നബിമാരിലെ ബശരിയ്യത് - ഖുദ്സിയ്യത്; രണ്ടും കാണാതെ പോകരുത്!
പരിശുദ്ധ ദീനുൽ ഇസ്‌ലാമിനെതിരെ ഉയർന്നു വന്ന പല ആരോപണങ്ങൾക്കും - അവയിൽ ചിലതിനെ എടുത്തുദ്ധരിച്ച് കൊണ്ട് തന്നെ, ഖുർആൻ മറുപടി കൊടുക്കുന്നുണ്ട്. അതിലൊന്നായിരുന്നു, നബിമാർ സാധാരണ മനുഷ്യരാണെന്ന വാദം. അല്ലാഹു തആലാ പറയുന്നു:
{ قَالُوۤا۟ إِنۡ أَنتُمۡ إِلَّا بَشَرࣱ مِّثۡلُنَا }
[١٠-إبراهيم]
ഇത്, [،الشعرآء- ١٨٦،١٥٤]
[يٰسٓ- ١٥] എന്നിവിടങ്ങളിലും സമാനമായുണ്ട്. നബിമാരെ അവരുടെ ജനത കളവാക്കിയത് ഉദ്ധരിക്കുകയാണ് ഈ ആയതുകളിൽ. 'ഞങ്ങളെപ്പോലുള്ള സാധാരണക്കാരാണ് നിങ്ങൾ' എന്നാണ് അവർ പറഞ്ഞത്. മറ്റൊരിക്കൽ അവർ പറഞ്ഞത് ഇങ്ങനെ:
{ وَقَالُوا۟ مَالِ هَـٰذَا ٱلرَّسُولِ یَأۡكُلُ ٱلطَّعَامَ وَیَمۡشِی فِی ٱلۡأَسۡوَاقِ لَوۡلَاۤ أُنزِلَ إِلَیۡهِ مَلَكࣱ فَیَكُونَ مَعَهُۥ نَذِیرًا }
[الفرقان-٧]
'ഇതെന്ത് നബി ! ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്ന മനുഷ്യനല്ലേ ? ഞങ്ങളിലേക്ക് മലക്കിനെ നബിയായി നിയോഗിച്ചാൽ മതിയായിരുന്നു..'
ഇവിടങ്ങളിലെല്ലാം തിരുനബി(സ്വ)യിലെ മനുഷ്യത്വം മാത്രം കണ്ട് പരിഹസിക്കുകയാണ് അവർ. ഇതിന് ജവാബെന്നോണം അല്ലാഹു പറയുന്നു:
{قَالَتۡ لَهُمۡ رُسُلُهُمۡ إِن نَّحۡنُ إِلَّا بَشَرࣱ مِّثۡلُكُمۡ وَلَـٰكِنَّ ٱللَّهَ یَمُنُّ عَلَىٰ مَن یَشَاۤءُ مِنۡ عِبَادِهِۦۖ }
[إبرٰهيم- ١١]
"നിങ്ങളെ പോലെ മനുഷ്യർ തന്നെയാണ്. പക്ഷേ, അവൻ്റെ ചില അടിമകൾക്ക് ഉന്നതമായ അനുഗ്രഹങ്ങൾ ചൊരിഞ്ഞ് കൊണ്ടേയിരിക്കും.." (ദൂതനായി തെരെഞ്ഞെടുത്തത് ആ അനുഗ്രഹമാണ്. മനുഷ്യത്വത്തിന് പുറമെയുള്ള 'ഖുദ്സിയ്യത്' നിങ്ങൾ കാണാതെ പോയി! )
മറ്റു സ്ഥലങ്ങളിൽ പറയാൻ കൽപിക്കുന്നത് ഇങ്ങനെയാണ്:
{ قُلۡ إِنَّمَاۤ أَنَا۠ بَشَرࣱ مِّثۡلُكُمۡ یُوحَىٰۤ إِلَیَّ أَنَّمَاۤ إِلَـٰهُكُمۡ إِلَـٰهࣱ وَ ٰحِدࣱۖ }
[الكهف- ١١٠][فصّلت- ٦]
