രണ്ട് ലോകങ്ങളും കോലങ്ങളും
രണ്ട് ലോകങ്ങളും കോലങ്ങളും
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀
إرادتك التجريد مع إقامة الله إياك في الأسباب من الشهوة الخفية. اه
(حكم العطائية)
വിശപ്പ് സഹിക്കവയ്യാതെ വയറിൽ കല്ല് വെച്ച് കെട്ടിയ സ്വഹാബിവര്യൻ, തിരുനബി(സ്വ)യെ നോക്കി, കണ്ണുകൾ നിറഞ്ഞൊഴുകി, അതാ അവിടുത്തെ വയറിൽ രണ്ട് കല്ലുകൾ വെച്ച് കെട്ടിയിരിക്കുന്നു! കണ്ഠമിടറാതെ ഉരിയാടാൻ കഴിയാത്ത ഇത്തരം സംഭവങ്ങൾ ഉണ്ടായിരിക്കെ മറ്റു സന്ദർഭങ്ങൾ ഇതിന് വിപരീതമാണ്. 'വിസ്വാല്' ചെയ്യുന്ന മുത്ത് റസൂൽ. മൂന്ന് ദിവസത്തെ രാവും പകലും അന്നപാനീയങ്ങൾ പൂർണ്ണമായും വെടിയുന്ന ഒരു ഇബാദതാണിത്. അത് പ്രജകളായ നമുക്ക് വിലക്കപ്പെട്ടതാണെന്നും അവിടുന്ന് തന്നെ അറിയിച്ചിട്ടുണ്ട്.
എന്ത് തോന്നുന്നു? 'വിസ്വാല്' ചെയ്യുന്ന തിരുദൂതർ(സ്വ) തങ്ങൾ തന്നെ മറ്റൊരു സമയത്ത് വിശപ്പിൻ്റെ കാഠിന്യം മൂലം കല്ല് വെച്ച് കെട്ടുന്നു. അതാണ് രണ്ട് ലോകങ്ങളും കോലങ്ങളും. തജ്‌രീദിൻ്റെ അവസ്ഥയും സബബിൻ്റെ അവസ്ഥയും. ദുൻയാവിലെ പതിവനുസരിച്ചുള്ള കാരണങ്ങളെല്ലാം ഒഴിവാക്കുന്ന അവസ്ഥയാണ് 'തജ്‌രീദ്'. എല്ലാം പൂർണ്ണമായും റബ്ബിൽ അർപ്പിക്കുക. ഭക്ഷണം ആവശ്യമുള്ള സമയത്ത് മുന്നിലെത്തും. മർയം ബീവി(റ)വിൻ്റെ ഒരു സമയത്തെ അവസ്ഥ ഇതായിരുന്നു:
{ كُلَّمَا دَخَلَ عَلَیۡهَا زَكَرِیَّا ٱلۡمِحۡرَابَ وَجَدَ عِندَهَا رِزۡقࣰاۖ قَالَ یَـٰمَرۡیَمُ أَنَّىٰ لَكِ هَـٰذَاۖ قَالَتۡ هُوَ مِنۡ عِندِ ٱللَّهِۖ إِنَّ ٱللَّهَ یَرۡزُقُ مَن یَشَاۤءُ بِغَیۡرِ حِسَابٍ}
[آل عمران- ٣٧]
സകരിയ്യാ നബി(അ), മർയം ബീവി(റ)യുടെ അടുക്കൽ ചെല്ലുമ്പോഴെല്ലാം അന്ന് ലഭ്യമല്ലാത്ത വിവിധയിനം പഴങ്ങളും മറ്റും കാണുന്നു.
ഇതെവിടുന്നാ?
അല്ലാഹുവിൻ്റെ ഭാഗത്ത് നിന്നുള്ളതാണ്, അവനുദ്ദേശിക്കുന്നവർക്ക് അവർ വിചാരിക്കാത്ത രൂപത്തിൽ ഭക്ഷണം നൽകുന്നവനാണല്ലോ അവൻ.
ഇതുപോലെ തിരുനബി(സ്വ) തങ്ങൾക്കും ഉണ്ടായിട്ടുണ്ട്. വിസ്വാലിൻ്റെ സമയത്ത് അങ്ങനെയാണെന്ന് ഹദീസിൽ തന്നെ ഉണ്ട്. പക്ഷെ, മർയം ബീവി(റ)ക്ക് നൽകിയ പോലെയല്ല. നേരിട്ട് ശരീരത്തിൽ എത്തിക്കുന്ന രീതിയായിരുന്നു :
ُ: (لَا تُوَاصِلُوا، فَأَيُّكُمْ إِذَا أَرَادَ أَنْ يُوَاصِلَ فَلْيُوَاصِلْ حَتَّى السَّحَرِ).
