മുഖദ്ദിമഃ !

മുഖദ്ദിമഃ !

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴

   ഒരു കാര്യം തുടങ്ങാൻ ആവശ്യമായ ഘടകത്തിനാണ് 'മുഖദ്ദിമഃ' എന്ന അറബി പദം ഉപയോഗിക്കുക. കിതാബുകളുടെ തുടക്കങ്ങളിലെല്ലാം 'മുഖദ്ദിമഃ' എന്ന തലക്കെട്ടിൽ ചിലത് കുറിച്ചത് കാണാം. ഇതിൽ ആകെ മൂന്ന് കാര്യങ്ങളാണുണ്ടാവുക. വിഷയത്തിൻ്റെ നിർവ്വചനം - അതിൻ്റെ ആവശ്യകത - കിതാബിലെ പ്രതിപാദ്യവിഷയം. ഈ മൂന്ന് കാര്യങ്ങൾ അറിയാതെ ഒരു വിഷയവുമായി സമീപിക്കുന്നത് തീരെ ഉചിതമല്ല. അത്കൊണ്ടാണ് ഈ വക കാര്യങ്ങൾ ആദ്യം പഠിപ്പിക്കുന്നത്. ഒറ്റനോട്ടത്തിൽ ഇവിടെ ഒരു വിശദീകരണത്തിൻ്റെ ആവശ്യമില്ലെങ്കിലും 'മുഖദ്ദിമഃ'- എന്നതിൻ്റെ നിർവ്വചനവുമായി ഇതിനെ തട്ടിച്ചുനോക്കിയാൽ ചില ഉള്ളുകള്ളിയുണ്ട്. പറയാം.

ദർസിൽ പഠിക്കുമ്പോൾ വന്ദ്യരായ ഇബ്രാഹീം ഉസ്താദ് (കിടങ്ങയം) പഠിപ്പിച്ചത് ഇങ്ങനെ ഒരു ഉദാഹരണം പറഞ്ഞുകൊണ്ടാണ്:

 ഒരു വീട്ടിൽ കല്യാണം നടക്കുന്നു. പന്തൽ കെട്ടി. 'പന്തൽ ഉണ്ടാകാൻ ആവശ്യമായ ഘടകങ്ങൾ ഏതൊക്കെ' എന്ന് ചോദിച്ചാൽ ഇവയാണ്: ടാർപായ, ഉയർത്തി നിർത്താനാവശ്യമായ കൊള്ളികളും കമ്പികളും, പിന്നെ കെട്ടാനാവശ്യമായ കയറുകളും. അതേസമയം, ആ വീട്ടിൽ നിലവിലുള്ള പന്തലിന് ആവശ്യമായത്,  അവിടെ ഉപയോഗിച്ച ടാർപായയും കയറുകളും കമ്പുകളുമാണ്. ഇതല്ലാത്ത വേറെ പായയും കയറും ഉപയോഗിച്ചും ആകാം. ഇതുതന്നെ വേണമെന്നില്ല. അവർ ഉപയോഗിച്ചത് ഇതായപ്പോൾ ഇവയായി എന്നേയുള്ളൂ. ഇതുപോലെ ഒരു കിതാബ് തുടങ്ങാനാവശ്യമായ കാര്യങ്ങളാണ് മുഖദ്ദിമഃയിൽ പറയുന്നതെങ്കിലും അവിടെ പറഞ്ഞ കാര്യങ്ങൾ തന്നെ വേണമെന്നില്ല എന്ന വസ്തുത വ്യക്തമാണ്. ഉദാഹരണത്തിലെ പന്തൽ പോലെ.

ഒന്നുകൂടെ പറഞ്ഞാൽ, തുടങ്ങാൻ ആവശ്യമായ കാര്യങ്ങൾക്കാണ് മുഖദ്ദിമഃ എന്ന് പറയുക. (ما يتوفق عليه الشروع). ഈ ആവശ്യമാവുക എന്നതിന് രണ്ട് തലങ്ങളുണ്ട്. 

ഒന്ന് - അതില്ലാതെ ഒരിക്കലും തുടങ്ങാനാവില്ല അവ്വിധം ആവശ്യമാവുക (لولاه لَامتُنِع). പൊതുവെയുള്ള പന്തലിൻ്റെ ഘടകങ്ങളെപ്പോലെ. 

രണ്ട് - തുടക്കത്തിൽ പറയാൻ ഉദ്ദേശിച്ചത് ഇവയായതിനാൽ, തുടക്കം അവകൊണ്ടാകാൻ ആവശ്യമായി (പകരം വേറെയായിരുന്നെങ്കിൽ തുടക്കം അവകൊണ്ടായേനെ) എന്ന നിലക്കുള്ള ആവശ്യമാവും (وُجدَ فَوُجد). പ്രസ്തുത വീട്ടിൽ ഇപ്പോഴുള്ള പന്തലിൻ്റെ ഘടകങ്ങളെപ്പോലെയും. ഈ രണ്ടാമത്തെ അർത്ഥത്തിലുള്ള ആവശ്യകതയാണ് കിതാബിൻ്റെ തുടക്കത്തിൽ പറയുന്ന നിർവ്വചനങ്ങളും മറ്റും. എന്ത്കൊണ്ടെന്നാൽ നിർവ്വചനം അറിയാതെയും ഒരു വിഷയത്തെക്കുറിച്ച് പഠിക്കാലോ. അജ്ഞാതമായ ഒന്നിനെ പഠിക്കൽ ഒരിക്കലും ഉണ്ടാകില്ല - 

طلب المجهول محال - എന്ന് പറയാറുണ്ട്. ഇതൊഴിവാകാൻ അതിൻ്റെ നിർവ്വചനം തന്നെ വേണമെന്നില്ല, അങ്ങനെയൊന്നുണ്ട്                             (تصور بوجه ما)എന്നറിഞ്ഞാൽ മതി.


അടിസ്ഥാന അർത്ഥം

ഇനി مُقَدِّمَة എന്ന പദത്തെക്കുറിച്ച് പറയാം, മുന്തിക്കുക എന്നർത്ഥമുള്ള قَدّمَ يُقَدِّمُ എന്ന ക്രിയയുടെ കർത്താവിൻ്റെ നാമമാണിത്. അപ്പോൾ 'മുന്തിക്കുന്ന വസ്തു' എന്നാവും. മുഖദ്ദിമഃയിൽ പറയുന്ന കാര്യങ്ങളെ മനസ്സിലാക്കിയ ശേഷം ആ വിഷയവുമായി സമീപിക്കുന്നവന് പഠനം സിമ്പിളും ആഴത്തിലുള്ളതുമാവുമല്ലോ. അപ്പൊ  മുഖദ്ദിമഃയില്ലാതെ സമീപിച്ചവനേക്കാൾ ഇവൻ ഉഷാറാവും. അങ്ങനെ മറ്റുള്ളവരേക്കാൾ ഇവനെ മുന്തിക്കുന്ന, മുൻഗണന കൊടുക്കുന്ന കാര്യമാണിതെന്ന് 'മുഖദ്ദിമഃ'യെക്കുറിച്ച് പറയാം. എങ്കിലും യഥാർത്ഥത്തിൽ ഇവനെ മുമ്പനാക്കുന്നത് അല്ലാഹു തആലായാണ്. മുഖദ്ദിമഃ ഗ്രഹിക്കലിലൂടെയാണ് അല്ലാഹു അത് സാധ്യമാക്കിയത് എന്ന് ചിന്തിച്ചാൽ مُقَدِّمَة എന്നതിനുള്ളിലെ إسناد, സബബിലേക്കുള്ള ചേർക്കലാണെന്ന നിലയിൽ അത് മജാസിയ്യാണെന്ന് വരും. 

വേണമെങ്കിൽ ഇവിടെ مُقَدَّمَة - 'മുഖദ്ദമഃ' എന്ന് വായിക്കാം. മുന്തിക്കപ്പെട്ടത് എന്ന അർത്ഥത്തിൽ. നിർവ്വചനം പോലോത്ത ഉള്ളടക്കത്തെ രചയിതാവ് കിതാബിൻ്റെ തുടക്കത്തിലാക്കിയല്ലോ. അപ്പോൾ തുടക്കത്തിൽ ഉന്നയിക്കപ്പെട്ടത് എന്ന് اسم المفعول ആകും.


'താഅ്'

ഈ مُقَدِّمَة എന്ന വാക്കിലെ 'താഇ'നെക്കുറിച്ചും വിശദീകരണമുണ്ട്. ഒരു 'അസ്വ് ലി'ൽ നിന്നും പിരിഞ്ഞുണ്ടായ 'ഫർഇ'ലാണ് പൊതുവെ 'താഅ്' കൊടുക്കുക. അത്കൊണ്ട് തന്നെയാണ് സ്ത്രീലിംഗത്തിൻ്റെ അടയാളമായി ഇതിനെ അവരോധിക്കപ്പെട്ടത്. ആദം നബി(അ)ൽ നിന്നും ഹവ്വാഅ് ബീവി(റ)യെ സൃഷ്ടിച്ചെടുക്കുന്നതിലൂടെ فرع ആയി എന്ന് പറയാം. ഇവിടെ مُقَدِّمَة യിൽ മേൽവിവരിച്ച പോലെ 'മുന്തിക്കുന്നത്' എന്ന وصف ൻ്റെ അർത്ഥം അടിസ്ഥാനപരമായിട്ടാണ്. ഇപ്പോൾ അതൊരു നാമമായിട്ടാണ്  ഉപയോഗിക്കുന്നത്. അപ്പോൾ وصف ൽ നിന്നും اسم ലേക്ക് (اسم الجنس ആണ് ഉദ്ദേശം. اسم الفاعل എല്ലാം اسم തന്നെയല്ലേ എന്ന് ചിന്തിക്കരുത്) മാറ്റിയത് എന്നറിയിക്കുന്നതാണ് ഇതിലെ താഅ്. تاء النقل എന്ന് പറയാം. അതും ഒരു فرع ആണെന്ന കാര്യം മറക്കണ്ട. علّامة എന്നതിലെ താഅ് مبالغة നാണെന്ന് പറയാറുണ്ട്. فَعّال എന്ന وزن തന്നെ مبالغة തിനാണെങ്കിലും താഅ് ചേർന്നപ്പോൾ كثرة المبالغة ഉണ്ടായെന്ന് വരും. ഇവിടെയും പണ്ഡിതനായ ശേഷമാണല്ലോ മഹാപണ്ഡിതനാവുക എന്ന നിലക്ക് فرع ൻ്റെ അടയാളമാണ് 'താഅ്'. عَلاَّم എന്നത് അല്ലാഹു തആലാക്ക് മാത്രം പറയുന്ന വിശേഷണമാണ്. മനുഷ്യരെക്കുറിച്ചാവുമ്പോൾ 'താഅ്' കൊടുത്തിട്ടേ ഉപയോഗിക്കൂ. അപ്പഴും റബ്ബ് കൊടുക്കുന്ന അറിവ് എന്ന നിലയിൽ فرع തന്നെയാണല്ലോ.


പ്രയോഗം

കതീബത് - كتيبة എന്ന വാക്കിനർത്ഥം 'സൈന്യം' എന്നാണ്. ഇതിൽ നിന്നും നിഷ്പന്നമായതാണ് كتاب എന്ന് വെച്ചാൽ നമ്മുടെ കിതാബുകളെല്ലാം ഒരു സൈന്യം കണക്കെ റബ്ബിൻ്റെ ദീനിന് വേണ്ടി, കുഫ്റ് - ബിദ്അത് - ള്വലാലത് തുടങ്ങിയവക്കെതിരെ പൊരുതുന്നവരാണ് എന്ന് വെക്കാം. അല്ലാഹുവിൻ്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരെപ്പോലെ അവൻ്റെ സൈന്യത്തിൽ പെട്ടവരാണ് ഇൽമ് പഠിക്കുന്നവരും എന്ന് അല്ലാമഃ സ്വാവീ(റ) വിശദീകരിച്ചത് ഇവിടെ ചേർത്തു വായിക്കാം:

قول الإمام السيوطي رحمه الله تعالى في مقدمة تفسير الجلالين: والصلاة والسلام على سيدنا محمد وآله وصحبه وجنوده. اهـ


(قوله وجنوده)

والمراد بجنده من يعين على الدين بالقتال في سبيل الله، أو بتقرير العلم وضبطه أو بتعمير المساجد أو بغير ذلك من عصره - صلى الله تعالى عليه وسلم - إلى آخر الزمان. اه‍ـ (حاشية الصاوي- ١/٣٥)

അപ്പോൾ സൈന്യത്തിൽ വ്യത്യസ്ത ടീമുകളുണ്ട്. നടുവിലും മുന്നിലും പിന്നിലും ഇരു വശങ്ങളിലും ഓരോ ടീമുകളായി നീങ്ങുന്നതാണെങ്കിൽ അതിന് خميسة എന്ന് പറയും. ഇതിലെ മുന്നിലെ ടീമിന് مقدمة الجيش എന്നാണ് പേര്. ഈ പ്രയോഗത്തിൽ നിന്ന് ഒരു സൈന്യമായ കിതാബിൻ്റെ മുഖദ്ദിമഃ എന്ന് പ്രയോഗിക്കപ്പെട്ടതാകാം.

ഇനി كَتَب എന്നാൽ جَمَع - ഒരുമിച്ചു കൂട്ടുക എന്ന അർത്ഥവുമുണ്ട്. ഈ വിഷയ സംബന്ധിയായ കാര്യങ്ങൾ جمع ചെയ്തത് എന്നർത്ഥവും കിതാബിനുണ്ട്. ഒരുമിച്ചു കൂടുക എന്നത് സൈന്യത്തിലുമുണ്ട്. അത് കൊണ്ട് തന്നെ كتيبة എന്ന് പറഞ്ഞതും. ( പലവിധം സൈന്യങ്ങൾ കിതാബുകളിൽ വിശദീകരിച്ചത് കാണാം - തുഹ്ഫഃ 9/211)


വിഷയ സംബന്ധിയായ ആമുഖം എന്നർത്ഥത്തിലുള്ള مقدمة العلم എന്ന മറ്റൊരു പ്രയോഗവുമുണ്ട്. അതിൽ നിന്നും ഉരുവപ്പെട്ടതാകാം കിതാബിലെ മുഖദ്ദിമഃ എന്ന ന്യായം വളരെ വ്യക്തമാണല്ലോ. 

ചുരുക്കത്തിൽ ഇങ്ങനെ രണ്ട് ന്യായങ്ങൾ ഈ പ്രയോഗവുമായി പറഞ്ഞിട്ടുണ്ട്. 

അവലംബം:

(حاشية العطار على شرح الخبيصي لتهذيب التفتازاني- ص: ٢٣)

✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം 

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫  

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )