എല്ലാം വിളമ്പാനുള്ളതല്ല !
എല്ലാം വിളമ്പാനുള്ളതല്ല !
🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴
'തസ്വവ്വുർ' - 'തസ്വ് ദീഖ്' ഇവരണ്ടും നള്വരിയ്യ് - ബദീഹിയ്യ് എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇത് തെളിവ് പറഞ്ഞ് വിശദീകരിക്കേണ്ടതില്ല. എല്ലാർക്കും പെട്ടെന്ന് ഉൾക്കൊള്ളാവുന്ന കാര്യമാണ് - ഇമാം തഫ്താസാനീ(റ)യുടെ വാക്കുകളാണിത്. ഇവിടെ വ്യാഖ്യാതാവ് ഇങ്ങനെ കൂട്ടിയെഴുതി -
لأنا اذا رجعنا إلى وجداننا وجدنا
' ഇക്കാര്യം ഓരോരുത്തർക്കും അവരവരുടെ അനുഭവത്തിൽ നിന്ന് ബോധ്യമാവുന്നതല്ലേ '.
ഇവിടെ മറ്റൊരു ചർച്ചയുണ്ട് - അതായത്, അനുഭവങ്ങൾ ഓരോരുത്തർക്കും വ്യത്യസ്തമാണല്ലോ. അത് ഒരു കാര്യത്തിന് തെളിവായി പറയുന്നതെങ്ങനെ ? എന്ന്. അതിന് തിരിച്ച് ഇങ്ങനെ പറയാം - അനുഭവം രണ്ടു തരമുണ്ട്.
وجدان عام
وجدان خاص
ഇതിലെ ഒന്നാമത്തേത് എല്ലാർക്കും ഒരു പോലെയാണ്. അതിനാൽ തെളിവായിട്ട് ഉന്നയിക്കാം. ആ അനുഭവത്തെ കുറിച്ചാണ് വ്യാഖ്യാതാവ് പറഞ്ഞത്. രണ്ടാമത്തേത് ഓരോരുത്തർക്കും വ്യത്യസ്തമാണ്. അത് ജനമദ്ധ്യത്തിൽ ഉയർത്തി പിടിക്കേണ്ടതല്ല. അതിന് അതിൻ്റേതായ നിലവാരമേ ഉണ്ടാവൂ.
ഇപ്പറഞ്ഞത് ഉസ്താദുമാർക്ക് മനസ്സിലായിക്കാണും. ഇനിയുള്ളതും അവരോടായതിനാൽ സാധാരണക്കാർ ക്ഷമിച്ചാലും.
രണ്ടാം തരം അനുഭവങ്ങൾ പൊതുവേദികളിൽ വിളമ്പാനുള്ളതല്ല - എന്ന് പറയാനാണ് വരുന്നത്.
ഇബ്നു അത്വാഇല്ലാഹ്(റ) പറഞ്ഞു:
من رأيته مجيبا عن كل ما سئل، ومعبرا كل ما شهد، وذاكرا كل ما علم- فاستدل بذلك على وجود جهله. اه حكم العطائية.
"പടച്ച റബ്ബ് ഹൃദയത്തിലിട്ട് തരുന്ന ചില പ്രത്യേക ജ്ഞാനങ്ങളെക്കുറിച്ച് ചോദിച്ചവർക്കെല്ലാം മറുപടി കൊടുക്കുക, അത്തരം കാര്യങ്ങളെ അനുഭവിച്ചറിഞ്ഞതെല്ലാം വിവരിക്കുക, അവയിൽ നിന്നും ഗ്രാഹ്യമായതെല്ലാം പുറത്തറിയിക്കുക - ഇവ ആരിലെങ്കിലും നീ കാണുന്നുണ്ടെങ്കിൽ അവൻ വഴികേടിലാണെന്ന് മനസ്സിലാക്കാം. "
ഇത്തരം രഹസ്യ ജ്ഞാനങ്ങൾ നല്ലവരുടെ ഹൃദയത്തിൽ അന്തർലീനമായി കിടക്കേണ്ടതാണ്. ചില സൂചനാ പ്രയോഗങ്ങളിലൂടെയല്ലാതെ അത് പുറത്തു ചാടാൻ പാടില്ല. ഇവയെ വെളിപ്പെടുത്തുന്നത് വഞ്ചനയാണ്, വില കെടുത്തുന്നതാണ്. അത് അവനിൽ മൗഢ്യതയുണ്ടാക്കും - എന്ന് മേൽ വരികളെ വിശദീകരിച്ചു കൊണ്ട് ഇമാം ശരഖാവീ(റ) വിവരിക്കുന്നുണ്ട്.
അത് കൊണ്ട്, ദയവു ചെയ്ത് നിങ്ങളുടെ ദർശനങ്ങളോ അനുഭവ സാക്ഷ്യങ്ങളോ പൊതുവേദിയിൽ പറയരുത്. വിവരസ്ഥർ നിങ്ങളുടെ വിവരക്കേട് തിരിച്ചറിയുന്നുണ്ട്. വിശേഷിച്ചും, ദുർബല വിശ്വാസികളും നിരീശ്വര യുക്തന്മാരും ഇസ്‌ലാമിനെ പരിഹസിക്കാൻ കച്ചകെട്ടി ഇറങ്ങിയവരും ഉള്ള പൊതു പ്ലാറ്റുഫോമുകളിൽ ഇവയൊന്നും തീരെ പറ്റില്ല. പിന്നെ ഖുർആനിൽ പല അൽഭുത സംഭവങ്ങളും വിവരിച്ചെന്ന് കരുതി അത് നമുക്ക് ഇത്തരം സംസാരങ്ങൾക്കുള്ള സെർട്ടിഫിക്കറ്റാവില്ല. തുല്യമായത് കൊണ്ടുവരാൻ കഴിയില്ലെന്ന വെല്ലുവിളിയോടെ ഇറക്കപ്പെട്ട ദൈവിക വചനങ്ങളും നമ്മുടെ സംസാരങ്ങളും എവിടെ കിടക്കുന്നു !
അതിനാൽ നാം
എന്തിന് വടി കൊടുത്ത് അടി വാങ്ങണം ?
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫
Comments
Post a Comment