ശറഹുത്തഹ്ദീബിലെ 'هذا غاية الكلام' - മൗലാനാ ചാലിലകത്തിൽ(ന:മ) നിന്നും.
ശറഹുത്തഹ്ദീബിലെ 'هذا غاية الكلام' -
മൗലാനാ ചാലിലകത്തിൽ(ന:മ) നിന്നും.
✍️
അഷ്റഫ് സഖാഫി പള്ളിപ്പുറം
_____________________________
മനസ്സിലായിക്കാണും, നമ്മുടെ تهذيب ൻ്റെ തുടക്കമാണ്. ഇവിടെ വ്യാഖ്യാതാവ് 'യസ്ദീ' വിശദീകരിച്ചത്, ഇമാം തഫ്താസാനീ(റ) അവരുടെ കിതാബിൻ്റെ തന്നെ മദ്ഹ് പറയുന്നു എന്നാണ്. 'ഇൽമുൽ മൻത്വിഖിലെ ഏറ്റവും ടോപ്പായ കിതാബാണ് ഇത്' എന്ന അർത്ഥകൽപ്പന നടത്തുകയും ചെയ്തു. അപ്പോഴുണ്ടാകുന്ന വ്യാകരണത്തിലെ ചില ഏറ്റക്കുറച്ചിലുകൾക്ക് സമാധാനം പറയുകയാണ് പിന്നെ ചെയ്യുന്നത്.
എന്നാൽ അതിലേറെ സൂപ്പറായ ഒരു വിശദീകരണം കിട്ടി ! മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി(ന:മ)യിലേക്ക് ചേർത്തിപ്പറഞ്ഞ് നാദാപുരം കീഴന ഓർ(ന:മ) പഠിപ്പിച്ചത്. ഓറുടെ ശിഷ്യനായ, കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് സലാം ഉസ്താദിൽ നിന്നാണ് ഇത് ഉദ്ധരിക്കുന്നത്:
فهذا غايةُ تهذيبِ الكلام في تحرير المنطق والكلام. اه
ഇവിടുത്തെ هذا എന്നത് ഈ കിതാബിൽ പറയുന്നതിനെപ്പറ്റിയാണ്. ഇതിൽ രണ്ട് ഫന്നുകൾ പറയുന്നുണ്ട്. ഇൽമുൽ മൻത്വിഖും -തർക്ക ശാസ്ത്രവും, ഇൽമുൽ കലാമും - വിശ്വാസ ശാസ്ത്രവും. അതിനാലാണ് المنطق والكلام എന്ന് പറഞ്ഞത്.(ദർസുകളിൽ ഈ കിതാബിൻ്റെ ആദ്യഭാഗമായ മൻത്വിഖിൻ്റെ ഭാഗം മാത്രമേ ഓതാറുള്ളൂ. ഇൽമുൽ കലാമിൽ ഇമാം തഫ്താസാനീ(റ)യുടെ തന്നെ കിതാബായ ശറഹുൽ അഖാഇദ് ഓതുന്നുണ്ടല്ലോ.)
ഇനി غاية എന്നാൽ ثمرة എന്ന് വെക്കണം. സംസാരത്തെ നന്നാക്കുന്നതിൻ്റെ ഒടുവിലെ ലക്ഷ്യം ഭാഷാശുദ്ധിയുണ്ടാവുക എന്ന നേട്ടമാണ്. അതാണ് ثمرة എന്ന് വെച്ചത്. غاية تهذيب എന്ന إضافة ബയാനിയ്യും ഇതിലെ في എന്നത് സബബിയ്യതിനും വെച്ചാൽ മേൽ വാക്യത്തിന് ഇങ്ങനെ അർത്ഥം പറയാം:
"വിശ്വാസ ശാസ്ത്രത്തെയും മൻത്വിഖിനെയും കറകളഞ്ഞ് അവതരിപ്പിക്കുന്നതിലൂടെ സംസാരം എഡിറ്റുചെയ്യുക എന്ന നേട്ടമുള്ളതാണ് ഈ കിതാബിൽ പറയുന്ന കാര്യം"
المراد بالغاية الثمرة كما قاله الحاج أُحَيْمِد
ഇങ്ങനെ അറബിയിൽ പറഞ്ഞാണ് ഓറ് ഈ ഭാഗത്ത് വിശദീകരിക്കാറ് എന്ന് സലാം ഉസ്താദ് പറഞ്ഞു.