'ദിവ്യസന്ദേശം ലഭിക്കുന്ന മനുഷ്യനാണ്. സാധാരണക്കാരനല്ല' - എന്നാണ് ഇവയിലൂടെ പഠിപ്പിക്കുന്നത്. ഇവിടെ 'നിങ്ങളെ പോലെ ഒരു മനുഷ്യൻ മാത്രമാണ്' എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഉടനെ 'വഹ്‌യ് ലഭിക്കുന്ന' എന്ന വിശേഷണത്തിലൂടെ ആ അസാധാരണത്വത്തെ പഠിപ്പിക്കുകയാണ്. 'വഹ്‌യ്' സ്വീകരിക്കാൻ പ്രത്യക്ഷ ലോകമല്ലാത്ത മറ്റൊരു ലോകവുമായി ബന്ധപ്പെടണം. അതിന് നമുക്ക് സാധിക്കില്ലല്ലോ. മനുഷ്യനാവുക എന്ന കാര്യത്തിൽ മാത്രം നിങ്ങളെപ്പോലെയാണ്. അല്ലാതെ നിങ്ങളെപ്പോലോത്ത മനുഷ്യനാണ് എന്നല്ല. അല്ലെങ്കിലും 'ഞാനൊരു മനുഷ്യനാണ്' എന്ന് പറയേണ്ടി വന്നതിൽ തന്നെ അസാധാരണത്വം തെളിഞ്ഞു നിൽക്കുന്നുണ്ട്. നമ്മളാരെങ്കിലും അങ്ങാടിയിൽ പോയി, 'ജനങ്ങളേ ഞാൻ ഒരു മനുഷ്യനാണ്' എന്ന് വിളിച്ചു പറഞ്ഞാൽ എങ്ങനെയിരിക്കും? കുതിരവട്ടത്ത് സീറ്റുറപ്പാക്കും.
അപ്പോൾ, നബിയിലെ മനുഷ്യത്വം - 'ബശരിയ്യത്' മാത്രം കണ്ടവർക്ക്, നബിയിലെ 'ഖുദ്സിയ്യതിനെ' പഠിപ്പിക്കുകയാണ് ഇവിടെ. എന്നാൽ നസ്വാറാക്കൾ 'ഖുദ്സിയ്യത്' മാത്രം കാണുകയും നബിമാരിലെ 'ബശരിയ്യതിനെ' കാണാതെ പോവുകയും ചെയ്തു. ഇത്കൊണ്ടാണ് അവർ 'ത്രിയേകത്വ'ത്തെ വാദിച്ചതും ദൈവപുത്രനാണെന്ന് പറഞ്ഞതും. ഖുർആനിൽ പറയുന്നു:
{ لَّقَدۡ كَفَرَ ٱلَّذِینَ قَالُوۤا۟ إِنَّ ٱللَّهَ ثَالِثُ ثَلَـٰثَةࣲۘ وَمَا مِنۡ إِلَـٰهٍ إِلَّاۤ إِلَـٰهࣱ وَ ٰحِدࣱۚ }
[المائدة-٧٣]
ഇവർക്ക് നബിമാരിലെ 'ബശരിയ്യത്' പഠിപ്പിക്കുന്നത് നോക്കൂ:
{ مَّا ٱلۡمَسِیحُ ٱبۡنُ مَرۡیَمَ إِلَّا رَسُولࣱ قَدۡ خَلَتۡ مِن قَبۡلِهِ ٱلرُّسُلُ وَأُمُّهُۥ صِدِّیقَةࣱۖ كَانَا یَأۡكُلَانِ ٱلطَّعَامَۗ ٱنظُرۡ كَیۡفَ نُبَیِّنُ لَهُمُ ٱلۡـَٔایَـٰتِ ثُمَّ ٱنظُرۡ أَنَّىٰ یُؤۡفَكُونَ }
[المائدة-٧٥]
'ഈസാ നബി(അ) ഞാൻ നിയോഗിച്ച പല ദൂതന്മാരുടെയും പിന്മാഗാമിയായ ഒരു റസൂൽ മാത്രമാണ്. ഒരു ഉമ്മ പ്രസവിച്ച മനുഷ്യക്കുഞ്ഞ്. സജ്ജനങ്ങളിൽ പെട്ട ഉമ്മയും അവരുടെ മകനായ ഈസാ(അ)ഉം ഭക്ഷണം കഴിക്കുമല്ലോ. അതിലെന്താണിത്ര പുതുമ ?' ഈ പറഞ്ഞതിൽ ചിന്തിക്കാനാണ് അല്ലാഹു പറയുന്നത്. നോക്കൂ,
മുമ്പ് ദൂതന്മാർ കഴിഞ്ഞ് പോയത് പോലെ ഈ നബിക്കും മരണം സംഭവിക്കും, ഉമ്മയെ വിവരിക്കുന്നതിലൂടെ ജനിച്ചു വീണ ആളും അന്നപാനീയങ്ങളിലേക്ക് ആവശ്യമുള്ള ആളുമാണ് എന്ന് പഠിപ്പിക്കുകയാണ്. ഇങ്ങനെ ജനനവും മരണവും ഭക്ഷണത്തിലേക്ക് ആവശ്യവുമുള്ള ഒരു സൃഷ്ടിയിൽ എങ്ങനെയാണ് ദൈവികത കൽപിക്കുക? ആ നബിയിലെ മനുഷ്യത്വത്തെ എങ്ങനെയാണ് നിങ്ങൾ കാണാതെ പോയത്? - എന്നിവയെല്ലാം ഇതിലൂടെ അല്ലാഹു ചോദിക്കുന്നുണ്ട്. നേരത്തെ 'ബശരിയ്യത്' മാത്രം കണ്ട മക്കാമുശ്‌രിക്കുകൾ പറഞ്ഞ അതേ വാക്കുകൾ കൊണ്ട് (یَأۡكُلَانِ ٱلطَّعَامَۗ) തന്നെ മറുപടി കൊടുത്തതും ശ്രദ്ധേയമാണ്.
ഈസാ നബി(അ)ലൂടെ പ്രകടമായ മുഅ്ജിസതുകളിൽ അൽഭുതപ്പെട്ട് ഖുദ്സിയ്യത് മാത്രം കണ്ടപ്പോഴും, അതെല്ലാം റബ്ബിൻ്റെ إذن കൊണ്ട് മാത്രം സംഭവിക്കുന്നതാണ് എന്ന് വിവരിച്ചു കൊടുക്കുന്ന മറ്റൊരു ആയത് നോക്കൂ:
{ وَرَسُولًا إِلَىٰ بَنِیۤ إِسۡرَ ٰۤءِیلَ أَنِّی قَدۡ جِئۡتُكُم بِـَٔایَةࣲ مِّن رَّبِّكُمۡ أَنِّیۤ أَخۡلُقُ لَكُم مِّنَ ٱلطِّینِ كَهَیۡـَٔةِ ٱلطَّیۡرِ فَأَنفُخُ فِیهِ فَیَكُونُ طَیۡرَۢا بِإِذۡنِ ٱللَّهِۖ وَأُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ وَأُحۡیِ ٱلۡمَوۡتَىٰ بِإِذۡنِ ٱللَّهِۖ وَأُنَبِّئُكُم بِمَا تَأۡكُلُونَ وَمَا تَدَّخِرُونَ فِی بُیُوتِكُمۡۚ إِنَّ فِی ذَ ٰلِكَ لَـَٔایَةࣰ لَّكُمۡ إِن كُنتُم مُّؤۡمِنِینَ }
[آل عمران-٤٩]
{ وَإِذۡ تَخۡلُقُ مِنَ ٱلطِّینِ كَهَیۡـَٔةِ ٱلطَّیۡرِ بِإِذۡنِی فَتَنفُخُ فِیهَا فَتَكُونُ طَیۡرَۢا بِإِذۡنِیۖ وَتُبۡرِئُ ٱلۡأَكۡمَهَ وَٱلۡأَبۡرَصَ بِإِذۡنِیۖ وَإِذۡ تُخۡرِجُ ٱلۡمَوۡتَىٰ بِإِذۡنِیۖ }
[المائدة- ١١٠]
