♪♪ പോറ്റുന്ന നാഥനെ നീ മറക്കല്ലേ - സ്വന്തം,ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ..♪♪
♪♪ പോറ്റുന്ന നാഥനെ നീ മറക്കല്ലേ - സ്വന്തം,
ചലിക്കുന്നതായിട്ടൊന്നും ധരിക്കല്ലേ..♪♪
വെള്ളം കുടിക്കുമ്പോൾ ദാഹവും, ഭക്ഷണം കഴിക്കുമ്പോൾ വിശപ്പും മാറുന്നില്ലേ? എന്നാൽ മാറുന്നതല്ല, മാറ്റുന്നതാണ്. അതായത്, വെള്ളത്തിനും ഭക്ഷണത്തിനുമൊന്നും ദാഹശമനിക്കോ വിശപ്പകറ്റുന്നതിനോ ഉള്ള കഴിവില്ല. സ്വന്തമായും ഇല്ല, നൽകിയിട്ടുമില്ല. മറിച്ച് അവ ശരീരത്തിനകത്തേക്ക് എത്തുന്നതോടെ സൃഷ്ടാവായ റബ്ബ് ദാഹം ശമിപ്പിക്കുന്നു, വിശപ്പ് മാറ്റിക്കൊടുക്കുന്നു. ഇവ രണ്ടും തത്സമയം സൃഷ്ടിക്കപ്പെടുകയാണ്. അല്ലാതെ വെള്ളം ദാഹമകറ്റുകയോ, ഭക്ഷണം വിശപ്പ് ഇല്ലാതാക്കുകയോ ചെയ്യുന്നില്ല.
എന്ന് വെച്ചാൽ ദാഹവും വിശപ്പും മാറിക്കിട്ടാനുള്ള, അല്ല, അവയെ അല്ലാഹു മാറ്റിത്തരാനുള്ള ഒരു കാരണം മാത്രമാണ് അന്നപാനീയങ്ങൾ അകത്താക്കുക എന്നത്.
അപ്പോൾ ഇവ ഉള്ളിലെത്തിയിട്ടും വിശപ്പും ദാഹവും പഴയതുപോലെ റബ്ബ് നിലനിർത്തിയേക്കാം (റബ്ബ് കാക്കട്ടെ - ആമീൻ), ഇവയൊന്നുമില്ലാതെ അവ മാറ്റിത്തരുകയും ചെയ്തേക്കാം. കാരണമില്ലാതെയും കാര്യം നടത്തുന്നവനാണല്ലോ റബ്ബ്. എന്ന് വെച്ച് എല്ലായ്പ്പോഴും അങ്ങനെ ചെയ്യുകയുമില്ല. ഈ ദുൻയാവിലെ രീതി കാരണത്തിലൂടെ കാര്യങ്ങൾ നടത്തുന്നതാണ്. അതാണ് അന്നപാനീയങ്ങളിലൂടെ ദാഹവും വിശപ്പും മാറിക്കിട്ടുന്നതും. ചില അൽഭുതങ്ങൾ, അഥവാ സാധാരണ രീതിക്കെതിരായി ചിലപ്പോൾ സൃഷ്ടിപ്പുകൾ നടത്തിയേക്കാം.
ഇതാണ് നമ്മുടെ വിശ്വാസം. അങ്ങനെ വിശ്വസിച്ചേ നമുക്ക് പറ്റൂ. ദാഹവും വിശപ്പും അകറ്റാനുള്ള ഒരു സിദ്ധി ആദ്യമേ അന്നപാനീയങ്ങൾക്ക് അല്ലാഹു നൽകിയിട്ടുണ്ടെന്ന വിശ്വാസവും ശരിയല്ല. തെറ്റാണത്. മുബ്തദിഅ് ആയിപ്പോകും. ഇതിലെന്നല്ല, സർവ്വതിലും ഇങ്ങനെ തന്നെ. നീ കൈ ഉയർത്തുമ്പോൾ, യഥാർത്ഥത്തിൽ അല്ലാഹു തആലാ അത് ഉയർത്തി തരികയാണ്. ഉയർത്താനുള്ള കഴിവ് നിൻ്റെ ശരീരത്തിന് സ്വന്തമായി ഇല്ല. അങ്ങനെ ഉണ്ടെന്ന് വിശ്വസിച്ചാൽ ഇസ്‌ലാമിൽ നിന്നും പുറത്താകും. ഇനി, ശരീരത്തിന് പ്രവർത്തിക്കും മുമ്പേ അതിനുള്ള കഴിവ് നൽകിയതാണെന്നും ആ ലഭ്യമായിട്ടുള്ള കഴിവ് കൊണ്ടാണ് ഉയർത്തിയതെന്നും മനസ്സിലാക്കിയാൽ മുബ്തദിഉം ആകും. പകരം എല്ലാം അപ്പപ്പോൾ സൃഷ്ടിക്കപ്പെടുകയാണെന്ന വിശ്വാസം നമുക്ക് വേണം.
ഈ ചിന്ത എല്ലാ സമയത്തും ഉണ്ടായാലോ ? നമുക്ക് "ഞാൻ" എന്ന ചിന്തയേ വരില്ല. മനസ്സിൽ നിറയെ റബ്ബായിരിക്കും. അതാണ് മേൽവരികളിൽ രചയിതാവ് ഉദ്ദേശിച്ചത്.
Comments
Post a Comment