ഇൽമുൽ കലാം - ഇൽമുൽ അഖീദഃ - ഇവതമ്മിൽ വ്യത്യാസമുണ്ട്. ഒരു മുഅ്മിനായ മനുഷ്യൻ വിശ്വസിച്ചിരിക്കേണ്ട കാര്യങ്ങളാണ് ഇൽമുൽ അഖീദഃ. അവയെ സംശയാലുക്കൾക്ക് ബുദ്ധിപരമായ തെളിവുകൾ നിരത്തി സമർത്ഥിക്കുന്ന ശാസ്ത്ര ശാഖയാണ് ഇൽമുൽ കലാം. അത്കൊണ്ടാണ് ഇത് മൻത്വിഖിനെപ്പോലെ സംസാരത്തെ നന്നാക്കുന്നത് എന്ന് വിശേഷിപ്പിച്ചത്.
وتقريبُ المرام من تقرير عقائد الإسلام
"ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളെ മനസ്സിനകത്ത് ഉറപ്പിച്ചു നിർത്തുക എന്ന ലക്ഷ്യത്തെ ശരിയായ തെളിവുകളിലൂടെ സമർത്ഥിക്കുന്നതുമാണ്."
ഇതിലെ وتقريبُ എന്നത് നടേ പറഞ്ഞ غاية എന്നതിലേക്ക് عطف ചെയ്തിട്ടാണ് വായിക്കേണ്ടത്. تهذيبِ എന്നതിലേക്ക് عطف ചെയ്ത് "വിശ്വാസ കാര്യങ്ങളെ സലക്ഷ്യം അവതരിപ്പിക്കുന്നതിൻ്റെയും ثمرة ആണ് ഈ കിതാബിൽ പറയുന്നത്" - എന്നും ആവാം. എങ്കിലും ആദ്യത്തേതാണ് അഭികാമ്യമായി തോന്നുന്നത്.
ഇവിടുത്തെ تقريب എന്നാൽ ഒരു കാര്യത്തെ ശരിയായ ലക്ഷ്യസഹിതം വിശദീകരിക്കുക എന്നാണ്.
التقريب سوق الدليل على وجه يستلزم المطلوب. اه (الرشيدية في المناظرة)
പണ്ട് സ്കൂളിൽ നിന്ന് മാഷ് ചോദിച്ചു - " എന്താ രാമാ, മ്മടെ റോഡിലൂടെ ട്രെയിൻ പോകാത്തേ ?"
രാമൻ - "അത് റോഡിൽ വളവുണ്ടായതോണ്ടല്ലേ !"
വളവും തിരിവും വല്ലാതെ വീർപ്പുമുട്ടുന്ന എൻ്റെ നാട്ടിലെ റോഡുകളെല്ലാം നേരെയാക്കിയാൽ ട്രെയിൻ പോകുമെന്നാണ് രാമൻ്റെ കണ്ടുപിടുത്തം! അതൊരു ഇസ്തിസ്നാഇയ്യായ ഖിയാസാണ്.
ഈ കാരണവും കാര്യവും തമ്മിൽ ബന്ധമില്ലല്ലോ. ഇത്തരം സന്ദർഭങ്ങളിൽ പറയാം - ഇവിടെ 'തഖ്‌രീബ് താമ്മായിട്ടില്ലാ' എന്ന്.
പണ്ട് കാലത്ത് കട്ടപ്പാടമുണ്ടായിരുന്നു. (ന്യൂജനറേഷന് തിരിഞ്ഞിട്ടുണ്ടാവില്ല. പ്രായമുളളവരോട് ചോദിച്ചാൽ മതി) അതിലൂടെ 'ചേര' പോയാൽ എങ്ങിനെയിരിക്കും? അത് വളഞ്ഞും തിരിഞ്ഞുമാണ് പോവുക. ഇതാണ് തഖ്‌രീബ് താമ്മാവാതിരുന്നാൽ ചെറിയ ഉസ്താദ് പറയാറ് -
"ഇതെന്താ കട്ടപ്പാടത്തിലൂടെ ചേര പോയ മാതിരി !"
കക്കാട് ദർസിലെ ചെറിയ ഉസ്താദിന്റെ (കിടങ്ങയം ഇബ്റാഹീം ഉസ്താദ്) 'ഖുതുബി' ക്ലാസ് ഓർത്തു പോവുകയാണ്.
ബഹു രസവും ആവേശകരവുമായിരുന്നു ഉസ്താദിൻ്റെ മൻത്വിഖ് ക്ലാസ്. പറയാൻ വാക്കുകളില്ല, ഞാനുദ്ദേശിക്കും പോലെ വായനക്കാർക്ക് വർണ്ണിച്ചുതരാൻ സാധ്യമല്ല. ഉസ്താദിൻ്റെ 'ശറഹുത്തഹ്ദീബ്' സബ്ഖ് വിദ്യാർത്ഥികൾക്കിടയിൽ പ്രസിദ്ധമാണ്. എൻ്റെ സീനിയറായ പലരും ഉസ്താദ് പറയുന്ന കാര്യങ്ങൾ എഴുതിയെടുത്ത നോട്ടുബുക്കുകൾ കണ്ട് പൂതിയായിട്ടുണ്ട്. ഉസ്താദിൻ്റെയടുത്ത് നിന്നും ശറഹുത്തഹ്ദീബ് ഓതാൻ കഴിയാത്ത സങ്കടമുണ്ടായിരുന്നു. പിന്നെ ഖുത്വുബി ക്ലാസ് കിട്ടിയപ്പോൾ ആ സങ്കടം അൽപം മാറിക്കിട്ടി. നാടൻ ഉദാഹരണങ്ങളും കുട്ടികളായ ഞങ്ങളിൽ തന്നെ ചിലരെ ഉദാഹരണമാക്കി വിവരിക്കുന്നതും ഓർമ്മവരുന്നു.
'മുഖദ്ദിമഃ'യിൽ ഫന്നിൻ്റെ നേട്ടം വിവരിക്കുന്നത് അത് പഠിക്കുന്നതിൽ ഒരു ഉൾക്കാഴ്ച്ചയും ഉത്സാഹവും ഉണ്ടായിരിക്കും. ഇതിന് ഉദാഹരണം പറഞ്ഞത് കൂട്ടത്തിലെ എടവണ്ണപ്പാറ മുഹമ്മദിനെയാണ്. കമ്പ്യൂട്ടർ പഠനം വലിയ സംഭവമായിരുന്ന അക്കാലത്ത്, ആ പഠനത്തിൽ താൽപര്യമുള്ള ആളായിരുന്നു ടിയാൻ. ഉസ്താദ് പറയാ: "ഖുത്വുബി ഓതിയാൽ കമ്പ്യൂട്ടർ പഠനം എളുപ്പമാകുമെന്ന് മനസ്സിലാക്കി നമ്മളെ 'എടവണ്ണപ്പാറ'. അങ്ങനെ ഇത് ഓതും തോറും അത് ശരിയല്ലെന്ന് മനസ്സിലായാൽ പിന്നെ ഇത് (ഖുതുബി) ഓതാൻ താൽപര്യണ്ടാവോ? ഇല്ല, അതാണ്, ആദ്യമേ 'ഇത് എന്തിനാണ്' എന്ന് പഠിക്കണമെന്ന് പറയുന്നത്.."
മൻത്വിഖിൽ താൽപര്യം കുറഞ്ഞ മുഹമ്മദിനെ ഒന്ന് ആക്കിയതാണ് ഉസ്താദെന്ന് പകൽ പോലെ വ്യക്തം. കൂട്ടച്ചിരിയുണ്ടായാലും എല്ലാർക്കും കിതാബിലെ കാര്യം പിടുത്തം കിട്ടി.
അന്നൊരു ദിവസം ക്ലാസ് കഴിഞ്ഞ് വന്നപ്പോൾ കൂട്ടത്തിലൊരുത്തൻ പറയാ -
"ആ, കട്ടപ്പാടത്തിലൂടെ ചേര പോയ കാര്യം മാത്രേ എനിക്ക് തിരിഞ്ഞുള്ളൂ, അത് തന്നെ എന്തിനാ പറഞ്ഞതെന്ന് പിടുത്തം കിട്ടീല !"
ഇത് കേട്ട് ചിരിച്ചു മണ്ണുകപ്പിയിട്ടുണ്ട് ഞാൻ.
ഉസ്താദിൻ്റെ ക്ലാസിനെ മോശമാക്കിയതല്ല, മൻത്വിഖ് ചിലർക്ക് പെട്ടെന്ന് ദഹിച്ച് കിട്ടില്ലല്ലോ, അത് രസകരമായി വിച്ചാർത്ഥികൾക്കിടയിൽ അവതരിപ്പിച്ചതാണ് അത്. ദർസിലെ ഓരോ കോമഡികൾ ഓർക്കാനെന്തു രസമാണ്!
ശേഷം, മർഹൂം ഉസ്മാൻ ഫൈസി ഉസ്താദിൻ്റെ പോത്തനൂർ ദർസിൽ നിന്നും ഖുത്വുബി ഒന്നുകൂടെ ആവർത്തിച്ചു. അവിടുന്ന് കിട്ടിയ ഉദാഹരണം മറ്റൊന്നായിരുന്നു -
".മുഴുകുടിയന്മാരായ രണ്ട് പേർ നടന്നു പോവുകയായിരുന്നു. ഒരാൾ വറുത്ത കടല ഓരോന്നായി വായിലേക്കിടുന്നുണ്ട്. പക്ഷേ, ലക്ഷ്യം തെറ്റി വായിലേക്ക് വീഴാതെ ഇരു സൈഡിലേക്കും അത് തെറിച്ചു പോവുന്നുണ്ടായിരുന്നു. ഇത് കണ്ട് മറ്റെയാൾ കളിയാക്കി ചിരിച്ചു കൊണ്ട് കൈ കൊട്ടാൻ ശ്രമിക്കുകയാണ്. പക്ഷേ, ഇരുകൈകളും കൂട്ടിമുട്ടുന്നില്ല.! ഇതുപോലെ 'ദലീലും' 'മത്വ് ലൂബും' നേർദിശയിൽ സഞ്ചരിച്ചില്ലെങ്കിൽ തഖ്‌രീബ് താമ്മാകൂല.."
ചിരിക്കാൻ വകയുള്ള ഓരോ ഉദാഹരണങ്ങൾ!
ചുരുക്കത്തിൽ, ചാലിലകത്ത് ഓർ(ന:മ) പറഞ്ഞ വിശദീകരണം 'യസ്ദി' പറഞ്ഞതിനേക്കാൾ അടിപൊളിയായി തോന്നുന്നുണ്ട്. മർഹൂം വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ അവരുടെ ഉസ്താദായ കൈപറ്റ ബീരാൻ കുട്ടി മുസ്‌ല്യാരിൽ(ന:മ) നിന്നും കേട്ടതായി പറഞ്ഞതോർക്കുന്നു: ചാലിലകത്ത് പറയാറുണ്ടത്രെ - 'യസ്ദീ' ആളൊരു محقق ആണ്.
لو كان سنيا لبلعته.."
ദൗർഭാഗ്യവശാൽ ശിഈ വിശ്വാസിയാണ് അദ്ദേഹം. അയാളൊരു സുന്നിയായിരുന്നെങ്കിൽ എന്നാശിച്ച് അദ്ദേഹത്തിൻ്റെ സാമർത്ഥ്യത്തിൽ അടങ്ങാത്ത ആവേശം കാണിച്ച് വികാരഭരിതനായി പറഞ്ഞതാണിത്. എങ്കിലും 'യസ്ദീ' ക്കെതിരെ മേൽവിവരിച്ചപോലെ ചില تحقيق ഉം പറഞ്ഞിട്ടുണ്ട്.
മൗലാനാ ചാലിലകത്തിൽ(ന:മ) നിന്നും പഠിച്ചവരാണ് അല്ലാമഃ ഖുത്വുബി ഓർ(ന:മ). അവരുടെ രണ്ട് ശിഷ്യന്മാരാണ് കീഴന ഓറും(ന:മ)
കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാരും(ന:മ).
എല്ലാവരുടെയും ദറജഃ അല്ലാഹു ഏറ്റിക്കൊടുക്കട്ടെ - ആമീൻ.
💫
Comments
Post a Comment