ഒരു പക്ഷിയെ രൂപപ്പെടുത്തി അതിന് ജീവൻ ലഭിച്ചതും ജന്മനാലുള്ള അന്ധതയും വെള്ളപ്പാണ്ടും സുഖപ്പെടുന്നതും മരിച്ച വ്യക്തിക്ക് വീണ്ടും ഉയിർത്തെഴുന്നേൽപ്പ് നൽകിയതുമെല്ലാം റബ്ബിൻ്റെ തീരുമാനം കൊണ്ട് മാത്രമാണ്. വീടിൻ്റെ അറകൾക്കുള്ളിൽ സൂക്ഷിച്ച് വെച്ചിരിക്കുന്നത് എനിക്ക് അറിയാൻ കഴിയുന്നതും ഇപ്രകാരമാണ്. അല്ലാതെ ദൈവികത കൊണ്ടല്ല. ഇവയിലെ ഓരോന്നിനോട് കൂടെയും بِإِذۡنِ ٱللَّهِۖ എന്ന് ആവർത്തിക്കുന്നതിലും ആ 'ഖുദ്സിയ്യ'തിലെ അമിതാവേഷത്തിന് തടയിടുകയാണ് ചെയ്യുന്നത്. ഈസാ നബി(അ)ൻ്റെ അൽഭുതകരമായ ജനനവും, പിന്നീട് ഉണ്ടാകുന്ന ഇത്തരം മുഅ്ജിസതുകളും കാരണം ബശരിയ്യത് കാണാതെ പോകാതിരിക്കാൻ, ചെറുപ്പത്തിലേ അവരെക്കൊണ്ട് സംസാരിപ്പിച്ചത് 'ഞാൻ റബ്ബിൻ്റെ ഒരു അടിമയാണ്' എന്നായിരുന്നല്ലോ:
{ قَالَ إِنِّی عَبۡدُ ٱللَّهِ ءَاتَىٰنِیَ ٱلۡكِتَـٰبَ وَجَعَلَنِی نَبِیࣰّا }
[مريم-٣٠]
ചുരുക്കത്തിൽ, നബിമാരിലെ രണ്ട് അവസ്ഥകളും മനസ്സിലാക്കണം. ഒന്ന് മാത്രം കണ്ട് വിമർശിച്ചവർക്കുള്ള ഖണ്ഡനങ്ങളാണ് ഖുർആനിൽ പറഞ്ഞത്. തിരുനബി(സ്വ) തങ്ങൾ തന്നെ ഇത് രണ്ടും പഠിപ്പിക്കുന്നത് ഹദീസുകളിൽ എമ്പാടും കാണാം. ഉദാഹരണത്തിന്:
فإنِّي لستُ بملكٍ ، إنَّما أَنا ابنُ امرأةٍ تأكُلُ القَديدَ
(أخرجه ابن ماجه -٣٣١٢)
"ഞാൻ മലക്കല്ല, ഉണക്കമാംസം തിന്നാറുണ്ടായിരുന്ന സ്ത്രീയിൽ നിന്നും ജനിച്ച ഒരു മകൻ തന്നെയാണ്.." മനുഷ്യത്വം തന്നിലുണ്ടെന്ന് പച്ചയായി അവതരിപ്പിക്കാൻ ഉപയോഗിച്ച വാക്കാണത്. ഇത് ബശരിയ്യതിലേക്ക് സൂചിപ്പിക്കുന്നു. അതേ സമയം തന്നെ ഖുദ്സിയ്യതിലേക്ക് സൂചിപ്പിച്ചു കൊണ്ട് പറഞ്ഞതും കാണാം:
أنا سيد ولد آدم ولا فخر، وأول من ينشق عنه القبر، وأول شافع، وأول مشفع- (رواه مسلم)
"ഈ സമയത്ത് ജനിച്ചവനാണെങ്കിലും ഈ ലോകത്ത് കഴിഞ്ഞു പോയ സർവ്വജനങ്ങളുടെയും ആലംബവും അവലംബവുമാണ് ഞാൻ, ആദ്യമായി ഖബ്റിൽ നിന്ന് ഉയിർത്തെഴുനേൽക്കുന്ന, ആദ്യമായി മഹ്ശറഃയിലെ ശഫാഅത് ചെയ്യുകയും അത് സ്വീകരിക്കപ്പെടുകയും ചെയ്യുന്ന പ്രത്യേകതകളുള്ള വ്യക്തിത്വമാണ് എൻ്റേത്.." ഇത് ഖുദ്സിയ്യതിലേക്ക് സൂചിപ്പിക്കുന്നു.