قَالُوا: فَإِنَّكَ تُوَاصِلُ يَا رَسُولَ اللَّهِ، قَالَ: (إِنِّي لَسْتُ كَهَيْئَتِكُمْ، إِنِّي أَبِيتُ لِي مُطْعِمٌ يُطْعِمُنِي وَسَاقٍ يَسْقِينِ)
. (رواه البخاري -١٨٦٢)
നിങ്ങളാരും എന്നെപ്പോലെ 'വിസ്വാല്' ചെയ്യരുത്. ഞാൻ നിങ്ങളെപ്പോലെയല്ല. എനിക്കെൻ്റെ റബ്ബ് ഭക്ഷിപ്പിക്കുകയും കുടപ്പിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ രണ്ടാമത്തെ അവസ്ഥയാണ് സബബിൻ്റേത്. ദുൻയാവിലെ പതിവനുസരിച്ചുള്ള എല്ലാ കാരണങ്ങളുമായും ബന്ധപ്പെട്ട് സാധാരണയുള്ള ജീവിതം നയിക്കുക. ആ അവസ്ഥയിലാണ് വിശപ്പ് സഹിക്കവയ്യാതെ കഷ്ടത അനുഭവിച്ചത്.
എന്തിനാണ് ഇങ്ങനെ രണ്ട് അവസ്ഥകൾ എന്നല്ലേ? എല്ലാവരിലേക്കും അയക്കപ്പെട്ട തിരുദൂതർ(സ്വ) തങ്ങളിൽ എല്ലാവർക്കും മാതൃകകളും നിർദേശങ്ങളും ഉണ്ടാകണമല്ലോ. അവിടുത്തെ ഉമ്മതിൽ ഉന്നതമാരായ ഔലിയാക്കളും സാധാരണക്കാരുമുണ്ട്. തജ്‌രീദിൻ്റെ അവസ്ഥ എത്തുന്നവരും അല്ലാത്തവരും. അവർക്കെല്ലാം വ്യത്യസ്ത സമയങ്ങളിലായി മാതൃകകൾ കാണിച്ചു കൊടുക്കാനാണത്.
ഈത്തപ്പനയുടെ പരാഗണവുമായി ബന്ധപ്പെട്ട് തിരുനബി(സ്വ) തങ്ങൾ പറഞ്ഞല്ലോ - നിങ്ങൾ പരാഗണം നടത്തിയില്ലെങ്കിലും അത് കായ്ക്കുമെന്ന്. ഇത് കേട്ടവർ ആ പ്രാവശ്യം പരാഗണം നടത്തിയില്ല. കായ്ക്കുന്ന സമയമായപ്പോൾ വേണ്ടത്ര ഈത്തപ്പഴം ഉണ്ടായതുമില്ല. ഈ പറഞ്ഞത് അസ്ബാബിൻ്റെ ലോകത്ത് നിന്നും തജ്‌രീദിൻ്റെ അവസ്ഥയിലേക്ക് അവരെ വഴിതിരിച്ചുവിടാനായിരുന്നു. പക്ഷെ, വേണ്ടത്ര തവക്കുൽ ഇല്ലാത്തതിനാൽ അതുണ്ടായില്ല. അപ്പഴാണ് "നിങ്ങളെ ദുൻയാവിൻ്റെ കാര്യം നിങ്ങൾക്കല്ലേ കൂടുതലായി അറിയുക " എന്ന് അവിടുന്ന് പറഞ്ഞത്.
أنتم أعلم بأمور دنياكم
ഈ വാക്കിൽ 'നിങ്ങളെ ദുൻയാവ്' എന്ന അഭിസംബോധനയിൽ അസ്ബാബിൻ്റെ ലോകത്തെ ഇകഴ്ത്തുന്ന ഒരു സ്വരമുണ്ട്. അപ്പോൾ 'പരാഗണം നടത്തേണ്ടതില്ല' എന്ന് പറഞ്ഞത് തജ്‌രീദിൻ്റെ ഹാലിലാണെന്ന വ്യാഖ്യാനം ഇതുമായി ബന്ധപ്പെട്ട എല്ലാ അവ്യക്തതകൾക്കും വിരാമമിടും.
