വികാരമല്ല, വിവേകമാണ് വേണ്ടത്.

വികാരമല്ല, വിവേകമാണ് വേണ്ടത്.

പരിശുദ്ധമായ അഹ്‌ലുസ്സുന്നഃ വൽ ജമാഅഃ - യുടെ വൃത്തത്തിൽ നിന്നും പുറത്ത് പോയ ബിദ്അത്കാരോട് സുന്നികളുടെ സമീപനം എങ്ങനെയായിരിക്കണം? ചില അച്ചടക്ക നടപടികളുടെ ഭാഗമായി സമുദായത്തിൽ നിന്നും അകറ്റി നിർത്തണം. ബിദ്അതിൻ്റെ ഗൗരവം അവർക്ക് മനസ്സിലാവാനും മറ്റുള്ളവർ ഈ അപകടത്തിൽ ചെന്ന് ചാടാതിരിക്കാനും വേണ്ടിയാണിത്. ഒരു മുസൽമാൻ്റെ സർവ്വ പ്രവർത്തനങ്ങളും എങ്ങനെയായിരിക്കണമെന്ന് കൃത്യമായി വിവരിക്കുന്ന 'ഫിഖ്ഹ്' ഈ അച്ചടക്ക നടപടിയിലും ഇടപെടാതിരിക്കില്ലല്ലോ. ചിലത് കുറിക്കാം.

ജമാഅതായി നിസ്കരിക്കുന്നത് വളരെ പുണ്യമുള്ളതാണെന്ന് മാത്രമല്ല, അകാരണമായി ഒറ്റക്ക് നിസ്കരിക്കുന്നത് കറാഹതാണ്. എന്നാൽ ഇമാം നിൽക്കുന്ന കക്ഷി ബിദ്അത്കാരനാണെങ്കിൽ ആ ജമാഅത് ഒഴിവാക്കാനാണ് നിർദ്ദേശം.

മുസ്‌ലിമുകൾ പരസ്പര സ്നേഹത്തിൽ കഴിയുന്നവരാകാൻ പരസ്പരം സലാം പറയുന്നത് വ്യാപിപ്പിക്കണമെന്ന് ഹദീസിൽ തന്നെ വിവരിച്ചതാണ്. എന്നാൽ പുത്തനാശയക്കാരനോട് ഈ സലാം പറയേണ്ട.

ഇങ്ങനെ ഒറ്റപ്പെടുത്തുന്നതിൻ്റെ ഭാഗമായി മരണ ശേഷം, കക്ഷിയുടെ മയ്യിത് കുളിപ്പിക്കുന്നതിനിടയിലോ മറ്റോ സജ്ജനങ്ങളുടെ അടയാളങ്ങൾ വെളിവായാൽ പോലും അത് പുറത്തറിയിക്കരുത്. 

പക്ഷെ, ഇവയെല്ലാം പൊതുവേ പറഞ്ഞതാണെങ്കിലും ചില സന്ദർഭങ്ങളെല്ലാം ഇതിന്നപവാദമായുണ്ട്. ഒറ്റക്ക് നിസ്കരിക്കുന്നതിൻ്റെ ഗൗരവം കണക്കിലെടുത്ത് ഇമാം മുബ്തദിഅ് ആണെങ്കിൽ പോലും ജമാഅത് നഷ്ടപ്പെടാതിരിക്കലാണ് ഉത്തമം എന്ന് വീക്ഷണമുള്ളവർ നമ്മുടെ ഇമാമുകൾക്കിടയിലുണ്ട്. 

وَبِمَا تَقَرَّرَ عُلِمَ ضَعْفُ اخْتِيَارِ السُّبْكِيّ وَمَنْ تَبِعَهُ أَنَّ الصَّلَاةَ خَلْفَ هَؤُلَاءِ وَمِنْهُمْ الْمُخَالِفُ أَفْضَلُ مِنْ الِانْفِرَادِ،. اه‍
(تحفة:٢/٢٥٤ )

  ആയതിൻ്റെ പേരിൽ ഇരു ഹറമുകളിലെ ഇമാമുകളെ മാനിക്കുകയും അവരോട് ഹുബ്ബ് വെക്കുകയും ചെയ്യണം. അവർ മുബ്തദിഅ് ആണെങ്കിൽ പോലും ഈ നിലയാണ് വേണ്ടതെന്ന് ഇമാം ഇബ്നു ഹജർ(റ) പറഞ്ഞിട്ടുണ്ട്. ആ പരിശുദ്ധ സ്ഥലങ്ങളിലെ ഇമാമതിന് അല്ലാഹു തആലാ സെലക്ട് ചെയ്തയാൾ എന്ന നിലയിൽ അവരെ മാനിക്കേണ്ടതാണെന്നും പറയുന്നു: 