ഈ രണ്ട് കാര്യങ്ങളും നബിമാരിൽ ഉള്ളത്കൊണ്ട് തന്നെയാണ് അഖീദഃയുടെ കിതാബുകളിൽ ഇമാമുകൾ നമ്മെ ഇപ്രകാരം പഠിപ്പിച്ചത് -
- നബിമാർക്ക് ഉണ്ടായേ തീരൂ, അത്തരം സ്വിഫാതുകളുണ്ട്, ഉണ്ടാകാനേ പാടില്ലാത്തതുമുണ്ട്. അവക്ക് പുറമെ, നുബുവ്വതിന് എതിരാകാത്ത മാനുഷികമായ കാര്യങ്ങൾ അവർക്ക് ഉണ്ടാകാവുന്നതാണ് - ഇത് ഒരു വിശ്വാസത്തിൻ്റെ ഭാഗമായി അറിഞ്ഞിരിക്കേണ്ട വസ്തുതയായി പഠിപ്പിക്കുകയാണ് ഇമാമുകൾ. നമ്മുടെ മദ്രസാ ബാലപാഠങ്ങൾ മുതൽ, ദർസിലെ ചെറിയ വിദ്യാർത്ഥികൾ ഓതുന്ന അഖീദതുൽ അവാം, ജൗഹറതുത്തൗഹീദ്, അതിന് പുറമെ സനൂസിയ്യാത് തുടങ്ങി അഖീദഃയിലെ എല്ലാ കിതാബുകളിലും പഠിപ്പിക്കുന്ന അടിസ്ഥാന വിവരമാണിത്.
അത്തരം കാര്യങ്ങൾ അവർക്ക് നൽകുന്നതിൽ പല ന്യായങ്ങളുമുണ്ട്. അതിലൊന്ന് ഇതാണ്:
وفيها أيضا رفق بضعفاء العقول لئلا يعتقدوا فيهم الإلـٰهية بما يرون لهم - صلوات الله وسلامه على جميعهم - من الخوارق والخواص في التي خصهم الله تعالى بها، ولهذا استدل تعالى على النصارى في قولهم بألوهية عيسى وأمه - عليهما الصلاة والسلام - بافتقارهما إلى الأعراض البشرية من أكل الطعام ونحوه الخ . اه
(شرح أم البراهين للإمام السنوسي- ٢٢٢)
'നസ്വാറാക്കൾ പിഴച്ച പോലെ ബുദ്ധിഹീനന്മാരായവർ മുഅ്ജിസതുകൾ കണ്ട് നബിമാരെ പറ്റി ഇലാഹാണെന്ന് ധരിക്കാതിരിക്കാനാണത്..'
ആ മാനുഷികമായ കാര്യങ്ങൾ - الأعراض البشرية - നൽകുന്നതിലും അത് അവരുടെ നുബുവ്വതിനോട് എതിരാകാതിരിക്കുന്നതിലുമുള്ള ന്യായമായി പറയുന്നു:
والحاصل أن اليهود فرطوا حتى استنقصوا الأنبياء ووصفوهم بالأمور المنقصة، والنصارى أفرطوا في التعظيم حتى وصفوا عيسى بصفات الألوهية، والملة المحمدية لم يُفْرِطُوا ولم يُفَرِّطُوا فكان بين ذلك قواما وهو الصراط المستقيم. اه
(حاشية الدسوقي على أم البراهين- ١٧٤)
"നബിമാരെ ഇകഴ്ത്തിയ യഹൂദികളെപ്പോലെയോ, ഖുദ്സിയ്യത് മാത്രം കണ്ട് ദൈവികത കൽപിച്ച നസ്വാറാക്കളെ പോലെയോ ഈ ഉമ്മത് ആകാതിരിക്കാനാണ്. ഇഫ്റാത്വും തഫ്‌രീത്വുമില്ലാത്ത നേരായ വഴിക്ക് സഞ്ചരിക്കേണ്ടവരാണ് ഈ സമുദായം.."