വേവിച്ച ആടിൻ്റെ കൊറുകിലെ മാംസം കൊണ്ടുവരാൻ തിരുനബി(സ്വ) തങ്ങൾ കൽപിക്കുന്ന സംഭവമുണ്ട്. രണ്ടാം തവണയും കൽപ്പിച്ചപ്പോൾ രണ്ടാമത്തെ കൊറുകും കൊണ്ടുവന്നു. മൂന്നാം തവണയും കൽപന വന്നു! സ്വഹാബി വര്യൻ കൗതുകത്തോടെ പറഞ്ഞു: "തിരുദൂതരേ, ഒരു ആടിന് രണ്ട് കൊറുകല്ലേ ഉണ്ടാവൂ.."
അപ്പോൾ അവിടുന്ന് പറഞ്ഞതാണ് ശ്രദ്ധിക്കേണ്ടത്: "എൻ്റെ വാക്ക് അനുസരിച്ച് പോയി നോക്കിയിരുന്നെങ്കിൽ ഇനിയും അവിടെ ആടിൻ കൊറുക് ലഭിച്ചേനെ !"
وعن أبي رافع رضي الله عنه، قال : أهديت له شاة فجعلها في القدر ، فدخل رسول الله - صلى الله عليه وسلم - فقال : ( ما هذا يا أبا رافع ؟ ) فقال : شاة أهديت لنا يا رسول الله ! فطبختها في القدر . قال : ( ناولني الذراع يا أبا رافع ! ) فناولته الذراع . ثم قال : ( ناولني الذراع الآخر ) فناولته الذراع الآخر . ثم قال ( ناولني الذراع الآخر ) فقال له : يا رسول الله ! إنما للشاة ذراعان . فقال له رسول الله - صلى الله عليه وسلم - : أما إنك لو سكت لناولتني ذراعا فذراعا ما سكت ، ثم دعا بماء فتمضمض فاه ، وغسل أطراف أصابعه ، ثم قام فصلى ، ثم عاد إليهم ، فوجد عندهم لحما باردا ، فأكل ، ثم دخل المسجد فصلى ولم يمس ماء . (رواه أحمد)
നോക്കൂ, ഇതും തജ്‌രീദിൻ്റെ സന്ദർഭത്തിൽ നിന്ന് കൊണ്ടുള്ള തിരുകൽപനയായിരുന്നു അത്.
മേൽ പറഞ്ഞ രണ്ട് അവസ്ഥകൾ മനസ്സിലാക്കിയാൽ ഖുർആനിൽ പറഞ്ഞ പലതിനും നല്ല ആശയങ്ങൾ ഗ്രഹിക്കാനാവും. ഇബ്റാഹീം നബി(അ)ന് വാർദ്ധക്യത്തിൽ മക്കളുണ്ടാവുമെന്ന് സന്തോഷ വിവരം ലഭിച്ചനേരം അവരുടെ പ്രിയതമ അൽഭുതപ്പെട്ട് ചോദിക്കുന്നു - "കിഴവിയായ ഞാൻ പ്രസവിക്കുകയോ ?."
അതിന് മലക്കുകൾ പ്രതിവചിച്ചു-
"റബ്ബിൻ്റെ തീരുമാനത്തിൽ നിങ്ങൾ അൽഭുതപ്പെടുകയാണോ ?."
ഇത് ഖുർആൻ വിവരിക്കുന്നു:
{قَالَتۡ یَـٰوَیۡلَتَىٰۤ ءَأَلِدُ وَأَنَا۠ عَجُوزࣱ وَهَـٰذَا بَعۡلِی شَیۡخًاۖ إِنَّ هَـٰذَا لَشَیۡءٌ عَجِیبࣱ O قَالُوۤا۟ أَتَعۡجَبِینَ مِنۡ أَمۡرِ ٱللَّهِۖ رَحۡمَتُ ٱللَّهِ وَبَرَكَـٰتُهُۥ عَلَیۡكُمۡ أَهۡلَ ٱلۡبَیۡتِۚ إِنَّهُۥ حَمِیدࣱ مَّجِیدࣱO}
[هود- ٧٢-٧٣]
പ്രിയതമ അൽഭുതം കൂറിയത് അസ്ബാബിൻ്റെ അവസ്ഥയിലാണ്. അതിനുള്ള പ്രതിവചനം തജ്‌രീദിൻ്റെ അവസ്ഥയെ ഓർമ്മപ്പെടുത്തിയുമാണ്.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment