തിരുനബി(സ്വ) തങ്ങളെ അവർക്ക് അറിയില്ലെന്നോ !

തിരുനബി(സ്വ) തങ്ങളെ അവർക്ക് അറിയില്ലെന്നോ !

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴


അൽ ഹാഫിള് അബ്ദുൽ ഗനിയ്യ് അൽ മഖ്ദിസീ(റ)യും തൻ്റെ ഭൃത്യനും ഒരു യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. ഇരുവരും പുഴയോരത്തുള്ള ഒരു സത്രത്തിനടുത്തെത്തി. കുറച്ച് വിശ്രമിച്ച ശേഷം യാത്ര തുടരാമെന്ന് തീരുമാനിക്കുന്നു. മഹാൻ പുഴയോരത്ത് ഇരിക്കുകയും ഭൃത്യൻ സത്രത്തിൽ ചെന്ന് അൽപം ഭക്ഷണം ചോദിക്കാൻ പോവുകയും ചെയ്യുന്നു. വാതിൽ മുട്ടി. ഒരു പുരോഹിതൻ വാതിൽ തുറന്നു. ഭൃത്യനെ കണ്ടപാടെ അയാൾ ചോദിച്ചു:

" ഏത് മതക്കാരനാണ് താങ്കൾ ?" 

 "ഇസ്‌ലാം..."

" ആരെയാണ് താങ്കൾ പിന്തുടരുന്നത് ?"

"മുഹമ്മദ് റസൂലുള്ളാഹി(സ്വ)യെ.."

" ആരാണദ്ദേഹം ? കുടുംബത്തെക്കുറിച്ചും മറ്റു കാര്യങ്ങളും ഒന്ന് പറഞ്ഞ് തരൂ..."

പക്ഷേ, ഭൃത്യന് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അപ്പോൾ പുരോഹിതൻ പറഞ്ഞു:

"സ്വന്തം മാർഗ്ഗദർശിയെപ്പറ്റി വേണ്ടത്ര വിവരമില്ലാത്ത നിങ്ങൾക്ക് ഇവിടെ സൗകര്യം ചെയ്യാൻ ഞാൻ ഒരുക്കമല്ല.."

ഭൃത്യൻ ശൈഖിൻ്റെയരികിലേക്ക് മടങ്ങി. ഉണ്ടായ സംഭവം പറഞ്ഞു. അങ്ങനെ ശൈഖ് തിരുനബി(സ്വ) തങ്ങളെ കുറച്ച് ഹൃസ്വമായി വിവരിച്ച് കൊടുത്തു. ഭൃത്യൻ വീണ്ടും പുരോഹിതൻ്റെ അടുത്ത് ചെന്നു. ഹൃസ്വ ചരിത്രം പറഞ്ഞു കൊടുത്തു. 
അപ്പോൾ പുരോഹിതൻ ആശ്ചര്യത്തോടെ ചോദിച്ചു:

 "ഇതെങ്ങനെ ഇത്ര പെട്ടെന്ന് ?"

ഭൃത്യൻ, പുഴ വക്കിലിരിക്കുന്ന തൻ്റെ ശൈഖിനെ കാണിച്ചു കൊടുത്തു. അദ്ദേഹം വിവരിച്ചു തന്നതാണെന്ന് പറഞ്ഞു. ശൈഖിനെ കണ്ടതും പുരോഹിതന് കൗതുകമായി. അടുത്തേക്ക് ചെന്നു. തിരുനബി(സ്വ) തങ്ങളെക്കുറിച്ചും അവിടുത്തെ മുഅ്ജിസതുകളും മറ്റും കൂടുതലായി തൻ്റെ മനസ്സിൽ നിന്നും ശൈഖ് പറഞ്ഞു കൊടുത്തു. പുരോഹിതൻ ഇസ്‌ലാം സ്വീകരിച്ചു. അവിടെ വെച്ച് ശൈഖ് വിവരിച്ച കാര്യങ്ങൾ എഴുതിയെടുത്തതാണ്
 مختصر سيرة النبي وأصحابه العشرة
എന്ന ചെറു കൃതി. തിരുനബി(സ്വ)യുടെയും പത്ത് മുബശ്ശറുകളായ (സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത നൽകപ്പെട്ടവർ എന്നാണ് ഇതിനർത്ഥം. അത് കൊണ്ട് അകാരം കൊടുത്ത് തന്നെ വേണം വായിക്കാൻ. 'മുബശ്ശിറുകൾ' എന്ന് ഇകാരം കൊണ്ട് വായിക്കരുത്) സ്വഹാബതിനെ സംബന്ധിച്ചും ഇതിലുണ്ട്. ഇതിന് المورد العذب الهني എന്ന ശറഹ് രചിച്ചിട്ടുണ്ട് ഇമാം ഖുത്വുബുദ്ദീനുൽ ഹലബീ(റ). അതിൽ പറഞ്ഞ സംഭവമാണ് (പേ:14) മേലുദ്ധരിച്ചത്.

ഹബീബ് തിരുമേനി(സ്വ)യെ കുറിച്ച് നാം പരിചയിക്കണം. ആ ചരിത്രം, ഒരു അവിശ്വാസിക്ക് മാനസാന്തരം സൃഷ്ടിച്ചതാണ് മേൽ വിവരിച്ച സംഭവം. പൂർവ്വകാല നബിമാരുടെ ചരിത്രങ്ങൾ അല്ലാഹു തആലാ തിരുനബി(സ്വ) തങ്ങൾക്ക് അറിയിച്ചു കൊടുക്കുകയും, അത് അവിടുത്തെ മനസ്സിന് സ്ഥൈര്യം നൽകുമെന്നും അല്ലാഹു തന്നെ പറയുന്നു:

{ وَكُلࣰّا نَّقُصُّ عَلَیۡكَ مِنۡ أَنۢبَاۤءِ ٱلرُّسُلِ مَا نُثَبِّتُ بِهِۦ فُؤَادَكَۚ وَجَاۤءَكَ فِی هَـٰذِهِ ٱلۡحَقُّ وَمَوۡعِظَةࣱ وَذِكۡرَىٰ لِلۡمُؤۡمِنِینَ }
[الهود- ١٢٠]

മുൻകാല നബിമാരുടെ ചരിത്രം തിരുനബി(സ്വ) തങ്ങളുടെ മനസ്സിന് തന്നെ ഉപകരിക്കുമെങ്കിൽ, നമ്മുടെ മനസ്സിന് തിരുനബി(സ്വ)യെ അറിയുന്നതിലൂടെ ശാന്തി ലഭിക്കുമെന്ന് മനസ്സിലാക്കാം. പ്രസ്തുത ആയതിൽ, അത് മുഅ്മിനുകൾക്ക് സദുപദേശം നൽകുമെന്നും പറയുന്നു. മക്ക മുശ്‌രിക്കുകൾ, വിശുദ്ധ ഹറമിൽ രാക്കഥ പറഞ്ഞിരുന്ന്, ഇസ്‌ലാം സത്യമാണെന്ന് ബോധ്യപ്പെട്ടിട്ടും അത് സ്വീകരിക്കാതെ അഹങ്കരിച്ചു നടക്കുന്നു - എന്ന് ഖുർആൻ ആക്ഷേപിച്ച വേളയിൽ അവരോട് ചോദിക്കുന്നത് ഇങ്ങനെയാണ് -

{ أَفَلَمۡ یَدَّبَّرُوا۟ ٱلۡقَوۡلَ أَمۡ جَاۤءَهُم مَّا لَمۡ یَأۡتِ ءَابَاۤءَهُمُ ٱلۡأَوَّلِینَ0 أَمۡ لَمۡ یَعۡرِفُوا۟ رَسُولَهُمۡ فَهُمۡ لَهُۥ مُنكِرُونَ0}
[المؤمنون- ٦٨-٦٩]

തിരുനബി(സ്വ) തങ്ങൾ സത്യമാണ് പറയുന്നതെന്ന് ഖുർആൻ അവതരിച്ചത് അവർ ചിന്തിക്കുന്നില്ലേ? (എന്നിട്ടും കളവാക്കുന്നോ? ) അതല്ല, അവരുടെ പൂർവ്വികർക്ക് ലഭിക്കാത്ത പുതിയ താക്കീതാണോ ഇത്? ( അല്ല എന്ന് അവർക്കറിയില്ലേ ?) അവർക്കിടയിൽ ജീവിച്ച നബിമാരെ അവർക്ക് പരിചയമില്ലാതെയാണോ അവർ നിഷേധിച്ചത് ?

മറ്റൊരിടത്ത് പറയുന്നു:

{ فَقَدۡ لَبِثۡتُ فِیكُمۡ عُمُرࣰا مِّن قَبۡلِهِۦۤۚ أَفَلَا تَعۡقِلُونَ }
[يونس: ١٦]

നബിയാകും മുമ്പ് നിങ്ങടെ കൂടെ വർഷങ്ങളോളം ഞാൻ ജീവിച്ചില്ലെ ? (എന്നെ നന്നായി നിങ്ങൾക്ക് അറിയാമല്ലോ) 
എന്നിട്ടുമെന്തേ നിങ്ങൾ (ആ റസൂൽ പറയുന്ന കാര്യങ്ങൾ - ഖുർആൻ സത്യമാണെന്ന് ) ചിന്തിക്കാതെ പോയി?

ഇവിടെ നുബുവ്വതിൻ്റെ മുമ്പുള്ള ജീവിതത്തെക്കുറിച്ച് അറിയില്ലേ എന്നാണ് ചോദിക്കുന്നത്.

നോക്കൂ, നിയോഗിക്കപ്പെട്ട നബിമാരെക്കുറിച്ച് അറിയുക എന്നത് ഗൗനിക്കപ്പെടേണ്ട കാര്യമാണെന്നും, തൗഹീദിൻ്റെ ഒന്നാം ഘട്ടം തിരുനബി(സ്വ)യെ അറിയലാണെന്നും ഇതിലൂടെ പഠിപ്പിക്കുന്നു. അത് കൊണ്ടാണല്ലോ ചെറിയ കുഞ്ഞുങ്ങൾക്ക് ആദ്യമായി പഠിപ്പിച്ച് കൊടുക്കേണ്ടത് തിരുനബി(സ്വ) തങ്ങളെക്കുറിച്ചും അവിടുത്തെ കുടുംബത്തെപ്പറ്റിയുമാണ്, അത് രക്ഷിതാക്കളുടെ മേൽ നിർബന്ധ ബാധ്യതയായി ഇമാമുമാർ പഠിപ്പിച്ചത് (ഫത്ഹുൽ മുഈൻ - പേ:7)

അല്ലെങ്കിലും, മുൻകഴിഞ്ഞ നബിമാരുടെയും സജ്ജനങ്ങളുടെയും ചരിത്രങ്ങൾ അറിയുന്നതിലൂടെ വലിയ നേട്ടങ്ങളുണ്ട്. ഇത്തരം അഞ്ച് സംഭവങ്ങൾ ഉൾക്കൊണ്ടതാണ് സൂറതുൽ കഹ്ഫ്. 'അസ്വ് ഹാബുൽ കഹ്ഫ്' എന്നറിയപ്പെടുന്ന ഗുഹാവാസികളുടെ സംഭവമാണ് ഒന്ന്. അല്ലാഹുവിലുള്ള ഉറച്ച വിശ്വാസം കാത്തു സൂക്ഷിക്കാൻ, അക്രമിയായ രാജാവിൽ നിന്നും ഒളിച്ചോടി ഒരു ഗുഹയിൽ അഭയം തേടുകയും മുന്നൂറ് വർഷക്കാലം അല്ലാഹു അവരെ ഉറക്കുകയുമാണ് ഉണ്ടായത്.
ബനൂ ഇസ്റാഈല്യരിൽ പെട്ട രണ്ടുപേരുടെ ചരിത്രമാണ് രണ്ടാമത്തേത്. അവരിൽ ഒരാൾക്ക് സമ്പൽ സമൃദ്ധമായ രണ്ട് തോട്ടങ്ങൾ അല്ലാഹു നൽകി. അതിനിടയിലൂടെ ഒഴുകുന്ന നീർചാലും. അതിന് പുറമെ മറ്റു വരുമാന മാർഗ്ഗങ്ങളും അല്ലാഹു കൊടുത്തു. അതിൽ മതിമറന്ന് റബ്ബിനെ കളവാക്കുകയാണ് അയാൾ ചെയ്തത്. അവ ഒരിക്കലും നശിക്കില്ലെന്നും മിഥ്യാധരിച്ചു. സുഹൃത്ത് ഉപദേശിച്ചു നോക്കിയെങ്കിലും കാര്യമുണ്ടായില്ല. 
മൂന്നാമതായി, ആദം നബി(അ)ന് സുജൂദ് ചെയ്യാനുള്ള റബ്ബിൻ്റെ കൽപന ധിക്കരിച്ച് കിബ്റ് കാണിച്ച ഇബ്‌ലീസിൻ്റെ സംഭവമാണ്.
മൂസാനബി(അ)യും ഖള്ർ (അ) ഉം ഒരുമിച്ചുള്ള യാത്രയിലെ വിവരണമാണ് നാലാമത്തേത്.
അഞ്ചാമതായി ദുൽഖർനൈൻ ചക്രവർത്തിയുടെ ചരിത്രവും.

എല്ലാ വെള്ളിയാഴ്ചയും മൂന്ന് പ്രാവശ്യം ഈ സൂറത് ആവർത്തിച്ചോതാൻ മുഅ്മിനുകളോട് പറഞ്ഞിട്ടുണ്ട്. ഇതിൽ നിന്നെല്ലാം പാഠമുൾക്കൊള്ളാൻ തന്നെയാണത്. മഹദ് ചരിതങ്ങളിലൂടെ വിശ്വാസ ദൃഢത ലഭിക്കാൻ ഇത് കാരണമാണ്. അതിനാൽ, വിശ്വാസി സമൂഹമേ, ചരിത്രം പഠിക്കേണ്ടവരാണ് നമ്മൾ.
വിശുദ്ധ റബീഉൽ അവ്വൽ പിറന്നിരിക്കുന്നു. ഇത് തിരുസ്മരണ നിറഞ്ഞു നിൽക്കേണ്ട മാസമാണ്. അവിടുത്തെ ചരിത്രങ്ങൾ പഠിക്കാൻ ഈ മാസം നാം ഉപയോഗപ്പെടുത്തണം. അവിടുത്തെ വ്യക്തിത്വം, കുടുംബം തുടങ്ങി പലതും അറിഞ്ഞിരിക്കണം. മക്കൾക്ക് 
പഠിപ്പിക്കണം. തന്മൂലം അവിടത്തോടുള്ള പിരിശം വർദ്ധിപ്പിക്കണം, പരലോക വിജയത്തിന് കാരണമാകണം. എല്ലാം കൂടി പഠിക്കുക സാധ്യമല്ലെങ്കിലും ഓരോ റബീഅ് മാസത്തിലും അൽപാൽപമായി പഠിച്ചെടുക്കാമല്ലോ.
ഇമാമുകൾ എത്ര ഗ്രന്ഥങ്ങളാണ് ഇവ്വിഷയത്തിൽ മാത്രം രചിച്ചത്!

അവിടുത്തെ അറിയാനും മനസ്സറിഞ്ഞ് സ്നേഹിക്കാനും അല്ലാഹു തൗഫീഖ് ചെയ്യട്ടെ - ആമീൻ.


✍️
 അഷ്റഫ് സഖാഫി പള്ളിപ്പുറം

(കേട്ടെഴുത്ത് -
അബൂ ഹസന: ഊരകം)
💫

Comments

Popular posts from this blog

ഒറ്റപ്പെട്ടവനെ ചെന്നായ പിടിക്കും

ശൈഖ് രിഫാഈ(റ); ശരീഅത് മുറുകെ പിടിക്കാൻ ആഹ്വാനം ചെയ്ത ഗുരുശ്രേഷ്ഠർ.

റമളാൻ വരുന്നു, വീട്ടിലെ പൂച്ചകളെ മറന്നുകൂടാ.