എത്രമേൽ കൃത്യവും വ്യക്തവുമായി ഇതെല്ലാം പറഞ്ഞു വെച്ചിരിക്കുന്നു നമ്മുടെ ഇമാമുകൾ! ഇക്കാലത്ത് നടക്കുന്ന ഔലിയാ അതിവാദികളെയും കറാമത് നിഷേധികളെയും അടക്കി നിർത്തുന്ന വാക്യങ്ങൾ !
അലി(റ) പറയുന്നു: എന്നോട് തിരുനബി(സ്വ) തങ്ങൾ പറഞ്ഞു:
فيكَ مثلٌ مِنْ عيسى أبغضَتْه اليهودُ حتى بَهَتوا أمَّه وأحبَّتْه النصارى حتى أنزلوه بالمنزلةِ التي ليستْ بهِ ثم قال : يَهلَكُ فيَّ رجلان محبٌّ مُفرِطٌ يُقرِّظُني بما ليس فيَّ ومُبغضٌ يحملُه شَنَآني على أن يَبْهتني
(رواه البخاري في "التاريخ الكبير" والنسائي في "خصائص علي" وأحمد في "زوائد المسند")
" നിങ്ങളിൽ ഈസാനബിയുടെ ചില വിശേഷണങ്ങളുണ്ട്. യഹൂദികൾ അവരോട് കടുത്ത ദേഷ്യം പുലർത്തുകയും അവരുടെ, മഹതിയായ ഉമ്മയെ ചീത്തവിളിക്കുകയും ചെയ്തിരിക്കുന്നു. അനുയായികളായ നസ്വാറാക്കൾ അവരോട് പരിധിവിട്ട സ്നേഹം കാണിച്ച് ഇല്ലാത്തത് പറഞ്ഞു. എന്നിട്ട് തിരുനബി(സ്വ) തുടർന്നു: എൻ്റെ കാര്യത്തിൽ പിഴച്ച് പോയ രണ്ട് കൂട്ടരുണ്ട്. എന്നിലില്ലാത്ത പലതും പറഞ്ഞ് അമിത സ്നേഹം കാണിക്കുന്നവരും, മറ്റൊന്ന് എന്നെ കണ്ടുകൂടാത്ത വിധം ദേഷ്യം വെച്ചവരും.."
നസ്വാറാക്കളോട് അവരുടെ പരിധിവിടുന്ന വിശ്വാസം നിർത്തിവെക്കാൻ ഖുർആനിൽ തന്നെ രണ്ടിടത്ത് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്:
{ یَـٰۤأَهۡلَ ٱلۡكِتَـٰبِ لَا تَغۡلُوا۟ فِی دِینِكُمۡ وَلَا تَقُولُوا۟ عَلَى ٱللَّهِ إِلَّا ٱلۡحَقَّۚ إِنَّمَا ٱلۡمَسِیحُ عِیسَى ٱبۡنُ مَرۡیَمَ رَسُولُ ٱللَّهِ وَكَلِمَتُهُۥۤ أَلۡقَىٰهَاۤ إِلَىٰ مَرۡیَمَ وَرُوحࣱ مِّنۡهُۖ فَـَٔامِنُوا۟ بِٱللَّهِ وَرُسُلِهِۦۖ وَلَا تَقُولُوا۟ ثَلَـٰثَةٌۚ ٱنتَهُوا۟ خَیۡرࣰا لَّكُمۡۚ إِنَّمَا ٱللَّهُ إِلَـٰهࣱ وَ ٰحِدࣱۖ سُبۡحَـٰنَهُۥۤ أَن یَكُونَ لَهُۥ وَلَدࣱۘ لَّهُۥ مَا فِی ٱلسَّمَـٰوَ ٰتِ وَمَا فِی ٱلۡأَرۡضِۗ وَكَفَىٰ بِٱللَّهِ وَكِیلࣰا }
[النساء-١٧١]
{ قُلۡ یَـٰۤأَهۡلَ ٱلۡكِتَـٰبِ لَا تَغۡلُوا۟ فِی دِینِكُمۡ غَیۡرَ ٱلۡحَقِّ وَلَا تَتَّبِعُوۤا۟ أَهۡوَاۤءَ قَوۡمࣲ قَدۡ ضَلُّوا۟ مِن قَبۡلُ وَأَضَلُّوا۟ كَثِیرࣰا وَضَلُّوا۟ عَن سَوَاۤءِ ٱلسَّبِیلِ }
[المآئدة- ٧٧]
ഇതോടെ എല്ലാം വ്യക്തം, നബിമാരുടെ ബശരിയ്യതും ഖുദ്സിയ്യതും ഒരുപോലെ തിരിച്ചറിഞ്ഞ് നേരായ വഴിക്ക് പോകണമെന്ന് വ്യക്തമാക്കിയ ഇമാം ദസൂഖിയുടെ ഉദ്ധരണി, ഔലിയാക്കളിലും ഈ രണ്ട് കാര്യങ്ങളെ മനസ്സിലാക്കണമെന്ന് കൽപിക്കുന്നുണ്ട്. അലി(റ)യാരുടെ വാക്കിലൂടെ ശരിക്കും ബോധ്യമായി. കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായിക്കാണും. നിലവിലെ ഔലിയാ - കറാമത് അതിവാദികളെ പ്രത്യേകം ഇനി പറയേണ്ടതില്ലല്ലോ, ലെ ?
ഇതിനോട് ചേർത്ത് വായിക്കാൻ ഒരു സംഭവം ഉദ്ധരിക്കാം. ഖൻദഖിൽ തിരുനബി(സ്വ) തങ്ങൾ വിശപ്പ് കാരണം വയറിന്മേൽ കല്ല് വെച്ച് കെട്ടിയതും, 'വിസ്വാല്' എന്ന പ്രത്യേക ഇബാദത് കാരണം മൂന്ന് ദിവസം അന്നപാനീയങ്ങൾ അവിടുന്ന് വെടിഞ്ഞതും - തമ്മിൽ വിരോധാഭാസം തോന്നിക്കുമെങ്കിലും രണ്ടും വ്യത്യസ്ത 'ഹാലു'കളാണെന്ന് മുമ്പ് എഴുതിയിരുന്നു. സബബിൻ്റെയും തജ്‌രീദിൻ്റെയും അവസ്ഥകളാണവ. സാധാരണ ജീവിതത്തിലെ എല്ലാ കാരണങ്ങളുമായി ബന്ധപ്പെട്ട് ജീവിക്കുന്നതും അതിന് വിരുദ്ധമായി കാരണങ്ങളുമായി ബന്ധപ്പെടാതെയുള്ള ജീവിതവും. ഈ രണ്ട് അവസ്ഥകൾ തന്നെയാണ് ബശരിയ്യതും ഖുദ്സിയ്യതും.
ഈ രണ്ട് സ്വഭാവങ്ങളും നബിമാരിൽ ഉണ്ടാകും. അത്കൊണ്ട് മനുഷ്യസഹചമായ കാര്യങ്ങൾ ഉണ്ടായെന്ന് കരുതി അവരുടെ പവിത്രത ഒട്ടും തന്നെ കളങ്കപ്പെടുകയില്ല. അതിലെ അസാധാരണ കാര്യങ്ങൾ മാത്രം കണ്ട് 'ഇഫ്റാത്വ്' വരാനോ 'ബശരിയ്യത്' മാത്രം കണ്ട് 'തഫ്‌രീത്വ്' വരാനോ പറ്റില്ല. രണ്ടിനുമിടയിലെ നേരായ മാർഗ്ഗമാണ് നമുക്ക് വേണ്ടത്.
{ وَكَذَ ٰلِكَ جَعَلۡنَـٰكُمۡ أُمَّةࣰ وَسَطࣰا }
[البقرة- ١٤٣]
മേൽപറഞ്ഞ ഖൻദഖിൽ കല്ല് വെച്ച് കെട്ടിയിരുന്നു - എന്ന് വിവരിക്കുന്ന ഹദീസുകളെ നിരൂപണ വിധേയമാക്കി, അത് കെട്ടുകഥകളാണെന്ന് വിധി എഴുതി ചിലർ. 'വിസ്വാലു'മായി ബന്ധപ്പെട്ട സ്വഹാബതിൻ്റെ ചോദ്യത്തിന് തിരുനബി(സ്വ) പറഞ്ഞ മറുപടിയാണ് അവർക്ക് പ്രചോദനമായത്. 'ഞാൻ നിങ്ങളുടെ പ്രകൃതിയിലല്ലെന്നും എൻ്റെ റബ്ബ് എനിക്ക് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ടെ'ന്ന ഹദീസായിരുന്നു അത്. എന്നാൽ ഇതിനെ ഖണ്ഡിക്കുകയാണ് ഇമാം ഇബ്നുൽ മുലഖ്ഖിൻ(റ):
قَالَ ابْن حبَان فِي صَحِيحه وَفِي هَذَا الحَدِيث دَلِيل على أَن الْأَخْبَار الَّتِي فِيهَا ذكر وضع النَّبِي صلى الله عَلَيْهِ وَسلم الْحجر على بَطْنه كلهَا أباطيل، وَإِنَّمَا مَعْنَاهُ الْحجز لَا الْحجر والحجز طرف الْإِزَار، إِذْ الله عز وَجل كَانَ يطعم نبيه ويسقيه إِذا وَاصل فَكيف يتْرك جائعا مَعَ عدم الْوِصَال حَتَّى يحْتَاج على شدّ حجر على بَطْنه وَمَا يُغني الْحجر عَن الْجُوع.
قلت قد ذكر هُوَ فِي صَحِيحه حَدِيث ابْن عَبَّاس خرج أَبُو بكر رَضِي الله عَنهُ بالهاجرة إِلَى الْمَسْجِد فَسمع بذلك عمر - يَعْنِي فَخرج - فَقَالَ يَا أَبَا بكر مَا أخرج هَذِه هَذِه السَّاعَة قَالَ مَا أخرجني إِلَّا مَا أجد من حاق الْجُوع،قَالَ
(أَنا وَالله مَا أخرجني غَيره فقوما)
ثمَّ ذكر مَا فِي الحَدِيث. اه
(غاية السول في خصائص الرسول- ١٥٨)
തിരുനബി(സ്വ) തങ്ങൾ കല്ല് വെച്ച് കെട്ടിയതല്ല. തുണിക്കോന്തലകൾ കൂട്ടിക്കെട്ടി എന്നർത്ഥത്തിലുള്ള حجز ആയിരിക്കാം പ്രസ്തുത ഹദീസിലെ ഉദ്ദേശ്യം - എന്നാണ് അവരുടെ ന്യായീകരണം. എന്നാൽ അത് ശരിയല്ലെന്നും, വിശപ്പ് സഹിക്കാൻ വയ്യാതെ രാത്രിയിൽ പുറത്തിറങ്ങി നടന്ന അബൂബക്ർ സ്വിദ്ധീഖ്(റ)വും ഉമർ(റ)വും തിരുനബി(സ്വ) തങ്ങളെ കണ്ടുമുട്ടുകയും ഇരുവരുടെ അതേ കാരണത്താൽ (വിശപ്പ്) തന്നെയാണ് തങ്ങളും പുറത്തിറങ്ങിയതെന്ന് വിവരിക്കുന്ന ഹദീസ്, അദ്ദേഹം തന്നെ ഉദ്ധരിച്ചതാണല്ലോ എന്നും മറുപടി കൊടുക്കുകയാണ് മേൽ വരികളിൽ. ബശരിയ്യത് കാണാതെ പോകരുതെന്ന താക്കീതാണിത് - എല്ലാവരോടും, സ്വൂഫീപട്ടം ചമയാൻ ശ്രമിക്കുന്ന ഇന്നത്തെ അൽപന്മാരോട് വിശേഷിച്ചും.
Comments
Post a Comment