فقال- أي بعض الأئمة: ينبغي محبة جميع من بها على حسب حاله وقربه منه - صلى الله عليه وسلم - إلى أن لا يبقى له مزية سمي اتصافه بجواره، إذ عظم الإساءة لا حرمة الجوار فلا نظر إلى ما يرمى به عوامهم من البدع بل لو ثبت في شخص لم يترك لأجلها إكرامه نظرا لجواره صلى الله عليه وسلم. اه‍ 
(الجوهر المنظم لابن حجر الهيتمي - ١٣٥)

ഇശാ നിസ്കാര ശേഷം വെറുതെ സംസാരിച്ചിരിക്കുന്നത് തെറ്റാണ്. എന്നാൽ വിരുന്നുകാരനോട് ഈ സമയത്ത് കുശലം പറഞ്ഞിരിക്കാം. അത് തെറ്റല്ല, നല്ല കാര്യമാണ്. ഇവിടെ, വിരുന്നുകാരൻ മുബ്തദിഅ് - ഫാസിഖ് അല്ലെങ്കിൽ - എന്ന് പറഞ്ഞെങ്കിലും, അതിഥി എന്ന നിലയിൽ സംസാരിച്ചിരിക്കാം എന്ന് തൊട്ടുടനെ വ്യക്തമാക്കുന്നുണ്ട്. ഇതിന് പുറമെ, അദ്ധ്യാപകൻ, അയൽവാസി എന്ന പരിഗണനയിലും ആവാം. അവനെ പരിഗണിച്ചില്ലെങ്കിൽ - അന്നം മുടങ്ങുക - മുടങ്ങുന്നത് വളരെ കുറച്ചാണെങ്കിലും, അക്രമിക്കുക, അഭിമാനം നഷ്ടപ്പെടുത്തുക തുടങ്ങിയ ബുദ്ധിമുട്ട് അവനിൽ നിന്ന് നേരിടേണ്ടി വരുമെന്ന് കണ്ടാലും അവനെ മാറ്റി നിർത്തേണ്ടതില്ല.

സലാം പറയുന്നിടത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
ഇങ്ങനെ സലാം പറയാതെ മാറ്റി നിർത്തുന്നത് അവൻ കൂടുതൽ വഴികേടിലാവാൻ കാരണമാകുമെങ്കിൽ, സലാം പറഞ്ഞ് നല്ല രീതിയിൽ പെരുമാറി സത്യത്തെ മനസ്സിലാക്കി കൊടുക്കുകയാണ് വേണ്ടതെന്നും ഇവിടെ ചേർത്തു വായിക്കണം. എന്നല്ല, മുസ്‌ലിം എന്ന പരിഗണയുള്ളവർക്കെല്ലാം സലാം പറയുന്നത് നിരുപാധികം സുന്നതാണെന്ന് നല്ലൊരു വിഭാഗം ഇമാമുകൾ 



മഴക്ക് വേണ്ടിയുള്ള നിസ്കാരത്തെ കിതാബുകളിൽ പരിചയപ്പെടുത്തുന്നുണ്ട്. ലോകത്തിൻ്റെ ഏതെങ്കിലും കോണിൽ മഴ കിട്ടാതെ കഷ്ടപ്പെടുന്നവർക്ക് വേണ്ടിയും ഇങ്ങനെ നിസ്കരിച്ച് മഴക്ക് വേണ്ടി ദുആ ചെയ്യൽ സുന്നതുണ്ടെന്ന് പറയുന്നു. എന്നാൽ പുറം നാട്ടുകാർ ബിദ്അതുകാരാണെങ്കിൽ അവർക്ക് വേണ്ടി മഴയെ തേടുന്നത് സുന്നതില്ല എന്ന് ചില പണ്ഡിത മഹത്തുക്കൾ അഭിപ്രായപ്പെട്ടു. അവരെക്കുറിച്ച് സമുദായം നല്ലവരാണെന്ന് ധരിക്കാൻ ഇത് വഴിയൊരുക്കുമെന്നാണ് ഇതിന് ന്യായമായി അവർ കണ്ടത്. പക്ഷെ, ഇത് ബാലിശമായ അഭിപ്രായമാണെന്നും ആ വിഭാഗത്തിനാണെങ്കിലും മഴയെ തേടുന്നത് സുന്നതാണെന്ന വീക്ഷണത്തെ പ്രബലപ്പെടുത്തുകയാണ് ഫുഖഹാഅ് ചെയ്തത്.

സാക്ഷി നിൽക്കാൻ 'ഫാസിഖ്' പറ്റില്ലെങ്കിലും 'മുബ്തദിഅ്' പറ്റുമെന്നാണ്. അവൻ സ്വഹാബതിനെ ചീത്തവിളിക്കുന്നവനാണെങ്കിലും ആവാം. പോര, സ്വഹാബതിലെ ചിലർ കാഫിറുകളാണെന്ന് പറഞ്ഞാൽ പോലും സാക്ഷിക്ക് പറ്റുമെന്നാണ് പറഞ്ഞത്. ഇതിനപ്പുറം ഗൗരവുള്ള 'മുബ്തദിഅ്' വേറെയില്ല. എന്നാലും അവരെ സാക്ഷിക്ക് അനുവദിക്കുകയാണ് നമ്മുടെ നിയമാവലി.
ഹദീസുകൾ സ്വീകരിക്കുന്നിടത്ത് മുബ്തദിഅ് ആയ റാവിമാരെ മാറ്റി നിർത്താത്ത മുഹദ്ദിസുകളുണ്ടല്ലോ.

കലിമതുശ്ശഹാദഃ മൊഴിയുക എന്നത് അല്ലാഹുവിൻ്റെയടുക്കൽ വളരെ വിലയേറിയ കാര്യമാണ്. അത്കൊണ്ട് തന്നെ 'മുസ്‌ലിം' എന്ന ഐഡൻ്റിറ്റിയിൽ പലതും വകവെച്ചു കൊടുക്കേണ്ടതുണ്ട്. ഇസ്‌ലാമിക ഭരണകൂടത്തെ അംഗീകരിക്കാതെ നമ്മുടെ ഭരണ പ്രദേശത്ത് മുസ്‌ലിംകളായ ഒരു വിഭാഗം നിലകൊണ്ടാൽ എങ്ങനെയെല്ലാം നടപടി സ്വീകരിക്കണമെന്ന് വിവരിക്കുന്ന ഒരു അദ്ധ്യായം തന്നെ ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ കാണാം. 'അഹ്‌ലുൽ ബുഗാത്' എന്നാണിവർക്ക് പേര്. ഖലീഫഃ അലി(റ)വിൻ്റെ കാലത്ത് 'ഖവാരിജഃ' എന്ന ബിദ്അതിൻ്റെ കക്ഷികളായിരുന്നു ഈ വിഭാഗത്തിലെ ആദ്യകൂട്ടർ. ഇവർ ഭരണാധികാരിക്കെതിരെ യുദ്ധത്തിന് വന്നാൽ അവർക്കെതിരെ അമുസ്‌ലിം സൈന്യത്തെ സഹായത്തിന് വിളിക്കാൻ പറ്റില്ല. 'കലിമതു ശ്ശഹാദഃ' മൊഴിഞ്ഞവൻ്റെ മേൽ 'വിലായത് - സൽത്വനത്' അത് മൊഴിയാത്തവർക്ക് ഉണ്ടാക്കുന്നത് കടുത്ത അപരാധമാണെന്നാണ് കാരണം. ഭരണാധികാരി വാങ്ങിക്കേണ്ട 'ജിസ്‌യഃ' അവർ വാങ്ങിയിട്ടുണ്ടെങ്കിൽ അത് പരിഗണനീയമാണെന്നും രണ്ടാമത് 'ജിസ്‌യഃ' പിരിച്ചെടുക്കരുതെന്നുമാണ് നിയമം. 
ഇവിടെയെല്ലാം 'മുബ്തദിഅ്' ആണെങ്കിൽ പോലും മുസ്‌ലിം എന്ന വില കൽപിച്ചേ പറ്റൂ.

അകറ്റി നിർത്തപ്പെടണമെന്ന ബിദഈ സമീപനത്തിലെ ചില അപവാദങ്ങളാണ് മേൽ വിവരിച്ചത്. ഇതൊന്നും പരിഗണിക്കാതെയുള്ള ബിദഈ വിരോധം ഒരു വികാരമായി മാത്രം കൊണ്ടു നടക്കരുത്. മറിച്ച് വിവേകത്തോടെ കൈകാര്യം ചെയ്യാൻ പഠിക്കണം. ചില വികാരങ്ങളുടെ പേരിൽ മാത്രം ഉടലെടുത്ത തെറ്റായ കാര്യങ്ങളിൽ ചിലത്:

 മുസ്‌ലിമായി മരണപ്പെട്ട എല്ലാവരുടെ മേലിലും മയ്യിത് നിസ്കാരം നിർവ്വഹിച്ചേ മതിയാകൂ. എന്നാൽ ബിദ്അത് കാരൻ മരണപ്പെട്ടാൽ ഫർള് കിഫായഃ വീടാൻ ഒരാൾ മാത്രം നിസ്കരിച്ച് ബാക്കി സുന്നികളാരും നിസ്കരിക്കേണ്ട. സാധാരണക്കാർക്ക് ആ നിസ്കാരം കറാഹതും പണ്ഡിതന്മാർക്ക് അത് ഹറാമുമാണ്!
ബിദ്അതിൻ്റെ അപകടം ഓർമ്മപ്പെടുത്താൻ മയ്യിത് നിസ്കാരത്തിൽ നിന്ന് മാറി നിൽക്കാം. അത് ഓരോരുത്തരുടെ നിലപാടാണ്. പക്ഷെ, കറാഹത് - ഹറാം എന്ന വിധി പറയുന്നത് മേൽപറഞ്ഞ വിവേകമില്ലായ്മയാണ്. തിരുനബി(സ്വ) തങ്ങൾ കടം ബാക്കി വെച്ച് മരണപ്പെട്ടവരുടെ മേൽ മയ്യിത് നിസ്കരിക്കാതെ വിട്ടു നിന്നിട്ടുണ്ട്. എന്ന് വെച്ച് കടമുള്ളവൻ്റെ മയ്യിത് നിസ്കരിക്കുന്നത് കറാഹത് / ഹറാം എന്ന വിധി ഫുഖഹാഅ് പറഞ്ഞില്ലല്ലോ.

മറ്റൊന്ന്, പുത്തൻ വാദത്തിൽ നിന്നും ജനങ്ങളെ അകറ്റി നിർത്താൻ വേദികളിൽ പണ്ഡിതന്മാർ പല പ്രയോഗങ്ങളും നടത്തിയെന്ന് വരും. അവരുടെ വ്യക്തിജീവിതത്തിൽ പല നിലപാടുകളും എടുത്തെന്ന് വരും. അതിനെ അതിൻ്റേതായ നിലവാരത്തിൽ മാത്രം കാണുകയാണ് വേണ്ടത്. അല്ലാതെ അതൊരു ഇസ്‌ലാമിക നിയമമായി കൊണ്ടു നടക്കരുത്. വലിയ അബദ്ധമാണത്.

എന്ന് വെച്ച് ബിദ്അതിൻ്റെ ഗൗരവം കുറച്ച് കാണുന്നില്ല. പരലോകത്ത് ബിദ്അത് പേറിയവന് എന്ത് സംഭവിക്കുമെന്ന് ജനങ്ങൾക്ക് വിവരിച്ചു കൊടുക്കണം. അതിൻ്റെ പേരിൽ ഫുഖഹാഅ് വിലക്കാത്തതിനെ നമ്മളായിട്ട് വിലക്കാൻ തുനിയരുത്.

ഖദ്‌രിയ്യത് ഈ ഉമ്മതിലെ മജൂസികളാണ്, അവർ നരകത്തിലെ നായകളാണ്,
 ബിദ്അത് ഉള്ളവനിൽ നിന്ന് ഒരു അമലും സ്വീകരിക്കില്ലെന്നും, കുഴച്ച മാവിൽ നിന്നും മുടി വലിച്ച് പുറത്തിടും പോലെ അവൻ ഇസ്‌ലാമിൽ നിന്നും പുറത്തുപോവുന്നതാണ് തുടങ്ങിയ തിരുവചനങ്ങൾ സമുദായത്തെ ഓർമ്മപ്പെടുത്തണം. എന്ന് കരുതി അവർ കാഫിറുകളാണെന്നോ കാലാകാലം നരകത്തിലാണെന്നോ അവൻ്റെ ഇബാദത് സ്വഹീഹല്ലെന്നോ വിധി പറയരുത്. ഭയപ്പെടുത്തി അറിയിക്കുന്നതും (സജ്റ്), ഹുക്മ് വിവരിക്കുന്നതും ഏതൊക്കെയാണെന്ന് മനസ്സിലാക്കണം. റബ്ബ് സ്വീകരിക്കാതിരിക്കലും ഫുഖഹാഅ് സ്വഹീഹെന്ന് വിധി കൽപിക്കലും വേർതിരിച്ചറിയണം. ഇഖ്ലാസില്ലാത്ത ഇബാദതുകൾ ശവങ്ങൾക്ക് തുല്യമാണെന്നും ലോകമാന്യത്തോടെ ചെയ്തവക്ക് റബ്ബ് തആലാ പ്രതിഫലം നൽകില്ലെന്നും ഇമാമുകൾ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ, ഫിഖ്ഹിൻ്റെ ഗ്രന്ഥത്തിലെവിടെയും ഇബാദതിൻ്റെ സ്വീകാര്യതക്ക് ബിദ്അത്, രിയാഅ് ഇല്ലാതിരിക്കണമെന്നോ ഇഖ്ലാസ്വ് വേണമെന്നോ കണ്ടീഷൻ വെച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. 



Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )