സ്വലാതെല്ലാം സ്വലാതല്ല സ്വലാതില്ലാതെ സ്വലാതില്ല.

സ്വലാതെല്ലാം സ്വലാതല്ല
            സ്വലാതില്ലാതെ സ്വലാതില്ല.

🌷🌾🌿🌻🍃🌳🌸🌴🌷🍀🏵️🌳🌺🪴🥀

നിസ്കാരം; വിശ്വാസിക്ക് ഒരിക്കലും ഒഴിച്ചു കൂടാൻ പറ്റാത്ത, അഞ്ച് സമയങ്ങളിൽ നിർബന്ധ ബാധ്യതയായ കാര്യമാണിത്. അതോടൊപ്പം ശരീരം കൊണ്ട് ചെയ്യുന്ന ഏറ്റവും ഉത്തമമായ കർമ്മവും. നമ്മെക്കൊണ്ട് നിർബന്ധമായി ചെയ്യിപ്പിക്കുകയും അതിന് പ്രതിഫലം നൽകുകയും ചെയ്യുന്ന രീതി കൗതുകം ജനിപ്പിക്കുന്നുണ്ടോ ? നമുക്ക് പ്രതിഫലം നൽകാനുള്ള റബ്ബിൻ്റെ ഈ ഹിക്മത് അടിയങ്ങളോടുള്ള കരുണാവർഷമായിട്ടാണ് ജ്ഞാനികൾ പഠിപ്പിക്കുന്നത്. ബദ്റിൽ ബന്ധികളായി പിടിക്കപ്പെട്ട് തിരുനബി(സ്വ) തങ്ങളുടെ മുന്നിൽ ഹാജരാക്കിയപ്പോൾ അവിടുന്ന് പറയുന്നുണ്ട്:

(عجب الله من قوم يدخلون الجنة في السلاسل)
(رواه البخاري - ٢٨٤٨)

" എന്തൊരൽഭുതം !, ചങ്ങലകളിൽ ബന്ധിക്കപ്പെട്ട് സ്വർഗ്ഗത്തിലേക്ക് കൊണ്ടുപോകുന്നവർ.. " 

നിർബന്ധിക്കപ്പെട്ട് സ്വർഗ്ഗം നൽകപ്പെടുന്നത് കാണുമ്പോ അൽഭുതപ്പെടാൻ വകയില്ലേ! ആ ബന്ധികളാക്കപ്പെട്ടവർ വിശ്വാസികളായി, 'സ്വഹാബി' എന്ന പദവിയോടെ തന്നെ. ഇതിനപ്പുറം ഭൂലോകത്ത് എന്ത് കിട്ടാനുണ്ട് ! ഇതുപോലെ നിർബന്ധിപ്പിച്ച് നിസ്കരിപ്പിക്കുന്നതും ഇങ്ങനെ തന്നെ.

ഈ നിസ്കാരത്തെ വിശുദ്ധ ഖുർആനിൽ "صلاة" - 'സ്വലാത്' എന്ന പദം കൊണ്ടാണ് നിരവധി ആയതുകളിലായി പരിചയപ്പെടുത്തിയത്:

{ وَأَقِیمُوا۟ ٱلصَّلَوٰةَ }
[البقرة- ٤٣]

{ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَاۤءِ وَٱلۡمُنكَرِۗ }
[العنكبوت- ٤٥]

{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوۤا۟ إِذَا نُودِیَ لِلصَّلَوٰةِ مِن یَوۡمِ ٱلۡجُمُعَةِ فَٱسۡعَوۡا۟ إِلَىٰ ذِكۡرِ ٱللَّهِ وَذَرُوا۟ ٱلۡبَیۡعَۚ }
[الجمعة- ٩]

തിരുനബി(സ്വ) തങ്ങളുടെ മേൽ ചൊല്ലാൻ കൽപിച്ച സ്വലാതിനും ഇതേ പേര് തന്നെ! റബ്ബിനോട് സാമീപ്യമുണ്ടാവാൻ ചെയ്യുന്ന കർമ്മത്തിനും, അവൻ്റെ ഹബീബ് തിരുനബി(സ്വ) തങ്ങളുടെ സാമീപ്യമുണ്ടാവാൻ ചൊല്ലുന്നതിനും ഒരേ പേര് അല്ലാഹു തആലാ നിശ്ചയിച്ചിരിക്കുന്നു. 

قالﷺ: "أولى الناس بي يوم القيامة أَكثرُهم عليَّ صلاةً".
(رواه الترمذي - ٤٨٤)

"അന്ത്യനാളിൽ എന്നോട് ഏറ്റം അടുപ്പമുള്ളവർ കൂടുതൽ സ്വലാത് ചൊല്ലുന്നവരാണ്.."
തിരുനബി(സ്വ) തങ്ങളുടെ മേൽ സ്വലാത് ചൊല്ലാൻ ഖുർആനിൽ വിളംബരം ചെയ്യുന്നത് ശ്രദ്ധിച്ചു നോക്കിയിട്ടുണ്ടോ:

{ إِنَّ ٱللَّهَ وَمَلَـٰۤىِٕكَتَهُۥ یُصَلُّونَ عَلَى ٱلنَّبِیِّۚ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ صَلُّوا۟ عَلَیۡهِ وَسَلِّمُوا۟ تَسۡلِیمًا }
[الأحزاب- ٥٦]


"..അല്ലാഹുവും അവന്റെ മലക്കുകളും മുത്ത്നബി(സ്വ) തങ്ങളെ പുകഴ്ത്തിക്കൊണ്ടേയിരിക്കുകയാണ്.
വിശ്വാസികളേ, നിങ്ങളും ആ മുത്ത്നബി(സ്വ)യുടെ മേൽ 'സ്വലാതും' 'സലാമും' ചൊല്ലുവിൻ... "

ഇവിടെ
يَا أَيُّهَا الَّذِينَ آمَنُوا
എന്ന വിളി, പലതും ഓർമ്മപ്പെടുത്തിക്കൊണ്ടുള്ള വിളിയാണ്. ആ നബിയിലൂടെയാണ് നിങ്ങളെല്ലാം വിശ്വാസികളായത്, ആ ബോധ്യം നിങ്ങൾക്ക് വേണം. വന്ന വഴി മറക്കരുത്. ഉണ്ട ചോറിന് നന്ദി കാണിക്കും പോലെ, വിശ്വാസിയായതിന് നന്ദിയെന്നോണം നിങ്ങൾ ചൊല്ലിക്കോളൂ - 'സ്വലാതും' 'സലാമും'.

പിന്നെ, തങ്ങളുടെ മേൽ അല്ലാഹു 'സ്വലാത്' ചെയ്യുക എന്നതിന് പല വ്യാഖ്യാനങ്ങളും ഇമാമുകൾ രേഖപ്പെടുത്തുന്നുണ്ട്. മലക്കുകളോടും മറ്റും തൻ്റെ ഉത്തമ സൃഷ്ടിയെ പുകഴ്ത്തുക എന്നതാണ് അതിലൊന്ന്. സമ്പൂർണ്ണമായ 'നിഅ്മത്' ചൊരിയുക - എന്നാണ് മറ്റൊന്ന്. ഈ 'നിഅ്മത്' ചൊരിഞ്ഞു നൽകണേ എന്ന ദുആയാണ് മലക്കുകളുടെ ഭാഗത്ത് നിന്നുള്ള സ്വലാതിൻ്റെ വിവക്ഷ.
സത്യവിശ്വാസികളുടെ 'സ്വലാത്' എന്നാൽ 'സ്വലാതി'ൻ്റെയും 'സലാമി'ൻ്റെയും പദങ്ങൾ ചൊല്ലലാണ്.

ഇനി ഈ 'സ്വലാതി'ന് ഒരു പ്രത്യേകതയുണ്ട്. അത് 'മഅ്സ്വൂം' - ഒരിക്കലും അരുതായ്മകൾ സംഭവിക്കില്ലെന്ന് നിശ്ചയിക്കപ്പെട്ടവർ - ഇവരുടെ മേലിൽ മാത്രമേ ചൊല്ലാൻ പറ്റൂ. നബിമാരും മലക്കുകളും. ഈ രണ്ട് വിഭാഗത്തിനല്ലാതെ സ്വലാത് ചൊല്ലാൻ പറ്റില്ല. എങ്കിലും ഇവർക്ക് ചൊല്ലുന്ന കൂട്ടത്തിൽ മറ്റുള്ളവരെയും ചേർത്താമെന്ന് മാത്രം. സാധാരണ ചൊല്ലുന്ന പോലെ,
اللهم صلّ على سيدنا محمد وعلى آله وصحبه وسلم 
ഇങ്ങനെ ചൊല്ലുന്നതിൽ അവിടുത്തെ കുടുംബത്തെയും സ്വഹാബതിനെയും ചേർത്തിപ്പറഞ്ഞിട്ടുണ്ട്. അവർ 'മഅ്സ്വൂം' വിഭാഗത്തിൽ പെട്ടതല്ല. കൂട്ടത്തിൽ പറഞ്ഞതിനാൽ പ്രശ്നമില്ല. അപ്പോൾ اللهم صلّ على أبي بكر - ഇങ്ങനെ പറ്റില്ല. എന്നാൽ തിരുനബി(സ്വ) തങ്ങൾ ചിലരുടെ മേൽ 'സ്വലാതി'ൻ്റെ പദം കൊണ്ട് തന്നെ ദുആ ചെയ്തത് ഹദീസുകളിൽ വന്നിട്ടുണ്ട്. അത് കണ്ടിട്ട് നമുക്ക് അങ്ങനെ ആവാമെന്ന് ധരിക്കണ്ട. അത് ചില تخصيص കളാണ്. തുലനം ചെയ്ത് മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങളാണെന്ന് ചുരുക്കം. ഇമാമുകൾ ഇതെല്ലാം വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോൾ, സ്വലാതിനൊക്കെ ചില പരിധികളും പരിമിധികളുമുണ്ട്. 'വാല്യു' ഉള്ളതിനെല്ലാം ഇതുണ്ടാവുമല്ലോ. ഇമാമുകൾ പറയുന്നത് നോക്കൂ:

ولأن الصلاة صارت مختصة بالأنبياء والملائكة، فلا يقال الصلاة على الآل مثلا، وإن صح المعنى كما لا يقال: عز وجلّ إلا لله تعالى، وإن صح المعنى في غيره؛ لأنه صار مختصا به. اه‍ 
(الإمداد لابن حجر، ونقله في كاشف اللثام- ص: ١٧١- للإمام الكردي)

" സ്വലാത് നബിമാർക്കും മലക്കുകൾക്കും മാത്രമേ ആകാവൂ, ദുആ എന്ന നിലയിൽ മറ്റുള്ളവരിൽ അതിൻ്റെ അർത്ഥം റെഡിയാവുമെങ്കിലും പറ്റില്ല. അല്ലാഹു തആലാക്ക് മാത്രമാണല്ലോ عزّ وجلّ എന്ന് പറയാറുളളത്. മറ്റുള്ളവരുടെ മേൽ അതിൻ്റെ അർത്ഥം റെഡിയായിരുന്നിട്ടും പറയാൻ പറ്റില്ലല്ലോ.."

തിരുനബി(സ്വ) തങ്ങളെക്കുറിച്ച് ഖുർആൻ പറഞ്ഞല്ലോ -
{ لَقَدۡ جَاۤءَكُمۡ رَسُولࣱ مِّنۡ أَنفُسِكُمۡ عَزِیزٌ عَلَیۡهِ مَا عَنِتُّمۡ حَرِیصٌ عَلَیۡكُم بِٱلۡمُؤۡمِنِینَ رَءُوفࣱ رَّحِیمࣱ }
[التوبة- ١٢٨]
ഈ ആയതിൽ അല്ലാഹുവിന് ഉപയോഗിക്കുന്ന عزيز - رءوف - رحيم എന്നീ വിശേഷണങ്ങൾ തിരുനബി(സ്വ) തങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നു. جليل എന്ന പേര് അവിടുത്തേക്ക് ഉണ്ട് താനും. എന്നിട്ടും തങ്ങളെക്കുറിച്ച് عزّ وجلّ എന്ന് പ്രയോഗിക്കരുത് എന്നാണ് മുകളിൽ വ്യക്തമാക്കുന്നത്. ഇപ്രകാരം رضي الله عنه എന്ന പ്രയോഗം സ്വഹാബതിൻ്റെ പേരിനോട് മാത്രമേ ചേർക്കാവൂ എന്ന് പോലും പറഞ്ഞ ഇമാമുകളുണ്ട്. മറ്റു മഹാന്മാർക്കും ഉപയോഗിക്കാമെന്നതാണ് പ്രബലമെങ്കിലും ഇമാമുകൾ ഇത്തരം പദങ്ങളിലെല്ലാം കാണിച്ച കണിശത ശ്രദ്ധിക്കാതെ പോകരുത്. മഹാന്മാരുടെ പേരിനോട് കൂടെ ചൊല്ലുന്ന قدس الله سره العزيز എന്നതും رحمه الله എന്നതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതാണെന്ന് മനസ്സിലാക്കണം. അഹ്‌മദ് റള്വാ ഖാൻ(ഖു:സി) പറയുന്നത് കാണുക:

قوله تعالى: { وَٱلَّذِینَ جَاۤءُو مِنۢ بَعۡدِهِمۡ یَقُولُونَ رَبَّنَا ٱغۡفِرۡ لَنَا وَلِإِخۡوَ ٰ⁠نِنَا ٱلَّذِینَ سَبَقُونَا بِٱلۡإِیمَـٰنِ وَلَا تَجۡعَلۡ فِی قُلُوبِنَا غِلࣰّا لِّلَّذِینَ ءَامَنُوا۟ رَبَّنَاۤ إِنَّكَ رَءُوفࣱ رَّحِیمٌ } [الحشر- ١٠]- أقول ولا يريد أن يذكرهم بالمغفرة عند ذكر أسمائهم، وإن كان الأمر أن العبد وإن عظم ما عظم لا يستغني عن مغفرة الله تعالى ورحمته، ذلك لأن العرف يخص بعض الكلمات ببعض الحالات، والتجاوز عنه يعدّ سوء أدب، فلا يقال: (قال أبو بكر الصديق غفر الله تعالى له) أو (علي المرتضى عفا الله عنه) بل (رضي الله تعالى عنهما) كما لا يقال (قال موسى أو عيسى رضي الله تعالى عنهما) بل (صلوات الله وسلامه عليهما)، كما لا يقال (قال نبينا عز وجلّ) وإن كان قطعا عزيزا جليلا عزّ بإعزاز ربّه. اه‍ 
(المسند المعتمد شرح المعتقد المنقد ص- ١٤٣)

" പ്രസ്തുത ആയതിൽ മുൻകഴിഞ്ഞവർക്കെല്ലാം മഗ്ഫിറതിന് വേണ്ടി ദുആ ചെയ്യണമെന്ന് കൽപിക്കുന്നുണ്ടെങ്കിലും, ഞാൻ പറയട്ടെ: അതിൽ നിന്നും അവരുടെ പേരിനോട് കൂടെ غفر الله له എന്ന് ചേർത്തിപ്പറയണമെന്ന് മനസ്സിലാക്കരുത്. അതിനാൽ അബൂബക്ർ സ്വിദ്ധീഖ്(റ), അലി(റ) ഇവരുടെ പേരിനോട് കൂടെ غفر الله له എന്നോ عفا الله عنه എന്നോ പറയരുത്. അവർക്ക് رضي الله عنه എന്ന പദമാണ് ഉപയോഗിക്കുക. മൂസാ നബി(അ), ഈസാ നബി(അ) ഇവരുടെ പേരിനോട് കൂടെ رضي الله عنه എന്നും ചേർക്കരുത്. صلوات الله وسلامه عليهما എന്ന് പറയണം. നമ്മുടെ നബി(സ്വ) തങ്ങളുടെ കൂടെ عز وجلّ എന്ന് പറയരുത്. ഇതെല്ലാം അർത്ഥം ശരിയാവുമെങ്കിലും ചെയ്യരുത്.."

ഇതിനെല്ലാം കാരണമായി പറഞ്ഞത് - "ചില വാക്കുകൾ ചിലർക്ക് മാത്രമേ യോജിക്കൂ, അത് നടന്നു വരുന്ന പതിവിൽ നിന്നും ഗ്രാഹ്യമാവുന്നതാണ്. അതിനെതിരെ ചെയ്യുന്നത് അദബ് കേടായി ഗണിക്കുന്നതാണ്..."

അടിവരയിടേണ്ട വാക്കുകളാണിത്. ഈയടുത്ത് വഫാതാവുന്നവർക്കെല്ലാം قدس الله سره العزيز എന്ന് പാസ്സാക്കുന്നത് നല്ല രീതിയല്ലെന്ന് തുറന്ന് പറയട്ടെ. അവരുടെ മഹത്വവും വലിയ്യാണെന്നതും ബോധ്യപ്പെട്ടാൽ പോലും പൊതു പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കരുതെന്നാണ് പറയാനുള്ളത്. അവർക്കെല്ലാം نور الله مرقده പോലോത്ത പദങ്ങൾ ഉപയോഗിക്കാമല്ലോ. 'ഉറൂസ് മുബാറക്' കമ്മിറ്റികളും ശ്രദ്ധിക്കേണ്ടത് തന്നെ. ഇതൊന്നും പറയാതിരിക്കാൻ നിർവ്വാഹമില്ല.  

'സ്വലാതി'ലേക്ക് തന്നെ വരാം. ഇത് വിലയേറിയ സംഗതിയാണെന്നാണ് പറഞ്ഞു വന്നത്. ഈ ഒരു സ്വലാത് ചൊല്ലിയതിൻ്റെ പ്രതിഫലമായി മഖ്ദൂം തങ്ങൾ ചോദിച്ചതെന്താണന്നറിയോ ? 
ഫത്ഹുൽ മുഈനിൽ പറയുന്നു:

صلاة وسلاما أفوز بهما يوم المعاد. اه‍ 
(فتح المعين)
"സ്വലാതും സലാമും കാരണത്തിനാൽ അന്ത്യനാളിൽ فوز നൽകണേ.." 

എന്താണീ فوز ? അല്ലാഹു പറയുന്നു:

{ فَمَن زُحۡزِحَ عَنِ ٱلنَّارِ وَأُدۡخِلَ ٱلۡجَنَّةَ فَقَدۡ فَازَۗ }
[آل عمران- ١٨٥]

{ وَمَن یُطِعِ ٱللَّهَ وَرَسُولَهُۥ یُدۡخِلۡهُ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۚ وَذَ ٰ⁠لِكَ ٱلۡفَوۡزُ ٱلۡعَظِیمُ }
[النساء- ١٣]

{ وَلَىِٕنۡ أَصَـٰبَكُمۡ فَضۡلࣱ مِّنَ ٱللَّهِ لَیَقُولَنَّ كَأَن لَّمۡ تَكُنۢ بَیۡنَكُمۡ وَبَیۡنَهُۥ مَوَدَّةࣱ یَـٰلَیۡتَنِی كُنتُ مَعَهُمۡ فَأَفُوزَ فَوۡزًا عَظِیمࣰا }
[النساء- ٧٣]

{ مَّن یُصۡرَفۡ عَنۡهُ یَوۡمَىِٕذࣲ فَقَدۡ رَحِمَهُۥۚ وَذَ ٰ⁠لِكَ ٱلۡفَوۡزُ ٱلۡمُبِینُ }
[الأنعام- ١٦]

{ وَعَدَ ٱللَّهُ ٱلۡمُؤۡمِنِینَ وَٱلۡمُؤۡمِنَـٰتِ جَنَّـٰتࣲ تَجۡرِی مِن تَحۡتِهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَا وَمَسَـٰكِنَ طَیِّبَةࣰ فِی جَنَّـٰتِ عَدۡنࣲۚ وَرِضۡوَ ٰ⁠نࣱ مِّنَ ٱللَّهِ أَكۡبَرُۚ ذَ ٰ⁠لِكَ هُوَ ٱلۡفَوۡزُ ٱلۡعَظِیمُ }
[التوبة- ٧٢]

നരകത്തിനെ തൊട്ട് അകന്ന്, സ്വഹാബതിനോടു കൂടെ, റബ്ബിൻ്റെ തൃപ്തിയോടു കൂടെ ശാശ്വതമായി സ്വർഗ്ഗം ലഭിക്കുന്നതിനാണ് فوز എന്ന് മേൽ ആയതുകളിൽ നിന്നെല്ലാം കൂടെ മനസ്സിലാക്കിയെടുക്കാം. ഒരു 'സ്വലാതും' 'സലാമും' ചൊല്ലിയതിൻ്റെ പേരിൽ, ഇത്രമാത്രം പ്രതീക്ഷിക്കുകയും റബ്ബിനോട് ചോദിക്കുകയും ചെയ്യുകയാണ് മഖ്ദൂം തങ്ങൾ.! അത്രമേൽ പവിത്രമാണിതെന്നല്ലേ മനസ്സിലാകുന്നത്.

വിശുദ്ധ ഇബാദതായ, 'സ്വലാത്' എന്ന പേരിൽ തന്നെ അറിയപ്പെടുന്ന നിസ്കാരം, തിരുനബി(സ്വ) തങ്ങളുടെ മേലിലുള്ള 'സ്വലാത്' ഇല്ലാതെ സ്വീകാര്യമാവില്ല. ഈ ആശയം കുറിച്ചു കൊണ്ടുള്ള രണ്ടുവരികളാണിത്:

സ്വലാതെല്ലാം സ്വലാതല്ല
            സ്വലാതില്ലാതെ സ്വലാതില്ല..

കൊല്ലം ഹൈദ്രോസ് മുസ്‌ലിയാർ പാടിത്തന്ന് കേട്ടതാണ് ഈ വരികൾ.

സ്വലാതിൻ്റെ പോരിശ വിവരിക്കുന്ന ധാരാളം സംഭവങ്ങളുണ്ട്. ഒന്ന് വിവരിക്കാം.
തിരുനബി(സ്വ) തങ്ങളുടെ കാലത്ത്, മദീനഃയിൽ ഒരാൾ ജീവിച്ചിരുന്നു. വിറക് വെട്ടി ജീവിച്ചിരുന്ന അദ്ദേഹം, തങ്ങളുടെ മേൽ സദാ സ്വലാത് ചൊല്ലുന്നയാളായിരുന്നു. നടത്തത്തിലും ഇരുത്തത്തിലും ഭക്ഷണത്തിൻ്റെ മുമ്പും ശേഷവും തുടങ്ങി മിക്ക നേരത്തും ഇത് ശീലമാക്കി. വിഷയം മദീനഃക്കാർക്കിടയിൽ കേളിപെറ്റതുപോലെ ചില യഹൂദികളിൽ വരെ വിവരമെത്തി. അന്നൊരിക്കൽ വിറക് വെട്ടി വരുന്ന അദ്ദേഹത്തെ ഇരുപതോളം കുതിരസവാരിക്കാരായ യഹൂദികൾ തടഞ്ഞു. 

"നീയാണല്ലേ, നടത്തത്തിലും ഇരുത്തത്തിലും ഭക്ഷണ നേരത്തും എല്ലാം സ്വലാത് ചൊല്ലുന്നയാൾ ? " 

"അതെ, صلى الله تعالى عليه وسلم.."

"എന്നാൽ, ഞങ്ങളിൽ നിന്ന്, നിന്നെ ആര് രക്ഷിക്കുമെന്ന് നോക്കട്ടെ.."

അതും പറഞ്ഞ്, അദ്ദേഹത്തിൻ്റെ നാവ് മുറിച്ചെടുത്ത് കയ്യിൽ കൊടുത്തു. ക്രൂര കൃത്യം ചെയ്തുള്ള യഹൂദികളുടെ പെരുമാറ്റം!
അദ്ദേഹം തങ്ങളുടെ ചാരത്തേക്കോടി. വിവരം വഹ്‌യ് മുഖേന തങ്ങളറിഞ്ഞു. അദ്ദേഹത്തേയും കാത്ത് പള്ളിയുടെ വാതിൽക്കൽ കാത്തു നിന്നു. അൽപസമയത്തിനകം അദ്ദേഹം ഓടി വന്നു. കൈ കൊണ്ട് ആംഗ്യം കാണിച്ച് സലാം അറിയിച്ചു. വായിൽ നിന്നും രക്തമൊലിക്കുന്നു. കയ്യിൽ നാവിൻ്റെ കഷ്ണം ! തലയിൽ വിറക് കെട്ടും! കരഞ്ഞ് കൊണ്ട് വരുന്ന അദ്ദേഹത്തിന്റെ നാവ്,  വായിൽ തന്നെ വെച്ച്, തങ്ങൾ എന്തോ ചൊല്ലി മന്ത്രിച്ചു. നാവ് പഴയത് പോലെയായി. ആ വിറക് കെട്ട് തടവിയപ്പോൾ അത് സ്വർണ്ണവും വെള്ളിയുമായി മാറി. 
അദ്ദേഹം പറഞ്ഞു: "നബിയേ, ഇതെല്ലാം കൂടി വേണ്ട. ആവശ്യത്തിലധികം സ്വത്ത് എന്നെ പ്രയാസപ്പെടുത്തും. ഇതിലെ രണ്ടെണ്ണം മാത്രം ആവശ്യത്തിന് ഞാനെടുക്കുന്നു, ഇത് മതി."  ആ ഇരുപത് പേരും, ഈ സംഭവമറിഞ്ഞ് സത്യം മനസ്സിലാക്കി പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയാണുണ്ടായത്.

ജാബിർ(റ) ഉദ്ധരിക്കുന്ന ഈ സംഭവം, വസീലതുൽ മുതവസ്സിലീൻ(പേ: 48) എന്ന ഗ്രന്ഥത്തിൽ ബറകാത് ബ്നു അഹ്‌മദ് അൽ അറൂസി എന്നവർ ഉദ്ധരിക്കുന്നുണ്ട്.

✍️ 
അഷ്റഫ് സഖാഫി പള്ളിപ്പുറം 

( തയ്യാറാക്കിയത് :
  അബൂ ഫാതിഹ്, കരിങ്കപ്പാറ)
💫

Comments

Popular posts from this blog

അഗത്തി ഉസ്താദ്; മാർഗ്ഗ ദർശിയായ ഉറ്റ സുഹൃത്ത്. (ഭാഗം - 3)

لِكُلّ مَقَالٍ رِجَالٌ، ولِكُلّ رِجَالٍ مَقَالٌ

അഗത്തി ഉസ്താദ്; മാർഗ്ഗദർശിയായ ഉറ്റ സുഹൃത്ത് (ഭാഗം - 4 )