങിയവരെ നിലനിർത്തൽ മുസ്‌ലിം സമൂഹത്തിൻ്റെ നിർബന്ധ ബാധ്യതയി തന്നെ നിലനിൽക്കുന്നുണ്ട്. ഇത്തരം അറിവുകൾ പഠിക്കുന്നത് ഫർള് കിഫായഃയാണെന്ന് സാരം. ഇത്രയധികം വിദ്യാഭ്യാസത്തെ ഉയർത്തിപ്പിടിച്ച മറ്റു മതങ്ങളില്ല.

ومن فرض الكفاية القيام بإقامة الحجج وحل المشكلات في الدين وبعلوم الشرع كتفسير وحديث والفروع بحيث يصلح للقضاء والأمر بالمعروف والنهي عن المنكر ... والحرف والصنائع وما تتم به المعايش. اه‍ بحذف 
(منهاج الطالبين - ص: ٣٠٧)

ചുരുക്കത്തിൽ 
'ശറഇയ്യായ ഇൽമ്' എന്നതിനെ ഒരു സാങ്കേതിക സംജ്ഞയായിട്ട് തന്നെ മനസ്സിലാക്കണം. ഫുഖഹാഅ് അതിനെ വിശദീകരിച്ചിടത്ത് നിൽക്കുകയും വേണം. പഠിക്കാൻ നിർദേശിക്കപ്പെട്ടതും പ്രോത്സാഹനമർഹിക്കുന്നതും ശറഇയ്യായി പരിചയപ്പെടുത്താനേ പറ്റില്ല.

പറഞ്ഞു വരുന്നത്, ഇൽമ് പഠിക്കുന്നത് പ്രതിഫലാർഹമാണെന്ന ഇമാമുകളുടെ പരാമർശം കൂട്ടുപിടിച്ച്, പഠിക്കുന്നതെന്തിനും - അത് ഭൗതികമായ കോളേജ് പഠനത്തിനും ഇതര ഭാഷാ പഠനത്തിനുമെല്ലാം ,ഓരോ അക്ഷരം കണക്കെ ഇത് ബാധകമാണെന്ന് ചിലർ മനസ്സിലാക്കിയിരിക്കുന്നു. 

ഈ ശറഇയ്യായ ഇൽമിനോട്, അതിന് അത്യാവശ്യമായ അറബി ഭാഷ വ്യാകരണം, മൻത്വിഖ് പോലോത്തവയെ ചേർത്തി പറഞ്ഞതിൽ തന്നെ ഇമാമുകളുടെ ഒരു കണിശതയും സൂക്ഷ്മതയും ഒന്ന് നോക്കൂ -

ഇമാം ബൈളാവി(റ)യുടെ തഫ്സീറിന് ഇമാം സുയൂഥ്വീ(റ)വിൻ്റെ ഹാശിയഃയിലെ ഭാഗമാണിത്. മഹാൻ പറയുന്നു:

قول الإمام البيضاوي في تفسيره: (في الصناعات العربية، والفنون الأدبية)
أحسن المصنف جدا في تفريقه بين العلوم الدينية، والآلات، حيث أطلق على الأولى اسم العلوم، وعلى الأخرى اسم الصناعات والفنون؛ لشرف تلك وشرف لفظ العلم، بخلاف لفظ الصناعات والفن. اه‍ 
(نواهد الأبكار وشواهد الأفكار- حاشية على البيضاوي للجلال السيوطي).

 
".. ഗ്രന്ഥകർത്താവ് ദീനിയ്യായ ഇൽമിനെയും അതിൻ്റെ ആലാതുകളെയും വേർതിരിച്ചു സംസാരിച്ചിരിക്കുന്നു. ഒന്നാമത്തേതിന് علوم എന്നും മറ്റുള്ളവക്ക് الصناعات والفنون എന്ന പദവും ഉപയോഗിച്ചു. ഈ ചെയ്തി വളരെ നന്നായിരിക്കുന്നു. ദീനിയ്യായ അറിവുകൾക്കും علم എന്ന പദത്തിനും ശറഫുള്ളതിനാലാണത്. മറ്റുള്ളതിന് അതില്ലല്ലോ.."
 
ശറഇയ്യായ അറിവ് നേടാൻ നേരിട്ട് ആവശ്യമുള്ള അറബി വ്യാകരണ ശാസ്ത്രങ്ങളും മൻത്വിഖ് പോലോത്തവയെയും ഇങ്ങനെ വേർതിരിച്ച് സംസാരിച്ചതിനെയാണ് ഈ പുകഴ്ത്തിയത് എന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ. ബാക്കിയുള്ള ഭൗതിക അറിവുകളെ علم എന്ന് വിശേഷിപ്പിക്കുന്നതിനെപറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു.

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം

(തയ്യാറാക്കിയത്:
അബൂ ഹസനഃ ഊരകം)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )