പ്രാവിൻ്റെ പരാതി
പ്രാവിൻ്റെ പരാതി
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
ഇസ്ക്കന്തരിയ്യഃയിൽ ശൈഖിൻ്റെ ഭക്തിനിർഭരമായ ക്ലാസ് നടന്നുകൊണ്ടിരിക്കുന്നു. ശിഷ്യർ ഓരോ ഉപദേശങ്ങളും സാകൂതം ശ്രദ്ധിക്കുകയാണ്. അതിനിടക്കാണ് ഒരു പ്രാവ് പറന്നെത്തിയത്. ശൈഖിൻ്റെ തോളിൽ നിലയുറപ്പിച്ചു. എന്നിട്ട് ശൈഖിൻ്റെ ചെവിയിൽ എന്തോ മന്ത്രിച്ചു.
ശൈഖ്: "ഞാൻ തന്നെ വരണോ ? ഇവിടെയുള്ള ഒരാളെ പറഞ്ഞയച്ചാൽ പോരെ ...? " എന്ന് അതിനോട് ചോദിക്കുന്നു.
ആ പക്ഷി പറ്റില്ലെന്ന ഭാവത്തിൽ തലയാട്ടിയിരിക്കണം. ചെവിക്കടുത്തേക്ക് നീങ്ങി നിന്ന് വീണ്ടും എന്തൊക്കെയോ മന്ത്രിച്ചു.
ശൈഖ്: "എങ്കിൽ ഞാൻ തന്നെ വരാം.." - എന്ന് ഉറപ്പ് കൊടുത്തു. കണ്ടു നിൽക്കുന്നവർക്കെല്ലാം കൗതുകം. എന്തായിരിക്കും പ്രാവ് ശൈഖിനോട് പറഞ്ഞിട്ടുണ്ടാവുക? പറയാം. ഈ ശൈഖ് ആരാണെന്നറിയുമോ ?
ശൈഖുൽ മശായിഖ് ഇമാം ശാദുലീ(റ)യുടെ ഖലീഫഃയായിരുന്നു അബുൽ അബ്ബാസ് അൽ മുർസീ(റ). അവരുടെ മുരീദുമാരാണ് - ബുർദഃയുടെ രചയിതാവ് ഇമാം ബൂസ്വീരീ(റ), കിതാബുൽ ഹികമിൻ്റെ രചയിതാവ് ഇബ്നു അത്വാഇല്ലാഹ് അസ്സിക്കന്തരീ(റ). ഇവരെപ്പോലെ തന്നെ, ശൈഖിൻ്റെ ഇഷ്ട ശിഷ്യനും മറ്റൊരു മുരീദുമാണ് ഇമാം യാഖൂതുൽ അർശീ(റ). ഇദ്ദേഹമാണ് മേൽ പറഞ്ഞ സംഭവത്തിലെ കഥാപുരുഷൻ. റബ്ബിൻ്റെ തീരുമാനം തന്നെ, ജനനം മുതലേ കൗതുകം നിറഞ്ഞതായിരുന്നു അവിടുത്തെ ചരിത്രം.
ഒരിക്കൽ, മഹാനരുടെ ശൈഖ്, അബുൽ അബ്ബാസ് അൽമുർസീ(റ) തൻ്റെ ശിഷ്യരോട് "അസ്വീദഃ" തയ്യാറാക്കാൻ ആവശ്യപ്പെട്ടു. എന്നിട്ട് ശൈഖ് കൂടെയുള്ളവർക്കെല്ലാം അത് വിതരണം ചെയ്തു. ശൈത്യകാലത്ത് മാത്രം പാകം ചെയ്യാറുള്ള ഈ വിഭവം ഉഷ്ണകാലത്ത് ആവശ്യപ്പെട്ടതിൻ്റെ സാംഗത്യം ശിഷ്യർക്ക് ബോധിച്ചില്ല. കാരണമന്വേഷിച്ചപ്പോൾ ശൈഖ് ഇങ്ങനെ പറഞ്ഞു:
" -'യാഖൂത്' എന്ന പേരുള്ള ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ട്. പിൽക്കാലത്ത് ഇവിടെ വരാനുള്ള ആളാണ്. ആ കുട്ടിയുടെ ജനനത്തിന് ശുക്റായിട്ടാണ് ഈ വിഭവം.."
അബ്സീനിയയിലാണ് 'യാഖൂത്' എന്ന കുട്ടിയുടെ ജനനം. ആ സമയത്ത് അവിടെ ശൈത്യമായതിനാലാണ് 'അസ്വീദഃ' ഉണ്ടാക്കാൻ ആവശ്യപ്പെട്ടത്. പഴയകാലങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി അടിമകളാക്കി വിൽക്കാറുണ്ടായിരുന്നു. ഇതുകൊണ്ടോ മറ്റോ 'യാഖൂത്' എന്ന കുട്ടിയെയും അടിമയാക്കി വിൽപ്പനച്ചരക്കായി ചന്തയിലേക്ക് കൊണ്ടുപോവുകയായിരുന്നു. കപ്പലിലാണ് യാത്ര. ഇടക്ക് കടൽ ക്ഷോഭിച്ചു. കാറ്റിലും തിരമാലയിലും അകപ്പെട്ട് അപകട ഭീഷണിയുണ്ടായി. രക്ഷക്കായി കച്ചവടക്കാരൻ 'യാഖൂത്' എന്ന അടിമക്കുട്ടിയെ അന്ന് ജീവിച്ചിരിപ്പുള്ള പ്രസിദ്ധനായ അബുൽ അബ്ബാസ് അൽമുർസീ(റ)വിന് സമർപ്പിക്കാൻ നേർച്ചയാക്കി. കപ്പൽ രക്ഷപ്പെട്ടെങ്കിലും ശൈഖിൻ്റെ അടുക്കലെത്തിയപ്പഴേക്കും ഈ അടിമക്ക് ഒരു തരം ചൊറി പിടിച്ചു. അസുഖമായ അടിമയെ ശൈഖിന് കാഴ്ചവെക്കുന്നത് മോശമാണെന്ന് ചിന്തിച്ച കച്ചവടക്കാരൻ മറ്റൊരു അടിമയെ ശൈഖിന് നൽകി. ശൈഖ് പറഞ്ഞു -
" ആ അസുഖം ബാധിച്ച അടിമയെ തന്നെ വേണം. അതെൻ്റെ മകനാണ്.."
ഇങ്ങനെയാണ് 'യാഖൂത്' എന്ന കുട്ടി ശൈഖിൻ്റെ അരികിലെത്തുന്നതും അവിടുത്തെ തർബിയതിൽ വളർന്ന് പിൽക്കാലത്ത് 'യാഖൂതുൽ അർശീ' എന്ന പേരിൽ പ്രസിദ്ധനായി മാറിയതും. മുഴുസമയവും മഹാനരുടെ ഹൃദയം അർശിലാണെന്നും അവിടുത്തെ മലക്കുകളുടെ ബാങ്ക് വിളി മഹാൻ കേൾക്കാറുണ്ട് എന്നും മഹാന്മാർ പറയുന്നു. അത്കൊണ്ടാണ് 'അർശീ' എന്ന പേരിൽ അറിയപ്പെടുന്നത്.
ആ പ്രാവ് മഹാനരോട് പറഞ്ഞത് എന്താണെന്നല്ലേ - ഒരു പരാതി പറഞ്ഞതാണ്. അത് പരിഹരിക്കാൻ അങ്ങ് തന്നെ വരണമെന്നും. അങ്ങനെ മഹാൻ പുറപ്പെട്ടു - അവിടെ - ഇസ്ക്കന്തരിയ്യഃയിൽ - നിന്നും ഏകദേശം മുന്നോറോളം കിലോമീറ്റർ അകലെയുള്ള കെയ്റോയിലെ 'ജാമിഅ് അംറുബ്നുൽ ആസ്വ്' എന്ന പള്ളിയിലേക്ക്. അവിടുത്തെ മുഅദ്ദിനെ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു:
" ഈ പള്ളിയുടെ മിനാരത്തിൽ കൂട് കൂട്ടിയ പ്രാവിൻ്റെ കുഞ്ഞുങ്ങളെയെല്ലാം താങ്കൾ പിടിച്ച് ഭക്ഷണമാക്കുന്നുണ്ട് അല്ലേ ?"
".ഉവ്വ്.."
" എങ്കിൽ താങ്കൾക്കെതിരിൽ പരാതി ലഭിച്ചിട്ടുണ്ട്. എല്ലാ കുഞ്ഞുങ്ങളെയും പിടിച്ചത് അന്യായമാണ്. അതിന് കുഞ്ഞുങ്ങളെ വേണം. ഇനി പിടിക്കരുത്.."
എന്നും പറഞ്ഞ് ശൈഖ് യാത്ര തിരിച്ചു. ഒരു പ്രാവിൻ്റെ പ്രശ്ന പരിഹാരത്തിന് അന്നാട്ടിലെ ഏറ്റവും വലിയ ശൈഖ് ദൂരങ്ങൾ താണ്ടി ചെല്ലുകയാണ്. അത് കഴിഞ്ഞ് അത്ര ദൂരം തന്നെ തിരിച്ചും യാത്ര ! (ത്വബഖാതുശ്ശഅറാനീ - 2/19)
ഹിജ്റഃ 709-ൽ വഫാതായ മഹാൻ, തൻ്റെ ശൈഖിൻ്റെ ചാരത്ത് 'ഇസ്ക്കന്തരിയ്യഃ' യിൽ തന്നെയാണ് അന്തിയുറങ്ങുന്നത്. തൊട്ടടുത്ത് ഇമാം ബൂസ്വീരി(റ)യുമുണ്ട്. അവരുടെയെല്ലാം ചാരത്ത് എത്താൻ റബ്ബ് തൗഫീഖ് തന്നു.
الحمد لله
മഹാനരെ കേൾക്കാൻ തുടങ്ങിയത് മുതൽ ഒരു പ്രത്യേക ഇഷ്ട്ടമാണ്. അവരെ സ്നേഹിക്കുന്നത് ആഖിറതിൽ ഒരു മുതൽകൂട്ടാണെന്ന പ്രതീക്ഷയുണ്ട്. ഒരു കുഞ്ഞു പ്രാവിൻ്റെ കാര്യത്തിൽ ഇടപെട്ട് ശഫാഅത് ചെയ്തവർ, നമുക്ക് ഏറെ പ്രതീക്ഷയാണ്, എളിയവരായ നമുക്കും ആഖിറത്തിൽ ശഫാഅത് ചെയ്യുമെന്ന്. ആ പ്രതീക്ഷ കളയരുതേ അല്ലാഹ് ..
മഹാൻ്റെയും മേൽ പറഞ്ഞ മശായിഖുമാരുടെയും മദദ് നൽകി അനുഗ്രഹിക്കണേ റബ്ബേ.. - ആമീൻ.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment